ഖുതുബ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുസ്ലിം പള്ളികളിൽ വെള്ളിയാഴ്ചതോറും ജുമുഅ പ്രാർഥനയ്ക്കു മുമ്പും മുസ്ലിം സുദിനങ്ങളായ ഈദുൽഫിത്തർ (ചെറിയ പെരുനാൾ), ഈദുൽ അള്ഹ (വലിയ പെരുന്നാൾ) എന്നീ ദിവസങ്ങളിൽ പ്രാർഥനയ്ക്കുശേഷവും ഇമാം നടത്തുന്ന പ്രസംഗത്തെയാണ് ഖുത്ബ (Arabic: خطبة khuṭbah, തുർക്കിഷ്: hutbe) എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. പെരുന്നാൾ നമസ്കാരങ്ങൾ, ഹജ്ജ് കർമ്മത്തിനു അറഫയിൽ, നിക്കാഹ് സമയത്ത് തുടങ്ങിയ സമയങ്ങളിലും ഖുതുബ നിർവ്വഹിക്കാറുണ്ട്. പ്രഭാഷണം എന്നാണ് ഖുതുബയുടെ വാക്കർത്ഥം. ഒരു ജുമുഅക്ക് 2 ഖുതുബകളാണ് നിർവ്വഹിക്കാറ്. ജുമുഅ ളുഹർ (ഉച്ച സമയത്തുള്ള പ്രാർത്ഥന)നമസ്കാരത്തിനു പകരമായി നിവ്വഹിക്കുന്ന കർമ്മമാണെങ്കിലും ജുമുഅ രണ്ട് റകഅത്താണ്. ബാക്കി രണ്ട് റകഅത്ത് ഖുതുബ വീക്ഷിക്കുന്നതിനു തുല്ല്യമാണ്. കേരളത്തിൽ ഖുതുബ പാരായണം എന്ന് പറയാറുണ്ട്. പുസ്തകം നോക്കി ഖുതുബ വായിക്കുന്നവരും ഉണ്ട് . ഖുതുബ അറബി ഭാഷയിൽ വേണോ മലയാളത്തിൽ വേണോ എന്നതിനെ കുറിച്ച് മുസ്ലിങ്ങളിലെ വിഭാഗങ്ങൾ തർക്കങ്ങൾ നിലവിലുണ്ട്.

നിബന്ധനകൾ[തിരുത്തുക]

ഒരു ഖുത്ബ ശരിയാകണമെങ്കിൽ അതിന് അഞ്ചു നിബന്ധനകൾ പാലിക്കണമെന്ന് ഇസ്ലാം അനുശാസിക്കുന്നു:

  1. പ്രപഞ്ചനാഥനായ അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടായിരിക്കണം ഖുത്ബ തുടങ്ങേണ്ടത്.
  2. അന്ത്യപ്രവാചകനായ മുഹമ്മദു നബിയുടെ പേരിൽ സലാത്ത് ചൊല്ലുക,
  3. ശ്രോതാക്കൾക്ക് ദൈവഭക്തി ഉപദേശിക്കുക,
  4. പരിശുദ്ധ ഖുർആനിൽ നിന്ന് ഒരു സൂക്തമെങ്കിലും ഉദ്ധരിക്കുക,
  5. ലോക മുസ്ലിങ്ങൾക്കുവേണ്ടി പ്രാർഥിക്കുക.

ചരിത്രം[തിരുത്തുക]

ശത്രുക്കളെ ഭയന്ന് മക്കയിൽ നിന്നു പലായനം ചെയ്ത മുഹമ്മദ് നബിയും അനുയായികളും ഒരു വെള്ളിയാഴ്ച ദിവസം മദീനയ്ക്കടുത്ത് ബനൂസലീമ ഗോത്രക്കാർ താമസിക്കുന്ന റാനൂനയിലെത്തി. ജുംആ പ്രാർഥനയ്ക്കുശേഷം നബി അവിടെ സന്നിഹിതരായിരുന്നവരോടു പ്രസംഗിച്ചു. ഇതാണ് ആദ്യത്തെ ഖുത്ബയെന്നു പറയപ്പെടുന്നു. നബിയുടെ ഉജ്ജ്വലമായ പ്രസംഗം ശ്രോതാക്കളെ ആവേശഭരിതരാക്കി. ദൈവികസന്ദേശത്തിലുള്ള അവരുടെ വിശ്വാസം ഉറപ്പിക്കാൻ ഈ ഖുത്ബ സഹായകമായി. ഗ്രഹണസമയങ്ങളിലും വരൾച്ചകൊണ്ടു പൊറുതിമുട്ടുമ്പോൾ മഴപെയ്യിക്കുന്നതിനും ആപത്ഘട്ടങ്ങളിൽ നടത്തുന്ന പ്രത്യേക പ്രാർഥനകളിലും ഖുത്ബ ഒരു അനിവാര്യ ഘടകമാണ്.

സമകാലിക സംഭവങ്ങളെക്കുറിച്ചും ഖുത്ബയിൽ പരാമർശിക്കാറുണ്ട്.

കൂടുതൽ അറിവിന്[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഖുത്ബ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഖുതുബ&oldid=2392430" എന്ന താളിൽനിന്നു ശേഖരിച്ചത്