കുട്ടനാട്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കുട്ടനാട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുട്ടനാട്
കുട്ടനാടിൽ നിന്നൊരു ദൃശ്യം
Map of India showing location of Kerala
Location of കുട്ടനാട്
കുട്ടനാട്
Location of കുട്ടനാട്
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Alappuzha
സമയമേഖല IST (UTC+5:30)
കോഡുകൾ

Coordinates: 9°25′30″N 76°27′50″E / 9.42500°N 76.46389°E / 9.42500; 76.46389

കുട്ടനാട്, ഒരു ദൃശ്യം

കേരളത്തിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി പരന്നു കിടക്കുന്ന, കായലുകൾക്കും വിശാലമായ നെൽവയലുകൾക്കും മറ്റ് ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്കും പേരുകേട്ട ഒരു പ്രദേശമാണ് കുട്ടനാട്. കാർഷികവൃത്തി പ്രധാനമായുള്ള ഇവിടം കേരളത്തിലെ നെൽകൃഷിയുടെ പ്രധാന കേന്ദ്രമാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. 500 ച.കി.മീ ഓളം പ്രദേശം സമുദ്രനിരപ്പിനേക്കാൾ താഴെയാണ് സ്ഥിതിചെയ്യുന്നത് എന്നത് ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. സമുദ്രനിരപ്പിൽ നിന്നും 2.2 മീ താഴെ മുതൽ 0.6 മീ മുകളിൽ വരെയാണ് ഈ പ്രദേശത്തിന്റെ ഉയര വ്യത്യാസം. സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന ലോകത്തിലെതന്നെ അപൂർവ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം. കേരളത്തിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രവുമാണ് കുട്ടനാട്.[1]

നാല് പ്രധാന നദികളായ പമ്പ, മീനച്ചിലാർ, അച്ചൻ‌കോവിലാർ, മണിമലയാർ എന്നിവ കുട്ടനാട്ടിലൂടെ ഒഴുകുന്നു. ജലം കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നെങ്കിലും കുടിവെള്ളക്ഷാമം ഇവിടെ രൂക്ഷമാണ്‌.

നെല്ല്, നേന്ത്രയ്ക്ക, കപ്പ, കാച്ചിൽ എന്നിവയാണ് കുട്ടനാട്ടിലെ പ്രധാന കാർഷിക വിളകൾ .കുട്ടനാട് 31.01.2012നു കാർഷിക പൈതൃകനഗരമായി പ്രഖ്യാപിച്ചു [അവലംബം ആവശ്യമാണ്].

പേരിനു പിന്നിൽ[തിരുത്തുക]

കുട്ടനാട് എന്നു് ഈ പ്രദേശത്തിനു് പേരു ലഭിച്ചതിനെപ്പറ്റി പല നിഗമനങ്ങളുണ്ട്.

പ്രചീനചേരരാജാവായ ചേരൻ ചെങ്കുട്ടവന്റെ തലസ്ഥാനങ്ങളിലൊന്നായിരുന്നു ഇന്നതെ കുട്ടനാട്. രാജാവിന്റെ പേരിനു ചേർന്നാണ് കുട്ടനാട് ഉണ്ടായത്. [2] ആദിചേരരെ കുട്ടുവർ, കുട്ടവൻ എന്നെല്ലാം വിശേഷിപ്പിച്ചിരുന്നു. ആദിചേരരാജാക്കന്മാരുടെ തലസ്ഥാനം കുട്ടനാടായിരുന്നു.[3] ഇതാണ്‌ കുട്ടുവരുടെ നാട് എന്നർത്ഥത്തിൽ കുട്ടനാടായിത്തീർന്നത് എന്നാണു് ഇനിയുമൊരു വാദം. [4]

ബുദ്ധന്റെ പ്രാദേശികനാമമായിരുന്നു കുട്ടൻ. വ്യാപകമായ ബുദ്ധമതസ്വാധീനമുണ്ടായിരുന്ന ഒരു കാലത്തു് പ്രധാനപ്പെട്ട ബുദ്ധവിഹാരങ്ങൾ സ്ഥിതിചെയ്തിരുന്ന നാട് എന്ന നിലയിലാണു് കുട്ടനാട് എന്നു പേർ വന്നതെന്നു് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നു. [5] പിൽക്കാലത്ത് കരുമാടിയിൽ സ്ഥിതിചെയ്യുന്ന ‘കരുമാടിക്കുട്ടൻ’ എന്ന പ്രശസ്തമായ പ്രതിമ ബുദ്ധന്റേതാണെന്നു് കരുതപ്പെടുന്നു.[6]

ചുട്ടനാട് ആണു് കുട്ടനാടായി മാറിയതെന്നാണു് ഒരു വാദം. പ്രാചീനകാലത്തു നിബിഡവനപ്രദേശമായിരുന്ന ഇവിടം കാട്ടുതീയിൽപെട്ട് മൊത്തം കരിഞ്ഞുപോയെന്നും അതിനാലാണു് ചുട്ടനാട് എന്നു പേർ കിട്ടിയതെന്നും ഈ വാദം ചൂണ്ടിക്കാട്ടുന്നു. ഇതിനു് ഉപോദ്ബലകമായി തോട്ടപ്പള്ളിയ്ക്കു ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്നും അടുത്ത കാലം വരെ കുഴിച്ചെടുത്തിരുന്ന കരിഞ്ഞുകാണപ്പെട്ട മരത്തടികളും കരിനിലം എന്നറിയപ്പെടുന്ന നെൽ‌പ്പാടങ്ങളിലെ കരിയുടെ അംശം പൊതുവേ കൂടുതലായി കാണുന്ന മണ്ണും തെളിവുകളായി ഉയർത്തിക്കാണിക്കുന്നു.[6]

ഒന്നാം ശതകത്തിനോടടുത്ത് കേരളം വേണാട്, കുട്ടനാട്, കുടനാട്, പൂഴിനാട്, കർക്കനാട് എന്നിങ്ങനെ അഞ്ചു മേഖലകളായി പരിഗണിക്കപ്പെട്ടിരുന്നു. സമുദ്രനിരപ്പിൽ തന്നെയോ അതിലും താഴെയോ ആയി സ്ഥിതിചെയ്തിരുന്ന മേഖലയായിരുന്നു കുട്ടനാട്. (കുട്ടം = ഗർത്തം = കുഴി, കുട്ടകം പോലെയുള്ളതു്). ഭൂപ്രകൃതിയിലെ ഈ പ്രത്യേകതകൊണ്ടാണു് ആ പേരു വന്നതെന്നു് മറ്റൊരുവിഭാഗം വാദിക്കുന്നു.[6]

ചരിത്രം[തിരുത്തുക]

ആദിമകാലത്ത് ദ്രാവിഡ രീതിയിലെന്നു വിശ്വസിക്കപ്പെടുന്ന ആരാധനാ സമ്പ്രദായങ്ങൾ നിലനിന്നിരുന്ന ഇടമായിരുന്നു കുട്ടനാട്. കൊറ്റവൈ എന്ന വന ദുർഗ്ഗാ ദേവിക്ക് ഇറച്ചിയും കള്ളും നേദിച്ചിരുന്ന രാജാക്കന്മാരെ കുറിച്ചും പ്രത്യേകിച്ചും പൽ‌യാനൈച്ചെൽകെഴു കുട്ടുവനെയും മറ്റും പറ്റി സംഘകാല കൃതികളിൽ വിവരിച്ചിരിക്കുന്നതായി കാണാം. പിന്നീട് ക്രിസ്തു വർഷാരംഭത്തിനോടടുത്താണ് ആര്യ - ബൗദ്ധ മതങ്ങൾ വന്നതെന്നും വിശ്വസിക്കപ്പെടുന്നു.[7]

ഗ്രാമങ്ങൾ[തിരുത്തുക]

എടത്വയ്ക്കടുത്ത് ഒരു നെൽപ്പാടം

കുട്ടനാട്ടിലെ ചില പ്രധാന ഗ്രാമങ്ങൾ:

തണ്ണീർമുക്കം ബണ്ട്[തിരുത്തുക]

കുട്ടനാടിൽ വ്യാപകമായി കാണപ്പെടുന്ന പാലങ്ങൾ

കുട്ടനാട്ടിലെ ജനങ്ങളുടെ പ്രധാന ഉപജീവനമാർഗ്ഗം കൃഷിയാണ്‌. നെല്ല് ഒരു പ്രധാന കാർഷികവിളയാണ്. കുട്ടനാട്ടിന് കേരളത്തിന്റെ നെല്ലറ എന്നും പേരുണ്ട്. പഴയകാലത്തെ ഇരുപ്പൂ (വർഷത്തിൽ രണ്ടു പ്രാവശ്യം കൃഷി ഇറക്കുന്ന സമ്പ്രദായം) മാറ്റി ഇന്ന് മുപ്പൂ സമ്പ്രദായം ആണ് കൂടുതൽ (വർഷത്തിൽ മൂന്ന് വിളവെടുപ്പ്). വേമ്പനാട്ടുകായലിന് സമീപമുള്ള വലിയ കൃഷിസ്ഥലങ്ങൾ പലതും കായൽ നികത്തി ഉണ്ടാക്കിയവ ആണ്.

കുട്ടനാട്ടിലെ നെൽപ്പാടം‌ നെടുമുടിക്കടുത്തുനിന്ന്

മുൻപ് മഴക്കാലത്ത് മലകളിൽ നിന്നു വരുന്ന വെള്ളം മാത്രമേ കൃഷിക്ക് അനുയോജ്യമായിരുന്നുള്ളൂ. വേനൽക്കാലത്ത് കുട്ടനാട്ടിൽ കടൽ‌വെള്ളം കയറി കൃഷിക്ക് അനുയോജ്യമല്ലാത്ത വെള്ളം കുട്ടനാട്ടിൽ നിറച്ചിരുന്നു. കേരളത്തിലെ രണ്ട് മഴക്കാ‍ലങ്ങളോട് അനുബന്ധിച്ച് വർഷത്തിൽ രണ്ട് കൃഷി മാത്രമേ സാധ്യമായിരുന്നുള്ളൂ. 1968-ൽ ഭാരത സർക്കാർ, നദിയിൽ ഒരു തടയണ കെട്ടാം എന്ന് ശുപാർശചെയ്തു. ഇതുകൊണ്ട് വേനൽക്കാലത്ത് കടൽ‌വെള്ളം നദിയിലേക്ക് പ്രവേശിക്കുന്നതു തടയാൻ കഴിയും. അങ്ങനെ കർഷകർക്ക് വർഷത്തിൽ മൂന്ന് കൃഷി ഇറക്കുവാനും കഴിയും. പദ്ധതി മൂന്നുഘട്ടങ്ങളായി തീർക്കുവാനായിരുന്നു ഉദ്ദേശിച്ചിരുന്നത് - തെക്ക് ഭാഗം, വടക്കു ഭാഗം, ഇതു രണ്ടിനെയും കൂട്ടിയോജിപ്പിക്കുന്ന മൂന്നാമത്തെ ഭാഗം. എന്നാൽ പദ്ധതി പല കാരണങ്ങൾ കൊണ്ടും താമസിച്ചു. തെക്കും വടക്കും ഭാഗങ്ങൾ നിർമ്മിച്ചുതീർന്നപ്പോൾ തന്നെ പദ്ധതിക്കായി അനുവദിച്ച മുഴുവൻ തുകയും തീർന്നു. മൂന്നാം ഘട്ടം അനിശ്ചിതത്വത്തിലായി. ഈ പദ്ധതികൊണ്ട് ഒരുപാട് സാമ്പത്തികനേട്ടങ്ങൾ പ്രതീക്ഷിച്ചിരുന്ന കർഷകർ 1972-ൽ ഒരു രാത്രികൊണ്ട് തെക്കും വടക്കും ഭാഗങ്ങൾക്ക് ഇടയ്ക്കുള്ള ഭാഗം ചെളി കൊണ്ട് നിർമ്മിച്ചു. ഇന്നും ഈ രണ്ടു ഭാഗങ്ങൾക്കിടയ്ക്ക് കർഷകർ നിർമ്മിച്ച ഭാഗം നിലനിൽക്കുന്നു.

തോട്ടപ്പള്ളി സ്പിൽ‌വേ, കുട്ടനാടിന്റെ തെക്കുഭാഗത്തെ തടയണ

ഈ ബണ്ട് കർഷകരുടെ സാമ്പത്തികസ്ഥിതി ഉയർത്തി എങ്കിലും ധാരാളം പരിസ്ഥിതി പ്രശ്നങ്ങൾ ഇതുകൊണ്ട് ഉണ്ടായി എന്ന് ആരോപിക്കപ്പെടുന്നു. ബണ്ട് നിർമ്മാണത്തിനു മുൻപ് കുട്ടനാട്ടിലെ കായലുകളിൽ ധാരാളം മത്സ്യസമ്പത്തുണ്ടായിരുന്നു. ഈ മത്സ്യങ്ങളുടെ പ്രജനനത്തിന് ഉപ്പുവെള്ളം ആവശ്യമായിരുന്നു. ബണ്ട് നിർമ്മാണം കായലിലെ മത്സ്യങ്ങളുടെ എണ്ണത്തെ ബാധിച്ചു എന്ന് ആരോപിച്ച് പ്രദേശത്തെ മുക്കുവർ 2005 മുതൽ ബണ്ടിനെ എതിർക്കുന്നു. കായലും കടലുമായി ഉള്ള ഒന്നുചേരൽ ബണ്ട് തടയുന്നതുമൂലം ആണ് കായലുകളിൽ ഇന്ന് ആഫ്രിക്കൻ പായൽ വ്യാപകമാവുന്നത് എന്നും പറയപ്പെടുന്നു. മുൻപ് കടൽ വെള്ളത്തിൽ നിന്നുള്ള ഉപ്പ് കായലിനെ ശുദ്ധീകരിച്ചിരുന്നു. ഇന്ന് കായലുകളും കായലോരവും പായൽ കൊണ്ട് മൂടിയിരിക്കുന്നു.

ഇതും കൂടി കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
  2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
  3. ഇലവും‍മൂട്, സോമൻ (2000). പ്രാചീന കേരളചരിത്ര സം‍ഗ്രഹം (രണ്ടാം എഡിഷൻ പതിപ്പ്.). പുതുപ്പള്ളി: ധന്യാ ബുക്സ്. Unknown parameter |month= ignored (help); Cite has empty unknown parameters: |origmonth=, |chapterurl=, |origdate=, and |coauthors= (help); |access-date= requires |url= (help)
  4. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9. Cite has empty unknown parameter: |coauthors= (help)
  5. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
  6. 6.0 6.1 6.2 http://www.kuttanadpackage.in/index.php?option=com_content&view=article&id=77&Itemid=71>
  7. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)

സ്രോതസ്സുകൾ[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുട്ടനാട്‌&oldid=3780547" എന്ന താളിൽനിന്ന് ശേഖരിച്ചത്