Jump to content

ഇന്ത്യയിലെ നിയമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ നിയമം അഥവാ ഇന്ത്യയിലെ നിയമവ്യവസ്ഥ എന്നതുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത് ആധുനിക ഇന്ത്യയിലെ നിയമസംവിധാനത്തെയാണ്. ഇന്ത്യയിലെ നിയമം വലിയൊരളവോളം ബ്രിട്ടീഷ് കോമൺ ലോ സമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്നു. നാളുകൾ നീണ്ട ബ്രിട്ടീഷ് കൊളോണിയൽ വാഴ്ചയാണ് ഈ തരത്തിലുള്ള ബന്ധം ഇന്ത്യയിലെ നിയമവും ബ്രിട്ടിഷ് കോമൺ ലോയുമായി ഉണ്ടാകുവാനുള്ള കാരണം. ബ്രിട്ടീഷുകാർ നടപ്പാക്കിയ നിരവധി നിയമങ്ങൾ ഇപ്പോഴും ഇന്ത്യയിലെ നിയമ സംവിധാനത്തിന്റെ ഭാഗമായി നിലനിൽക്കുന്നു. അതേസമയം ഇന്ത്യയിലെ സമകാലിക നിയമസംവിധാനങ്ങളിൽ യൂറോപ്യൻ, അമേരിക്കൻ നിയമ വ്യവസ്ഥകളുടെ സ്വാധീനവും കാണാൻ കഴിയും. ഇന്ത്യയിലെ നിയമവ്യവസ്ഥയോടൊപ്പം അയർലണ്ടിന്റെയും അമേരിക്കയുടെയും ബ്രിട്ടന്റെയും ഫ്രാൻസിന്റെയും നിയമങ്ങൾ ഉദ്ഗ്രത്ഥിച്ച് നിർമ്മിച്ചതാണ് ഇന്ത്യയുടെ ഭരണഘടനാ എന്ന് കാണാൻ കഴിയും. പരിസ്ഥിതി, മനുഷ്യാവകാശം തുടങ്ങിയമേഖലകളിലെ നിയമനിർമ്മാണങ്ങളിൽ ഐക്യരാഷ്ട്ര സംഘടനയുടെ നിയമ കാഴ്ചപ്പാടുകളും ഇന്ത്യ പിൻതുടരുന്നതായി കാണാം. അതുപോലെ ബൌദ്ധിക സ്വത്തവകാശം പോലുള്ള മേഖലകളിൽ ചില അന്താരാഷ്ട്ര നിയമങ്ങളുടെ സ്വാധീനവും ഇന്ത്യയിലെ നിയമ സംവിധാനത്തിൽ ദൃശ്യമാണ്.

ഇന്ത്യയിലെ വ്യക്തിനിയമം അഥവാ കുടുംബനിയമങ്ങൾ സങ്കീർണ്ണവും ഇന്ത്യയിലെ വ്യത്യസ്ത മതങ്ങളോരോന്നിന്റെയും കാഴ്ചപ്പാടുകൾക്കനുസരിച്ച് നിർമ്മിക്കപ്പെട്ടിട്ടുള്ളതുമാകുന്നു. ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും മറ്റ് വ്യത്യസ്ത വിഭാഗങ്ങൾക്കും ജനനം, വിവാഹം, മരണം തുടങ്ങിയവയുൾക്കൊള്ളുന്ന വ്യക്തിജീവിതത്തിൽ അവരവരുടെ മത നിയമങ്ങൾക്ക് അനുപൂരകമായ നിയമങ്ങളാണ് സൃഷ്ടിക്കുകുയും പാലിക്കുകയും ചെയ്തുവരുന്നത്. എന്നാൽ ഗോവയിൽ പോർട്ടുഗീസ് ഏകീകൃത സിവിൽ നിയമം നിലനിൽക്കുന്നതിനാൽ വ്യത്യസ്ത ജാതി-മത വിഭാഗങ്ങൾക്ക് ഒരു നിയമം തന്നെ പാലിച്ചാൽ മതിയാകും.

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം



ഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം

ഇന്ത്യയിലെ പ്രധാനപ്പെട്ട നിയമങ്ങളുടെ പട്ടിക

[തിരുത്തുക]
  1. ഇന്ത്യൻ ഭരണഘടന
  2. ശിക്ഷാനിയമം
  3. കരാർ നിയമം
  4. കുടുംബനിയമം
  5. ടോർട്ട് നിയമം
  6. സ്വത്ത് നിയമം
  7. സ്വത്ത് കൈമാറ്റനിയമം
  8. വസ്തുവിൽപ്പന നിയമം
  9. കൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം
  10. ഈസ്മെന്റ് നിയമം
  11. പ്രത്യേക പരിഹാരനിയമം
  12. സിവിൽ നടപടി നിയമം
  13. ക്രിമിനൽ നടപടി നിയമം
  14. ഈസ്മെന്റ് നിയമം
  15. ട്രസ്റ്റ് നിയമം
  16. തൊഴിൽ നിയമം
  17. പരിസ്ഥിതി നിയമങ്ങൾ

ഇന്ത്യൻ ഭരണഘടന

[തിരുത്തുക]

ഇന്ത്യയിലെ പരമോന്നതമായ നിയമമാണ് ഇന്ത്യയുടെ ഭരണഘടന. രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിർവ്വചനം, ഗവൺമെന്റ് സംവിധാനത്തിന്റെ ഘടന, അധീകാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, പൌരന്റെ മൌലികാവകാശങ്ങൾ, കടമകൾ, രാഷ്ട്ര ഭരണത്തിനായുള്ള നിർദ്ദേശകതത്വങ്ങൾ, മുതലായവ ഭരണഘടന മുന്നോട്ടുവെയ്ക്കുന്നു. പരമാധികാര രാഷ്ട്രങ്ങളിലെ ലിഖിത ഭരണഘടനകളിൽ വെച്ച് ഏറ്റവും വലുതാണ് ഇന്ത്യയുടെ ഭരണഘടന. [1] അതിന് 395 അനുച്ഛേദങ്ങൾ (ആകെ ഇതുവരെ യഥാർത്ഥത്തിൽ 450) ഉണ്ട്. 1949 നവംബർ 26 -നാണ് ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യുടെ ഭരണഘടന അംഗീകരിച്ചത്. 1950 ജനുവരി 26 ന് അത് പ്രാബല്യത്തിൽ വന്നു.

ക്രിമിനൽ നിയമം

[തിരുത്തുക]

നിയമത്തിലെ പ്രധാനപ്പെട്ട വിഭജനങ്ങളിലൊന്നാണ് സിവിൽ നിയമം എന്നും ക്രിമിനൽ നിയമമെന്നുമുള്ള വേർതിരിക്കൽ. വ്യക്തികൾ, സ്വത്ത്, പദവി തുടങ്ങിയവയുടെ പേരിൽ വ്യക്തികൾക്കിടയിൽ ഉടലെടുക്കുന്ന തർക്കങ്ങൾ കൈകാര്യം ചെയ്യുകയാണ് സിവിൽ നിയമങ്ങളുടെ പ്രതിപാദ്യം. ഒരു വ്യക്തി ചെയ്യുന്ന കുറ്റകൃത്യങ്ങൾ അതിന് ഇരയാകുന്ന ആളിനോട് ചെയ്യുന്ന കൃത്യമെന്നതിനുപരി സമൂഹത്തോട് മൊത്തം ചെയ്യുന്ന കുറ്റമായി കണക്കാക്കുന്ന രീതിയാണ് മിക്കരാജ്യങ്ങളിലും നിലവിലിരിക്കുന്നത്. അതിനാൽ കുറ്റകൃത്യങ്ങളുടെ വിചാരണ സിവിൽ കേസുകളിൽ നിന്ന് വ്യത്യസ്തമായി രാഷ്ട്രത്തിന്റെ മുൻകൈയ്യിൽ നടത്തുന്നു. പരാതിക്കാരൻ/പരാതിക്കാരി പരാതി നൽകേണ്ട അധികാരിയുടെ (പോലീസ്) പക്കൽ പരാതി സമർപ്പിച്ചാൽ മതിയാകും. കേസ് നടത്തിപ്പ് പ്രോസിക്യൂട്ടർ വഴി പോലീസ് നടത്തും.

ഇന്ത്യയിൽ ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്നവർക്ക് നൽകപ്പെടുന്ന ശിക്ഷകളെപ്പറ്റി പ്രതിപാദിക്കുന്ന നിയമസംഹിതയാണ് ഇന്ത്യൻ ശിക്ഷാനിയമം 1860. ഇന്ത്യയ്ക്ക് പൊതുവായി ഒരു ശിക്ഷാനിയമം ആവശ്യമായതിനാൽ നിയമമാക്കപ്പെട്ട ഒരുകൂട്ടം നിയമങ്ങൾ അടങ്ങിയതാണ്‌ ഇന്ത്യൻ പീനൽകോഡ്. 1836-ൽ രൂപംകൊണ്ട ഇന്ത്യൻ ലാ കമ്മിഷനാണ് പീനൽ കോഡിന്റെ ഉപജ്ഞാതാക്കൾ. കമ്മിഷനിലെ അംഗങ്ങൾ മെക്കാളെ, മക്ളിയോട്, അൻഡേഴ്സൺ, മില്ലെ എന്നീ നാലുപേരായിരുന്നു; എങ്കിലും ഇതിന്റെ പ്രധാന ശില്പി മെക്കാളെ പ്രഭുവായിരുന്നു. നാളതുവരെയുള്ള വ്യത്യസ്ത ശിക്ഷാനിയമങ്ങൾ പരിശോധിച്ച് സമഗ്രമായ ഒരു നിയമസംഹിത ഉണ്ടാക്കുവാൻ അവർക്ക് കഴിഞ്ഞതായി കരുതപ്പെടുന്നു.

വ്യത്യസ്ത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ഇന്ത്യൻ ശിക്ഷാ നിയമം നടപ്പിൽ വന്നതിന് ശേഷവും പലപ്രത്യേക നിയമങ്ങളും കുറ്റകൃത്യങ്ങൾ തടയുന്നതിനായി നടപ്പാക്കേണ്ടി വന്നിട്ടുണ്ട്. അഴിമതി നിരോധന നിയമം 1988 അതിന് ഉദാഹരണമാണ്. ശിക്ഷാനിയമത്തിനുപരിയായി, ഇത്തരം നിരവധി നിയമങ്ങളിലും കുറ്റകൃത്യങ്ങളെക്കുറിച്ചും അവയ്കുള്ള ശിക്ഷകളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ഈ ക്രിമിനൽ നിയമങ്ങളുടെയെല്ലാം നടപ്പാക്കലിനായി ഒരു ക്രിമിനൽ നടപടി നിയമവും രാജ്യത്ത് നടപ്പാക്കിയിട്ടുണ്ട്.

ഇന്ത്യയിലെ പ്രധാന ക്രിമിനൽ നിയമങ്ങൾ ഇവയാണ് :

കരാർ നിയമം

[തിരുത്തുക]

ഇന്ത്യൻ കരാർ നിയമം 1872 ആണ് ഇന്ത്യയിലെ കരാർ സംബന്ധമായ കാര്യങ്ങളെ സംബന്ധിച്ചുള്ള നിയമം. ഒരാൾ മറ്റൊരാൾക്ക് ഒരു വാഗ്ദാനം നൽകുമ്പോഴും അപരൻ അത് സ്വീകരിക്കുമ്പോഴും - അതായത്, ഒരു കരാറിലേർപ്പെടുമ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ എന്തൊക്കെയായിരിക്കും, കരാറിന്റെ വ്യത്യസ്ത സാഹചര്യങ്ങൾ, കരാർ വ്യവസ്ഥകൾ കരാറിലെ വ്യത്യസ്ത കക്ഷികൾക്ക് നിയമപരമായി എങ്ങനെയൊക്കെ ബാധകമാകുന്നു എന്നീ കാര്യങ്ങൾ പ്രതിപാദിക്കുന്നതാണ് ഇന്ത്യൻ കരാർ നിയമം. ഇന്ത്യൻ കരാർ നിയമം 1872 ആണ് ഇന്ത്യയിലെ കരാർ സംബന്ധമായ കാര്യങ്ങളെ സംബന്ധിച്ചുള്ള നിയമം. ഇന്ത്യൻ കരാർ നിയമത്തിൽ 238 വകുപ്പികളാണ് ഉള്ളത്. കാരാറുകൾ എങ്ങനെയാണ് ഉണ്ടാകുന്നത് എന്നതാണ് ഈ നിയമത്തിന്റെ ഒന്നാം അദ്ധ്യായത്തിലെ പ്രതിപാദ്യം.

കുടുംബനിയമം

[തിരുത്തുക]

വിവാഹം, വിവാഹമോചനം, ജീവനാംശം, കുട്ടികളുടെ രക്ഷകർതൃ സംബന്ധമായ അവകാശങ്ങൾ തുടങ്ങിയ കുടുംബജീവിത സംബന്ധമായ തർക്കങ്ങൾ സംബന്ധിച്ച നിയമങ്ങളെ പൊതുവിൽ കുടംബനിയമം എന്ന് പറയുന്നു. ഇന്ത്യയിൽ പൊതുവായ കുടുംബനിയമം ഇതുവരെ നിർമ്മിക്കുവാനോ നടപ്പാക്കുവാനോ കഴിഞ്ഞിട്ടില്ലാത്തതിനാൽ വ്യക്തിയുടെ ജനനം മുതൽ മരണം വരെയുള്ള ചടങ്ങുകളെ സംബന്ധിച്ച മത പ്രോക്തമായ "വ്യക്തി നിയമങ്ങൾ" തന്നെയാണ് കുടുംബനിയമമായി പരിഗണിക്കുന്നത്. മതനിയമങ്ങൾ തന്നെ മതത്തിനുള്ളിൽ, വ്യത്യസ്ത ജാതി - സമുദായങ്ങൾക്കിടയിൽ വ്യത്യസ്ത തരത്തിലാണ് നിലനിന്നുപോന്നത്. ഇത് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ മറികടക്കാനും, പൊതുവായ ചിട്ടപ്പെടുത്തലുകൾ വരുത്താനും വേണ്ടി, ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം വിഭാഗങ്ങൾക്കായി പലകാര്യങ്ങളിലും പ്രത്യേകം,. പ്രത്യേകം നിയമങ്ങൾ നിർമ്മിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ കുടുംബ സംബന്ധമായ തർക്കങ്ങൾ ഇപ്രകാരം വ്യത്യസ്ത മതവിഭാഗങ്ങൾക്കായുള്ള നിയമങ്ങൾ വഴി കുടുംബക്കോടതി മുഖേന നടപ്പാക്കപ്പെടുന്നു.

ടോർട്ട് നിയമം

[തിരുത്തുക]

സിവിൽ ആയ തെറ്റുകളെയും വീഴ്ചകളെയും അവയ്ക്കുള്ള പരിഹാരനടപടികളുമാണ് ടോർട്ട് നിയമം എന്ന നിയമശാഖ മുഖ്യമായും കൈകാര്യം ചെയ്യുന്നത്. 'സിവിൽ കുറ്റകൃത്യം' എന്ന് ടോർട്ട് എന്ന വാക്കിന് അർത്ഥം നൽകാം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വികാസം പ്രപാച്ചിട്ടുള്ളത് ടോർട്ടിലെ തന്നെ ഭരണഘടനാ ടോർട്ട് (Constitutional Tort) എന്ന ഭാഗമാണ്. അധികാരസ്ഥാനങ്ങളിലുള്ളവരുടെ ഉത്തരവാദിത്തവീഴ്ചകൊണ്ട് പൌരന് ഉണ്ടാകുന്ന ഉപദ്രവങ്ങളും അവയ്ക്കുള്ള പരിഹാരവുമാണ് ഇതിൽ പ്രതിപാദിക്കുന്നത്. കസ്റ്റഡി മരണങ്ങൾ, അന്യായ തടങ്കൽ, തുടങ്ങിയവ ഇതിന്റെ പരിധിയിൽ വരുന്നു. ടോർട്ട് നടത്തുന്നയാളിൽ നിന്നും നഷ്ടപരിഹാരം ഈടാക്കിയെടുക്കാൻ അതിന് വിധേയനാകുന്നയാളിന് അവകാശമുണ്ടായിരിക്കും.

സ്വത്ത് നിയമം

[തിരുത്തുക]

വ്യക്തി നിയമങ്ങളിൽ പ്രധാനപ്പെട്ടതും സ്വത്തിന്മേലുള്ള അവകാശം ഒരാളിൽ നിന്നും അടുത്തയാളിലേക്ക് കൈമാറ്റം ചെയ്യുന്നത് എങ്ങനെയെന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്നതുമായ നിയമങ്ങളെയാണ് പിന്തുടർച്ചാവകാശ നിയമങ്ങൾ എന്നു വിളിക്കുന്നത്. ഹിന്ദു പിന്തുടർച്ചാവകാശ നിയമവും മുസ്ലീം പിന്തുടർച്ചാവകാശ നിയമവും ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമവുമാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട പിന്തുടർച്ചാവകാശ നിയമങ്ങൾ.

സ്വത്ത് കൈമാറ്റനിയമം

[തിരുത്തുക]

സാധാരണാർത്ഥത്തിൽ സ്വത്ത് കൈമാറ്റം എന്നത് ഒരുളുടെ കൈവശമുള്ള സ്വത്ത് മറ്റൊരാളുടെ കൈവശത്തിലേക്ക് മാറ്റുന്നതിനെയാണ് അർത്ഥമാക്കുന്നത്. ഇന്ത്യയിലെ സ്വത്ത് കൈമാറ്റ നിയമം - 1882 എന്നത് സ്വത്ത് കൈമാറ്റമെന്നാൽ എന്താണെന്നും അതിന്റെ നിബന്ധനകൾ എന്താണെനെന്നും വ്യക്തമാക്കുന്ന നിയമമാണ്. ഈ നിയമപ്രകാരം "ജീവിച്ചിരിക്കുന്ന ഒരു വ്യക്തി ജീവിച്ചിരിക്കുന്ന മറ്റൊരു വ്യക്തിക്കോ, വ്യക്തികൾക്കോ, തനിക്കുതന്നെയോ സ്വത്ത് കൈമാറുന്നതിനെയാണ്" സ്വത്ത് കൈമാറ്റം എന്ന് പറയുന്നത്. സ്വത്തിന്റെ കൈമാറ്റങ്ങളിൽ, വില്പന, പാട്ടത്തിന് നൽകൽ, വാടകയ്ക്ക് നൽകൽ, പണയപ്പെടുത്തൽ, ദാനം നൽകൽ, പരസ്പര കൈമാറ്റം എന്നിവ ഈ നിയമത്തിന്റെ പരിധിയിൽ വരുന്നു.

അവലംബം

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഇന്ത്യയിലെ_നിയമം&oldid=3587216" എന്ന താളിൽനിന്ന് ശേഖരിച്ചത്