അജമാംസരസായനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശരീരപുഷ്ടിക്ക് വിശേഷപ്പെട്ട ആയുർവേദ ഔഷധമാണ് അജമാംസരസായനം. ആട്ടിൻ മാംസരസം ചേർക്കുന്നതുകൊണ്ട് ഈ പേര് ലഭിച്ചു. ശരീരധാതുക്കൾക്ക് വേണ്ടത്ര വൃദ്ധിനൽകി ഓജസ്സും തേജസ്സും വർധിപ്പിക്കുകയും ക്ഷയം, കാസശ്വാസം, ഉരഃക്ഷതം, ജീർണജ്വരം തുടങ്ങിയ രോഗങ്ങളെ ശമിപ്പിക്കുകയും ചെയ്യും.

നിർമ്മാണവിധി[തിരുത്തുക]

  • കുറുന്തോട്ടിവേര് 12 പലം
  • ദശമൂലം ഓരോന്നും രണ്ടര പലംവീതം
  • ആടലോടകവേര് 50 പലം.

ഈ മരുന്നുകൾ ഓരോന്നും നല്ലവണ്ണം കഴുകി നുറുക്കി ചതച്ച് 64 ഇടങ്ങഴി വെള്ളത്തിൽ കഷായം വയ്ക്കണം; കഷായംവറ്റി 16 ഇടങ്ങഴി ആകുമ്പോൾ കൊത്തുകളഞ്ഞ് അരിച്ചെടുക്കണം. ആട്ടിൻമാംസം 64 പലം 16 ഇടങ്ങഴി വെള്ളത്തിൽ വേവിച്ചു വറ്റിച്ച് നാലിടങ്ങഴി സൂപ്പെടുക്കണം. മുമ്പു പറഞ്ഞ കഷായവും മാംസരസവും ഒന്നിച്ചു ചേർത്ത് അതിൽ ശർക്കരയും കൽക്കണ്ടവും 32 പലം വീതം ചേർത്തിളക്കി പാകപ്പെടുത്തണം. ലേഹ്യപാകമാകുമ്പോൾ താഴെ കാണിച്ചിരിക്കുന്ന മരുന്നുകൾ പൊടിച്ചുചേർക്കണം.

അരിവക 6 (കുടകപ്പാലയരി, കാർകോകിലരി, ചെറുപുന്നയരി, കൊത്തംപാലരി, ഏലത്തരി, വിഴാലരി), ജീരകം, കരിം ജീരകം, പെരുംജീരകം, ജാതിക്കാ, ജാതിപത്രി, ഗ്രാമ്പൂവ്, എലവർങം, കാർകോളി, ക്ഷീരകാർകോളി, ചുക്ക്, മുളക്, തിപ്പലി, നാഗപ്പൂവ്, പച്ചില, ഉലുവ, ആശാളി, കടുക്, വരട്ടുമഞ്ഞൾ ഇവ ഒരു പലംവീതവും ഗോതമ്പുപൊടി 2 പലം; ഞവരഅരി വറുത്തുപൊടിച്ചത് 4 പലം. ഇവയെല്ലാം ചേർത്തിളക്കി വീണ്ടും താഴെ പറയുന്ന സാധനങ്ങൾ ചേർക്കണം: പശുവിൻ നെയ്യ് ഒരിടങ്ങഴി, നല്ലെണ്ണ ഒരിടങ്ങഴി, പഞ്ചസാര 12 പലം (പൊടിച്ച്) ഇവ ചേർത്തിളക്കി പാകത്തിന് അടുപ്പിൽ നിന്നും ഇറക്കിവച്ച് പച്ചക്കർപ്പൂരം, ഗോരോചന, വെരുകിൻപുഴു, കസ്തൂരി ഇവ 8 പണമിടവീതം ചേർത്ത് ഇളക്കി തണുത്തശേഷം ഒരിടങ്ങഴി തേൻ ചേർത്തു വീണ്ടും ഇളക്കിയോജിപ്പിക്കണം.

അവലംബം[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അജമാംസരസായനം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അജമാംസരസായനം&oldid=3622670" എന്ന താളിൽനിന്ന് ശേഖരിച്ചത്