ഏഷ്യയിലെ ഭക്ഷണവിഭവങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏഷ്യയിലെ പ്രധാന മേഖലകളായ തെക്കുകിഴക്കേ ഏഷ്യ, ദക്ഷിണേഷ്യ, മദ്ധ്യേഷ്യ, മദ്ധ്യപൂർവ്വേഷ്യ, പൂർവ്വേഷ്യ, പശ്ചിമേഷ്യ എന്നിവടങ്ങളിലെ ഭക്ഷണവിഭവങ്ങളെയാണ് പൊതുവിൽ ഏഷ്യയിലെ ഭക്ഷണവിഭവങ്ങൾ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്. അതതു പ്രദേശത്തെ സാംസ്കാരിക തനിമയും പാരമ്പര്യങ്ങളും ഉൾക്കൊള്ളുന്നതായിരിക്കും ഓരോ പ്രദേശത്തെയും ഭക്ഷണവിഭവങ്ങൾ. ജനസംഖ്യയിലും സംസ്കാരവൈവിധ്യത്തിലും മുൻപന്തിയിൽ നിൽക്കുന്ന ഏഷ്യയിൽ അതുകൊണ്ടുതന്നെ ഭക്ഷണവിഭവങ്ങളിലും വൈവിധ്യമുണ്ട്.[1]

ഭക്ഷ്യവസ്തുക്കളുടെ ഉപയോഗത്തിന്റെ കാര്യത്തിൽ തെക്കുകിഴക്കേ ഏഷ്യയിലും പൂർവ്വേഷ്യയിലും പൊതുവായ പ്രത്യേകതകൾ കാണാം. അരി, ഇഞ്ചി, വെളുത്തുള്ളി, എള്ള്, ഉള്ളി, സോയാബീൻ, പനീർ എന്നിവ അവയിൽ ചിലതാണ്. ആവിയിൽ വേവിക്കുക, വറുത്തെടുക്കുക, തീയിൽ പൊരിക്കുക എന്നിങ്ങനെയാണ് പാചകരീതികൾ.

എല്ലാ ഏഷ്യൻ മേഖലകളിലും പൊതുവായി ഉപയോഗിക്കപ്പെടുന്ന ഭക്ഷ്യ ധാന്യമാണ്‌ അരി. ഉപഭൂഖണ്ഡത്തിൽ ബസുമതി അരിക്കാണ് പ്രചാരം. എന്നാൽ തെക്കുകിഴക്കേ ഏഷ്യയിൽ ജാസ്മിൻ അരിക്കാണ് പ്രചാരം. ചൈനയിൽ നീളമുള്ള അരിക്കും ജപ്പാനിലും കൊറിയയിലും നീളം കുറഞ്ഞ അരിക്കുമാണ് പ്രചാരമുള്ളത്.[2]

പശ്ചിമേഷ്യ, തെക്കുകിഴക്കേ ഏഷ്യ, ദക്ഷിണേഷ്യ എന്നീ മേഖലകളിൽ ഭക്ഷണവിഭവങ്ങളിലെ ഒരു പ്രധാന ഇനമാണ് കറി. എന്നാൽ പൂർവ്വേഷ്യയിൽ കറി അത്ര പ്രച്ചരത്തിലല്ല. നാളികേരം, തൈര് എന്നിവയാണ് കറിയുണ്ടാകാൻ പൊതുവേ ഉപയോഗിക്കുന്നത്.

തെക്കുകിഴക്കേ ഏഷ്യയിലെ ഭക്ഷണവിഭവങ്ങൾ[തിരുത്തുക]

തെക്കുകിഴക്കേ ഏഷ്യ

സുഗന്ധത്തിന് പ്രാധാന്യം നൽകിയുള്ള ലഘുവിഭവങ്ങളാണ് തെക്കുകിഴക്കേ ഏഷ്യയിലെ ഭക്ഷണവിഭവങ്ങളുടെ പ്രത്യേകത. മല്ലി, പുതിന, വാളൻപുളി, ഇഞ്ചി എന്നിവയാണ് പൊതുവെ സുഗന്ധാവിശ്യത്തിനായി ഉപയോഗിക്കുന്നത്. സോയാബീൻസ് സോസും പപാചകാവശ്യത്തിനായി ഉപയോഗിച്ചുവരുന്നുണ്ട്. പാചകഎണ്ണയിൽ വറുത്തെടുക്കുക (എണ്ണയിൽ മൂപ്പിക്കുക), ആവിയിലും വെള്ളത്തിലും വേവിക്കുക എന്നിങ്ങനെ സമ്മിശ്രമായ പാചകരീതികളാണ് പൊതുവെ അവലംബിക്കുന്നത്.

ദക്ഷിണേഷ്യയിലെ ഭക്ഷണവിഭവങ്ങൾ[തിരുത്തുക]

ദക്ഷിണേഷ്യ

പ്രധാനമായും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഭക്ഷണവിഭവങ്ങളാണ് ദക്ഷിണേഷ്യയിലെ ഭക്ഷണവിഭവങ്ങൾ എന്നതുകൊണ്ട്‌ അർത്ഥമാക്കുന്നത്. വിവിധതരം സുഗന്ധവ്യഞ്ജനങ്ങളും, ഔഷധങ്ങളുടെയും, പച്ചക്കറികളുടേയും സൂക്ഷ്മവും വൈവിധ്യമാർന്നതുമായ ഉപയോഗം കൊണ്ട് വ്യത്യസ്തമാണ് ദക്ഷിണേഷ്യയിലെ ഭക്ഷണവിഭവങ്ങൾ. മുളക്, കുരുമുളക്, വെളുത്തുള്ളി, ഇഞ്ചി, ഗ്രാമ്പു, ജീരകം, മഞ്ഞൾ, നെയ്യ്, വെണ്ണ, തൈര് തുടങ്ങിയവയുടെ ഉപയോഗം പൊതുവായി കണ്ടുവരുന്നു. ധാന്യങ്ങളിൽ അരിയും ഗോതമ്പും ആണ് പ്രധാനമായും ഉപയോഗിക്കുന്നത്. കറിയുടെ ഉപയോഗം പൊതുവായി എല്ലാ മേഖലയിലും കണ്ടുവരുന്നു. മാംസം, മത്സ്യം എന്നിവയുടെ ഉപയോഗം മതപരമായ വിസ്വാസങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ഇന്ത്യൻ ഭക്ഷണങ്ങളിലാണ് ഇത്തരം പ്രകടമായ വ്യത്യാസങ്ങൾ കാണുന്നത്.

മദ്ധ്യേഷ്യയിലെ ഭക്ഷണവിഭവങ്ങൾ[തിരുത്തുക]

മദ്ധ്യേഷ്യ

മദ്ധ്യേഷ്യയിലെ ഭക്ഷണരീതി പശ്ചിമേഷ്യയിലെയും പൂർവ്വേഷ്യയിലെയും ഭക്ഷണരീതികളോട് സമാന സ്വഭാവമുള്ളതാണ്. മാട്ടിറച്ചിയും കുതിരയിറച്ചിയും ആട്ടിറച്ചിയും മാംസാഹാരങ്ങളിൽ ഉൾപ്പെടുന്നു. കുമ്മിസ് എന്നറിയപ്പെടുന്ന പുളിപ്പിച്ച കുതിരപ്പാൽ മംഗോളിയൻ, തുർക്കിക്ക് ജനതയുടെ പ്രധാന പാനീയമാണ്. പോഷകസമ്പുഷ്ടമായ ഈ പാനീയം മദ്ധ്യേഷ്യൻ സംസ്കാരത്തിൻറെ ഭാഗമാണ്. തൈരിൻറെ ജന്മദേശമായി മദ്ധ്യേഷ്യ അറിയപ്പെടുന്നുണ്ട്.

വടക്കനേഷ്യയിലെ ഭക്ഷണവിഭവങ്ങൾ[തിരുത്തുക]

വടക്കനേഷ്യ

റഷ്യൻ ഫെഡറേഷൻ ഉൾപ്പെടുന്ന വടക്കനേഷ്യയിലെ ഭക്ഷണരീതികൾ റഷ്യയിലെ ഭക്ഷണരീതികളുടെ പര്യായമാണെന്ന് പറയാം.

പൂർവ്വേഷ്യയിലെ ഭക്ഷണവിഭവങ്ങൾ[തിരുത്തുക]

പൂർവ്വേഷ്യ

ചൈനീസ്, ജാപ്പാനീസ്, കൊറിയൻ, മംഗോളിയൻ, തായ്‌വാനീസ് ഭക്ഷണവിഭവങ്ങളാണ് പൂർവ്വേഷ്യയിലെ ഭക്ഷണവിഭവങ്ങൾ എന്നതുകൊണ്ട്‌ ഉദേശിക്കുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ഉള്ള മേഖലയാണ് പൂർവ്വേഷ്യ. അതുകൊണ്ടുതന്നെ ഭക്ഷണരീതിയിലും വിഭവങ്ങളിലും ഏറെ വൈവിധ്യങ്ങൾ കാണപ്പെടുന്നുണ്ട്. ചൈനയാണ് വൈവിധ്യത്തിൻറെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്. ചൈനീസ്‌ ഭക്ഷണവിഭവങ്ങൾ ഏറെ പ്രസിദ്ധമാണ്. അരി, നൂഡിൽസ്, ചെറുപയർ, സോയാബീൻസ് ആട്ടിറച്ചി, വിവിധതരം ഇലക്കറികൾ, കടൽ വിഭവങ്ങൾ എന്നിവയൊക്കെയാണ് ഈ മേഖലയിൽ പൊതുവായി ഉപയോഗിച്ചുവരുന്നത്. മിക്ക പ്രദേശങ്ങളിലും ചായ ആണ് പ്രധാന പാനീയം. കടൽ വിഭവങ്ങളുടെ ആളോഹരി ഉപഭോഗത്തിൽ ജപ്പാനാണ് ലോകത്തിൽ ഒന്നാംസ്ഥാനം.

പശ്ചിമേഷ്യയിലെ ഭക്ഷണവിഭവങ്ങൾ[തിരുത്തുക]

പശ്ചിമേഷ്യ

ഈജിപ്റ്റ്‌ ഒഴികെയുള്ള മദ്ധ്യപൂർവേഷ്യൻ രാജ്യങ്ങളിലെ ഭക്ഷണവിഭവങ്ങളാണ് പശ്ചിമേഷ്യയിലെ ഭക്ഷണവിഭവങ്ങൾ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്. ഏറെ പ്രത്യേകതകളുള്ള അറേബ്യൻ ഭക്ഷണരീതിയാണ് ഈ മേഖലയിൽ കണ്ടുവരുന്നത്. കൂട്ടമായിരുന്ന് ഒരു പാത്രത്തിൽ ഒന്നിച്ചു ഭക്ഷണം കഴിക്കുന്ന രീതി ഇവിടെയുണ്ട്. മന്തി, മജ്‌ലൂസ്, ഷവർമ്മ, മസ്‌ലി, കബ്‌സ അഫ്ഗാനി/ലാഹോർ ബിരിയാണി, ഹരീസ്, സരീദ്, മത്‌റൂബ, ബഷ്മൽമക്, റോണ, ലഹം മസ്സങ്ക, നാഷ്ഫ്‌ലഹം, ഖുബ്‌സ് തുടങ്ങി അറബികളുടെ ഇഷ്ടവിഭവങ്ങളെല്ലാം ഇവിടെ പ്രസിദ്ധമാണ്. ഒലിവെണ്ണ, എള്ള്, കടല, ഈത്തപ്പഴം എന്നിവ പൊതുവായി ഉപയോഗിച്ചുവരുന്ന ചേരുവകളാണ്. ഇസ്‌ലാമിക് നിയമപ്രകാരം അനുവദനീയമായ ഭക്ഷണം മാത്രമാണ് ഇസ്ലാമിക രാജ്യങ്ങളിൽ അനുവദിക്കപ്പെട്ടിട്ടുള്ളത്. പന്നിയിറച്ചി, മദ്യം എന്നിവ അത്തരം രാജ്യങ്ങളിൽ വിലക്കപ്പെട്ടവയാണ്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Cuisine." Thefreedictionary.com. Accessed June 2011.
  2. "The flavors of Asia". Quaker Oats Company. Archived from the original on June 4, 2007. Retrieved 2008-12-19.