Jump to content

ചാൾസ് കെൽമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Charles Kelman
ജനനം
Charles David Kelman

(1930-05-23)മേയ് 23, 1930
Brooklyn, New York, U.S.
മരണംജൂൺ 1, 2004(2004-06-01) (പ്രായം 74)
Boca Raton, Florida, U.S.
വിദ്യാഭ്യാസം
തൊഴിൽOphthalmologist, surgeon, inventor, jazz musician, entertainer and Broadway producer
അറിയപ്പെടുന്നത്Inventing phacoemulsification as well as other surgical techniques and instruments
Honours

നേത്രരോഗവിദഗ്ദ്ധൻ, സർജൻ, കണ്ടുപിടുത്തക്കാരൻ, ജാസ് സംഗീതജ്ഞൻ, എന്റർടെയ്‌നർ, ബ്രോഡ്‌വേ നിർമ്മാതാവ് എന്നിങ്ങനെ വിവിധ നിലകളിൽ പ്രശക്തനായ അമേരിക്കക്കാരനാണ് ചാൾസ് ഡേവിഡ് കെൽമാൻ (മെയ് 23, 1930- ജൂൺ 1, 2004). ഫാക്കോ ഇമൾ‌സിഫിക്കേഷന്റെ പിതാവായി അറിയപ്പെടുന്ന അദ്ദേഹം[1][2] തിമിര ശസ്ത്രക്രിയയിൽ ഉപയോഗിക്കുന്ന നിരവധി മെഡിക്കൽ ഉപകരണങ്ങൾ, ഇംപ്ലാന്റ് ലെൻസുകൾ, ടെക്നിക്കുകൾ എന്നിവ വികസിപ്പിച്ചെടുത്തു. 1960 കളുടെ തുടക്കത്തിൽ, തിമിരം നീക്കം ചെയ്യാനും റെറ്റിന ഡിറ്റാച്ച്മെന്റുകൾ നന്നാക്കാനും അദ്ദേഹം ക്രയോസർജറി ഉപയോഗിച്ചുതുടങ്ങി. തിമിരത്തിനുള്ള ക്രയോസർജറി 1978 വരെ വ്യാപകമായി ഉപയോഗത്തിലുണ്ടായിരുന്നു, 1967 ൽ കെൽമാൻ വികസിപ്പിച്ചെടുത്ത ഫാക്കോ എമൾസിഫിക്കേഷൻ ആധുനിക നിലവാരത്തിലുള്ള ചികിത്സയായി അംഗീകരിച്ചു തുടങ്ങിയതോടെ ക്രയോ സർജറി ക്രമേണ കുറഞ്ഞു വന്നു. പ്രസിഡന്റ് ജോർജ്ജ് എച്ച്ഡബ്ല്യു ബുഷ് കെൽ‌മാന് നാഷണൽ മെഡൽ ഓഫ് ടെക്നോളജി നൽകി. കാനഡയിലെ മോൺ‌ട്രിയാലിലെ ഇന്റർനാഷണൽ കോൺഗ്രസ് ഓഫ് കാറ്ററാക്റ്റ് ആൻഡ് റിഫ്രാക്റ്റീവ് സർജറി ഈ നൂറ്റാണ്ടിലെ നേത്രരോഗവിദഗ്ദ്ധനായി അംഗീകരിച്ചു. ഒഹായോയിലെ അക്രോണിലുള്ള നാഷണൽ ഇൻവെന്റേഴ്സ് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെട്ട അദ്ദേഹം 2004 ലെ ലാസ്കർ അവാർഡ് നേടുകയും ചെയ്തു.

ന്യൂയോർക്കിൽ ജനിച്ച കെൽമാൻ ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദവും ജനീവ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മെഡിക്കൽ ബിരുദവും നേടി. ന്യൂയോർക്കിലേക്ക് മടങ്ങുന്നതിനുമുമ്പ് കിംഗ്സ് കൗണ്ടി ഹോസ്പിറ്റലിൽ ഇന്റേൺ ആയി ജോലി ചെയ്യുകയും ഫിലാഡൽഫിയയിലെ വിൽസ് ഐ ഹോസ്പിറ്റലിൽ റെസിഡൻസി പൂർത്തിയാക്കുകയും ചെയ്തു. പിന്നീട് മാൻഹട്ടൻ ഐ, ഇയർ ആന്റ് ത്രോട്ട് ഹോസ്പിറ്റൽ, ന്യൂയോർക്ക് ഐ, ഇയർ ഇൻഫർമറി എന്നിവിടങ്ങളിൽ സർജനായി പരിശീലനം നടത്തി. കെൽമാൻ ന്യൂയോർക്ക് മെഡിക്കൽ കോളേജിൽ ഒഫ്താൽമോളജി ക്ലിനിക്കൽ പ്രൊഫസറായി സേവനമനുഷ്ഠിച്ചു. ലോകമെമ്പാടുമുള്ള നിരവധി ശസ്ത്രക്രിയാ വിദഗ്ധർക്ക് വ്യക്തിഗതമായി തന്റെ വിദ്യകൾ പഠിപ്പിച്ചു.

കെൽമാൻ തന്റെ മെഡിക്കൽ ജീവിതത്തോടൊപ്പം ഒരു എന്റർടെയ്‌നറായും കഴിവു തെളിയിച്ചിരുന്നു. ചെറുപ്പത്തിൽത്തന്നെ ഹാർമോണിക്ക വായിക്കാൻ തുടങ്ങിയ അദ്ദേഹം ദ ഹോൺ ആൻഡ് ഹാർഡാർട്ട് ചിൽഡ്രൻസ് അവർ എന്ന ഒരു റേഡിയോ ഷോ അവതരിപ്പിച്ചിട്ടുണ്ട്. പിന്നീട് അദ്ദേഹം ക്ലാരനെറ്റും സാക്സോഫോണും വായിക്കാൻ പഠിച്ചു. കൗമാരപ്രായത്തിൽ അദ്ദേഹം ഒരു വലിയ ബാൻഡ് രൂപീകരിച്ചു, സംഗീതം രചിക്കാൻ തുടങ്ങി, ഹൈസ്കൂൾ ബാൻഡിലും ന്യൂയോർക്ക് ഓൾ-സിറ്റി ഓർക്കസ്ട്രയിലും ക്ലാരിനെറ്റ് വായിച്ചു. ജനീവയിലെ മെഡിക്കൽ സ്കൂളിൽ പഠിക്കുമ്പോൾ രണ്ട് ജാസ് റേഡിയോ ഷോകളിലും ഒരു ടെലിവിഷൻ ഷോയിലും പ്രത്യക്ഷപ്പെട്ടു. ന്യൂയോർക്കിലേക്ക് മടങ്ങിയ ശേഷം, ചാൻസലർ റെക്കോർഡ്സ് പുറത്തിറക്കിയ അദ്ദേഹത്തിന്റെ "ടെലിഫോൺ നമ്പേഴ്സ്" എന്ന ഗാനം ദേശീയ ബിൽബോർഡ് ചാർട്ടുകളിൽ വിജയങ്ങൾ നേടി. ഫാക്കോ എമൾസിഫിക്കേഷൻ കണ്ടുപിടിച്ചതിനുശേഷം, നടപടിക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി അദ്ദേഹം പതിവായി ടെലിവിഷനിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി, ആദ്യം 1975 ൽ ജോണി കാർസന്റെ ദി ടു‌നൈറ്റ് ഷോയിൽ> ആണ് പ്രത്യക്ഷപ്പെട്ടത്. നിരവധി ജാസ് സംഗീതജ്ഞർക്കൊപ്പം ടെലിവിഷനിലും അറ്റ്ലാന്റിക് സിറ്റി, ലാസ് വെഗാസ്, ന്യൂയോർക്കിലെ കാർനെഗീ ഹാൾ എന്നിവിടങ്ങളിലും അദ്ദേഹം ഒരു മ്യൂസിക്കൽ കോമഡി പരിപാടിഅവതരിപ്പിച്ചു. നിരവധി ബ്രോഡ്‌വേ മ്യൂസിക്കലുകൾ അദ്ദേഹം നിർമ്മിക്കുകയും കുറഞ്ഞത് രണ്ട് ഓഫ് ബ്രോഡ്‌വേ മ്യൂസിക്കലുകൾ രചിക്കുകയും ചെയ്തു.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

[തിരുത്തുക]

ചാൾസ് ഡേവിഡ് കെൽമാൻ 1930 മെയ് 23 ന് ന്യൂയോർക്കിലെ ബ്രൂക്ലിനിൽ[1][3] ഇവയുടെയും ഡേവിഡ് കെൽമാന്റെയും മകനായി ജനിച്ചു. കുടുംബം ക്വീൻസിലെ ഫോറസ്റ്റ് ഹിൽസിലേക്ക് പോകുന്നതിനുമുമ്പ് അദ്ദേഹം ഈസ്റ്റ് ന്യൂയോർക്കിലാണ് വളർന്നത്. പിതാവ് ഡേവിഡ്, ആദ്യ ടാർ - ഫ്രീ സിഗരറ്റുകളും സെല്ലോഫെയ്ൻ ക്രിസ്മസ് റെത്ത്സും ഉൾപ്പടെെയുളള തൻ്റെ കണ്ടുപിടിത്തങ്ങൾക്ക് മതിയായ ആനുകൂല്യങ്ങളോ അംഗീകാരങ്ങളോ ലഭിച്ചിട്ടില്ലാത്ത ഗ്രീസിൽ നിന്നുള്ള ജൂത കുടിയേറ്റക്കാരൻ ആയിരുന്നു. സ്വന്തം കണ്ടുപിടുത്തങ്ങൾക്ക് അഭിമാനത്തോടെ അംഗീകാരം തേടാനുള്ള മകന്റെ ആഗ്രഹത്തിന് അദ്ദേഹം പ്രചോദനമായി.

ഹാർമോണിക്ക വായിക്കാൻ പഠിച്ച ചാൾസ് നാലു വയസ്സുള്ളപ്പോൾ മുതൽ സംഗീതം പഠിക്കാൻ തുടങ്ങി.[4] ദി ഹോൺ, ഹാർഡാർട്ട് ചിൽഡ്രൻസ് അവർ റേഡിയോ ഷോയ്ക്കായി അദ്ദേഹം പതിവായി ഹാർമോണിക്കക വായിക്കാൻ തുടങ്ങി. ബിഗ് ബാൻഡ് കാലഘട്ടത്തിലെ സംഗീതജ്ഞരിൽ നിന്ന് പ്രൊഫഷണൽ പരിശീലനം നേടിയ കെൽമാൻ സാക്സോഫോണും ക്ലാരിനെറ്റും വായിക്കാൻ പഠിച്ചു. ഫോറസ്റ്റ് ഹിൽസ് ഹൈസ്കൂളിൽ പഠിക്കുമ്പോൾ, ഹൈസ്കൂൾ ബാന്റിലും ന്യൂയോർക്ക് ഓൾ-സിറ്റി ഓർക്കസ്ട്രയുടെ ആദ്യ ക്ലാരിനെറ്റ് വായനക്കാരനായും പ്രവർത്തിച്ചു.

അദ്ദേഹം സംഗീതത്തിൽ വലിയ താരമാകുന്നത് സ്വപ്നം കണ്ടിരുന്നു. 17 വയസ്സുള്ളപ്പോൾ, സാക്സോഫോൺ അവരുടെ വീടിന്റെ താഴത്തെ നിലയിൽ കൊണ്ടുവന്ന് വായിക്കാൻ പിതാവ് പറഞ്ഞു. ജിമ്മി ഡോർസിയുടെ ഒരു ഗാനം ചാൾസ് വായച്ചു, അതിനുശേഷം ഡോർസിയുടേതിന് തുല്യമായി വായിച്ചോ എന്ന് പിതാവ് ചാൾസിനോട് ചോദിച്ചു. ഇല്ലെന്ന് ചാൾസ് സമ്മതിച്ചപ്പോൾ, പിതാവ് പ്രഖ്യാപിച്ചു: "നീ ഒരു ഡോക്ടറാകും."

കെൽമാൻ ബോസ്റ്റണിലെ ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിൽ ചേർന്നു. വെറും രണ്ട് വർഷത്തിനുള്ളിൽ 1950 ൽ ബി.എസ് ബിരുദം നേടി[5] [1][6] തുടർന്ന് ജനീവ സർവകലാശാലയിൽ മെഡിസിൻ പഠിച്ച അദ്ദേഹം, പിതാവിന് ക്യാൻസർ ഉണ്ടെന്ന് അറിഞ്ഞ ശേഷം, താൻ ഡോക്ടറാകുന്നത് അച്ഛൻ കാണുമെന്ന പ്രതീക്ഷയോടെ പഠനം ത്വരിതപ്പെടുത്തി. എന്നാൽ പിതാവിൻ്റെ മരണശേഷം ഒരു വർഷം കഴിഞ്ഞ് 1956 ൽ ആണ് അദ്ദേഹം എംഡി ബിരുദം നേടിയത്.[7] കിംഗ്സ് കൗണ്ടി ഹോസ്പിറ്റലിൽ ഇന്റേൺ ചെയ്ത ശേഷം ഫിലാഡൽഫിയയിലെ വിൽസ് ഐ ഹോസ്പിറ്റലിൽ റെസിഡൻസി ചെയ്തു.[3]

നേത്രരോഗവിദഗ്ദ്ധനും സർജനുമായി

[തിരുത്തുക]

1960 ൽ കെൽമാൻ ഒരു നേത്രരോഗ വിജ്ഞാനത്തിൽ സ്വകാര്യ പരിശീലനം ആരംഭിക്കുകയും ക്രയോസർജറി ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ ആരംഭിക്കുകയും ചെയ്തു.[3] 1962 ൽ ഇൻട്രാ ക്യാപ്സുലാർ കാറ്ററാക്റ്റ് സർജറിയിൽ തിമിരം ബാധിച്ച ലെൻസ് ഫ്രീസ് ചെയ്യാൻ അദ്ദേഹം ഉപയോഗിച്ച ക്രയോപ്രോബ് ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ കണ്ടുപിടുത്തം.[1][8][9] കെൽമാൻ വികസിപ്പിക്കാൻ സഹായിച്ച എക്സ്ട്രാക്യാപ്സുലാർ തിമിര ശസ്ത്രക്രിയ (ഇസിസിഇ) പോലുള്ള മറ്റ് സാങ്കേതിക വിദ്യകളുടെ വരവും മൂലം 1978 മുതൽ ക്രയോ സാങ്കേതികവിദ്യ കാര്യമായി ഉപയോഗത്തിലില്ലെങ്കിലും ഐസിസിഇ ബദൽ ശസ്ത്രക്രിയാ ഓപ്ഷനായി തുടരുന്നുണ്ട്. 1963-ൽ കെൽമാൻ റെറ്റിന ഡിറ്റാച്ച്മെന്റിനെ ചികിത്സിക്കാൻ ക്രയോപെക്സി ഉപയോഗം വികസിപ്പിച്ചു.

കണ്ണ് ശസ്ത്രക്രിയയിലെ മരവിപ്പിക്കുന്ന രീതികളെക്കുറിച്ച് കൂടുതൽ പഠക്കാൻ 1964 ൽ ജോൺ എ. ഹാർട്ട്ഫോർഡ് ഫൗണ്ടേഷന്റെ ഗവേഷണ ഗ്രാന്റിനായി അദ്ദേഹം അപേക്ഷിച്ചു, കൂടാതെ ആപ്ലിക്കേഷന്റെ ഒരു അനുബന്ധത്തിൽ, ആശുപത്രിയിിൽ തങ്ങുന്നത് ഒഴിവാക്കാനാകുന്ന തരത്തിൽ "ചെറിയ മുറിവുകളിലൂടെ തിമിരം നീക്കം ചെയ്യുന്നതിനുള്ള ഒരു രീതി" നിർദ്ദേശിച്ചു. ഫൗണ്ടേഷനിൽ നിന്ന് അദ്ദേഹത്തിന് മൂന്ന് വർഷത്തെ ഗ്രാന്റ് ലഭിച്ചു.[1][9] അദ്ദേഹത്തിന്റെ അടുത്ത കണ്ടുപിടുത്തത്തിനുള്ള ആശയം ഒരു ദന്തഡോക്ടറുടെ ഓഫീസിലെ ഒരു അൾട്രാസോണിക് ഉപകരണം കണ്ട ശേഷമാണ് വന്നത്. വൈബ്രേറ്റുചെയ്യുന്ന സമാനമായ ഉപകരണം ഉപയോഗിച്ച് തിമിരം ബാധിച്ച ലെൻസ് കഷ്ണങ്ങളാക്കി ചെറിയ മുറിവുകളിലൂടെ നീക്കംചെയ്യുന്ന രീതിയാണ് കെൽമാൻ വിഭാവനം ചെയ്തത്.[10]

തിമിരത്തിനുള്ള സാധാരണ ചികിത്സയായി മാറിയ ആ സാങ്കേതികതക്ക് കെൽമാൻ ഫേക്കോഇമൾ‌സിഫിക്കേഷൻ എന്ന് പേരിട്ടു.[1] മെഡിക്കൽ ഉപകരണ നിർമ്മാതാവ് കാവിട്രോണുമായി ചേർന്ന് അദ്ദേഹം ഇറിഗേഷൻ ആസ്പിരേഷൻ സിസ്റ്റവും അൾട്രാസോണിക് ഉപകരണവും സംയോജിപ്പിച്ചു കൊണ്ടുള്ള തിമിര ശസ്ത്രക്രിയാ ഉപകരണം വികസിപ്പിച്ചു. 1966 ഏപ്രിലിൽ അദ്ദേഹം അത് മൃഗങ്ങളിൽ പരീക്ഷിച്ചുതുടങ്ങി.[9] 1967 ൽ, കെൽമാൻ അന്ധനായ ഒരു രോഗിക്ക് രഹസ്യമായി ഈ ശസ്ത്രക്രിയ നടത്തി, എന്യൂക്ലിയേഷനായി (കണ്ണ് നീക്കം ചെയ്യുക) കാത്തിരുന്ന രോഗി ഈ നടപടിക്രമം തന്റെ കാഴ്ച തിരികെ കൊണ്ടുടു വരില്ല എന്ന് മനസിലാക്കിത്തന്നെ അതിന് സന്നദ്ധനായി.[11] ആദ്യത്തെ രോഗിയുടെ കണ്ണിൽ രോഗം പിടിപെട്ടു എങ്കിലും തുടർന്നുള്ള ശ്രമങ്ങളിൽ അദ്ദേഹം വിജയിച്ചു. വൈബ്രേഷൻ വേഗത സെക്കൻഡിൽ 20,000 സൈക്കിളുകളിൽ നിന്ന് സെക്കൻഡിൽ 40,000 സൈക്കിളായി ഉയർത്തുകയും ചെറിയ കൈയ്യിലൊതുക്കാവുന്ന ഉപകരണം സൃഷ്ടിക്കുകയും ചെയ്തു. 1967 ജൂലൈ 25 ന് കെൽമാനും അദ്ദേഹത്തിന്റെ സഹ-കണ്ടുപിടുത്തക്കാരനായ ആന്റൺ ബാങ്കോയും തിമിര ശസ്ത്രക്രിയയ്ക്കായി ഒരു ഫാക്കോ എമൽസിഫിക്കേഷൻ ഉപകരണം രജിസ്റ്റർ ചെയ്യുന്നതിന് പേറ്റന്റ് അപേക്ഷ നൽകി.[12] ഉപകരണം നിർമ്മിക്കുന്നതിനായി കെൽമാൻ നിർമ്മാതാവുമായി ഒരു പുതിയ ബിസിനസ്സ് ബന്ധം ആരംഭിച്ചു.

"ഫാക്കോ-എമൽസിഫിക്കേഷൻ ആൻഡ് ആസ്പിറേഷൻ - എ ന്യൂ ടെക്നിക് ഫോർ കാറ്ററാക്റ്റ് റിമൂവൽ: എ പ്രിലിമിനറിറിപ്പോർട്ട്" അമേരിക്കൻ ജേണൽ ഓഫ് ഒഫ്താൽമോളജിയിൽ പ്രസിദ്ധീകരിച്ചതിനുശേഷം അദ്ദേഹം ഈ പുതിയ സാങ്കേതികവിദ്യ പഠിക്കാൻ താൽപ്പര്യമുള്ള ശസ്ത്രക്രിയാ വിദഗ്ധർക്ക് കോഴ്‌സുകൾ പഠിപ്പിക്കാൻ തുടങ്ങി.[3] അദ്ദേഹത്തിന്റെ വിദ്യാർത്ഥികളിൽ ഒരാൾ ബ്രിട്ടണിൽ ഈ സാങ്കേതികവിദ്യ ആദ്യം അവതരിപ്പിച്ച എറിക് അർനോട്ട് എന്ന ബ്രിട്ടീഷ് നേത്രരോഗവിദഗ്ദ്ധനായിരുന്നു. കെൽ‌മാന്റെ കണ്ടെത്തൽ തിമിരശസ്ത്രക്രിയാ മുറിവ് അന്ന് നിലവിലുണ്ടായിരുന്ന ഇസി‌സി‌ഇ ശസ്ത്രക്രിയയിലെ 11–12 മി.മീ (0.43–0.47 ഇഞ്ച്) ൽ നിന്ന് 3 മി.മീ (0.12 ഇഞ്ച്) ആയി കുറച്ചു.[13] ഈ പുതിയ ശസ്ത്രക്രിയാ രീതി ആശുപത്രി വാസത്തിന്റെ ആവശ്യകത ഇല്ലാതാക്കുകയും ശസ്ത്രക്രിയ വേദനരഹിതമാക്കുകയും ചെയ്തു. തലച്ചോറിൽ നിന്നും സുഷുമ്‌നാ നാഡിയിൽ നിന്നും ട്യൂമറുകൾ നീക്കം ചെയ്യുന്നതിനായി ന്യൂറോ സർജറിയിൽ ഈ സാങ്കേതികതയും സമാന ഉപകരണങ്ങളും സ്വീകരിച്ചിട്ടുണ്ട്, തുടർന്ന് മിനിമലി ഇൻവേസീവ് ഔട്ട്‌പേഷ്യന്റ് ശസ്ത്രക്രിയാ രീതികളുടെ ഒരു പ്രവണത തന്നെ ആരംഭിച്ചു.

1970 കളിൽ ഫാക്കോമൽ‌സിഫിക്കേഷന് ധാരാളം സംശയങ്ങളും കാര്യമായ വിമർശനങ്ങളും നേരിടേണ്ടിവന്നു. നാഷണൽ ഐ ഇൻസ്റ്റിറ്റ്യൂട്ട് ഈ നടപടിക്രമത്തെ പരീക്ഷണാത്മകമെന്ന് മുദ്രകുത്തി, ഇത് ഈ ശസ്ത്രക്രിയക്ക് ഇൻഷുറൻസ് കിട്ടാതിരിക്കാൻ കാരണമായി. നടപടിക്രമം പരിഹാസ്യമോ ദുരുപയോഗമോ ആണെന്ന് കെൽമാന്റെ വിമർശകർ പറഞ്ഞു.[7][9] 1973 ലെ വെൽഷ് തിമിര സിമ്പോസിയത്തിൽ, ശസ്ത്രക്രിയാ വിദഗ്ധർ ഈ പ്രക്രിയയിൽ നിന്നുള്ള നെഗറ്റീവ് ഫലങ്ങൾ യഥാർത്ഥ രോഗികളുമായി തെളിവായി അവതരിപ്പിച്ചു. 1974 ൽ അമേരിക്കൻ അക്കാദമി ഓഫ് ഒഫ്താൽമോളജി (എ‌എ‌ഒ) ഫാക്കോ എമൽ‌സിഫിക്കേഷനെക്കുറിച്ചുള്ള ഒരു താരതമ്യ പഠനം സ്പോൺസർ ചെയ്തു, ഇത് ഐ‌സി‌സി‌ഇ പോലെ ഫലപ്രദമാണെന്ന് കണ്ടെത്തി. ഈ നടപടിക്രമം പൊതുജനങ്ങൾക്ക് പ്രോത്സാഹിപ്പിക്കാൻ കെൽമാൻ തീരുമാനിച്ചു, അതിൻപ്രകാരം 1975 ഫെബ്രുവരി 21 ന് ദി ടു‌നൈറ്റ് ഷോയിൽ ജോണി കാർസണിനൊപ്പം പ്രത്യക്ഷപ്പെട്ടു. ഫൌണ്ടേഷൻ ഫോർ ഒഫ്താൽമിക് എജ്യുക്കേഷൻ സ്പോൺസർ ചെയ്ത ഫാക്കോ എമൽസിഫിക്കേഷനും തിമിര രീതിയും സംബന്ധിച്ച ആദ്യത്തെ അന്താരാഷ്ട്ര കോൺഗ്രസ് അതേ വർഷം തന്നെ നടന്നു, നടപടിക്രമങ്ങൾ കൂടുതൽ സ്വീകാര്യത നേടാൻ തുടങ്ങി.

പല നേത്രരോഗവിദഗ്ദ്ധരും ഫാക്കോ എമൾസിഫിക്കേഷനും തിമിരം നീക്കം ചെയ്യുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗമായി സ്വീകരിച്ചെങ്കിലും, ഒരു കൃത്രിമ ഇൻട്രാക്യുലർ ലെൻസ് (IOL) കണ്ണിനുള്ളിൽ സ്ഥാപിക്കുന്നതിന് മുറിവ് 6 മി.മീ (0.24 ഇഞ്ച്) ഉണ്ടാവണം എന്ന സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്.[3][9] 1975 ൽ കെൽമാൻ ചെറിയ മുറിവുകൾക്ക് അനുയോജ്യമായ ഐ‌ഒ‌എൽ വികസിപ്പിക്കാൻ തുടങ്ങി, തോമസ് ആർ. മസോക്കോ 1980 കളുടെ തുടക്കത്തിൽ സിലിക്കൺ ഐ‌ഒ‌എൽ കണ്ടുപിടിച്ചപ്പോൾ മാത്രമാണ് ഈ പ്രശ്നം മറികടന്നത്. "മസോക്കോ ടാക്കോ" എന്നറിയപ്പെടുന്ന ഇത്തരം ലെൻസുകൾ മടക്കാൻ കഴിയുന്നതിനാൽ ഫാക്കോഇമൽ‌സിഫിക്കേഷന്റെ ചെറിയ മുറിവുകളിൽ കൂടി കണ്ണിനുള്ളിൽ ഉൾപ്പെടുത്തുകയും ചെയ്യാം.[14] മടക്കാവുന്ന ഐ‌ഒ‌എൽ 1984 ൽ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകരിച്ചപ്പോൾ, കെൽ‌മാന്റെ ഫാക്കോമൽ‌സിഫിക്കേഷന്റെ ഗുണം പൂർണ്ണമായി മനസ്സിലായി. അതേ വർഷത്തെ വാർഷിക AAO കോൺഫറൻസിൽ കെൽമാൻ സാറ്റലൈറ്റ് ടെലികോൺഫറൻസ് അവതരിപ്പിച്ചു, അതിൽ കെൽമാന്റെ അഞ്ച് നടപടിക്രമങ്ങൾ 400-ലധികം പേർ തത്സമയം നിരീക്ഷിച്ചു.

ജോ ഫ്രേസിയർ, ലയണൽ ഹാംപ്ടൺ, റെക്സ് ഹാരിസൺ, ആൻ മില്ലർ, ജാൻ പിയേഴ്സ്, വില്യം ബി. വില്യംസ് എന്നിവരുൾപ്പെടെ നിരവധി പ്രശസ്തരെ കെൽമാൻ ചികിത്സിച്ചു. “ഞാൻ ഏഴു വർഷത്തിലേറെയായി അന്ധനായിരുന്നു. പക്ഷെ എനിക്ക് ഇപ്പോൾ സുഖമാണ്. ഡോ. കെൽമാൻ എന്റെ കാഴ്ച തിരികെ നൽകി. അദ്ദേഹം എനിക്ക്കാഴ്ച തന്നു” 1980 ഒക്ടോബറിൽ കെൽമാൻ ചികിത്സിച്ച ഹെഡി ലമാർ പറഞ്ഞു. 1992- ൽ ന്യൂയോർക്ക് ടൈംസ് കെൽമാന്റെ കണ്ടുപിടുത്തം "രാജ്യത്തിന്റെ ആശുപത്രി ബില്ലിൽ നിന്ന് പ്രതിവർഷം 7 ബില്യൺ ഡോളർ വീതം" കുറച്ചതായി പറഞ്ഞു. ഔദ്യോഗിക ജീവിതത്തിന്റെ വിവിധ സമയങ്ങളിൽ, കെൽമാൻ ന്യൂയോർക്ക് മെഡിക്കൽ കോളേജ് മാൻഹട്ടൻ ഐ, ഇയർ ആൻഡ് ത്രോട്ട് ഹോസ്പിറ്റൽ, ന്യൂയോർക്ക് ഐ, ഇയർ ഇൻഫർമറി എന്നിവിടങ്ങളിൽ സർജനായും സേവനമനുഷ്ഠിച്ചു.[3] നിരവധി ലേഖനങ്ങൾ, പ്രബന്ധങ്ങൾ, ശാസ്ത്രീയ പുസ്തക അധ്യായങ്ങൾ, എന്നിവയും കാറ്ററാക്റ്റ്- വാട്ട് യു മസ്റ്റ് നോ അബൌട്ട് ദെം (തിമിരം: അവയെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ) എന്ന പുസ്തകവും പ്രസിദ്ധീകരിച്ചു.[8][15][16] ഔദ്യോഗിക ജീവിതത്തിൽ പിന്നീട്, അലർജി പ്രതിപ്രവർത്തനങ്ങൾ ഒഴിവാക്കാൻ ഒരു രോഗിയുടെ ചർമ്മത്തിൽ നിന്ന് കൊളാജൻ സൃഷ്ടിക്കുന്നതിനുള്ള ഒരു മാർഗം അദ്ദേഹം കണ്ടുപിടിച്ചു. വൈദ്യശാസ്ത്രം, ശസ്ത്രക്രിയ, എന്റർടെയ്‌നർ എന്ന നിലയിലെ തന്റെ കരിയറിനൊപ്പം അദ്ദേഹം പഠിപ്പിക്കലും തുടർന്നു. കെൽമാൻ തന്റെ ഉപകരണങ്ങൾക്കും കണ്ടെത്തലുകൾക്കുമായി നൂറിലധികം പേറ്റന്റുകൾ നേടിയിട്ടുണ്ട്,[1] അതോടൊപ്പം അദ്ദേഹം ഫാക്കോഇമൾസിഫിക്കേഷന്റെ പിതാവായും അറിയപ്പെട്ടു.[2] ഇന്ന് ലോകത്തിലെ ഏറ്റവും സാധാരണമായ ശസ്ത്രക്രിയകളിലൊന്നാണ് ഫാക്കോഇമൽ‌സിഫിക്കേഷനോടുകൂടിയ തിമിര ശസ്ത്രക്രിയ.[17] 2011 ലെ കണക്കുകൾ പ്രകാരം ഈ സാങ്കേതികത ഉപയോഗിച്ച് ലോകമെമ്പാടും ഓരോ വർഷവും 95 കോടിയിലധികം നടപടിക്രമങ്ങൾ നടക്കുന്നു.[18]

ഒരു എന്റർടെയ്‌നർ എന്ന നിലയിൽ

[തിരുത്തുക]

കെൽമാൻ ഹൈസ്കൂളിൽ പഠിക്കുമ്പോൾ തന്നെ സംഗീതം രചിക്കാൻ തുടങ്ങി,[7] പിന്നീട് കൗമാരപ്രായത്തിൽ ഒരു വലിയ ബാൻഡ് ആരംഭിച്ചു. കോളേജ് വിദ്യാഭ്യാസത്തിലുടനീളം അദ്ദേഹം തന്റെ സംഗീതകാര്യങ്ങൾ തുടർന്നു. ജനീവയിലെ മെഡിക്കൽ സ്കൂളിൽ പഠിക്കുമ്പോൾ അദ്ദേഹം പതിവായി രണ്ട് ജാസ് റേഡിയോ ഷോകളിലും ഒരു ടെലിവിഷൻ ഷോയും അവതരിപ്പിച്ചിരുന്നു. "ലെ പെറ്റിറ്റ് ഡിജ്യൂണർ (പരോൾസ് എറ്റ് മ്യൂസിക് ഡി ഫ്രാങ്കോയിസ് ചാർപിൻ, ചാൾസ് കെൽമാൻ)" അദ്ദേഹം കൂടി ചേർന്ന് രചിച്ചതാണ്, ഇത് പിന്നീട് ഫ്രഞ്ച് ഗായകൻ ജീൻ സബ്ലോൺ റെക്കോർഡുചെയ്‌തു.[6]

കെറി ആഡംസ് എന്ന സ്റ്റേജ് നാമം ഉപയോഗിച്ച് അദ്ദേഹം "ടെലിഫോൺ നമ്പേഴ്സ്" റെക്കോർഡുചെയ്തു, ചാൻസലർ റെക്കോർഡ്സ് പുറത്തിറക്കിയ ഇത് 1960 ൽ ദേശീയ ബിൽബോർഡ് ചാർട്ടുകളിൽ ചില വിജയങ്ങൾ നേടി. പോപ്പ് സംഗീത വിഭാഗത്തെ മാറ്റിമറിക്കുന്ന "ദി ട്വിസ്റ്റ് " സൃഷ്ടിച്ച ഓളമാണ് ഗാനത്തിന്റെ വിജയം കുറച്ചത്. ഇതിനുശേഷം, തന്റെ ആലാപന ജീവിതം അവസാനിച്ചുവെന്ന് കെൽമാൻ വിശ്വസിക്കുകയും അദ്ദേഹം മെഡിക്കൽ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.[7]

അദ്ദേഹത്തിന്റെ വൈദ്യശാസ്ത്രം അഭിവൃദ്ധി പ്രാപിച്ചതുപോലെ, 1975 ൽ ജോണി കാർസന്റെ ടു‌നൈറ്റ് ഷോയിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷം കെൽ‌മാന്റെ സെലിബ്രിറ്റി സ്റ്റാറ്റസ് ഉയർന്നു, അവിടെ അദ്ദേഹം ഒരു അന്ധയായ പെൺകുട്ടിയെക്കുറിച്ച് ഒരു ഗാനം ആലപിക്കുകയും ശസ്ത്രക്രിയാ കണ്ടുപിടിത്തങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.[7] മെർവ് ഗ്രിഫിൻ, ബാർബറ വാൾട്ടേഴ്‌സ്, ഓപ്ര വിൻഫ്രെ, ഡേവിഡ് ലെറ്റർമാൻ എന്നിവർ അവതരിപ്പിച്ച ടെലിവിഷൻ ഷോകളിൽ അദ്ദേഹം പതിവായി പ്രത്യക്ഷപ്പെട്ടു. സാക്സോഫോൺ വായിക്കുന്നതിനും ഗാനം ആലപിക്കുന്നതിനും ഒപ്പം[19] അദ്ദേഹം ഒരു മ്യൂസിക്കൽ കോമഡി വികസിപ്പിച്ചു, അത് ദ സ്പിന്നേഴ്സ്, ഗ്ലെൻ ക്യാമ്പ്ബെൽ, ജെയിംസ് ഡാരൻ, ഡിസ്സി ഗില്ലസ്പി, ലയണൽ ഹാംപ്ടൺ, റെജിസ് ഫിൽബിൻ എന്നിവർക്കൊപ്പം അറ്റ്ലാന്റിക് സിറ്റി, ലാസ് വെഗാസ് എന്നിവിടങ്ങളിൽ അവതരിപ്പിച്ചു.[8] 1970 കളുടെ മധ്യത്തിൽ കച്ചേരികൾക്കായി അദ്ദേഹം കാർനെഗീ ഹാൾ വാടകയ്‌ക്കെടുത്തു.[20]

കെൽമാൻ ബ്രോഡ്‌വേ നാടകവേദിയിൽ കാൻ-കാൻ (1981), ട്രയംഫ് ഓഫ് ലവ് (1997), ദി സൗണ്ട് ഓഫ് മ്യൂസിക് (1998–1999), [21] എന്നിവയുൾപ്പെടെ നിരവധി മ്യൂസിക്കലുകളുടെ സഹ നിർമ്മാതാവായിരുന്നു. ന്യൂയോർക്ക് ഫ്രയർസ് ക്ലബ് അംഗവുമായിരുന്നു അദ്ദേഹം . 1992 ൽ കൊളംബിയ റെക്കോർഡ്സ് പുറത്തിറക്കിയ മൂൺലൈറ്റ് സെറനേഡ് എന്ന ആൽബം അദ്ദേഹം റെക്കോർഡുചെയ്‌തു.[8] ഇറ്റാലിയൻ പര്യവേക്ഷകനായ ക്രിസ്റ്റഫർ കൊളംബസ് ജൂതനാണെന്ന ധാരണയെ അടിസ്ഥാനമാക്കി അദ്ദേഹം എഴുതിയ മ്യൂറാനോ എന്ന മ്യൂസിക്കൽ 1992 ൽ കേപ് കോഡിലും പ്രിവ്യൂ ചെയ്തു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ മ്യൂസിക്കൽ, ദി റൈറ്റ് പെയർ ഓഫ് ഷൂസ്, 2004 ൽ ഫ്ലോറിഡയിലെ ബോക രേടോണിലെ കാൾഡ്‌വെൽ തിയേറ്ററിൽ പ്രദർശിപ്പിക്കാനിരിക്കുകയായിരുന്നു.[15]

അവാർഡുകളും ബഹുമതികളും

[തിരുത്തുക]
കെൽമാൻ, പ്രസിഡന്റ് ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷിൽ നിന്ന് നാഷണൽ മെഡൽ ഓഫ് ടെനോളജി പുരകാരം വാങ്ങുന്നു

1970 ൽ അമേരിക്കൻ അക്കാദമി ഓഫ് അച്ചീവ്മെൻറ് കെൽമാന് അവാർഡ് നൽകി.[22] 1982-ൽ വാഷിംഗ്ടൺ ഡി.സിയിൽ 97-ാമത് കോൺഗ്രസിലെ യുഎസ് സെനറ്റിൽ കോൺഗ്രസ് സല്യൂട്ട് സ്വീകരിച്ചു.[23] 1985-ൽ കെൽമാൻ ആദ്യത്തെ അമേരിക്കൻ സൊസൈറ്റി ഓഫ് കാറ്ററാക്റ്റ് ആൻഡ് റിഫ്രാക്റ്റീവ് സർജറി (ASCRS) ഇന്നൊവേറ്റർ പ്രഭാഷണം അവതരിപ്പിച്ചു. 2003-ൽ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം പ്രഭാഷണ പരമ്പരയ്ക്ക് അദ്ദേഹത്തിന്റെ പേര് നൽകി.[3][24] 1989 ൽ എ‌എസ്‌സി‌ആർ‌എസിന്റെ ബിങ്ക്ഹോസ്റ്റ് പ്രഭാഷണം,[25] 1990 ൽ ഇന്റർനാഷണൽ കോൺഗ്രസ് ഓഫ് ഒഫ്താൽമോളജിയിൽ റിഡ്‌ലി മെഡൽ പ്രഭാഷണം,[1] 1991 ൽ വിൽസ് ഐ ഹോസ്പിറ്റലിൽ ആർതർ ജെ. ബെഡൽ മെമ്മോറിയൽ പ്രഭാഷണം എന്നിവ നടത്തി.[15]

1992 ജൂണിൽ പ്രസിഡന്റ് ജോർജ്ജ് എച്ച്ഡബ്ല്യു ബുഷിൽ നിന്ന് കെൽമാന് നാഷണൽ മെഡൽ ഓഫ് ടെക്നോളജി ലഭിച്ചു. അതേ വർഷം, ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിസ്റ്റിംഗ്വിഷ്ഡ് സർവീസ് അവാർഡും ന്യൂയോർക്ക് പേറ്റന്റ്, ട്രേഡ്മാർക്ക്, കോപ്പിറൈറ്റ് ലോ അസോസിയേഷന്റെ ഇൻവെന്റർ ഓഫ് ദി ഇയർ അവാർഡും ലഭിച്ചു. 1994 ജൂലൈയിൽ കാനഡയിലെ മോൺ‌ട്രിയാലിൽ നടന്ന ഇന്റർനാഷണൽ കോൺഗ്രസ് ഓഫ് കാറ്ററാക്റ്റ് ആൻഡ് റിഫ്രാക്റ്റീവ് സർജറി അദ്ദേഹത്തെ നൂറ്റാണ്ടിലെ നേത്രരോഗവിദഗ്ദ്ധനായി അംഗീകരിച്ചു.[15]

1999 ൽ, കെൽ‌മാനെ എ‌എസ്‌സി‌ആർ‌എസ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള പത്ത് നേത്രരോഗവിദഗ്ദ്ധരിൽ ഒരാളായി തിരഞ്ഞെടുക്കുകയും, അദ്ദേഹം സൊസൈറ്റിയുടെ പ്രസിഡന്റാവുകയും ചെയ്തു. അടുത്ത വർഷം, തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയുടെ വിൽസ് ഐ ഹോസ്പിറ്റൽ റെറ്റിന സർവീസിൽ നിന്ന് അദ്ദേഹത്തിന് ഡോക്ടർ ഓഫ് ലെറ്റേഴ്സ് ലഭിച്ചു. ആശുപത്രിയുടെ ഗവേഷണ കേന്ദ്രത്തിന് ചാൾസ് ഡി. കെൽമാൻ ലബോറട്ടറി ആൻഡ് ലൈബ്രറി എന്ന് പേരിട്ടു.[3] 2003 ൽ കെൽ‌മാന് അമേരിക്കൻ അക്കാഡമി ഓഫ് ഒഫ്താൽമോളജിയിൽ (എ‍എ‍ഒ) നിന്ന് ലോറേറ്റ് റെക്കഗ്നിഷൻ അവാർഡ് ലഭിച്ചു,[1] കൂടാതെ ആനുവൽ എ‍എ‍ഒ ചാൾസ് ഡി. കെൽ‌മാൻ പ്രഭാഷണം 2005 ൽ തുടക്കംകുറിച്ചു.[26] 2004 ഫെബ്രുവരിയിൽ ഒഹായോയിലെ അക്രോണിലുള്ള നാഷണൽ ഇൻവെന്റേഴ്സ് ഹാൾ ഓഫ് ഫെയിമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തി. മരണാനന്തരം അവാർഡ് നൽകാൻ ജൂറി നിയമങ്ങൾ ഒഴിവാക്കി, 2004 ലെ ലാസ്കർ അവാർഡും അദ്ദേഹത്തിന് നൽകി.[9][27]

2010 ജനുവരിയിൽ ന്യൂയോർക്ക് പബ്ലിക് ടെലിവിഷൻ സ്റ്റേഷൻ ഡബ്ല്യുഎൽഡബ്ല്യു ത്രൂ മൈ ഐസ്: ദി ചാർലി കെൽമാൻ സ്റ്റോറി എന്ന പേരിൽ ഒരു ഡോക്യുമെന്ററി സംപ്രേഷണം ചെയ്തു; 1985 ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ആത്മകഥയ്ക്ക് ത്രൂ മൈ ഐസ് എന്ന പേര് നൽകി.[11]

വ്യക്തിജീവിതവും മരണവും

[തിരുത്തുക]

കെൽമാൻ ഒരു ഗോൾഫ് കളിക്കാരനായിരുന്നു [3] പിന്നീട് അവസാന കാലത്ത് ഹെലികോപ്റ്റർ പറത്താനും പഠിച്ചു. അദ്ദേഹത്തിനും ആദ്യ ഭാര്യ ജോവാൻ കെൽമാനും (പിന്നീട് ബെർൺസ്റ്റൈനും) ഡേവിഡ് ജോസഫ് (2003 ൽ അന്തരിച്ചു), ലെസ്ലി, ജെന്നിഫർ എന്നിങ്ങനെ മൂന്ന് മക്കളുണ്ടായിരുന്നു. രണ്ടാമത്തെ ഭാര്യ ആന്നിനൊപ്പം അദ്ദേഹത്തിന് ഇവാൻ, ജെയ്‌സൺ, സേത്ത് എന്നിങ്ങനെ മൂന്ന് ആൺമക്കളുണ്ടായിരുന്നു. 1996-ൽ കെൽമാൻ ബോക റാറ്റണിലേക്ക് താമസം മാറ്റി, അവിടെവെച്ച് 2004 ജൂൺ 1 ന് 74 ആം വയസ്സിൽ ശ്വാസകോശാർബുദം ബാധിച്ച് അദ്ദേഹം അന്തരിച്ചു.[1]

അവലംബം

[തിരുത്തുക]
  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 Pandey, Suresh K; Milverton, E John; Maloof, Anthony J (October 2004). "A tribute to Charles David Kelman MD: ophthalmologist, inventor and pioneer of phacoemulsification surgery". Clinical and Experimental Ophthalmology (in ഇംഗ്ലീഷ്). 32 (5): 529–533. doi:10.1111/j.1442-9071.2004.00887.x. ISSN 1442-6404. PMID 15498067.
  2. 2.0 2.1 Vasumathi, R. (2018). "Remembering Dr. Charles D. Kelman and Development of phacoemulsification". TNOA Journal of Ophthalmic Science and Research (in ഇംഗ്ലീഷ്). 56 (1): 45. doi:10.4103/tjosr.tjosr_36_18. ISSN 2589-4528.{{cite journal}}: CS1 maint: unflagged free DOI (link)
  3. 3.0 3.1 3.2 3.3 3.4 3.5 3.6 3.7 3.8 Obstbaum, Stephen A. (February 1, 2005). "Charles D. Kelman, MD (1930–2004)". Archives of Ophthalmology (in ഇംഗ്ലീഷ്). 123 (2): 287–288. doi:10.1001/archopht.123.2.287. ISSN 0003-9950.
  4. Medow, Norman B. (August 29, 2017). Marmor, Michael F.; Albert, Daniel M. (eds.). Foundations of Ophthalmology: Great Insights that Established the Discipline (in ഇംഗ്ലീഷ്). Springer. ISBN 978-3-319-59641-9.
  5. Young, Matt (February 2010). "Through My Eyes: The Charlie Kelman Story". EyeWorld. Archived from the original on 2020-07-04. Retrieved May 12, 2020.
  6. 6.0 6.1 Packard, Richard (September 2013). "From Music to Medicine". CRSTEurope (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved May 12, 2020.
  7. 7.0 7.1 7.2 7.3 7.4 Packard, Richard (January 30, 2013). "Charles Kelman: Inventor of Phacoemulsification". In Goes, Frank Joseph (ed.). The Eye in History (in ഇംഗ്ലീഷ്). JP Medical Ltd. pp. 409–413. ISBN 978-93-5090-274-5.
  8. 8.0 8.1 8.2 8.3 "Charles Kelman, MD: ophthalmologist, visionary, entertainer". Ocular Surgery News (in ഇംഗ്ലീഷ്). January 15, 2002. Retrieved May 12, 2020.
  9. 9.0 9.1 9.2 9.3 9.4 9.5 Hillman, Liz (April 2017). "Phaco turns 50". EyeWorld. Retrieved May 12, 2020.[പ്രവർത്തിക്കാത്ത കണ്ണി]
  10. Boyd, Benjamin (June 2011). "Cataract Surgery – Part I: Phacoemulsification". Modern Ophthalmology: The Highlights (in ഇംഗ്ലീഷ്). Vol. 3. JP Medical Ltd. p. 72. ISBN 978-9962-678-16-8.
  11. 11.0 11.1 Oransky, Ivan (July 2004). "Charles Kelman". The Lancet (in ഇംഗ്ലീഷ്). 364 (9429): 134. doi:10.1016/S0140-6736(04)16646-4. PMID 15281216.
  12. "Phaco at 50: The Legacy of Charles Kelman". Ophthalmology Management (in ഇംഗ്ലീഷ്). May 5, 2017. Archived from the original on 2021-05-19. Retrieved May 18, 2020.
  13. Werner, Liliana; Izak, Andrea M.; Isaacs, Robert T.; Pandey, Suresh K.; Apple, David J. (2009). "Evolution of Intraocular Lens Implantation". In Yanoff, Myron; Duker, Jay S. (eds.). Ophthalmology (in ഇംഗ്ലീഷ്). Elsevier Health Sciences. p. 399. ISBN 978-0-323-04332-8.
  14. Boyle, Erin L. (June 1, 2007). "Foldable IOLs ushered in new cataract and refractive paradigm". Ocular Surgery News (in ഇംഗ്ലീഷ്). Retrieved May 18, 2020.
  15. 15.0 15.1 15.2 15.3 Choyce, D.P. (1998). "Foreword". In Kwitko, Marvin L.; Kelman, Charles D. (eds.). The History of Modern Cataract Surgery (in ഇംഗ്ലീഷ്). Kugler Publications. pp. vii–viii. ISBN 978-90-6299-154-9.
  16. Kelman, Charles D. (1982). Cataracts: What You Must Know about Them (in ഇംഗ്ലീഷ്). Crown Publishers. ISBN 978-0-517-54850-9.
  17. Boyd, Kierstan (August 28, 2019). Turbert, David (ed.). "Traditional Cataract Surgery vs. Laser-Assisted Cataract Surgery". American Academy of Ophthalmology (in ഇംഗ്ലീഷ്). Retrieved May 18, 2020.
  18. Micieli, Jonathan A.; Arshinoff, Steve A. (October 4, 2011). "Cataract surgery". Canadian Medical Association Journal. 183 (14): 1621. doi:10.1503/cmaj.110549. ISSN 0820-3946. PMC 3185079. PMID 21825045.
  19. Helzner, Jerry (November 1, 2009). "At Press Time: PBS to Salute Dr. Charles Kelman". Ophthalmology Management (in ഇംഗ്ലീഷ്). Archived from the original on 2021-05-19. Retrieved May 18, 2020.
  20. "A Famed Eye Surgeon Tootles His Sax and Carnegie Hall Listens". People (in അമേരിക്കൻ ഇംഗ്ലീഷ്). March 3, 1975. Retrieved May 18, 2020.
  21. "Charles D. Kelman – Broadway Cast & Staff". Internet Broadway Database. Retrieved May 18, 2020.
  22. "NIHF Inductee Charles Kelman Invented Cataract Surgery". Invent.org (in ഇംഗ്ലീഷ്). National Inventors Hall of Fame. Retrieved May 18, 2020.
  23. D'Amato, Al (November 30, 1982). "A Congressional Salute to Dr. Charles Kelman". Congressional Record. Proceedings and Debates of the 97th Congress, Second Session. 128 (137).
  24. "ASCRS Charles Kelman Lecture". ASCRS.org (in അമേരിക്കൻ ഇംഗ്ലീഷ്). American Society of Cataract and Refractive Surgery. Retrieved May 18, 2020.
  25. "ASCRS Binkhorst Lecture". ASCRS.org (in അമേരിക്കൻ ഇംഗ്ലീഷ്). American Society of Cataract and Refractive Surgery. Retrieved May 18, 2020.
  26. "Named Lectures Archives: Charles D. Kelman Lecture". AAO.org. American Academy of Ophthalmology. Retrieved May 18, 2020.
  27. "Phacoemulsification for outpatient cataract surgery". The Lasker Foundation (in ഇംഗ്ലീഷ്). 2004. Retrieved May 18, 2020.
"https://ml.wikipedia.org/w/index.php?title=ചാൾസ്_കെൽമാൻ&oldid=4079064" എന്ന താളിൽനിന്ന് ശേഖരിച്ചത്