സെല്ലോഫെയ്ൻ
ഈർപ്പം തട്ടാതെ സാധനങ്ങൾ പൊതിയാൻ ഉപയോഗിക്കുന്ന സുതാര്യമായ ഒരുതരം പേപ്പറാണ് സെല്ലോഫെയ്ൻ. വായുവിൽ നിന്നും ഈർപ്പത്തിൽ നിന്നും സംരക്ഷണം വേണ്ട ഭക്ഷണവസ്തുക്കൾ, മധുരപലഹാരങ്ങൾ, സിഗരറ്റ് തുടങ്ങിയവ സെല്ലോഫെയ്ൻ ഉപയോഗിച്ചാണ് പൊതിയുന്നത്. സ്വിറ്റ്സർലന്റിലെ രസതന്ത്രജ്ഞനായ ജാക്വിസ് എഡ്വിൻ ബ്രാൻഡെൻബെർഗർ ആണ് 1908-ൽ സെല്ലോഫെയ്ൻ കണ്ടുപിടിച്ചത്.1912-ൽ അദ്ദേഹത്തിന് സെല്ലോഫെയ്നിന്റെ പേറ്റന്റ് ലഭിച്ചു. രസതന്ത്രത്തിൽ സെല്ലോഫെയ്ൻ ഗ്ലൂക്കോസിന്റെ പോളിമേഴ്സ് ആയ റയോണും സെല്ലുലോസും ചേർന്നതാണ്. ഇവ രാസപ്രവർത്തനത്തെക്കാളിലും ഘടനയിൽ ഏറ്റവും കൂടുതൽ വ്യത്യാസപ്പെട്ടിരിക്കുന്നു.
ചരിത്രം
[തിരുത്തുക]1900- ൽ [1] ജാക്വിസ് എഡ്വിൻ ബ്രാൻഡെൻബെർഗർ വൈൻ കടയിൽ ഇരിക്കുമ്പോൾ ഒരാളുടെ കയ്യിൽ നിന്ന് വൈൻ തുളുമ്പി മേശവിരിപ്പിനുമേൽ വൈൻ പടർന്നത് അദ്ദേഹം ശ്രദ്ധിച്ചു. വെയ്റ്റർ വന്ന് മേശവിരിപ്പ് മാറ്റിയെങ്കിലും ആ തുണിയിൽ ചുറ്റിയിരിക്കുന്ന വൈനിന്റെ കറയെ കുറിച്ചായിരുന്നു ബ്രാൻഡെൻബെർഗറുടെ ചിന്ത. കറമാറ്റാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ എന്ന് അദ്ദേഹം അന്വേഷിക്കാൻ തുടങ്ങി. തുടർന്ന് ഈ ദിശയിൽ അദ്ദേഹം ഒട്ടേറെ പരീക്ഷണങ്ങൾ നടത്തി. ഒരിക്കൽ സസ്യങ്ങളുടെ സെല്ലുലോസിൽ നിന്നെടുത്ത 'വിസ്കോസ്' എന്ന പദാർത്ഥം അദ്ദേഹം തുണിയിൽ പുരട്ടി. വിസ്കോസ് ഒട്ടിപ്പിടിച്ചതോടെ തുണിയുടെ കട്ടി കൂടി തന്റെ പരീക്ഷണം പരാജയപ്പെട്ടെന്ന് അദ്ദേഹം ഉറപ്പിച്ച സമയത്താണ് തുണിയിൽ പുരട്ടിയ വിസ്കോസ് സുതാര്യമായൊരു ഫിലിം രൂപത്തിലായി മാറിയ കാര്യം അദ്ദേഹം ശ്രദ്ധിച്ചത്. തുണിയിലെ കറ ഇല്ലാതാക്കാൻ വേണ്ടി പരീക്ഷണം തുടങ്ങിയ ബ്രാൻഡെൻബെർഗർ യാദൃച്ഛികമായി 1908-ൽ സെല്ലോഫെയ്ൻ കണ്ടുപിടിച്ചു.
തുടർന്നുള്ള പരീക്ഷണങ്ങളിൽ സുതാര്യമായൊരു ഫിലിം രൂപത്തിലായി മാറിയ വിസ്കോസിൽ ഗ്ലിസറിൻ ചേർത്ത് ആ പദാർത്ഥത്തെ വീണ്ടും സുതാര്യമാക്കി.1912-ൽ സുതാര്യമായ ഈ ഫിലിം നിർമ്മിക്കാൻ അദ്ദേഹം ഒരു യന്ത്രം വികസിപ്പിച്ചെടുത്തു. ആ വർഷം തന്നെ സെല്ലോഫെയ്നിന്റെ പേറ്റന്റും ലഭിക്കുകയുണ്ടായി.[2] കോംറ്റോയർ ഡെസ് ടെക്സ്റ്റൈൽസ് ആർട്ടിക്കിൾസ് (Comptoir des Textiles Artificiels (CTA)) എന്ന കമ്പനി ഈ സുതാര്യ ഫിലിമിൽ താല്പര്യം പ്രകടിപ്പിക്കുകയും ബ്രാൻഡെൻബെർഗറുടെ ലാ സെല്ലോഫേയ്ൻ എസ്.എ (La Cellophane SA) എന്ന കമ്പനി നിലവിൽ വരുകയും ചെയ്തു.[3]
അവലംബം
[തിരുത്തുക]- ↑ Carraher, Charles E. (Jr.) (2014). Carraher's Polymer Chemistry: Ninth Edition. Boca Raton Fl.: CRC Press, Taylor & Francis Group. p. 301. ISBN 978-1-4665-5203-6.
- ↑ Carlisle, Rodney (2004). Scientific American Inventions and Discoveries, p.338. John Wiley & Sons, Inc., New Jersey. ISBN 0-471-24410-4.
- ↑ Hounshell, David A.; John Kenly Smith (1988). Science and Corporate Strategy: Du Pont R&D, 1902–1980. Cambridge University Press. p. 170. ISBN 0-521-32767-9.