ഫേക്കോഇമൾസിഫിക്കേഷൻ
ഫേക്കോഇമൾസിഫിക്കേഷൻ | |
---|---|
ICD-9-CM | 13.41 |
MeSH | D018918 |
ഒരു അൾട്രാസോണിക് ഹാൻഡ്‌പീസ് ഉപയോഗിച്ച് കണ്ണിന്റെ ലെൻസ് എമൽസിഫൈ ചെയ്ത് (കുഴമ്പ് രൂപത്തിൽ ആക്കി) കണ്ണിൽ നിന്ന് പുറത്തെടുക്കുന്ന ഒരു ആധുനിക തിമിര ശസ്ത്രക്രിയ രീതിയാണ് ഫേക്കോഇമൾസിഫിക്കേഷൻ എന്ന് അറിയപ്പെടുന്നത്.
തയ്യാറാക്കലും മുൻകരുതലുകളും
[തിരുത്തുക]ഒക്യുലാർ ശസ്ത്രക്രിയയ്ക്ക് ശരിയായ അനസ്തീസിയ ആവശ്യമാണ്. സാധാരണയായി ടെട്രാകൈൻ അല്ലെങ്കിൽ ലിഡോകൈൻ പോലുള്ള ലോക്കൽ അനസ്തെറ്റിക് ഉപയോഗിച്ചാണ് ടോപ്പിക്കൽ അനസ്തേഷ്യ നൽകുന്നത്. ഇതിന് പകരം, ലിഡോകൈൻ കൂടാതെ/അല്ലെങ്കിൽ ദീർഘനേരം പ്രവർത്തിക്കുന്ന ബുപിവാകൈൻ അനസ്തെസ്റ്റിക്ക് നേത്രഗോളത്തിന് ചുറ്റുമുള്ള സ്ഥലത്തേക്ക് (പെരിബൾബാർ ബ്ലോക്ക്) അല്ലെങ്കിൽ പിന്നിൽ (റിട്രോബൾബാർ ബ്ലോക്ക്) ആയി കുത്തിവയ്ക്കാം. ലിഡോകൈനും ബുപിവാകൈനും ഉപയോഗിച്ചുള്ള ഫേഷ്യൽ നെർവ് ബ്ലോക്ക് കൺപോളകളുടെ ഞെരുക്കം കുറയ്ക്കും. കുട്ടികൾക്കും, കണ്ണിന് പരിക്കേറ്റവർക്കും, വളരെ ഭയപ്പെടുന്ന അല്ലെങ്കിൽ സഹകരിക്കാത്ത രോഗികൾക്കും ജനറൽ അനസ്തേഷ്യ ആണ് ശുപാർശ ചെയ്യുന്ന ക്. ലോക്കൽ അനസ്തേഷ്യയിൽ കാർഡിയോവാസ്കുലർ മോണിറ്ററിംഗ് നല്ലതാണ് എന്നാൽ നിർബന്ധമല്ല, അതേസമയം ജനറൽ അനസ്തേഷ്യയിൽ ഇത് നിർബന്ധമാണ്. പോവിഡോൺ-അയഡിൻ പോലുള്ള ആന്റിസെപ്റ്റിക് മരുന്നുകൾ ഉപയോഗിച്ച് ശസ്ത്രക്രിയയ്ക് മുൻപുള്ള അണുവിമുക്തമാക്കൽ മുൻകരുതലുകൾ എടുക്കുന്നു. അണുവിമുക്തമായ ഡ്രെപ്പുകൾ, വസ്ത്രങ്ങൾ, കയ്യുറകൾ എന്നിവ ശസ്ത്രക്രിയയിൽ ഉപയോഗിക്കുന്നു. കൺപോളകൾ തുറന്ന് തന്നെ വെക്കുവാൻ ഒരു ഐ സ്പെക്കുലം ഉപയോഗിക്കുന്നു.
ശസ്ത്രക്രിയാ രീതി
[തിരുത്തുക]ഫാക്കോഇമൾസിഫിക്കേഷൻ നടത്തുന്നതിന് മുമ്പ്, ഒന്നോ അതിലധികമോ ചെറിയ മുറിവുകൾ കണ്ണിൽ ഉണ്ടാക്കി ശസ്ത്രക്രിയാ ഉപകരണങ്ങൾ കണ്ണിലേക്ക് കടത്തുന്നു. അതിന് ശേഷം കണ്ണിനുള്ളിലെ ലെൻസ് കാപ്സ്യൂളിന്റെ മുൻഭാഗം ശസ്ത്രക്രിയാ വിദഗ്ധൻ നീക്കംചെയ്യുന്നു. മൈക്രോപ്രൊസസ്സർ നിയന്ത്രിത ഫ്ലൂയിഡ് ഡൈനാമിക്സ് ഉള്ള ഒരു യന്ത്രത്തിന്റെ ഉപയോഗം ഫാക്കോമൽസിഫിക്കേഷൻ ശസ്ത്രക്രിയയിൽ ഉൾപ്പെടുന്നു. ഇവ പെരിസ്റ്റാൽറ്റിക് അല്ലെങ്കിൽ വെന്റൂറി പമ്പിനെ അടിസ്ഥാനമാക്കിയുള്ളതാകാം.
ടൈറ്റാനിയം അല്ലെങ്കിൽ സ്റ്റീൽ സൂചിയുള്ള അൾട്രാസോണിക് ഹാൻഡ് പീസ് ആണ് ഫേക്കോ പ്രോബ്. സൂചി അഗ്രം അൾട്രാസോണിക് ഫ്രീക്വൻസിയിൽ വൈബ്രേറ്റ് ചെയ്ത് തിമിരം ബാധിച്ച ലെൻസ് പൊടിച്ച് കുഴമ്പ് രൂപത്തിലാക്കുന്നു. പമ്പിലൂടെ ഇത് പുറത്തേക്ക് വലിച്ചെടുക്കും. ചില ടെക്നിക്കുകളിൽ, ന്യൂക്ലിയസിനെ ചെറിയ കഷണങ്ങളായി മുറിക്കാൻ "ചോപ്പർ" എന്ന രണ്ടാമത്തെ ഉപകരണം ഉപയോഗിക്കുന്നു. തിമിരം സാധാരണയായി രണ്ടോ നാലോ കഷണങ്ങളായി വിഭജിക്കപ്പെടുകയും ഓരോ കഷണവും എമൽസിഫൈ ചെയ്ത് പുറത്തെടുക്കുകയും ചെയ്യുന്നു. ന്യൂക്ലിയസ് എമൽസിഫിക്കേഷൻ, കണങ്ങളെ ആസ്പിറേറ്റ് ചെയ്യുന്നത് എളുപ്പമാക്കുന്നു. തിമിര ലെൻസിന്റെ കട്ടിയുള്ള ഭാഗം ഫാക്കോ എമൽസിഫിക്കേഷനിലൂടെ നീക്കം ചെയ്ത ശേഷം, മൃദുവായ ഔട്ടർ ലെൻസ് കോർട്ടെക്സ് സക്ഷൻ ഉപയോഗിച്ച് മാത്രം നീക്കംചെയ്യുന്നു.
ശേഷിക്കുന്ന പെരിഫറൽ കോർട്ടിക്കൽ ദ്രവ്യത്തെ പുറംതള്ളാൻ ഒരു ഇറിഗേഷൻ-ആസ്പിറേഷൻ പ്രോബ് അല്ലെങ്കിൽ ഒരു ബൈമാനുവൽ സിസ്റ്റം ഉപയോഗിക്കുന്നു. പിൻവശത്തെ ലെൻസ് കാപ്സ്യൂൾ നീക്കം ചെയ്യാതെ, അവിടെ ഒരു ഇൻട്രാഒക്യുലർ ലെൻസ് (IOL) സ്ഥാപിക്കുന്നു. പോളി മീഥൈൽ മീഥാക്രിലേറ്റ് (പിഎംഎംഎ) ഇൻട്രാഒകുലർ ലെൻസ് സ്ഥാപിക്കുന്നതിന്, മുറിവ് വലുതാക്കേണ്ടതുണ്ട്. അതേസമയം, മടക്കാവുന്ന ഐഒഎൽ സ്ഥാപിക്കുന്നതിന് മുറിവ് വലുതാക്കേണ്ടതില്ല. പോളി സൈലോക്സേൻ അല്ലെങ്കിൽ അക്രിലിക് ഉപയോഗിച്ച് നിർമ്മിച്ച മടക്കാവുന്ന ഐഒഎൽ ആണ് സാധാരണയായി തുന്നലുകൾ ആവശ്യമില്ലാത്ത ഫേക്കോ തിമിര ശസ്ത്രക്രിയയിൽ ഉപയോഗിക്കുന്നത്.
ചരിത്രം
[തിരുത്തുക]ചാൾസ് കെൽമാനും ആന്റൺ ബാങ്കോയും 1967-ൽ ഫാക്കോമൽസിഫിക്കേഷൻ അവതരിപ്പിച്ചു.[1] തന്റെ ദന്തരോഗവിദഗ്ദ്ധന്റെ അൾട്രാസോണിക് പ്രോബിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അൾട്രാസോണിക് വൈബ്രേഷനുകൾ തിമിര ശസ്ത്രക്രിയയിൽ ഉപയോഗിക്കാൻ കെൽമാന് ആഗ്രഹമുണ്ടായിരുന്നു, ആദ്യത്തെ ഫാക്കോമൽസിഫയർ രൂപകൽപ്പന ചെയ്ത ബാങ്കോ ഇതുമായി സഹകരിച്ചു.
സമീപകാല മുന്നേറ്റങ്ങൾ
[തിരുത്തുക]അൾട്രാസോണിക് പ്രോബും, ഇറിഗേഷൻ-ആസ്പിരേഷൻ സ്ലീവും ഒരു ഡിസ്പോസിബിൾ ഹാൻഡ്‌പീസായി സംയോജിപ്പിക്കുന്നത് ഫാക്കോഇമൾസിഫിക്കേഷൻ സാങ്കേതികവിദ്യയിലെ സമീപകാല മുന്നേറ്റങ്ങളിൽ ഉൾപ്പെടുന്നു. ഈ രൂപകൽപ്പന, ഉൽപാദനച്ചെലവ് കുറയ്ക്കുകയും അണുബാധയുടെ സാധ്യത ഇല്ലാതാക്കുകയും മികച്ച ശസ്ത്രക്രിയാ ഫലങ്ങൾ നൽകുകയും ചെയ്യുന്നു.[2] [3]