മുസിരി സുബ്രഹ്മണ്യ അയ്യർ
കർണ്ണാടകസംഗീതഞ്ജനായിരുന്ന മുസിരി സുബ്രഹ്മണ്യ അയ്യർ (ഏപ്രിൽ 9, 1899 - മാർച്ച് 25, 1975) 1920 മുതൽ 1940 വരെ വേദികളിൽ സജീവമായിരുന്നു. അദ്ധ്യാപകനായും, ഗായകനായും ഈരംഗത്ത് സംഭാവനകൾ നല്കിയിട്ടുണ്ട്. രാഗാലാപനത്തിലെ വേറിട്ട് നിൽക്കുന്ന ഭാവാത്മകത മുസിരിയുടെ പ്രത്യേകതയാണ്.
ജീവിതരേഖ[തിരുത്തുക]
സംസ്കൃത പണ്ഡിതനായിരുന്ന ശങ്കരശാസ്ത്രിയുടെ പുത്രനായി തിരുച്ചിയിലെ ബൊമ്മാലപാളയത്ത് ജനിച്ചു. മുസിരി ബാലനായിരിയ്ക്കുമ്പോൾ തന്നെ മാതാവ് സീതാലക്ഷ്മി മരണമടഞ്ഞിരുന്നു. അക്കാലത്തെ പ്രമുഖ ഗായകനും നടനുമായിരുന്ന എസ്.ജി.കിട്ടപ്പയുടെ ആലാപനത്തിൽ ആകൃഷ്ടനായ മുസിരി സംഗീതഞ്ജനാകുന്നതിനു തീരുമാനിയ്ക്കുകയായിരുന്നു. ഉയർന്ന സ്ഥായിയിൽ സ്വരസഞ്ചാരം നടത്തുവാനുള്ള കഴിവ് കിട്ടപ്പയെപ്പോലെ മുസിരിയും സ്വായത്തമാക്കിയിരുന്നു. എസ്. നാരായണസ്വാമിയും വയലിനിസ്റ്റായിരുന്ന കരുർ ചിന്നസ്വാമി അയ്യരുമായിരുന്നു ആദ്യകാലത്തെ ഗുരുക്കന്മാർ. തുടർന്നു ടി.എസ്. സഭേശയ്യരുടെ കീഴിൽ 9 വർഷം സംഗീതപഠനം അഭ്യസിച്ച് നിരവൽ ചെയ്യുന്നതിൽ അതീവ വൈദഗ്ദ്ധ്യം നേടി.കുറഞ്ഞ കാലയളവിൽ തന്നെ മുസിരിയ്ക്ക് കർണ്ണാടകസംഗീത രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ കഴിഞ്ഞു.
ബഹുമതികൾ[തിരുത്തുക]
ഒട്ടേറെ ബഹുമതികളാണ് മുസിരിയെ ജീവിതകാലത്തു തേടിവന്നത്. പദ്മഭൂഷൺ (1971), സംഗീതകലാനിധി, 1963 ൽ പേരറിഞ്ജർ, 1966 ൽ സംഗീത കലാ ശിഖാമണി, സംഗീത നാടക അക്കാദമിയുടെ വിശിഷ്ടാംഗത്വം (1967) തുടങ്ങിയ പുരസ്ക്കാരങ്ങൾ മുസിരിയ്ക്കു ലഭിയ്ക്കുകയുണ്ടായി.[1]