ഹോളി
വസന്തകാലത്തെ എതിരേൽക്കാൻ ഹിന്ദുക്കൾ ആഘോഷിക്കുന്ന ഉത്സവമാണ് ഹോളി. നിറങ്ങളുടെ ഉത്സവം എന്നും വസന്തോത്സവം എന്നും ഹോളിയെ വിശേഷിപ്പിക്കാം.
ഉത്തരേന്ത്യയിലാണ് പ്രധാനമായും ഹോളി ആഘോഷിച്ചുവരുന്നത്. ദക്ഷിണേന്ത്യയിലും ഇപ്പോൾ ഹോളി ആഘോഷിക്കുന്നുണ്ട്. ഗുജറാത്തികളും മാർവാടികളും പഞ്ചാബികളുമാണ് ഹോളി ആഘോഷത്തിനു മുൻപന്തിയിൽ നിൽക്കുന്നവരെങ്കിലും മുംബൈ, ദില്ലി പോലുള്ള നഗരങ്ങളിൽ ഹോളി ആഘോഷിക്കാത്തവർ തന്നെ ചുരുക്കമാണെന്നു പറയാം. ജാതി മതഭേദമന്യേ ജനങ്ങൾ ഹോളി ആഘോഷങ്ങളിൽ പങ്കുചേരുന്നു. പരസ്പരം നിറം പുരട്ടുമ്പോൾ ശത്രുത അകലുമെന്നതാണ് വിശ്വാസം.
ഫെബ്രുവരിയുടെ അവസാനമോ മാർച്ചിന്റെ ആദ്യമോ ആണ് ഹോളി വരുന്നത്. ഹിന്ദു കലണ്ടർ അനുസരിച്ച് ഫാൽഗുനമാസത്തിലെ പൗർണമിയാണ് ഹോളി. പൂർണചന്ദ്രൻ ഉദിക്കുന്ന രാത്രിയിൽ ഹോളി ആഘോഷം തുടങ്ങുന്നു. പിറ്റേന്നാണ് യഥാർഥ ഹോളി ദിവസം.
ഇന്ത്യയുടെ പല ഭാഗത്തും പല ആചാരങ്ങളാണ് ഹോളിയുമായി ബന്ധപ്പെട്ടുള്ളത്. ഹോളി പണ്ട് കർഷകരുടെ ആഘോഷമായിരുന്നു. സമൃദ്ധമായ വിളവ് ലഭിക്കാനും മണ്ണിനെ ഫലഭൂയിഷ്ഠമാക്കാനുമായി തുടങ്ങിയ ആഘോഷം. എന്നാൽ പിന്നീട് അതു പൂർണമായും ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായി മാറി.
ഐതിഹ്യങ്ങൾ
[തിരുത്തുക]ഹിന്ദു പുരാണത്തിലുള്ള പ്രഹ്ലാദന്റെ കഥയാണ് പ്രധാനമായും ഹോളിയുടെ അടിസ്ഥാനം. വേറെയുമുണ്ട് കഥകൾ. കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം, കാമദേവന്റെ ജീവത്യാഗത്തിന്റെ കഥ എന്നിങ്ങനെ. ഹോളിയുടെ വിവിധ ആഘോഷങ്ങളുമായി ഒരോ കഥയ്ക്കും ബന്ധമുണ്ടുതാനും.
എങ്കിലും കൂടുതൽ പേരും ഹോളിയുടെ കഥ പ്രഹ്ലാദനുമായി ബന്ധപ്പെട്ടുള്ളതാണെന്നു വിശ്വസിക്കുന്നു. പ്രഹ്ലാദന്റെ പിതാവ് ഹിരണ്യകശ്യപുവിന്റെ സഹോദരിയാണു ഹോളിഗയിൽ നിന്നാണ് ഹോളി എന്ന പേരു തന്നെ കിട്ടിയതത്രേ.
ഹോളിഗയുടെ കഥ
[തിരുത്തുക]പ്രഹ്ലാദന്റെ പിതാവ് ഹിരണ്യകശ്യപുവിന്റെ സഹോദരിയായിരുന്നു ഹോളിഗ. ബ്രഹ്മാവിൽ നിന്നും ലഭിച്ച വരത്തിന്റെ ബലത്താൽ മൂന്നു ലോകങ്ങളും കീഴടക്കിയ ഹിരണ്യകശ്യപു അഹങ്കാരം കൊണ്ടു നിറഞ്ഞു ഭഗവാൻ മഹാവിഷ്ണുവിനെ വരെ തനിക്കു കീഴടക്കാനാകുമെന്നു വിശ്വസിച്ചു. ആരും വിഷ്ണുവിനെ ആരാധിക്കരുതെന്നും സകലരും തന്നെ ആരാധിക്കണമെന്നും ഹിരണ്യകശ്യപു ഉത്തരവിട്ടു. എന്നാൽ തന്റെ അഞ്ചുവയസുകാരനായ മകൻ പ്രഹ്ലാദനെ മാത്രം അയാൾക്കു ഭയപ്പെടുത്താനായില്ല. തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു പ്രഹ്ലാദൻ. വിഷ്ണുവിന്റെ ഉത്തമഭക്‌തൻ. അച്ഛന്റെ ആജ്ഞയെ ധിക്കരിച്ചു പ്രഹ്ലാദൻ വിഷ്ണുവിനെ ആരാധിച്ചുകൊണ്ടിരുന്നു. തുടർന്നു പ്രഹ്ലാദനെ വധിക്കാൻ ഹിരണ്യകശ്യപു ഉത്തരവിട്ടു. എന്നാൽ വിഷ്ണുവിന്റെ ശക്‌തിയാൽ ആർക്കും അവനെ ഒന്നും ചെയ്യാനായില്ല.
ഒടുവിൽ, ഹിരണ്യകശ്യപു തന്റെ സഹോദരി ഹോളിഗയുടെ സഹായം അഭ്യർഥിച്ചു. അഗ്നിദേവൻ സമ്മാനിച്ച വസ്‌ത്രമണിഞ്ഞാൽ അഗ്നിക്കിരയാകില്ലെന്ന വരം ഹോളിഗയ്ക്കു കിട്ടിയിരുന്നു. അവർ പ്രഹ്ലാദനെയും കൈകളിലെടുത്തു അഗ്നിയിലേക്കിറങ്ങി. എന്നാൽ, ധർമ്മത്തിന്റെ രക്ഷയ്ക്കോ സഹജീവികളുടെ രക്ഷയ്ക്കോ വേണ്ടി അഗ്നിയിൽ പ്രവേശിക്കുമ്പോളേ വരത്തിനു ശക്‌തിയുണ്ടാവൂ എന്നവർ മനസ്സിലാക്കിരുന്നില്ല. വിഷ്ണുവിന്റെ അനുഗ്രഹത്താൽ പ്രഹ്ലാദൻ ചെറിയൊരു പൊള്ളൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടു. ഹോളിഗ തീയിൽ വെന്തുമരിക്കുകയും ചെയ്‌തു. ഹിരണ്യകശ്യപുവിനെ പിന്നീട് വിഷ്ണുവിന്റെ അവതാരമായ നരസിംഹം കൊലപ്പെടുത്തി. തിന്മയുടെ മേൽ നന്മ വിജയം നേടിയത് ആഘോഷിക്കാൻ ഹോളിയുമായി ബന്ധപ്പെട്ടു ഹോളിഗയെ കത്തിക്കുന്ന ചടങ്ങുണ്ട്. ഹോളിയുടെ തലേന്നു രാത്രിയാണ് ഈ ചടങ്ങ്. വൈഷ്ണവ ക്ഷേത്രങ്ങളിൽ (വിശേഷിച്ചു നരസിംഹ ക്ഷേത്രങ്ങളിൽ) ഈ ദിവസം വിശേഷമാണ്.
രാധാ-കൃഷ്ണ പ്രണയകാലം
[തിരുത്തുക]കൃഷ്ണനും അമ്പാടി ഗോപസ്‌ത്രീയായ രാധയുമായി ബന്ധപ്പെട്ടാണ് ഹോളിയുടെ മറ്റൊരു കഥ. ബാലനായ കൃഷ്ണൻ തനിക്കു മാത്രം കാർമേഘത്തിന്റെ നിറം എങ്ങനെ ലഭിച്ചുവെന്നു വളർത്തമ്മയായ യശോദയോടു ചോദിച്ചു. രാധയും മറ്റു ഗോപസ്‌ത്രീകളും വെളുത്തു ഇരിക്കുന്നതെന്തു കൊണ്ടാണെന്നായിരുന്നു കൃഷ്ണന് അറിയേണ്ടത്. യശോദ കൃഷ്ണനു ഒരു ഉപായം പറഞ്ഞുകൊടുത്തു. രാധയുടെ ദേഹത്ത് കൃഷ്ണനു ഇഷ്ടമുള്ള നിറങ്ങൾ കലക്കിയൊഴിക്കുക എന്നതായിരുന്നു അത്. കൃഷ്ണൻ അങ്ങനെ ചെയ്‌തു. ഹോളിയിൽ നിറങ്ങൾ വാരിവിതറുന്നത് കൃഷ്ണന്റെ ഈ കഥയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് വിശ്വാസം. ശ്രീ കൃഷ്ണ ക്ഷേത്രങ്ങളിൽ ഹോളി ദിവസം ദർശനം നടത്തുന്നത് പ്രധാനമാണ്.
കാമദേവന്റെ ജീവത്യാഗം
[തിരുത്തുക]പരമശിവനുമായി ബന്ധപ്പെട്ടാണ് ഹോളിയുടെ മറ്റൊരു കഥയുള്ളത്. ബ്രഹ്മാവിന്റെ മകനായിരുന്ന ദക്ഷന്റെ മകളായ സതി ശിവന്റെ ഭാര്യയായിരുന്നു. ഒരിക്കൽ, ദക്ഷൻ തന്റെ കൊട്ടാരത്തിൽ വലിയൊരു യാഗം നടത്തി. എന്നാൽ മകളെയും ഭർത്താവായ ശിവനെയും യാഗത്തെ പറ്റി അറിയിച്ചില്ല. തന്റെ അച്ഛന്റെ കൊട്ടാരത്തിൽ നടക്കുന്ന യാഗത്തെ കുറിച്ചു കേട്ടറിഞ്ഞ് സതി ശിവന്റെ അനുവാദമില്ലാതെ യാഗസ്ഥലത്ത് എത്തി. എന്നാൽ അവിടെ തന്നെയും തന്റെ ഭർത്താവിനെയും അപമാനിക്കുന്നതായി സതിക്കു തോന്നി. പിതാവിന്റെ യാഗസ്ഥലത്ത് അപമാനിതയായതിൽ മനം നൊന്ത് സതി യാഗാഗ്നിയിൽ ചാടി മരിച്ചു. ഇതറിഞ്ഞ ശിവൻ കോപത്താൽ വിറച്ച് വീരഭദ്രനെയും, തന്റെ ഭൂതഗണങ്ങളെയും അയച്ചു ദക്ഷനെ വധിക്കുകയും യാഗവേദി നശിപ്പിക്കുകയും ചെയ്തു.
എന്നിട്ടും കോപം തീരാതെ ശിവൻ കഠിനമായ തപസ് ആരംഭിച്ചു. തപസിന്റെ ശക്‌തിയാൽ ലോകം തന്നെ നശിക്കുമെന്നു മനസ്സിലാക്കിയ ദേവൻമാർ കാമദേവനെ സമീപിച്ചു ശിവന്റെ തപസ് മുടക്കാൻ അപേക്ഷിച്ചു. സതിയുടെ പുനർജന്മമായ പാർവതി ശിവനെ പ്രീതിപ്പെടുത്താനായി അദ്ദേഹത്തെ ശുശ്രൂക്ഷിച്ചു വരികയായിരുന്നു. ശിവന്റെ തപസ് നടക്കുന്ന സ്ഥലത്ത് എത്തി മറഞ്ഞിരുന്ന് കാമദേവൻ കാമാസ്‌ത്രം ശിവന്റെ നേരെ തൊടുത്തു. ക്ഷുഭിതനായ ശിവൻ തന്റെ തൃക്കണ്ണ് തുറന്ന് കാമദേവനെ ഭസ്മമാക്കി. കാമദേവന്റെ പത്നിയായ രതീ ദേവി തന്റെ ഭർത്താവിന്റെ പുനർജന്മത്തിനായി ശ്രീ പാർവതിയോട് പ്രാർഥിച്ചു കൊണ്ടിരുന്നു. പിന്നീട് പാർവതി ദേവിയുടെ അഭ്യർഥനപ്രകാരം തെറ്റുമനസ്സിലാക്കിയ ശിവൻ കാമദേവനു അനശ്വരത്വം നൽകുകയും ചെയ്‌തു. ഇതുമായി ബന്ധപെട്ടു ഹോളിയുടെ നിരവധി ആചാരങ്ങളുണ്ട്. ശിവ ക്ഷേത്രങ്ങളിൽ വിശേഷിച്ചു ശിവപാർവതി ക്ഷേത്രങ്ങളിൽ ഹോളി ദിവസം ദർശനം നടത്തുന്നത് ഐശ്വര്യകരമാണ് എന്നാണ് വിശ്വാസം.
മദനോത്സവം
[തിരുത്തുക]കാലാന്തരത്തിൽ ഈ ആഘോഷം മദനോത്സവരൂപത്തിൽ കൊണ്ടാടാൻ തുടങ്ങി. ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ള ആളുകൾ ഒരുസ്ഥലത്ത് ഒത്തുകൂടി കാമദേവ പൂജ നടത്തുന്നു. പൂജയ്ക്ക് ശേഷം എല്ലാവരും സംഗീതം, നൃത്തം, കളിതമാശകൾ എന്നിവയിലൂടെ പരസ്പരം രസിക്കുന്നു. സ്ത്രീകൾ പുരുഷന്മാരുടെ പുറത്ത് പീച്ചാംകുഴലിലൂടെ നിറം കലക്കിയ വെള്ളം തെറിപ്പിക്കുകയും പുരുഷന്മമർ സ്ത്രീകളുടെ കവിളിൽ പലനിറത്തിൽ ഉള്ള വർണ്ണപൊടികൾ വാരിപ്പൂശുന്നു. നര്ത്തകർ കൃഷ്ണന്റെയും രാധയുടെയും വേഷഭൂഷാദികൾ അണിഞ്ഞു നൃത്തം ചെയ്യുന്നു.
ഹോളി വിഭവങ്ങൾ
[തിരുത്തുക]ഹോളി ആഘോഷക്കാലത്ത് പൊതുവെ ഉണ്ടാക്കാറുള്ള ഒരു പരമ്പരാഗത പലഹാരമാണ് ഗുജിയ. പാനിയമാണ് താൻണ്ടൈ. എല്ലാ വീടുകളിലും വീട്ടമ്മമാർ ഗുജിയയും താൻണ്ടൈയും അത് പോലുള്ള മറ്റ് വിഭവങ്ങളും ഒരുക്കുന്നു.
ഇതര ലിങ്കുകൾ
[തിരുത്തുക]- Holi with Satguru Archived 2007-03-06 at the Wayback Machine.
- Holi ke Rang, Phoolon ke sang Archived 2013-04-23 at the Wayback Machine. - Make your own natural colours
- Legends of Holi Archived 2007-05-23 at the Wayback Machine. - Holi - Festival of colours.
- yogausa.com[പ്രവർത്തിക്കാത്ത കണ്ണി] - Holi Meaning and Story.
- [1] Archived 2007-05-19 at the Wayback Machine. - Holi - Comprehensive Information.
- Holi Festival - Significance from tradition Archived 2012-10-02 at the Wayback Machine. - Holi - kAmadahana festival related information from purANAs.
- ReligionFacts.com: Holi Archived 2006-05-18 at the Wayback Machine. - History, meaning, customs and observances.
- Holi Legends - Learn the history and legends behind this playful east Indian holiday.
- Holi Archived 2006-05-15 at the Wayback Machine. - Know more about Holi, Importance of holi in India
- BBC Holi - BBC article on Holi
- Holi Festival - Know everything about the Festival of Colours celebrated in India
- Flickr - Holi - Flickr photos tagged Holi
- Holi Festival in India
- Phagwah Parade in Richmond Hill Archived 2007-11-09 at the Wayback Machine. - Indo-Caribbean celebration in New York City.
- Holi Hai Archived 2007-09-29 at the Wayback Machine. - Celebration of holi fades if you don't play it with colours and if you don't have thandai *Recipe for 'Thandai' Holi Drink
- Video of Holi as is celebrated in Braj region of India, very colourful, unique, and traditional
- Holi bonfire Live electronic darshan in video, online at DeshGujarat.Com
- "A greener and healthier Holi" article on Worldchanging Archived 2007-03-15 at the Wayback Machine.