Jump to content

സിപ്രിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിശുദ്ധ സിപ്രിയൻ

പൊതുവർഷം മൂന്നാം നൂറ്റാണ്ടിൽ (ജനനം: 200-നടുത്ത്; മരണം 258 സെപ്തംബർ 14) ഉത്തരാഫ്രിക്കയിൽ ജീവിച്ചിരുന്ന ക്രിസ്തീയലേഖകനും മെത്രാനുമായിരുന്നു സിപ്രിയൻ. ലത്തീൻ ക്രിസ്തീയതയുടെ ആദ്യകാലനേതാക്കളിൽ ഒരാളും ലത്തീൻ ഭാഷയിലെ ക്രൈസ്തവസാഹിത്യത്തിന്റെ പ്രാരംഭകനെന്ന നിലയിൽ മറ്റൊരു ഉത്തരാഫ്രിക്കക്കാരനായ തെർത്തുല്യന്റെ പിന്തുടർച്ചക്കാരനും ആയി അദ്ദേഹം കണക്കാക്കപ്പെടുന്നു. റോമൻ ആഫ്രിക്കയിലെ കാർത്തേജ് നഗരത്തിൽ ഒന്നാംകിട അഭിഭാഷകനായിരുന്ന സിപ്രിയൻ ക്രിസ്തുമതത്തിലേക്കു പരിവർത്തിതനായത് മുതിർന്ന പ്രായത്തിലാണ്.[1] തുടർന്ന് പുരോഹിതനായ അദ്ദേഹം താമസിയാതെ കാർത്തേജിലെ മെത്രാൻ പദവിയിലെത്തി.

മെത്രാൻ എന്ന നിലയിൽ അദ്ദേഹം ക്രിസ്തീയസമൂഹത്തിൽ മെത്രാൻ പദവിക്കുള്ള പ്രാധാന്യത്തെ നിർവചിച്ചുറപ്പിക്കുകയും മെത്രാന്മാർക്കിടയിലുള്ള സമത്വത്തിന് ഉന്നൽ കൊടുക്കുകയും ചെയ്തു. ഉത്തരാഫ്രിക്കൻ സഭക്കെതിരെയുള്ള റോമൻ അധികാരത്തിന്റെ മതപീഡനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സിപ്രിയന്റെ വാഴ്ച. പീഡനം ഭയന്ന് വിശ്വാസത്യാഗം നടത്തിയവരുടെ പുനഃപ്രവേശനത്തിനുള്ള വ്യവസ്ഥകൾ അദ്ദേഹം കർക്കശമാക്കി. വലേറിയൻ ചക്രവർത്തിയുടെ കാലത്തെ ക്രിസ്തുമതപീഡനത്തിൽ പൊതുവർഷം 258-ൽ സിപ്രിയൻ രക്തസാക്ഷിയായി. [2]

പരിവർത്തനം

[തിരുത്തുക]

കാർത്തേജിൽ അഭിഭാഷകർക്കിടയിൽ പേരെടുത്തിരുന്ന സിപ്രിയൻ അറിവിന്റേയും വാക്ചാതുരിയുടേയും കുലീനമായ പെരുമാറ്റത്തിന്റെയും പേരിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അദ്ദേഹം ക്രിസ്തുമതം സ്വീകരിച്ചത് മദ്ധ്യവയസ്സിലേക്കു കടന്നതിനു ശേഷമാണ്. ഗണ്യമായ സ്വത്തിന്റെ ഉടമയായിരുന്ന സിപ്രിയൻ ജ്ഞാനസ്നാനത്തെ തുടർന്ന് സ്വത്തെല്ലാം വിറ്റ്, കിട്ടിയ പണം ദരിദ്രർക്കു ദാനം ചെയ്തു. എങ്കിലും സിപ്രിയന്റെ സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ ഉദ്യാനം വിലകൊടുത്തു തിരികെ വാങ്ങി അദ്ദേഹത്തിനു നൽകിയതായി പറയപ്പെടുന്നു. ക്രിസ്തുമതം സ്വീകരിച്ച സിപ്രിയൻ ക്രിസ്തീയലിഖിതങ്ങൾ ഉത്സാഹപൂർവം വായിച്ചു. താമസിയാതെ അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു.

മെത്രാൻപദവിയിൽ

[തിരുത്തുക]

പൊതുവർഷം 248-ൽ കാർത്തേജിലെ മെത്രാൻ മരിച്ചപ്പോൾ ജനഹിതം മാനിച്ച് സിപ്രിയനെ അദ്ദേഹത്തിന്റെ പിൻഗാമിയാക്കി. സാധാരണ വിശ്വാസികളുടെ ഇംഗിതം മാനിച്ചു നടത്തിയ ഈ നിയമനം പക്ഷേ വിവാദമുയർത്തി. പൗരോഹിത്യത്തിൽ ഒരു വിഭാഗത്തിന് ഈ നിയമനത്തോടുണ്ടായിരുന്ന എതിർപ്പ് സിപ്രിയന്റെ വാഴ്ചക്കാലം മുഴുവൻ തുടർന്നു.

പലായനം

[തിരുത്തുക]

സിപ്രിയന്റെ വാഴ്ചയുടെ തുടക്കത്തിൽ തന്നെ ഡെഷ്യസ് ചക്രവർത്തിയുടെ ക്രിസ്തുമതപീഡനം ആഫ്രിക്കൻ ക്രിസ്തീയതയെ വിഷമത്തിലാക്കി. പുരോഹിതന്മാരും മെത്രാന്മാരും ചക്രവർത്തിയെ ദൈവമായി കരുതി ബലിയർപ്പിക്കണം എന്ന ആവശ്യമായിരുന്നു പ്രതിസന്ധി സൃഷ്ടിച്ചത്. ഈ പരീക്ഷണഘട്ടത്തിൽ സിപ്രിയന്റെ അധികാരസീമയിലെ വലിയൊരു ഭാഗം ക്രിസ്ത്യാനികൾ വിശ്വാസം ത്യജിച്ചത് അദ്ദേഹത്തിന് അപമാനമായി.[3] പലരും പലായനം ചെയ്തു. സിപ്രിയൻ തന്നെ രഹസ്യാമായി കാർത്തേജു വിട്ടുപോയി. ഇതിന്റെ പേരിൽ അദ്ദേഹം വിമർശിക്കപ്പെട്ടിട്ടുണ്ട്. അത് ഭീരുത്വവും അവിശ്വസ്തതയുമായി വ്യാഖ്യാനിക്കപ്പെട്ടു. എന്നാൽ സഭയെ നയിക്കാൻ ഉത്തരവാദിത്തപ്പെട്ട താൻ സ്വയം അപായത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കേണ്ടത് സഭയുടെ നന്മയ്ക്ക് ആവശ്യമായിരുന്നു എന്നു വാദിച്ച് സിപ്രിയൻ തന്റെ നടപടിയെ ന്യായീകരിച്ചു. പതിനഞ്ചു മാസത്തിനു ശേഷം, അദ്ദേഹം കാർത്തേജിൽ മടങ്ങിയെത്തിയപ്പോഴും പീഡനം തീർത്തും അവസാനിച്ചിരുന്നില്ല.

വിശ്വാസത്യാഗികൾ

[തിരുത്തുക]

പീഡനകാലത്തെ സംഭവങ്ങൾ കാർത്തേജിലെ സഭയിൽ ചിന്താക്കുഴപ്പവും വിഭജനവും സൃഷ്ടിച്ചിരുന്നു. പീഡനം ഭയന്ന് ക്രിസ്തീയവിശ്വാസം ഉപേക്ഷിച്ചവർ വിശ്വാസിസമൂഹത്തിൽ മടങ്ങിവരാൻ ആഗ്രഹിക്കുമ്പോൾ അവരെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന കാര്യത്തിൽ അഭിപ്രായൈക്യം ഇല്ലാതിരുന്നതാണ് പ്രശ്നമായത്. വിശ്വാസത്യാഗം പൊറുത്ത് കൈവയ്പിലൂടെ അവരെ തിരികെ കൊണ്ടുവരാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന് ചില വിശ്വാസപ്രഘോഷകർ അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ വിഷയത്തിൽ സിപ്രിയൻ സ്വീകരിച്ച നിലപാട് കൂടുതൽ കർക്കശമായിരുന്നു. സഭാസമൂഹത്തിൽ വിശ്വാസത്യാഗികളുടെ പുനഃപ്രവേശം പരസ്യമായ കുറ്റസമ്മതത്തിനു ശേഷമുള്ള പുനർജ്ഞാനസ്നാനത്തിലൂടെ മാത്രമേ അനുവദിക്കാനാകൂ എന്ന് അദ്ദേഹം നിഷ്കർഷിച്ചു.[4] അതിന് അനുവാദം നൽകാൻ മെത്രാനു മാത്രമേ അധികാരമുള്ളു എന്നും സിപ്രിയൻ കരുതി. സ്വയം വിശ്വാസത്യാഗം നടത്തിയ പുരോഹിതന്മാർ നൽകുന്ന ജ്ഞാനസ്നാനത്തിനു സാധുതയില്ലെന്നും സിപ്രിയൻ വദിച്ചു. പീഡനങ്ങൾക്കിടയിൽ വിശ്വാസത്തിൽ പതറാതെ നിന്ന പുരോഹിതന്മാർ നൽകുന്ന ജ്ഞാനസ്നാനത്തിനു മാത്രം അദ്ദേഹം സാധുത കല്പിച്ചു.

സിപ്രിയന്റെ ഈ നിലപാട് അംഗീകരിക്കാൻ റോമിലെ മെത്രാനായിരുന്നു സ്റ്റീഫൻ വിസമ്മതിച്ചത് റോമും അദ്ദേഹവുമായി സംഘർഷത്തിനു കാരണമായി.[3][4] വിശ്വാസത്യാഗികളുടെ പുനഃപ്രവേശം പുനർജ്ഞാനസ്നാനത്തിലൂടെ മാത്രമേ സാധ്യമാവൂ എന്ന സിപ്രിയന്റെ വാദം പിൽക്കാലങ്ങളിൽ ഉത്തരാഫ്രിക്കയിലെ ക്രിസ്തീയ വിഭാഗമായ ഡോണാറ്റിസ്റ്റുകൾ ഉയർത്തിപ്പിടിച്ചിട്ടുണ്ട്. എന്നാൽ വിഖ്യാത ക്രിസ്തീയചിന്തകൻ അഗസ്റ്റിന്റേയും മറ്റും പിന്തുണയോടെ, ക്രിസ്തീയമുഖ്യധാര അതു തള്ളിക്കളഞ്ഞു.[5]

മെത്രാന്റെ അധികാരം

[തിരുത്തുക]

ക്രിസ്തീയസഭയിൽ മെത്രാൻ പദവിയുടെ പ്രാമുഖ്യവും പ്രാധാന്യവും നിർവചിച്ച് ഉറപ്പിക്കുന്നതിൽ സിപ്രിയന്റെ പങ്കു പ്രധാനമാണ്. സഭാസമൂഹത്തിൽ വിശ്വാസത്യാഗികളെ തിരികെയെടുക്കുന്നതു പോലുള്ള കാര്യങ്ങളിൽ മെത്രാനു മാത്രം അധികാരം കല്പിച്ച അദ്ദേഹം, മെത്രാൻ പദവിയുടെ പരമപ്രാധാന്യം ആവർത്തിച്ചു പ്രഖ്യാപിച്ചു. മെത്രാന്റെ നിലയെ സിപ്രിയൻ നിർവചിച്ചത്, റോമൻ അധികാരഘടനയിൽ പ്രവിശ്യാധികാരികളുടെ പദവി മനസ്സിൽ വച്ചാണെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. മെത്രാന്മാരെ സ്വന്തം അധികാരസീമയിൽ പരമാധികാരികളും, അവരെ ധിക്കരിക്കുന്നവരെ വിദ്രോഹികളും ആയി അദ്ദേഹം കരുതി. ഔപചാരിക മതനേതൃത്വത്തെ ധിക്കരിക്കുന്നവരെ വിദ്രോഹികളായി ചിത്രീകരിക്കുന്ന ഈ സമീപനം സഭാധികാരശ്രേണിയുടെ വികസനത്തിൽ നാഴികക്കല്ലായി. സഭയുടെ ഔപചാരികശ്രേണിയുമായി ഭിന്നിച്ചു നിൽക്കുന്നവർ ക്രിസ്ത്യാനികളല്ലെന്നും സഭയെ മാതാവായി കരുതാത്തവർക്ക് ദൈവം പിതാവല്ലെന്നും സിപ്രിയൻ വിധിച്ചു.[3][6]

അതേസമയം, വിശ്വാസത്യാഗികളുടെ വിഷയത്തിൽ റോമിലെ മെത്രാൻ സ്റ്റീഫന്റെ നിലപാട് അംഗീകരിക്കാൻ വിസമ്മതിച്ച സിപ്രിയൻ, മെത്രാന്മാരിൽ ആർക്കെങ്കിലും കൂടുതൽ പ്രാധാന്യമുണ്ടെന്ന് കരുതിയില്ല.

ലത്തീൻ ഭാഷയിലെ ക്രൈസ്തവസാഹിത്യത്തിന്റെ പ്രാരംഭകരിൽ പ്രമുഖനാണ് സിപ്രിയൻ. ആദ്യത്തെ പ്രമുഖ ലത്തീൻ ക്രിസ്തീയലേഖകനായ തെർത്തുല്യന്റെ പിൻഗാമിയായി അദ്ദേഹം കരുതപ്പെടുന്നു. 4 മുതൽ 6 വരെ നൂറ്റാണ്ടുകളിൾ ജെറോം, അംബ്രോസ്, ആഗസ്തീനൊസ്, ഗ്രിഗോരിയോസ് എന്നിവരുടെ രചനകൾ പ്രചരിക്കുന്നതുവരെ പാശ്ചാത്യക്രിസ്തീയതയിൽ ഏറ്റവുമേറെ വായിക്കപ്പെട്ടിരുന്ന ലേഖകർ തെർത്തുല്യനും സിപ്രിയനുമായിരുന്നു. ലത്തീൻ സഭാപിതാക്കന്മാരുടെ രചനകളുടെ സമാഹാരമായ "പട്രോലോജിയ ലത്തീന"-യുടെ മൂന്നും നാലും വാല്യങ്ങളാണ് സിപ്രിയന്റെ രചനകൾ ഉൾക്കൊള്ളുന്നത്. സുഹൃത്തുക്കൾക്കു മുൻപിൽ നടത്തിയ ഒരു പ്രഭാഷണമാണ് അദ്ദേഹത്തിന്റെ ആദ്യത്തെ രചന. "അഡ്-ഡൊണാറ്റം" എന്നറിയപ്പെടുന്ന ആ പ്രഭാഷണത്തിൽ അദ്ദേഹം റോമൻ സർക്കാരിനേയും വിനോദത്തിനു വേണ്ടി സർക്കാർ സംഘടിപ്പിച്ചിരുന്ന മല്ലയുദ്ധപ്രകടനങ്ങളേയും വിമർശിക്കുന്നു. പ്രാർത്ഥനാനിരതമായ ക്രിസ്തീയജീവിതമാണ് ഈ തിന്മകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനുള്ള മാർഗ്ഗം എന്ന് അദ്ദേഹം വാദിച്ചു. സിപ്രിയന്റെ കത്തുകൾ അവയുടെ സ്വീകർത്താക്കളുടെ മറുപടികൾക്കൊപ്പം ഭാഗികമായി ശേഖരിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹം രചിച്ച നിബന്ധങ്ങളിൽ ചിലതൊക്കെ ഇടയലേഖനങ്ങളുടെ സ്വഭാവമുള്ളവയാണ്.

സിപ്രിയന്റെ ഏറ്റവും പ്രധാന രചന "ഡി യൂണിറ്റേ ഇക്ലീസിയേ" (സഭയുടെ ഐക്യം) എന്ന കൃതിയാണ്. "സഭയെ മാതാവായി കണക്കാക്കാത്തവന് ദൈവം പിതാവല്ല; . . . സഭയോടൊപ്പമല്ലാതെ സഞ്ചയിക്കുന്നവൻ ക്രിസ്തുവിന്റെ സഭയെ തൂവിക്കളയുന്നു"; "ഏകസഭയല്ലാതെ വിശ്വാസികൾക്ക് മറ്റൊരു ഭവനമില്ല" എന്നും മറ്റുമുള്ള സിപ്രിയന്റെ പ്രസിദ്ധമായ നിരീക്ഷണങ്ങൾ ഈ കൃതിയിലാണ്.[6]

പൊതുവർഷം 253-ൽ ഡെഷ്യൻ ചക്രവർത്തിയുടെ മതപീഡനം അവസാനിച്ചതോടെ കാർത്തേജിലെ സഭയ്ക്ക് താരതമ്യേനയുള്ള ശാന്തി ലഭിച്ചു. അതേവർഷം ഉണ്ടായ പ്ലേഗ് ബാധ മറ്റൊരു ദുരിതമായപ്പോൾ സിപ്രിയൻ വിശ്വാസികളെ ദുരിതാശ്വാസപ്രവർത്തനത്തിനു പ്രേരിപ്പിച്ചു. ക്രിസ്ത്യാനികൾക്കും അല്ലാത്തവർക്കും ആശ്വാസപ്രവർത്തനങ്ങളുടെ ഫലം ലഭിക്കണമെന്ന് അദ്ദേഹം നിഷ്കർഷിച്ചു. നാലുവർഷത്തിനു ശേഷം വലേരിയൻ ചക്രവർത്തിയുടെ കാലത്ത് ആഫ്രിക്കൻ ക്രിസ്തീയത വീണ്ടും റോമൻ പീഡനത്തിനു വിധേയമായി. അതിൽ പിടികൂടപ്പെട്ട സിപ്രിയനെ ഒരു വലിയ ജനസഞ്ചയത്തിന്റെ സാന്നിദ്ധ്യത്തിൽ തലവെട്ടി കൊന്നു.[2][൧]

നുറുങ്ങുകൾ

[തിരുത്തുക]

റോമാസാമ്രാജ്യത്തിനു നേരിടേണ്ടി വന്ന കെടുതികൾക്ക്, പരമ്പരാഗതദൈവങ്ങളെ ധിക്കരിക്കുന്ന ക്രിസ്തുമതത്തിന്റെ പുത്തൻ ധാർമ്മികതയാണു കാരണം എന്ന വാദം സിപ്രിയന്റെ കാലത്തു സാധാരണമായിരുന്നു. അതിനു മറുപടി പറഞ്ഞ സിപ്രിയൻ, റോമിന്റെ കെടുകാലത്തിന്, ലോകത്തിനു പൊതുവേ വന്നു പെട്ട വാർദ്ധക്യമാണു കാരണം എന്നു വാദിച്ചു:-

കുറിപ്പുകൾ

[തിരുത്തുക]

^ സിപ്രിയനെ കൊല്ലാൻ നിയോഗിക്കപ്പെട്ട ആരാച്ചാർക്ക് മനഃചാഞ്ചല്യം ഉണ്ടായതിനാൽ തല ഉടലിൽ നിന്നു വിടുവിച്ചത് അയാളുടെ മേലുദ്യോഗസ്ഥനായ ശതാധിപൻ (centurion) ആയിരുന്നെന്നു പറയപ്പെടുന്നു.[2]

അവലംബം

[തിരുത്തുക]
  1. കാർത്തേജിലെ വിശുദ്ധ സിപ്രിയൻ, കത്തോലിക്കാ വിജ്ഞാനകോശത്തിലെ ലേഖനം
  2. 2.0 2.1 2.2 സിപ്രിയൻ, ബ്രോക്കാംപ്ടൺ ഡിക്ഷ്ണറി ഓഫ് സെയിന്റ്സ് (പുറങ്ങൾ 58-60)
  3. 3.0 3.1 3.2 ചാൾസ് ഫ്രീമാൻ, ക്ലോസിങ്ങ് ഓഫ് ദ വെസ്റ്റേൺ മൈൻഡ് (പുറങ്ങൾ 139-40)
  4. 4.0 4.1 കേസറിയായിലെ യൂസീബിയസ്, സഭാചരിത്രം, 7:3 (ജി.എ.വില്യംസന്റെ ഇംഗ്ലീഷ് പരിഭാഷ, പുറം 288)
  5. ചാൾസ് ഫ്രീമാൻ, പുറങ്ങൾ 293-94
  6. 6.0 6.1 കത്തോലിക്കാ വിജ്ഞാനകോശം, സഭാപിതാക്കന്മാർ, കാർത്തേജിലെ സിപ്രിയൻ, സഭൈക്യത്തെക്കുറിച്ച്
  7. വിൽ ഡുറാന്റ്, "സീസറും ക്രിസ്തുവും", സംസ്കാരത്തിന്റെ കഥ (മൂന്നാം ഭാഗം: ഉത്തരാഖ്യാനം പുറം 665)
"https://ml.wikipedia.org/w/index.php?title=സിപ്രിയൻ&oldid=2286459" എന്ന താളിൽനിന്ന് ശേഖരിച്ചത്