അലക്സാണ്ട്രിയയിലെ സിറിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cyril of Alexandria എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അലക്സാണ്ട്രിയയിലെ
വിശുദ്ധ സിറിൽ
(മാർ കൂറിലോസ്)
വിശ്വാസസ്തംഭം; മെത്രാൻ, വിശ്വാസപ്രഘോഷകൻ, വേദപാരംഗതൻ
ജനനംപൊതുവർഷം 376-നടുത്ത്
മരണംപൊതുവർഷം 444-നടുത്ത്
വണങ്ങുന്നത്കത്തോലിക്കാ സഭ
പൗരസ്ത്യ ഓർത്തഡോക്സ് സഭ
ഓറിയന്റൽ ഓർത്തഡോക്സ് സഭ
ആംഗ്ലിക്കൻ സഭ
ലൂഥറൻ സഭ
ഓർമ്മത്തിരുന്നാൾ18 ജനുവരി, ജൂൺ 9 (ഓർത്തഡോക്സ് സഭകളിൽ)
ജൂൺ 27 (കോപ്റ്റിക് സഭ, റോമൻ കത്തോലിക്കാ സഭ - പക്ഷേ 1882-1939 കാലത്ത് ഫെബ്രുവരി 9 ലൂഥറൻ സഭ)

അഞ്ചാം നൂറ്റാണ്ടിലെ ഒരു പ്രമുഖ ക്രിസ്തുമതനേതാവും ചിന്തകനും എഴുത്തുകാരനുമായിരുന്നു അലക്സാണ്ട്രിയായിലെ സിറിൽ (376-444). പൊതുവർഷം 412 മുതൽ 444 വരെ അദ്ദേഹം ഈജിപ്തിൽ അലക്സാണ്ട്രിയയിലെ പാത്രിയർക്കീസായിരുന്നു. റോമാസാമ്രാജ്യത്തിനുള്ളിൽ അലക്സാണ്ട്രിയ പ്രാധാന്യത്തിന്റെ ഔന്നത്തിലെത്തി നിൽക്കുമ്പോഴായിരുന്നു സിറിലിന്റെ വാഴ്ച. സഭാപിതാവും വേദപാരംഗതനുമായി (Doctor of the Church)[1] എണ്ണപ്പെടുന്ന സിറിൽ ക്രൈസ്തവലോകത്തു നേടിയ യശസ്സ്, 'വിശ്വാസസ്തംഭം', "പിതാക്കന്മാരുടെ മുദ്ര" എന്നീ വിശേഷണങ്ങൾ പ്രതിഫലിപ്പിക്കുന്നു.

ജീവിതാരംഭം[തിരുത്തുക]

സിറിലിന്റെ ആദ്യകാലജീവിതത്തെക്കുറിച്ച് അധികം വിവരങ്ങൾ ലഭ്യമല്ല. ഈജിപ്തിൽ ആധുനികകാലത്തെ എൽ മഹല്ല-എൽ-കുബ്രായ്ക്കു സമീപമുള്ള തിയോഡോഷിയോസ് എന്ന ചെറുപട്ടണത്തിലാണ് അദ്ദേഹം ജനിച്ചതെന്നു കരുതപ്പെടുന്നു. സിറിൽ ജനിച്ച് അധികം കഴിയുന്നതിനു മുൻപ് അദ്ദേഹത്തിന്റെ മാതൃസഹൊദരൻ തിയോഫിലസ് അലക്സാണ്ട്രിയയിലെ പാത്രിയർക്കീസായി. സഹോദരനോട് സിറിലിന്റെ അമ്മയ്ക്ക് ഏറെ അടുപ്പമുണ്ടായിരുന്നു. അമ്മാവന്റെ ശിക്ഷണത്തിലാണ് സിറിൽ വളർന്നതും. അക്കാലത്തെ ക്രിസ്തീയലേഖകന്മാരായ കേസറിയായിലെ യൂസീബിയസ്, ഒരിജൻ, അന്ധനായ ദിദിമൂസ് തുടങ്ങിയവരുടെ രചനകളുമായ ഗാഢപരിചയം കാട്ടുന്ന സിറിലിന്റെ തന്നെ രചനകൾ അദ്ദേഹത്തിന്റെ വിദ്യാഭ്യാസം ഏതുവിധത്തിലുള്ളതായിരുന്നു എന്നു വ്യക്തമാക്കുന്നു.

അക്കാലത്തു സാദ്ധ്യമായിരുന്നു ഔപചാരികമായ ക്രിസ്തീയവിദ്യാഭ്യാസമാണ് അദ്ദേഹത്തിനു ലഭിച്ചത്: പന്ത്രണ്ടു മുതൽ പതിനാലു വരെ പ്രായത്തിൽ (390-392), വ്യാകരണവും പതിനഞ്ചു മുതൽ ഇരുപതു വരെ വയസ്സുകളിൽ തർക്കശാസ്ത്രവും മാനവീയവിഷയങ്ങളും (393-397) അവസാനമായി ദൈവശാസ്ത്രവും (398-402) അദ്ദേഹം അഭ്യസിച്ചു. സിറിലിന്റെ ശത്രുവായി കരുതപ്പെടുന്ന അലക്സാണ്ട്രിയയിലെ യവനദാർശനിക ഹൈപ്പേഷിയയെപ്പോലെ ഗണിതത്തിനും, തത്ത്വചിന്തയ്ക്കും, ജ്യോതിശാസ്ത്രത്തിനും പ്രാധാന്യം കല്പിച്ച വിദ്യാഭ്യാസമായിരുന്നില്ല അദ്ദേഹത്തിനു ലഭിച്ചത്.

നൈൽ നദീതടത്തിനു പടിഞ്ഞാറുള്ള നൈട്രിയൻ മരുഭൂമിയിൽ കുറേക്കാലം താപസജീവിതം നയിച്ച സിറിൽ ഒടുവിൽ പാത്രിയർക്കീസ് പദവിയിൽ, തിയോഫിലസിന്റെ പിൻഗാമിയായി.[2]

എഫേസോസ് സൂനഹദോസ്[തിരുത്തുക]

4-5 നൂറ്റാണ്ടുകളിൽ ക്രൈസ്തവലോകത്തെ ഇളക്കിമറിച്ച ക്രിസ്തുശാസ്ത്ര സംവാദങ്ങളിലെ മുഖ്യപങ്കാളികളിൽ ഒരാളായിരുന്നു സിറിൽ. യേശുക്രിസ്തുവിൽ ദൈവ, മനുഷ്യ വ്യക്തിത്വങ്ങൾ ഒന്നായിരിക്കുന്നുവെന്നും അതിനാൽ യേശുവിന്റെ അമ്മ മറിയം ദൈവമാതാവ് (തിയോടോക്കോസ്) ആണെന്നും ഉള്ള പക്ഷവും, യേശുവിൽ മനുഷ്യ, ദൈവ സ്വഭാവങ്ങൾ വ്യതിരിക്തമാണെന്നും അതിനാൽ മറിയം 'ക്രിസ്തുമാതാവ്' (ക്രിസ്തോടോക്കോസ്) മാത്രമാണെന്നും ഉള്ള പക്ഷവും തമ്മിലായിരുന്നു തർക്കം. ദൈവ, മനുഷ്യസ്വഭാവങ്ങളുടെ ഒന്നിപ്പിനേയും മറിയത്തിന്റെ ദൈവമാതൃത്വത്തേയും സിറിൽ പിന്തുണച്ചു. ഈ തർക്കത്തിന്റെ തീർപ്പിനായി 431-ൽ ചേർന്ന എഫേസോസിലെ ഒന്നാം സൂനഹദോസിൽ സിറിലിന്റെ പങ്ക് നിർണ്ണായകമായി. സിറിലിന്റെ നിലപാട് അംഗീകരിച്ച സൂനഹദോസ് എതിർപക്ഷത്തിന്റെ മുഖ്യവക്താവായിരുന്ന കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസ് നെസ്തോറിയൂസിനെ സ്ഥാനഭ്രഷ്ടനും സഭാഭ്രഷ്ടനുമാക്കി.[3]

ഇതേ തുടർന്ന്, അന്ത്യോഖ്യായിലെ ജോൺ അഞ്ചാമൻ പാത്രിയർക്കീസിന്റെ നേതൃത്വത്തിൽ എതിർസൂനഹദോസായി സമ്മേളിച്ച സിറിലിന്റെ എതിരാളികൾ ഈ നടപടി റദ്ദാക്കുകയും സിറിലിനെ സഭാഭ്രഷ്ടനായി പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും ഒടുവിൽ ക്രിസ്തീയമുഖ്യധാരയിൽ അംഗീകാരം ലഭിച്ചത് സിറിലിന്റെ നിലപാടിനാണ്. ഈ തർക്കങ്ങൾക്കിടയിൽ സിറിൽ റോമാസാമ്രാട്ട് തിയൊഡോഷ്യസിന്റെ നീരസം സമ്പാദിച്ചെങ്കിലും മരണം വരെ അദ്ദേഹത്തിന് അലക്സാണ്ട്രിയയിലെ പാത്രിയർക്കീസ് പദവിൽ തുടരാനായി.[2]

ദൈവശാസ്ത്രം[തിരുത്തുക]

സിറിലും നെസ്തോറിയസും തമ്മിലുണ്ടായിരുന്ന അകൽച്ചയിലെ പ്രശ്നം മറിയത്തിൽ നിന്നു പിറന്ന സത്തയുടെ യഥാർത്ഥസ്വഭാവത്തെ സംബന്ധിച്ചായിരുന്നു. മനുഷ്യാവതാരം ചെയ്ത ദൈവപുത്രനിൽ ദൈവമനുഷ്യസ്വഭാവങ്ങൾ നിലനിന്നെങ്കിലും അവ അവിഭക്തമായിരുന്നു എന്നു സിറിൽ കരുതി. യേശുവിൽ ദൈവ-മനുഷ്യസ്വഭാവങ്ങൾ അവിഭക്തമായിരിക്കുന്നതിനാൽ യേശുവിന്റെ അമ്മ മറിയത്തെ അദ്ദേഹം ദൈവമാതാവായി കരുതി. നസ്രത്തിലെ തെരുവുകളിലൂടെ രൂപാന്തരീകരിക്കപ്പെട്ട് മനുഷ്യരൂപത്തിൽ നടന്നത് ദൈവം തന്നെ ആയിരുന്നു എന്ന ലളിതമായ ആശയമായിരുന്നു സിറിലിന്റെ ചിന്തയുടെ കാതൽ. "മനുഷ്യനായ ശേശുവിനേയും", "വചനമായ ദൈവത്തേയും" കുറിച്ചുള്ള നെസ്തോറിയസിന്റെ നിലപാടിലെ വിഭക്തി, മനുഷ്യനും ദൈവവും തമ്മിലുള്ള സത്താപരമായ അകലം വർദ്ധിപ്പിക്കുമെന്നും യേശുവിന്റെ വ്യക്തിത്വത്തെ ഇല്ലാതാക്കുമെന്നും സിറിൽ കരുതി.

യേശുക്രിസ്തുവിൽ മാംസരൂപമെടുത്ത ദൈവികസത്ത, മനുഷ്യരാശിയിലേക്ക് ഒഴുകിയെത്തി മനുഷ്യസ്വഭാവത്തെ കൃപയും ദൈവികതയും ചേർത്തു വിശുദ്ധാവസ്ഥയിൽ പുനർനിർമ്മിക്കുന്നതായും വിശ്വാസികൾക്ക് അത് അമർത്ത്യതയുടേയും രൂപാന്തരീകരണത്തിന്റേയും വാഗ്ദാനം സംവഹിക്കുന്നതായും സിറിൽ കരുതി. വിശ്വാസികൾക്ക് അനുകരിക്കാനുള്ള ഒരു ധാർമ്മിക, സാന്മാർഗ്ഗിക മാതൃകയായാണ് നെസ്തോറിയസ് യേശുവിലൂടെയുള്ള ദൈവത്തിന്റെ മനുഷ്യാവതാരത്തെ കണ്ടത്.

വിമർശനം[തിരുത്തുക]

സങ്കുചിതമനഃസ്ഥിതിയുടേയും അസഹിഷ്ണുതയുടേയും പേരിൽ സിറിൽ നിശിതമായി വിമർശിക്കപ്പെട്ടിട്ടുണ്ട്. വ്യക്തിപരമായ ബോദ്ധ്യങ്ങൾക്കൊപ്പം അധികാരമോഹവും അദ്ദേഹത്തിന്റെ നിലപാടുകളെ നിർണ്ണയിച്ചതായും[3] എഫേസോസ് സൂനഹദോസിൽ സ്വപക്ഷം അംഗീകരിച്ചു കിട്ടാൻ പേശീബലവും കൈക്കൂലിയും ഉപയോഗിച്ചതായും ആരോപിക്കപ്പെടുന്നു.[4] അലക്സാണ്ട്രിയയിൽ നോവേഷ്യന്മാരുടെ പള്ളികൾ അടച്ചുപൂട്ടിയതിലും യഹൂദരെ ആ നഗരത്തിൽ നിന്നു പുറത്താക്കിയതിലും,[2] വിഖ്യാത യവനചിന്തക ഹൈപ്പേഷ്യയുടെ അരുംകൊലയിലും[5][6][7] സിറിലിനെ കുറ്റക്കാരനായി കാണുന്നവരുണ്ട്. ഇക്കാര്യങ്ങളിൽ അദ്ദേഹത്തിന്റെ പങ്കിന്റെ കാര്യത്തിൽ ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായൈക്യമില്ല.[1] റോമാസാമ്രാട്ട് തിയൊഡോഷ്യൻ രണ്ടാമൻ അദ്ദേഹത്തെ "അഹങ്കാരിയായ ഫറവോൻ" എന്നും, എഫേസോസ് സൂനഹദോസിലെ നെസ്തോറിയസ് പക്ഷക്കാരായ സഭാനേതാക്കൾ 'വിശ്വാസവിരോധി', "സഭയുടെ നാശത്തിനായി പിറന്ന രാക്ഷസൻ" എന്നും ഒക്കെ വിശേഷിപ്പിച്ചു.

അവലംബം[തിരുത്തുക]

  1. 1.0 1.1 കത്തോലിക്കാ വിജ്ഞാനകോശം, അലക്സാണ്ട്രിയയിലെ വിശുദ്ധ സിറിൽ
  2. 2.0 2.1 2.2 അലക്സാണ്ട്രിയയിലെ സിറിൽ, ബ്രോക്കാംപ്ടൺ ഡിക്ഷ്ണറി ഓഫ് സെയിന്റ്സ് (പുറം 61)
  3. 3.0 3.1 കെന്നത്ത് സ്കോട്ട് ലട്ടൂറട്ട്, എ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി(പുറങ്ങൾ 166-69)
  4. "Cyril arrived with a large group of strong men...and then used massive bribery to keep Theodosius and his court on his side" - ചാൾസ് ഫ്രീമാൻ, ക്ലോസിങ്ങ് ഓഫ് ദ വെസ്റ്റേൺ മൈന്റ്, (പുറങ്ങൾ 759-61)
  5. ബെർട്രാൻഡ് റസ്സൽ, പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം(പുറം 368)
  6. എഡ്‌വേഡ് ഗിബ്ബൺ, റോമാസാമ്രാജ്യത്തിന്റെ തളർച്ചയും തകർച്ചയും, അദ്ധ്യായം 47
  7. വിൽ ഡുറാന്റ്, "വിശ്വാസത്തിന്റെ യുഗം", സംസ്കാരത്തിന്റെ കഥ (നാലാം ഭാഗം -പുറങ്ങൾ 122-23)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]