Jump to content

ക്രിസ്തുവിജ്ഞാനീയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യേശുക്രിസ്തുവാണ് ക്രിസ്തുമതത്തിന്റെ കേന്ദ്രസ്വരൂപം.

 
യേശു ക്രിസ്തു
കന്യാജനനം · കുരിശുമരണം
ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ
ക്രിസ്തുമസ് · ഈസ്റ്റർ
അടിസ്ഥാനങ്ങൾ
അപ്പോസ്തലന്മാർ · സുവിശേഷങ്ങൾ
പത്രോസ് · സഭ · ദൈവരാജ്യം
പുതിയ ഉടമ്പടി · സമയരേഖ · പൗലോസ്
ബൈബിൾ
പഴയ നിയമം · പുതിയ നിയമം
പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ
ദൈവശാസ്ത്രം
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ്
ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം
മറിയം · അപ്പോസ്തലവിജ്ഞാനീയം
യുഗാന്തചിന്ത · രക്ഷ · സ്നാനം
ചരിത്രവും പാരമ്പര്യങ്ങളും
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം
കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ
ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ
നവീകരണം · പുനർനവീകരണം
പാശ്ചാത്യ-പൗരസ്ത്യ വിഭജനം
വിഭാഗങ്ങൾ
*പാശ്ചാത്യ സഭകൾ
പൊതു വിഷയങ്ങൾ
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ
ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ
പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം
ഗിരിപ്രഭാഷണം · സംഗീതം · കല
മറ്റ് മതങ്ങളുമായുള്ള ബന്ധം
ലിബറൽ തിയോളജി
ക്രിസ്തുമതം കവാടം

ക്രൈസ്ത ദൈവശാസ്ത്രത്തിൽ യേശുക്രിസ്തുവിനേക്കുറിച്ച് പഠിക്കുന്ന സവിശേഷ ശാഖയാണ് ക്രിസ്തുവിജ്ഞാനീയം അഥവാ ക്രിസ്തുശാസ്ത്രം. യേശുക്രിസ്തുവിന്റെ ദൈവത്വം, മനുഷ്യത്വം എന്നീ സ്വഭാവസവിശേഷതകളെ സംബന്ധിച്ച് വിവിധ സഭാവിഭാഗങ്ങൾ വ്യത്യസ്തങ്ങളായ നിലപാടുകൾ കാത്തുസൂക്ഷിക്കുന്നു. ഇതിനുപുറമേ മിശിഹ അഥവാ ക്രിസ്തു എന്ന നിലയിലുള്ള മനുഷ്യരക്ഷ സാധ്യമാക്കുന്നതിൽ യേശുവിന്റെ ഭാഗധേയത്തെ സംബന്ധിച്ചും അഭിപ്രായ വൈവിധ്യം നിലവിലുണ്ട്. പ്രധാനമായും ഈ രണ്ടു വിഷയങ്ങളാണ് ക്രിസ്തു ശാസ്ത്രത്തിൽ ഉൾപ്പെടുന്നത്. [1][2][3][4][5]

ആദ്യകാല ക്രൈസ്തവ രചനകളിൽ മനുഷ്യപുത്രൻ, ദൈവപുത്രൻ, മിശിഹാ, കൂറിയോസ് എന്നിങ്ങനെയുള്ള ഹെബ്രായ ലിഖിതത്തിൽ നിന്നുള്ള ശീർഷകങ്ങൾ യേശുവിനെ അഭിസംബോധന ചെയ്യാൻ ആളുകൾ ഉപയോഗിച്ചിരുന്നു.[൧ 1] യേശുവിനെ ആദിമുതലേ ഉണ്ടായിരുന്ന ദൈവപുത്രനും മനുഷ്യാവതാരം ചെയ്ത മിശിഹായും എന്ന നിലയിലും അതിന് വിപരീതമായി ജ്ഞാനസ്നാനത്തിലൂടെയോ കുരിശുമരണത്തിലൂടെയോ അതുമല്ലെങ്കിൽ ഉയർത്തെഴുന്നേൽപ്പിലൂടെയോ ദൈവം ദത്തെടുത്ത മനുഷ്യൻ എന്ന നിലയിലും കരുതിയിരുന്ന രണ്ട് വ്യത്യസ്ത ആശയധാരകളെ കേന്ദ്രീകരിച്ചാണ് ഈ പദപ്രയോഗങ്ങൾ ഉപയോഗത്തിൽ ഉണ്ടായിരുന്നത്.[൧ 1]

രണ്ടാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനും ഇടയിൽ യേശുക്രിസ്തുവിന്റെ ദൈവത്വവും മനുഷ്യത്വവും പ്രമുഖ ക്രൈസ്തവ കേന്ദ്രങ്ങൾ തമ്മിലുള്ള രൂക്ഷമായ വാദപ്രതിവാദങ്ങൾക്ക് വിഷയമായി. റോം, കോൺസ്റ്റാന്റിനോപ്പിൾ എന്നിവയും സെലൂക്യാ-ക്ടെസിഫോണും ഇരുസ്വഭാവ ചേരിയിലും അലക്സാണ്ട്രിയ ഏകസ്വഭാവ ചേരിയിലും നിലകൊണ്ടു. ഇതിന് ഒരു അന്തിമ പരിഹാരം എന്നവണ്ണം 451ൽ സമ്മേളിച്ച കൽക്കിദോനിയാ സൂനഹദോസ് യേശുക്രിസ്തുവിന്റെ "വിഭജനമോ സംശയമോ ഇല്ലാതെ ഐക്യപ്പെട്ടിരിക്കുന്ന" ദൈവത്വവും മനുഷ്യത്വവും എന്ന രണ്ട് സ്വഭാവങ്ങൾ 'ഹൈപോസ്റ്റാറ്റിക് ഐക്യം' എന്ന തത്വത്തിലൂടെ സ്ഥിരീകരിക്കുകയും ഊട്ടിയുറപ്പിക്കുകയും ചെയ്തു. ഇത് റോമാസാമ്രാജ്യത്തിലെ ക്രൈസ്തവ സഭയുടെ ഔദ്യോഗിക നിലപാടായി മാറി.[6] പാശ്ചാത്യ ക്രിസ്തീയതയിൽ ഉൾപ്പെടുന്ന റോമൻ കത്തോലിക്കാ സഭ ഉൾപ്പെടെയുള്ള സഭകളും പൗരസ്ത്യ ഓർത്തഡോക്സ് സഭകളും ഈ പ്രഖ്യാപനത്തെ ആധികാരികമായി സ്വീകരിക്കുന്നു.[6] എന്നാൽ ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ ഈ ആശയത്തെ എതിർക്കുകയും ഐക്യസ്വഭാവവാദം എന്ന എന്ന് ക്രിസ്തുശാസ്ത്രം നിലപാട് ഔദ്യോഗികമായി സ്വീകരിക്കുകയും ചെയ്യുന്നു.[7][8][9]

വിവിധ പ്രധാന ക്രിസ്തു ശാസ്ത്ര നിലപാടുകൾ

[തിരുത്തുക]

യേശുക്രിസ്തുവിന്റെ സ്വഭാവങ്ങൾ, അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ, രക്ഷാകര കർമ്മത്തിൽ അദ്ദേഹത്തിൻറെ പങ്ക് എന്നിവയും അദ്ദേഹത്തിന് മനുഷ്യാവതാരം, കുരിശുമരണം ഉയർത്തെഴുന്നേൽപ്പ് മുതലായ കാര്യങ്ങളും ക്രിസ്തു ശാസ്ത്രത്തിലെ പ്രധാന ഘടകങ്ങളാണ്.[note 1][1][4][2][3][൧ 1][൧ 4][note 2][5]

വിവിധ ക്രിസ്തു ശാസ്ത്ര ആശയധാരകളെ പ്രധാനമായും മൂന്നു രീതിയിൽ തരംതിരിക്കാറുണ്ട്.

  • സ്വഭാവ സംബന്ധമായ ക്രിസ്തുശാസ്ത്രം

ഇതിൽ യേശുക്രിസ്തുവിന്റെ സ്വഭാവം, പ്രകൃതി അഥവാ അസ്തിത്വം, വ്യക്തിത്വം എന്നിവ അപ്രഗഥനം ചെയ്യുന്നു.[web 1]

  • ധാർമിക ക്രിസ്തു ശാസ്ത്രം -

ഇത് യേശുക്രിസ്തുവിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശകലനം നടത്തുന്നു.

  • വിമോചന ക്രിസ്തു ശാസ്ത്രം -

ഇത് രക്ഷാകര പദ്ധതിയിൽ യേശുക്രിസ്തുവിന്റെ പങ്ക് അവലോകനം ചെയ്യുന്നു.[13]

അതേസമയം ക്രിസ്തു ശാസ്ത്രത്തെ വിശകലനം ചെയ്യുന്നതിന് വേറെയും വിവിധ മാനദണ്ഡങ്ങൾ ഉപയോഗിക്കാറുണ്ട്.[note 3] ഉപരി ക്രിസ്തു ശാസ്ത്രം യേശുക്രിസ്തുവിന്റെ ആത്യന്തികമായ ഉൽഭവം, ദൈവവുമായുള്ള ബന്ധം എന്നിവയെ കുറിച്ച് പഠിക്കുമ്പോൾJohn 1:1–14[17][18][19] അധോക്രിസ്തുശാസ്ത്രം യേശുക്രിസ്തുവിന്റെ മനുഷ്യാവതാരം, മനുഷ്യൻ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾ, പ്രബോധനങ്ങൾ എന്നിവ പഠന വിഷയമാക്കുന്നു.[15][16][15]

ക്രിസ്തുവിൻറെ വ്യക്തിത്വം

[തിരുത്തുക]
യേശുക്രിസ്തുവിന്റെ ദൈവ മനുഷ്യ സ്വഭാവങ്ങൾ പ്രകടമാക്കുന്ന ഒരു ചിത്രീകരണം, ഹോളി ട്രിനിറ്റി ആശ്രമം, മെറ്റിയോറ, ഗ്രീസ്

ക്രിസ്തു ശാസ്ത്രത്തിന്റെ പരമ്പരാഗത രീതിയിലുള്ള പഠനത്തിൽ മർമ്മപ്രധാനമായ ഗ്രീക്ക് പദങ്ങളാണ് പ്രോസപ്പോൺ (വ്യക്തിത്വം), ഹൈപ്പോസ്റ്റാസിസ് (വ്യക്തി എന്നും സത്ത എന്നും അർത്ഥം കൽപ്പിക്കപ്പെടുന്നു), ഫൈസിസ് (സ്വഭാവം) എന്നിവ. റോമൻ കത്തോലിക്കാ സഭ, പൗരസ്ത്യ ഓർത്തഡോക്സ് സഭ, ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ, കിഴക്കിന്റെ സഭ മുതലായ പരമ്പരാഗത ക്രൈസ്തവ സഭകളും മുഖ്യധാരാ പ്രൊട്ടസ്റ്റൻറ് സഭകളും യേശുക്രിസ്തുവിനെ ഒരേസമയം ദൈവവും മനുഷ്യനും ആയി അംഗീകരിക്കുന്നു. ദൈവത്വം മനുഷ്യത്വം എന്നിവ തമ്മിലുള്ള ബന്ധം വിശദമാക്കാനാണ് മേൽപ്പറഞ്ഞ മൂന്ന് പദങ്ങൾ ഉപയോഗിക്കുന്നത്. ഓരോ സഭയുടെയും പരമ്പരാഗത ശൈലി അനുസരിച്ച് ഉള്ള വാചക ഘടനയിൽ പലപ്പോഴും ഇതിൽ ഓരോ വാക്കിന്റെയും അർത്ഥം വ്യത്യസ്തമാകാറുണ്ട്.[20] ബൈബിളിലെ പുതിയ നിയമത്തിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട സ്പഷ്ടമായ വിശദീകരണങ്ങൾ ലഭ്യമല്ല. ഇതിൻറെ ആദിമ നൂറ്റാണ്ടുകൾ മുതലേ ഈ വിഷയം തീവ്രമായ ചർച്ചകൾക്ക് വിധേയമായിട്ടുള്ളതും പല സാർവ്വത്രിക സൂനഹദോസുകൾക്കും സഭാ ഭിന്നിപ്പുകൾക്കും കാരണമായിട്ടുള്ളതും ആണ്.[20]

ചരിത്രത്തിൻറെ വിവിധ ദശകളിൽ സ്വാധീനം നേടിയ പ്രമുഖ ക്രിസ്തു ശാസ്ത്ര പ്രബോധനങ്ങൾ ഇവയാണ്:

  • ഏകസ്വഭാവവാദം : ഈ ആശയം അനുസരിച്ച് യേശുക്രിസ്തുവിന്റെ ദൈവസ്വഭാവവും മനുഷ്യസ്വഭാവവും മനുഷ്യാവതാരത്തിനു ശേഷം ഒരൊറ്റ സ്വഭാവമായി പരിണമിച്ചു. "അവതരിച്ച വചനത്തിന്റെ ഏക സ്വഭാവം" എന്ന അലക്സാണ്ട്രിയിലെ കൂറിലോസിന്റെ പ്രഖ്യാപനമാണ് ഈ ആശയത്തിന്റെ ഏറ്റവും പ്രശസ്തമായ നിർവചനം. ഈ ആശയത്തെ 451ലെ കൽക്കിദോനിയാ സൂനഹദോസ് തള്ളിക്കളുയുകയുണ്ടായി. ഭാഷാപരമായി ഏകസ്വഭാവവാദത്തിന്റെ കുടക്കീഴിൽ ഉൾപ്പെടുത്താവുന്ന വിവിധ പ്രബോധനധാരകൾ ഉണ്ട്.
    • ഐക്യസ്വഭാവവാദം : ഇത് ഏകസ്വഭാവവാദത്തിന്റെ ഒരു സവിശേഷ രൂപമാണ്. ഇതനുസരിച്ച് യേശുക്രിസ്തുവിന്റെ ദൈവസ്വഭാവവും മനുഷ്യസ്വഭാവവും മനുഷ്യാവതാരത്തിന് ശേഷം ഏക സ്വഭാവമായി മാറി എങ്കിലും മനുഷ്യത്വത്തിന്റെയും ദൈവത്തിന്റെയും സവിശേഷതകൾ അതേപടി മാറ്റമില്ലാതെ തുടരുന്നു. അതുകൊണ്ട് യേശുക്രിസ്തു പിതാവായ ദൈവത്തോടും മനുഷ്യവംശത്തോടും ഒരേസമയം സത്താപരമായി ഐക്യപ്പെട്ടിരിക്കുന്നു. യേശുക്രിസ്തു അതിനാൽ പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യനും ആണ്. എന്നാൽ മനുഷ്യത്വത്തിന്റെയും ദൈവത്വത്തിന്റെയും സവിശേഷതകൾ യേശുക്രിസ്തുവിൽ നിലകൊള്ളുന്ന തലവും പിതാവായ ദൈവത്തോടും മനുഷ്യ സമൂഹത്തോടും സത്താപരമായ ഐക്യം നിലകൊള്ളുന്ന തലവും ഈ ആശയധാര നിർവചിക്കുന്നില്ല.
    • എവുത്തിക്ക്യാൻ സിദ്ധാന്തം : യേശുക്രിസ്തുവിന്റെ ദൈവ, മനുഷ്യ സ്വഭാവങ്ങൾ മനുഷ്യാവതാരത്തോടെ ഐക്യപ്പെട്ടു എന്നും അതിനുശേഷം നിലവിൽ വന്ന സമ്മിശ്ര സ്വഭാവം എന്നത് ദൈവസ്വഭാവത്തിൽ മനുഷ്യ സ്വഭാവം ലയിച്ച് ചേർന്നതാണെന്നും ആയതിനാൽ അത് ദൈവസ്വഭാവം തന്നെയാണ് എന്നും ഇത് പഠിപ്പിക്കുന്നു. അതുകൊണ്ട് യേശുക്രിസ്തു പൂർണ്ണ ദൈവമാണ്, എന്നാൽ പൂർണ്ണ മനുഷ്യനല്ല എന്നും ഇത് കൂട്ടിച്ചേർക്കുന്നു. ഏകസ്വഭാവവാദത്തിന്റെ മുന്നണിപ്പോരാളിയും കോൺസ്റ്റാന്റിനോപ്പിളിലെ സന്യാസിയും ആയിരുന്ന എവുത്തിക്കൂസിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. എന്നാൽ എവുത്തിക്കൂസ് സ്വയം ഈ ആശയം പഠിപ്പിച്ചിരുന്നോ എന്നുള്ളത് സംശയാസ്പദമാണ്.
  • ഇരുസ്വഭാവവാദം : യേശുക്രിസ്തുവിന്റെ ദൈവസ്വഭാവവും മനുഷ്യസ്വഭാവവും മനുഷ്യാവതാരത്തിന് ശേഷവും മാറ്റമില്ലാതെ നിലനിൽക്കുന്നു, അഥവാ യേശുക്രിസ്തുവിന് രണ്ട് സ്വഭാവങ്ങളും ഒരേസമയം ഉണ്ട്, എന്ന് ഈ പ്രബോധനധാര പഠിപ്പിക്കുന്നു. "യേശുക്രിസ്തുവിന്റെ ദൈവസ്വഭാവവും മനുഷ്യസ്വഭാവവും വിഭജനമോ സംശയമോ ഇല്ലാതെ ഐക്യപ്പെട്ടിരിക്കുന്നു" എന്ന കൽക്കിദോനിയാ സൂനഹദോസിന്റെ പ്രഖ്യാപനമാണ് ഈ ആശയധാരയുടെ ഏറ്റവും പ്രശസ്തമായ നിർവചനം. റോമൻ കത്തോലിക്കാ സഭ, പൗരസ്ത്യ ഓർത്തഡോക്സ് സഭ, കിഴക്കിന്റെ സഭ, മുഖ്യധാരാ പ്രൊട്ടസ്റ്റന്റ് സഭകൾ എന്നിങ്ങനെ ലോകത്തിലെ ഭൂരിഭാഗം ക്രൈസ്തവ സഭകളും പിന്തുടരുന്ന ആശയമാണ് ഇത്.
    • ഹൈപോസ്റ്റാറ്റിക് ഐക്യം - യേശുക്രിസ്തുവിന്റെ ദൈവസ്വഭാവവും മനുഷ്യസ്വഭാവവും ഒരേ ഹൈപ്പോസ്റ്റാസിസിൽ (ഇവിടെ വ്യക്തിത്വം എന്ന അർത്ഥം) ഐക്യപ്പെട്ടിരിക്കുന്നു എന്ന ആശയമാണിത്. യേശുക്രിസ്തു ഒരേസമയം പിതാവായ ദൈവത്തോടും മനുഷ്യസമൂഹത്തോടും സത്താപരമായി ഐക്യപ്പെട്ടിരിക്കുന്നു എന്ന് ഈ ആശയം പഠിപ്പിക്കുന്നു. യേശുക്രിസ്തുവിന്റെ വ്യക്തി എന്ന നിലയിലുള്ള ഐക്യം 'ഹൈപ്പോസ്റ്റാസിസ്' എന്ന പദം കൊണ്ടാണ് ഇവിടെ നിർവചിക്കപ്പെട്ടിരിക്കുന്നത്. ക്രിസ്തുവിൻറെ ദൈവത്വവും മനുഷ്യത്വവും തമ്മിലുള്ള വ്യതിരിക്തതയും പിതാവായ ദൈവത്തോടും മനുഷ്യ സമൂഹത്തോടും ഉള്ള സത്താപരമായ ഐക്യവും 'സ്വഭാവം' എന്ന തലത്തിൽ നിർവചിക്കപ്പെട്ടിരിക്കുന്നു. കൽക്കിദോനിയാ സൂനഹദോസിന്റെ ഔദ്യോഗിക നിലപാടാണ് ഇത്. റോമൻ കത്തോലിക്കാ സഭ, പൗരസ്ത്യ ഓർത്തഡോക്സ് സഭ, മുഖ്യധാരാ പ്രോട്ടസ്റ്റന്റ് സഭകൾ എന്നിവയുടെ ക്രിസ്തുശാസ്ത്ര നിലപാടാണ് ഇത്.
    • പ്രോസോപ്പിക് ഐക്യം - ഈ ആശയം അനുസരിച്ച് യേശുക്രിസ്തുവിന്റെ ദൈവസ്വഭാവത്തോടും മനുഷ്യസ്വഭാവത്തോടും ബന്ധപ്പെട്ട് ദൈവപുത്രൻ എന്ന നിലയിലുള്ള ദൈവികമായ അസ്ഥിത്വവും മനുഷ്യ പുത്രൻ എന്ന നിലയിലുള്ള മാനുഷിക അസ്ഥിത്വവും (ഖ്നോമകൾ) ഉണ്ടെന്നും ഇരു ആസ്ഥിത്വങ്ങളും ഒരേ വ്യക്തിയിൽ (പ്രോസപ്പോണിൽ) ഐക്യപ്പെട്ടിരിക്കുന്നു എന്നും പ്രഖ്യാപിക്കുന്നു. ഇതിനാൽ യേശുക്രിസ്തു പിതാവായ ദൈവത്തോടും മനുഷ്യസമൂഹത്തോടും ഒരേസമയം സത്താപരമായി ഐക്യപ്പെട്ടിരിക്കുന്നു. യേശുക്രിസ്തുവിന്റെ വ്യക്തി എന്ന നിലയിലുള്ള ഐക്യം 'പ്രോസപ്പോൺ' എന്ന തലത്തിലാണ് ഇവിടെ നിർവചിക്കപ്പെട്ടിരിക്കുന്നത്. പിതാവായ ദൈവത്തോടും മനുഷ്യസമൂഹത്തോടും പുലർത്തുന്ന സത്താപരമായ ഐക്യവും ദൈവ, മനുഷ്യ സവിശേഷതകൾ തമ്മിലുള്ള വ്യതിരിക്തതയും 'സ്വഭാവം' എന്ന തലത്തിലും നിർവചിക്കപ്പെട്ടിരിക്കുന്നു. യേശുക്രിസ്തുവിന് പുത്രനായ ദൈവം എന്ന നിലയിലും മനുഷ്യൻ എന്ന നിലയിലും ഉള്ള ഉൽഭവവും സത്താപരമായ വ്യതിരിക്തതയും 'ഖ്നോമ' എന്ന തലത്തിൽ ആണ് നിർവചിക്കപ്പെട്ടിരിക്കുന്നത്. ശുദ്ധമായ അന്ത്യോഖ്യൻ ദൈവശാസ്ത്ര വീക്ഷണമായ ഇത് നിലവിൽ കിഴക്കിന്റെ സഭ മാത്രമാണ് പിന്തുടരുന്നത്.
    • നെസ്തോറിയൻ സിദ്ധാന്തം : യേശുക്രിസ്തുവിന്റെ ദൈവ, മനുഷ്യസ്വഭാവങ്ങൾ മനുഷ്യാവതാരത്തിനു ശേഷവും അതേപടി നിലനിൽക്കുന്നു എന്നും അവയോട് ബന്ധപ്പെട്ട് ദൈവം, മനുഷ്യൻ എന്നീ രണ്ട് വ്യക്തികൾ യേശുക്രിസ്തുവിൽ ഉണ്ട് എന്നും ഈ ആശയം പഠിപ്പിക്കുന്നു. കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയാർക്കീസും അന്ത്യോഖ്യൻ ക്രിസ്തുശാസ്ത്രജ്ഞനുമായ നെസ്തോറിയസിന്റെ പേരിലാണ് ഈ ആശയം അറിയപ്പെടുന്നത്. എന്നാൽ നെസ്തോറിയസ് ഇത്തരം ഒരാശയം ഒരിക്കലും പഠിപ്പിച്ചിട്ടില്ല എന്നാണ് ആധുനിക ചരിത്രകാരന്മാർ വിലയിരുത്തുന്നത്. നെസ്തോറിയസ് സ്വയം കൽക്കിദോനിയാ സൂനഹദോസിന്റെ പ്രഖ്യാപനത്തെ ശരിവെച്ചിട്ടുമുണ്ട്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 Ehrman 2014, പുറം. 171.
  2. 2.0 2.1 O'Collins 2009, പുറങ്ങൾ. 1–3.
  3. 3.0 3.1 3.2 Ramm 1993, പുറം. 15.
  4. 4.0 4.1 4.2 4.3 Bird, Evans & Gathercole 2014, പുറം. 134, n. 5.
  5. 5.0 5.1 Ehrman 2014, പുറം. ch. 6–9.
  6. 6.0 6.1 Davis 1990, പുറം. 342.
  7. Armentrout & Boak Slocum 2005, പുറം. 81.
  8. Espín & Nickoloff 2007, പുറം. 217.
  9. Beversluis 2000, പുറങ്ങൾ. 21–22.
  10. Kärkkäinen 2016.
  11. Ehrman 2014, പുറം. 108.
  12. Brown 2004, പുറം. 3.
  13. Chan, Mark L. Y. (2001). Christology from Within and Ahead: Hermeneutics, Contingency, and the Quest for Transcontextual Criteria in Christology (in ഇംഗ്ലീഷ്). BRILL. pp. 59–62. ISBN 978-90-04-11844-7.
  14. O'Collins 2009, പുറം. 16-17.
  15. 15.0 15.1 15.2 15.3 Brown 2004, പുറം. 4.
  16. 16.0 16.1 O'Collins 2009, പുറങ്ങൾ. 16–17.
  17. 17.0 17.1 Pannenberg 1968, പുറം. 33.
  18. Bobichon, Philippe (2011-01-01). "Filiation divine du Christ et filiation divine des chrétiens dans les écrits de Justin Martyr". In: Patricio de Navascués Benlloch – Manuel Crespo Losada – Andrés Sáez Gutiérrez (dir.), Filiación. Cultura pagana, religión de Israel, orígenes del cristianismo, vol. III, Madrid, pp. 337-378.
  19. O'Collins 2009, പുറം. 16.
  20. 20.0 20.1 Introducing Christian Doctrine by Millard J. Erickson, L. Arnold Hustad 2001, p. 234

കുറിപ്പുകൾ

[തിരുത്തുക]

സ്രോതസ്സുകൾ

[തിരുത്തുക]

പുസ്തകങ്ങൾ

[തിരുത്തുക]
Early high Christology

കണ്ണികൾ

[തിരുത്തുക]
  1. The work of Jesus Christ:
    • Veli-Matti Kärkkäinen: "soteriology, the doctrine of salvation"[10]
    • biblicaltraining.org: "The Past Work of Christ, The Atoning Savior";[൧ 2]; "Present work of Christ: work as mediator and Lord";[൧ 3] "Future work of Christ: work as coming judge and reigning king"[൧ 3]
  2. Definitions:
    • Bart Ehrman: "the understanding of Christ";[11] "the nature of Christ – the question of Christology"[1]
    • Bird, Evans & Gathercole (2014): "New Testament scholars often speak about "Christology", which is the study of the career, person, nature, and identity of Jesus Christ."[4]
    • Raymond Brown (1994): "[C]hristology discusses any evaluation of Jesus in respect to who he was and the role he played in the divine plan."[12]
    • Bernard L. Ramm (1993): "Christology is the reflective and systematic study of the person and work of Jesus Christ."[3]
    • Matt Stefon, Hans J. Hillerbrand (Encyclopedia Britannica): "Christology, Christian reflection, teaching, and doctrine concerning Jesus of Nazareth. Christology is the part of theology that is concerned with the nature and work of Jesus, including such matters as the Incarnation, the Resurrection, and his human and divine natures and their relationship."[൧ 1]
    • Catholic Encyclopedia: "Christology is that part of theology which deals with Our Lord Jesus Christ. In its full extent it comprises the doctrines concerning both the person of Christ and His works."[൧ 4]
  3. Bird, Evans & Gathercole (2014): "There are, of course, many different ways of doing Christology. Some scholars study Christology by focusing on the major titles applied to Jesus in the New Testament, such as "Son of Man", "Son of God", "Messiah", "Lord", "Prince", "Word", and the like. Others take a more functional approach and look at how Jesus acts or is said to act in the New Testament as the basis for configuring beliefs about him. It is possible to explore Jesus as a historical figure (i.e., Christology from below), or to examine theological claims made about Jesus (i.e., Christology from above). Many scholars prefer a socio-religious method by comparing beliefs about Jesus with beliefs in other religions to identify shared sources and similar ideas. Theologians often take a more philosophical approach and look at Jesus' "ontology" or "being" and debate how best to describe his divine and human natures."[4][14][15][16][15][17]
  1. Chabot, Eric (2009-05-11). "THINKAPOLOGETICS.COM: Jesus- A Functional or Ontological Christology?". THINKAPOLOGETICS.COM. Retrieved 2023-05-10.
"https://ml.wikipedia.org/w/index.php?title=ക്രിസ്തുവിജ്ഞാനീയം&oldid=3994475" എന്ന താളിൽനിന്ന് ശേഖരിച്ചത്