Jump to content

നെസ്തോറിയൻ വിവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നെസ്തോറിയൻ സിദ്ധാന്തം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രി. വ. അഞ്ചാം നൂറ്റാണ്ടിൽ കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസ് ആയിരുന്ന നെസ്തോറിയസുമായി ചുറ്റിപ്പറ്റി ഉണ്ടായ ക്രിസ്തുശാസ്ത്ര വിവാദങ്ങളും സഭാ തർക്കവുമാണ് നെസ്തോറിയൻ വിവാദം എന്നറിയപ്പെടുന്നത്. നെസ്തോറിയസ് പഠിപ്പിച്ചതും പഠിപ്പിച്ചു എന്ന് ആരോപിക്കപ്പെട്ടതും ആയ വിവിധ ആശയങ്ങൾ നെസ്തോറിയൻ സിദ്ധാന്തം എന്ന പേരിൽ എന്ന് അറിയപ്പെട്ടു. അന്ത്യോഖ്യൻ, അലക്സാണ്ട്രിയൻ വേദശാസ്ത്ര നിലപാടുകൾ തമ്മിലുള്ള അന്തരവും കോൺസ്റ്റാന്റിനോപ്പിളിലെയും അലക്സാണ്ട്രിയിലെയും സഭകൾ തമ്മിലുള്ള അധികാര മത്സരവും അക്കാലത്തെ റോമൻ സാമ്രാജ്യത്തിലെ ക്രൈസ്തവ സഭയെ കലുഷിതമാക്കി. ഇതിനിടെ നെസ്തോറിയസും അലക്സാണ്ട്രിയയിലെ കൂറിലോസും തമ്മിൽ ഉടലെടുത്ത രൂക്ഷമായ തർക്കം ആകമാന ക്രിസ്തീയതയിൽ സ്ഥിരമായ വലിയ ഭിന്നത രൂപപ്പെടുന്നതിന് കാരണമായി. 431ൽ കൂറിലോസിന്റെ അധ്യക്ഷതയിൽ നടന്ന എഫേസൂസ് സൂനഹദോസ് നെസ്തോറിയസിനെ സ്ഥാനഭൃഷ്ടനാക്കുകയും അദ്ദേഹത്തിൻറെ പ്രബോധനത്തെ നിരോധിക്കുകയും ചെയ്തു. എന്നാൽ ഈ നടപടിയെ സസ്സാനിദ് സാമ്രാജ്യത്തിലെ ക്രൈസ്തവ സഭ അംഗീകരിച്ചില്ല.

ചരിത്രം

[തിരുത്തുക]

അഞ്ചാം നൂറ്റാണ്ടിലെ ക്രിസ്തുസ്ത്ര വിവാദങ്ങളും സഭാ പിളർപ്പും

[തിരുത്തുക]

അലക്സാണ്ട്രിയൻ, അന്ത്യോഖ്യൻ ദൈവശാസ്ത്ര കേന്ദ്രങ്ങൾ

[തിരുത്തുക]

അഞ്ചാം നൂറ്റാണ്ടോടെ റോമാസാമ്രാജ്യത്തിലെ ക്രൈസ്തവസഭയിൽ, പ്രത്യേകിച്ച് അതിൻറെ കിഴക്കൻ മേഖലയിൽ, വിഭിന്നമായ രണ്ട് ക്രിസ്തു ശാസ്ത്ര പഠനകേന്ദ്രങ്ങൾ വികാസം പ്രാപിച്ചിരുന്നു. അലക്സാണ്ട്രിയ, അന്ത്യോഖ്യ എന്നീ പൗരാണിക റോമൻ പാത്രിയാർക്കാസനങ്ങളെ കേന്ദ്രമാക്കിയാണ് ഇവ പ്രചരിച്ചിരുന്നത്. അന്ത്യോഖ്യൻ ദൈവശാസ്ത്ര കേന്ദ്രം യേശുക്രിസ്തുവിന്റെ ദൈവസ്വഭാവവും മനുഷ്യസ്വഭാവവും തമ്മിലുള്ള വ്യതിരിക്തതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയപ്പോൾ അലക്സാണ്ട്രിയൻ ദൈവശാസ്ത്ര കേന്ദ്രം യേശുക്രിസ്തുവിന്റെ വ്യക്തിത്വപരമായ ഐക്യത്തിലാണ് ഊന്നൽ പതിപ്പിച്ചത്. യേശുക്രിസ്തുവിന്റെ അമ്മയായ പരിശുദ്ധ മറിയത്തിന്റെ അപദാനങ്ങളിൽ ദൈവമാതാവ് എന്ന പദപ്രയോഗം ഉൾപ്പെടുത്തുന്നതും അത് ഉപയോഗിക്കുന്നതും ഇരു കൂട്ടരും തമ്മിൽ തർക്കത്തിന് കാരണമായി. സാമ്രാജ്യത്തിന്റെ ആസ്ഥാനം എന്ന നിലയിൽ ഉള്ള പ്രാധാന്യം കണക്കിലെടുത്ത് പ്രമുഖ ക്രൈസ്തവ കേന്ദ്രമായി വളർന്നുവന്ന കോൺസ്റ്റാന്റിനോപ്പിൾ അതിൻറെ മാതൃപാത്രിയാർക്കാസനമായ അന്ത്യോഖ്യയുടെ ദൈവശാസ്ത്ര നിലപാടാണ് ഉയർത്തിപ്പിടിച്ചിരുന്നത്. 381ലെ കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസിൽ അത് അലക്സാണ്ട്രിയയെ പിന്തള്ളി സാമ്രാജ്യത്തിലെ സഭാ ഘടനയിൽ രണ്ടാമത്തെ ഉന്നത സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടിരുന്നു. ഇത് കോൺസ്റ്റാന്റിനോപ്പിളും അലക്സാണ്ട്രിയയും തമ്മിൽ രൂക്ഷമായ മൂപ്പിളമതർക്കം ഉടലെടുക്കുന്നതിന് കാരണമായി. കോൺസ്റ്റാന്റിനോപ്പിൾ സഭാ അധ്യക്ഷനായിരുന്ന ഇവാന്നീസ് ക്രിസോസ്റ്റം, അലക്സാണ്ട്രിയൻ സഭാദ്ധ്യക്ഷനായിരുന്ന തെയോഫിലോസ് 1ാമൻ എന്നിവരുടെ കാലത്ത് ഇത് രൂക്ഷമായിത്തീരുകയും അവരുടെ പിൻഗാമികളായ നെസ്തോറിയസ്, കൂറിലോസ് എന്നിവരുടെ കാലത്ത് ഈ തർക്കം വലിയ പൊട്ടിത്തെറിയിൽ കലാശിക്കുകയും ചെയ്തു.[1]

നെസ്തോറിയസ്

[തിരുത്തുക]

അന്ത്യോഖ്യയിലെ ദൈവശാസ്ത്ര കേന്ദ്രത്തിൽ പരിശീലനം നേടിയ ആളായിരുന്നു നെസ്തോറിയസ്. ഇവാനീസ് ക്രിസോസ്റ്റമിന്റെ സുഹൃത്തും ആ ദൈവശാസ്ത്ര കേന്ദ്രത്തിലെ ഏറ്റവും പ്രമുഖ പണ്ഡിതന്മാരിൽ ഒരാളുമായ മോപ്സുവേസ്ത്യയിലെ തെയദോർ ആയിരുന്നു അവിടെ അദ്ദേഹത്തിൻറെ പ്രധാന ഗുരു. യേശുക്രിസ്തുവിന്റെ ദൈവത്വം മനുഷ്യത്വം എന്നീ ഗുണങ്ങളെ സംബന്ധിച്ചുള്ള തർക്കം അക്കാലത്ത് കോൺസ്റ്റാന്റിനോപ്പിളിൽ രൂക്ഷമായിരുന്നു. ഈ തർക്കം നിലനിൽക്കുമ്പോഴാണ് നെസ്തോറിയസിനെ കോൺസ്റ്റാന്റിനോപ്പിൾ പാത്രിയാർക്കീസായി റോമാ ചക്രവർത്തി തിയഡോഷ്യസ് 2ാമൻ നിയമിക്കുന്നത്.

ദൈവമാതാവോ മനുഷ്യമാതാവോ

[തിരുത്തുക]

യേശുക്രിസ്തുവിന്റെ അമ്മയായ പരിശുദ്ധ മറിയത്തെ എങ്ങനെയാണ് ഉചിതമായി അഭിസംബോധന ചെയ്യേണ്ടത് എന്നതുമായി ബന്ധപ്പെട്ട് അക്കാലത്ത് തർക്കം നിലവിലുണ്ടായിരുന്നു. അഡോപ്ഷണിസം പിന്തുടർന്നിരുന്നവർ മനുഷ്യമാതാവ് എന്ന സംജ്ഞ മാത്രമാണ് ശരി എന്ന് നിലപാടെടുത്തപ്പോൾ അപ്പോളോനാരിസം പിന്തുടർന്നിരുന്നവർ ദൈവമാതാവ് എന്ന സംജ്ഞ മാത്രം ഉപയോഗിച്ചുവന്നു. ഇതിന് ചുവടുപിടിച്ച് കോൺസ്റ്റാന്റിനോപ്പിളിൽ ദൈവമാതാവ് എന്ന് അഭിസംബോധന ചെയ്യുന്നവരും മനുഷ്യമാതാവ് എന്ന് അഭിസംബോധന ചെയ്യുന്നവരും ഉണ്ടായി. ഇത് രണ്ടു വിഭാഗവും തമ്മിലുള്ള തർക്കം രൂക്ഷമായി കൊണ്ടേയിരുന്നു. കോൺസ്റ്റാന്റിനോപ്പിളിൽ പാത്രിയാർക്കീസ് ആയി ചുമതലയേറ്റ നെസ്തോറിയസ് മറിയം ഒരേസമയം ദൈവമാതാവും മനുഷ്യമാതാവും ആണെന്നും ഇരു സംജ്ഞകളിൽ ഒന്നുമാത്രം ഉപയോഗിക്കുന്നത് അപൂർണ്ണമാണെന്നും അതുകൊണ്ട് ഒന്നെങ്കിൽ രണ്ട് സംജ്ഞകളും ഒരുപോലെ ഉപയോഗിക്കണമെന്നും അല്ലാത്തപക്ഷം ചുരുക്കത്തിൽ ക്രിസ്തുവിൻറെ മാതാവ് എന്ന് വിശേഷിപ്പിക്കണമെന്നും നിലപാടെടുത്തുകൊണ്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു.

നെസ്തോറിയസ്-കൂറിലോസ് തർക്കം

[തിരുത്തുക]

അന്നത്തെ അലക്സാണ്ട്രിയാ പാത്രിയർക്കീസ് കൂറിലോസ് നെസ്തോറിയസിന്റെ നടപടിയെ കുറിച്ച് അറിഞ്ഞ ഉടനെ അദ്ദേഹത്തിനെതിരായി പ്രതികരിക്കാൻ തുടങ്ങി. മറിയത്തെ ദൈവമാതാവ് എന്ന് തന്നെ വിളിക്കണം എന്ന് അദ്ദേഹം നിലപാടെടുത്തു. ദൈവമാതാവ് എന്ന് മാത്രം വിളിക്കുന്നത് യേശുക്രിസ്തുവിന്റെ മനുഷ്യ സ്വഭാവത്തെ അവഗണിക്കുന്നതിന് തുല്യമാണ് എന്ന് നെസ്തോറിയസും നിലപാടെടുത്തു. തിയോഡോഷ്യസ് 2ാമൻ ചക്രവർത്തി നെസ്തോറിയസിന്റെ വിശദീകരണത്തിൽ തൃപ്തനായി. ഇതേത്തുടർന്ന് അന്നത്തെ റോമാ മാർപാപ്പയായ സെലസ്റ്റീൻ 1ാമനെ കൂറിലോസ് സമീപിച്ചു. ഈ വിഷയത്തിൽ അദ്ദേഹത്തിൻറെ പിന്തുണ നേടിയെടുക്കുന്നതിൽ കൂറിലോസ് വിജയിക്കുകയും ചെയ്തു.

എഫേസൂസ് സൂനഹദോസ്

[തിരുത്തുക]

സാമ്രാജ്യത്തിലെ ക്രൈസ്തവ സഭയിൽ ഉരുണ്ടുകൂടുന്ന രൂക്ഷമായ തർക്കം തിയോഡോഷ്യസ് ചക്രവർത്തിയെ ആശങ്കപ്പെടുത്തി. പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി എല്ലാ മെത്രന്മാരും പങ്കെടുക്കുന്ന ഒരു സൂനഹദോസ് വിളിച്ചു ചേർത്ത് തർക്കം ചർച്ച ചെയ്തു പരിഹരിക്കാൻ ചക്രവർത്തി തീരുമാനിച്ചു. തുടർന്ന് എഫേസൂസ് എന്ന പട്ടണം സൂനഹദോസിന് വേദിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇതിനോടകം എഫേസൂസിലെ മെത്രാപ്പോലീത്തയായിരുന്ന മെമ്നോനെ തന്റെ പക്ഷക്കാരനാക്കി മാറ്റാൻ കൂറിലോസിന് സാധിച്ചിരുന്നു. കൂറിലോസ് മെമ്നോന്റെ പിന്തുണയോടെ നേരത്തെ എഫേസൂസിൽ എത്തിച്ചേരുകയും നെസ്തോറിയസിനെ അനുകൂലിച്ചിരുന്ന അന്ത്യോഖ്യയിലെ പാത്രിയാർക്കീസ് ഇവാനീസ് ഒന്നാമന്റെയും കിഴക്കൻ പ്രവിശ്യയിലെ മറ്റു മെത്രാന്മാരുടെ വരവിന് കാത്തുനിൽക്കാതെ തന്റെ പക്ഷക്കാരായ ഈജിപ്ഷ്യൻ മെത്രാന്മാരോടൊപ്പം സൂനഹദോസ് ആരംഭിക്കുകയും നെസ്തോറിയസിന് എതിരായ കുറ്റവിചാരണ തുടങ്ങുകയും ചെയ്തു. തന്റെ എതിരാളികളായ മെത്രാന്മാർ മാത്രം ഉണ്ടാകാൻ പോകുന്ന നടപടികളെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിരുന്ന നെസ്തോറിയസ് ആ സൂനഹദോസിൽ പങ്കെടുക്കാൻ തയ്യാറായില്ല.

അന്ത്യോഖ്യയിലെ ഇവാനീസും കിഴക്കൻ മെത്രാന്മാരും എത്തിച്ചേർന്നപ്പോഴേക്കും കൂറിലോസിന്റെ അധ്യക്ഷതയിൽ സൂനഹദോസ് നെസ്തോറിയസിനെതിരായ വിചാരണ പൂർത്തിയാക്കുകയും അദ്ദേഹത്തെ മുടക്കുകയും ചെയ്തുകഴിഞ്ഞിരുന്നു. ഇതിൽ പ്രകോപിതനായ അന്ത്യോഖ്യാ പാത്രിയർക്കീസ് ഇവാനീസ് തൻറെ അനുഗാമികളോടൊപ്പം എഫേസൂസിൽ ഒരു ബദൽ സൂനഹദോസ് നടത്തുകയും അതിൽ നെസ്തോറിയസ് പങ്കെടുക്കുകയും ചെയ്തു. ഇവാനീസിന്റെ നേതൃത്വത്തിൽ നടന്ന സൂനഹദോസ് കൂറിലോസിനെ കുറ്റം വിധിക്കുകയും മുടക്കുകയും ചെയ്തു.

കൂറിലോസും ഇവാനീസും തമ്മിലുള്ള ഒത്തുതീർപ്പ്

[തിരുത്തുക]

എഫേസൂസിൽ സമാന്തരമായി നടന്ന രണ്ടു സുനഹദോസുകളെ പറ്റിയും ഉള്ള വിവരങ്ങൾ അംഗീകാരത്തിനായി ചക്രവർത്തിക്ക് സമർപ്പിക്കപ്പെട്ടു. പ്രശ്നപരിഹാരം ലക്ഷ്യമിട്ട് ചക്രവർത്തി നെസ്തോറിയസിനേയും കൂറിലോസിനേയും സ്ഥാനഭൃഷ്ടരാക്കുകയും കരുതൽ തടങ്കലിൽ ആക്കുകയും ചെയ്തു. എന്നാൽ കൂറിലോസ് ചക്രവർത്തിയുടെ കൊട്ടാരത്തിലെ സേവകരെയും പ്രാദേശിക അധികാരികളെയും കോഴ കൊടുത്തു സ്വാധീനിക്കുകയും തടവിൽ നിന്ന് മോചിതനാവുകയും ചെയ്തു. തുടർന്ന് 434ൽ കൂറിലോസ് സെലസ്റ്റിൻ മാർപാപ്പയുടെ നിർദ്ദേശം അനുസരിച്ച് അന്ത്യോഖ്യാ പാത്രിയർക്കീസ് ഇവാനീസുമായി ഒരു ഒത്തുതീർപ്പിൽ എത്തിച്ചേർന്നു. ഈ ഒത്തുതീർപ്പ് പ്രകാരം കൂറിലോസ് 'അവതരിച്ച വചനത്തിന്റെ ഏക സ്വഭാവം' എന്ന തൻറെ ആദ്യ നിലപാടിൽ നിന്ന് പിൻവലിയുകയും അന്ത്യോഖ്യൻ ദൈവശാസ്ത്ര കാഴ്ചപ്പാടിനെ അംഗീകരിക്കുകയും ചെയ്തു. ഇതിനുപകരമായി കൂറിലോസിന്റെ നേതൃത്വത്തിൽ നടന്ന എഫേസൂസ് സൂനഹദോസും നെസ്തോറിയസിനെ മുടക്കിയത് ഉൾപ്പെടെയുള്ള അതീലെ നടപടികളും അംഗീകരിക്കാൻ അന്ത്യോഖ്യൻ മെത്രാന്മാരും തയ്യാറായി. ഇതോടെ നെസ്തോറിയസിന് ലഭിച്ചുവന്ന പിന്തുണ വലിയതോതിൽ ഇടിയുകയും അദ്ദേഹം ഒറ്റപ്പെടുകയും ചെയ്തു.

കലഹം തുടരുന്നു

[തിരുത്തുക]

എന്നാൽ സസ്സാനിദ് സാമ്രാജ്യത്തിലെ സഭയായ കിഴക്കിന്റെ സഭ ഈ നീക്കുപോക്കുകൾ അംഗീകരിക്കാൻ തയ്യാറായില്ല. നെസ്തോറിയസിന് അചഞ്ചലമായ പിന്തുണ അവർ നൽകിക്കൊണ്ടിരുന്നു. എദേസ്സിലെ ഇബാസ്, സൈറസിലെ തെയദോറെത് തുടങ്ങിയ റോമാസാമ്രാജ്യത്തിലെ ചില കിഴക്കൻ സഭാ നേതാക്കളും നെസ്തോറിയസിനുള്ള പിന്തുണ തുടർന്നുകൊണ്ടിരുന്നു. അതേസമയം കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസായി ചുമതലയേറ്റ ഫ്ലാവിയാന് എതിരെ അവിടത്തെ പ്രമുഖ സന്യാസിയും കൂറിലോസിന്റെ അനുയായിയും ആയ എവുത്തിക്കൂസിന്റെ നേതൃത്വത്തിൽ അലക്സാണ്ട്രിയൻ പക്ഷക്കാരും നിലപാടെടുത്തു. തുടർന്ന് ഫ്ലാവിയാൻ 448ൽ ഒരു പ്രാദേശിക സൂനഹദോസ് വിളിച്ചു ചേർക്കുകയും എവുത്തിക്കൂസിനെ മുടക്കുകയും ചെയ്തു. അതേസമയം അലക്സാണ്ട്രിയയിലെ അന്നത്തെ പാത്രിയർക്കീസ് ആയ ദിയസ്കോറസ് എവുത്തിക്കൂസിന് പിന്തുണയുമായി രംഗത്തെത്തി. പാത്രിയർക്കീസായി സ്ഥാനമേൽക്കുന്നതിന് മുമ്പ് കൂറിലോസിന്റെ അർക്കദിയാക്കോനും അനുയായിയും ആയിരുന്നു ദിയസ്കോറസ്.

പരിണിതഫലം

[തിരുത്തുക]

രണ്ടാം എഫേസൂസ് സൂനഹദോസും കൽക്കിദോനിയാ സൂനഹദോസും

[തിരുത്തുക]

തർക്കം വീണ്ടും രൂക്ഷമാകുന്നു എന്ന് മനസ്സിലാക്കിയ ചക്രവർത്തി അന്നത്തെ റോമാ മാർപാപ്പ ലിയോ 1ാമന്റെ ഉപദേശപ്രകാരം ഒരു പുതിയ സൂനഹദോസ് സമ്മേളിക്കാൻ ഉത്തരവിട്ടു. ഇതിനെ തുടർന്ന് 449ൽ ദിയസ്കോറസിന്റെ നേതൃത്വത്തിൽ എഫേസൂസിൽ പുതിയ സൂനഹദോസ് ചേരുകയും എവുത്തിക്കൂസിനെ അംഗീകരിക്കുകയും ഫ്ലാവിയാൻ പാത്രിയാർക്കീസിനെ മുടക്കുകയും ചെയ്തു. ഈ തീരുമാനം അംഗീകരിക്കാൻ ലിയോ 1ാമൻ മാർപാപ്പയോ കോൺസ്റ്റാന്റിനോപ്പിൾ സഭാ നേതൃത്വമോ തയ്യാറായില്ല. ഇത് പ്രതിസന്ധി കൂടുതൽ വഷളാക്കി. തുടർന്ന് അന്നത്തെ റോമാ ചക്രവർത്തി ജസ്റ്റീനിയൻ പ്രശ്നം പരിഹരിച്ച് അന്തിമ തീരുമാനമെടുക്കാൻ ഒരു സൂനഹദോസ് വിളിച്ചുചേർത്തു. 451ൽ കൽക്കിദോനിയാ എന്ന സ്ഥലത്ത് പുതിയ സൂനഹദോസ് സമ്മേളിക്കുകയും അതിൽവെച്ച് ദിയസ്കോറസിനെയും എവുത്തിക്കൂസിനെയും മുടക്കുകയും ചെയ്തു. കൂറിലോസും ഇവാനീസും അംഗീകരിച്ച 434ലെ ഒത്തുതീർപ്പ് ഔദ്യോഗികമായി അംഗീകരിച്ച കൽക്കിദോനിയാ സൂനഹദോസ് അന്ത്യോഖ്യൻ ക്രിസ്തുശാസ്ത്ര വീക്ഷണം ഔദ്യോഗികമായി സ്വീകരിക്കുകയും അതേസമയം കൂറിലോസിന്റെ എഫേസൂസ് സൂനഹദോസും നെസ്തോറിയസിനെതിരായ വിധിയും നടപടികളും അംഗീകരിക്കുകയും ചെയ്തു.[2]

റോമാ സാമ്രാജ്യത്തിലെ സഭയിൽ പിളർപ്പ്

[തിരുത്തുക]

കൽക്കിദോനിയാ സൂനഹദോസിനെയും അതിന്റെ തീരുമാനങ്ങളെയും അംഗീകരിക്കാൻ ദിയസ്കോറസും അലക്സാണ്ട്രിയൻ പക്ഷക്കാരും തയ്യാറായില്ല. തുടർന്ന് അലക്സാണ്ട്രിയൻ പാത്രിയാർക്കാസനം കേന്ദ്രീകരിച്ച് കൽക്കിദോനിയാ വിരുദ്ധ ക്രിസ്തീയത ഉടലെടുക്കുന്നതിന് ഇത് ഇടവരുത്തി. അന്ത്യോഖ്യയിലെ പാത്രിയാർക്കസനത്തിൽ കൽക്കിദോനിയാ സൂനഹദോസ് അനുകൂലികളും കൽക്കിദോനിയാ സൂനഹദോസ് വിരുദ്ധരും ഉണ്ടായിരുന്നു. സേവേറിയോസ് അവിടെ പാത്രിയർക്കീസ് ആയതോടെ കൽക്കിദോൻ വിരുദ്ധ ചേരി ശക്തിയാർജിച്ചു. തുടർന്ന് ചക്രവർത്തി സേവേറിയോസാനെ സ്ഥാനഭ്രഷ്ടനാക്കുകയും നാടുകടത്തുകയും ചെയ്തു. അലക്സാണ്ട്രിയയിലെ കൽക്കിദോൻ വിരുദ്ധർ സേവേറിയോസിനെ പിന്തുണച്ചു. അദ്ദേഹത്തിൻറെ മരണശേഷം അന്ത്യോഖ്യയിലെ കൽക്കിദോൻ വിരുദ്ധർക്ക് നേതാവായി യാക്കൂബ് ബുർദ്ദോനോ സന്യാസിയെ മെത്രാപ്പോലീത്തയായി അലക്സാണ്ട്രിയാ പാത്രിയർക്കീസ് തിയോഡോഷ്യസ് വാഴിച്ചു. തുടർന്ന് യാക്കൂബ് ബുർദ്ദോനോ നിരവധി മെത്രാന്മാര വാഴിക്കുകയും അവർക്കായി സെർജിയോസ് എന്ന പാത്രിയാർക്കീസിനെ വാഴിക്കുകയും ചെയ്തു. ഇവർ സുറിയാനി ഓർത്തഡോക്സ് സഭ എന്ന് പിൽക്കാലത്ത് അറിയപ്പെട്ടു. യാക്കൂബ് ബുർദ്ദോനോയുടെ അതും സ്വീകരിച്ചവർ എന്ന നിലയിൽ യാക്കോബായക്കാർ എന്നാണ് ഇവർ ആദ്യം അറിയപ്പെട്ടിരുന്നത്. ഇവർ പിൽക്കാലത്ത് സുറിയാനി ഓർത്തഡോക്സ് സഭ എന്ന പേര് സ്വീകരിച്ചു. കൽക്കിദോൻ സൂനഹദോസ് അനുകൂലികൾ ചക്രവർത്തിയുടെ ഔദ്യോഗിക അംഗീകാരം ഉള്ളവരായിരുന്നതുകൊണ്ട് മെൽക്കായക്കാർ എന്ന് അറിയപ്പെട്ടു. ഇവർ അന്ത്യോഖ്യൻ ഗ്രീക്ക് ഓർത്തഡോക്സ് സഭ എന്ന് നിലവിൽ അറിയപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. Baum & Winkler 2003, പുറങ്ങൾ. 5, 30.
  2. Meyendorff 1989.
"https://ml.wikipedia.org/w/index.php?title=നെസ്തോറിയൻ_വിവാദം&oldid=3993877" എന്ന താളിൽനിന്ന് ശേഖരിച്ചത്