ദൈവപുത്രൻ
പിതാവായ ദൈവവും യേശുക്രിസ്തുവും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന പദപ്രയോഗമാണ് ദൈവപുത്രൻ അഥവാ പുത്രനാം ദൈവം എന്നത്. മുഖ്യധാരാ ക്രൈസ്തവ വീക്ഷണ പ്രകാരം ദൈവികത്രിത്വത്തിലെ രണ്ടാമനാണ് യേശുക്രിസ്തു. ദൈവം നൽകിയ കല്പന ബോധപൂർവ്വം ലംഘിച്ചതിനാൽ ദൈവിക തേജസ് നഷ്ടപ്പെട്ട മനുഷ്യകുലത്തെ ദൈവികസ്നേഹത്തിലേക്ക് മടക്കിക്കൊണ്ടു വരാൻ ദൈവം വിവിധ കാലഘട്ടങ്ങളിൽ തന്റെ പ്രവാചകന്മാർ മുഖേനേ ശ്രമിച്ചുവെങ്കിലും കഠിനഹൃദയരായിരുന്ന മനുഷ്യരിൽ സ്ഥായിയായ പശ്ചാത്താപം ജനിപ്പിക്കുവാൻ സാധിക്കാതിരുന്നതിനാൽ കാലസമ്പൂർണതയിൽ പുത്രനായ ദൈവം പരിശുദ്ധാത്മശക്തിയാൽ കന്യക മറിയാമിന്റെ പുത്രനായി ബേത്‌ലഹേമിൽ ജനിച്ചുവെന്നതാണ് ക്രിസ്തീയ വിശ്വാസം.
ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു എന്നു തുടങ്ങുന്ന യോഹന്നാന്റെ സുവിശേഷത്തിന്റെ ആമുഖഭാഗത്ത് മനുഷ്യാവതാരം പൂണ്ട ദൈവവചനം അഥവാ ലോഗോസ് എന്ന നിലയിലാണ് യേശുവിനെ പരിചയപ്പെടുത്തുന്നത്.[1] യേശുക്രിസ്തുവിനെ ദൈവപുത്രൻ[2] എന്നും മനുഷ്യപുത്രൻ[3]എന്നും ബൈബിളിൽ വിശേഷിപ്പിച്ചിട്ടുണ്ട്. പാപമൊഴികെ മറ്റെല്ലാ കാര്യത്തിലും യേശു എല്ലാ മനുഷ്യർക്കും തുല്യനെന്നുള്ളതു പോലെ തന്നെ അദ്ദേഹത്തിന്റെ ദൈവത്വത്തെപ്പറ്റിയുള്ള പരാമർശങ്ങളും ബൈബിളിൽ ഉള്ളതായി മുഖ്യധാരാ സഭകളെല്ലാം തന്നെ വിശ്വസിക്കുന്നു. യേശുക്രിസ്തു പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യനും ആയിരുന്നു എന്നതാണ് ക്രൈസ്തവസമൂഹത്തിലെ ഭൂരിപക്ഷവും അംഗീകരിക്കുന്ന വിശ്വാസം. എന്നാൽ ഇതിനെതിരെ ഉള്ള വാദങ്ങളും ആദിമ നൂറ്റാണ്ടുകളിൽ തന്നെ ഉയർന്നു വന്നിട്ടുണ്ട്. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അറിയോസ് എന്ന അലക്സാന്ത്രിയക്കാരനായ വൈദികൻ യേശു പിതാവിനോടു സമനല്ല എന്നും പുത്രൻ പിതാവിന്റെ സൃഷ്ടിയാണെന്നും പഠിപ്പിച്ചു. ക്രി.വ 325-ൽ നിഖ്യായിൽ വെച്ചു കൂടിയ സാർവത്രിക സുന്നഹദോസ് അറിയോസിന്റെ ഉപദേശത്തെ തിരസ്കരിക്കുകയും പുത്രനായ യേശുക്രിസ്തു പിതാവായ ദൈവത്തോടു സമനാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു.[൧]
യേശുക്രിസ്തു പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യനും എന്ന വിശ്വാസത്തിൽ സഭകളെല്ലാം ഉറച്ചു നിന്നെങ്കിലും ദൈവിക-മാനുഷിക സ്വഭാവങ്ങൾ എപ്രകാരം ക്രിസ്തുവിൽ സംയോജിച്ചിരുന്നു എന്നതിനെക്കുറിച്ച് സഭകൾക്കിടയിൽ പല അഭിപ്രായങ്ങളുണ്ടായി. ക്രി. വ 451-ൽ കൂടിയ കൽക്കദോന്യ സുന്നഹദോസ് യേശുവിൽ ഒരേ ആളത്വമെ ഉണ്ടായിരുന്നുവെങ്കിലും രണ്ടു സ്വഭാവങ്ങളുണ്ടായിരുന്നു എന്നു വിധിച്ചു. യേശുവിൽ ദൈവ സ്വഭാവവും മനുഷ്യ സ്വഭാവവും അന്യോന്യം ഇടകലരാതെ വർത്തിച്ചിരുന്നുവെന്നും ഈ സുന്നഹദോസ് വിശദീകരിച്ചു. എന്നാൽ എല്ലാ സഭകളും ഈ തീരുമാനം അംഗീകരിച്ചില്ല. കൽക്കദോന്യ സുന്നഹദോസ് തീരുമാനത്തെ നിരാകരിച്ച സഭകൾ പിന്നീട് ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ എന്ന പേരിൽ അറിയപ്പെട്ടു. ഇന്ന് ആഗോളതലത്തിൽ കത്തോലിക്കാ-ഈസ്റ്റേൺ ഓർത്തഡോക്സ്-പ്രൊട്ടസ്റ്റന്റ് സഭകൾ കൽക്കദോന്യ സുന്നഹദോസിനെ അംഗീകരിക്കുന്നുണ്ട്.[൨] യേശുവിന് ഒരു ആളത്വമെന്നതു പോലെ ഒരു സ്വഭാവം മാത്രമാണ് ഉണ്ടായിരുന്നതെന്നും ഈ സ്വഭാവത്തിൽ ദൈവത്വവും മനുഷ്യത്വവും ഏകകാലത്ത് നിലനിന്നിരുന്നുവെന്നുമാണ് ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ പഠിപ്പിക്കുന്നത്.
എന്നാൽ യഹോവയുടെ സാക്ഷികൾ യേശു ദൈവത്തിന്റെ ആദ്യത്തെ സൃഷ്ടിയാണെന്നും,ദൈവത്തോട് ഒരുപ്രകരത്തിലും തുല്യനല്ലെന്നും വിശ്വസിക്കുന്നു.[4]
കുറിപ്പുകൾ
[തിരുത്തുക]൧ ^ അപ്പോസ്തോലിക സഭകൾ ഉപയോഗിക്കുന്ന നിഖ്യാ വിശ്വാസപ്രമാണത്തിൽ യേശുക്രിസ്തുവിനെ "ദൈവത്തിന്റെ ഏകപുത്രനും സർവ്വലോകങ്ങൾക്കും മുൻപായി പിതാവിൽ നിന്നു ജനിച്ചവനും പ്രകാശത്തിൽ നിന്നുള്ള പ്രകാശവും സത്യദൈവത്തിൽ നിന്നുള്ള സത്യദൈവവും ജനിച്ചവനും സൃഷ്ടിയല്ലാത്തവനും സാരാംശത്തിൽ പിതാവിനോട് ഒന്നായിരിക്കുന്നവനും സകല സൃഷ്ടിക്കും മുഖാന്തരമായവനും" എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
൨ ^ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം ഓറിയന്റൽ ഓർത്തഡോക്സ് സഭകളും കൽക്കദോന്യ സുന്നഹദോസിനെ അംഗീകരിക്കുന്ന ചില സഭകളും തമ്മിൽ നടന്ന അനുരഞ്ജന സംവാദങ്ങളിൽ വിഭാഗീയതക്കിടയാക്കിയത് വിശ്വാസപരമായ ആശയങ്ങളേക്കാളേറേ പദപ്രയോഗങ്ങളിലെ ആശയക്കുഴപ്പങ്ങളാണെന്നുള്ള അഭിപ്രായം ഉയർന്നു വരികയും ചില സംയുക്ത പ്രസ്താവനകളിലൂടെ അന്തരം കുറക്കുവാനുള്ള ശ്രമങ്ങൾക്ക് തുടക്കമിടുകയും ചെയ്തു.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ യോഹന്നാൻ1:1-18
- ↑ മത്തായി14:33, യോഹന്നാൻ 1:49, എബ്രായർ 4:14
- ↑ മത്തായി 12:8, ലൂക്കൊസ് 9:58, മർക്കൊസ് 10:45
- ↑ "Only-begotten". Insight on the Scriptures 2. Watch Tower Bible & Tract Society. 1988. pp. 556–557.