ക്ലെയർവോയിലെ ബെർണർദീനോസ്
പന്ത്രണ്ടാം നൂറ്റാണ്ടിലെ (ജനനം 1090, മരണം 1153 ആഗസ്ത് 20) ഒരു ഫ്രെഞ്ച് ആശ്രമാധിപനും നവീകൃത സിസ്റ്റേഴ്സ്യൻ സമൂഹത്തിന്റെ മുഖ്യസ്ഥാപകനുമാണ് ക്ലെയർവോയിലെ ബെർണർദീനോസ് അഥവാ വിശുദ്ധ ബെർണാർഡ്. പത്തൊൻപതാം വയസ്സിൽ അമ്മയുടെ മരണത്തെ തുടർന്ന് ബെർണദീനോസ് സിസ്റ്റേർഷ്യൻ സഭയിൽ അംഗത്വം നേടി. മൂന്നുവർഷത്തിനു ശേഷം പുതിയതായി കാടുവെട്ടിത്തെളിച്ചുണ്ടാക്കിയ വാൾ ദെ അബ്സിന്തെ എന്ന ഒറ്റപ്പെട്ട പ്രദേശത്ത് ഒരു പുതിയ ആശ്രമം സ്ഥാപിക്കാൻ അദ്ദേഹം നിയുക്തനായി. 1115 ജൂൺ 25-ന് അദ്ദേഹം ഈ ആശ്രമം സ്ഥാപിച്ചെന്നും അതിന് ക്ലെയർവാലി എന്നു പേരിട്ടെന്നും പാരമ്പര്യം പറയുന്നു. കാലക്രമേണ ആ സ്ഥലനാമം 'ക്ലെയർവോ' ആയി പരിണമിക്കുകയും ബെർണാർദിന്റെ പേരുമായി പിൽക്കാലമത്രയും ബന്ധപ്പെട്ടിരിക്കുകയും ചെയ്തു. തുടർന്ന് വിശ്വാസപ്രഘോഷണത്തിലേർപ്പെട്ട അദ്ദേഹം വിശുദ്ധമറിയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചു. [1]
1128-ൽ ട്രോയെസിലെ സഭാസമ്മേളനത്തിൽ സംബന്ധിച്ച ബെർണർദീനോസ് അവിടെ ടെംപ്ലാർ മാടമ്പികൾ(Knights Templar) എന്ന ക്രൈസ്തവരണശൂരസംഘത്തിന്റെ ആശയം അവതരിപ്പിച്ചു. കാലക്രമേണ വളർന്നുവികസിച്ച ഈ സംഘം, ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു വിഭാഗമായി വളർന്നു.
ഛിദ്രം
[തിരുത്തുക]1130 ഫെബ്രുവരി 13-ന് ഹൊണോറിയസ് രണ്ടാമൻ മാർപ്പാപ്പാ മരിച്ചതിനെ തുടർന്ന് കത്തോലിക്കാസഭയിൽ അന്തഃഛിദ്രം മുളപൊട്ടി. ഫ്രാൻസിലെ ആറാം ലൂയീസ് രാജാവ് ഫ്രെഞ്ചു മെത്രാന്മാരെ ഇതാമ്പെസിൽ (Étampes) വിളിച്ചുകൂട്ടി. ഈ സമ്മേളനത്തെ തുടർന്ന്, മാർപ്പാപ്പാപദവിക്കുവേണ്ടിയുള്ള സ്ഥാനാർത്ഥികൾക്കിടയിൽ തീരുമാനമുണ്ടാക്കാനായി നിയോഗിക്കപ്പെട്ട ബെർണർദീനോസ് ഈ വിഷയത്തിൽ ഒന്നാം ഹെൻട്രി രാജാവുമായി ചർച്ച നടത്താനായി ഇംഗ്ലണ്ടിലേക്കു പോയി. ഇതാമ്പെസ് സമ്മേളനം നിർദ്ദേശിച്ച ഇന്നസെന്റ് രണ്ടാമന്റെ സ്ഥാനാർത്ഥിത്വത്തിനു ഹെൻട്രിയുടെ പിന്തുണ നേടുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഇംഗ്ലണ്ടിലെ മെത്രാന്മാരുടെ പിന്തുണ അനാക്ലീറ്റസ് രണ്ടാമനായിരുന്നെങ്കിലും ഇന്നസെന്റ് രണ്ടാമനെ പിന്തുണക്കാൻ ഒടുവിൽ ഇംഗ്ലണ്ടിലെ രാജാവു സമ്മതിച്ചു. ബെർണദീനോസിന്റെ സുഹൃത്തായ സാന്റണിലെ നോർബെർട്ടിന്റെ ഇടപെടൽ മൂലം ഇന്നസെന്റിനെ പിന്തുണക്കാൻ ജർമ്മനി നേരത്തെ സമ്മതിച്ചിരുന്നു. എങ്കിലും ജർമ്മനിയിലെ രണ്ടാം ലോത്തെയർ പ്രഭുവുമായുള്ള തന്റെ കൂടിക്കാഴ്ചയിൽ ബെർണർദീനോസ് കൂടെയുണ്ടാകണമെന്ന് ഇന്നസെന്റ് നിർബ്ബന്ധിച്ചു.
തുടർന്ന് ലോത്തെയർ പ്രഭുക്കന്മാരിൽ ഇന്നസെന്റിന്റെ ഏറ്റവും ശക്തനായ പിന്തുണക്കാരനായെങ്കിലും പിന്നെയും പ്രശ്നങ്ങളുണ്ടായിരുന്നു. ഇതാമ്പെസ്, വുർസ്ബർഗ്, ക്ലെർമോണ്ട്, റീംസ് എന്നിവിടങ്ങളിലെ സഭാസമ്മേളനങ്ങൾ ഇന്നസെന്റിനെ പിന്തുണച്ചെങ്കിലും ക്രൈസ്തവലോകത്തിന്റെ പലമേഖലകളിലും പിന്തുണ അനാക്ലീറ്റസിനായിരുന്നു. 1131 അവസാനമായപ്പോൾ, ഫ്രാൻസ്, ഇംഗ്ലണ്ട്, ജർമ്മനി, സ്പെയിനിലെ കസ്റ്റീൽ, അരഗൺ എന്നിവ ഇംഗ്ലണ്ടിനേയും, ഇറ്റലി, തെക്കൻ ഫ്രാൻസ്, സിസിലി എന്നീ പ്രദേശങ്ങളും, കോൺസ്റ്റാന്റിനോപ്പിൾ, അന്ത്യോഖ്യാ, യെരുശലേം എന്നിവിടങ്ങളിലെ പാത്രിയർക്കീസുമാരും അനാക്ലീറ്റസിനേയും പിന്തുണച്ചു. ഈ പ്രദേശങ്ങളേയും സഭാനേതാക്കളേയും ഇന്നസെന്റിന്റെ ചേരിയിലേക്കു തിരിക്കാൻ ബെർണർദീനോസ് പരിശ്രമിച്ചു. അദ്ദേഹം ആദ്യം സമീപിച്ചത് അഞ്ചെലൂമിലെ ജെരാർദിനെ ആയിരുന്നു. അനാക്ലീറ്റസിനെ പിന്തുണക്കുന്നതിനുള്ള ജെരാർദിന്റെ ന്യായങ്ങൾ ചോദ്യം ചെയ്ത് അദ്ദേഹം 126-ആം കത്ത് എന്നറിയപ്പെടുന്ന സന്ദേശം അയച്ചു. ഈ ഛിദ്രത്തിനിടെ താൻ നേരിട്ടവരിൽ ഏറ്റവും ശക്തൻ ജെരാർദ് ആയിരുന്നെന്ന് ബെർണർദീനോസ് പിന്നീട് പറഞ്ഞിട്ടുണ്ട്. ജെരാർദ്ദിന്റെ പിന്തുണ സമ്പാദിച്ച ശേഷം ബെർണർദീനോസ് ഫ്രാൻസിൽ പോയിറ്റേഴ്സിലെ പ്രഭുവിന്റെ പിന്തുണ നേടാൻ പുറപ്പെട്ടു. അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തുക എളുപ്പമല്ലായിരുന്നു. അതു സാധിക്കാൻ 1135 വരെ വൈകി. തുടർന്ന് ബെർണർദീനോസ് തന്റെ പരിശ്രമം കേന്ദ്രീകരിച്ചത് ഇറ്റലിയിലാണ്. ഇറ്റലിയിലെ പ്രഭുക്കന്മാരുടെ പിന്തുണ സമ്പാദിച്ചു കഴിഞ്ഞപ്പോൾ 1137-ൽ അദ്ദേഹം സിസിലിയിലെ രാജാവിന്റെ പിന്തുണ സമ്പാദിക്കാൻ പുറപ്പെട്ടു. ഇതിനൊക്കെയൊടുവിൽ തർക്കം പരിഹരിക്കപ്പെട്ടത് 1138 ജനുവരി 25-ന് അനാക്ലീറ്റസിന്റെ മരണത്തോടെയാണ്.[2] 1139-ൽ ബെർണർദീനോസ് രണ്ടാം ലാറ്ററൻ സൂനഹദോസിൽ പങ്കെടുത്തു.
വേദവിപരീതം
[തിരുത്തുക]ഇക്കാലത്ത് ബെർണർദീനോസ് ഫ്രെഞ്ചു ചിന്തകൻ പീറ്റർ അബെലാർഡിന്റെ സിദ്ധാന്തങ്ങളെക്കുറിച്ച് മാർപ്പാപ്പയോടു പരാതിപ്പെട്ടു. തുടർന്ന്, ഈ വിഷയം പരിഗണിക്കാൻ മാർപ്പാപ്പ 1141-ൽ സെൻസിലെ സഭാസമ്മേളനം വിളിച്ചു കൂട്ടി. 1145-ൽ ബെർണർദീനോസിന്റെ ശിഷ്യന്മാരിൽ ഒരാളായ യൂജീൻ മൂന്നാമാൻ മാർപ്പാപ്പാ പദവിയിലെത്തി. നേരത്തെ സഭയിലെ ഛിദ്രത്തെ നേരിടുന്നതിൽ വ്യാപൃതനായിരുന്ന ബെർണർദീനോസ് പിൽക്കാലത്തെ വേദവ്യതിചലനങ്ങളെ നേരിടുന്നതിൽ മുഴുകി. 1145-ൽ തെക്കൻ ഫ്രാൻസിലേക്കു പോയ അദ്ദേഹം അവിടെ കാത്താറിസം എന്ന പേരിൽ പ്രചരിച്ചിരുന്ന വിമതവിശ്വാസത്തെ നേരിട്ടു.
കുരിശുയുദ്ധം, മരണം
[തിരുത്തുക]എദേസായുടെ ഉപരോധത്തിൽ പാശ്ചാത്യക്രൈസ്തവസഖ്യത്തിനു നേരിട്ട പരാജയത്തെ തുടർന്ന് മാർപ്പാപ്പാ ബെർണർദീനോസിനെ രണ്ടാം കുരിശുയുദ്ധം പ്രഘോഷിക്കാൻ നിയോഗിച്ചു. കുരിശുയുദ്ധത്തിന്റെ പരജയത്തെ തുടർന്ന് അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ബെർണ്ണർദീനോസിൽ ചുമത്തപ്പെട്ടതിനാൽ അദ്ദേഹത്തിന്റെ ജീവിതാന്ത്യം ദുഃഖപൂർണ്ണമായി. 40 വർഷത്തെ സന്യാസജീവിതത്തിനു ശേഷം 63-ആമത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു. സിസിറ്റേർഷ്യൻ സന്യാസികളിൽ വിശുദ്ധപദവിയിലെത്തിയ ആദ്യത്തെ വ്യക്തിയാണ് അദ്ദെഹം. 1174 ജനുവരി 18-ന് അലക്സാണ്ടർ മൂന്നാമൻ മാർപ്പാപ്പയാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചത്. 1830-ൽ പീയൂസ് എട്ടാമാൻ മാർപ്പാപ്പ അദ്ദേഹത്തെ വേദപാരംഗതൻ (Doctor of the Church) ആയി പ്രഖ്യാപിച്ചു.
അവലംബം
[തിരുത്തുക]- ↑ Smith, William (2010). Catholic Church Milestones: People and Events That Shaped the Institutional Church. Indianapolis: Left Coast. p. 32. ISBN 978-1-60844-821-0.
- ↑ St. Bernard of Clairveaux by Msgr. Leon Cristiani c 1970
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- ക്ലെയർവോയിലെ ബെർണർദീനോസ് എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
- Works by or about Bernard of Clairvaux at Internet Archive
- ക്ലെയർവോയിലെ ബെർണർദീനോസ് public domain audiobooks from LibriVox
- "St. Bernard, Abbot", Butler's Lives of the Saints
- Opera omnia Sancti Bernardi Claraevallensis his complete works, in Latin
- Audio on the life of St. Bernard of Clairvaux from waysideaudio.com
- Database with all known medieval representations of Bernard
- Saint Bernard of Clairvaux at the Christian Iconography web site.
- "Here Followeth the Life of St. Bernard, the Mellifluous Doctor" from the Caxton translation of the Golden Legend
- "Two Accounts of the Early Career of St. Bernard" Archived 2014-10-17 at the Wayback Machine. by William of Thierry and Arnold of Bonneval
- Saint Bernard of Clairvaux Abbot, Doctor of the Church-1153 Archived 2014-04-08 at the Wayback Machine. at EWTN Global Catholic Network
- Colonnade Statue St Peter's Square
- Lewis E 26 De consideratione (On Consideration) at OPenn
- MS 484/11 Super cantica canticorum at OPenn
- Commons link from Wikidata
- Portal-inline template with redlinked portals
- Pages with empty portal template
- Articles with BNC identifiers
- Articles with BNE identifiers
- Articles with BNMM identifiers
- Articles with KBR identifiers
- Articles with NLK identifiers
- Articles with NSK identifiers
- Articles with PortugalA identifiers
- Articles with KULTURNAV identifiers
- Articles with MusicBrainz identifiers
- Articles with ULAN identifiers
- Articles with RISM identifiers
- 1090-കളിൽ ജനിച്ചവർ
- ഓഗസ്റ്റ് 20-ന് മരിച്ചവർ
- 1153-ൽ മരിച്ചവർ