Jump to content

സുവിശേഷങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gospel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യേശുക്രിസ്തുവിന്റെ ജീവിതകഥയും പ്രബോധനങ്ങളും രേഖപ്പെടുത്തിയിരിക്കുന്ന ഗ്രന്ഥങ്ങളാണ് സുവിശേഷങ്ങൾ (ഇംഗ്ലീഷ്: Gospel,Good news) (ഗ്രീക്ക്: εὐαγγέλιον,യുവാൻഗേലിയോൻ). മാനവരാശിക്ക് ദൈവം നൽകുന്ന രക്ഷയുടെ സദ്‌വാർത്ത ഉൾക്കൊള്ളുന്നു എന്ന വിശ്വാസമാണ് ഈ ഗ്രന്ഥങ്ങൾ സുവിശേഷങ്ങൾ എന്ന പേരിൽ അറിയപ്പെടാൻ ഇടയാക്കിയത്.[1] മത്തായി, മർക്കോസ്, ലൂക്കോസ്(ലൂക്കാ), യോഹന്നാൻ എന്നിവരുടെ പേരുകളിൽ അറിയപ്പെടുന്ന സുവിശേഷങ്ങൾ മാത്രമേ ക്രൈസ്തവ സഭകൾ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളൂ. പുതിയനിയമത്തിലെ ആദ്യ നാലു പുസ്തകങ്ങളായി ചേർത്തിരിക്കുന്ന ഈ രചനകൾ കാനോനിക സുവിശേഷങ്ങൾ എന്നറിയപ്പെടുന്നു. ക്രി.വ. 40-നും 95-നും ഇടയ്ക്കുള്ള കാലത്താണ് ഇവയുടെ രചന നടന്നതെന്ന് വിശ്വസിക്കപ്പെടുന്നു.

സുവിശേഷരചനയുടെ സാഹചര്യം

[തിരുത്തുക]

ക്രൈസ്തവസഭയുടെ ആദിമഘട്ടത്തിൽ , ഏകദേശം മുപ്പതാണ്ടുകളോളം സുവിശേഷങ്ങളുടെ രചന നടത്തുവാൻ ആരും പരിശ്രമിച്ചിരുന്നില്ല. യേശുവിനെപ്പറ്റിയും അദ്ദേഹത്തിന്റെ ഉപദേശങ്ങളെപ്പറ്റിയും എഴുതി പ്രചരിപ്പിക്കുന്നതിനേക്കാൾ പ്രഘോഷണങ്ങളിലൂടെ കഴിയുന്നിടത്തോളം ജനങ്ങളെ അറിയിക്കുവാനാണ് അപ്പോസ്തോലന്മാരടക്കമുള്ള ക്രിസ്തുശിഷ്യർ ഉത്സാഹിച്ചിരുന്നതെന്നാണ് ഇതിനൊരു പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.[൧] ക്രിസ്തുവിന്റെ രണ്ടാമത്തെ വരവ് ഉടനെ തന്നെ ഉണ്ടാകുമെന്ന പ്രതീക്ഷയും സുവിശേഷം അടുത്ത തലമുറകൾക്കായി രേഖപ്പെടുത്തിവെക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ആദിമസഭാപിതാക്കന്മാരെ അധികം ഉത്കണ്ഠാകുലരാക്കിയില്ല എന്നും അനുമാനിക്കുന്നുണ്ട്. കാരണം എന്തായാലും 'അപ്പോസ്തോലന്മാരുടെ ഉപദേശം കേട്ട്' സുവിശേഷം ഗ്രഹിക്കുന്ന പതിവായിരുന്നു ആദ്യകാലത്ത് സഭയിൽ നിലവിലിരുന്നതെന്ന് നടപടിപുസ്തകത്തിൽ നിന്നും പുതിയനിയമ ലേഖനങ്ങളിൽ നിന്നും മനസ്സിലാക്കുവാൻ സാധിക്കും.

എന്നാൽ ക്രിസ്തുവിന്റെ സഹചാരികളും പ്രവർത്തനങ്ങൾക്ക് ദൃക്‌സാക്ഷികളുമായിരുന്ന അപ്പോസ്തോലന്മാരുടെ കാലം കടന്നു പോവാറായപ്പോഴേക്കും സുവിശേഷം രേഖപ്പെടുത്തി വെയ്ക്കണമെന്ന ആഗ്രഹം സഭാപിതാക്കന്മാരുടെ ഇടയിൽ സംജാതമായി. മാത്രമല്ല, സഭ കൂടുതൽ പ്രദേശങ്ങളിലേക്ക് വളർന്നപ്പോൾ എല്ലായിടത്തും എത്തിച്ചേർന്ന് സുവിശേഷം പ്രസംഗിക്കുവാൻ അപ്പോസ്തോലന്മാർക്കും പ്രയാസം നേരിട്ടു. ഇതോടൊപ്പം ക്രിസ്തുവിന്റെ പുനരാഗമനം പ്രതീക്ഷിച്ചതു പോലെ ആസന്നമായിരിക്കില്ല എന്നുള്ള ചിന്തയും ഉയർന്നു വന്നു. ഇതൊക്കെയാണ് സുവിശേഷങ്ങൾ രചിക്കപ്പെടുവാനുള്ള കാരണങ്ങൾ.[2] അപ്പോസ്തോലന്മാരുടെ ഓർമ്മക്കുറിപ്പുകളോ സമൂഹത്തിന്റെ വിശ്വാസസംഹിതകളോ ആയിട്ടാണ് സുവിശേഷങ്ങൾ രചിക്കപ്പെട്ടത്. ലൂക്കാ എഴുതിയ സുവിശേഷത്തിന്റെ ആമുഖഭാഗത്ത് 'ആദിമുതൽ കണ്ട സാക്ഷികളും വചനത്തിന്റെ ശുശ്രൂഷകന്മാരുമായവർ നമ്മെ ഭരമേല്പിച്ചതു പോലെ നമ്മുടെ ഇടയിൽ പ്രമാണിച്ചു വരുന്ന കാര്യങ്ങളെ ക്രമമായി എഴുതുവാനുള്ള' ശ്രമമാണ് തന്റേതെന്നു ഗ്രന്ഥകാരൻ സൂചിപ്പിച്ചിരിക്കുന്നു.

സുവിശേഷങ്ങളുടെ താരതമ്യം

[തിരുത്തുക]

യേശുവിന്റെ പീഡാസഹനങ്ങളും മരണവും ഉത്ഥാനവും എല്ലാ സുവിശേഷങ്ങളിലെയും കേന്ദ്ര സംഭവങ്ങളാണ്. മത്തായിയും ലൂക്കോസും ഇതോടൊപ്പം യേശുവിന്റെ ബാല്യകാല വിവരണവും കൂട്ടിച്ചേർത്തിരിക്കുന്നു.

ഒരേ വ്യക്തിയുടെ ജീവിതവുമായി ബന്ധപ്പെട്ട ഈ ഗ്രന്ഥങ്ങൾ തമ്മിൽ പരസ്പര ബന്ധവും സാമ്യങ്ങളുമുണ്ടെങ്കിലും അനേകം വ്യത്യാസങ്ങളും പ്രകടമാണ്. സാമ്യങ്ങൾ ഏറെയുള്ളത് ആദ്യത്തെ മൂന്ന് സുവിശേഷങ്ങളായ മത്തായി, മർക്കോസ്, ലൂക്കോസ് എന്നിവ തമ്മിലാണ് . യേശുവിന്റെ ജീവിതത്തിലെ സംഭവങ്ങളെ ഒരേ വിധത്തിലും ക്രമത്തിലും അവതരിപ്പിച്ചിട്ടുള്ള ഈ സുവിശേഷങ്ങളെ സമവീക്ഷണസുവിശേഷങ്ങൾ എന്നു വിളിക്കുന്നു. മൂന്നു സമാന്തര കോളങ്ങളിലായി ഇവയെ ചേർത്തു വെച്ച് ശ്രദ്ധിച്ചാൽ ഇവയുടെ ഉള്ളടക്കം ഒരേ ദിശയിൽ മുന്നേറുന്നതായി കാണാം. അതിനാൽ ഈ സുവിശേഷങ്ങളെ സമാന്തരസുവിശേഷങ്ങൾ എന്നും വിശേഷിപ്പിക്കാറുണ്ട്.

എന്നാൽ നാലാമത്തെ സുവിശേഷമായ യോഹന്നാൻ എഴുതിയ സുവിശേഷം ഘടനയിലും അവതരണത്തിലും വേറിട്ട് നിൽക്കുന്നു. വചനം മാംസരൂപം ധരിച്ചതിനെ സംബന്ധിച്ച പ്രതിപാദനത്തോടെ ആരംഭിക്കുന്ന ഈ സുവിശേഷത്തിൽ സമാന്തരസുവിശേഷങ്ങളിൽ നിന്ന് പ്രകടമായ ചില വ്യത്യാസങ്ങൾ ദർശിക്കാവുന്നതാണ്.

  • 'അത്ഭുതങ്ങളാലും' 'വീര്യപ്രവർത്തികളാലും' സമൃദ്ധങ്ങളാണ് സമാന്തരസുവിശേഷങ്ങൾ എങ്കിൽ ഈ സുവിശേഷത്തിൽ ഗ്രന്ഥകാരൻ അവയിൽ ഏഴെണ്ണം മാത്രം തിരഞ്ഞെടുത്ത് അവയെ 'അടയാളങ്ങളായി' അവതരിപ്പിക്കുന്നു. ഈ അടയാളങ്ങൾ വഴിയായി യേശുവിന് ജീവന്റെ അപ്പം, ലോകത്തിന്റെ പ്രകാശം, പുനരുത്ഥാനവും ജീവനും തുടങ്ങിയ രീതിയിലുള്ള വിശേഷണങ്ങൾ നൽകുവാൻ ഗ്രന്ഥകാരൻ ശ്രദ്ധിക്കുന്നുണ്ട്.
  • സമാന്തരസുവിശേഷങ്ങളിൽ പല വ്യക്തികളിൽ നിന്നും ഭൂതങ്ങളെ പുറത്താക്കുന്ന വിവരണങ്ങളുണ്ടെങ്കിലും യോഹന്നാന്റെ സുവിശേഷത്തിൽ ഭൂതോച്ചാടന സംഭവങ്ങൾ ഒന്നു പോലും പരാമർശിക്കുപ്പെടുന്നില്ല.
  • യേശുവിന്റെ പ്രബോധനശൈലിയുടെ പ്രത്യേകതയായി സമാന്തരസുവിശേഷങ്ങളിൽ ദർശിക്കാവുന്ന ഉപമകളും അവയുടെ വിശദീകരണങ്ങളും ഈ സുവിശേഷത്തിൽ കാണപ്പെടുന്നില്ല. എന്നാൽ അത്ഭുതങ്ങളെത്തുടർന്നുള്ള ദൈവശാസ്ത്രപരമായ ദീർഘമായ പ്രഭാഷണം ഈ സുവിശേഷത്തിന്റെ ഒരു പ്രത്യേകതയാണ്. ഉദാഹരണത്തിന് അഞ്ചപ്പം കൊണ്ട് അയ്യായിരത്തോളം പേരെ തൃപ്തിപ്പെടുത്തിയ സംഭവത്തിനു ശേഷമുള്ള യേശുവിന്റെ സാമാന്യം ദീർഘമായൊരു ഭാഷണം(6:32-65) ഗ്രന്ഥകാരൻ രേഖപ്പെടുത്തിയിരിക്കുന്നു

കുറിപ്പുകൾ

[തിരുത്തുക]

൧.^ പുതിയനിയമത്തിൽ ആദ്യമായി എഴുതപ്പെട്ട കൃതികളായ പൗലോസിന്റെ ലേഖനങ്ങളുടെ തന്നെ രചനക്ക് കാരണമായത് അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്ന സഭകളിൽ അപ്രതീക്ഷിതമായി ഉടലെടുത്ത ഭിന്നതകൾ, വ്യാജോപദേശങ്ങൾ, ദുരാചാരങ്ങൾ തുടങ്ങിയവ ഉയർത്തിയ പ്രതിസന്ധികളായിരുന്നു.

അവലംബം

[തിരുത്തുക]
  1. ആമുഖം, സുവിശേഷ സമാന്തരങ്ങൾ, മേരിമാതാ പബ്ലിക്കേഷൻസ്, തൃശൂർ, ഡിസംബർ 2007
  2. പ്രകാശത്തിലേക്ക്, ഫാ.റ്റി.ജെ.ജോഷ്വാ, ദിവ്യബോധനം പബ്ലിക്കേഷൻസ്, കോട്ടയം, മേയ് 2005

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സുവിശേഷങ്ങൾ&oldid=3864088" എന്ന താളിൽനിന്ന് ശേഖരിച്ചത്