Jump to content

ജോൺ ഡൺസ് സ്കോട്ടസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Duns Scotus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജോൺ ഡൺസ് സ്കോട്ടസ്
ജോൺ ഡൺസ് സ്കോട്ടസ്
ജനനംc. 1265
Duns, Berwickshire, Scotland
മരണം8 November 1308
Cologne, Germany
കാലഘട്ടംMedieval Philosophy
പ്രദേശംWestern Philosophers
ചിന്താധാരScholasticism
പ്രധാന താത്പര്യങ്ങൾMetaphysics, Theology, Logic, Epistemology, Ethics
ശ്രദ്ധേയമായ ആശയങ്ങൾUnivocity of being, Haecceity as a principle of individuation, Immaculate conception of Virgin Mary
സ്വാധീനിച്ചവർ
സ്വാധീനിക്കപ്പെട്ടവർ

മധ്യകാലഘട്ടത്തിലെ സ്കോട്ടിഷ് ദൈവശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായിരുന്നു ജോൺ ഡൺസ് സ്കോട്ടസ് (സുമാർ 1265 – നവബർ 8, 1308). വിശ്വാസത്തിന്റെ അടിസ്ഥാനം ദൈവവെളിപാടും സഭയുടെ പ്രബോധനവുമാണെന്നും വിശ്വാസത്തെ യുക്തിയിലൂടെ സ്ഥാപിക്കാനുള്ള അക്വീനാസിനെപ്പോലുള്ളവരുടെ ശ്രമം വ്യർത്ഥവും അപകടകരവുമാണെന്നും കരുതിയ അദ്ദേഹം യുക്തിക്കും വിശ്വാസത്തിനുമിടയിൽ മദ്ധ്യകാലക്രിസ്തീയത വികസിപ്പിച്ചെടുത്തിരുന്ന സമന്വയത്തിന്റെ (Medieval Synthesis) തകർച്ചക്കു വഴിതുറന്നവരിൽ പ്രധാനിയാണ്.[1]

അക്വീനാസിനും ഓക്കമിലെ വില്യമിനുമൊപ്പം ഉത്തുഗമദ്ധ്യയുഗത്തിലെ (high middle age) മൂന്നു പ്രധാന ചിന്തകന്മാരിൽ ഒരാളായി ഡൺസ് സ്കോട്ടസ് കരുതപ്പെടുന്നു. അതിസൂക്ഷ്മ ഗുണങ്ങളിൽ വളരെയധികം താത്പര്യം പ്രകടിപ്പിച്ചിരുന്ന ഇദ്ദേഹം സൂക്ഷ്മദൃക്കായ വേദപാരംഗതൻ(Doctor subtilis) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അമലോത്ഭവസിദ്ധാന്തത്തിന്റെ പ്രധാന വക്താവായ ഇദ്ദേഹത്തിന് മരിയൻ വേദപാരംഗതൻ എന്നപേരും ഉണ്ടായിരുന്നു.

വിദ്യാഭ്യാസവും ഉദ്ദ്യോഗവും[തിരുത്തുക]

സ്കോട്ട്ലൻഡിലെ ബെർവിക്ഷെയറിലെ ഡൺസിൽ (Duns) ജനിച്ച ഇദ്ദേഹം പതിനഞ്ചാമത്തെ വയസ്സിൽ ഫ്രാൻസിസ്കൻ സഭയിൽ അംഗമായി; 1291-ൽ വൈദികപ്പട്ടം ലഭിച്ചു. 1293 മുതൽ 1296 വരെ പാരിസിൽ പഠനം നടത്തിയ ഇദ്ദേഹം പിന്നീട് ഇംഗ്ലണ്ടിലേക്കു മടങ്ങുകയും ഓക്സ്ഫോഡിൽ പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു. ഇതിനു ശേഷം പാരിസിൽ അധ്യാപനം നടത്തിയ ഇദ്ദേഹം 1303 ജൂണിൽ അവിടെ നിന്ന് പുറത്താക്കപ്പെട്ടു. ഫ്രാൻസിലെ രാജാവായ ഫിലിപ്പ് നാലാമന് എതിരായി പോപ് ബോണിഫേസ് എട്ടാമനെ പിന്തുണച്ച കാരണത്താലാണ് ഇദ്ദേഹത്തെ നാടു കടത്തിയത്. 1304 മുതൽ ഇദ്ദേഹം വീണ്ടും പാരിസിൽ അധ്യാപനം ആരംഭിക്കുകയും 1305-ൽ റീജന്റ് മാസ്റ്റർ ആവുകയും ചെയ്തു. 1307-ൽ ഇദ്ദേഹത്തിന് കൊളോണിലേക്ക് സ്ഥലം മാറ്റം ലഭിച്ചു.

പ്രധാനകൃതികൾ[തിരുത്തുക]

സ്കോട്ടസിന്റെ പ്രമാണങ്ങളെക്കുറിച്ച് ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നു. വ്യാകരണം, തർക്കശാസ്ത്രം, ആത്മീയവാദം, ദൈവശാസ്ത്രം എന്നിവയെക്കുറിച്ചെല്ലാം ഉള്ള ഇദ്ദേഹത്തിന്റെ വീക്ഷണങ്ങൾ ശിഷ്യന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ അവരുടെ അഭിപ്രായങ്ങളും കലർന്നിരിക്കാൻ ഇടയുണ്ട്. സ്കോട്ടസ്സിന്റേത് എന്നു കരുതിയിരുന്ന ചില കൃതികൾ അദ്ദേഹത്തിന്റേതല്ല എന്ന് പിന്നീട് തെളിഞ്ഞിട്ടുണ്ട്.

 • ഓപസ് ഒക്സൊനിയൻസ് (Opus Oxoniense)
 • റിപൊർട്ടാറ്റ പരിസിയൻസിയ (Reportata Parisiensia)
 • പീറ്റർ ലൊമ്പാർഡിന്റെ (Peter Lombard) സെന്റൻസസ് (Sentences) നെക്കുറിച്ചുള്ള വീക്ഷണങ്ങൾ
 • ക്വേസ്റ്റിയനെസ് ക്വഡ്ലിബെറ്റലെസ് (Quaestiones Quadlibetales)
 • ഡിപ്രിമൊ പ്രിൻസിപിയൊ (Deprimo Principio) എന്നിവയാണ്

സ്കോട്ട്സിന്റെ പ്രധാന കൃതികൾ. അരിസ്റ്റോട്ടലിന്റെ തർക്കശാസ്ത്രത്തെ സംബന്ധിച്ചും സ്കോട്ടസ് നിരവധി കൃതികൾ രചിച്ചിട്ടുണ്ട്.

 • ക്വേസ്റ്റിയനെസ് ഇൻ ലിബ്രൊസ് അരിസ്റ്റൊറ്റെലിസ് ദ അനിമ (Quaestiones in libros Aristotelis De Anima)
 • കൊളെഷ്യനെസ് ഒക്സൊനിയൻസെസ് (Collationes Oxonienses)
 • കൊളെഷ്യനെസ് പരിസിയെൻസസ് (Collationes Parisienses)
 • ക്വേസ്റ്റിയനെസ് സബ്റ്റിലിസ്സിമെ ഇൻ മെറ്റഫിസികം അരിസ്റ്റോറ്റെലിസ് (Quaestiones Subtillissimae in metaphysicam Aristotelis)

എന്നിവ സ്കോട്ടസിന്റെ പ്രധാനകൃതികളിൽ ഉൾപ്പെടുന്നു.

ഫ്രാൻസിസ്കൻ ചിന്തകൻ[തിരുത്തുക]

യുക്തി ഉപയോഗിച്ച് ദൈവാസ്തിത്വത്തെ തെളിയിക്കാനും ദൈവസ്വഭാവത്തെ നിർവചിക്കാനുമുള്ള അക്വീനാസിനെപ്പോലുള്ള സ്കൊളാസ്റ്റിക് ചിന്തകന്മാരുടെ ശ്രമം അപകടമരമായ വൈരുദ്ധ്യങ്ങളിലെക്കു നയിക്കുമെന്നു കരുതിയ ഡൺ സ്കോട്ടസ്, ദൈവത്തെ സ്നേഹിക്കനല്ലാതെ ദൈവം എന്താണെന്നറിയാൻ മനുഷ്യനു കഴിയില്ലെന്നു വാദിച്ചു. ദൈവത്തെ അറിയുന്നതിനേക്കാൾ പ്രധാനം സ്നേഹിക്കുന്നതാണെന്നും അദ്ദേഹം കരുതി. ദൈവികപദ്ധതികളെ മനുഷ്യയുക്തിയുടെ മാനദണ്ഡങ്ങൾ ഉപയോഗിച്ചു മനസ്സിലാക്കാൻ ശ്രമിക്കുന്നതിനെ അദ്ദേഹം എതിർത്തു. ഉദാഹരണമായി, മനുഷ്യന്റെ രക്ഷയ്ക്ക്, സാദ്ധ്യമായതിൽ ഏറ്റവും നല്ല മാർഗ്ഗം ദൈവപുത്രന്റെ മനുഷ്യാവതാരവും കുരിശുമരണവും ആയിരുന്നതിനാൽ ദൈവം മനുഷ്യനായി അവതരിച്ചു എന്ന അക്വീനാസിന്റെ വാദം, ദൈവത്തിന്റെ അളവില്ലാത്ത ശക്തിക്കും ദൈവസ്വാതന്ത്ര്യത്തിനു തന്നെയും പരിമിതി കല്പിക്കുന്നതായി സ്കോട്ടസ് കരുതി. മനുഷ്യരക്ഷയ്ക്ക് ദൈവം തെരഞ്ഞെടുക്കാൻ തിരുമനസായ വഴി തന്റെ പുത്രന്റെ മനുഷ്യാവതാരം ആയിരുന്നു എന്നതിലപ്പുറം എന്തെങ്കിലും പറയാൻ മനുഷ്യനു കഴിവില്ല.[2] അക്വിനാസിന്റെ വീക്ഷണത്തിൽ ഭൌതിക വസ്തുക്കളുടെ സത്തയാണ് ധിഷണയുടെ ആധാരം. എന്നാൽ മനുഷ്യധിഷണയുടെ വിഷയം അസ്തിത്വം തന്നെയാണ് എന്നാണ് സ്കോട്ടസിന്റെ വാദം. പദാർഥവും രൂപവും ഭൌതികവസ്തുക്കളുടെ പ്രധാന തത്ത്വങ്ങളാണ് എന്ന സിദ്ധാന്തത്തെ സ്കോട്ടസ് അംഗീകരിക്കുന്നു. രൂപത്തിൽ നിന്ന് വ്യത്യസ്തമായി പദാർഥത്തിന് അതിന്റേതായ ഒരു ധർമമുണ്ടെന്നും സ്കോട്ടസ് അഭിപ്രായപ്പെടുന്നു.

അഗസ്റ്റിനിയനിസ (Augustinianism) വും തോമിസവും (Thomism) സംയോജിപ്പിച്ച് അതിവിശിഷ്ടമായ ഒരു വീക്ഷണം രൂപീകരിക്കുവാനും ഇദ്ദേഹം പരിശ്രമിച്ചു. ഈ രണ്ടു രീതികളുടെയും കുറ്റങ്ങളും കുറവുകളും ഇല്ലാതാക്കുവാനും ഇദ്ദേഹം ശ്രമിക്കുകയുണ്ടായി. അതിനാൽ ഇദ്ദേഹത്തിന്റെ കൃതികളിൽ അഗസ്റ്റിനിയൻ സിദ്ധാന്തങ്ങളുടെയും തോമിസ്റ്റിക് സിദ്ധാന്തങ്ങളുടെയും വിമർശനങ്ങൾ ദൃശ്യമാണ്.

ഫ്രാൻസിസ്കൻ തത്ത്വചിന്തയുടെയും വേദാന്തത്തിന്റെയും പ്രധാന വക്താവ് സ്കോട്ടസ് ആണ്. സെന്റ് തോമസ് അക്വിനാസ് ഡോമിനിക്കൻ വീക്ഷണത്തെ എന്ന പോലെ സ്കോട്ടസ് ഫ്രാൻസിസ്കൻ വീക്ഷണത്തെ പ്രതിനിധീകരിക്കുന്നു. തുടർന്നു വന്ന നൂറ്റാണ്ടുകളിൽ ഫ്രാൻസിസ്കന്മാരും ഡൊമിനിക്കന്മാരും അവരുടെ ദാർശനികയുദ്ധങ്ങൾ നടത്തിയത് ഈ രണ്ടു ചിന്തകന്മാരെ മുൻനിർത്തി ആയിരുന്നു.

ശരീരവും ആത്മാവും[തിരുത്തുക]

മനുഷ്യനിൽ രണ്ടു രൂപങ്ങൾ ഉള്ളതായി സ്കോട്ടസ് വിശ്വസിച്ചു; ശരീരവും ആത്മാവും. ആത്മാവിനെ ഉൾക്കൊള്ളുന്ന ഉപാധിയാണ് ശരീരം. ആത്മാവ് വിടവാങ്ങിയാലും ശരീരം അവശേഷിക്കും. ധിഷണയെയും ഇച്ഛാശക്തിയെയും ആത്മാവിൽ നിന്ന് വ്യത്യസ്തമായി കാണുവാൻ സ്കോട്ടസ് വിസമ്മതിക്കുന്നു. ആത്മാവും വ്യത്യസ്ത കഴിവുകളും തമ്മിലും, കഴിവുകൾ തമ്മിൽ തന്നെയും ഔപചാരികമായ വേർതിരിവ് മാത്രമേ ഉള്ളുവെന്ന് സ്കോട്ടസ് വാദിക്കുന്നു. ആത്മാവിന്റെ അനശ്വരതയെ വിശ്വാസത്തിലൂടെ മാത്രമേ അറിയാൻ കഴിയുകയുള്ളൂ എന്നും ഇത് മറ്റു രീതിയിൽ തെളിയിക്കുവാൻ സാധിക്കുകയില്ലെന്നുമാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.

നന്മയും കർത്തവ്യ നിർവഹണവും[തിരുത്തുക]

പരമോന്നതമായ നന്മയും കർത്തവ്യ നിർവഹണവും ആയി ബന്ധപ്പെടുത്തുമ്പോൾ മാത്രമേ നന്മയ്ക്കും കർത്തവ്യനിർവഹണത്തിനും അർഥം കൈവരുകയുള്ളൂ എന്ന് സ്കോട്ടസ് വിശ്വസിച്ചു. സൂക്ഷ്മമായി പരിശോധിച്ചാൽ പത്ത് കല്പനകളിൽ ദൈവത്തോടുള്ള കടമകളെക്കുറിച്ച് പറയുന്നത് മാത്രമാണ് സ്വാഭാവികനിയമമെന്ന് സ്കോട്ടസ് പറഞ്ഞു.

സ്കോട്ടസിന്റെ സിദ്ധാന്തത്തിന്റെ പ്രധാന ആശയം ദൈവത്തെ സ്നേഹമായി സങ്കല്പിക്കുന്നതാണ്. സൃഷ്ടികർമം തന്നെ ദൈവത്തിന്റെ സ്നേഹത്തിന്റെ പ്രഭാവമാണ്. ജീവികൾ അവനെ സ്നേഹിക്കുവാനായി അവൻ തന്റെ നന്മ പങ്കു വയ്ക്കുന്നു. സ്കോട്ടസ് ധിഷണയെക്കാൾ പ്രാധാന്യം ഇച്ഛാശക്തിക്ക് നൽകിയിരിക്കുന്നു. ദൈവസ്നേഹത്തിലൂടെ മാത്രമേ ആനന്ദം ലഭിക്കുകയുള്ളൂ. വിശ്വത്തിന്റെ ആദിയും മധ്യവും അന്ത്യവും എല്ലാം ക്രിസ്തുവാണ്; അവൻ മനുഷ്യനായും ദൈവമായും വർത്തിക്കുന്നു എന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടിട്ടുള്ളത്.

അന്ത്യം[തിരുത്തുക]

കൊളോണിൽ 1308 നവംബർ. 8-ന് ഇദ്ദേഹം അന്തരിച്ചു. ഭൗതിക ശരീരം കൊളോണിലെ ഫ്രാൻസിസ്കൻ ദേവാലയത്തിൽ അടക്കം ചെയ്തു. ഫ്രാൻസിസ്കൻ സഭയിൽ സ്കോട്ടസ്സിന് വിശുദ്ധന്റെ സ്ഥാനമാണുള്ളത്. എന്നാൽ ഇത് പരക്കെ അംഗീകരിക്കപ്പെട്ടിട്ടില്ല.

നുറുങ്ങുകൾ[തിരുത്തുക]

വിശ്വാസത്തെ യുക്തിയിൽ നിന്നു വിഛേദിച്ച സ്കോട്ടസിന്റെ അനുയായികൾക്ക് പിൽക്കാലത്തു ലഭിച്ച കുപ്രസിദ്ധി, അദ്ദേഹത്തിന്റെ പേരിനെപ്പോലും വെറുതേ വിട്ടില്ല. പതിനാറാം നൂറ്റാണ്ടു മുതൽ 'ഡൺസ്"(dunce) എന്ന വാക്ക് ഇംഗ്ലീഷ് ഭാഷയിൽ മന്ദബുദ്ധിയായ താർക്കികൻ (dull sophist) എന്നതിന്റെ പര്യായപദം തന്നെയായി.[1]

അവലംബം[തിരുത്തുക]

 1. 1.0 1.1 വിൽ ഡുറാന്റ്, വിശ്വാസത്തിന്റെ യുഗം സംസ്കാരത്തിന്റെ കഥ (നാലാം ഭാഗം - പുറങ്ങൾ 980=81)
 2. എ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി, കെന്നത്ത് സ്കോട്ട് ലട്ടൂറെറ്റ് (പുറങ്ങൾ 514-17)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡൺസ് സ്കോട്ടസ്, ജോൺ (1265/1266-1308) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ജോൺ_ഡൺസ്_സ്കോട്ടസ്&oldid=3660085" എന്ന താളിൽനിന്ന് ശേഖരിച്ചത്