Jump to content

കാത്താറിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൊതുവർഷം പതിനൊന്നാം നൂറ്റാണ്ടിൽ ദക്ഷിണഫ്രാൻസിലെ ലാങ്ഡോക് പ്രദേശത്തും യൂറോപ്പിന്റെ മറ്റു ചില ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ട്, പന്ത്രണ്ടാം നൂറ്റാണ്ടിലും പതിമൂന്നാം നൂറ്റാണ്ടിന്റെ ആരംഭദശകങ്ങളിലും പുഷ്ടിപ്രാപിച്ച ഒരു ക്രിസ്തീയ വിമത മുന്നേറ്റമായിരുന്നു കാത്താറിസം. തെക്കൻ ഫ്രാൻസിൽ ഇവരുടെ ശക്തികേന്ദ്രമായിരുന്ന അൽബി എന്ന സ്ഥലവുമായി ബന്ധപ്പെടുത്തി, "അൽബിജൻഷ്യന്മാർ" എന്ന പേരിലും ഇതിന്റെ അനുയായികൾ അറിയപ്പെട്ടിരുന്നു.[1] ഈ പ്രസ്ഥാനത്തിന്റെ ആശയങ്ങളിൽ ദ്വന്ദവാദത്തിന്റേയും ജ്ഞാനവാദത്തിന്റേയും ഘടകങ്ങൾ അടങ്ങിയിരുന്നു. പതിമൂന്നാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെ കാത്താർ വിരുദ്ധ കുരിശുയുദ്ധത്തിന്റേയും മതദ്രോഹവിചാരകന്മാരുടെ മേൽനോട്ടത്തിൽ നടന്ന വേട്ടയാടലിന്റെയും ഫലമായി ഈ പ്രസ്ഥാനം ഇല്ലാതായി.

മദ്ധ്യയുഗങ്ങളിൽ പാശ്ചാത്യക്രിസ്തീയതയിൽ പ്രചരിച്ച 'വേദവ്യതിചലനങ്ങളിൽ' ഏറ്റവും വലുതും ശ്രദ്ധേയവുമായിരുന്നു കാത്താറിസം. പൗരസ്ത്യദേശങ്ങളിൽ നിന്ന് ബാൾക്കൻ നാടുകൾ വഴി തെക്കൻ ഇറ്റലിയിലും തെക്കൻ ഫ്രാൻസിലും എത്തിയ ഈ വിശ്വാസധാരയുടെ[2] പ്രചാരത്തിൽ, കുരിശുയോദ്ധാക്കളും, വ്യാപാരിസംഘങ്ങളും, നാടോടിഗായകരും (Troubadours) പങ്കുവഹിച്ചിട്ടുണ്ട്. കാത്താറിസത്തിന്റെ വേരുകൾ അർമീനിയയിലെ പോളിഷൻ (Paulician) മുന്നേറ്റത്തിലും അതിന്റെ സ്വാധീനത്തിൽ ബൾഗേറിയയിൽ പ്രചരിച്ച ബൊഗോമിൽ പ്രസ്ഥാനത്തിലും ആണ്. കലർപ്പില്ലാത്തവർ എന്നർത്ഥമുള്ള കാത്താറുകൾ എന്ന പേര്[3] ഈ മുന്നേറ്റത്തെ വിശേഷിപ്പിക്കാൻ നൂറ്റാണ്ടുകളായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും, അതിന്റെ അനുയായികൾ സ്വയം അങ്ങനെ വിശേഷിപ്പിച്ചിരുന്നോ എന്നറിയാൻ വഴിയില്ല.[4][5] കാത്താറികളുടെ രചനകളിൽ "നല്ല മനുഷ്യർ" എന്നർത്ഥമുള്ള "ബോൺ ഹോമ്മെസ്", "നല്ല ക്രിസ്ത്യാനികൾ" എന്നീ പേരുകളിലാണ് അവർ സ്വയം വിശേഷിപ്പിക്കുന്നത്.

കാത്താർ'മതം'[തിരുത്തുക]

കാത്താർ വിശ്വാസങ്ങളെക്കുറിച്ചുള്ള അവരുടെ തന്നെ സാക്ഷ്യങ്ങൾ നശിപ്പിക്കപ്പെട്ടതിനാൽ, ഈ വിമതധാർമ്മികതയുടെ സ്വഭാവത്തെക്കുറിച്ചറിയാൻ അതിന്റെ വിമർശകരുടെ രചനകൾ മാത്രമാണ് ആശ്രയം.[2]

വിശ്വാസങ്ങൾ[തിരുത്തുക]

മനിക്കേയന്മാരെപ്പോലെ, പ്രപഞ്ചനാടകത്തെ നന്മതിന്മകളുടെ പോരാട്ടമായി ചിത്രീകരിക്കുന്ന ഒരുതരം ദ്വന്ദവാദ ദൈവശാസ്ത്രമായിരുന്നു കാത്താറുകളുടേത്. ജ്ഞാനവാദികളെപ്പോലെ പഴയനിയമത്തിലെ യഹോവയെ ദുഷ്ടദൈവമായി തള്ളിയ അവർ പുതിയനിയമത്തിലെ കാരുണ്യമൂർത്തിയായ ദൈവത്തെ മാത്രം മാനിച്ചു. അവരുടെ സങ്കല്പത്തിൽ ദൃശ്യലോകത്തിന്റെ സ്രഷ്ടാവ് നന്മസമ്പൂർണ്ണനായ ദൈവമല്ല പഴയനിയമത്തിലെ ദുഷ്ടദൈവമാണ്.[2] കത്തോലിക്കാ സഭയുടെ വിശുദ്ധചിഹ്നവും യേശുവിന്റെ ആത്മത്യാഗത്തിന്റെ പ്രതീകവുമായിരുന്ന കുരിശും വിശുദ്ധ കുർബ്ബാനയിലെ ബലിയപ്പവും പോലും ദ്രവ്യമായതു കൊണ്ട് തിന്മ തന്നെയാകുന്നു. എല്ലാ മാംസവും ദ്രവ്യമാകയാൽ തിന്മയും, അതിനോടുള്ള സമ്പർക്കം അവിശുദ്ധവും ആകുന്നു. അതിനാൽ ഇണചേരലിനേയും കാത്താറികൾ അവിശുദ്ധകൃത്യമായി എണ്ണി. അവരുടെ ദൃഷ്ടിയിൽ, ആദിമാതാപിതാക്കളുടെ പാപം ഇണചേരലായിരുന്നു. വ്യവസ്ഥാപിതസഭയുടെ ത്രിത്വസങ്കല്പത്തിലോ യേശുവിന്റെ കന്യാജനനത്തിലോ, പ്രതിമാവണക്കത്തിലോ ഒന്നും അവർ വിശ്വസിച്ചില്ല. വിശുദ്ധ കുർബ്ബാനയിലെ ബലിവസ്തുക്കൾക്ക് യേശുവിന്റെ ശരീരരക്തങ്ങളായി രൂപാന്തരം സംഭവിക്കുന്നെന്നും അവർ കരുതിയില്ല. അവരുടെ സങ്കല്പത്തിൽ, യേശുക്രിസ്തു ഒരു മാലാഖ ആണെങ്കിലും, ദൈവികസ്വത്വത്തിന്റെ ഭാഗമല്ല.[6]

ജീവിതം, മരണം[തിരുത്തുക]

പുതിയനിയമത്തിലെ ഗിരിപ്രഭാഷണമായിരുന്നു കാത്താർ സാന്മാർഗ്ഗികതയുടെ അടിത്തറ. സ്വകാര്യസ്വത്തിനേയും സമ്പത്തിലുള്ള ഭ്രമത്തേയും അവർ വെറുത്തു. വധശിക്ഷയെ കാത്താറികൾ കൊലപാതകമായി കണക്കാക്കി. അവരുടെ സങ്കല്പത്തിലെ മരണാനന്തരജീവിതത്തിൽ നരകവും ശുദ്ധീകരണസ്ഥലവും ഇല്ലായിരുന്നു. ദൈവം ഒടുവിൽ എല്ലാ ആത്മാക്കളേയും ജന്മാന്തരങ്ങളിലൂടെയെങ്കിലും രക്ഷിച്ച്, തിന്മയുടെ മേൽ അന്തിമവിജയം നേടുമെന്ന് അവർ കരുതി. പാപാവസ്ഥയിൽ മരിക്കുന്ന മനുഷ്യർ മൃഗങ്ങളായി പുനർജ്ജനിക്കുമെന്നും കാത്താറികൾ വിശ്വസിച്ചിരുന്നു. അതിനാൽ ഇവർ മുട്ടയും പാലും മാസവും ആഹരിച്ചിരുന്നില്ല. ലൈംഗികതയോടുള്ള വെറുപ്പും ഈ ആഹാരനിഷ്ഠക്കു പിന്നിൽ ഉണ്ടായിരുന്നു. മത്സ്യങ്ങളിൽ ലൈംഗികപ്രജനനം ഇല്ല എന്ന വിശ്വാസം മൂലം മത്സ്യാഹാരം ഇവർക്കു വർജ്ജ്യമല്ലായിരുന്നു.[2]

മരണാനന്തരരക്ഷക്കായി കാത്താറികൾ അവരുടെ വിശ്വാസികൾക്ക് ഒരുതരം സാന്ത്വനശുശ്രൂഷ നൽകിയിരുന്നു. അതു ലഭിക്കാതെ മരിക്കുന്നവർക്ക് സ്വർഗ്ഗപ്രാപ്തി സാദ്ധ്യമല്ലെന്ന് അവർ വിശ്വസിച്ചിരുന്നു. എങ്കിലും ആയുസ്സിൽ ഒരിക്കൽ മാത്രം സ്വീകരിക്കാൻ സാധിക്കുന്ന ആ സാന്ത്വനശുശ്രൂഷയുടെ സ്വീകരണം അതിവാർദ്ധക്യത്തോളമോ മരണം ഉറപ്പാകും വരേയോ അവർ മാറ്റി വച്ചു.[3] ആ ശുശ്രൂഷ ലഭിച്ച ആസന്നമരണന്റെ സുഖപ്രാപ്തി വലിയ നിർഭാഗ്യമായി അവർ കരുതി. അത്തരം സാഹചര്യത്തിൽ, വിശ്വാസിയോട് ഭക്ഷണം ഉപേക്ഷിച്ചു വിശന്നു മരിക്കാൻ ഉപദേശിക്കുകയോ, അയാളുടെ സമ്മതം വാങ്ങിയ ശേഷം ഞെക്കിക്കൊല്ലുകയോ ചെയ്തിരുന്നതായും പറയപ്പെടുന്നു.[6]

സഭാവിമർശനം[തിരുത്തുക]

സഭാനേതൃത്വത്തിൽ നിലവിലിരുന്ന അഴിമതിയും ലൗകികതയും കത്താർ വിശ്വാസത്തിന്റെ വളർച്ചയെ സഹായിച്ചു. മദ്ധ്യപൂർവദേശത്തെ വിശുദ്ധഭൂമികൾ പിടിച്ചെടുക്കാനായി നടത്തിയ കുരിശുയുദ്ധങ്ങളുടെ പരാജയം സാമാന്യജങ്ങളിൽ ഉളവാക്കിയ നിരാശയും പുതിയ വിശ്വാസത്തിന്റെ വളർച്ചയ്ക്കുതകി.[2] വ്യവസ്ഥാപിതക്രിസ്തീയതയുടെ ആചാരാനുഷ്ഠാനങ്ങളേയും അധികാരഘടനയേയും ലോകവ്യഗ്രതയേയും കാത്താറികൾ നിശിതമായി വിമർശിച്ചു. മാർപ്പാപ്പ റോമിലെ ആദ്യത്തെ മെത്രാനായിരുന്ന ക്രിസ്തുശിഷ്യൻ പത്രോസിന്റെ പിൻഗാമി ആണെന്ന അവകാശവാദം കാത്താറികൾ തള്ളി. പത്രോസ് റോം സന്ദർശിക്കുക പോലും ചെയ്തിട്ടില്ലെന്നും മാർപ്പാപ്പ പിൻപറ്റുന്നത് റോമൻ ചക്രവർത്തിമാരുടെ പൈതൃകമാണെന്നും അവർ കരുതി. തലചായ്ക്കാൻ ഇടമില്ലാതെ നിർദ്ധനനായിരുന്ന യേശുവിന്റെ പേരിൽ സഭാനേതാക്കളായ മാർപ്പാപ്പായും മെത്രാന്മാരും പ്രഭുപദവിയുടെ പ്രതാപൈശ്വര്യങ്ങളുമായി കൊട്ടാരങ്ങളിൽ വാഴുന്നതിനെ അവർ വിമർശിച്ചു. സഭാനേതൃത്വത്തെ അവർ ഫരിസേയസംഘമെന്നും, വെളിപാടു പുസ്തകത്തിൽ പറയുന്ന "ബാബിലോൺ വേശ്യ" എന്നും സാത്താന്റെ സിനഗോഗ് എന്നും വിളിച്ചു. ദണ്ഡവിമോചനത്തേയും അത്ഭുതങ്ങളേയും സംബന്ധിച്ച സഭയുടെ അവകാശവാദങ്ങളേയും കാത്താറികൾ പരിഹസിച്ചു.[6]

അടിച്ചമർത്തൽ[തിരുത്തുക]

പശ്ചാത്തലം[തിരുത്തുക]

ദക്ഷിണഫ്രാൻസിൽ കാത്താറികളുടെ ശക്തികേന്ദ്രമായിരുന്ന ലാങ്ഡോക്ക് പ്രദേശത്ത് ഫ്രെഞ്ചു ചക്രവർത്തിമാർക്ക് നാമമാത്ര നിയന്ത്രണമേ ഉണ്ടായിരുന്നുള്ളു. യഥാർത്ഥ അധികാരം അവിടത്തെ പ്രാദേശിക പ്രഭുക്കൾക്കായിരുന്നു. കണക്കറ്റ സ്വത്ത് കൈയ്യടക്കി വച്ചിരുന്ന പൗരോഹിത്യത്തിന്റെ അധികാരക്ഷയം ഈ പ്രഭുക്കളിൽ മിക്കവരും അഭികാമ്യമായി കരുതിയിരുന്നു. ദക്ഷിണഫ്രാൻസിലെ ശക്തനായ അധികാരി ടൂളൂസിലെ റെയ്മണ്ട് നാലാമൻ ഉൾപ്പെടെ, മിക്കവാറും പ്രദേശാധികാരികൾ കാത്താറികളുടെ പുരോഹിതവിരുദ്ധ-സുവിശേഷത്തെ പിന്തുണക്കാൻ ഇത് ഇടയാക്കി. അതിനാൽ കാത്താറികളെ അമർച്ച ചെയ്യാനുള്ള സഭാനേതൃത്വത്തിന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഇംഗ്ലണ്ടുമായി നിരന്തരം ഉണ്ടായിക്കൊണ്ടിരുന്ന സംഘർഷത്തിനിടെ മറ്റൊരു സമരമുഖം തുറക്കാൻ ഫ്രഞ്ചു രാജാക്കന്മാർക്കുണ്ടായിരുന്ന മടിയും കാത്താറുകളെ സഹായിച്ചു.[3]

ആദ്യശ്രമങ്ങൾ[തിരുത്തുക]

കാത്താറികളെ അനുനയമോ ബലപ്രയോഗമോ വഴി വരുതിയിലാക്കുകയെന്ന ലക്ഷ്യവുമായി ദക്ഷിണഫ്രാൻസിലെത്തിയ മാർപ്പാപ്പായുടെ ദൂതന്മാരെ സഹായിക്കാൻ ടൂളൂസിന്റെ റെയ്മണ്ട് ഉൾപ്പെടെയുള്ള പ്രദേശാധികാരികൾ വിസമ്മതിച്ചതിനാൽ, പന്ത്രണ്ടാം നൂറ്റാണ്ടിൽ ഈ പ്രസ്ഥാനം ശക്തിയാർജ്ജിച്ചു. 1198-ൽ വാഴ്ച തുടങ്ങിയ ഇന്നസെന്റെ മൂന്നാമൻ മാർപ്പാപ്പ ഈ സ്ഥിതിയിൽ ആശങ്കാകുലനായി. അധികാരം ഏറ്റെടുത്ത് രണ്ടു മാസത്തിനകം, ദക്ഷിണഫ്രാൻസിൽ ഗാസ്കനിയിലെ ഔക്ക് അതിരൂപതയുടെ മെത്രാപ്പോലീത്തക്ക് മാർപ്പാപ്പ ഇങ്ങനെ എഴുതി:-

എന്നാൽ, കാത്താർ മേഖലയിൽ കത്തോലിക്കാവിശ്വാസം പുനഃസ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാനുള്ള മാർപ്പാപ്പായുടെ ഈ അഭ്യർത്ഥന, കാത്താറി വിശ്വാസത്തിന്റെ ജനപ്രീതി അറിഞ്ഞിരുന്ന പ്രാദേശിക സഭാനേതൃത്വം ചെവിക്കൊണ്ടില്ല. മദ്ധ്യയുഗങ്ങളിലെ പ്രഖ്യാത ക്രിസ്തീയതാപസനും സഭാനവീകർത്താവുമായ വിശുദ്ധ ഡൊമിനിക്കിന്റെ നേതൃത്വത്തിലുള്ള വിശ്വാസപ്രഘോഷണം വഴി കാത്താറിസത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളും നടന്നു. എന്നാൽ അതിനിടെ 1208-ൽ മാർപ്പാപ്പായുടെ ദൂതൻ കാസ്റ്റിൽനൗവിലെ പീറ്റർ, ടൂളൂസിലെ പ്രഭുവിന്റെ കൊട്ടാരത്തിൽ കൊല്ലപ്പെട്ടത് കാര്യങ്ങൾ വഷളാക്കി.[3]

'കുരിശുയുദ്ധം'[തിരുത്തുക]

മാർപ്പാപ്പയുടെ ദൂതന്റെ വധം മൂലം പരക്കെയുണ്ടായ സംഭ്രാന്തി മുതലെടുത്ത്, കാത്താറുകൾക്കെതിരെ 'കുരിശുയുദ്ധം' നടത്താനുള്ള നടപടികൾ സഭാനേതൃത്വം ആരംഭിച്ചു. ഈ യുദ്ധത്തിന്റെ സൈനികനേതൃത്വം കത്തോലിക്കാ മതതീവ്രതയിൽ അഗ്രഗണ്യനും പിൽക്കാലത്ത് കത്തോലിക്കാ സഭ വിശുദ്ധപദവി നൽകി ബഹുമാനിച്ചവനുമായ സൈമൻ ഡി മോൺ ഫർട്ടിനായിരുന്നു. ഇരുപതു വർഷം ദീർഘിച്ച ഈ യുദ്ധം വമ്പിച്ച നാശനഷ്ടങ്ങൾ വരുത്തുകയും ഒട്ടേറെ ക്രൂരതകൾക്ക്[൧] അവസരമാവുകയും ചെയ്തു.

1229-ൽ ഒപ്പിട്ട പാരിസിലെ സന്ധി, 'കുരിശുയുദ്ധം' അവസാനിപ്പിച്ചു. ടൂളൂസിലെ പുതിയ അധികാരി റെയ്മണ്ട് ആറാമൻ കത്തോലിക്കാ സഭയോടു വിധേയത്വം പ്രഖ്യാപിച്ചു. അധികാരിയുടെ ഒരു മകളെ ഫ്രെഞ്ചു ചക്രവർത്തിയുടെ സഹോദരന്മാരിൽ ഒരുവനു വിവാഹം കഴിച്ചു കൊടുക്കാമെന്ന വ്യവസ്ഥയും സന്ധിയിൽ ഉൾപ്പെട്ടിരുന്നു.

ഫലങ്ങൾ[തിരുത്തുക]

ഫ്രെഞ്ചുരാജശാസനത്തിനു നാമമാത്രനിയന്ത്രണം ഉണ്ടായിരുന്ന ദക്ഷിണഫ്രാൻസിലെ ലാങ്ഡോക്ക് ഫ്രാൻസിന്റെ സമ്പൂർണ്ണനിയന്ത്രണത്തിൽ വന്നുവെന്നത് കാത്താർ കുരിശുയുദ്ധത്തിന്റെ ഫലങ്ങളിൽ ഒന്നാണ്. ഫ്രെഞ്ച് അധികാരത്തിന് ഇതുവഴി മദ്ധ്യധരണിക്കടിലിലേക്ക് വഴി തുറന്നുകിട്ടി. കാത്താർ വിരുദ്ധ യുദ്ധത്തിന്റെ സമാപ്തിയെ തുടർന്ന് വിളിച്ചു കൂട്ടപ്പെട്ട ടൂളൂസിലെ സഭാസമ്മേളനം, കാത്താർ വിശ്വാസം ഉൾപ്പെടെയുള്ള വേദവിരുദ്ധതകളെ തുടച്ചു നീക്കാൻ കണിശമായ തീരുമാനങ്ങൾ എടുത്തു. പുരോഹിതരല്ലാത്തവർ വേദപുസ്തകം കൈവശം വയ്ക്കുന്നതിനുള്ള വിലക്ക് അതിലൊന്നായിരുന്നു.[3]

കത്താറുകൾക്കെതിരെയുള്ള കുരിശുയുദ്ധത്തിന്റെ ഭാഗമായാണ് കത്തോലിക്കാ സഭ മതദ്രോഹവിചാരണകളെ വിശ്വാസപരിരക്ഷണത്തിനുള്ള ആയുധമെന്ന നിലയിൽ വ്യാപകവും ആസൂത്രിതവുമായ രീതിയിൽ ഉപയോഗിക്കാൻ തുടങ്ങിയത്. പാശ്ചാത്യക്രിസ്തീയതയുടെ ശൈഥില്യത്തെ മൂന്നു നൂറ്റാണ്ടു വൈകിക്കാൻ ഈ നടപടി സഹായിച്ചു.[൨]

നുറുങ്ങുകൾ[തിരുത്തുക]

മാംസാഹാരം വർജ്ജിക്കുന്നവരും ശപഥങ്ങളിലും അസത്യഭാഷണത്തിലും ഏർപ്പെടാത്തവരുമായി കാത്താറുകൾ അറിയപ്പെട്ടിരുന്നു. കാത്താർ 'വേദവ്യതിചലനം' ആരോപിക്കപ്പെട്ട് കോടതിയിൽ ഹാജരാക്കപ്പെട്ട ഒരുവൻ, താൻ മാസാഹാരിയും നുണയനും ആണയിടുന്നവനും ആയതിനാൽ "നല്ല കത്തോലിക്കൻ" ആണെന്നു ശഠിച്ചതായി മതദ്രോഹവിചാരകർ രേഖപ്പെടുത്തിയിട്ടുണ്ട്.[2]

കുറിപ്പുകൾ[തിരുത്തുക]

^ കാത്താർ മേഖലയിലെ കീഴടങ്ങിയ ആദ്യനഗരങ്ങളിലൊന്നായ ബെസീയേഴ്സിൽ പ്രവേശിച്ച കുരിശുയോദ്ധാക്കൾ, അവിടെയുള്ള കത്തോലിക്കരെ ജീവിക്കാൻ അനുവദിക്കാമോ എന്നു മാർപ്പാപ്പയുടെ പ്രതിനിധിയോട് ചോദിച്ചുവെന്നും "എല്ലാവരേയും കൊല്ലുക; തനിക്കുള്ളവരെ ദൈവത്തിനറിയാം" എന്ന മറുപടി കിട്ടിയെന്നും പറയപ്പെടുന്നു. കാത്താറുകൾ കത്തോലിക്കർ എന്നവകാശപ്പെട്ട് രക്ഷപേട്ടേക്കുമെന്ന ഭയമായിരുന്നത്രെ ഈ തീരുമാനത്തിനു കാരണം.[3][6]

^ ".....postponed by three centuries the dismemberment of Western Christianity.[7]

അവലംബം[തിരുത്തുക]

  1. വിവിയൻ ഗ്രീൻ, A New History of Christianity (പുറം 94)
  2. 2.0 2.1 2.2 2.3 2.4 2.5 ബെർട്രാൻഡ് റസ്സൽ, പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം (പുറങ്ങൾ 446-48)
  3. 3.0 3.1 3.2 3.3 3.4 3.5 A History of Christianity, Kennath Scott Latourette (പുറങ്ങൾ 453-55)
  4. Pegg, Mark (2001), "On Cathars, Albigenses, and good men of Languedoc", Journal of Medieval History, 27 (2): 181–19.
  5. Pegg, Mark (2006), "Heresy, good men, and nomenclature", in Frassetto, Michael (ed.), Heresy and the Persecuting Society in the Middle Ages, Studies in the History of Christian Traditions, Leiden: Brill, pp. 227–39.
  6. 6.0 6.1 6.2 6.3 6.4 വിൽ ഡുറാന്റ്, വിശ്വാസത്തിന്റെ യുഗം, സംസ്കാരത്തിന്റെ കഥ, നാലാം ഭാഗം (പുറങ്ങൾ 768-776)
  7. വിൽ ഡുറാന്റ് (പുറം 783)
"https://ml.wikipedia.org/w/index.php?title=കാത്താറിസം&oldid=2281641" എന്ന താളിൽനിന്ന് ശേഖരിച്ചത്