Jump to content

മാനിക്കേയമതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മനിക്കേയവാദം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മനിക്കേയവാദത്തിന്റെ സ്ഥാപകൻ, മാനി(ക്രി.വ. 216-276)

സസേനീയ പേർഷ്യയിൽ പിറന്ന ഒരു പ്രധാന ജ്ഞാനവാദമതമാണ്മനിക്കേയവാദം. അതിന്റെ സ്ഥാപകപ്രവാചകൻ മാനി-യുടെ(ക്രി.വ. 216–276-നടുത്ത കാലം) മൂലരചനകൾ മിക്കവയും നഷ്ടപ്പെട്ടെങ്കിലും, അവയുടെ ഒട്ടേറെ ശകലങ്ങളും പരിഭാഷകളും ലഭ്യമാണ്‌. നന്മനിറഞ്ഞ ആത്മാവിന്റെ തേജലോകവും ദുഷ്ടമായ ജഡത്തിന്റെ തമോലോകവും തമ്മിലുള്ള സമരത്തെ വിവരിക്കുന്ന വിശദമായൊരു പ്രപഞ്ചവീക്ഷണമാണ്‌ മനിക്കേയവാദത്തിന്റെ കാതൽ. ജഡത്തിൽ ബന്ധിതമായ പ്രകാശത്തെ ജഡലോകത്തിൽ നിന്ന് മുക്തമാക്കി, അതിന്റെ സ്വന്തമായ തേജലോകത്തെത്തിക്കുന്ന പ്രക്രിയയാണ്‌ മനുഷ്യചരിത്രത്തിൽ അരങ്ങേറുന്നതെന്നും ഈ മതം പഠിപ്പിച്ചു.

ക്രി.വ. മൂന്നു മുതൽ ഏഴുവരെ നൂറ്റാണ്ടുകളിൽ ഏറെ പ്രചാരം നേടിയ മനിക്കേയവാദം അതിന്റെ നല്ലകാലത്ത് ലോകത്തിലെ ഏറ്റവും പ്രചാരമുള്ള മതങ്ങളിൽ ഒന്നായിരുന്നു. ഇക്കാലത്ത് മനിക്കേയൻ ആരാധനാലയങ്ങളും വേദഗ്രന്ഥങ്ങളും കിഴക്ക് ചൈന മുതൽ പടിഞ്ഞാറ് റോമാസാമ്രാജ്യം വരെ നിലവിലുണ്ടായിരുന്നു.[1] തെക്കൻ ചൈനയിൽ ഈ മതം അപ്രത്യക്ഷമായത് പതിനാലാം നൂറ്റാണ്ടിനു ശേഷമാണ്‌.[2]

സിറിയയിലെ അരമായ ഭാഷയിൽ രചിക്കപ്പെട്ട മനിക്കേയവാദത്തിന്റെ ആറു മൂലവിശുദ്ധഗ്രന്ഥങ്ങൾ താമസിയാതെ മറ്റു ഭാഷകളിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടത് ഈ മതത്തിന്റെ പ്രചാരത്തെ സഹായിച്ചു. കിഴക്കോട്ടുള്ള മനിക്കേയവാദത്തിന്റെ പ്രചാരത്തിനിടെ ഈ ഗ്രന്ഥങ്ങൾക്ക് മദ്ധ്യപേർഷ്യൻ, പാർത്തിയൻ, സോഗ്‌ദിയൻ, പരിഭാഷകളിലും ചൈനയിലെ ഉയ്ഘൂർ, ചൈനീസ് ഭാഷകളിലും പരിഭാഷകൾ ഉണ്ടായി. അതോടൊപ്പം പടിഞ്ഞാറെ ദിശയിൽ അവയ്ക്ക് ഗ്രീക്ക്, കോപ്റ്റിക്, ലത്തീൻ പരിഭാഷകളും പിറന്നു. മനിക്കേയവാദത്തിന്റെ പ്രചാരവും വിജയവും മറ്റു മതങ്ങൾക്കു ഭീഷണിയായി കരുതപ്പെട്ടതിനാൽ, ക്രൈസ്തവ, സൊറോസ്ട്രിയ, ഇസ്ലാമിക[3] ബുദ്ധ സംസ്കാരങ്ങളിൽ ഈ മതം പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്.

തുടക്കം

[തിരുത്തുക]
എഴുത്തുമേശകളിൽ ജോലിയിലേർപ്പെട്ടിരിക്കുന്ന മനിക്കേയപുരോഹിതന്മാർ. ചൈനയിലെ താരിം നദീതടത്തിലെ ഘോച്ചോയിൽ കണ്ടുകിട്ടിയ മനിക്കേയവാദത്തിന്റെ ഉയ്ഘൂർ ഭാഷാ ലിതിതത്തിന്റെ മാതൃകയും ഒപ്പം കാണാം.

സസേനിയ സാമ്രാജ്യത്തിൽ അസൂരിസ്ഥാൻ പ്രവിശ്യയുടെ ഭാഗമായിരുന്ന ബാബിലോണിനു സമീപമുള്ള മർദ്ദീനിൽ, ക്രി.വ. 216-ലാണ്‌ മനിക്കേയവാദത്തിന്റെ സ്ഥാപകനായ മാനി ജനിച്ചത്. "കൊളോൺ മാനി പുസ്തകം" എന്നറിയപ്പെടുന്ന രേഖയനുസരിച്ച്, തെക്കൻ മെസൊപ്പോത്തോമിയയിലെ പുരോഹിതകുടുംബത്തിലായിരുന്നു ജനനം. അച്ഛന്റെ പേര്‌ പത്താക്ക് എന്നും അമ്മയുടെ പേര്‌ മറിയം എന്നുമായിരുന്നു. അമ്മയുടെ നെഞ്ചു പിളർന്നാണ്‌ മാനി ജനിച്ചതെന്ന് മനിക്കേയർ വിശ്വസിക്കുന്നതായി പറയപ്പെടുന്നു.[4]


വളരെ ചെറിയ പ്രായത്തിൽ തന്നെ തന്റെ ദൗത്യം ആരംഭിച്ച മാനിയെ മൻഡേയവാദത്തെപ്പോലുള്ള ബാബിലോണിയ-അരമായ മുന്നേറ്റങ്ങളും കുമ്രാനിൽ നിന്നു കണ്ടുകിട്ടിയ ഈനോക്കിന്റെ പുസ്തകത്തെപ്പോലുള്ള അപ്രമാണിക യഹൂദരചനകളുടെ അരമായ പരിഭാഷകളും സ്വാധീനിച്ചിരിക്കാം. ഈജിപ്തിൽ നിന്നു കണ്ടുകിട്ടിയ അഞ്ചാം നൂറ്റാണ്ടിലെ മാനി ഗ്രന്ഥത്തിലെ(Mani Codex) സൂചനകളിൽ നിന്ന് മാനി എൽസീസായികൾ എന്ന യഹൂദ-ക്രിസ്തീയ ജ്ഞാനസ്നാന വിഭാഗത്തിന്റെ പശ്ചാത്തലത്തിൽ വളർന്നെന്നും അവരുടെ പവിത്രരചനകളുടെ സ്വാധീനത്തിൽ പെട്ടിരുന്നെന്നും മനസ്സിലാക്കാം. പത്താം നൂറ്റാണ്ടിലെ പേർഷ്യൻ ഷിയാ പണ്ഡിതൻ ഇബ്നു അൽ നാദിമും പതിനൊന്നാം നൂറ്റാണ്ടിലെ പേർഷ്യൻ ബഹുമുഖപ്രതിഭ അൽബറൂനിയും നൽകുന്ന ജീവചരിത്രവിവരങ്ങൾ അനുസരിച്ച് യൗവനത്തിൽ മാനി തനിക്ക് ഒരു അരൂപിയിൽ നിന്ന് വെളിപാടു കിട്ടിയതായി അവകാശപ്പെട്ടു. ആ അരൂപിയെ പിന്നീടദ്ദേഹം തന്റെ ഇരട്ട, തന്റെ സിസിഗോസ്, തന്റെ പകർപ്പ്, കാവൽമാലാഖ ദൈവാത്മാവ് എന്നൊക്കെ വിളിച്ചു. ആ അരൂപിയിൽ നിന്നു പഠിച്ചതായി മാനി അവകാശപ്പെട്ട സത്യങ്ങളാണ്‌ പിന്നീട് മനിക്കേയവാദമായി വികസിച്ചത്. ആ സത്യങ്ങൾ നൽകിയ ആത്മജ്ഞാനം മാനിയെ, ദൈവികമായ അറിവും മുക്തിദായകമായ ഉൾക്കാഴ്ചയും ഉള്ള ജ്ഞാനി(gnosticus) ആക്കി മാറ്റി. പുതിയനിയമത്തിൽ വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന സത്യാരൂപിയായ പാറേക്ലേത്താ (പരിശുദ്ധാത്മാവ്) ആണ്‌ താനെന്ന് മാനി അവകാശപ്പെട്ടു: സൊറാസ്ട്രർ, ബുദ്ധൻ, യേശു തുടങ്ങിയവരിലൂടെയുള്ള പ്രവാചകപാരമ്പര്യത്തിന്റെ അന്ത്യവും മുദ്രയും ആണ്‌ താനെന്നും അദ്ദേഹം കരുതി.[5] പൗരസ്ത്യപാരമ്പര്യത്തിൽ പാരേക്ലേത്താ എന്നതു കൊണ്ട് ദൈവികത്രിത്വത്തിലെ മൂന്നാമാളായ പരിശുദ്ധാത്മാവ് എന്നാണ്‌ അർത്ഥമാക്കുന്നത്.


മനിക്കേയവാദം പ്രചരിച്ചിരുന്നതിനൊപ്പം തന്നെ ക്രിസ്തുമതവും, സൊറാസ്ട്രിയമതവും സാമൂഹ്യരാഷ്ട്രീയ സ്വീകാര്യതയും സ്വാധീനവും വർദ്ധിക്കുന്നുണ്ടായിരുന്നു. അവയേക്കാൾ അംഗബലം കുറവായിരുന്നെങ്കിലും രാജനീതിയിലെ പല ഉന്നതന്മാരും മനിക്കേയവാദത്തിലേയ്ക്ക് ആകർഷിക്കപ്പെട്ടു. സസാനിയ ഭരണത്തിന്റെ സഹായത്തോടെ മാനി വിദൂരദേശങ്ങളിലേയ്ക്കുള്ള വേദപ്രചാരദൗത്യങ്ങളും തുടങ്ങി. എന്നാൽ അടുത്ത തലമുറയിലെ ഭരണാധികാരികളുടെ പിന്തുണ നേടുന്നതിൽ പരാജയപ്പെട്ടതും സൊറാസ്ട്രിയ പൗരോഹിത്യത്തിന്റെ എതിർപ്പും മാനിക്ക് തടസ്സമായി. പേർഷ്യൻ രാജാവായ ബഹ്രാം ഒന്നാമന്റെ കാലത്ത്, മാനിയെ ക്രി.വ. 276–277-നടുത്ത് കുരിശിൽ തറച്ചുകൊന്നതായി കരുതപ്പെടുന്നു.[6][7][4]

മാനിയുടെ രചനകൾ

[തിരുത്തുക]

അക്കാലത്ത് ബാബിലോണിലെ മുഖ്യഭാഷ, പൂർ‌വ-മദ്ധ്യ അരമായ ആയിരുന്നു. യഹൂദരുടെ ബാബിലോണിയൻ താൽമൂദിന്റെ ഭാഷയായ യഹൂദ-അരമായ, മനിക്കേയരുടേയും സുറിയാനി ക്രിസ്ത്യാനികളുടേയും ഭാഷയായിരുന്ന സിറിയൻ-അരമായ എന്നിവ ഈ ഭാഷയുടെ ഉപമൊഴികളായിരുന്നു. ഈ ഉപമൊഴികളിലെല്ലാം കാണപ്പെട്ടിരുന്ന ഒരു പേർഷ്യൻ പേരായിരുന്നു "മാനി". ഏഴു രചനകൾ നിർ‌വഹിച്ച മാനി അവയിൽ ആറും എഴുതിയത് സിറിയൻ-അരമായയിൽ ആണ്‌. മദ്ധ്യ-പേർഷ്യൻ ഭാഷയിൽ എഴുതപ്പെട്ട ഷബുഹ്രാഗൻ എന്ന ഏഴാമത്തെ രചന മാനി തന്റെ സമകാലീനനായിരുന്ന സസാനിയൻ ചക്രവർത്തി ഷാപ്പൂർ ഒന്നാമന്‌ പേർഷ്യയുടെ തലസ്ഥാനമായിരുന്ന ക്ടെസിഫോണിൽ സമ്മാനിച്ചതാണ്‌. ആ ചക്രവർത്തി മനിക്കേയവാദി ആയിരുന്നുവെന്നതിന്‌ തെളിവില്ലെങ്കിലും അദ്ദേഹം ആ വിശ്വാസത്തോട് സഹിഷ്ണുത കാട്ടുകയും തന്റെ സാമ്രാജ്യത്തിന്റെ പരിധികൾക്കുള്ളിൽ അതിന്‌ സുരക്ഷ നൽകുകയും ചെയ്തു.[8] ഒരു പാരമ്പര്യമനുസരിച്ച്, സിറിയൻ ഭാഷയുടെ ലിപികളിലൊന്നായ മനിക്കേയൻ ലിപിയുടെ സ്രഷ്ടാവ് മാനിയാണ്‌. പേർഷ്യൻ സാമ്രാജ്യത്തിനകത്ത് സിറിയൻ, മദ്ധ്യപേർഷ്യൻ ഭാഷകളിൽ എഴുതപ്പെട്ട മനിക്കേയ രചനകളിലും ഉയ്ഘൂർ സാമ്രാജ്യത്തിൽ എഴുതപ്പെട്ട മിക്കവാറും മനിക്കേയൻ ലിഖിതങ്ങളിലും ഉപയോഗിച്ചിരിക്കുന്നത് ഈ ലിപിയാണ്‌.

സൊറോസ്ട്രിയൻ സ്വാധീനം

[തിരുത്തുക]

മാനിയുടെ അരമായ ഭാഷയിലുള്ള ആറുരചനകളുടെ പേരുകൾ മാത്രമേ മൂലഭാഷയിൽ ലഭ്യമായുള്ളു. മൂലരചനകളുടെ ശകലങ്ങൾ ഉദ്ധരണികളിലും മറ്റും സം‌രക്ഷിക്കപ്പെട്ടിട്ടുണ്ട്. എട്ടാം നൂറ്റാണ്ടിലെ സിറിയിലെ നെസ്തോറിയൻ ക്രിസ്ത്യാനി തിയഡോർ ബാർ കൊണായുടെ ഒരു ദീർഘ ഉദ്ധരണിയിൽ നിന്ന്,[9] മാനിയുടെ സിറിയൻ-അരമായയിലുള്ള മൂലരചനകളിൽ പേർഷ്യൻ, സൊറാസ്ട്രിയൻ പദങ്ങൾ തീരെയില്ലായിരുന്നെന്ന് മനസ്സിലാക്കാം. മനിക്കേയൻ ദൈവങ്ങളുടെ പേരുകൾ അവയിൽ കൊടുത്തിരിക്കുന്നത് അരമായ ഭാഷയിലാണ്‌. എന്നാൽ മദ്ധ്യപേർഷ്യൻ ഭാഷയിൽ എഴുതി സസേനിയ ചക്രവർത്തി ഷാപ്പൂരിന്‌ സമാനിച്ച ഷബുഹ്രാഗൻ എന്ന രചനയോടെ, മാനിയുടെ ജീവിതകാലത്തു കാലത്തു തന്നെ മനിക്കേയവാദത്തിൽ സൊറോസ്ട്രിയസ്വാധീനം കടന്നുവരാൻ തുടങ്ങിയെന്ന് സമ്മതിക്കേണ്ടതുണ്ട്. [10] സൊറോസ്ട്രിയദൈവങ്ങളുടെ പേരുകൾ ആ കൃതിയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ചൈനയിലെ സിങ്ങ്‌ജിയാങ്ങ് പ്രവിശ്യയിലെ തുർപ്പാനിൽ ജർമ്മൻ ഗവേഷകർ കണ്ടെടുത്ത ഒട്ടേറെ മദ്ധ്യപേർഷ്യൻ, പാർത്തിയൻ, സോഗ്‌ദിയൻ രചനകളെ മുൻ‌നിർത്തി മനിക്കേയവാദം ഒരു പേർഷ്യൻ മതമാണെന്ന സാമാന്യധാരണയുണ്ട്. എന്നാൽ അരമായ ഭാഷയിൽ ബാബിലോണിൽ എഴുതപ്പെട്ട പവിത്രരചനകളുള്ള മനിക്കേയവാദത്തെ പേർഷ്യൻ മതമെന്നു വിളിക്കാമെങ്കിൽ മൂന്നാം നൂറ്റാണ്ടിലെ ബാബിലോണിൽ തന്നെ അരമായ പശ്ചാത്തലത്തിൽ പിറന്ന താൽമുദീയ ജൂതമത്തിനും മൻഡേയവാദത്തിനും(Mandaeanism) ഒക്കെ ആ വിശേഷണം ചാർത്താവുന്നതാണ്‌.

മനിക്കേയരുടെ തെരഞ്ഞെടുക്കപ്പെട്ടവർ, കോച്ചോയിൽ നിന്നുള്ള പത്താം നൂറ്റാണ്ടിലെ ചിത്രം

മാനിയും ഈനോക്കും

[തിരുത്തുക]

മാനിയുടെ വിശുദ്ധലിഖിതങ്ങളുടെ മറ്റൊരുറവിടം, പഴയനിയമത്തിലെ പൂർ‌വപിതാക്കന്മാരിൽ ഒരാളായ ഇനോക്കുമായി ബന്ധപ്പെട്ട ഈനോക്ക് സാഹിത്യം എന്നറിയപ്പെടുന്ന അപ്രാമാണികരചനാസമുച്ചയം, പ്രത്യേകിച്ച് അതിന്റെ ഏറൊയൊന്നും അറിയപ്പെടാത്ത ഒരു ഭാഗമായ രാക്ഷസഗ്രന്ഥം(Books of Giants) ആണ്‌. ഈ ഗ്രന്ഥത്തെ നേരിട്ടുദ്ധരിച്ചും വിപുലീകരിച്ചും മാനി നടത്തിയ രചന, മനിക്കേയവാദത്തിന്റെ ആറു അരമായ മൂലരചനകളിൽ ഒന്നാണ്‌. ഈനോക്കിന്റെ പുസ്തകത്തിന്റെ ആറാം ഭാഗമായ രാക്ഷസഗ്രന്ഥത്തെക്കുറിച്ച് ഒറ്റപ്പെട്ട സൂചനകളല്ലാതെ മറ്റൊന്നും ഇരുപതാം നൂറ്റാണ്ടു വരെ മനിക്കേയരചനകൾക്കു പുറത്ത് ലഭ്യമല്ലായിരുന്നു.

ഇരുപതാൻ നൂറ്റാണ്ടിൽ കുമ്രാനിൽ കണ്ടുകിട്ടിയ ചാവുകടൽ ചുരുളുകളിൽ രാക്ഷഗ്രന്ഥത്തിന്റെ അരമായ മൂലത്തിന്റെ ചിതറിയ ശകലങ്ങളും ഉൾപ്പെട്ടിരുന്നു. അവ 1976-ൽ ജോസഫ് മാലിക്ക് വിശകലനം ചെയ്തു പ്രസിദ്ധീകരിച്ചു.[11] ഇരുപതാം നൂറ്റാണ്ടിൽ ഉയ്ഘൂർ പ്രവിശ്യയിലെ തുർപാനിൽ കണ്ടുകിട്ടിയ മനിക്കേയൻ ഗ്രന്ഥങ്ങളിൽ പെട്ടിരുന്ന ഇതിന്റെ മനിക്കേയഭാഷ്യം 1943-ൽ വാൾട്ടർ ബ്രൂണോ ഹെന്നിങ്ങും പ്രസിദ്ധീകരിച്ചു.[12]). തന്റെ വിശകലനത്തിൽ ഹെന്നിങ്ങ് അവയെക്കുറിച്ച് ഇങ്ങനെ എഴുതി.

പ്രശസ്തമായ ഒരു പാർത്തിയൻ കുടുംബത്തിലെ അമ്മയുടെ മകനായി ജനിക്കുകയും പേർഷ്യൻ സാമ്രാജ്യത്തിലെ ഒരു പ്രവിശ്യയിൽ വളർന്നു വരുകയും ചെയ്തെങ്കിലും മാനി, ഇറാനിയൻ പുരാവൃത്തങ്ങളെ തീരെ ആശ്രയിച്ചില്ലെന്നത് ശ്രദ്ധേയമാണ്‌. രാക്ഷസഗ്രന്ഥത്തിന്റെ പേർഷ്യൻ, സോഗ്‌ദിയൻ ഭാഷ്യങ്ങളിൽ കാണപ്പെടുന്ന സാം, നരിമാൻ തുടങ്ങിയ ഇറാനിയ നാമങ്ങൾ മാനിയുടെ മൂലരചനയിൽ ഉണ്ടായിരുന്നില്ലെന്നതിൽ യാതൊരു സംശയവുമില്ല.[12]

മനിക്കേയൻ പുരാവൃത്തത്തിലെ പത്തു സ്വർഗ്ഗങ്ങളിൽ ഏഴാമത്തേതിലുള്ള തേജലോകത്തിലെ "മഹത്ത്വത്തിന്റെ രാജാവ്", ഈനോക്ക് സാഹിത്യത്തിലെ സ്വർഗ്ഗസിഹാസനത്തിലിരിക്കുന്ന മഹത്ത്വത്തിന്റെ രാജാവു തന്നെയാണെന്ന് ഈനോക്ക് സാഹിത്യസമുച്ചയത്തിന്റെയും മനിക്കേയൻ രാക്ഷസഗ്രന്ഥത്തിന്റെ മനിക്കേയൻ മൂലത്തിന്റേയും വിശകലനം വെളിവാക്കുന്നു.[13])[9]

വിശ്വാസങ്ങൾ

[തിരുത്തുക]

ദൈവശാസ്ത്രം

[തിരുത്തുക]
ഉയ്ഘൂർമാർക്കിടയിലെ മനിക്കേയപുരോഹിതർ - കോച്ചോയിലെ നഷ്ടശിഷ്ടങ്ങൾക്കിടയിലെ ചുവർചിത്രം(കാലം 10/11 നൂറ്റാണ്ടുകൾ)

ദൈതദൈവചിന്തയെ ആശ്രയിച്ച് നന്മതിന്മകളെ വിശദീകരിക്കുന്ന ദൈവശാസ്ത്രമായിരുന്നു മനിക്കേയവാദത്തിനുണ്ടായിരുന്നത്. സർ‌വനന്മയായ ഒരു പരമശക്തിയുടെ അഭാവം ഈ ചിന്തയുടെ ഒരു സവിശേഷതയായിരുന്നു. തിന്മയുടെ താത്ത്വികപ്രശ്നത്തെ ഇത് പരിഹരിച്ചത് ദൈവത്തിന്റെ സർ‌വശക്തിയെ നിഷേധിച്ചും പരസ്പരവിരുദ്ധമായ രണ്ടു ശക്തികളെ അവതരിപ്പിച്ചുമാണ്‌. മനിക്കേയചിന്തയിൽ, ഓരോ മനുഷ്യവ്യക്തിയും ഈ വിരുദ്ധശക്തികളുടെ പോർക്കളമായിരുന്നു: വ്യക്തിയിലെ നല്ല ഭാഗം വെളിച്ചമായ ആത്മാവും മോശം ഭാഗം ഇരുണ്ട മണ്ണായ ശരീരവുമാണ്‌. വ്യക്തിത്വത്തിൽ നിർണ്ണായകമായിരിക്കുന്നത് ആത്മാവാണെങ്കിലും അത് അതിനു ബാഹ്യമായ ഒരു വിരുദ്ധശക്തിയുടെ പിടിയിലാണെന്നതാണ്‌ തിന്മയിലേയ്ക്കുള്ള ചായ്‌വിന്റെ വിശദീകരണം.

മാനിക്കേയൻ ചിന്തയിൽ ബുദ്ധമതത്തിന്റെ സ്വാധീനം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. അഫ്ഘാനിസ്ഥാനിൽ ബാമിയാനിലെ പല പുരാതനചിത്രങ്ങളും കുഷാൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ആ പ്രദേശത്തെ മാനിയുടെ വേദപ്രചാരാദൗത്യവുമായി ബന്ധപ്പെട്ടതാണെന്ന് കരുതപ്പെടുന്നു. മനിക്കേയവാദത്തിലെ ബുദ്ധമതസ്വാധീനത്തെക്കുറിച്ച് റിച്ചാർഡ് ഫോൾട്ട്സിന്റെ നിരീക്ഷണം ഇതാണ്‌: മാനിയുടെ ധാർമ്മികചിന്തയുടെ രൂപീകരണത്തിൽ ബുദ്ധമതം കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പുനർജ്ജന്മത്തിലുള്ള വിശ്വാസവും മറ്റും മനിക്കേയവാദത്തിന്റെ ഭാഗമായിത്തീർന്നത് അങ്ങനെയാണ്‌. മനിക്കേയൻ സമൂഹങ്ങളുടെ ഘടന ബുദ്ധസംഘങ്ങളുടെ മാതൃക പ്രതിഫലിക്കുന്നു. (റിച്ചാർഡ് ഫോൽട്ട്സ്, സിൽക്ക് വഴിയിലെ മതങ്ങൾ).

പ്രപഞ്ചവീക്ഷണം

[തിരുത്തുക]

ആത്മാവിന്റെ തേജലോകവും ജഡത്തിന്റെ തമോലോകവും തമ്മിലുള്ള നന്മതിന്മകളുടെ പോരാട്ടത്തെക്കുറിച്ച് വിശദമായ മനിക്കേയൻ ചിത്രം, വിവിധ മനിക്കേയൻ രചനകളിലായി ചിതറിക്കിടക്കുന്നു. ഈ പോരാട്ടത്തെക്കുറിച്ചുള്ള മാനിയുടെ മൂലഭാവനയുടെ ഏകദേശരൂപം എട്ടാം നൂറ്റാണ്ടിലെ നെസ്തോറിയൻ ക്രിസ്ത്യാനി ലേഖകൻ തിയോഡർ ബാർ കോനായ്-യുടെ "വിഭാഗങ്ങളുടെ പുസ്തകം"(Book of Sects) എന്ന രചനയിലെ സുറിയാനി-അരമായ ഉദ്ധരണിയിൽ ലഭ്യമാണ്‌.[9] അതിന്റെ സംഗ്രഹം ഏതാണ്ടിങ്ങനെയാണ്‌.[14]

  • ആദിയിൽ പ്രകാശവും, അവ്യക്തതയും; നന്മയും തിന്മയും; ദൈവവും ജഡവും വ്യക്തതയുള്ള അതിരിനാൽ വേർതിരിക്കപ്പെട്ട് വ്യതിരിക്തമായി കഴിഞ്ഞു. മഹത്ത്വത്തിന്റെ പിതാവ് ഉത്തരദിശയിൽ വാണു.....ദക്ഷിണദിശയിൽ ഇരുട്ടിന്റെ അധിപനും.....ജഡത്തിന്റെ ക്രമംതെറ്റിയ ചലനം ഇരുട്ടിന്റെ അധിപനെ അയാളുടെ രാജ്യത്തിന്റെ അതിരിലേയ്ക്ക് തള്ളിവിട്ടു.....അവിടെ പ്രകാശത്തിന്റെ മഹത്ത്വം കണ്ട അയാൾ അതിനെ സ്വന്തമാക്കാൻ മോഹിച്ചു.
  • അപ്പോൾ, ശത്രുവിനെ നേരിടാൻ മഹത്ത്വത്തിന്റെ പിതാവ് തീരുമാനിച്ചു. അദ്ദേഹം തന്നിൽ നിന്നു ജീവമാതാവിനെ ഉരുവാക്കി. ജീവമാതാവ് ഒരു പുതിയ സത്തയായി ആദിപുരുഷനെയും അയാളുടെ അഞ്ചുപുത്രന്മാരെയും സൃഷ്ടിച്ചു....മക്കളോടൊത്ത് അതിർത്തിയിലെത്തിയ ആദിപുരുഷൻ ഇരുട്ടിനെ വെല്ലുവിളിച്ചു. എന്നാൽ അസുരന്മാർ അയാളെ തോല്പിക്കുകയും അയാളുടെ പുത്രന്മാരെ വിഴുങ്ങുകയും ചെയ്തു....പ്രകാശത്തിന്റേയും ഇരുട്ടിന്റേയും കൂടിക്കലരലിന്റെ തുടക്കം അതായിരുന്നു‌. എന്നാൽ അവ്യക്തതയ്ക്കുള്ളിൽ പ്രകാശത്തിനു കടന്നെത്താൻ കഴിഞ്ഞതിനാൽ, മഹത്ത്വത്തിന്റെ പിതാവിന്റെ അന്തിമവിജയവും അതോടെ ഉറപ്പായി.
  • രണ്ടാമതൊരു സൃഷ്ടിയിൽ, മഹത്ത്വത്തിന്റെ പിതാവ് ജീവാത്മാവിനെ ഉരുവാക്കി. അവ്യക്തതയിലേക്കിറങ്ങിയ ജീവാത്മാവ്, ആദിപുരുഷനെ കൈപിടിച്ച് സ്വർഗ്ഗീയഭവനമായ തേജസിന്റെ പറുദീസയിലേയ്ക്കുയർത്തി. അസുരന്മാരെ തോല്പിച്ച ജീവാത്മാവ് അവരുടെ ത്വക്കിൽ നിന്ന് ആകാശത്തേയും, അസ്ഥികളിൽ നിന്ന് പർ‌വതങ്ങളേയും മാംസ-മലങ്ങളിൽ നിന്ന് ഭൂമിയേയും ഉരുവാക്കി....വിമോചനത്തിന്റെ ആദ്യപടിയായി, അവ്യക്തതയുടെ സ്പർശമേൽക്കാതെയുണ്ടായിരുന്ന പ്രകാശത്തെ ജീവാത്മാവ് സൂര്യ-ചന്ദ്രന്മാരായി വേർതിരിച്ചു.
  • വീണ്ടുമൊരു സൃഷ്ടിയിൽ പിതാവ് തന്നിൽ നിന്ന് മൂന്നാമത്തെ ദൂതനെ ഉരുവാക്കി. മൂന്നാമത്തെ ദൂതൻ, അപ്പോഴും അവ്യക്തതയിൽ ബന്ധിതമായിരുന്ന പ്രകാശത്തെ വേർതിരിക്കാനുള്ള യന്ത്രമായി പ്രപഞ്ചത്തെ ക്രമീകരിച്ചു. ആ പ്രക്രിയയുടെ ആദ്യത്തെ രണ്ടാഴ്ചക്കാലം പ്രകാശത്തിന്റെ കണികകൾ ചന്ദ്രനിലേയ്ക്കുയർന്ന് പൗർണ്ണമിയാകുന്നു; അടുത്ത രണ്ടാഴ്ചക്കാലം പ്രകാശകണികൾ ചന്ദ്രനെ വിട്ടു സൂര്യനെ പ്രാപിക്കുകയും അവിടന്ന് അവയുടെ സ്വന്തമായ പ്രകാശത്തിന്റെ ലോകത്തെത്തുകയും ചെയ്യുന്നു. എന്നാൽ അസുരന്മാർ വിഴുങ്ങിയ പ്രകാശത്തിന്റെ വേർതിരിവ് അപ്പോഴും പൂർത്തിയാവുന്നില്ല.
  • തുടർന്ന് മൂന്നാമത്തെ ദൂതൻ നഗ്നകന്യകയായി പുരുഷാസുരന്മാർക്കും നഗ്നയുവാവായി അസുരസ്ത്രീകൾക്കും പ്രത്യക്ഷപ്പെട്ടു.....അതോടെ കാമാതുരരായ പുരുഷാസുരന്മാർ നേരത്തേ വിഴുങ്ങിയ പ്രകാശത്തെ രേതസ്സയി പുറംതള്ളുന്നു. ഭൂമിയിൽ പതിച്ച രേതസ്സ് മുളച്ച് സസ്യലതാദികളാകുന്നു. നഗ്നയുവാവിനെ കണ്ട് കാമാതുരരായ അസുരസ്ത്രീകൾ ചാപിള്ളകളെ പ്രസവിച്ചു. നിലത്തു പതിച്ച ചാപിള്ളകൾ സസ്യലതാദികളേയും അവയിലടങ്ങിയിരുന്ന പ്രകാശത്തേയും വിഴുങ്ങി.
  • പിന്നെ മൂന്നാം ദൂതന്റെ പ്രവൃത്തികൾ കണ്ടു ഭയന്ന ജഡം ആസക്തിയുടെ രൂപമെടുത്തു. ചാപിള്ളകളിൽ ബന്ധിതമായിരുന്ന പ്രകാശകണികകളെ പൊതിയാൻ ശക്തമായൊരു സൃഷ്ടിയെ ഉണ്ടാക്കാൻ ആസക്തി തീരുമാനിച്ചു. അതിനായി സ്ത്രീ-പുരുഷന്മാരായ ഒരു അസുരജോഡി ചാപിള്ളകളെ വിഴുങ്ങി. തുടർന്ന് ആ അസുരജോഡി ഇണചേർന്ന് ആദിമനുഷ്യരായ ആദം-ഹവ്വാമാരെ ജനിപ്പിച്ചു.

പിൽക്കാലചരിത്രം

[തിരുത്തുക]

പ്രചരണം, പീഡനങ്ങൾ

[തിരുത്തുക]

മനിക്കേയവാദം അസാമാന്യവേഗത്തിൽ കിഴക്കും പടിഞ്ഞാറും ദിശകളിൽ പ്രചരിക്കാൻ തുടങ്ങി. ക്രി.വ. 280-ൽ സട്ടിക്ക് എന്ന അപ്പസ്തോലൻ വഴി അത് റോമിലെത്തി. ഈജിപ്തിലും അത് പ്രചരിച്ചു. ക്രി.വ. 312-ൽ മിൽട്ടിയാദസ് മാർപ്പാപ്പയുടെ കാലത്ത് റോമിൽ മനിക്കേയൻ ആശ്രമങ്ങൾ ഉണ്ടായിരുന്നു.

ക്രി.വ. 291-ൽ ബഹ്രാം രണ്ടാമന്റെ കാലത്ത് പേർഷ്യൻ സാമ്രാജ്യത്തിലുണ്ടായ മതപീഡനത്തിൽ "അപ്പസ്തോലൻ" സിസിൻ ഉൾപ്പെടെ ഒട്ടേറെ മനിക്കേയർ കൊല്ലപ്പെട്ടു. ക്രി..വ. 296-ലെ ഒരുത്തരവിൽ ഡയൊക്ലിഷ്യൻ ചക്രവർത്തി റോമാസാമ്രാജ്യത്തിൽ മനിക്കേയവാദത്തെ നിയമവിരുദ്ധമാക്കി: "അവരുടെ സംഘാടകരേയും നേതാക്കന്മാരേയും കഠിനശിക്ഷകൾക്ക് വിധേയരാക്കാനും വെറുക്കപ്പെടേണ്ട അവരുടെ വേദഗ്രന്ഥങ്ങൾക്കൊപ്പം തീയിലിടാനും നാം ആജ്ഞാപിക്കുന്നു" എന്നായിരുന്നു കല്പന. ഇത് റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഈജിപ്തിലും ഉത്തരാഫ്രിക്കയിലും ഒട്ടേറെ രക്തസാക്ഷികളെ സൃഷ്ടിച്ചു. ക്രി.വ. 354-ലെ പോയിറ്റിയേഴ്സിലെ ഹിലരിയുടെ സാക്ഷ്യമനുസരിച്ച് മനിക്കേയവാദം തെക്കൻ ഫ്രാൻസിൽ വളരെ ശക്തമായിരുന്നു. ക്രി.വ. 381-ൽ മനിക്കേയരുടെ പൗരാവകാശങ്ങൾ എടുത്തുകളയാൻ ക്രിസ്ത്യാനികൾ തിയൊഡോഷ്യസ് ഒന്നാമൻ ചക്രവർത്തിയോടാവശ്യപ്പെട്ടതിനെ തുടർന്ന് അദ്ദേഹം മനിക്കേയ സന്യാസികൾക്ക് ക്രി.വ. 382-ൽ മരണശിക്ഷ പ്രഖ്യാപിച്ചു.


മനിക്കേയവാദവും ക്രിസ്തുമതവും

[തിരുത്തുക]
യുവപ്രായത്തിൽ മനിക്കേയവാദത്തിലേയ്ക്കാകർഷിക്കപ്പെട്ടിരുന്ന ക്രിസ്തീയ ചിന്തകൻ ഹിപ്പോയിലെ അഗസ്തീനോസ്
അഗസ്തീനോസിന്റെ "കൺഫെഷൻസ്" എന്ന രചനയിൽ മനിക്കേയവാദത്തെ വിമർശിക്കുന്ന ഏഴാം പുസ്തകത്തിന്റെ 13-ആം നൂറ്റാണ്ടിലെ കൈയെഴുത്തുപ്രതിയുടെ ഒരു പുറം

പേർഷ്യൻ സാമ്രാജ്യത്തിൽ ജ്ഞാനവാദത്തിന്റെ സ്വാധീനം ഏറെയുണ്ടായിരുന്ന പ്രദേശത്ത് പിറന്ന മനിക്കേയവാദത്തെ ക്രിസ്ത്യാനികൾ ക്രിസ്തുമതത്തിലെ തന്നെ ഒരു പാഷണ്ഡതയായി കണക്കാക്കി. പ്രശസ്ത ക്രിസ്തീയചിന്തകൻ ഹിപ്പോയിലെ അഗസ്തീനോസ് ക്രി.വ. 387-ൽ ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തിതനാകുന്നതിനു മുൻപ് മനിക്കേയവാദത്തിന്റെ പ്രഭാവത്തിലായിരുന്നു. ക്രി.വ. 382-ൽ തിയൊഡഷ്യസ് ചക്രവർത്തി മനിക്കേയസന്യാസികൾക്ക് മരണശിക്ഷ പ്രഖ്യാപിച്ച് ഏതാനും വർഷം കഴിഞ്ഞും ക്രി.വ. 391-ൽ ആ ചക്രവർത്തി തന്നെ ക്രിസ്തുമതത്തെ റോമാസാമ്രാജ്യത്തിലെ ഏക വ്യവസ്ഥാപിതമതമായി പ്രഖ്യാപിക്കുന്നതിനു ഏതാനും വർഷം മുൻപുമായിരുന്നു ഇത്. "കൺഫെഷൻസ്" എന്ന അഗസ്തീനോസിന്റെ ആത്മകഥയനുസരിച്ച്, 9-10 വർഷക്കാലത്തോളം ഒരു "ശ്രോതാവിന്റെ"(hearer) നിലയിൽ മനിക്കേയവാദികൾക്കൊപ്പമായിരുന്ന അഗസ്തീനോസ് ക്രിസ്തുമതത്തിലേയ്ക്കു പരിവർത്തിതനായി മനിക്കേയവാദത്തിന്റെ ശക്തരായ എതിരാളികളിൽ ഒരാളായി. രക്ഷയിലേയ്ക്കുള്ള വഴി അറിവാണെന്ന മനിക്കേയരുടെ നിലപാട് അലസവും വ്യക്തികളിൽ എന്തെങ്കിലും തരത്തിലുള്ള പരിവർത്തനം വരുത്താൻ അസമർത്ഥവുമാണെന്നായിരുന്നു അഗസ്തീനോസിന്റെ മുഖ്യവിമർശനം.[15]

മനിക്കേയൻ ചിന്തയുടെ സ്വാധീനം അഗസ്തീനോസിന്റെ പല ആശയങ്ങളുടേയും വികാസത്തിൽ കാണാമെന്ന് ചില ആധുനിക പണ്ഡിതന്മാർ കരുതുന്നു. നന്മതിന്മകളുടെ സ്വഭാവം, നരകം, ശ്രേണീബദ്ധമായ വിശ്വാസിസമൂഹം, ശരീരത്തോടും ലൈംഗികതയോടുമുള്ള നിലപാട് എന്നീക്കാര്യങ്ങളിലാണ്‌ അദ്ദേഹത്തെ മനിക്കേയൻ ചിന്ത സ്വാധീനിച്ചതായി പറയപ്പെടുന്നത്.

"നവമനിക്കേയതകൾ"

[തിരുത്തുക]

മദ്ധ്യയുഗങ്ങളിൽ പാഷണ്ഡതകളായി എണ്ണപ്പെട്ട പല വിശ്വാസങ്ങളേയും പൊതുവേ കത്തോലിക്കാ സഭ മനിക്കേയവാദം എന്നു വിശേഷിപ്പിക്കുകയും 1184-ൽ സ്ഥാപിക്കപ്പെട്ട മതദ്രോഹവിചാരണക്കോടതികളുടെ(Inquisition) പീഡനത്തിനു വിധേയമാക്കുകയും ചെയ്തു. കാത്താറുകൾ(Cathar), തെക്കൻ ഫ്രാൻസിലെ അൽബിജെൻഷ്യന്മാർ(Albigensians) തുടങ്ങിയ ദ്വൈതവാദികളാണ്‌ ഇങ്ങനെ പീഡിപ്പിക്കപ്പെട്ടത്. ഏഴാം നൂറ്റാണ്ടിൽ അർമേനിയയിൽ രൂപമെടുത്ത പോളിഷ്യൻ വിശ്വാസം,[16] പത്താം നൂറ്റാണ്ടിൽ ബൽഗേറിയയിൽ പ്രചരിച്ച ബൊഗോമിൽവാദം[17] മുതലായവയും നവമനിക്കേയവാദങ്ങളെന്ന് വിശേഷിപ്പിക്കപ്പെട്ടു. ഈ പ്രസ്ഥാനങ്ങൾ പിന്തുടർന്നവരുടെ വിശ്വാസങ്ങളിൽ മനിക്കേയ പുരാവൃത്തങ്ങളുടെയോ സഭാസംജ്ഞകളുടേയോ സ്വാധീനം പ്രകടമല്ലാത്തതിനാലും, ഇവയെ മനിക്കേയവാദവുമായി ബന്ധിപ്പിക്കുന്ന ചരിത്രപരമായ കണ്ണികളുടെ അവ്യക്തതമൂലവും[18] മനിക്കേയവാദത്തിന്റെ പിന്തുടർച്ചക്കാരായി ഇവയെ കണക്കാക്കാമോ എന്ന കാര്യത്തിൽ ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായൈക്യമില്ല.

അവലംബം

[തിരുത്തുക]
  1. ആൻഡ്രൂ വെൽബേൺ (1998). മാനി, ദ എയ്ഞ്ചൽ ആൻഡ് ദ കോളം ഓഫ് ഗ്ലോറി, എഡിൻബർഗ്ഗ്: ഫ്ലോറിസ്. പുറം 68
  2. BeDuhn, Jason (2000). The Manichaen Body: In Discipline and Ritual. The Johns Hopkins University Press പുറം IX
  3. Manichaeans were the original Zindīqs. See: Mahmood Ibrahim, Religious Inquisition as Social Policy: The Persecution of the 'Zanadiqa' in the Early Abbasid Caliphate, in Arab Studies Quarterly (ASQ), Vol. 16, 1994.
  4. 4.0 4.1 ലോകമതങ്ങൾ: ക്രിസ്തുമതം, ജോസഫ് ഇടമറുക് (പുറങ്ങൾ 105-109)
  5. Bevan, A. A. (1930). "Manichaeism". Encyclopaedia of Religion and Ethics, Volume VIII Ed. James Hastings. London
  6. മനിക്കേയവാദം, കത്തോലിക്കാവിജ്ഞാനകോശം [1]
  7. "When Mani, claiming to be a fourth divine messenger in the line of Buddha, Zoroaster and Jesus, announced a religion of celibacy, pacifism and quietism, the militant and nationalistic Magi had him crucified; and Manicheism had to seek its main success abroad". വിശ്വാസത്തിന്റെ യുഗം, സംസ്കാരത്തിൽ കഥ നാലാം ഭാഗം, വിൽ ഡുറാന്റ്(പുറം 139)
  8. വെൽബേൺ (1998), പുറങ്ങൾ 67-68
  9. 9.0 9.1 9.2 Original Syriac in: Theodorus bar Konai, Liber Scholiorum, II, ed. A. Scher, Corpus Scriptorum Christianorum Orientalium scrip. syri, 1912, pp. 311-18, ISBN 978-90-429-0104-9; English translation in: A.V.W. Jackson, Researches in Manichaeism, New York, 1932, pp. 222-54.
  10. Middle Persian Sources: D. N. MacKenzie, Mani’s Šābuhragān, pt. 1 (text and translation), BSOAS 42/3, 1979, pp. 500-34, pt. 2 (glossary and plates), BSOAS 43/2, 1980, pp. 288-310.
  11. J. T. Milik, ed. and trans., The Books of Enoch: Aramaic Fragments of Qumran Cave 4, Oxford: Clarendon Press, 1976.
  12. 12.0 12.1 In: Henning, W.B., The Book of Giants", BSOAS,Vol. XI, Part 1, 1943, pp. 52-74.
  13. See Henning, A Sogdian Fragment of the Manichaean Cosmogony, BSOAS, 1948
  14. Eliade, Mircea. (1982). A History of Religious Ideas, Volume Two: From Gautama Buddha to the Triumph of Christianity. Chicago and London
  15. Saint Augustine of Hippo, Catholic Online
  16. http://www.newadvent.org/cathen/11583b.htm
  17. Runciman, Steven, The Medieval Manichee: a study of the Christian dualist heresy. Cambridge University Press, 1947
  18. "The contact of Christianity with the Oriental mind and Oriental religions had produced several sects (Gnostics, Manichæans, Paulicians, Bogomilae) whose doctrines were akin to the tenets of the Albigenses. But the historical connection between the new heretics and their predecessors cannot be clearly traced." കത്തോലിക്കാ വിജ്ഞാനകോശം അൽബിജെൻസുകൾ
"https://ml.wikipedia.org/w/index.php?title=മാനിക്കേയമതം&oldid=3967547" എന്ന താളിൽനിന്ന് ശേഖരിച്ചത്