മാർ തോമാ നസ്രാണികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സുറിയാനി ക്രിസ്ത്യാനികൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാർ തോമാ നസ്രാണികൾ
(മാർത്തോമാ ക്രിസ്ത്യാനികൾ)
Saint Thomas Christians
മാർ തോമാ കുരിശ്
Total population
ഏകദേശം 6,000,000 (2018)[1]
Languages
പ്രാദേശിക ഭാഷ: മലയാളം
ആരാധനാ ഭാഷ: സുറിയാനി (പൗരസ്ത്യ സുറിയാനി & പാശ്ചാത്യ സുറിയാനി)[2]
Religion
ക്രിസ്തുമതം
മാർ തോമാ നസ്രാണികളിലെ വിവിധ സഭാവിഭാഗങ്ങൾ

പൗരസ്ത്യ കത്തോലിക്കാ സഭകൾ
സിറോ-മലബാർ സഭ (കൽദായ സുറിയാനി ആചാരക്രമം)
സിറോ-മലങ്കര കത്തോലിക്കാ സഭ (അന്ത്യോഖ്യൻ സുറിയാനി ആചാരക്രമം)

ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ
(അന്ത്യോഖ്യൻ സുറിയാനി ആചാരക്രമം)
മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ
മലബാർ സ്വതന്ത്ര സുറിയാനി സഭ

അസ്സീറിയൻ പൗരസ്ത്യ സഭ
(കൽദായ സുറിയാനി ആചാരക്രമം)
കൽദായ സുറിയാനി സഭ

പൗരസ്ത്യ നവീകരണ സഭകൾ
(പരിഷ്കൃത അന്ത്യോഖ്യൻ സുറിയാനി ആചാരക്രമം)
മലങ്കര മാർത്തോമാ സുറിയാനി സഭ
സെന്റ് തോമസ് ഇവാഞ്ചലിക്കൽ സഭ


കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളിൽ ഒരു വിഭാഗമാണ് മാർ തോമാ നസ്രാണികൾ അഥവാ മാർ തോമാ ക്രിസ്ത്യാനികൾ (മാർത്തോമാ ക്രിസ്ത്യാനികൾ) (ഇംഗ്ലീഷ്: Saint Thomas Christians) കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളിൽ പ്രധാനമായും രണ്ട് വിഭാഗങ്ങളാണ് ഉള്ളത്. മാർ തോമാ നസ്രാണികളും ക്നാനായരും. കേരളത്തിൽ സുവിശേഷപ്രചരണം നടത്തി എന്നു കരുതപ്പെടുന്ന[3] ക്രിസ്തുശിഷ്യനായ തോമാശ്ലീഹയാൽ സ്ഥാപിതമായ ക്രൈസ്തവസമൂഹമാണ് തങ്ങളുടേതെന്നു വിശ്വസിക്കുന്നവരാണ് മാർ തോമാ നസ്രാണികൾ.[4] കേരളത്തിലെ മൊത്തം ക്രൈസ്തവരുടെ 80 ശതമാനം വരുന്നവരാണ് ഇവർ. യൂറോപ്യന്മാരുടെ വരവ് വരെ കേരളത്തിലെ വ്യാപാരമേഖലയിൽ പ്രകടമായ സ്വാധീനം ചെലുത്തിയിരുന്ന[5] ഇവരിലെ പ്രമാണിമാർക്ക്‌ രാജാക്കന്മാരിൽ നിന്ന് പല പ്രത്യേകാവകാശങ്ങളും അധികാരങ്ങളും ലഭിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ട് വരെ ഒരേ വിശ്വാസവും ഒരേ സഭയുമായി കഴിഞ്ഞിരുന്ന ഇവർ ഇപ്പോൾ ഒൻപത് വ്യത്യസ്ത സഭകളിലായി ചിതറിക്കിടക്കുന്നു. തെക്കൻ-മധ്യ കേരളത്തിൽ ഗണ്യമായ ജനസംഖ്യ ഈ വിഭാഗത്തിനുണ്ട്‌.

ഇന്ത്യൻ മഹാസമുദ്രത്തിലെ പൗരസ്ത്യ സുറിയാനി മെത്രാപ്പോലീത്തൻ പ്രവിശ്യകൾ, രൂപതകൾ, സുമുദ്രാന്തര പാതകളിലെ മറ്റ് കേന്ദ്രങ്ങൾ എന്നിവ

പേരിനു പിന്നിൽ

മാർ തോമാ ശ്ലീഹായിൽ നിന്നും ക്രിസ്തുവിശ്വാസം സ്വീകരിച്ചവരുടെ പിന്മുറക്കാരാണ് തങ്ങളെന്ന ഇവരുടെ പാരമ്പര്യവിശ്വാസത്തിൽ നിന്നാണ് ഇവർക്ക് മാർ തോമാ നസ്രാണികൾ എന്ന പേരുണ്ടായത്. 'മാർത്തോമായുടെ മാർഗ്ഗവും വഴിപാടും' എന്നാണ് ഇവർ തങ്ങളുടെ മതചര്യയെ വിശേഷിപ്പിച്ചിരുന്നത്.[6] മാർഗ്ഗം എന്നതിന് 'മതം' എന്നൊരു അർത്ഥമുണ്ട്; അതുപോലെ വഴിപാട് എന്ന പദത്തിന് 'പാരമ്പര്യം' എന്നൊരു അർത്ഥം പ്രാചീനമലയാളത്തിലുണ്ടായിരുന്നു.[6] നസ്രാണി എന്ന പദം 'നസ്രായന്റെ അനുയായികൾ' എന്ന അർത്ഥത്തിൽ[7] വന്നതാണെന്ന് കരുതപ്പെടുന്നു. നസറെത്തിൽ ജനിച്ച യേശുവിനെ 'നസ്രായനായ യേശു' എന്നും പരാമർശിക്കാറുണ്ട്.

നസ്രാണി മാപ്പിളമാർ[8] എന്നും ഇവരെ വിളിച്ചിരുന്നു. മലയാളത്തിലെ ആദ്യത്തെ നിഘണ്ടു നിർമ്മിച്ച ഹെർമൻ ഗുണ്ടർട്ടിന്റെ അഭിപ്രായ പ്രകാരം മാപ്പിള എന്ന പദം കേരളത്തിലേക്ക് കുടിയേറിയ പശ്ചിമേഷ്യയിലെ സെമെറ്റിക് വംശജർക്ക് (യഹൂദർ, അറബികൾ തുടങ്ങി ശേമിൻറെ വംശപരമ്പരയിൽ പെട്ടവർക്ക്) പൊതുവായി പറയുന്നതാണ്. [അവലംബം ആവശ്യമാണ്] ചേരമാൻ പെരുമാൾ മാപ്പിളമാർ എന്ന പദവി കല്പിച്ചു് കൊടുത്തിട്ടുള്ളതായും വിശ്വസിക്കപ്പെടുന്നു (ക്രിസ്ത്യാനികളെ കൂടാതെ ജൂതന്മാർക്കും മുസ്ലിങ്ങൾക്കും മാപ്പിള സ്ഥാനം ഉണ്ടായിരുന്നു) .[9][10][11]

17-ആം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഡച്ചുകാരാണ് ആദ്യമായി മാർ തോമാ നസ്രാണികളെ സുറിയാനി ക്രിസ്ത്യാനികൾ എന്നു വിളിച്ചത്.[12] അതുവരെ മാർ തോമാ നസ്രാണികൾ എന്നായിരുന്നു പ്രധാനമായും ഇവരെ വിളിച്ചു വന്നിരുന്നത്. ഉദയംപേരൂർ സൂനഹദോസിന്റെ കാനോനകൾ (1599), റോസിന്റെ നിയമാവലി (1606), മിലാൻ രേഖകൾ (1632, 1645) എന്നീ കൃതികളിൽ ഇവരെ മാർ തോമാ നസ്രാണികൾ എന്നാണ് മിക്കയിടത്തും പരാമർശിച്ചിരിക്കുന്നത്.[6] രണ്ടോ മൂന്നോ ഇടങ്ങളിൽ മാത്രമേ നസ്രാണി മാപ്പിളമാർ എന്ന പേരു പ്രത്യക്ഷപ്പെടുന്നുള്ളൂ. ഉദയംപേരൂർ സൂനഹദോസിൻറെ കാനോനകളിൽ മാർ തോമാ നസ്രാണി സമുദായത്തെ മലങ്കര നസ്രാണി ഇടവക എന്നും പരാമർശിച്ചിരിക്കുന്നു.

വിവിധ സഭകൾ

മാർ തോമാ നസ്രാണികളിലെ വിവിധ വിഭാഗങ്ങൾ

ഒറ്റ സമുദായമായി കഴിഞ്ഞിരുന്ന മാർ തോമാ നസ്രാണികൾ കൂനൻ കുരിശു സത്യത്തിനു ശേഷം 1657-65 കാലത്താണു് ആദ്യമായി പിളർന്നതു്. ഇപ്പോൾ ഇവർ സിറോ മലബാർ സഭ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ, സീറോ മലങ്കര കത്തോലിക്കാ സഭ, മലങ്കര മാർത്തോമ്മാ സുറിയാനി സഭ, കൽദായ സുറിയാനി സഭ, മലബാർ സ്വതന്ത്ര സുറിയാനി സഭ, സെന്റ് തോമസ് ഇവാഞ്ചലിക്കൽ സഭ എന്നിങ്ങനെ വിവിധ സഭകളിലായി ചിതറിക്കിടക്കുന്നു. ഇവരിൽ സിറോ മലബാർ സഭയും സിറോ മലങ്കര സഭയും സ്വയംഭരണാധികാരമുള്ള പൗരസ്ത്യ കത്തോലിക്കാ സഭകളാണ്. സിറോ മലബാർ സഭ പൗരസ്ത്യ സുറിയാനി ആരാധനക്രമവും സിറോ മലങ്കര സഭ പാശ്ചാത്യ സുറിയാനി ആരാധനക്രമവും പിന്തുടരുന്നു. കേരളത്തിലെ ഓറിയന്റൽ ഓർത്തഡോക്സ് സഭകളാണ് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയും. ഇവയിൽ യാക്കോബായ സുറിയാനി സഭ, സുറിയാനി ഓർത്തഡോക്സ് സഭയുടെ സ്വയംഭരണാധികാരമുള്ള കേരളത്തിലെ പ്രാദേശിക സഭയായി പ്രവർത്തിക്കുന്നു. ഔദ്യോഗികമായി ഓറിയന്റൽ ഓർത്തഡോക്സ് സഭാകുടുംബത്തിലെ അംഗമല്ലെങ്കിലും ഓറിയന്റൽ ഓർത്തഡോക്സ് വിശ്വാസത്തിലും പാരമ്പര്യത്തിലുമുള്ള കേരളത്തിലെ മറ്റൊരു സഭയാണ് മലബാർ സ്വതന്ത്ര സുറിയാനി സഭ. ഈ മൂന്നു സഭകളും പാശ്ചാത്യ സുറിയാനി ആരാധനക്രമം പിന്തുടരുന്നു. പൗരസ്ത്യ നവീകരണ സഭകളായ മാർത്തോമ്മാ സഭയും സെന്റ് തോമസ് ഇവാഞ്ചലിക്കൽ സഭയും പാശ്ചാത്യ സുറിയാനി ആരാധനക്രമം അവരുടെ നവീകരണ ദർശനങ്ങൾക്കനുസൃതമായ രീതിയിൽ പരിഷ്കരിച്ചുപയോഗിക്കുന്നു. അസ്സീറിയൻ പൗരസ്ത്യ സഭയുടെ കേരളത്തിലെ ശാഖയാണ് കൽദായ സുറിയാനി സഭ. ഇവർ പൗരസ്ത്യ സുറിയാനി ആരാധനക്രമം പിന്തുടരുന്നു.

ഇതും കാണുക

അവലംബം

 1. Thomas (2018).
 2. Ross, Israel J. (1979). "Ritual and Music in South India: Syrian Christian Liturgical Music in Kerala". Asian Music. 11 (1): 80–98. doi:10.2307/833968. JSTOR 833968.
 3. S. C. Bhatt, Gopal K. Bhargava (2006). Land and People of Indian States and Union Territories: In 36 Volumes. Kerala. Gyan Publishing House. പുറങ്ങൾ. 32–33. ISBN 978-81-7835-370-8.
 4. Rajendra Prasad (2009). A Historical-developmental Study of Classical Indian Philosophy of Morals. Concept Publishing Company. പുറങ്ങൾ. 479–. ISBN 978-81-8069-595-7.
 5. A. Sreedhara Menon (2008). Cultural Heritage of Kerala. D.C. Books. പുറങ്ങൾ. 26–. ISBN 978-81-264-1903-6.
 6. 6.0 6.1 6.2 ഡോ:പി.ജെ. തോമസിന്റെ 'മലയാള സാഹിത്യവും ക്രിസ്ത്യാനികളും' എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ 'ചർച്ചയും പൂരണവും' എന്ന അനുബന്ധ ഭാഗത്തു നിന്നും. ഡി.സി. ബുക്‌സ്. 1989. പുറം. 315.
 7. "The Tradition of St. Thomas". keralatourism.org. Dept of Tourism, Govt of Kerala. ശേഖരിച്ചത് 12 January 2022. 'Nasrani' means those who follow Nazarene, a name of Christ who was born in Nazareth.
 8. "Socio-Religious Movements in Kerala: A Reaction to the Capitalist Mode of Production: Part Two". Social Scientist. 6 (72): 28. ജൂലൈ 1978. ശേഖരിച്ചത് 8 ഓഗസ്റ്റ് 2019.
 9. Županov, Ines G. (2005). Missionary Tropics: The Catholic Frontier in India (16th–17th centuries), p. 99 and note. University of Michigan Press. ISBN 0-472-11490-5
 10. Bindu Malieckal (2005) Muslims, Matriliny, and A Midsummer Night's Dream: European Encounters with the Mappilas of Malabar, India; The Muslim World Volume 95 Issue 2 page 300
 11. The Mappila fisherfolk of Kerala: a study in inter-relationship between habitat, technology, economy, society, and culture (1977), P. R. G. Mathur, Anthropological Survey of India, Kerala Historical Society, p. 1
 12. Origin of Christianity in India: a Historiographical Critique, p. 52. Media House Delhi.


"https://ml.wikipedia.org/w/index.php?title=മാർ_തോമാ_നസ്രാണികൾ&oldid=3915747" എന്ന താളിൽനിന്ന് ശേഖരിച്ചത്