വിരസത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിരസമായി ഇരിക്കുന്ന ഒരു സുവനീർ വിൽപ്പനക്കാരി.

സാമ്പ്രദായിക ഉപയോഗത്തിൽ, മലയാളത്തിൽ വിരസത, മുഷിവ് അല്ലെങ്കിൽ വൈരസ്യം എന്നും ഇംഗ്ലീഷിൽ ബോർടം, എന്നൂയി, അല്ലെങ്കിൽ ടെഡിയം എന്നും അറിയപ്പെടുന്ന അവസ്ഥ, ചുറ്റുപാടുകളിൽ താൽപ്പര്യമില്ലാത്ത വൈകാരികവും മാനസികവുമായ അവസ്ഥയാണ്. ഒരു വ്യക്തിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെയാവുമ്പോഴോ, ജോലിയുടെയോ ആവേശത്തിന്റെയോ അഭാവം നിമിത്തമോ അലസതയും വിരസതയും ഉണ്ടാകാം. അനുഭവപ്പെടുന്ന സാംസ്കാരിക മാനങ്ങളുള്ള ഒരു ആധുനിക പ്രതിഭാസമായും പണ്ഡിതന്മാർ ഇതിനെ മനസ്സിലാക്കുന്നു. വിരസതയ്ക്ക് സാർവത്രികമായി അംഗീകരിക്കപ്പെട്ട ഒരു നിർവചനം ഇല്ല. എന്നാൽ അത് എന്തുതന്നെയായാലും, ഇത് വിഷാദത്തിന്റെയോ നിസ്സംഗതയുടെയോ മറ്റൊരു പേരല്ല എന്ന് ഗവേഷകർ വാദിക്കുന്നു.[1] ബിബിസി ന്യൂസ് പറയുന്നതനുസരിച്ച്, വിരസത "...നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന അപകടകരവും വിനാശകരവുമായ മാനസികാവസ്ഥയായിരിക്കാം"; എങ്കിലും ഗവേഷണങ്ങൾ "... വിരസതയില്ലാതെ നമുക്ക് നമ്മുടെ സൃഷ്ടിപരമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിയില്ലെന്ന്" നിർദ്ദേശിക്കുന്നു.[2]

മനഃശാസ്ത്രം[തിരുത്തുക]

ബോർടം, ഗാസ്റ്റൺ ഡി ലാ ടച്ച്, 1893
മടുപ്പ് തോന്നുന്ന ഒരു പെൺകുട്ടി

വ്യത്യസ്ത പണ്ഡിതന്മാർ വിരസതയ്ക്ക് വ്യത്യസ്ത നിർവചനങ്ങൾ ഉപയോഗിക്കുന്നു, ഇത് ഗവേഷണത്തെ സങ്കീർണ്ണമാക്കുന്നു. [3] വിരസതയെ അതിന്റെ പ്രധാന കേന്ദ്ര മനഃശാസ്ത്ര പ്രക്രിയകളുടെ അടിസ്ഥാനത്തിൽ സിന്തിയ ഡി ഫിഷർ നിർവചിച്ചിരിക്കുന്നത് "ഒരു വ്യക്തിക്ക് വ്യാപകമായ താൽപ്പര്യക്കുറവും നിലവിലെ പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ടും അനുഭവപ്പെടുന്ന അസുഖകരമായ, ക്ഷണികമായ ഒരു അവസ്ഥ" എന്നാണ്. മാർക്ക് ലിയറിയും സഹപ്രവർത്തകരും വിരസതയെ "വൈജ്ഞാനിക ശ്രദ്ധാ പ്രക്രിയകളുമായി ബന്ധപ്പെട്ട ഒരു ക്രിയാത്മക അനുഭവം" എന്ന് വിശേഷിപ്പിക്കുന്നു. [4] റോബർട്ട് പ്ലൂച്ചിക്ക് വിരസതയെ വെറുപ്പിന്റെ നേരിയ രൂപമായി വിശേഷിപ്പിച്ചു. പോസിറ്റീവ് സൈക്കോളജിയിൽ, ആവശ്യത്തിലധികം വൈദഗ്ധ്യമുള്ള ഒരു കാര്യത്തിൽ വ്യക്തിയുടെ പ്രതികരണമായാണ് വിരസതയെ വിവരിക്കുന്നത്. [5]

മൂന്ന് തരത്തിലുള്ള വിരസതയുണ്ട്. ആവശ്യമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് മനുഷ്യരെ തടയുമ്പോൾ ഉണ്ടാകുന്ന വിരസത, അനാവശ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ മനുഷ്യർ നിർബന്ധിതരാകുമ്പോൾ ഉണ്ടാകുന്ന വിരസത, അല്ലെങ്കിൽ മറ്റ് ചില കാരണങ്ങളാൽ ആളുകൾക്ക് ഒരു പ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയാത്ത സമയങ്ങൾ എന്നിവയാണ് ആ മൂന്നെണ്ണം. [6] എല്ലാ തരത്തിലുമുള്ള വിരസത അനുഭവിക്കാനുള്ള പ്രവണതയായ ബോർഡം പ്രോണനെസ് വിലയിരുത്തുന്നത് സാധാരണയായി ബോർഡം പ്രോണനെസ് സ്കെയിൽ ഉപയോഗിച്ച് ആണ്. [7] ശ്രദ്ധയുടെ കുറവും വിരസതയും വ്യക്തമായും സ്ഥിരമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സമീപകാല ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. [8] വിരസതയും അതിന്റെ സാധ്യതയും സൈദ്ധാന്തികമായും അനുഭവപരമായും വിഷാദരോഗവുമായും സമാന ലക്ഷണങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. [9] [10] [11] ശ്രദ്ധക്കുറവുപോലെ, വിഷാദരോഗവുമായും വിരസത വളരെ ശക്തമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. [9] വിരസതയെ പലപ്പോഴും നിസ്സാരമായി തള്ളിക്കളയാറുണ്ടെങ്കിലും, വിരസതയ്ക്കുള്ള സാധ്യത വളരെ വൈവിധ്യമാർന്ന മാനസികവും ശാരീരികവും വിദ്യാഭ്യാസപരവും സാമൂഹികവുമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് ഓർക്കേണ്ടതാണ്. [12]

ഒരു വ്യക്തി അശ്രദ്ധയോ, ആവശ്യമുള്ള കാര്യങ്ങൾ മറക്കുന്നതോ ആയ പെരുമാറ്റം കാണിക്കുന്നതാണ് ആബ്സെന്റ് മൈൻഡഡ്നെസ്. [13] അബ്‌സെൻഡ്-മൈൻഡഡ്നെസ് എന്നത് ശ്രദ്ധ കുറയുകയോ വ്യതിചലിക്കുകയോ ചെയ്യുന്ന ഒരു മാനസികാവസ്ഥയാണ്. ആബ്‌സെൻഡ്-മൈൻഡഡ്നെസ് എന്നത് ഒരു രോഗ അവസ്ഥയല്ല, മറിച്ച് ആളുകൾ അവരുടെ ദൈനംദിന ജീവിതത്തിൽ അനുഭവിക്കുന്ന വിരസതയുടെയും ഉറക്കമില്ലായ്മയുടെയും ഒരു ലക്ഷണമാണ്.അട്ടെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ, ഡിപ്രെഷൻ തുടങ്ങിയ മറ്റ് പല അവസ്ഥകളുടെയും ഫലമായും ആബ്‌സെൻഡ്-മൈൻഡഡ്നെസ് ഉണ്ടാകാം. ദൈനംദിന ജീവിതത്തെ ബാധിക്കുന്നതു കൂടാതെ, ആബ്‌സെൻഡ്-മൈൻഡഡ്നെസ് കൂടുതൽ ഗുരുതരമായ, ദീർഘകാല പ്രശ്നങ്ങളും ഉണ്ടാക്കാം.

ശാരീരിക ആരോഗ്യം[തിരുത്തുക]

ക്ഷീണം, മയക്കം, മന്ദത അല്ലെങ്കിൽ ഊർജ്ജമില്ലായ്മ എന്നിവയുടെ അവസ്ഥയാണ് ആലസ്യം അഥവാ ലെത്താർഗി. ഇതിനൊപ്പം വിഷാദം, പ്രചോദനം കുറയൽ അല്ലെങ്കിൽ നിസ്സംഗത എന്നിവയും ഉണ്ടാകാം. വിരസത, അപര്യാപ്തമായ ഉറക്കം, അമിതമായ അധ്വാനം, അമിത ജോലി, സമ്മർദ്ദം, വ്യായാമക്കുറവ് അല്ലെങ്കിൽ ഒരു ക്രമക്കേടിന്റെ ലക്ഷണം എന്നിവയ്ക്കുള്ള ഒരു സാധാരണ പ്രതികരണമായിരിക്കാം ലെത്താർഗി. വിശ്രമം, മതിയായ ഉറക്കം, സമ്മർദ്ദം കുറയുക, നല്ല പോഷകാഹാരം എന്നിവയിലൂടെ ലെത്താർഗി പലപ്പോഴും പരിഹരിക്കപ്പെടും. [14]

തത്വശാസ്ത്രം[തിരുത്തുക]

തത്വശാസ്ത്രപരമായി വിരസത എന്നത് ഒരു വ്യക്തി തന്റെ പരിസ്ഥിതിയെ മങ്ങിയതും മടുപ്പിക്കുന്നതും ഉത്തേജനം ഇല്ലാത്തതുമായി കാണുന്നതാണ്. ഇത് ഒഴിവുസമയങ്ങളിൽ നിന്നും അല്ലെങ്കിൽ സൗന്ദര്യാത്മക താൽപ്പര്യങ്ങളുടെ അഭാവത്തിൽ നിന്നും ഉണ്ടാകാം. വിരസതയിൽ അന്തർലീനമായ ഒരു ഉത്കണ്ഠയുണ്ട്; അതിനെ തടയുന്നതിനോ പരിഹരിക്കുന്നതിനോ ആളുകൾ കാര്യമായ പ്രയത്‌നം ചെലവഴിക്കും, എന്നിട്ടും പല സാഹചര്യങ്ങളിലും അത് കഷ്ടപ്പാടുകളായി മാറുന്നു. വിരസതയിൽ നിന്ന് രക്ഷപ്പെടാനുള്ള സാധാരണ നിഷ്ക്രിയ മാർഗങ്ങൾ ഉറങ്ങുകയോ ക്രിയാത്മകമായ ചിന്തകളിൽ (പകൽ സ്വപ്നം) മുഴുകുകയോ ചെയ്യുക എന്നതാണ്. പരിചയവും ആവർത്തനവും വിരസതയിലേക്ക് നയിക്കുന്നതിനാൽ ഏതെങ്കിലും തരത്തിലുള്ള മനഃപൂർവമായ പുതിയ പ്രവർത്തനത്തിൽ ഏർപ്പെടുന്നതും വിരസത അകറ്റും.

അസ്തിത്വവാദ ചിന്തയിൽ വിരസതയ്ക്കും ഒരു പങ്കുണ്ട്. സോറൻ കീർ‌ക്കെഗാഡും ഫ്രെഡറിക് നീച്ചയും അസ്തിത്വവാദ പ്രസ്ഥാനത്തിന്റെ തുടക്കക്കാരായ രണ്ട് തത്ത്വചിന്തകരായിരുന്നു. പാസ്കലിനെപ്പോലെ, ജീവിതത്തിന്റെ പ്രത്യക്ഷമായ അർത്ഥശൂന്യതയോടും വിരസതയിൽ നിന്ന് രക്ഷപ്പെടാനുള്ള വഴിതിരിച്ചുവിടലിനോടുമുള്ള ജനങ്ങളുടെ നിശബ്ദ പോരാട്ടത്തിൽ അവർക്ക് താൽപ്പര്യമുണ്ടായിരുന്നു. കീർ‌ക്കെഗാഡിന്റെ പുസ്തകമായ എയ്തർ/ഓർ വിരസത ഒഴിവാക്കാൻ ഉയർന്ന തലത്തിലുള്ള സൗന്ദര്യശാസ്ത്രജ്ഞർ (എയ്സ്ത്തെറ്റ്സ്) ഉപയോഗിക്കുന്ന ഒരു രീതിയായ റൊട്ടേഷൻ രീതി വിവരിക്കുന്നു. ഈ രീതി സൗന്ദര്യാത്മക (എയ്സ്ത്തെറ്റിക്) ജീവിതരീതിയുടെ ഒരു പ്രധാന ഹെഡോണിസ്റ്റിക് വശമാണ്. എയ്സ്ത്തെറ്റുകൾ ഓരോ പ്രവർത്തനത്തിൽ നിന്നും ലഭിക്കുന്ന ആസ്വാദനവും ആനന്ദവും പരമാവധിയാക്കാൻ ഒരാൾ ചെയ്യുന്നതിനെ നിരന്തരം മാറ്റുന്നു.

സുലു പോലെയുള്ള ചില എൻഗുനി ഭാഷകളിൽ, വിരസത, ഏകാന്തത എന്നിവയെ പരാമർശിക്കാൻ ഒരേ വാക്ക് (isizungu) ഉപയോഗിക്കുന്നു.

കാരണങ്ങളും ഫലങ്ങളും[തിരുത്തുക]

വിക്ടർ വാസ്നെറ്റ്സോവ് വരച്ച "ദ പ്രിൻസസ് ഹൂ നെവർ സ്മൈൽഡ് (ഒരിക്കലും പുഞ്ചിരിക്കാത്ത രാജകുമാരി)"

വ്യാപകമായി പഠിച്ചിട്ടില്ലെങ്കിലും, വിരസതയെക്കുറിച്ചുള്ള ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് വിരസത ഒരു വ്യക്തിയുടെ ജീവിതത്തിന്റെ വിവിധ മേഖലകളെ ബാധിക്കുന്ന ഒരു പ്രധാന ഘടകമാണ് എന്നാണ്. വിരസതയ്ക്കുള്ള സാധ്യത അളക്കുന്ന ബോർഡം-പ്രോൺനസ് സ്കെയിലിൽ താഴ്ന്ന റാങ്കിലുള്ള ആളുകൾ, കരിയർ, വിദ്യാഭ്യാസം, സ്വയംഭരണം എന്നിവയുൾപ്പെടെ അവരുടെ ജീവിതത്തിന്റെ വിവിധ വശങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതായി കണ്ടെത്തി. [15] വിരസത ക്ലിനിക്കൽ ഡിപ്രഷന്റെ ലക്ഷണമാകാം. ചില തത്ത്വചിന്തകർ നിർദ്ദേശിക്കുന്നത് കുട്ടികളെ ഉത്തേജകങ്ങളില്ലാത്ത ഒരു പരിതസ്ഥിതിയിൽ വളർത്തുകയും അവരുടെ പരിസ്ഥിതിയുമായി ഇടപഴകാൻ അനുവദിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തില്ലെങ്കിൽ, അതിനുള്ള മാനസിക ശേഷി വികസിപ്പിക്കുന്നതിൽ അവർ പരാജയപ്പെടും എന്നാണ്.

ഒരു പഠന അന്തരീക്ഷത്തിൽ, ബോറടിക്കാനുള്ള ഒരു സാധാരണ കാരണം വിഷയത്തെക്കുറിച്ചുള്ള ധാരണയില്ലായ്മ അല്ലെങ്കിൽ അമിത ധാരണയാണ്; ഉദാഹരണത്തിന്, തനിക്ക് അറിയാത്തതോ താൽപ്പര്യം ഇല്ലാത്തതോ ആയ ഒരു ക്ലാസിലോ പ്രഭാഷണത്തിലോ ഇരിക്കുന്ന ഒരാൾക്ക് അത് സാധാരണയായി വിരസമായി തോന്നും. അതേപോലെ തന്നെ വളരെ എളുപ്പത്തിൽ മനസ്സിലാക്കാവുന്നതോ ലളിതമോ സുതാര്യമോ ആയതൊ സ്ഥിരമായി കെട്ട് മനപാഠം ആയതോ ആയവയും ബോറടിപ്പിക്കാം. വിരസത പലപ്പോഴും പഠനവുമായി വിപരീതമായി ബന്ധപ്പെട്ടിരിക്കുന്നു. വിദ്യാർത്ഥികൾക്ക് പ്രവചിക്കാവുന്ന ഒരു പ്രവർത്തനം അവരെ ബോറടിപ്പിക്കാൻ സാധ്യതയുണ്ട്. [16]

1989-ലെ ഒരു പഠനം സൂചിപ്പിക്കുന്നത്, വിരസത വ്യക്തിയുടെ ശ്രദ്ധയുടെ അളവിനെ സ്വാധീനിച്ചേക്കാം എന്നാണ്. [17] വിരസതയും കൗമാരക്കാർക്കിടയിലെ മയക്കുമരുന്ന് ദുരുപയോഗവുമായുള്ള ബന്ധനങ്ങളും പഠന വിധേയമാക്കിയിട്ടുണ്ട്. [18] പത്തോളജിക്കൽ ഗാംബ്ലിങ് സ്വഭാവത്തിന്റെ ഒരു കാരണമായി വിരസതയെ പറയാറുണ്ട്. പത്തോളജിക്കൽ ഗാംബ്ലിങ് സ്വഭാവക്കാർ വിരസതയുടെയും വിഷാദത്തിന്റെയും അവസ്ഥകൾ ഒഴിവാക്കാൻ ഉത്തേജനം തേടുന്നു എന്ന സിദ്ധാന്തത്തിന് അനുസൃതമായ ഫലങ്ങൾ ഒരു പഠനം കണ്ടെത്തിയിട്ടുണ്ട്. [19] വിരസതയ്ക്ക് പുതിയ വെല്ലുവിളികൾ തേടാൻ മനുഷ്യരെ പ്രോത്സാഹിപ്പിക്കുന്ന പരിണാമപരമായ അടിത്തറയുണ്ടെന്നും അഭിപ്രായമുണ്ട്. വിരസത മനുഷ്യന്റെ പഠനത്തെയും ബുദ്ധിയെയും സ്വാധീനിച്ചേക്കാം. [20]

വിരസതയ്ക്ക് ചില നല്ല ഫലങ്ങളും ഉണ്ടാകുമെന്ന് സമീപകാല ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഒരു താഴ്ന്ന ഉത്തേജന അന്തരീക്ഷം സർഗ്ഗാത്മകത വർദ്ധിപ്പിക്കുന്നതിലേക്ക് നയിച്ചേക്കാം, കൂടാതെ അത് ഒരു "യുറീക്ക മൊമെന്റിന്" വേദിയൊരുക്കിയേക്കാം. [21]

ജോലിസ്ഥലത്ത്[തിരുത്തുക]

ജോലിയുടെ അഭാവം, വിരസത, തത്ഫലമായുണ്ടാകുന്ന സംതൃപ്തിയുടെ അഭാവം എന്നിവ ആധുനിക ഓർഗനൈസേഷനുകളിൽ, പ്രത്യേകിച്ച് ഓഫീസ് അധിഷ്ഠിത വൈറ്റ് കോളർ ജോലികളിൽ പ്രവർത്തിക്കുന്ന വ്യക്തികളെ ബാധിക്കുന്ന ഒരു സാധാരണ അസ്വാസ്ഥ്യമാണെന്ന് സ്ഥാപിക്കുന്ന ഒരു മാനേജ്മെന്റ് സിദ്ധാന്തമാണ് ബോറൗട്ട്. ഈ സിദ്ധാന്തം ആദ്യമായി 2007-ൽ രണ്ട് സ്വിസ് ബിസിനസ് കൺസൾട്ടന്റുമാരായ പീറ്റർ വെർഡർ, ഫിലിപ്പ് റോത്ത്ലിൻ എന്നിവരുടെ ഡയഗ്നോസ് ബോറൗട്ട് എന്ന പുസ്തകത്തിൽ വിശദീകരിച്ചു. സമ്മർദ്ദത്തിന്റെ സാന്നിധ്യത്തേക്കാൾ അർത്ഥവത്തായ ജോലികളുടെ അഭാവമാണ് പല തൊഴിലാളികളുടെയും പ്രധാന പ്രശ്നമെന്ന് അവർ അവകാശപ്പെടുന്നു..

ജീവനക്കാരെ ജോലിയിൽ നിന്ന് സ്വയം ഒഴിയാൻ പ്രേരിപ്പിക്കുന്ന ഒരു ആധുനിക എക്‌സിറ്റ് മാനേജ്‌മെന്റ് തന്ത്രമാണ് "ചേസിംഗ്-ഔട്ട്-റൂം" അല്ലെങ്കിൽ "ബോറം റൂം" എന്നും അറിയപ്പെടുന്ന ഒരു "ബാനിഷ്‌മെന്റ് റൂം". ഇതിൽ ജീവനക്കാരെ അവർ നിരാശരാകുന്നതുവരെ അർത്ഥമില്ലാത്ത ജോലി ചെയ്യേണ്ടിവരുന്ന ഒരു ഡിപ്പാർട്ട്‌മെന്റിലേക്ക് മാറ്റുന്നു, അതിലൂടെ അവർ സ്വയം ജോലി ഉപേക്ഷിക്കാൻ തയ്യാറാകുന്നു.[22][23][24] സ്വമേധയാ ജോലി രാജി വെച്ച് പോകുന്നതിനാൽ, ജീവനക്കാരന് ചില ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കില്ല. ഈ സമ്പ്രദായത്തിന്റെ നിയമസാധുതയും ധാർമ്മികതയും സംശയാസ്പദമാണ്, ചില പ്രദേശങ്ങളിലെ കോടതികൾ ക്രിയാത്മകമായ പിരിച്ചുവിടലായി (കൺസ്ട്രക്റ്റീവ് ഡിസ്മിസൽ) ഇതിനെ വ്യാഖ്യാനിക്കാം.

ഇതും കാണുക[തിരുത്തുക]

 • നിസ്സംഗത
 • ക്യാബിൻ ഫീവർ
 • ഡ്രാബ് (നിറം)
 • ഡിസ്റ്റിമിയ
 • പ്രചോദനം

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

 • കരേര, എലീന (2023). ബോർഡം . കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ്.

അവലംബം[തിരുത്തുക]

 1. Koerth-Baker, Maggie (2016). "Why Boredom Is Anything but Boring". Nature. 529 (7585): 146–148. Bibcode:2016Natur.529..146K. doi:10.1038/529146a. PMID 26762441. Archived from the original on 8 June 2017. Retrieved 28 April 2018.
 2. Robson, David. "Psychology: Why boredom is bad... and good for you". bbc.com. Archived from the original on 24 August 2017. Retrieved 28 April 2018.
 3. Vodanovich, Stephen J. (November 2003) "Psychometric Measures of Boredom: A Review of the Literature" The Journal of Psychology. 137:6 p. 569 "Indeed, a shortcoming of the boredom literature is the absence of a coherent, universally accepted definition. The lack of an agreed-upon definition of boredom has limited the measurement of the construct and partly accounts for the existence of diverse approaches to assessing various subsets of boredom."
 4. Leary, M. R.; Rogers, P. A.; Canfield, R. W.; Coe, C. (1986). "Boredom in interpersonal encounters: Antecedents and social implications". Journal of Personality and Social Psychology. 51 (5): 968–975 [968]. doi:10.1037/0022-3514.51.5.968.
 5. Csikszentmihalyi, M. (1997). Finding Flow: The Psychology Of Engagement With Everyday Life. Basic Books. ISBN 978-0-465-02411-7.
 6. Cheyne, J. A.; Carriere, J. S. A.; Smilek, D. (2006). "Absent-mindedness: Lapses in conscious awareness and everyday cognitive failures". Consciousness and Cognition. 15 (3): 578–592. doi:10.1016/j.concog.2005.11.009. PMID 16427318. Archived from the original on 2010-09-24.
 7. Farmer, R.; Sundberg, N. D. (1986). "Boredom proneness: The development and correlates of a new scale". Journal of Personality Assessment. 50 (1): 4–17. doi:10.1207/s15327752jpa5001_2. PMID 3723312.
 8. Fisher, C.D. (1993). "Boredom at work: A neglected concept" (PDF). Human Relations. 46 (3): 395–417. doi:10.1177/001872679304600305.
 9. 9.0 9.1 Carriere, J. S. A.; Cheyne, J. A.; Smilek, D. (September 2008). "Everyday Attention Lapses and Memory Failures: The Affective Consequences of Mindlessness" (PDF). Consciousness and Cognition. 17 (3): 835–847. doi:10.1016/j.concog.2007.04.008. PMID 17574866. Archived from the original (PDF) on 2011-04-26.
 10. Sawin, D. A.; Scerbo, M. W. (1995). "Effects of instruction type and boredom proneness in vigilance: Implications for boredom and workload". Human Factors. 37 (4): 752–765. doi:10.1518/001872095778995616. PMID 8851777.
 11. Vodanovich, S. J.; Verner, K. M.; Gilbride, T. V. (1991). "Boredom proneness: Its relationship to positive and negative affect". Psychological Reports. 69 (3 Pt 2): 1139–1146. doi:10.2466/PR0.69.8.1139-1146. PMID 1792282.
 12. Hollow, Matthew. "Boredom: The Forgotten Factor in Fraud Prevention?". Journal of Corporate Accounting & Finance. 24: 19–24. doi:10.1002/jcaf.21887. Archived from the original on April 28, 2018. Retrieved October 1, 2014.
 13. "absent-minded". Oxford dictionaries. Archived from the original on 8 September 2011. Retrieved 5 August 2011.
 14. Hall J. E., Guyton A. C. (2006). Textbook of Medical Physiology, 11th edition. Elsevier Saunders, St. Louis, MO, ISBN 0-7216-0240-1.
 15. Watt, J. D.; Vodanovich, S. J. (1999). "Boredom Proneness and Psychosocial Development". Journal of Psychology. 133 (1): 149–155. doi:10.1002/(SICI)1097-4679(200001)56:1<149::AID-JCLP14>3.0.CO;2-Y. PMID 10319449.
 16. Ed.gov – R.V. Small et al. Dimensions of Interest and Boredom in Instructional Situations, Proceedings of Selected Research and Development Presentations at the 1996 National Convention of the Association for Educational Communications and Technology (18th, Indianapolis, IN), (1996)
 17. Damrad-Frye, R; Laird JD (1989). "The experience of boredom: the role of the self-perception of attention". J Personality Social Psych. 57 (2): 315–320. doi:10.1037/0022-3514.57.2.315.
 18. Iso-Ahola, Seppo E.; Crowley, Edward D. (1991). "Adolescent Substance Abuse and Leisure Boredom". Journal of Leisure Research. 23 (3): 260–271. doi:10.1080/00222216.1991.11969857.
 19. "Boredom proneness in pathological gambling". Psychol Rep. 67 (1): 35–42. August 1990. doi:10.2466/PR0.67.5.35-42. PMID 2236416.
 20. "The Psychology of Boredom – Why Your Brain Punishes You for Being Comfortable and Safe | HealthGuidance". Archived from the original on 2015-03-25. Retrieved 2015-03-27. The Psychology of Boredom – Why Your Brain Punishes You for Being Comfortable and Safe
 21. Technology & Science – CBC News. "'It's like a little trigger': The surprising benefits of boredom". Archived from the original on November 22, 2016. Retrieved November 22, 2016.
 22. Torres, Ida (May 30, 2013). "Japanese companies using 'banishment rooms' to push employees to resign". Japan Daily Press. Archived from the original on 15 August 2013. Retrieved 24 August 2013.
 23. "Banishment Room: Top companies under investigation over unfair labor practices". The Anahi Simbun. January 29, 2013. Archived from the original on 19 September 2013. Retrieved 23 August 2013.
 24. Tabuchi, Hiroko (August 16, 2013). "Layoffs Taboo, Japan Workers Are Sent to the Boredom Room". The New York Times. Archived from the original on 22 August 2013. Retrieved 23 August 2013.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിരസത&oldid=4013281" എന്ന താളിൽനിന്ന് ശേഖരിച്ചത്