അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ
An image of children
Children with ADHD find it more difficult to focus and to complete their schoolwork.
വർഗീകരണവും ബാഹ്യ ഉറവിടങ്ങളും
സ്പെഷ്യാലിറ്റി psychiatry[*]
അന്താരാഷ്ട്ര രോഗ വർഗീകരണ കോഡ് (ICD)-10 F90
അന്താരാഷ്ട്ര രോഗ വർഗീകരണ കോഡ് (ICD)-9-CM 314.00, 314.01
മെ.മനു.പാ കോഡ് 143465
രോഗവിവരസംഗ്രഹ കോഡ് 6158
മെഡ്‌ലൈൻ പ്ലസ് 001551
ഇ-മെഡിസിൻ med/3103 ped/177
Patient UK അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ
വൈദ്യവിഷയശീർഷക കോഡ് D001289

ചിലകുട്ടികളിലെ വികൃതി വെറും വികൃതിയല്ല.മറിച്ച് ലഘുവായൊരു രോഗത്തിൻ്റെ ലക്ഷണം കൂടിയാണ്.ഇത് മാനസികമായ ഒരു രോഗാവസ്ഥയാണ് ഹൈപ്പർ കൈനറ്റിക് ഡിസോർഡർ അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എ.ഡി.എച്ച്.ഡി)എന്ന പേരിൽ അറിയപ്പെടുന്നത്.

മൂന്നു വയസ്സുള്ള കുട്ടിക്ക് 10 മുതൽ 15 മിനിറ്റുവരെ മാത്രമേ തുടർച്ചയായി ഒരു കാര്യത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയുകയുള്ളു. വയസ്സ് കൂടുന്തോറും ഇതിന്റെ അളവ് കൂടിവരും. ഇത് പല കുട്ടികളിലും വ്യത്യാസപ്പെട്ടിരിക്കുകയും ചെയ്യും. അതേസമയം, നാലു വയസ്സുള്ള കുട്ടിക്ക് 5 മിനിറ്റിൽ കൂടുതൽ സമയം അടങ്ങിയിരിക്കാനോ ഏതെങ്കിലും കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനോ കഴിയാതെ വരുന്നുണ്ടെങ്കിൽ കുട്ടിയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു.[1]

ലക്ഷണങ്ങൾ[തിരുത്തുക]

അല്പംപോലും ഏകാഗ്രതയില്ലാത്ത തരത്തിലുള്ള ശ്രദ്ധക്കുറവ്, തുടർച്ചയായതും അലക്ഷ്യസ്വഭാവമുള്ളതുമായ ചലനങ്ങൾ, പൊടുന്നനെ സംസാരിക്കാനും എടുത്തുചാടി കാര്യങ്ങൾ ചെയ്യാനുമുള്ള അക്ഷമനിറഞ്ഞ പ്രവണത എന്നിവയാണ് ഈ രോഗത്തിന്റെ മുഖ്യലക്ഷണങ്ങൾ. ഇലക്ട്രിക്‌സ്വിച്ചുകളിലും ഉപകരണങ്ങളിലും നടത്തുന്ന പരീക്ഷണങ്ങൾ, ഉയരത്തിൽ നിന്ന് താഴേക്ക് ചാടൽ, അതിവേഗത്തിൽ മരംകയറൽ തുടങ്ങിയ ഇവരുടെ ചില പ്രവൃത്തികൾ ചിലപ്പോഴെങ്കിലും അപകടങ്ങളിൽ കലാശിക്കുകയും ജീവൻതന്നെ നഷ്ടപ്പെടാൻ ഇടയാക്കുകയും ചെയേ്തക്കാം. മറ്റു കുട്ടികളോടൊപ്പം കളിക്കുമ്പോൾ തോൽവി അംഗീകരിക്കാൻ മടി, പൊടുന്നനെ ക്ഷോഭിക്കുകയും മറ്റുള്ളവരെ ആക്രമിക്കുകയും ചെയ്യുന്നസ്ഥിതി എന്നിവയും കാണാറുണ്ട്. ആവശ്യപ്പെടുന്നതെന്തും ഉടനടി സാധിച്ചുകൊടുക്കാത്ത പക്ഷം അക്രമം കാണിക്കാനുള്ള പ്രവണതയുണ്ടാകും.ക്യൂ നിൽക്കുക,ക്ഷമയോടെ ഒരു കാര്യത്തിനായി കാത്തിരിക്കുക തുടങ്ങിയവ ഇത്തരക്കാർക്ക് ഏറെ പ്രയാസമാണ്.[2] ചില കുട്ടികളിൽ മേല്പറഞ്ഞ ലക്ഷണങ്ങളോടൊപ്പം നിരന്തരമായ കളവ് പറച്ചിൽ, മോഷണം, ക്ലാസ്സിൽ പോകാതിരിക്കുക, മൃഗങ്ങളെയും മറ്റും അകാരണമായി ഉപദ്രവിക്കുക, വീട് വിട്ട് ഓടിപ്പോകുക തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം. ഈ അവസ്ഥയെ ഹൈപ്പർ കൈനറ്റിക് കോൺഡക്ട് ഡിസോർഡർഎന്ന പേരിലാണ് വിശേഷിപ്പിക്കാറുള്ളത്. [2]

രോഗകാരണങ്ങൾ[തിരുത്തുക]

ശ്രദ്ധ, ഏകാഗ്രത, ആത്മനിയന്ത്രണം എന്നീ ഗുണങ്ങളെ നിയന്ത്രിക്കുന്നത് മസ്തിഷ്‌കത്തിന്റെ മധ്യഭാഗത്തുള്ള മസ്തിഷ്‌കകാണ്ഡത്തിന്റെയും പാർശ്വഭാഗത്തുള്ള ടെമ്പറൽ ഖണ്ഡം,മുൻഭാഗത്തുള്ള ഫ്രോണ്ടൽ ഖണ്ഡം എന്നിവയുടെ ഏകോപനത്തോടെയുള്ള പ്രവർത്തനമാണ്. ഈ പ്രവർത്തനങ്ങളിലെ മാന്ദ്യവും കാലതാമസവുമാണ് മേല്പറഞ്ഞ ഹൈപ്പർ കൈനറ്റിക് കുട്ടികളുടെ പ്രശ്‌നം. ഗർഭകാലത്ത് അമ്മമാർക്കുണ്ടാകുന്ന രോഗങ്ങൾ, മാതാപിതാക്കൾ തമ്മിലുള്ള പൊരുത്തക്കേട്, അച്ഛന്റെ മദ്യപാനശീലം, ചില ഹോർമോണുകളുടെ തകരാറുകൾ എന്നിങ്ങനെ ജീവശാസ്ത്രപരവും സാമൂഹികവുമായ പല കാരണങ്ങൾ ഇതിന് പിന്നിലുണ്ട്. പക്ഷേ, മേല്പറഞ്ഞ കാരണങ്ങളൊന്നും ഇല്ലാത്ത കുട്ടികളിലും ഈ രോഗം കണ്ടിട്ടുണ്ട്. മസ്തിഷ്‌കത്തിന്റെ സവിശേഷതരത്തിലുള്ള വളർച്ചയിലെ മാന്ദ്യവും പ്രവർത്തനതകരാറും തന്നെയാണ് ഈ രോഗത്തിന്റെ അടിസ്ഥാനകാരണം.[2]

ചികിത്സകൾ[തിരുത്തുക]

മസ്തിഷ്‌കത്തിലെ താളപ്പിഴകൾ അടിസ്ഥാന കാരണങ്ങളായതുകൊണ്ടുതന്നെ അവയെ നിയന്ത്രിക്കാനുള്ള ഔഷധങ്ങൾ ഉപയോഗിക്കേണ്ടതുണ്ട്. മീതൈൽ ഫെനിഡേറ്റ് പോലെയുള്ള ഉത്തേജക ഔഷധങ്ങൾ,അറ്റോമോക്‌സെറ്റിൻ,ക്ലോണിഡിൻ,റിസ്‌പെരിഡോൺ തുടങ്ങി വിവിധതരം ഔഷധങ്ങൾ ലഭ്യമാണ്. കുട്ടിയുടെ പ്രായവും ശാരീരിക ആരോഗ്യവും രോഗലക്ഷണങ്ങളുടെ സവിശേഷതയും മനസ്സിലാക്കിയ ശേഷമാണ് ഏതു ഔഷധം വേണമെന്ന് നിർണയിക്കുന്നത്.[2] ഔഷധങ്ങളോടൊപ്പം പെരുമാറ്റം വ്യത്യാസപ്പെടുത്താൻ സഹായിക്കുന്ന ബിഹേവിയർ തെറാപ്പി,[സൈക്കോ തെറാപ്പി, മാതാപിതാക്കൾക്ക് നൽകിവരുന്ന പേരന്റ് മാനേജ്‌മെന്റ് ട്രെയിനിങ് തുടങ്ങിയ രീതികൾക്കും അതിൻേറതായ പങ്കുണ്ട്.രോഗലക്ഷണങ്ങൾ കണ്ട് അധികം വൈകാതെ തന്നെ ചികിത്സ ആരംഭിച്ചാൽ അസുഖം ബാധിച്ച കുട്ടികളുടെ പെരുമാറ്റത്തിലും പഠനത്തിലും നല്ല പുരോഗതി ഉണ്ടാകാറുണ്ട്.[2]

അവലംബങ്ങൾ[തിരുത്തുക]

  1. http://www.madhyamam.com/health/node/79
  2. 2.0 2.1 2.2 2.3 2.4 ഡോ. അരുൺ ബി. നായർ. "കുട്ടികളിലെ അമിത വികൃതി" (ആരോഗ്യലേഖനം) (ഭാഷ: മലയാളം). യഥാർത്ഥ സൈറ്റിൽ നിന്ന് 2014-09-01 12:20:58-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് സെപ്റ്റംബർ 1, 2014.