Jump to content

വിക്കിപീഡിയ:വിദ്യാഭ്യാസ പദ്ധതി/അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കന്ററി സ്കൂൾ/റിപ്പോർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആമുഖം   ലേഖനങ്ങൾ   വിദ്യാർത്ഥികൾ   സഹായികൾ   വാർത്തകൾ   റിപ്പോർട്ട്  

അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന മലയാളം വിക്കിപീഡിയ - ഐടി@സ്കൂൾ വിദ്യാഭ്യാസപദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവർത്തനങ്ങളുടെ റിപ്പോർട്ട്.

പദ്ധതിയുടെ പ്രചാരണം[തിരുത്തുക]

02/07/2012- പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് അദ്ധ്യാപകർക്കും പി.ടി.എ കമ്മിറ്റി അംഗങ്ങൾക്കും വിശദമായ കുറിപ്പും കത്തും തയ്യാറാക്കിനൽകി. അധ്യാപകരുടെയിടയിൽ വിക്കിപീഡിയയെക്കുറിച്ച് ചെറിയരീതിയിൽ അവബോധപ്രവർത്തനങ്ങളും ഏറ്റെടുത്തു. സ്കൂൾ കവാടത്തിലും യോഗം നടക്കുന്ന ഹാളിലും ബഹുവർണ്ണ ബാനർ പ്രദർശിപ്പിച്ചു. അഞ്ചൽ ചന്തമുക്ക് വരെയുള്ള പ്രദേശങ്ങളിൽ പോസ്റ്റർ പ്രചാരണം നടത്തി. ഉദ്ഘാടനയോഗം വളരെപ്പെട്ടെന്ന് തീരുമാനിക്കപ്പെട്ടതിനാൽ മറ്റുതരത്തിലുള്ള പ്രചാരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നില്ല. പഞ്ചായത്തുപ്രസിഡന്റ്, പി.ടി.എ പ്രസിഡന്റ്, മറ്റംഗങ്ങൾ എന്നിവരെയും ഉദ്ഘാടനയോഗം അറിയിച്ചു.

ഈ പ്രവർത്തനങ്ങളിൽ വിക്കിപീഡിയ കൊല്ലം പഠനശിബിരത്തിൽ സ്കൂളിൽ നിന്നുപങ്കെടുത്ത 9എഫ് ക്ലാസ്സിലെ സുബി ശശാങ്കന്റെ പങ്ക് മികവുറ്റതായിരുന്നു.

പദ്ധതി ഉദ്ഘാടനം[തിരുത്തുക]

03/07/2012- നാണ് മലയാളം വിക്കിപീഡിയ - ഐടി@സ്കൂൾ വിദ്യാഭ്യാസപദ്ധതി ഉദ്ഘാടനം ചെയ്തത്. ബഹു. ഐ.ടി@സ്കൂൾ ഡയറക്ടർ ശ്രീ. അബ്ദുൾ നാസർ കൈപ്പഞ്ചേരിയാണ് പ്രസ്തുത യോഗം ഉദ്ഘാടനം ചെയ്തത്. തദവസരത്തിൽ ബഹു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. കെ.ജി.അലക്സാണ്ടർ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ. ജെ.സുരേഷ്, ശ്രീ.കണ്ണൻമാഷ്, ശ്രീ. കെ.കെ.ഹരികുമാർ, ശ്രീ. പീരുക്കണ്ണ് റാവുത്തർ (എച്ച്.എസ്.എസ്.ടി), ശ്രീ.എസ്.അഭിലാഷ്(എസ്‌.ഐ.ടി.സി), ശ്രീ.ആർ.സതീഷ് എന്നിവർ സംബന്ധിച്ചു. ഇരുന്നൂറോളം കുട്ടികളും അധ്യാപകരും ഈ യോഗത്തിൽ സംബന്ധിച്ചു. സ്കൂൾ ഗായകസംഘത്തിന്റെ ഈശ്വരപ്രാർത്ഥനയോടെ യോഗം തുടങ്ങി. നിലവിലെ സ്കൂൾ ഐ.ടി. കോർഡിനേറ്റർ ശ്രീ. എസ്. അഭിലാഷ് സ്വാഗതം പറഞ്ഞു. ബഹു. ഐ.ടി@സ്കൂൾ ഡയറക്ടർ ശ്രീ. അബ്ദുൾ നാസർ കൈപ്പഞ്ചേരി തന്റെ ഹ്രസ്വമായ ഉദ്ഘാടനപ്രഭാഷണത്തിൽ വിക്കിപീഡിയയുടെയും നാടോടി വിഞ്ജാനീയത്തിന്റെയും പ്രാധാന്യം ചൂണ്ടിക്കാട്ടി. പദ്ധതിക്ക് എല്ലാ സഹായങ്ങളും ഐ.ടി സ്ക്കൂളിന്റെ ഭാഗത്തു നിന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. വിക്കി ആമുഖവും പദ്ധതി വിശദീകരണവും കണ്ണൻ മാഷ് നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. കെ. യോപ്പച്ചൻ മാഷ് കൃതജ്ഞത രേഖപ്പെടുത്തി. യോഗത്തിൽ അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റ് സംബന്ധിച്ചിരുന്നു.

ഉദ്ഘാടനയോഗത്തിന്റെ വിശദമായ വാർത്തകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

വിക്കിക്ലബ്ബ് രൂപവൽക്കരണം[തിരുത്തുക]

04/07/2012- സ്കൂൾ അങ്കണത്തിൽ വിക്കിപീഡിയ വിക്കിക്ലബ്ബ് പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിന് യോഗം വിളിച്ചു. 200 ൽപ്പരം കുട്ടികൾ യോഗത്തിൽ സംബന്ധിച്ചു. കേരളത്തിൽ വിക്കി ക്ലബ്ബ് സ്ഥാപിതമാകുന്ന ആദ്യ സ്കൂളാണ് ഇത്. മികച്ച രീതിയിൽ ക്ലബ്ബ് പ്രവർത്തനം ഏറ്റെടുക്കാൻ തീരുമാനിച്ചു.

ലേഖനങ്ങൾ കണ്ടെത്തൽ[തിരുത്തുക]

06/07/2012- സ്കൂളിൽ വിക്കിപീഡിയ വിദ്യാഭ്യാസപദ്ധതിയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾക്കായി ക്ലാസ് തലത്തിൽ പ്രചാരണം നടത്തി. സ്കൂൾ അങ്കണത്തിൽ പോസ്റ്റർ പ്രചരണം നടത്തി. ഇതുമായി ബന്ധപ്പെട്ട് വിക്കിസമൂഹം തയ്യാറാക്കിയ ഗൂഗിൾ പേജിലെ വിവരങ്ങൾ കൂടി പരിഗണനയ്ക്കെടുത്തു.

വിക്കി പഠനശിബിരം[തിരുത്തുക]

14/07/2012- നാണ് വിക്കിപീഡിയ പദ്ധതിയെക്കുറിച്ചും വിക്കിപീഡിയയെക്കുറിച്ചും സമഗ്രമായ പഠനക്ലാസും ശിബിരവും സ്കൂൾ അങ്കണത്തിൽ നടന്നത്. പഠനശിബിരത്തിനും മറ്റ് പര്യാലോചനകൾക്കുമായി ഡൽഹിയിൽ നിന്നും ശ്രീ. ഷിജു അലക്സ് തലേദിവസം തന്നെ അഞ്ചലെത്തുകയും സ്കൂൾ സന്ദർശിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രേരണയും സേവനവും പദ്ധതിയുടെ മുതൽക്കൂട്ടാണ്.

മികച്ച സംഘാടനമാണ് ഇതിന്റെ വിജയത്തിനായി സ്കൂൾ അധ്യാപകസമൂഹം ഏറ്റെടുത്തത്. പ്രചാരണപ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ അധ്യാപകർക്കും പൊതുജനപ്രവർത്തകർക്കും സമീപ ഗ്രന്ഥശാലകൾക്കും സമാന്തരസ്ഥാപനങ്ങൾക്കും പി.ടി.ഏ അംഗങ്ങൾക്കും നിരവധി രക്ഷകർത്താക്കൾക്കും സ്കൂൾ ലൈബ്രറി നവീകരണവുമായി ബന്ധപ്പെട്ട് സ്കൂൾ സന്ദർശിച്ച രാജ്യസഭാ എം.പി ശ്രീ.കെ.എൻ.ബാലഗോപാൽ, ശ്രീ.എസ്.ജയമോഹൻ എന്നീ പൊതുപ്രവർത്തകർക്കും പ്രത്യേകം തയ്യാറാക്കിയ കുറിപ്പുകൾ വതരം ചെയ്തു. ഇതിൽ മലയാളം വിക്കിപീഡിയ എന്താണ്, മറ്റ് സഹോദരസംരംഭങ്ങൾ എന്തൊക്കെയാണ് എന്ന് വിശദീകരിച്ചിരുന്നു. അഞ്ചൽ ഐ.ഹാരിസ് ഗ്രന്ഥശാലയുടെ ജീവനാഡിയായ പ്രിയപ്പെട്ട കുട്ടിസാറിനെയും ശ്രീ.അജിത് കൃഷ്ണൻ എന്നീ പ്രമുഖരേയും നേരിൽക്കണ്ടു. .

മൗനപ്രാർത്ഥനയ്ക്കുശേഷം ശ്രീ. സതീഷ്. ആർ സ്വാഗതവും ബഹു. പി.ടി.ഏ പ്രസിഡന്റ് ശ്രീ.കെ.ബാബുപണിക്കർ ഉദ്ഘാടനവും നിർവ്വഹിച്ചു. ബഹു. ഹെഡ്മാസ്റ്റർ ശ്രീ. കെ.ജി. അലക്സാണ്ടർ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ.ജെ.സുരേഷ്, ശ്രീ.പീരുക്കണ്ണ് റാവുത്തർ, ശ്രീ.കെ.കെ.ഹരികുമാർ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ.കെ.യോപ്പച്ചൻ നന്ദിയും പറഞ്ഞു. മികച്ച അധ്യാപകനുള്ള ദേശീയ അവാർഡുനേടി അധ്യാപനവൃത്തിയ്ക്ക് മാതൃക സൃഷ്ടിച്ച ശ്രീ. പ്രതീപ് കണ്ണങ്കോട് യോഗത്തിനെത്തിയിരുന്നു. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അഞ്ചലിന്റെ ചലനങ്ങൾ നെഞ്ചേറ്റിയ ഒരു കാരണവരുടെ ശുഭസാന്നിദ്ധ്യം പകർന്നു. തുടർന്ന് ഇങ്ങോട്ട് നിരവധി തവണ അദ്ദേഹം ഫോണിലൂടെ അത്യാവശ്യം കണ്ടിരിക്കേണ്ട മഹത്വ്യക്തിത്വങ്ങളെ അറിയിച്ചുകൊണ്ടിരിക്കുന്നു. ഒപ്പം കുട്ടിസാറിന്റെ ആശംസാപ്രസംഗം കാവ്യനിർഭരമായിരുന്നു.

യോഗത്തിൽ പങ്കെടുത്ത വ്യക്തിത്വങ്ങളിൽ ശാസ്ത്രസാഹിത്യ പരിഷത്ത് നിതാന്തപ്രവർത്തകനായ തുളസിസാറിന്റെ സാന്നിദ്ധ്യവും ശ്രദ്ധിക്കപ്പെട്ടു. സ്കൂൾ ലൈബ്രേറിയൻ ചുമതല വഹിക്കുന്ന ബിജുസാറും ജീവശാസ്ത്രാധ്യാപകനായ സുനിൽ സാറും യോഗത്തിന്റെ വിജയകരമായ പ്രവർത്തനങ്ങൾക്ക് അശ്രാന്തം പരിശ്രമിച്ചു.


കണ്ണൻമാഷ് വളരെ വിപുലമായി വിക്കിപീഡിയ സംരംഭത്വങ്ങളെ ഏറെ ഉദാഹരണങ്ങളോടെ നൽകി. കുട്ടികളുടെ ഇടപെടലും ആവേശവും പ്രതികരണങ്ങളും ഈ പദ്ധതിയ്ക്ക് മുതൽക്കൂട്ടാകുമെന്ന് ഉറപ്പാക്കാൻ കഴിഞ്ഞു.

തുടർന്ന് ശ്രീ.ഷിജു അലക്സ് മലയാളം കമ്പ്യൂട്ടിംഗിനെക്കുറിച്ച് ക്ലാസ്സുകൾ കൈകാര്യം ചെയ്തു. കമ്പ്യൂട്ടറിൽ അനായാസം മലയാളം ടെപ്പ് ചെയ്യുന്ന വിധം കുട്ടികൾ കൗതുകത്തോടെയാണ് നിരീക്ഷിച്ചത്. എങ്കിലും എട്ടാംതരത്തിൽ മലയാളം ടൈപ്പിംഗ് കൃത്യമായി മനസ്സിലാക്കാൻ കഴിയാതിരുന്നതിലുള്ള പരിഭവം ഒൻപതിലേയും പത്തിലേയും കുട്ടികൾ അറിയിച്ചു.

യോഗത്തിൽ സംബന്ധിച്ച പ്രമുഖ വിക്കിപീഡിയരായ സുഗീഷ് സുബ്രഹ്മണ്യം, അഖിലൻ, കണ്ണൻമാഷ് എന്നിവരുടെ സേവനം നന്ദിവാക്കുകൾക്കപ്പുറമാണ്. എല്ലാ പരിപാടികളുടേയും ഛായാഗ്രഹണത്തിന് ഇവർ പരസ്പരം മത്സരിച്ചു.

യോഗാനന്തരം ഷിജു അലക്സ് , സുഗീഷ് സുബ്രഹ്മണ്യം, അഖിലൻ, കണ്ണൻമാഷ്, ബി.ബിജു, ആർ.സതീഷ്, സുനിൽമോൻ എന്നിവർ യോഗം ചേർന്ന് പദ്ധതി പ്രവർത്തനങ്ങളുടെ തുടർന്നുള്ള പ്രവർത്തനാസൂത്രണം നടത്തി. ജൂലൈ 25 നകം ലേഖനങ്ങളുടെ തെരഞ്ഞെടുപ്പും പദ്ധതിയിൽ പങ്കെടുക്കേണ്ട കുട്ടികളുടെ തെരഞ്ഞെടുപ്പും പൂർത്തീകരിക്കാൻ തീരുമാനിച്ചു.


ഓഗസ്റ്റ്[തിരുത്തുക]

ലേഖനങ്ങളുടെ ശേഖരണം[തിരുത്തുക]

നിലവിൽ കുട്ടികൾ അഞ്ചലും പരിസരപ്രദേശങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങൾ എത്തിച്ചുതന്നുകൊണ്ടിരിക്കുന്നു. വിളക്കുമാതാവ് എന്ന ലേഖനത്തിന്റെ സ്രഷ്ടാക്കൾ ഒരുപടികൂടി കടന്ന് ഫോട്ടോ വരെ സംഘടിപ്പിച്ചു. അവരുടെ ഉദ്യമത്തിന് ഇവിടെ നന്ദി അറിയിക്കുന്നു. ലേഖനങ്ങളിൽ ചിലത് രക്ഷകർത്താക്കളിൽ നിന്ന് വാമൊഴിയായി ലഭിച്ചിട്ടുള്ളവയുണ്ട്. പരിഗണനയ്ക്കു വന്ന ലേഖനങ്ങൾ ആമുഖം എന്ന ടാബിൽ നിന്ന് പരിശോധിക്കുമല്ലോ.

കുട്ടികളുടെ തെരഞ്ഞെടുക്കൽ[തിരുത്തുക]

06/08/2012- നാണ് വിക്കിപീഡിയ കുട്ടികളുടെ തെരഞ്ഞെടുക്കൽ നടത്താൻ നിശ്ചയിച്ചത്. എന്നാൽ ഇനിയും കുട്ടികൾ ലേഖനങ്ങളുടെ പണിപ്പുരയിലാണെന്ന് മനസ്സിലാക്കുന്നു. അതിനാൽ ഇതുവരെ ലേഖനങ്ങൾ എത്തിച്ചുതന്ന കുട്ടികൾക്ക് മലയാളം ടൈപ്പിംഗ് പാഠങ്ങൾ നൽകാൻ തീരുമാനിച്ചു. ഇതിനായി മറ്റ് ഐ.ടി.അധ്യാപകരുടേയും പരിചയസമ്പന്നരായ കുട്ടികളുടേയും (മാസ്റ്റർ ആഷിക് മുഹമ്മദ്- XH) സേവനം ഉൾപ്പെടുത്തുകയാണ്. ഓണാവധിയ്ക്കുമുമ്പ് മലയാളം ടൈപ്പിംഗ് പഠനം പൂർണ്ണമാക്കാനുള്ള ശ്രമത്തിലാണ്.


മലയാളം ടൈപ്പിങ്ങ് പരിശീലനം തുടക്കം[തിരുത്തുക]

കുട്ടികൾക്കെല്ലാം മലയാളം ഇൻസ്ക്രിപ്റ്റ് കീബോർഡ് ലൈഔട്ടിന്റെ പ്രിന്റ് എടുത്തുനൽകി. കൂടുതൽ വിശദമായി ഏഴാംക്ലാസ്സിലെ ഐ.ടി. പാഠപുസ്തകം പരിശോധിക്കാൻ അവസരം നൽകി. 09/08/2012- സ്കൂൾ വിക്കിപീഡിയ പദ്ധതിയിൽ പങ്കെടുക്കുന്ന കുട്ടികളുടെ യോഗം ഉച്ചയ്ക്ക് 2.00 മണിയ്ക്ക് സ്കൂൾ ഐ.ടി. ലാബിൽ നടന്നു. 48 കുട്ടികൾ പങ്കെടുത്തു. ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടന്നു. മലയാളം ടൈപ്പിംഗിന്റെ പാഠങ്ങൾ പഠിച്ചുതുടങ്ങി. യോഗത്തിനെത്തിയവരിൽ 15കുട്ടികൾക്ക് സ്വന്തമായി കമ്പ്യൂട്ടർ വീട്ടിലുണ്ട്.

ഇതിനിടയ്ക്ക് സ്കൂൾ പരീക്ഷവരികയും ഓണാവധി കൂടി എത്തുകയും ചെയ്തതോടെ ചില പ്രവർത്തനങ്ങളിൽ കാലതാമസം വന്നിട്ടുണ്ട്. എങ്കിലും വീട്ടിൽ കമ്പ്യൂട്ടർ ഉള്ള കുട്ടികൾ കൃത്യമായും മത്സരബുദ്ധിയോടെ മലയാളം ടൈപ്പിംഗ് പഠിക്കുന്നുണ്ട് എന്നറിഞ്ഞു. മറ്റ് കുട്ടികൾക്ക് രാവിലെയും വൈകുന്നേരവും സ്കൂൾ ലാബിൽ സൗകര്യങ്ങളൊരുക്കിക്കൊടുക്കുവാൻ കഴിഞ്ഞു. ഇൻസ്ക്രിപ്റ്റിൽ ടൈപ്പിംഗ് പാഠങ്ങൾ പഠിക്കാൻ എളുപ്പമാണെന്നാണ് കുട്ടികൾ അഭിപ്രായപ്പെടുന്നത്. എങ്കിലും അവരുടെ കീബോർഡ് സ്കിൽ അല്പം കൂടി വരേണ്ടതുണ്ട്. അതിനായി കണ്ണൻ മാഷ് പറഞ്ഞുതന്ന, സ്കൂൾ ഉബുണ്ടുവിലുള്ള ktech പ്രോഗ്രാമും പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ഷിജു അലക്സ് ഈ പ്രോഗ്രാമിന്റെ വിജയത്തിന് നിരന്തരം വിളിക്കുകയാണ്. രാവിലെയും വൈകുന്നേരവും രാത്രിയിലും അദ്ദേഹം വിളിച്ച് അതാതുദിവസത്തെ പുരോഗതി വിലയിരുത്തുന്നു. എന്തായാലും അദ്ദേഹത്തെപ്പോലുള്ള വ്യക്തിത്വങ്ങൾ നിരന്തരം ബന്ധപ്പെടുന്നത് താമസംവിനാ ഈ പദ്ധതി പൂർത്തീകരിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനോടൊപ്പം സുഗീഷ് മാഷ് ഗൂഗിൾ ഡോക്സിൽ തയ്യാറാക്കിയിരിക്കുന്ന പ്രോജക്ട് അനുബന്ധ പേജ് നിരന്തരസംവാദത്തിന് സഹായിക്കുന്നു.

04/08/2012 നും 05/08/2012 നും മലയാളം ടൈപ്പിംഗ് പഠനം നടന്നു. 04 ന് 28 കുട്ടികൾ പങ്കെടുത്തു. അവരുടെ ഉപയോക്തൃനാമങ്ങൾ ഉണ്ടാക്കുന്നതിനുള്ള ശ്രമവും തുടങ്ങി. ആദ്യദിനത്തിൽ 6 കുട്ടികളുടെ ഉപയോക്തൃനാമങ്ങൾ സൃഷ്ടിച്ചു.

സെപ്റ്റംബർ[തിരുത്തുക]

03/09/2012[തിരുത്തുക]

സെപ്റ്റംബർ മൂന്നിന് സ്കൂൾ ഓണാവധിയ്ക്കുശേഷം തുറന്നപ്പോൾ കുട്ടികളുടെ മലയാളം ടൈപ്പിംഗ് പുരോഗതി വിലയിരുത്തി. അവർക്ക് പദ്ധതിയുടെ ഭാഗമായി ഐഡന്റിറ്റി കാർഡ് നൽകി. സ്വന്തം ഫോട്ടോയും മറ്റ് വിവരങ്ങളും ഉൾച്ചേർത്തുള്ള ഈ ഫോറം കുട്ടികളുടെ പദ്ധതിപങ്കാളിത്തത്തെ സൂക്ഷ്മമായി വിലയിരുത്തുന്നതിന് ഉദ്ദേശിച്ചുള്ളതുമാണ്. അവർ പങ്കെടുക്കുന്ന ടൈപ്പിംഗ് പഠനക്ലാസ്സുകൾ, വിക്കി ശിബിരങ്ങൾ, അഞ്ചൽ പ്രദേശത്ത് പദ്ധതിഭാഗമായി പങ്കെടുക്കുന്ന മീറ്റിംഗുകൾ, നടത്തുന്ന സർവ്വേ, അഭിമുഖം എന്നിവയുടെ വിവരം, ശേഖരിക്കുന്ന വിവരങ്ങളുടെ രേഖപ്പെടുത്തൽ ഇവയൊക്കെ ഈ ഐഡന്റിറ്റി ഫോറത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.

08/09/2012[തിരുത്തുക]

സെപ്റ്റംബർ 8ന് കുട്ടികൾക്ക് അവരവരുടെ ഉപയോക്തൃനാമങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്ത് കുട്ടികളുടെ ഉപയോക്തൃ താൾ മെച്ചപ്പെടുത്തുന്നതിനുള്ള അവസരം നൽകുന്നതിനായും കൂടുതൽ മലയാളം ടൈപ്പിംഗ് പരിശീലനത്തിനുമായും അവസരം നൽകി. സ്കൂൾ കമ്പ്യൂട്ടർ ലാബിൽ ഇതിനായി ശ്രീ. കണ്ണൻമാഷും, സുഗീഷ് മാഷും സതീഷ് മാഷും ഉണ്ടായിരുന്നു. അന്ന് 12 മണിയോടുകൂടി ചില പ്രധാന വ്യക്തികളെ കാണാനും അവരിൽ നിന്ന് പദ്ധതിയുടെ വിജയത്തിന് അത്യാവശ്യം വേണ്ട വിവരങ്ങൾ ശേഖരിക്കാനും കഴിഞ്ഞു. കുട്ടികളുമായി പോകണം എന്നാണ് തീരുമാനിച്ചിരുന്നതെങ്കിലും ആദ്യഘട്ടത്തിൽ ഒരു രൂപരേഖ കൈവരുത്തിയശേഷം അടുത്ത തവണ മുതൽ അവരെ വിവരശേഖരണത്തിന് അയയ്ക്കാൻ തീരുമാനിച്ചു. ഇതിനിടയിൽ സ്കൂളിലെത്തിയ അഞ്ചൽ വില്ലേജ് ഓഫീസർ (പ്രോജക്ടിൽ പങ്കെടുക്കുന്ന അഭി ആനന്ദിന്റെ പിതാവ്) എച്ച്.പി. വാറനെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ തന്നു.

അന്നേദിവസം കണ്ണൻമാഷും സുഗീഷ് മാഷും സതീഷ് മാഷും ആദ്യമായി പോയത് സ്കൂളിന് തൊട്ടടുത്ത് താമസിക്കുന്ന മുത്തമ്മ ടീച്ചറിനേയും സാറിനേയും കാണാനാണ്. അഞ്ചൽ ഈസ്റ്റ് സ്ളിൽ നിന്ന് 34 വർഷത്തെ സേവനത്തിനുശേഷം വിരമിച്ച മുത്തമ്മടീച്ചർ പ്രായാധിക്യത്തിനിടയിലും പഴയ ചിലകാര്യങ്ങൾ ഓർത്തെടുത്തു. പ്രത്യേകിച്ച് നമുക്ക് വിലപ്പെട്ട വിവരങ്ങൾ തരാൻകഴിയുമെന്ന് കരുതുന്ന നാരായണൻ സാറിനെപ്പറ്റിയും അഞ്ചൽ ഈസ്റ്റ് ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ ചരിത്രം, മറ്റ് ചരിത്ര വസ്തുതകളിലേയ്ക്ക് വെളിച്ചം വിശുന്ന ചില നുറുങ്ങുകൾ ഇവ ടീച്ചർ നമുക്കുനൽകയുണ്ടായി.

രസകരമായ ഒരനുഭവം ഇവിടെ പറയാതെവയ്യ. ആ സമയത്ത് അവിടെയെത്തിയ ടീച്ചറിന്റെ ഒരു ബന്ധു ഞങ്ങളുടെ രൂപവും ഭാവവും കണ്ടിട്ടാകണം, പിരിവിനുവന്നവരാണോ (കളക്ഷനെത്തിയതാണോ) എന്നുചോദിക്കുകയുണ്ടായി. പേപ്പറും പേനയുമൊക്കെയായി നിന്ന ഞങ്ങളെ കാണുന്നവർക്കെല്ലാം ഇത്തരം സംശയമുണ്ടാകില്ലേ എന്ന് ഞങ്ങളും സംശയിക്കുകയുണ്ടായി.

പിന്നീട് ഞങ്ങൾ പോയത് അഞ്ചൽ പഞ്ചായത്തിന്റെ ചിരപരിചിതമുഖമായ ബഹുമാന്യനായ കുട്ടിസാറിനെ കാണാനാണ്. അദ്ദേഹം അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദീർഘകാലം ഗണിതശാസ്ത്രാധ്യാപകനായി ഇരുന്ന മികച്ച അധ്യാപകശ്രേഷ്ഠനാണ്. നമ്മുടെ പദ്ധതിയുടെ ഭാഗമായി നടന്ന വിക്കി ശിബിരത്തിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തെ കണ്ടത് അഞ്ചലിന്റെ സാസ്കാരികചരിത്രത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഐ.ഹാരിസ് പബ്ലിക് ലൈബ്രറിയിൽവച്ചാണ്. അവിടെവച്ച് ഡോ. വിനയചന്ദ്രൻ, ഡോ. തേവന്നൂർ മണിരാജ്, പദ്ധതിയിൽ പരിഗണിക്കുന്ന ലേഖനത്തിൽ പരാമർശിച്ചിട്ടുള്ള മിക്ക വിഷയങ്ങളെക്കുറിച്ചും ദീർഘമായി സംസാരിച്ചു. ലൈബ്രറിയിലെ ടീച്ചറിന്റെ സഹായത്താൽ മുൻപ് അഞ്ചൽ പഞ്ചായത്തിന്റെ ചരിത്രം തേടിപ്പിടിച്ച് മാസിക രൂപത്തിൽ (താരകം) പ്രസിദ്ധീകരിക്കുന്നതിന് യത്നിച്ച ശ്രീമതി സജിതടീച്ചറിനെ പരിചയപ്പെടുത്തി. അപ്പോൾത്തന്നെ ടീച്ചറിനെ ഫോണിൽ ബന്ധപ്പെടുകയും അടുത്തദിവസം നേരിൽ കാണാൻ തീരുമാനിക്കുകയും ചെയ്തു. ഐ.ഹാരിസ് ലൈബ്രറിയിൽ നിലവിലുള്ള ചില പ്രധാന പുസ്തകങ്ങൾ തെരഞ്ഞെടുക്കാൻ സമയവും ഉറപ്പിച്ചാണ് മൂവരും യാത്ര തുടർദിവസങ്ങളിലേയ്ക്ക് അവസാനിപ്പിച്ചത്.

25/09/2012[തിരുത്തുക]

കുട്ടികൾ മലയാളം ടൈപ്പിംഗ് പഠിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച വരെ (25/09/2012) പഠനവും അന്നേ ദിവസം മുതൽ മൂല്യനിർണ്ണയവും നടന്നുവരുന്നു. പദ്ധതിയുടെ ഇതുവരെയുള്ള പോക്ക് വെച്ച് സമാനപദ്ധതികൾ വിപുലമായി തുടങ്ങുന്നതിനുള്ള ഏറ്റവും വലിയ പ്രതിബന്ധം കുട്ടികൾക്കും അദ്ധ്യാപകർക്കും മലയാളം ടൈപ്പിങ്ങ് അറിയില്ല എന്നതാണെന്ന് വ്യക്തമായിരിക്കുകയാണ്.

പദ്ധതിയിൽ ഇതുവരെ കണ്ട ചില പ്രശ്നങ്ങൾ

  • എല്ലാ കുട്ടികളുടേയും ഐ.ടി. പീരീഡിനനുസരിച്ച് സ്കൂൾ കമ്പ്യൂട്ടർ ലാബിലെത്താൻ അവർക്ക് കഴിയുന്നില്ല.
  • കൂടാതെ കുട്ടികൾ വൈകുന്നേരങ്ങളിൽ ട്യൂഷൻ ക്ലാസ്സുകൾ ഒഴിവാക്കുന്നതിൽ രക്ഷകർത്താക്കൾക്ക് ബുദ്ധിമുട്ടുണ്ട്.
  • വിവിധ ക്ലാസ്സ് പീരീഡുകൾ കളഞ്ഞ് കുട്ടികൾ മലയാളം ടൈപ്പിംഗ് പഠിക്കാൻ ലാബിലെത്തുന്നത് മറ്റുള്ള കുട്ടികൾക്ക് അസൗകര്യം സൃഷ്ടിക്കുന്നുണ്ട്.
  • ഇംഗ്ലീഷിൽ തന്നെയും കീബോർഡ് സ്കിൽ ഇല്ലാത്തത് ഏറെ സമയം അപഹരിക്കുന്നുണ്ട്.

എങ്കിലും കുട്ടികളുടെ ആത്മാർത്ഥമായ പരിശ്രമത്തിന് അവരെ അഭിനന്ദിക്കുന്നു. വിക്കിപീഡിയയിൽ അവരുടെ ലേഖനങ്ങൾ വരുന്നതിന് അത്ര ശ്രമകരമായി അത്യദ്ധ്വാനം ചെയ്യുന്നു. പദ്ധതിയിൽ പങ്കെടുക്കുന്ന കുട്ടികൾ മിക്കവരും അവർ വിക്കിയിൽ എഴുതാൻ ഉദ്ദേശിക്കുന്ന ലേഖനത്തെ കുറിച്ചുള്ള വിവരങ്ങൾ തേടി പിടിച്ച് അത് അവരുടെ നോട്ട് പുസ്തകത്തിൽ ക്രമമായി എഴുതി വെക്കുന്നുണ്ട്. വിക്കിയിലേക്ക് മലയാളത്തിൽ ടൈപ്പ് ചെയ്ത് ചേർക്കാൻ ഉള്ള കഴിവ് അവർ ആർജ്ജിച്ചു കഴിഞ്ഞാൽ പദ്ധതി പെട്ടെന്ന് തന്നെ തീർക്കാനാകും എന്നാണ് നിലവ് നിലവിലുള്ള നിഗമനം.

കുട്ടികളുടെ നിരന്തരഇടപെടലുകൾ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. അവർക്ക് ഫോട്ടോ ഐഡന്റിറ്റി ഫോറം നൽകിയിട്ടുണ്ട്. അതിൽ അവരുടെ ടൈപ്പിംഗ് പഠനനിലവാരം മുതൽ പങ്കെടുക്കുന്ന മീറ്റിംഗ്, ചെയ്യുന്ന പ്രവർത്തികൾ, മറ്റ് മൂല്യനിർണ്ണയപ്രവർത്തനങ്ങൾ, ഗ്രേഡുകൾ ഇവ രേഖപ്പെടുത്താനുള്ള സൗകര്യമുണ്ട്.

ഇതുവരെ ടൈപ്പിംഗ് പരിശീലനത്തിനെത്തിയ കുട്ടികളിൽ ആറുപേർക്കാണ് കൃത്യമായി അല്പം വേഗതയിൽ ചെയ്യാൻ കഴിയുന്നത്. അവർക്ക് വീട്ടിൽ കമ്പ്യൂട്ടറുണ്ട്. ഇന്റനെറ്റ് കണക്ഷൻ പരിമിതമാണ്.

അവരുടെ പഠനവേഗതയ്ക്കനുസരിച്ച് അവരവരുടെ ഉപയോക്തൃതാൾ മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇനിയുള്ള കുട്ടികളുടെ ഉപയോക്തൃനാമം നിർമ്മിക്കൽ ഒരാഴ്ചക്കകം തീർക്കാം എന്ന് കരുതുന്നു. അവരുടെ ഉപയോക്തൃതാളിലെ എഡിറ്റിംഗ് അടുത്ത തിങ്കൾ, ചൊവ്വ, ബുധൻ ദിനങ്ങളിൽ നടക്കും.

ഒക്ടോബർ[തിരുത്തുക]

01-10-2012[തിരുത്തുക]

കുട്ടികളുടെ മലയാളം ടൈപ്പിംഗ് പഠനം പുരോഗമിക്കേതന്നെ, അഞ്ചൽ ആഷാ മെറ്റേണിറ്റി ഹോം എന്ന മുൻ ആശുപത്രിയിലെ ഭിഷഗ്വരനായ ശ്രീ. പി. വിനയചന്ദ്രൻ എഴുതി ആഷാ ബുക്സ്, അഞ്ചൽ 1994 ൽ പ്രസിദ്ധീകരിച്ച പുസ്തകം ലഭിച്ചു. വളരെ പഠനഗവേഷണങ്ങൾ നടത്തിയശേഷം പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകം നമ്മുടെപ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകുമെന്ന് കരുതുന്നു. അതിൽ പരാമർശിച്ചിട്ടുള്ള ലേഖനങ്ങൾ നമ്മുടെ പദ്ധതിയുടെ ഭാഗമായി വിപുലപ്പെടുത്തുന്ന ലേഖനങ്ങൾക്ക് റഫറൻസായി പ്രയോജനപ്പെടുത്താം. അങ്ങിനെ ഒക്ടോബർ 1 ന് ആദ്യ നാലുലേഖനങ്ങൾ കുട്ടികൾ തുടങ്ങിവച്ചു. ലേഖനങ്ങൾ ഇവയാണ്.

ക്രമ സംഖ്യ ലേഖനം വിദ്യാർത്ഥി
1 കടയാറ്റുണ്ണിത്താൻ ഉപയോക്താവ്:Adiths
2 അഞ്ചൽ ഇംഗ്ലീഷ് സ്കൂൾ ഉപയോക്താവ്:Harikrishnanv
3 പനയഞ്ചേരി ശ്രീധർമ്മശാസ്താ ക്ഷേത്രം ഉപയോക്താവ്:Asmiyass
4 കടയ്ക്കൽ ഭഗവതി മുടിയെഴുന്നള്ളത്ത് ഉപയോക്താവ്:Mohammedsonu

02-10-2012[തിരുത്തുക]

തുടർന്ന് രണ്ടാംതീയതി ഗാന്ധിജയന്തി ദിനത്തിൽ പേജുകൾ പുതുക്കാൻ കഴിഞ്ഞില്ല. ഒക്ടോബർ മൂന്നിന് രാവിലെ 9 മണിയ്ക്കുതന്നെ കുട്ടികൾ കമ്പ്യൂട്ടർ ലാബിലെത്തി, പേജുകളിൽ കൂടുതൽ വിവരങ്ങൾ രേഖപ്പെടുത്തി. ഇതിനിടയ്ക്ക് കുട്ടികൾ എഴുതിക്കൊണ്ടുവന്നതും മറ്റ് ഉറവിടങ്ങളിൽ നിന്നും ശേഖരിച്ചതുമായ വിവരങ്ങൾ ഒന്നിച്ചുചേർത്ത് ലേഖനസമാഹാരങ്ങളാക്കുന്ന പ്രവർത്തനവും നടന്നു.

അഞ്ചൽ ഐ.ഹാരിസ് ഗ്രന്ഥശാല സന്ദർശനം[തിരുത്തുക]

പത്തുമണി കഴിഞ്ഞ് സുഗീഷ് മാഷും അഖിലനും സ്കൂളിലെത്തി. സുഗീഷ് മാഷ് കുട്ടികൾ രചിച്ച ലേഖനങ്ങളിൽ അവർതന്നെ തിരുത്തലുകൾ വരുത്തുന്നത് നിരീക്ഷിച്ചു. എങ്ങനെയാണ് സംവാദം താളിൽ പ്രതികരണങ്ങൾ രേഖപ്പെടുത്തേണ്ടതെന്നും ഒപ്പുവയ്ക്കേണ്ടതെന്നും കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുത്തു. ലേഖനത്തിന്റെ തലക്കെട്ട് മാറ്റുന്ന വിധവും പരിചയപ്പെടുത്തി. അതിനായി അഞ്ചൽ ഇംഗ്ലീഷ് സ്കൂൾ എന്ന താളിനെ 'ഗവൺമെന്റ് എൽ.പി. സ്കൂൾ, അഞ്ചൽ' എന്ന പേരിലേയ്ക്ക് മാറ്റി. ഈ താളിന്റെ സംവാദം പേജ് ഇവിടെ ക്ലിക്ക് ചെയ്ത് കാണുമല്ലോ. തുടർന്ന് അഖിലൻ മാഷും സതീഷ് മാഷും സുഗീഷ് മാഷും ആദിതും (ഉപയോക്താവ്:Adiths) അഞ്ചൽ ഐ.ഹാരിസ് ഗ്രന്ഥശാല സന്ദർശിച്ചു. അവിടെ നിന്ന് ഗ്രന്ഥശാലയുടെ വിവരങ്ങളും പഞ്ചായത്തിന്റെ വികസനരേഖയും മുൻപ് റിപ്പോർട്ടിലൊരിടത്ത് പരാമർശിച്ച താരകം എന്ന മാസികയും ഡോ.പി.വിനയചന്ദ്രന്റെ ഒരു തുള്ളി വെളിച്ചം എന്ന പുസ്തകവും ശേഖരിച്ചു. ഈ പുസ്തകങ്ങൾ ദുർല്ലഭമാണെന്നതിനാൽ പുസ്തകങ്ങൾ നഷ്ടപ്പെടരുതെന്നും തിരിച്ചേൽപ്പിക്കാൻ കഴിവതും ശ്രമിക്കണമെന്നും ഗ്രന്ഥശാലാ സെക്രട്ടറി ശ്രീ.കുട്ടിസാർ ഈ റിപ്പോർട്ട് എഴുതുന്ന സമയത്തും വിളിച്ചോർമ്മിപ്പിച്ചു.

ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് സന്ദർശനം[തിരുത്തുക]

തുടർന്ന് മൂവരും കുളത്തൂപ്പുഴയിലെ ഓയിൽ പാം സന്ദർശിക്കുന്നതിന് യാത്രയായി. ഭാരതീപുരം കഴിഞ്ഞ് ഇടത്തേയ്ക്കുള്ള വഴിയിലൂടെ ഓയിൽ പാമിന്റെ ഫാക്ടറി സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്തി. വാർഡനോട് അനുവാദം ചോദിച്ച് അകത്തുകയറി. എസ്റ്റേറ്റ് മാനേജർ സ്നേഹസമ്പന്നനായ ശ്രീ.മോഹൻ കുര്യൻ സാർ ഞങ്ങൾക്ക് ഓയിൽ പാമിന്റെ പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ ജോലിക്ക് വിഘ്നം വരാതെ ഭംഗിയായി വിശദീകരിച്ചുതന്നു. രസതന്ത്രം പഠിച്ച അദ്ദേഹം പനയുടെ പരാഗണവും വിത്തുവിതരണവും വിത്തുകൾ രൂപപ്പെടുത്തുന്ന പ്രക്രിയയും കീടനിയന്ത്രണവും വിവിധ ഇനങ്ങളും ഒ.പി.ഡി.പി പദ്ധതിയും കുളത്തൂപ്പുഴയില നഴ്സറിയിലെ വിവരങ്ങളും ഉൾപ്പെടെ എല്ലാവസ്തുതകളും വിശദീകരിച്ചുതന്നു. ഫോട്ടോ എടുക്കുന്നതിനും ഫാക്ടറി സന്ദർശിക്കുന്നതിനും പിന്നീട് പ്രോപ്പർ ചാനലിൽ എത്തുമ്പോൾ അവസരം നൽകാം എന്ന് ഉറപ്പുനൽകി. കുട്ടികളേയും കൊണ്ട് ഫാക്ടറിയും നേഴ്സറിയും സന്ദർശിക്കുന്നതിനെക്കുറിച്ച് ഞങ്ങൾ ഇപ്പോൾ ചിന്തിക്കുകയാണ്. തിരക്കിനിടയിലും സസ്നേഹം ഇക്കാര്യങ്ങൾ വിശദമാക്കിത്തന്ന ശ്രീ. മോഹൻ കുര്യൻ സാറിന് ഈ അവസരത്തിൽ നന്ദിയും കൃതജ്ഞതയും രേഖപ്പെടുത്തുന്നു.

പുറത്തുവന്ന് റോഡരികിൽ നിന്ന് പനയുടേയും വിത്തിന്റേയും ചില ഫോട്ടോകൾ കൂടി എടുത്താണ് ഞങ്ങൾ യാത്ര അവസാനിപ്പിച്ചത്. യാത്രകൾ അവസാനിക്കുന്നില്ല, വിക്കിപീഡിയ പോലെ അനന്തമായ വിജ്ഞാനസാഗരത്തിൽ യാത്ര ഇനിയും തുടരുന്നു.

07-10-2012[തിരുത്തുക]

വിക്കിപീഡിയയിൽ ലേഖനങ്ങളുടെ രചനകളോടൊപ്പം കുട്ടികൾ ഉപയോക്തൃതാൾ സൃഷ്ടിക്കേണ്ടതെങ്ങനെയെന്ന പഠനം നടന്നു. കുട്ടികൾക്ക് വിക്കിപീഡിയ പേജുകളിൽ മാറ്റം വരുത്തുന്നതും തിരുത്തുന്നതും സൂചിപ്പിക്കുന്ന ലഘുലേഖകൾ തയ്യാറാക്കി വിതരണം ചെയ്തു. 13-10-2012 ന് കൊല്ലം ഐ.ടി.@സ്കൂൾ ഓഫീസിൽ വച്ച് പദ്ധതി അംഗങ്ങളായ കുട്ടികൾക്ക് തുടർ പരിശീലനം നടത്താൻ അനുമത ലഭിച്ചു എന്ന് കണ്ണൻമാഷ് വിളിച്ചറിയിച്ചു. തദവസരത്തിൽ ശ്രീ. ഷിജു അലക്സ്, ശ്രീ. അഖിലൻ, ശ്രീ.സുഗീഷ് എന്നിവരോടൊപ്പം മറ്റ് വിക്കിപീഡിയരും വരാൻ സമ്മതിച്ചിട്ടുണ്ടെന്ന് അറിയുന്നു. പുതിയതായി തുടങ്ങിവച്ച ലേഖനങ്ങൾ ഇവയാണ്.

ക്രമ സംഖ്യ ലേഖനം വിദ്യാർത്ഥി
5 തൃക്കോയിക്കൽ ശ്രീനരസിംഹസ്വാമി ക്ഷേത്രം ഉപയോക്താവ്:Subisasankan
6 എച്ച്.പി. വാറൻസ് ഉപയോക്താവ്:Adiths
7 തേവന്നൂർ മണിരാജ് ഉപയോക്താവ്:Ananthupsankar
8 ചന്ദനക്കാവ് നേർച്ചപള്ളി ഉപയോക്താവ്:Asmiyass
9 കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താക്ഷേത്രം ഉപയോക്താവ്:subisasankan
10 കീഴൂട്ട് ആർ. മാധവൻ നായർ ഉപയോക്താവ്:Harikrishnanv

12-10-2012[തിരുത്തുക]

തുടർപ്രവർത്തനങ്ങൾ പിന്നിട്ട ദിനങ്ങളിലെല്ലാം ആവർത്തിക്കുന്നുണ്ട്. 12-10-2012 ആയ ഇന്ന് വിക്കിപീഡിയയുടെ കുടുംബസുഹൃത്തും വഴികാട്ടിയുമായ ശ്രീ. ഷിജു അലക്സ് രാവിലെതന്നെ കൊല്ലത്ത് വരികയും താമസസ്ഥലം ഉറപ്പാക്കിയശേഷം അഞ്ചൽ വെസ്റ്റ് സ്കൂളിലെത്തുകയും ചെയ്തു. ഉച്ചഭക്ഷണത്തിനുശേഷം 1.45 ന് കുട്ടികളുമായി അദ്ദേഹം സംവദിച്ചു. കുട്ടികളൊത്ത് ഇതുവരെയുള്ള പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. എല്ലാ കുട്ടികളും ഉപയോക്തൃതാളുകൾ പുതുക്കുന്ന പ്രവർത്തനമായിരുന്നു പിന്നീട് നടന്നത്. എല്ലാ ഉപയോക്തൃനാമങ്ങളും പദ്ധതിപേജിൽ ഉൾക്കൊള്ളിച്ചു. ശ്രീ.ഷിജു അലക്സ് എത്തിയതിനാൽ ആ പ്രവർത്തനങ്ങൾ സമയബന്ധിതമായിത്തന്നെ നടന്നു. അദ്ദേഹത്തിന്റെ നിർബന്ധബുദ്ധി ഒരു പക്ഷേ ഈ പ്രവർത്തനങ്ങളെ ഏറെ മുന്നോട്ടുപോകാൻ പ്രേരിപ്പിക്കുന്നു. രണ്ടുമണിക്കൂറോളം അദ്ദേഹം കുട്ടികൾക്കൊപ്പമുണ്ടായിരുന്നു. തുടർന്ന് പതിമൂന്നിന് കൊല്ലത്ത് ഐ.ടി.@സ്കൂൾ ഓഫീസിൽ നടക്കുന്ന വിക്കി പദ്ധതി ശില്പശാലയ്ക്കുള്ള കുട്ടികളുടെ തയ്യാറെടുപ്പും ക്രമീകരണങ്ങളും വിലയിരുത്തി. പിറ്റേന്ന് രാവിലെ 8.30 ന് സ്കൂളിൽ നിന്ന് യാത്രതിരിക്കാൻ തീരുമാനിച്ചു. ശ്രീമതി ജെ. അസീനാബീവി ടീച്ചർ, ശ്രീ. സതീഷ് മാഷ് എന്നിവർ യാത്രയിൽ കുട്ടികളെ അനുഗമിക്കും.

13.10.2012[തിരുത്തുക]

പദ്ധതിയിൽ പ്രവർത്തിക്കുന്ന കുട്ടികൾക്ക് ഐ.ടി.@സ്കൂൾ, കൊല്ലം ജില്ലാ ഓഫീസായ പട്ടത്താനം ഗവ. എസ്.എൻ.ഡി.പി യു,പി സ്കൂളിൽ വച്ച് 13.10.2012 ശനിയാഴ്ച രാവിലെ 10 മണിമുതൽ പഠനക്ലാസ്സ് നടന്നു.

ഐ.‌ടി@ സ്കൂളിന്റെ ജില്ലാ കേന്ദ്രത്തിൽ നടന്ന ശിബിരം
കുട്ടികളെ സഹായിക്കുന്ന വിക്കിപീഡിയർ

മലയാളം ടൈപ്പിംഗ് മെച്ചപ്പെടുത്തുക, വിക്കി പേജുകളിൽ തിരുത്തലുകൾ വരുത്തുന്നതിനും കണ്ണിചേർക്കുന്നതിനും മറ്റ് തരത്തിൽ ഫോർമാറ്റിംഗ് നടത്തുന്നതിനും കുട്ടികൾക്ക് പരിശീലനം നൽകുക എന്നിവയായിരുന്നു ഏകദിന ശില്പശാലയുടെ ലക്ഷ്യം. പദ്ധതി അംഗങ്ങളായ 35 കുട്ടികൾക്കൊപ്പം സതീഷ് മാഷും അസീനാ ബീവി ടീച്ചറും രാവിലെ 8.30 ന് തന്നെ അഞ്ചൽ വെസ്റ്റ് സ്കൂളിൽ നിന്നും ഒരു മിനി ബസ്സിൽ യാത്രതുടങ്ങി. സാധാരണപോലെ ബസ്സിലെ യാത്ര ഏതുപഠന വിനോദയാത്രപോലെയും രസകരമായിരുന്നു. കുട്ടികളോടൊപ്പം ചേർന്ന് അസീനടീച്ചറും പാട്ടുകൾ പാടി എന്നതൊഴിച്ചാൽ ടീച്ചറിന്റെ ഭാഗത്തുനിന്നും മറ്റ് അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല.

യാത്ര കൃത്യം 10 ന് പട്ടത്താനം സ്കൂളിൽ അവസാനിച്ചു. കുട്ടികൾ ആ സ്കൂളിന്റെ ഭൗതികസാഹചര്യവും വിദ്യാർത്ഥി കേന്ദ്രീകൃതമായ ചുറ്റുപാടും കൗതുകപൂർവ്വം നിരീക്ഷിക്കുന്നുണ്ടായിരുന്നു. സ്കൂളിനുപിന്നിലായാണ് ഐ.ടി.@സ്കൂളിന്റെ ഓഫീസും പരിശീലനഹാളും പ്രവർത്തിക്കുന്നത്. എല്ലാവരും ഐ.ടി. ലാബിലെത്തിയപ്പോൾ അവിടെ എല്ലാ കുട്ടികൾക്കും ആവശ്യമായ ലാപ്‌ടോപ്പുകളും മറ്റ് സജ്ജീകരണങ്ങളുമായി വിക്കിപീഡിയരും ഐ.ടി.@സ്കൂൾ പ്രതിനിധികളുമുണ്ടായിരുന്നു. ബഹുമാന്യരായ ഷിജു അലക്സ്, കണ്ണൻ ഷണ്മുഖം, സുഗീഷ് സുബ്രഹ്മണ്യം, അഖിലൻ, കെ.കെ.ഹരികുമാർ, അജയ് ബാലചന്ദ്രൻ, ബിനുമാഷ് എന്നിവരാണ് പരിപാടിയ്ക്ക് ക്രിയാത്മകനേതൃത്വം വഹിച്ചത്. ഐ.ടി.@സ്കൂളിന്റെ ലാബിൽ കുട്ടികൾക്ക് പ്രവർത്തിക്കാൻ കഴിഞ്ഞത് അവർക്ക് ഏറെ കൗതുകവും വിസ്മയവും ഉണ്ടാക്കിയിട്ടുണ്ട്. ഒരു ലാപ്‌ടോപ്പിന് രണ്ടുപേർ എന്ന ക്രമത്തിൽ കുട്ടികളെ ഇരുത്തി. പരീശീലനപരിപാടിയ്ക്ക് സ്വാഗതം പറഞ്ഞത് കണ്ണന്മാഷാണ്. അദ്ദേഹം മറ്റ് വിക്കിപ്രവർത്തകരെ കുട്ടികൾക്ക് പരിചയപ്പെടുത്തി. ഈ പദ്ധതിയുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ, പ്രവർത്തനരീതികൾ എന്നിവ അദ്ദേഹം കുട്ടികൾക്കുമുന്നിൽ ഒരിക്കൽക്കൂടി അവതരിപ്പിച്ചു. കുട്ടികൾ ഇതിനകം തയ്യാറാക്കിയ വിക്കിപേജുകൾ പരിശോധിക്കുകയും ക്രിയാത്മകമായ ചില നിർദ്ദേശങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.

സ്വാഗതാനുബന്ധസെഷനുശേഷം ശ്രീ.ഷിജു അലക്സ് വിക്കിയിലെ ലേഖനങ്ങൾ, അവയുടെ ഘടന, ലേഖനങ്ങൾ തിരയുന്ന വിധം, മറ്റ് അനുബന്ധ കാര്യങ്ങൾ എന്നിവയെപ്പറ്റി വിവരിച്ചു. ഇതിനിടയിൽ കുട്ടികളിൽ നിന്നും ഉണ്ടായ വിലപ്പെട്ട സംശയങ്ങൾ അദ്ദേഹം തീർത്തുകൊടുത്തു. സെഷനുകളിൽ കുട്ടികൾ നടത്തിയ പ്രതികരണങ്ങൾ അവരുടെ താത്പര്യവും അന്വേഷണതൽപരതയും വെളിവാക്കുന്നതായിരുന്നു. അതിനു ശേഷം ഒരു ചെറിയ ഇടവേള ആയിരുന്നു. ഇടവേളയ്ക്കുശേഷമുള്ള സെഷൻ കൈകാര്യം ചെയ്തത് മറ്റൊരു വിക്കിപീഡിയനായ ബിനുമാഷാണ്. മലയാളത്തിൽ എങ്ങനെ തെറ്റില്ലാതെ എഴുതാമെന്നും വാക്യങ്ങൾ നല്ല രീതിയിൽ എഴുതുന്നതിനുള്ള ചില പൊടിക്കൈകളും കുട്ടികൾക്ക് അദ്ദേഹം പരിചയപ്പെടുത്തി. പദ്ധതിയിലുൾ‌പ്പെടുത്തി കുട്ടികൾ ചേർത്ത കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താക്ഷേത്രം എന്ന ലേഖനം പരിശേധിച്ച് എങ്ങനെ മെച്ചപ്പെട്ട വാക്യഘടനയിൽ എഴുതാമെന്ന് അദ്ദേഹം വിവരിച്ചു. ഓരോ വാക്യവും തമ്മിൽ യോജിപ്പിച്ചും ഇടയ്ക്ക് ചില വാക്കുകൾ ചേർത്ത് വലിയ വാക്യങ്ങളെ വിഭജിച്ച് എഴുതുന്നതിനും അദ്ദേഹം പരിശീലനം നൽകി.

ബിനുമാഷിന്റെ സെഷൻ അവസാനിച്ചതിനുശേഷം കുട്ടികൾ നേരത്തേ പദ്ധതിയുടെ ഭാഗമായി ശേഖരിച്ചുനൽകിയ വിവരങ്ങൾ വിക്കിയിലാക്കുന്നതിന് സമയം നൽകി. ഓരോരോ ലേഖനങ്ങളായി കുട്ടികൾ അവയെ വിക്കിയിൽ ചേർത്തുകൊണ്ടിരുന്നു. അവർക്ക് ആവശ്യമായ സഹായങ്ങളുമായി മുതിർന്ന മലയാളം വിക്കിപീഡിയർ ഒപ്പമുണ്ടായിരുന്നു. കുട്ടികൾ വിക്കിയിൽ ചേർത്തുകൊണ്ടിരിക്കുന്ന ലേഖനങ്ങൾ ഓൺലൈനിലൂടെ സശ്രദ്ധം വീക്ഷിച്ചുകൊണ്ട് മലയാളം വിക്കിപീഡിയനായ ശ്രീ. സുനിൽ വി.എസ്സ് അദൃശ്യസാന്നിദ്ധ്യമറിയിച്ചു. അദ്ദേഹം ലേഖനങ്ങളിൽ വർഗ്ഗങ്ങൾ ചേർക്കുകയും സംവാദതാളിൽ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തുകൊണ്ട് കൂടെയുണ്ടായിരുന്നു. അദ്ദേഹം ഈ താളുകളിൽ ഒന്നിൽ വന്ന ശ്രദ്ധേയതാ ഫലകത്തിന് മറുപടിയായി അവലംബം ചേർത്തു സഹായിക്കുകയും ചെയ്തു.

അന്നേദിവസം വിക്കിയിൽ പുതുതായി ചേർത്ത ലേഖനങ്ങൾ ഇവയാണ്. ‎‎‎‎

ക്രമ സംഖ്യ ലേഖനം വിദ്യാർത്ഥി
11 ഐ. ഹാരിസ് സ്മാരക ഗ്രന്ഥശാല ഉപയോക്താവ്:‎Sajinshah77
12 ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് ഉപയോക്താവ്:‎Ananthupsankar
13 വ‌ടമൺ ദേവകിയമ്മ ഉപയോക്താവ്:‎Mohammedsonu
14 അഞ്ചൽ സഹകരണസംഘം ഉപയോക്താവ്:‎Asmiyass
15 സെന്റ് തോമസ് മലങ്കര കത്തോലിക്കാ ദൈവാലയം ഉപയോക്താവ്:‎‎Sabinsaji
16 അഞ്ചൽ ശ്രീ ചൂരക്കുളം ചാവരുകാവ് ഉപയോക്താവ്:‎117.242.204.25
17 കടയാറ്റ് കളരി ദേവിക്ഷേത്രം, അഞ്ചൽ ഉപയോക്താവ്:‎Ronyjohn
18 അഗസ്ത്യക്കോട് മഹാദേവക്ഷേത്രം ഉപയോക്താവ്:‎Umeshalenchery
19 കുളത്തൂപ്പൂഴ മെജസ്റ്റിക്ക ഉപയോക്താവ്:‎Chinchur
20 വിളക്കുമാതാ പള്ളി ഉപയോക്താവ്:‎Abhianand
21 ‎കടയ്ക്കൽ ക്ഷേത്രക്കുളം ഉപയോക്താവ്:‎‎Jithusjayan
22 ‎മലപ്പേരുർ പാറ ഉപയോക്താവ്:‎Nikhil-a
23 അഞ്ചൽ ആർ. വേലുപ്പിള്ള ഉപയോക്താവ്:‎Abhishekrs
24 അഞ്ചലച്ചൻ ഉപയോക്താവ്:‎Shinishaji
25 അഞ്ചലിലെ ഉൽസവം ഉപയോക്താവ്:‎Jishatj
26 ഓലിയരിക് വെള്ളച്ചാട്ടം ഉപയോക്താവ്:‎Mohammedsonu
27 അജന്താ കളി അക്കാഡമി ഉപയോക്താവ്:‎Sherinshaji

1 മണിയോടുകൂടി ആഹാരം കഴിക്കാനായി ഉച്ചവരെയുള്ള സെഷനുകൾ അവസാനിപ്പിച്ചു. വിഭവസമൃദ്ധമായ ഊണായിരുന്നു ശ്രദ്ധേയമായ മറ്റൊരിനം. ഊണിനു ശേഷം കുട്ടികൾ സ്കൂളിൽ പതിപ്പിച്ചിരുന്ന അനേകം പോസ്റ്ററുകൾ നിരീക്ഷിക്കുകയും അതുമായി ബന്ധപ്പെട്ട സംശയങ്ങൾ ശ്രീ കണ്ണൻ മാഷിനോട് ചോദിക്കുകയും ചെയ്തു. പട്ടത്താനം സ്കൂളിനെ ഇത്ര ശ്രദ്ധേയമാക്കുന്നതിൽ കണ്ണൻമാഷിനുള്ള പങ്ക് എത്ര വലുതാണെന്ന് കുട്ടികൾ മനസ്സിലാക്കി.

കൃത്യം 1.30ന് വീണ്ടും എല്ലാവരും അവരവരുടെ ഇരിപ്പിടങ്ങളിൽ ചെന്ന് ബാക്കി ടൈപ്പ് ചെയ്യാനുള്ള ഭാഗങ്ങൾ കൂട്ടിച്ചേർക്കാൻ തുടങ്ങി. അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ മറ്റ് വിക്കിപീഡിയർ നൽകുകയും അവരുടെ സംശയങ്ങൾ തീർക്കുകയും ചെയ്തു. തുടർന്നുള്ള സെഷൻ കൈകാര്യം ചെയ്തത് ഡോ.അജയ് ബാലചന്ദ്രൻ ആയിരുന്നു. വധശിക്ഷ പോലുള്ള ലേഖനങ്ങളിലൂടെ ഇരുത്തം വന്ന വിക്കിപീഡിയനായ അദ്ദേഹം ലേഖനങ്ങളിൽ വർഗ്ഗങ്ങൾ എങ്ങനെ ഉപയോഗിക്കാം, അതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് വിശദീകരിച്ചു. ഒപ്പം അദ്ദേഹം വിക്കിയിലെത്താനുള്ള സാഹചര്യം, വിക്കിയിൽ പ്രവർത്തിക്കുന്നതുകൊണ്ടുള്ള ഉപയോഗം, വിക്കിപീഡിയയിലെ പഠനം, സംശയനിവാരണം തുടങ്ങി വിക്കിപീഡിയയുമായി ബന്ധപ്പെട്ട വിവിധവിഷയങ്ങൾ കുട്ടികളുമായി പങ്കുവച്ചു. ആ സെഷനുശേഷം വീണ്ടും കുട്ടികൾ ബാക്കി ടൈപ്പിംഗ് കൂടി ചെയ്ത് ലേഖനങ്ങൾ മിക്കതും പൂർത്തിയാക്കി. 3.30ഓടുകൂടി ഫോട്ടോസെഷനുപങ്കെടുത്തശേഷം ക്ലാസ്സ് അവസാനിച്ചു. 4.30 ന് സ്കൂളിൽ തിരിച്ചെത്താനും വലിയ മഴയ്ക്കുമുൻപ് കുട്ടികൾക്കെല്ലാം വീട്ടിൽ തിരിച്ചെത്താനും കഴിഞ്ഞു. അനുഭവസമ്പന്നരായ ഒരുകൂട്ടം വിക്കിപീഡിയരുടെ വിശദീകരണങ്ങളിലൂടെ കുട്ടികൾക്ക് വിക്കിപീഡിയ ശൈലി, ലേഖനരൂപം എന്നിവ എത്ര അനായാസകരമായി മനസ്സിലാക്കാൻ കഴിഞ്ഞു!.

പഠനശിബിരത്തിൽ പങ്കെടുത്തവർ

14-10-2012[തിരുത്തുക]

തലേദിവസത്തെ പഠനക്ലാസ്സിനിടയിൽത്തന്നെ പിറ്റേന്ന് സന്ദർശിക്കേണ്ട സ്ഥലങ്ങളെക്കുറിച്ച് ശ്രീ.ഷിജുവും സുഗീഷും സതീഷ്മാഷും ആശയവിനിമയം നടത്തി. പിറ്റേന്ന് രാവിലെ 10.30ന് സുഗീഷും ഷിജുവും കൂടി അഞ്ചൽ വെസ്റ്റ് സ്കൂളിലെത്തി. അവിടെ സതീഷ് മാഷും മൂന്ന് കുട്ടികളും വിക്കിപീഡിയ പരിശീലനത്തിലായിരുന്നു. അവിടെ ഏകദേശം 12 മണിവരെ ചിലവഴിച്ചു. കൂടാതെ ലേഖനങ്ങൾക്കാവശ്യമായ ചില വിവരങ്ങൾ സംഘടിപ്പിക്കുന്നതിന് ശ്രമിച്ചു. ഇതിനിടയിൽ കുട്ടികളുടെ സംശയങ്ങൾ ഷിജു തീർത്തുകൊടുത്തു. അതിനുശേഷം അനന്തു പി. ശങ്കർ എന്ന കുട്ടിയും (‎റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ്, കേരളം എന്ന ലേഖനം എഴുതുന്ന കുട്ടി) സതീഷ് മാഷും, സുഗീഷും, ഷിജുവും കൂടി പ്രസ്തുത പദ്ധതിയേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ആരായാനായി കുളത്തൂപ്പുഴയിലേയ്ക്ക് യാത്രയായി. ഞായറാഴ്ച ആയതിനാൽ പ്ലാന്റേഷൻസ് ചുമതലയുള്ള മാനേജർ, പി.ആർ.ഓ.എന്നിവരെ ആരേയും കാണാൻ കഴിഞ്ഞിരുന്നില്ല. എന്നിരുന്നാലും ആർ.പി.എല്ലിലെ യു.പി. സ്കൂളിൽ രണ്ട് അധ്യാപകർ ഉള്ളതായി വിവരം ലഭിച്ചു. അതനുസരിച്ച് അവരെ കാണാനായി പുറപ്പെട്ടു. ഗേറ്റിൽ നിന്നും ഏകദേശം 2 കിലോമീറ്റർ ഉള്ളിലായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിൽ ചെന്ന് അജി, റജി എന്നീ അധ്യാപകരെകണ്ടു. ചില വിലപ്പെട്ട വിവരങ്ങൾ അവരിൽ നിന്ന് ലഭിച്ചു. അവിടെയുണ്ടായിരുന്ന ഏറെ പ്രായം ചെന്ന ഒരാളിൽ നിന്ന് പഴയ ചില വസ്തുതകൾ കൂടി ലഭിച്ചു. സ്കൂളിന്റെ ഫോട്ടോകളെടുത്തു. തിരിച്ച് റബ്ബർ എസ്റ്റേറ്റിനിടയിലെ ചർ റോഡുകളിലൂടെയുള്ള മടക്കയാത്ര അവിസ്മരണീയമായിരുന്നു. നമ്മൾ കാണുന്ന കേരളത്തിൽ നിന്ന് തീർത്തും വ്യത്യസ്തമായ, വിജനമായ, പ്രകൃതിരമണീയമായ എന്നാൽ സർക്കാരിന്റെ സ്വന്തം സ്ഥലങ്ങൾ കാണാൻ കഴിഞ്ഞു. അതും മികച്ച ഒരു അനുഭവമായി. വൈകിട്ട് നാലുമണിയോടെ അനന്തു പി. ശങ്കറിന്റെ വീടുസന്ദർശിച്ചശേഷം ഷിജു കൊല്ലത്തേയ്ക്കും സുഗീഷ് തിരുവനന്തപുരത്തേയ്ക്കും തിരിച്ചു.

20-10-2012[തിരുത്തുക]

സ്കൂളിൽ സമ്പൂർണ്ണ സോഫ്റ്റ്‌വെയർ വഴി കുട്ടികളുടെ വിവരങ്ങൾ അപ്‌ലോഡു ചെയ്യുന്ന തിരക്കുമൂലവും ഹൈസ്കൂൾ കുട്ടികളുടെ ഐ.ടി. പരീക്ഷ മൂലവും കമ്പ്യൂട്ടർ ലാബ് ലഭിക്കുന്നതിന് ചില തടസ്സങ്ങൾ നേരിട്ടിരുന്നതിനാൽ കഴിഞ്ഞയാഴ്ച കാര്യമായ പ്രവർത്തനങ്ങൾ നടന്നില്ല. അതിനാൽ 20.10.2012 ന് വിക്കിപീഡിയ പദ്ധതിയിലെ കുട്ടികൾ സ്കൂളിലെത്താനാവശ്യപ്പെട്ടിരുന്നു. അങ്ങനെ ഇന്ന് കുട്ടികൾ വിക്കി താളുകൾ പരിശോധിച്ചു. കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർക്കുകയും താളുകളിലെ അക്ഷരത്തെറ്റുകൾ പരിശോധിക്കുകയും ചെയ്തു. തെറ്റുകൾ തിരുത്തുന്നതിനുതുടങ്ങിയപ്പോഴാണ് കുട്ടികൾക്ക് ലഭിച്ച താരകങ്ങൾ അവർ കാണുന്നത്. അതുകിട്ടിയപ്പോൾ അവർക്കുണ്ടായ സന്തോഷം!. തിരുത്തുന്നിനോടൊപ്പം ഇന്ന് വിക്കിയിൽ പുതുതായി ചേർത്ത ലേഖനങ്ങൾ ഇവയാണ്.

ക്രമ സംഖ്യ ലേഖനം വിദ്യാർത്ഥി
28 അഞ്ചലിന്റെ സാംസ്കാരിക ചരിത്രം ഉപയോക്താവ്:‎Amalnahar
29 റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ്, കേരളം ഉപയോക്താവ്:Ananthupsankar

‎ ഇന്നിപ്പോൾ 2.47 ആകുന്നു. അതിനാൽ ഇന്നത്തെ പരിപാടികൾ അവസാനിപ്പിക്കുന്നു. ഇന്നലത്തെപ്പോലെ ഇന്നും വലിയ ഇടിയും പെരുമഴയും പ്രതീക്ഷിക്കുന്നു.

27-10-2012[തിരുത്തുക]

ഇരുപത്തിയേഴാം തീയതിയാണ് പിന്നീട് ഞങ്ങൾക്ക് പദ്ധതിപ്രവർത്തനങ്ങൾ കാര്യമായി ചെയ്യാൻ കഴിഞ്ഞത്. സ്കൂളിലെ സമ്പൂർണ്ണ പ്രവർത്തനങ്ങളുടെ തിരക്കുകാരണം കമ്പ്യൂട്ടറുകൾ ലഭിക്കാൻ തുടരെ പ്രയാസം നേരിട്ടതിനാൽ ശനിയാഴ്ചയായ ‌ഇന്നാണ് സ്കൂൾ ലാബ് ലഭിച്ചത്. സ്കൂളിന് സർക്കാർ അവധി പ്രഖ്യാപിച്ചതിനാൽ എല്ലാ കുട്ടികളേയും സ്കൂളിലേയ്ക്ക് ക്ഷണിച്ചിരുന്നില്ല. അന്നേദിവസം സുഗീഷിനൊപ്പം നമ്മുടെ ലേഖനത്തിലുൾപ്പെടുത്തേണ്ട ചില വ്യക്തികളുമായുള്ള മുഖാമുഖത്തിന് തീരുമാനിച്ചു. സുഗീഷ് അഞ്ചൽ വെസ്റ്റിൽ ഉച്ചയോടെ എത്തിച്ചേർന്നു. സമ്പൂർണ്ണയുടെ തിരക്കുകൾ കാരണം അധ്യാപകർക്ക് നെറ്റ് ഉപയോഗിക്കേണ്ടതിനാൽ അനന്തു. പി. ശങ്കർ എന്ന കുട്ടിയെ മാത്രമേ ക്ഷണിച്ചിരുന്നുള്ളൂ. ഉച്ചവരെ ആ കുട്ടിയേക്കൊണ്ട് വിക്കിപീഡിയയിൽ എഡിറ്റു ചെയ്യിച്ചത് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കൊല്ലം വിദ്യാർത്ഥിസംഗമത്തിൽ പങ്കെടുത്ത വിദ്യാർത്ഥിയും അഞ്ചൽ സ്കൂളിലെ ആദ്യ പഠനശിബിരത്തിൽ പങ്കാളിയുമായ ജോസഫ് ആയിരുന്നു. ഉച്ചഭക്ഷണത്തിനുശേഷം സതീഷ് മാഷ്, സുഗീഷ്, അനന്തു. പി. ശങ്കർ, സുനിൽ മാഷ് എന്നിവർ വിവരശേഖരണത്തിനായി പുറപ്പെട്ടു.

അഞ്ചൽ പ്രദേശത്തെ അഞ്ചുചൊല്ലുകളിൽ "അഗസ്ത്യക്കോട് മുനി ആണോ അതൊ പെണ്ണോ?" എന്നത് പ്രശസ്തമായ ഒരു ചൊല്ലാണല്ലോ. ആ ചൊല്ലുമായി ബന്ധപ്പെട്ട അഗസ്ത്യക്കോട് ക്ഷേത്രത്തിലേയ്ക്കാണ് ഞങ്ങൾ ആദ്യം പോയത്. പോകുന്ന വഴി എണ്ണപ്പനങ്കുലകൾ കൊണ്ടു പോകുന്ന ഒരു ലോറി കണ്ടു. അതിന്റെ പിറകേ ചെയ്സു ചെയ്ത് ലോറി തടഞ്ഞു നിർത്തി, അവരുടെ അനുവാദത്തോടെ കുറച്ചു ഫോട്ടോകൾ എടുത്തു. എണ്ണപ്പനയുടെ കുറേ കായ്കൾ ഇതിനിടയിൽ സുഗീഷ് സൂത്രത്തിൽ കൈക്കലാക്കി. അതിനു ശേഷം അഗസ്ത്യക്കോട് ശിവക്ഷേത്രത്തിൽ ചെന്നു. പുറത്തുനിന്നും കുറച്ചു ചിത്രങ്ങൾ എടുത്തു. അവിടെ കണ്ട കുറേ പ്രായം, ചെന്നവരോട് ക്ഷേത്രത്തെ സംബന്ധിച്ച ചില വിവരങ്ങൾ തേടി. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ക്ഷേത്രം തുറക്കുമ്പോൾ പഴയ കാരണവന്മാർ തൊഴാനായി എത്തും,അവരിൽ നിന്നും അധികം വിവരങ്ങൾ ലഭിക്കും എന്നാണ്. ഞങ്ങൾക്ക് അത്രയും കാത്തുനിൽക്കാൻ സമയം കിട്ടാത്തതിനാൽ അടുത്ത ലക്ഷ്യമായ ശ്രീ.കുര്യൻ ജോർജ്ജിനെ കാണാനായി പുറപ്പെട്ടു.

അഞ്ചലിൽ നിന്നും പുനലൂർ റൂട്ടിൽ മാവിള എന്ന സ്ഥലത്തിറങ്ങി. തനി നാടൻചായക്കടകണ്ടപ്പോൾ അവിടെക്കയറി ഓരോ ചൂടു ചായയും പരിപ്പുവടയും കഴിച്ചുകൊണ്ടിരിക്കെ ശ്രീ.കുര്യൻ ജോർജ്ജിനേക്കുറിച്ച് അവിടെ നിന്നവരോട് ചോദിച്ചു. ഞങ്ങൾ ആവശ്യം പറഞ്ഞപ്പോൾ കൃത്യമായ വഴിയും വീടിന്റെ അടയാളവും അവർ പറഞ്ഞു തന്നു. ഞങ്ങൾ ചെല്ലുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. പിന്നീട് നമ്മുടെ പുതിയ കൈപ്പുസ്തകത്തിൽ വന്ന വിവരങ്ങൾ എഴുതി ചേർത്ത്, ഫോൺ നമ്പരും എഴുതി കതകിനടിയിലൂടെ അകത്തേയ്ക്കിട്ടു. അദ്ദേഹം അത് കണ്ട് വിളിക്കുമോ എന്ന് ഞങ്ങൾക്ക് സന്ദേഹം ഉണ്ടായി. അതിനുശേഷം പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരിയായ ശ്രീമതി വടമൺ ദേവകിയമ്മയെ തേടി യാത്രയായി.

മാവിള നിന്നും തിരിഞ്ഞ് വടമൺ ക്ഷേത്രത്തിനടുത്ത് ശ്രീമതി വടമൺ ദേവകിയമ്മയുടെ വീട്ടിലെത്തി. ഞങ്ങൾ വന്ന വിവരം വിശദമാക്കിയപ്പോൾ ഏറെ സന്തോഷത്തോടെ ആ കലാകാരി കലയേക്കുറിച്ചും അവരുടെ ഇതുവരെയുള്ള ജീവിതത്തേക്കുറിച്ചും വ്യക്തമായി പറഞ്ഞു തന്നു. അത് സതീഷ് മാഷും അനന്തു. പി. ശങ്കറും കൂടി എഴുതിയെടുത്തു. ഒരു കലാകാരി, കലാപകാരിയായി ജീവിച്ചതും ഏതുപ്രതിബന്ധത്തെയും ചെറുത്ത് കലയെ ജീവനോപാധിയായി കൊണ്ടുനടന്നതും സമൂഹത്തിന് കലാകാരികളോടുള്ള ജീർണ്ണസമീപനങ്ങളും എന്നാൽ കലയെ ഇഷ്ടപ്പെടുകയും കാലാകാരൻമാരെ ആരാധിക്കുന്ന വലിയവിഭാഗം അനുവാചകർ ഇന്നും നൽകുന്ന സ്നേഹവും ബഹുമാനവും ആ വലിയ കലാകാരി ഞങ്ങൾക്ക് വിശദമാക്കിത്തന്നു. അവരുടെ ചെറുമക്കൾ അഞ്ചൽ വെസ്റ്റ് സ്കൂളിൽ പഠിച്ചിട്ടുണ്ട്. അവരേയും വിളിച്ച് കാര്യങ്ങൾ പറയുകയും ഫോട്ടോകൾ പിന്നീട് എടുക്കാമെന്ന് അറിയിക്കുകയും ചെയ്തു. മുൻകൂട്ടി അറിയിക്കാതെ പോയതിനാൽ ഫോട്ടോ എടുക്കാൻ കഴിയുമായിരുന്നില്ല. അവരെക്കുറിച്ചു വന്ന പത്രശകലങ്ങൾ, മറ്റ് പ്രസിദ്ധീകരണങ്ങളിലെ വിവരങ്ങൾ എന്നിവ സംഘടിപ്പിക്കാൻ കുട്ടികളെ ചുമതലപ്പെടുത്തി. യാത്രപറഞ്ഞ് അടുത്ത ലക്ഷ്യമായ പ്രശസ്ത കാഥാപ്രസംഗകാഥികൻ ശ്രീ. തേവർതോട്ടം സുകുമാരനെ കാണാനായി പുറപ്പെട്ടു.

അദ്ദേഹം വീട്ടിൽ ഉണ്ടായിരുന്നില്ല. എങ്കിലും മകനും സുഗീഷിന്റെ സഹപാഠിയും ഇപ്പോൾ പുന്നല സ്കൂളിലെ അധ്യാപകനുമായ പ്രതാപുമായി സംസാരിച്ചു. അക്കൂട്ടത്തിൽ അഞ്ചൽ ഡയറക്ടറി എന്നൊരു ചെറിയ പുസ്തകം ഉണ്ടെന്നും അതിൽ അഞ്ചലിനെക്കുറിച്ച് വിവരങ്ങൾ കാണുമെന്നും അത് തപ്പിയെടുത്തതിനുശേഷം വിളിക്കാമെന്നും അറിയിച്ചു. അവിടെനിന്നും ചായകുടിച്ചു. അദ്ദേഹം വരുമ്പോൾ നേരിട്ടു കാണാനും വിളിക്കാനുമായി പറഞ്ഞേൽപ്പിച്ച് ഞങ്ങൾ തിരിച്ച് അഞ്ചലിലേയ്ക്ക് പുറപ്പെട്ടു. രാത്രിയോടടുക്കുന്നുണ്ടായിരുന്നു. ആയതിനാൽ അന്നേദിവസത്തെ യാത്ര അവസാനിപ്പിച്ച് സുഗീഷ് തിരുവനന്തപുരത്തേയ്ക്ക് യാത്രയായി.

30-10-2012[തിരുത്തുക]

ഇന്നേദിവസം വിക്കിപീഡിയ പ്രവർത്തനങ്ങളിൽ ഒരുപക്ഷേ ഏറ്റവും സമ്പന്നമായ ദിവസമാണെന്ന് ഞങ്ങൾ കരുതുന്നു. തലേന്നുരാവിലെ സതീഷ് മാഷ് നിലമേൽ ബി.ആർ.സിയിലേയ്ക്കുള്ള യാത്രാമധ്യേ വന്ന ഒരു ഫോൺകോൾ, ഞങ്ങൾ അന്വേഷിക്കുന്ന ശ്രീ.കുര്യൻ ജോർജ്ജിന്റേതായിരുന്നു. വാട്ടർ ട്രെയിൻ കണ്ടുപിടിച്ച, പ്രശസ്ത ശാസ്ത്രകാരനായ അദ്ദേഹത്തിന്റെ വലിയ മനസ്സുകൊണ്ട് അദ്ദേഹം അന്ന് ഞങ്ങൾ എഴുതിയിട്ട കത്തുകണ്ട് തിരിച്ചുവിളിച്ചതാണ്. അദ്ദേഹത്തോട് കാര്യം അവതരിപ്പിച്ചു. വിക്കിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത അദ്ദേഹം ആവശ്യപ്പെട്ടത് പിറ്റേന്ന് ഉച്ചയ്ക്ക് 2.30ന് സ്കൂളിലെ ഫിസിക്സ് അധ്യാപകനുമായി കാണാൻ ചെല്ലാനാണ്. അന്നേദിവസം സ്കൂളിൽ യുവജനോത്സവം നടക്കുന്നതിനാൽ കുട്ടികളെ പിന്നീട് ഒരവസരത്തിൽ കൊണ്ടുപോകാം എന്ന് തീരുമാനിച്ചു.

സ്കൂളിന്റെ സ്റ്റാഫ് സെക്രട്ടറി ശ്രീ. യോപ്പച്ചൻ സാർ വിക്കിപീഡിയയുടെ പ്രവർത്തനങ്ങളിൽ തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുന്ന മാഷാണ്. സ്കൂൾ വിക്കി ശിബിരങ്ങളിൽ സ്ഥിരം ആതിഥേയനായ അദ്ദേഹത്തോടൊപ്പം കൃത്യം 2.30 ന് അദ്ദേഹത്തിന്റെ വീട്ടിലെത്തി. ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാത്തതിനാൽ ഏതുതരത്തിൽ ഞങ്ങളെ ഉൾക്കൊള്ളും എന്ന് സന്ദേഹമുണ്ടായിരുന്നു. ഞങ്ങൾക്ക് അദ്ദേഹം മുളകുചേർത്ത അണ്ടിപ്പരിപ്പും ചായയും ഹൽവയും തന്നു. മെല്ലെ അദ്ദേഹം അദ്ദേഹത്തിന്റെ അനുഭവങ്ങൾ ഞങ്ങളോട് വിശദീകരിച്ചു. അദേദഹത്തിന്റെ വാക്കുകളുടെ ഘനം, അനർഗ്ഗള ആംഗലേയപ്രവാഹം, കുറിയ്ക്കുകൊള്ളുന്ന മഹത് വചനങ്ങൾ, ചിലരിൽ നിന്നും നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ എല്ലാം അദ്ദേഹം എത്ര അനായാസം വിശദീകരിച്ചു!. അദ്ദേഹത്തിന്റെ അനുഭവങ്ങൾ എഴുതാൻ ഈ പേജുകൾ മതിയാവില്ല. 2.30 ൻ തുടങ്ങിയ സംഭാഷണം രാത്രി 7.15 നാണവസാനിച്ചത് . അദ്ദേഹത്തിന്റെ ശാസ്ത്രവിശദീകരണങ്ങൾ യോപ്പച്ചൻ സാർ അങ്ങേയറ്റം കൗതുകത്തോടെ ഉൾക്കൊള്ളുന്നുണ്ടായിരുന്നു. മൂന്നുപെൺമക്കളും മരുമക്കളും അമേരിക്കയിലും മറ്റുമായി പ്രഗത്ഭപദവികളിൽ ഇരിക്കുന്ന ആ പിതാവിന്റെ പ്രയത്നപാത നമുക്കെല്ലാവർക്കും പാഠമാണ്, മറ്റൊരു ഗവേഷണവിഷയവുമാണ്. യാതൊരു ഫോർമാലിറ്റിയും കാട്ടാതെ ഞങ്ങൾ യാത്ര പറഞ്ഞു, ആ ആഴ്ചതന്നെ കുട്ടികളുമായി അദ്ദേഹത്തെ കാണാൻ ഉറപ്പിച്ചശേഷം. ആ വലിയ മനുഷ്യനെ നമ്മുടെ നാട് വേണ്ടവിധം മനസ്സിലാക്കിയിട്ടുണ്ടോ?

നവംബർ മാസത്തിൽ സ്കൂളിൽ കുട്ടികൾക്ക് പാഠഭാഗങ്ങൾ അതിവേഗം തീർക്കുന്നതിന്റെ ഭാഗമായുള്ള തിരക്കുണ്ടായിരുന്നു. ഷിജു അലക്സിന്റേയും സുഗീഷിന്റേയും സന്ദർശനമാണ് എടുത്തുപറയേണ്ട പ്രവർത്തനങ്ങൾ. സമ്പൂർണ്ണ സോഫ്റ്റ്‌വെയറിൽ അഞ്ചുമുതൽ പത്തുവരെ ക്ലാസ്സിലെ കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചുതീർപ്പാക്കേണ്ടതുകാരണം എല്ലാ അധ്യാപകരും അതത് ക്ലാസ്സുകളുടെ ഓൺലൈൻ ഡേറ്റാ എൻട്രിയിലായിരുന്നു. അതിനാൽത്തനെ കമ്പ്യൂട്ടറുകൾ രാവിലെകളിലോ വൈകുന്നേരങ്ങളിലോ ലഭ്യമായിരുന്നില്ല. എങ്കിലും ശനി, ഞായർ ദിനങ്ങളിൽ വിവരശേഖരണവുമായി ബന്ധപ്പെട്ട് വരുന്ന അവസരത്തിൽ കുട്ടികൾ പേജ് പുതുക്കുകയും എഡിറ്റ് ചെയ്യുകയും ചെയ്തിരുന്നു. നവംബർ അവസാനത്തോടെ ലക്ഷ്യമിട്ടിരുന്ന ലേഖനങ്ങളിൽ മുക്കാൽശതമാനത്തോളവും പൂർത്തിയായി. ഇക്കാലയളവിൽ ശ്രീ. സുനിൽ ഒക്കെ മുൻകൈയെടുത്ത് ലേഖനങ്ങളിൽ ഇടപെട്ടിട്ടുണ്ട്.

ഡിസംബർ[തിരുത്തുക]

പരീക്ഷക്കാലമാണല്ലോ ഡിസംബർ. ഡിസംബർ 13 ന് പരീക്ഷ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പദ്ധതി ചുമതലയുള്ള സ്കൂൾ അധ്യാപകർക്കും അല്പദിവസം വിട്ടുനിൽക്കേണ്ടിവന്നിട്ടുണ്ട്. എങ്കിലും നിരന്തരം ലേഖനസമ്പൂർണ്ണതയ്ക്ക് വിജ്ഞാനശകലങ്ങൾ തേടിപ്പിടിക്കുന്ന ശ്രമങ്ങൾ നടന്നിരുന്നു.

വിക്കിപീഡിയ പത്താം വാർഷികാഘോഷം[തിരുത്തുക]

2012 ഡിസംബർ 21 ന് കൊല്ലം അഞ്ചൽ വെസ്റ്റ് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് വിക്കിപീഡിയ പത്താംവാർഷികാഘോഷങ്ങൾ നടന്നു. പ്രമുഖ വിക്കിപീഡിയരായ ശ്രീ. കിരൺഗോപി, ശ്രീ. സുഗീഷ്, ശ്രീ. അഖിലൻ, സ്കൂൾ അധ്യാപകൻ സതീഷ്. ആർ, ശ്രീകുമാർ എന്നിവരും വിക്കിപീഡിയ-ഐ.ടി.@സ്കൂൾ വിദ്യാഭ്യാസപദ്ധതി അംഗങ്ങളായ 33 കുട്ടികളും മറ്റധ്യാപകരും പ്രോഗ്രാമിൽ പങ്കെടുത്തു. കിരൺഗോപിയും സുഗീഷും അഖിലനും വിക്കിപീഡിയ അനുഭവങ്ങൾ പങ്കുവച്ചു. കിരൺ ഗോപി വിക്കിയുടെ പുതിയ സംരംഭങ്ങളായ വിക്കി വോയേജ്, വിക്കി ഡാറ്റ എന്നിവ പരിചയപ്പെടുത്തുന്ന ക്ലാസ് എടുത്തു. അഖിലനും സുഗീഷുമാണ് പത്താം വാർഷിക കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്. അന്നേദിവസം വിക്കിപീഡിയ-ഐ.ടി.@സ്കൂൾ വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി കുര്യൻ ജോർജ്ജ് എന്ന താളും ഉൾപ്പെടുത്തി.

ക്രമ സംഖ്യ ലേഖനം വിദ്യാർത്ഥി
30 കുര്യൻ ജോർജ്ജ് ഉപയോക്താവ്:Adithyan p lal

പദ്ധതി അവലോകനവും നടത്തി. വൈകിട്ട് 6.30 ഓടെയാണ് പ്രോഗ്രാമുകൾ അവസാനിച്ചത്.