മതിലുകൾ (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


മതിലുകൾ
മതിലുകൾ എന്ന പുസ്തകത്തിന്റ കവർ
Author വൈക്കം മുഹമ്മദ് ബഷീർ
Original title മതിലുകൾ
Country ഇന്ത്യ
Language മലയാളം
Genre റൊമാൻസ്, പാട്രിയോട്ടിക്
Publisher DC Books[1]
Publication date
1964[2]
Pages 64
ISBN 9788171300167

വൈക്കം മുഹമ്മദ് ബഷീർ രചിച്ച പ്രശസ്ത നോവലുകളിലൊന്നാണ് മതിലുകൾ. ‘കൗമുദി ’ ആഴ്‌ചപതിപ്പിന്റെ 1964-ലെ ഓണം വിശേഷാൽ പ്രതിയിലാണ് മതിലുകൾ ആദ്യമായി പ്രസിദ്ധീകരിച്ചത്. [2] മലയാളത്തിലെ പ്രശസ്തമായ ഒരു പ്രേമകഥയാണ് ഇത്.[3] മറ്റ് കൃതികളെപ്പോലെ തന്നെ ആത്മകഥാപരമാണ് ഈ നോവലും. രാഷ്ട്രീയത്തടവുകാരനായി ജയിലിലെത്തുന്ന ബഷീർ അവിടെ നേരിടുന്ന ചില അനുഭവങ്ങളാണു ഈ ലഘുനോവലിൽ ആവിഷ്കരിക്കുന്നത്. ഒരു മതിലിനപ്പുറത്തുള്ള സ്ത്രീ ജയിലിലെ നാരായണി എന്ന സ്ത്രീയുമായി പ്രണയത്തിലാവുകയും എന്നാൽ അതൊരിക്കലും സഫലമാകാതെ പോവുകയും ചെയ്യുന്നു. ഒരു നഷ്ടപ്രണയത്തിന്റെ വേദനയാണു നോവൽ നമുക്ക് പകർന്നുതരുന്നത്.

ഇതിലെ നായകൻ ബഷീർ തന്നെയാണ്. അദ്ദേഹം ഇതിലെ നായിക നാരായണിയെ ഒരിയ്ക്കലും കണ്ടുമുട്ടുന്നില്ലെങ്കിലും അവരുമായി അഗാധപ്രണയത്തിലാണ്. രണ്ടുപേരും പരസ്പരം വേർതിരിയ്ക്കപ്പെട്ട ജയിലുകളിൽ ആണ് കഴിയുന്നതെങ്കിലും അവരുടെ പ്രേമത്തിന്റ തീവ്രതയ്ക്ക് അതൊരു ഭംഗവും വരുത്തുന്നില്ല. [3]

ഈ നോവലിനെ അടിസ്ഥാനമാക്കി ഇതേ പേരിൽ അടൂർ ഗോപാലകൃഷ്ണൻ 1989-ൽ സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.[4]

മതിലുകൾ എന്ന ബഷീർ നോവലിനെ അടിസ്ഥാനമാക്കി എം.ജെ ഇനാസ് എന്ന ശിൽ‍പി കരിങ്കല്ലിൽ കൊത്തിയെടുത്ത മതിലുകൾ എന്ന ശില്പം പാലക്കാട് സുൽത്താൻകോട്ടയ്ക്കുള്ളിലെ ശില്പ വാടികയിൽ സ്ഥിതി ചെയ്യുന്നു. [5]

കഥ[തിരുത്തുക]

ബഷീർ ബ്രിട്ടീഷുകാർക്ക് എതിരെ എഴുതി എന്ന കുറ്റത്തിന് ജയിലിൽ എത്തുന്നു. സരസനായ ബഷീർ ജയിലിലെ മറ്റു പുള്ളികളെയും ചെറുപ്പക്കാരനായ ജയിൽ വാർഡനെയും കൂട്ടുകാരാക്കുന്നു. ഒരു ദിവസം മതിലിനപ്പുറത്തെ സ്ത്രീത്തടവുകാരുടെ ജയിലിൽ നിന്നും ബഷീർ നാരായണി എന്ന ഒരു സ്ത്രീയുടെ ശബ്ദം കേൾക്കുന്നു. തുടർന്ന് ഇരുവരും പരിചയത്തിൽ ആകുകയും ഇടയ്ക്കിടെ സംഭാഷണം നടത്തുകയും ചെയ്യുന്നു. ക്രമേണ രണ്ടുപേരും പ്രണയബദ്ധരാകുന്നു. പരസ്പരം കാണാതെ തന്നെ ഇരുവരും പരസ്പരം സമ്മാനങ്ങൾ കൈമാറുകയും ചെയ്യുന്നു. ഒരിയ്ക്കൽ നാരായണി പരസ്പരം കണ്ടുമുട്ടാനുള്ള ഒരു വഴി ചിന്തിച്ചുണ്ടാക്കുന്നു. കുറച്ചുദിവസങ്ങൾക്കു ശേഷം ഒരേ ദിവസം തന്നെ ജയിലിനോടനുബന്ധിച്ചുള്ള ആശുപത്രിയിൽ വെച്ച് കണ്ടുമുട്ടാം എന്നായിരുന്ന നാരായണിയുടെ പ്ലാൻ. അതിനുവേണ്ടി ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന ബഷീറിന് പൊടുന്നനെ ആ വാർത്ത കേൾക്കേണ്ടി വരുന്നു. താൻ അതിനുമുൻപ് തന്നെ ജയിൽമോചിതനാകും എന്ന്. അതുവരെ കൊതിച്ചിരുന്ന മോചനം വേണ്ട എന്ന് അദ്ദേഹത്തിന് തോന്നിത്തുടങ്ങുന്നു. കൈയിൽ ഒരു റോസാപുഷ്പവും പിടിച്ചു ബഷീർ ജയിലിനടുത്തു നിൽക്കുന്നതായി കാണിച്ചു കഥ അവസാനിയ്ക്കുന്നു. [3]

ചരിത്രം[തിരുത്തുക]

1964ൽ കൗമുദിയുടെ പത്രാധിപർ കെ. ബാലകൃഷ്ണൻ ഓണത്തിന് മലയാളത്തിലെ അക്കാലത്തെ പ്രമുഖ എഴുത്തുകാരുടെ രചനകൾ കൂട്ടിയിണക്കി ഒരു ഓണപ്പതിപ്പ് ഇറക്കാൻ തീരുമാനിച്ചു. ഒരുവിധം എഴുത്തുകാരെല്ലാം പറഞ്ഞ സമയത്തിനുതന്നെ തങ്ങളുടെ രചനകൾ നൽകി. എന്നാൽ വൈക്കം മുഹമ്മദ് ബഷീർ തന്റെ രചന അയയ്ക്കാം എന്ന് സമ്മതിച്ചിരുന്നവെങ്കിലും അദ്ദേഹത്തിൽ നിന്നും ഒരു മറുപടിയും ലഭിച്ചില്ല. മുൻകൂട്ടി പരസ്യങ്ങൾ എല്ലാം കൊടുത്തുകഴിഞ്ഞ സ്ഥിതിയ്ക്ക് ബഷീറിന്റെ രചന ഇല്ലാതെ ഓണപ്പതിപ്പ് ഇറക്കാനും പറ്റില്ല. ബഷീറിന് ഒന്നുരണ്ടു കത്തുകൾ അയച്ചുനോക്കിയെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല.

ഓണപ്പതിപ്പിന്റെ കയ്യെഴുത്തുപ്രതികൾ പ്രെസ്സിലേയ്ക്ക് പോയിട്ടും ബഷീറിൽ നിന്നും ഒരു വിവരവും ഉണ്ടായില്ല. ബഷീറിന്റെ കഥ കിട്ടിയാൽ അച്ചടിയ്ക്കാനായി ഏതാനും പേജുകളും അദ്ദേഹം ഒഴിച്ചിട്ടിരുന്നു. ഒരു മറുപടിയും കിട്ടാതായപ്പോൾ അദ്ദേഹം ബഷീറിനെ നേരിട്ടുകാണാനായി അദ്ദേഹത്തിന്റ താമസസ്ഥലമായ വൈക്കത്തെ തലയോലപ്പറമ്പിലേയ്ക്ക് നേരിട്ടു ചെന്നു. ഒരു വൈകുന്നേരം ബഷീറിന്റെ വീട്ടിലെത്തിയ അദ്ദേഹത്തെ ബഷീർ സ്നേഹപുരസ്സരം സ്വീകരിച്ചു. എന്നാൽ ചർച്ച ഈ വിഷയത്തിൽ എത്തും തോറും ബഷീർ ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നു. ഒടുവിൽ രണ്ടുപേരും കൂടി എറണാകുളത്തേക്ക് പോകാൻ തീരുമാനിച്ചു. ബഷീർ തന്റെ ബാഗിൽ രചനയുടെ ഒരു കയ്യെഴുത്തുപ്രതിയും കരുതിയിരുന്നു. രണ്ടുപേരും കൂടെ ഒരു ലോഡ്ജിൽ താമസിച്ചു. രാവിലെ തന്നെ ബഷീർ അറിയാതെ അദ്ദേഹത്തിന്റെ ബാഗിൽ നിന്ന് കയ്യെഴുത്തുപ്രതിയും എടുത്തു ബാലകൃഷ്ണൻ തിരുവനന്തപുരത്തേക്ക് പോയി.

പുറകെ തിരുവനന്തപുരത്തെത്തിയ ബഷീർ കാണുന്നത് തന്റെ കയ്യെഴുത്തുപ്രതി അച്ചടിച്ച് പ്രൂഫ് റീഡിങ് നടത്തുന്നതായിട്ടാണ്. കുപിതനായ ബഷീർ ബാലകൃഷ്ണനുമായി വഴക്കുണ്ടാക്കിയെങ്കിലും ഒടുവിൽ പുതിയ ഒരു കഥ എഴുതി നൽകാം എന്ന ഉറപ്പിൽ ബാലകൃഷ്ണൻ കയ്യെഴുത്തുപ്രതി തിരികെനൽകാം എന്ന് സമ്മതിച്ചു. ഭാർഗവീനിലയം എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ ആയിരുന്നു ആ കയ്യെഴുത്തുപ്രതി. ആ കൃതി അച്ചടിയ്ക്കപ്പെട്ടാൽ ഇറങ്ങാൻ പോകുന്ന സിനിമയുടെ സാധ്യതകളെ അത് ബാധിയ്ക്കും എന്ന് ബഷീർ ഭയന്നിരുന്നു.

തുടർന്ന് തിരുവനന്തപുരത്തെ ഒരു ലോഡ്ജിൽ ബഷീറിന് ഒരു റൂം എടുത്തു നൽകുകയും അദ്ദേഹം സ്ഥലം വിട്ടു പോകാതിരിയ്ക്കാനായി ആളുകളെ കൂടെ നിറുത്തുകയും ചെയ്തു. നാല് ദിവസങ്ങൾക്കുള്ളിൽ ബഷീർ തന്റെ കഥ എഴുതിത്തീർത്തു. ജയിലിലെ തന്റെ അനുഭവങ്ങളുടെ ഒരു നേർവിവരണം ആയിരുന്നു ആ കഥ. ബഷീർ ആ കഥയ്ക്ക് ആദ്യം രണ്ടു വ്യത്യസ്ത ശീർഷകങ്ങളാണ് നിർദ്ദേശിച്ചിരുന്നത് : "സ്ത്രീയുടെ ഗന്ധം", "പെണ്ണിന്റ മണം" എന്നിവ. പിന്നീടാണ് "മതിലുകൾ" എന്ന് മാറ്റിയത്. ജയിലിൽ കണ്ട ഒരു സ്ത്രീയുടെ നേർപ്പതിപ്പായാണ് നാരായണി എന്ന കഥാപാത്രത്തെ ബഷീർ സൃഷ്ടിച്ചത്. 22 വയസ്സുമാത്രം പ്രായമുള്ള ഈ സ്ത്രീ തന്റെ ഭർത്താവിനെ കൊലപ്പെടുത്തിയതിനു ജയിൽ ശിക്ഷ അനുഭവിയ്ക്കുകയായിരുന്നു.[6]

ചലച്ചിത്ര അനുരൂപീകരണം[തിരുത്തുക]

പ്രധാന ലേഖനം: മതിലുകൾ (ചലച്ചിത്രം)
മതിലുകൾ എന്ന ചിത്രത്തിലെ ഒരു ദൃശ്യം

1989 ൽ അടൂർ ഗോപാലകൃഷ്ണൻ ഈ നോവൽ ചലച്ചിത്രം ആക്കി. മമ്മൂട്ടി ആണ് ബഷീർ ആയി അഭിനയിച്ചത്. കലാപരമായി മികച്ചതെന്ന് പേരെടുത്ത ഈ ചിത്രം ദേശീയവും അന്തർദേശീയവുമായ പല അവാർഡുകളും നേടി. മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് ഈ ചിത്രം നേടിക്കൊടുത്തു.[7][8]ഇവ കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Mathikal by Vaikom Muhammad Basheer". DC Books. Retrieved 2018-04-04
  2. 2.0 2.1 "മതിലുകൾ (Mathilukal)". Retrieved 4 ഏപ്രിൽ 2018. 
  3. 3.0 3.1 3.2 P.K.Ajith Kumar. "Romantic interlude". The Hindu. 14 May 2010.
  4. ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Mathilukal
  5. മതിലുകൾ ശില്പം
  6. "When Basheer missed the deadline". Retrieved 4 ഏപ്രിൽ 2018. 
  7. http://dff.nic.in/NFA_archive.asp
  8. "Kerala State Film Awards"
"https://ml.wikipedia.org/w/index.php?title=മതിലുകൾ_(നോവൽ)&oldid=2773762" എന്ന താളിൽനിന്നു ശേഖരിച്ചത്