കെ. ബാലകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ. ബാലകൃഷ്ണൻ
വ്യക്തിഗത വിവരങ്ങൾ
ജനനം12-8-1924.
തോപ്പിൽ വീട്, മയ്യനാട്, കൊല്ലം ജില്ല
മരണം16-7-1984
തിരുവനന്തപുരം
രാഷ്ട്രീയ കക്ഷിറെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി
പങ്കാളികൾചന്ദ്രിക ബാലകൃഷ്ണൻ, ബി.എ.
കുട്ടികൾപ്രഫ. സലീം ബാലകൃഷ്ണൻ, അഡ്വ. റോമിയോ ബാലകൃഷ്ണൻ, ബൈജു ബാലകൃഷ്ണൻ

പത്രാധിപരും എഴുത്തുകാരനും ഉജ്ജ്വല പ്രഭാഷകനും പ്രമുഖ രാഷ്ട്രീയനേതാവും ആയിരുന്നു കെ. ബാലകൃഷ്ണൻ എന്ന കേശവൻ ബാലകൃഷ്ണൻ (1924 മാർച്ച്‌ 18 - 1984 ജൂലൈ 16).

കുടുംബം

തിരു-കൊച്ചി സംസ്ഥാനത്തിന്റെ മുൻ മുഖ്യമന്ത്രിയായിരുന്ന ശ്രീ സി. കേശവന്റെയും ശ്രീമതി വാസന്തിയുടെയും മകനാണ് ഇദ്ദേഹം. കേരളകൗമുദിയുടെ സ്ഥാപകനായ സി.വി.കുഞ്ഞുരാമന്റെ ചെറുമകനുമാണ് ബാലകഷ്ണൻ.

പത്രപ്രവർത്തനം

രാഷ്ട്രീയത്തിലെ പോരാട്ടങ്ങൾക്കും നെട്ടോട്ടങ്ങൾക്കുമിടയിൽ ആഴത്തിൽ വായിക്കാനും നിരന്തരം എഴുതാനും കനപ്പെട്ട പ്രസിദ്ധീകരണങ്ങൾ നടത്താനും സമയം കണ്ടെത്തിയ പ്രതിഭാശാലിയായ ബാലകൃഷ്ണന്റെ മൗലികതയും ആർജവവുമുള്ള അഭിപ്രായങ്ങൾ കേൾക്കാൾ കേരളം എന്നും കാതോർത്തിട്ടുണ്ട്. വിവിധ പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹം എഴുതിയ പംക്തികൾ അസാധാരണമായ ആ വ്യക്തിത്വത്തിന്റെ അനാഛാദനങ്ങളായിരുന്നു.

സ്വന്തം പ്രസിദ്ധീകരണമായ കൗമുദി വാരികയിൽ അദ്ദേഹം മുഖപേജിൽ പേരുവെച്ചെഴുതിയ കൗമുദികുറിപ്പുകൾ ഒരേ സമയം മുഖപ്രസംഗവും ഒപ്പം തന്റെ സ്വകാര്യപംക്തിയുമായി. വായനക്കാർ ഇതിനെ മുഖപ്രസംഗമായാണ് കണ്ടത്. കേരള രാഷ്ട്രീയത്തിന്റെയും സംസ്‌കാരത്തിന്റെയും രണ്ട് പതിറ്റാണ്ട് കാലത്തെ ചരിത്രം ആയിരുന്നു ആ കുറിപ്പുകൾ. പാർട്ടി നേതാവായിരിക്കെയാണ് Italic textകൗമുദി നടത്തിയിരുതെങ്കിലും കുറിപ്പുകൾ ഒരിക്കലും പാർട്ടി പ്രചാരണത്തിന് ഉപയോഗപ്പെടുത്തിയില്ല. പാർട്ടിക്കും രാഷ്ട്രീയത്തിനും അപ്പുറമുള്ള ലോകത്തെക്കൂടി ഉൾക്കൊള്ളുന്ന ഉയർ ധാർമിക നിലപാടുകളായിരുന്നു അദ്ദേഹം ഉയർത്തിപ്പിടിച്ചിരുന്നത്. ഇരുപത്തിയാറ് വയസ്സുള്ളപ്പോഴാണ്, പരിപക്വതയുള്ള ഒരു ചിന്തകന്റെ മനസ്സ് ആർജിച്ച് പത്രാധിപത്യം വഹിച്ചുതുടങ്ങിയത്.

കൗമുദിക്കുറിപ്പുകളോളം ജനപ്രീതി നേടിയിരുന്ന അദ്ദേഹം വായനക്കാരുടെ ചോദ്യങ്ങൾക്കു മറുപടി എഴുതിപ്പോന്ന ചോദ്യോത്തരപംക്തി ആ വ്യക്തിത്വത്തിന്റെ സർവ സവിശേഷതകളും അത് പുറത്തുകൊണ്ടുവന്നു. കൗമുദി നിലച്ചതിനു ശേഷം പല പ്രസിദ്ധീകരണങ്ങളിലും അതു തുടർന്നു. അറുപതുകളുടെ മധ്യത്തോടെ കേരള കൗമുദി വീക്ക്എൻഡ് മാഗസീനിൽ ഞായറാഴ്ച തോറും എഴുതിയ ചൂടും വെളിച്ചവും എന്ന പംക്തി ഏറെ പ്രതികരണങ്ങളും രാഷ്ട്രീയമായ ചലനങ്ങളും ഉണ്ടാക്കി. 1969 മെയ് മാസത്തിൽ കൊല്ലത്ത് നിന്ന് എസ്.കെ.നായർ ആരംഭിച്ച ''മലയാളനാട് വാരികയിൽ ആദ്യലക്കം മുതൽ കെ.ബാലകൃഷ്ണൻ അപ്‌സരസ്സുകളും ഭദ്രകാളികളും എന്നൊരു പംക്തി എഴുതി.താൻ പരിചയപ്പെട്ട സ്ത്രീകളെക്കുറിച്ചും അവരുടെ പിടികിട്ടാത്ത മനസ്സിനെക്കുറിച്ചും ഉള്ള ആ പംക്തി ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരു ലക്കത്തിൽ സ്വന്തം ഭാര്യയെക്കുറിച്ച് എഴുതാനും മടിച്ചില്ല.

1957 ൽ ഇ.എം.എസ് മന്ത്രിസഭക്കാലത്ത് സംസ്ഥാന ബജറ്റ് നിയമസഭയിൽ അവതരിക്കും മുമ്പ് അപ്പടി ചോർത്തി കൗമുദി ദിനപത്രത്തിൽ പ്രസിദ്ധപ്പെടുത്തിയത്സംഭവം വലിയ വിവാദവും കേസ്സും അറസ്റ്റും ശിക്ഷയുമൊക്കയായി.

രാഷ്ട്രീയജീവിതം[തിരുത്തുക]

ആദ്യം കേരള സോഷ്യലിസ്റ്റ് പാർട്ടിയുടെയും പിന്നീട് ആർ.എ്‌സ്.പി.യുടെയും നേതാവായിരുന്നു ബാലകൃഷ്ണൻ. അദ്ദേഹത്തിന്റെ ആവേശകരമായ പ്രസംഗങ്ങൾ കേൾക്കാൻ വലിയ ജനക്കൂട്ടം എത്തിച്ചേരാറുണ്ട്. റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ സ്ഥാപകനേതാക്കളിലൊരാളാണ് ഇദ്ദേഹം. കേരളാ സോഷ്യലിസ്റു പാർട്ടിയുടെ നേതൃത്വത്തിൽ കൊച്ചി ആസ്ഥാനമാക്കി അഖില തിരുവിതാംകൂർ നാവികത്തൊഴിലാളി സംഘടന രംഗത്തുണ്ടായിരുന്നു. കേരളാ സോഷ്യലിസ്റ് പാർട്ടി (കെ.എസ്.പി)യുടെ നേതാവായിരുന്ന മത്തായി മാഞ്ഞൂരാനായിരുന്നു ഈ സംഘടനയുടെ ആദ്യകാല പ്രസിഡന്റ്. യൂണിയനിൽ അഭിപ്രായ ഭിന്നതയുണ്ടാവുകയും ശ്രീകണ്ഠൻനായർ, ടി.കെ.ദിവാകരൻ, കെ. ബാലകൃഷ്ണൻ, ബേബിജോൺ തുടങ്ങിയവർ മത്തായി മാഞ്ഞൂരാന്റെ നേതൃത്വത്തെ തള്ളിപ്പറഞ്ഞു പുറത്തുപോവുകയാണുണ്ടായത്. ഇവർ കൊല്ലത്ത് അർ.എസ്.പി. രൂപീകരിച്ചു.

1954-ൽ ഇദ്ദേഹം തിരു കൊച്ചി നിയമസഭയിലെ അംഗമായി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. തിരുവനന്തപുരം II ആയിരുന്നു ഇദ്ദേഹത്തിന്റെ നിയോജകമണ്ഡലം. 1971-ൽ ഇദ്ദേഹം അമ്പലപ്പുഴ ലോകസഭാമണ്ഡലത്തിൽ നിന്ന് പാർലമെന്റംഗമായി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. ഇന്ത്യൻ ഗവണ്മെന്റിൽ നിന്ന് ഇദ്ദേഹത്തിന് താമ്രപത്രം ലഭിച്ചിട്ടുണ്ട്.

ഗ്രന്ഥങ്ങൾ[തിരുത്തുക]

  • നിറമില്ലാത്ത മാരിവില്ല്
  • കാലയളവ് ഒരു വർഷം
  • സഹ്യാദ്രി സാനുക്കളിൽ (യാത്രാവിവരണം)
  • നനഞ്ഞുപോയി എങ്കിലും ജ്വാല (ആത്മകഥ)
  • മധുവിധു പ്രേമം
  • മഞ്ഞ ജലം

ജീവചരിത്രം കെടാത്ത ജ്വാല കെ. ബാലകൃഷ്ണൻ- പ്രസന്നരാജൻ ഡി സി ബുക്‌സ്‌

അവലംബം[തിരുത്തുക]

  1. സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട്സ് Archived 2007-06-16 at the Wayback Machine.
Persondata
NAME Balakrishnan, K.
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH August 12, 1924
PLACE OF BIRTH Thoppil veedu, Mayyanad, Kollam District
DATE OF DEATH July 16, 1984
PLACE OF DEATH Trivandrum


"https://ml.wikipedia.org/w/index.php?title=കെ._ബാലകൃഷ്ണൻ&oldid=4072275" എന്ന താളിൽനിന്ന് ശേഖരിച്ചത്