ബ്രഹ്മപുത്ര നദി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2010 ഒക്‌ടോബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
Brahmaputra | |
River | |
Name origin: Sanskrit for Son(Putra) of Brahmā | |
രാജ്യങ്ങൾ | China, India, Bangladesh |
---|---|
സംസ്ഥാനങ്ങൾ | Assam, Arunachal Pradesh |
Autonomous Region | Tibet |
പോഷക നദികൾ | |
- ഇടത് | Dibang River, Lohit River, Dhansiri River |
- വലത് | Kameng River, Manas River, Raidak River, Jaldhaka River, Teesta River |
പട്ടണം | Guwahati |
സ്രോതസ്സ് | Chemayungdung Glacier [1] |
- സ്ഥാനം | Himalayas, Tibet |
- ഉയരം | 5,210 m (17,093 ft) |
- നിർദേശാങ്കം | 30°23′N 82°0′E / 30.383°N 82.000°E |
അഴിമുഖം | Bay of Bengal |
- സ്ഥാനം | Ganges Delta, Bangladesh |
- ഉയരം | 0 ft (0 m) |
- നിർദേശാങ്കം | 25°13′24″N 89°41′41″E / 25.22333°N 89.69472°E |
നീളം | 2,900 km (1,800 mi) [1] |
നദീതടം | 651,334 km2 (251,500 sq mi) |
Discharge | |
- ശരാശരി | 19,300 m3/s (681,600 cu ft/s) |
- max | 100,000 m3/s (3,531,500 cu ft/s) |
Map of the combined drainage basins of the Brahmaputra (violet), Ganges (orange), and Meghna (green).
|
ചൈന, ഇന്ത്യ, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളിലൂടെ ഒഴുകുന്ന ഒരു വലിയ നദിയാണ് ബ്രഹ്മപുത്ര. ചൈനയിൽ യാലുസാങ്പോ(സാങ്പോ) എന്നും ഇന്ത്യയിൽ സിയാങ്, ദിഹാങ്, ബ്രഹ്മപുത്ര എന്നും ബംഗ്ലാദേശിൽ ജമുന എന്നും ഈ നദി അറിയപ്പെടുന്നു. ലോകത്തിലെ നീളം കൂടിയ നദികളിൽ ഒന്നാണ് ഇത്. ചൈനയിലെ തിബത്തിലാണ് ഉത്ഭവം. ബംഗ്ലാദേശിൽ വച്ച് ഗംഗാ നദിയുമായി ചേർന്ന് ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു.
ഉത്ഭവപ്രദേശം
[തിരുത്തുക]ഹിമാലയത്തിന്റെ ഉത്ഭവത്തിനു മുൻപുതന്നെ ഒഴുകിക്കൊണ്ടിരുന്ന നദിയാണിത്. തെക്കുപടിഞ്ഞാറൻ തിബത്തിൽ മാനസസരോവർ തടാകത്തിനു സമീപം കൈലാസപർവ്വതത്തിൽ ചെമയുങ് ദുങ് ഹിമാനിയിലാണ് ഉത്ഭവപ്രദേശം. ഹിമാലയത്തിലൂടെയുള്ള ഒഴുക്കിനിടയിൽ ഒട്ടനവധി ചെറു ജലസ്രോതസ്സുകൾ ബ്രഹ്മപുത്രയിൽ ചേരുന്നു.തുടക്കത്തിൽ ഹിമാലയപർവ്വതനിരയിലൂടെ കിഴക്കോട്ടാണ് ഒഴുകുന്നത്.
ഇന്ത്യയിൽ
[തിരുത്തുക]ആയിരത്തഞ്ഞൂറ് കിലോമീറ്ററിൽക്കൂടുതൽ ദൂരം ഇങ്ങനെ ഒഴുകിയ ശേഷം തിബറ്റിലെ നംച പർവതത്തെ ചുറ്റി നേരെ പടിഞ്ഞാറുദിശയിലേക്ക് തിരിഞ്ഞ് ഭാരതത്തിന്റെ വടക്കുകിഴക്കൻ അതിർത്തിസംസ്ഥാനമായ അരുണാചൽ പ്രദേശിൽ ഈ നദി പ്രവേശിയ്ക്കുന്നു.ഇവിടെ ദിഹാങ്ങ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഇവിടെനിന്നും ഒഴുകി ആസ്സാമിലെത്തുമ്പോൾ ബ്രഹ്മപുത്ര എന്ന പേരിൽ ഇതറിയപ്പെടാൻ തുടങ്ങുന്നു. ദിബാങ്ങ്,ലോഹിത് എന്നീ പോഷകനദികൾ ഈ സമയം നദിയോട് ചേരുന്നു. ആസ്സാമിൽ മിക്കയിടത്തും ഈ നദിയ്ക്ക് ഏകദേശം 10കി.മീറ്ററോളം വീതിയുണ്ട്. എന്നാൽ ഗുവാഹട്ടിയിൽ ഇത് വളരെ ഇടുങ്ങി, ഏകദേശം ഒരു കിലോമീറ്ററോളം വീതിയിലാണ് ഒഴുകുന്നത്. നിരവധി പോഷകനദികൾ ബ്രഹ്മപുത്രയ്ക്ക് ഭാരതത്തിലുണ്ട്. സുബൻസിരി,മനാസ്, തിസ്ത, ധൻസിരി എന്നിവ അവയിൽ ചിലതാണ്. മണിപ്പൂരിലെ കുന്നിൻനിരകളിൽ നിന്നുത്ഭവിയ്കുന്ന ബാരക് അഥവാ സർമ നദിയാണ് വേറൊരു പ്രധാനപോഷകനദി. ഇത് ബ്രഹ്മപുത്രയുടെ കീഴ്പ്രവാഹമായ മേഘ്നയിലാണ് ചേരുന്നത്. തുടർന്ന് ബംഗ്ലാദേശിൽ ഈ നദി ജമുന എന്ന പേരിൽ ഒഴുകുന്നു.
ബ്രഹ്മപുത്രയുടെ 2900കി.മീ ദൈർഘ്യമുള്ള യാത്രക്കിടയിൽ 916കി.മീ മാത്രമേ അത് ഭാരതത്തിലൂടെ ഒഴുകുന്നുള്ളൂ.
അസമിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭൂഭാഗം ബ്രഹ്മപുത്രാതടമാണ്. അസമിന്റെ ധാന്യഅറയാണ് ബ്രഹ്മപുത്രാതടം എന്നു പറയാം. അസമിന്റെ ആകെ കൃഷിയുടെ 80 ശതമാനം ബ്രഹ്മപുത്രാതടത്തിലാണ്. മൺസൂൺ മാസങ്ങളിലും വേനൽക്കാലത്തും ബ്രഹ്മപുത്രനിറഞ്ഞൊഴുകാറുണ്ട്. വേനൽക്കാലത്ത് ഹിമാലയത്തിലെ മഞ്ഞുരുകിയാണ് ജലനിരപ്പുയരുന്നത്. അസം താഴ്‌വരയിൽ വമ്പിച്ച നാശനഷ്ടങ്ങളും ജീവഹാനിയും ഇക്കാലത്ത് ബ്രഹ്മപുത്ര വിതക്കുന്നു. അതേസമയം പ്രദേശത്ത് ഫലപൂയിഷ്ടമായ എക്കൽമണ്ണ് നിക്ഷേപിക്കുന്നതും ബ്രഹ്മപുത്രയാണ്. വടക്കേ ഇന്ത്യയെ കിഴക്കേ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ജലപാതയും ബ്രഹ്മപുത്രയാണ്. നദി ഗതാഗതയോഗ്യമാണ്. ഈ നദിയിലൂടേയുള്ള ആദ്യഗതാഗതസംവിധാനം തുറന്നുകൊടുത്തത് 1962ൽ ആണ്. വെള്ളപ്പൊക്കം നിയന്ത്രിക്കാനും നദി കൂടുതൽ ഉപയോഗ്യമാക്കാനുമായി 1980 മുതൽ ഭാരതസർക്കാറിന്റെ ബ്രഹ്മപുത്ര ബോർഡ് എന്ന സ്ഥാപനം നിലവിലുണ്ട്. കാശിരംഗ ദേശീയോദ്യാനം ആസാമിൽ ബ്രഹ്മപുത്രയുടെ ഇടതുകരയിലാണ്.
തിബറ്റിൽ
[തിരുത്തുക]ഹെഡിൻ സ്വെൻ ആൻഡേർസ് ആണ് ബ്രഹ്മപുത്രയുടെ ഉത്ഭവം കണ്ടെത്തിയത്. കിന്റപ്പ് എന്ന ഇൻഡ്യൻ പര്യവേഷകൻ തിബറ്റിലെ സാങ്ങ്പോയും ബ്രഹ്മപുത്രയും ഒന്നുതന്നെ എന്ന കാര്യം സ്ഥിരീകരിച്ചു. ഉത്ഭവത്തിനു ശേഷം 1700ഓളം കിലോമീറ്റർ കിഴക്കുദിശയിലേയ്ക്ക് ഒഴുകിയെത്തുമ്പോഴേക്ക് ഏതാണ്ട് 4കി.മീറ്ററോളം താഴ്ചയിലേക്ക് നദി ഇറങ്ങുന്നു. ഇവിടെവച്ച് നംച ബർവ പർവതത്തിനെ ചുറ്റിവളഞ്ഞെത്തുന്നതോടെ ഏറ്റവും ആഴമേറിയ സാങ്ങ്‌പോ ഗിരികന്ദരം സൃഷ്ടിയ്ക്കുന്നു. കിഴക്കുതെക്കുദിശയിലായി ഏകദേശം 60മൈലോളം ഹിമാലയത്തെ ഉൾക്കൊള്ളുന്നു.
ബംഗ്ലാദേശിൽ
[തിരുത്തുക]ധുബുരി എന സ്ഥലത്ത് വെച്ച് ഗാരോ മലകളെ ചുറ്റി തെക്കോട്ടൊഴുകിയാണ് ബ്രഹ്മപുത്ര ബംഗ്ലാദേശിൽ പ്രവേശിയ്കുന്നത്. ഇവിടവെച്ച് നദി ജമുന, മേഘ്ന എന്നീ രണ്ട് ശാഖകളായി പിരിയുന്നു. ഈ പ്രദേശത്തെ സമതലങ്ങളിലൂടെ ഏകദേശം 279കി.മീ സഞ്ചരിച്ച് പത്മ എന്ന നദിയുമായി സന്ധിച്ച്, ബൃഹത്തായ ഒരു ഡെൽറ്റ രൂപപ്പെടുന്നു. തുടർന്ന് തെക്കോട്ട് 246കി.മീ ഒഴുകി ബംഗാൾ ഉൾക്കടലിൽ പതിയ്ക്കുന്നു
സാമ്പത്തികപ്രാധാന്യം
[തിരുത്തുക]ഇന്ത്യയും ചൈനയുമെല്ലാം ബ്രഹ്മപുത്രയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. 12000 മെഗാവാട്ടാണ് ബ്രഹ്മപുത്രയുടെ വൈദ്യുതോത്പാദനശേഷിയായി കണക്കാക്കിയിരിക്കുന്നത്. എന്നാൽ 160 മെഗാവാട്ടോളം വൈദ്യുതി മാത്രമാണ് ഇപ്പോൾ ആകെ ഉത്പാദിപ്പിക്കുന്നത്. കടുത്ത മലയിടുക്കുകളിലൂടെ കടന്നുവരുന്നതിനാൽ അണക്കെട്ടുകൾ നിർമ്മിക്കുമ്പോൾ മലകളിടിയാൻ സാധ്യതയുണ്ട് എന്നതിനാലാണ് വൈദ്യുതപദ്ധതികൾ കുറയുവാനുള്ള പ്രധാന കാരണം. ഇന്ത്യയിലും ബംഗ്ലാദേശിലും കാർഷികജലസേചനത്തിനായി ബ്രഹ്മപുത്രയെ വലിയതോതിൽ ആശ്രയിക്കുന്നുണ്ട്. ബ്രഹ്മപുത്ര കരകവിഞ്ഞൊഴുകുമ്പോഴുള്ള നാശവും ചെറുതല്ല.
പോഷകനദികൾ
[തിരുത്തുക]ഭരേലി, ബേർ, സുബൻസിരി, കമെങ്, മനാസ്, ചാമ്പമതി, സരൾ, ഭാംഗ, സങ്കോഷ്നോവ, ദിഹിങ്, ബുരുദിഹിങ്, ഝാൻസി, ദിസാങ്, ദിഖൊങിരി, ധൻസിരി മുതലായവയാണ് ബ്രഹ്മപുത്രയുടെ പ്രധാന പോഷകനദികൾ. തിബത്തിൽ ആരംഭിച്ച് ഇന്ത്യയിൽ വച്ച് ബ്രഹ്മപുത്രയിൽ ചേരുന്ന നദിയാണ് സുബൻസിരി. ഭൂട്ടാനിലാണ് കമങിന്റെ ഉത്ഭവം. ധൻസിരി എന്ന നദി അരുണാചൽ പ്രദേശിലാണ് ഉത്ഭവിക്കുന്നത്. ധൻസിരിയുമായുള്ള സംഗമത്തിനുശേഷം ബ്രഹ്മപുത്ര രണ്ടായി പിരിഞ്ഞ് ഒരുഭാഗം കളങ് എന്ന പേരിൽ ഒഴുകി ഗുവാഹത്തിക്കടുത്തുവെച്ച് ബ്രഹ്മപുത്രയിൽ തിരിച്ചു ചേരുന്നു. ടോൻസ, ജൽധാക്ക, തീസ്ത മുതലായ നദികൾ ബംഗ്ലാദേശിൽ വച്ചും ബ്രഹ്മപുത്രയിൽ ചേരുന്നു.
അവസാനം
[തിരുത്തുക]ബ്രഹ്മപുത്ര ഗംഗയുമായി ചേർന്ന് ബംഗ്ലാദേശിൽ വച്ച് സുന്ദർബൻസ് പ്രദേശത്തുകൂടി ബംഗാൾ ഉൾക്കടലിൽ പതിക്കുകയാണ് ചെയ്യുന്നത്. ബംഗാൾ ഉൾക്കടലിൽ പതിയ്ക്കുന്നതിനു മുൻപ് അനേകം കൈവഴികളായി പിരിയുന്നു. ധലേശ്വരി, ഗുംതി, ഫെനി തുടങ്ങിയവയാണ് പ്രധാന കൈവഴികൾ. തെതുലിയ, ഷബാസ്‌പൂർ, ഹാതിയ, ബാംനി എന്നിവയാണ് പ്രധാന പതനമുഖങ്ങൾ. മലിനീകരണം താരതമ്യേന കുറവുള്ള നദിയാണിത്.
പ്രളയം
[തിരുത്തുക]പ്രളയം ബ്രഹ്മപുത്ര നേരിടുന്ന ഒരു സങ്കീർണ്ണപ്രശ്നമാണ്. ജൂൺ മുതൽ ഒക്‌ടോബർ വരെയുള്ള മൺസൂൺ കാലത്താണ് ഇതിനേറെ സാദ്ധ്യത. അനിയന്ത്രിതമായ വനനശീകരണം തീരങ്ങളിലെ മണ്ണിടിച്ചിലിനും അതുവഴി പ്രളയത്തിനും കാരണമാകുന്നു. തന്മൂലം, ബ്രഹ്മപുത്രയെ 'അസമിന്റെ ദുഃഖം' എന്ന് വിളിച്ചുപോരുന്നു.ഈ സമയത്ത് ഉണ്ടാകുന എക്കൽനിക്ഷേപമാണ് തുടരെയുള്ള ഗതിമാറ്റത്തിനു നിദാനം.
പ്രളയത്തെ നിയന്ത്രണവിധേയമാക്കുന്നതിനും ചിറ കെട്ടി തടയുന്നതിനുമായിട്ടുള്ള പദ്ധതികൾ ആവിഷ്കരിയ്ക്കപ്പെട്ടത് 1954മുതലാണ്. തിസ്ത ബാരാഷ് പ്രോജൿറ്റ് ജലസേചനത്തേയും വെള്ളപ്പൊക്കനിയന്ത്രണത്തേയും മുൻനിർത്തിയുള്ളതാണ്.
ഗതാഗതം
[തിരുത്തുക]ഉൾനാടൻ ഗതാഗതത്തിന്ന് ഈ നദി വളരെയേറെ സാദ്ധ്യതകൾ തുറന്നിടുന്നുണ്ട്. തിബത്ത് പീഠഭൂമിയിൽ ഇത് 640കി.മീ ദൂരത്ത് ജലഗതാഗതം സാദ്ധ്യമാക്കുന്നുണ്ട്. വലിയ ഗിരികന്ദരങ്ങളിലൂടെ വളഞ്ഞൊഴുകുന്ന ഈ നദി തിബത്തിൽ നിന്ന് ഭാരതത്തിലേയ്ക്ക് നേരിട്ട് ഗതാഗതസംവിധാനം ഒരുക്കുന്നില്ല. വിനോദസഞ്ചാരത്തിനു കൂടുതൽ പ്രാധാന്യം നൽകി ആസ്സാം- ബംഗാൾ സംസ്ഥാനങ്ങൾ ഈ നദിയിൽ കപ്പൽയാത്രകൾ അനുവദിയ്ക്കുന്നു. തിബറ്റിൽ ബ്രഹ്മപുത്ര 400കി.മീറ്ററോളം കപ്പൽയാത്രയ്ക്ക് ഉതകുന്നതാണ്.
കാലാവസ്ഥ
[തിരുത്തുക]വരണ്ടതും തണുപ്പേറിയതുമായ കാലാവസ്ഥയാണ് ബ്രഹ്മപുത്രയുടെ തടങ്ങളിൽ അനുഭവപ്പെടുന്നത്. ശൈത്യകാലത്ത് ഊഷ്മാവ് 0° സെൽഷ്യസിനേക്കാൾ താഴെയാകുന്നു. നിരന്തരമായ ഗതിമാറ്റത്തിനു പേരുകേട്ടതാണ് ബ്രഹ്മപുത്ര. ഏറ്റവും കൂടുതൽ ജലം വഹിയ്ക്കുന്ന ഈ നദിയുടെ തീരങ്ങളിൽ അധികവും ചെങ്കുത്താണ്. ആസ്സാമിൽ പൈൻമരങ്ങൾ ഇടതൂർന്ന് വളരുന്ന പ്രദേശങ്ങൾ ഈ നദീതീരത്താണ്. കൂടാതെ മുളംകാടുകളും കാണപ്പെടുന്നു.ലോകത്തിലെ ഏറ്റവുമധികം മഴ ലഭിയ്ക്കുന്ന സ്ഥലങ്ങളിൽ കൂടി കടന്നുപോകുന്ന ഈ നദിയിൽ വർഷക്കാലത്ത് കണക്കറ്റജലം ഒഴുകിയെത്തുന്നു. വേനൽക്കാലത്ത് ഹിമാലയത്തിലെ മഞ്ഞുരുകിയും ജലം ലഭിയ്ക്കുന്നു. മഴക്കാലത്ത് ശരാശരി 14,200ക്യുബിക് മീ/സെ ആണ് ജലപ്രവാഹം.
ബ്രഹ്മപുത്ര നദിയുടെ തീരങ്ങളിൽ വസിയ്ക്കുന്നവർ വൈവിദ്ധ്യമേറിയ സാംസ്കാരികപൈതൃകം ഉള്ളവരാണ്. തിബറ്റിൽ വസിയ്ക്കുന്നവർ പ്രധാനമായും ബുദ്ധമതവിശ്വാസികളാണ്. മൃഗസംരക്ഷണമാണ് പ്രധാന തൊഴിൽ. ആസ്സാമിലെ ജനങ്ങൾ മംഗോളിയൻ, തിബറ്റൻ, ബർമീസ്, ആര്യൻ എന്നീ ജനവിഭാഗങ്ങൾ തമ്മിൽ ലയിച്ചുണ്ടായവരാണ്.
അവലംബം
[തിരുത്തുക]Encarta Reference Library
ഭാരതത്തിലെ പ്രമുഖ നദികൾ | |
---|---|
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർമതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ |
- ↑ 1.0 1.1 Brahmaputra River, Encyclopædia Britannica