Jump to content

പൂവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പുഷ്പം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പന്ത്രണ്ട് ഉപവർഗ്ഗങ്ങളിലെ പൂക്കൾ


പുഷ്പിക്കുന്ന ചെടികളുടേയും മരങ്ങളുടേയും പ്രത്യുല്പാദന അവയവം/ഭാഗം ആണ്‌ പൂവ് അഥവാ പുഷ്പം. മാഗ്നോലിയോഫൈറ്റം(ആൻജിയൊസ്പെർമ്) എന്ന തരത്തിൽ പെടുന്നവയാണ് പൂക്കൾ ഉണ്ടാകുന്ന മരങ്ങളും ചെടികളും. ബീജങ്ങളേയും (ആൺ) അണ്ഡങ്ങളേയും (പെൺ) വഹിക്കുകയും അവയുടെ സം‌യോജനത്തിനു വഴിയൊരുക്കി വിത്തുകൾ ഉത്പാദിപ്പികയാണ്‌ പൂക്കളുടെ പ്രധാന ധർമ്മം.പൂക്കൾ ഒറ്റയായോ കുലകളായോ കാണപ്പെടുന്നു. പുഷ്പവൃതി(calyx), ദളപുടം(corolla), കേസരപുടം(androecium), ജനി( pistil)എന്നിങ്ങനെ നാലു പ്രധാന ' ശംഖുപുഷ്പം കേസരപുടത്തിലെ കേസരങ്ങൾ പുരുഷലൈംഗികാവയങ്ങളാണ്. പൂവിലെ സ്ത്രീബീജങ്ങൾ ഉൾക്കൊള്ളുന്ന ജനി സ്ത്രീലൈംഗികാവയവവും.

വൈവിധ്യം

[തിരുത്തുക]

പ്രകൃതിക്ക് വർണപ്പകിട്ട് നല്കുന്ന പുഷ്പങ്ങൾ ആകൃതിയിലും വലിപ്പത്തിലും നിറത്തിലും വളരെയേറെ വൈവിധ്യം പ്രദർശിപ്പിക്കുന്നു. ഇന്തോനേഷ്യൻ വനങ്ങളിൽ കാണപ്പെടുന്ന റഫ്‌ളീഷ്യാ സസ്യത്തിന്റെ പൂവാണ് വലിപ്പത്തിൽ ഒന്നാം സ്ഥാനം അർഹിക്കുന്നത്. ആൺ പെൺ കഷണങ്ങ്ക്കൾ അടങ്ങിയ ഭാഗമാണ് പൂവ്.

പൂവിന്റെ പ്രധാന ഭാഗങ്ങൾ

[തിരുത്തുക]
പൂർണ്ണമായും വളർച്ചയെത്തിയ ഒരു പൂവിന്റെ പ്രധാന ഭാഗങ്ങൾ


പുഷ്പിക്കുന്ന സസ്യങ്ങളിൽ (angiosperms) ലൈംഗികപ്രത്യുല്പാദനം നടത്തുന്നതിൽ അസന്നിഗ്ദമായ പങ്കു വഹിക്കുന്ന സസ്യാവയവം പൂവാണു്. ലൈംഗികപ്രത്യുല്പാദനം നടത്തുന്ന എല്ലാ ജീവികളുടേയും വംശജനിതക ഉപപത്തികളിൽ പൂവിൽ നടക്കുന്ന പരാഗണ ബീജസങ്കലനപ്രക്രിയകളുടെ മിക്കവാറും സമാനരൂപങ്ങളാണു് കാണപ്പെടുന്നതു്. അതുകൊണ്ടുതന്നെ ജനിതകശാസ്ത്രത്തിലും ജൈവരൂപപരിണാമസിദ്ധാന്തത്തിലും പൂവിന്റെ പ്രത്യുല്പാദനധർമ്മം പ്രത്യേകം പഠനാർഹമാണു്.

ഒരു ദ്വിലിംഗപുഷ്പത്തിൽ(Bilingual flower) രണ്ടു വ്യത്യസ്ത ലിംഗങ്ങൾക്കും അനുയോജ്യമായ ലൈംഗികഭാഗങ്ങൾ അടങ്ങിയിട്ടുണ്ടു്.

പുംബീജപ്രധാനമായ ഭാഗമാണു് കേസരങ്ങൾ(stamen) അടങ്ങിയ കേസരപുടം(Androecium). വിവിധ പുഷ്പങ്ങൾക്കു് വ്യത്യസ്ത എണ്ണവും രൂപവുമാകാമെങ്കിലും കേസരപുടത്തിൽ സാധാരണ ഒന്നിലധികം കേസരങ്ങൾ കാണാം. പുഷ്പാസനത്തിൽ നിന്നും എഴുന്നു നിൽക്കുന്ന ഒരു തണ്ടും അതിന്റെ അഗ്രഭാഗത്ത് ഒരു സഞ്ചി പോലെ ഏകദേശം ഭാഗികമായി കവചിതമായ ഒരു പരാഗസംഭരണിയുമാണു് ഓരോ കേസരവും. ഈ പരാഗസംഭരണിയെ പരാഗി(Anther) എന്നു പറയുന്നു. പരാഗികൾ സാധാരണ ഇരട്ടപ്പാളികളായാണു കാണുക. കേസരത്തിന്റെ തണ്ടാണു് തന്തുകം(Filament). പുഷ്പാസനത്തിൽ നിന്നും ഉയർന്നു നിൽക്കുന്നതുകൊണ്ട് സ്വപരാഗണത്തിനുള്ള സാദ്ധ്യത കുറയ്ക്കുക, കാറ്റ്, ഷഡ്പദങ്ങൾ, പക്ഷികൾ തുടങ്ങിയ മറ്റു മാദ്ധ്യമങ്ങൾ മുഖേനയുള്ള പരപരാഗണം നടക്കുവാനുള്ള സാദ്ധ്യത കൂട്ടുക ഇവയാണു് കേസരതന്തുകങ്ങളെ കൊണ്ടുള്ള പ്രത്യേക ഗുണങ്ങൾ.

പരാഗിയുടെ ഉള്ളിലാണു് പുംബീജവാഹികളായ പരാഗരേണുക്കൾ അഥവാ പൂമ്പൊടി അടങ്ങിയിരിക്കുന്നതു്. സൂക്ഷ്മമായ തരികളായി കാണപ്പെടുന്ന പരാഗങ്ങൾ പൂർണ്ണമായും പുംബീജങ്ങൾ മാത്രമല്ല. ബീജസങ്കലനപ്രക്രിയയ്ക്കിടയിൽ ആവശ്യമുള്ള ചില ഘട്ടങ്ങൾക്കു വേണ്ടിയുള്ള പ്രത്യേക പൂരകകോശങ്ങൾ കൂടി പരാഗരേണുക്കളുടെ ഭാഗമാണു്. അണ്ഡകോശങ്ങളിലേക്കു് വിവിധമാർഗ്ഗങ്ങളിലൂടെ (കാറ്റ്,പ്രാണിപക്ഷിമൃഗാദികൾ തുടങ്ങിയ വാഹകരിലൂടെ) എത്തിപ്പെടാൻ തക്ക വിധം പരാഗങ്ങൾ പലപ്പോഴും അതിസൂക്ഷ്മമായ കൊളുത്തുകളോ രോമങ്ങളോ പശിമയുള്ള ദ്രവങ്ങളോ കൊണ്ടു് ആവൃതമായിരിക്കും.

സാധാരണയായി ഒറ്റയൊരെണ്ണമായി പൂവിന്റെ നടുവിൽ ഉയർന്നു കാണുന്ന മറ്റൊരു ഭാഗമാണു് ജനിദണ്ഡും(style) അതിന്റെ അഗ്രഭാഗത്തുള്ള പരാഗണസ്ഥലവും (stigma). ജനിദണ്ഡിന്റെ അധോഭാഗം പുറപ്പെടുന്നതു് അണ്ഡാശയം (Ovary) എന്ന ഉരുണ്ട അറയിൽ നിന്നാണു്. അണ്ഡാശയവും ജനിദണ്ഡും പരാഗണസ്ഥലവും ചേർന്നതാണു് പൂവിലെ സ്ത്രൈണലിംഗാവയവം. ഇവയെ മൊത്തമായി ജനിപുടം (Gynoecium) എന്നു വിളിക്കുന്നു. അണ്ഡാശയത്തിനകത്തു് ധാരാളം അണ്ഡകോശങ്ങൾ(Ovules) സ്ഥിതിചെയ്യുന്നു.

ചില സസ്യവർഗ്ഗങ്ങൾക്കു് ഏകലിംഗപുഷ്പങ്ങൾ (Unisexual flowers) ആണുണ്ടാവുക. മത്തൻ, ജാതി തുടങ്ങിയവ ഇതിനുദാഹരണമാണു്. ഇത്തരം പുഷ്പങ്ങളിൽ ഒന്നുകിൽ കേസരപുടങ്ങൾ മാത്രമോ അല്ലെങ്കിൽ ജനിപുടങ്ങൾ മാത്രമോ ആയിരിക്കും രൂപപ്പെടുക. ഒരേ പുഷ്പത്തിനുള്ളിൽ സ്വപരാഗണം ഇല്ലാതാക്കി ജനിതകശുദ്ധീകരണം മെച്ചപ്പെടുത്തുക എന്നതാണു് ഇതുകൊണ്ടുള്ള നേട്ടം. പ്രതികൂലസാഹചര്യങ്ങളിൽ(എതിർലിംഗത്തിലുള്ള പൂവുകളുടെ അഭാവത്തിൽ)പ്രത്യുല്പാദനനിരക്കു കുറയും എന്നുള്ള ദോഷവും ഇവയ്ക്കുണ്ടു്.

മിക്ക പുഷ്പങ്ങളിലും വിജയകരമായ പരാഗണത്തിനും ബീജസങ്കലനത്തിനും ശേഷം കായ് അല്ലെങ്കിൽ ഫലം രൂപം പ്രാപിക്കും. ബീജസങ്കലനം നടന്ന അണ്ഡകോശങ്ങളിൽ നിന്നും തുടങ്ങുന്ന ജനിപുടത്തിന്റെ വികാസമാണു് ഫലങ്ങളായി രൂപം പ്രാപിക്കുന്നതു്. ഇവ ഓരോ ജാതി സസ്യങ്ങളിലും വ്യത്യസ്ത എണ്ണത്തിലും വിധത്തിലുമാവാം. യഥാർത്ഥത്തിൽ കാർപ്പലുകൾ എന്നറിയപ്പെടുന്ന ഒന്നോ അതിലധികമോ ഭാഗങ്ങൾ കൂടിച്ചേർന്നതാണു് പൂവിന്റെ ജനിപുടങ്ങൾ. ഈ കാർപ്പലുകളാണു് പിന്നീട് ഫലങ്ങളുടെ രൂപത്തിൽ ഒന്നോ (simple fruit) അനേകമോ(aggregate fruit) വിത്തുകൾ ഉൾക്കൊള്ളുന്ന കായ് ആയി മാറുന്നതു്. ചില ഇനങ്ങളിൽ വെവ്വേറെയുള്ള അനേകം പൂക്കൾ ബീജസങ്കലനാനന്തരം രൂപാന്തരം പ്രാപിച്ച് ഒരുമിച്ചുചേർന്നു് ഒരൊറ്റ ഫലമായി കാണപ്പെടും. ഇവയെ സംയുക്തഫലങ്ങൾ (Compund fruits)എന്നു വിളിക്കും. ചക്ക അതിനൊരുദാഹരണമാണു്.

പൂവിന്റെ ദലങ്ങൾ (Petals or corolla) അഥവാ ഇതളുകൾ ജനിപുടത്തേയും കേസരപുടത്തേയും സംരക്ഷിച്ചുകൊണ്ട് പൊതിഞ്ഞുനിൽക്കുന്നു. എന്നാൽ, അതിലുപരി അവ പൂവിനു് വർണ്ണശബളിമ, രൂപവിശേഷം, ഗന്ധവിശേഷം എന്നീ ഗുണങ്ങളെക്കൊണ്ട് ആകർഷണീയത നൽകുന്നു. പരാഗവാഹികളായ ഷഡ്പദങ്ങളേയും മറ്റും പ്രലോഭിപ്പിക്കാൻ ഈ ആകർഷണീയതയും അതിനൊപ്പം പുഷ്പാസനത്തിൽ അടങ്ങിയിട്ടുള്ള പൂന്തേനും അവശ്യമാണു്.

പൂഞെട്ടിൽനിന്നും പൂവിനെ ഭാഗികമായി പൊതിഞ്ഞുനിൽക്കുന്ന പച്ച നിറത്തിലുള്ള വിദളങ്ങൾ (Sepals or Calyx) പൂവിന്റെ മൊത്തത്തിലുള്ള ഘടനാസ്ഥിരതയും ആകൃതിയും നിലനിർത്താൻ സഹായിക്കുന്നു. കാണ്ഡം വഴി കടന്നുവരുന്ന കീടങ്ങളിൽനിന്നും പൂവിനെ സംരക്ഷിക്കുക എന്ന പ്രധാനമായ ഒരു ധർമ്മം കൂടി വിദളങ്ങൾക്കുണ്ടു്. (വിദളങ്ങൾ ഇല്ലാത്ത പൂക്കളിൽ ഇതിനുപകരം വിഷാംശമുള്ള പദാർത്ഥങ്ങൾ പ്രതിരോധകമായി ചിലപ്പോൾ കാണാം.) ഇതിനു പുറമേ, മൊട്ടായിരിക്കുമ്പോൾ ഇളംപൂവിനെ പൊതിഞ്ഞു സംരക്ഷിക്കുന്നതും വിദളങ്ങളാണു്.

വിദളങ്ങളും ദളങ്ങളും മൊത്തം ഒരുമിച്ചു ചേർത്തു് പുഷ്പവൃന്തം(Perianth) എന്നറിയപ്പെടുന്നു. (പുഷ്പവൃന്ദം എന്നാൽ ഒന്നിലധികം പൂക്കൾ ചേർന്ന പൂങ്കുലയാണു് [inflorescence]). ദളങ്ങളും വിദളങ്ങളും യഥാർത്ഥത്തിൽ, പ്രത്യേകരീതിയിൽ രൂപാന്തരം പ്രാപിച്ച ഇലകൾ തന്നെയാണു്. പുൽ‌വർഗ്ഗത്തിൽ പെട്ട ചില ചെടികളെപ്പോലെ, ചിലപ്പോൾ ഇതളുകളും വിദളങ്ങളും തീരെ ചെറുതായി ജനിപുടവും കേസരപുടവും മാത്രം പ്രത്യക്ഷമായ രീതിയിലും പൂക്കൾ പതിവുണ്ടു്.

ചിത്ര സഞ്ചയം

[തിരുത്തുക]

അവലംബം

[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പൂവ്&oldid=4105850" എന്ന താളിൽനിന്ന് ശേഖരിച്ചത്