സസ്യങ്ങളുടെ അനാറ്റമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സസ്യശരീരത്തിലെ ബാഹ്യാന്തരികഘടനകളെക്കുറിച്ചുള്ള പഠനമാണ് സസ്യശരീരഘടനാശാസ്ത്രം അഥവാ സസ്യങ്ങളുടെ അനാറ്റമി (Anatomy of plants). ഈ പഠനം സൂക്ഷ്മഘടനയെക്കുറിച്ചുള്ളതോ പൊതുവായുള്ളതോ ആകാം. ശരീരഘടനാശാസ്ത്രം കോശശാസ്ത്രവുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു.

ചരിത്രം[തിരുത്തുക]

തടിയുടെ ക്രോസ്‌സെക്ഷൻ
1. പിത്ത്,
2. പ്രോട്ടോസൈലം
3. സൈലം
4. ഫ്ലോയം
5. Sclerenchyma
6. കോർട്ടെക്സ്
7. എപ്പിഡെർമിസ്
നടുക്കുകാണുന്ന കറുത്ത അടയാളം (1 mm) പിത്ത്
പ്രമാണം:Stem-cross-section2.jpg
സൈലം

സസ്യഘടനാശാസ്ത്രപഠനം പുരാതനകാലം മുതല്ക്കുതന്നെ ഭാരതത്തിലാരംഭിച്ചിരുന്നതായി തെളിവുകളുണ്ട്. സസ്യശരീരത്തെ ത്വക്ക് (പുറത്തുള്ള ആവരണചർമം), മൻസാ (മൃദുവായ സസ്യശരീരഭാഗങ്ങൾ), അസ്ഥി (കാഠിന്യമുള്ള ശരീരഭാഗങ്ങൾ), സ്നായു (ഫ്ലോയം-Phloem-ത്തിലെ ഫൈബറുകൾ),[1] മജ്ജ (പിത്ത്-pith)[2] എന്നിങ്ങനെ അഞ്ച് ആയി അന്നേ തന്നെ തരംതിരിച്ചിരുന്നു.

പാശ്ചാത്യലോകത്ത് സസ്യശാസ്ത്രപഠനം ആദ്യമാരംഭിച്ചത് അരിസ്റ്റോട്ടിലിന്റെ കാലത്ത് (ബി.സി. 384-322) ആയിരുന്നു. സസ്യശരീരത്തിൽ ഇന്നറിയപ്പെടുന്ന ഖരവ്യൂഹം(xylem),[3] മൃദുവ്യൂഹം(phloyem), പിത്ത് എന്നീ ഭാഗങ്ങളെ ആദ്യമായി രേഖപ്പെടുത്തിയത് അരിസ്റ്റോട്ടലിന്റെ ശിഷ്യനായ തിയോഫ്രാസ്റ്റസ് ആയിരുന്നു. അതിനുശേഷം വളരെക്കാലത്തേക്ക് ഈ ശാസ്ത്രശാഖ അധികം ശ്രദ്ധിക്കപ്പെട്ടില്ല.

സൂക്ഷ്മദർശിനിയുടെ കണ്ടുപിടിത്തത്തോടെ ഈ ശാസ്ത്രശാഖ ഒരു നവജീവൻ കൈക്കൊണ്ടു. 1590-ൽ ജാൻസ് (jans), സഖറിയാസ് ജാൻസെൻ (Zacharias janssen) എന്നീ ഡച്ചുകാർ ആദ്യമായി ഒരു സംയുക്ത സൂക്ഷ്മദർശിനി (Compound Microscope) നിർമിച്ചു. ഒരു സസ്യശരീരഭാഗം ആദ്യമായി സൂക്ഷ്മദർശിനിയിൽക്കൂടി പഠനവിധേയമാക്കിയത് റോബർട്ട് ഹൂക്ക് (Robert Hook ) എന്ന ഇംഗ്ലീഷുകാരനാണ്. അദ്ദേഹത്തിന്റെ തുടർന്നുള്ള നിരീക്ഷണഫലങ്ങൾ 1665-ൽ മൈക്രോഗ്രാഫിയ (Micro -graphia) എന്ന പ്രസിദ്ധീകരണത്തിൽ പ്രത്യക്ഷപ്പെടുകയുണ്ടായി; നെഹീമിയാ ഗ്രൂ (Nehemiah Grew-1641-1712) എന്ന ഇംഗ്ലീഷുകാരനും മാഴ്സെല്ലോ മാൽപിജി (Marcello Malpighi , 1628-94) എന്ന ഇറ്റലിക്കാരനും ഈ ശാസ്ത്രശാഖയിൽ ഗവേഷണം നടത്തിയിരുന്നു. നെഹീമിയായുടെ അനാറ്റമി ഒഫ് പ്ലാന്റ്സ് (Ana-tomy Plants) എന്ന പുസ്തകം സസ്യങ്ങളുടെയും മൃഗങ്ങളുടെയും ശരീരഘടനയെക്കുറിച്ചുള്ള താരതമ്യപഠനം ഉൾക്കൊള്ളുന്നു. പാരൻകൈമ (parenchy-ma),[4] വെസൽ (vessel) എന്നീ പദങ്ങൾ ആദ്യമായി ഉപയോഗിക്കപ്പെട്ടതും ഈ പുസ്തകത്തിലാണ്. 1675-ൽ പ്രസിദ്ധീകരിച്ച മാൽപിജിയുടെ അനാറ്റോമേ പ്ലാന്റം (Anatome Plantum) എന്ന പുസ്തകത്തിലാണ് സർപ്പിളവെസലുകൾ (spiral vesels),[5] സ്റ്റോമ എന്നിവയെപ്പറ്റിയുള്ള ആദ്യവിവരണം അടങ്ങിയിരിക്കുന്നത്.

19-ആം നൂറ്റാണ്ടിൽ കോശങ്ങളുടെയും വെസലുകളുടെയും ഉദ്ഭവത്തെക്കുറിച്ചുള്ള പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചവരായിരുന്നു ഫാങ്കോയ് മിർബനും (Charles Fancois Mirben, 1778-858), കർട് സ്പ്രെൻഗലും (Curt Sprengel, 1766-1833).

റോബർട്ട് ബ്രൌൺ (1773-1858) എന്ന ആംഗലേയശാസ്ത്രകാരനാണ് ആദ്യമായി കോശത്തിലെ ജീവദ്രവ (protoplasm)[6] ത്തിന്റെ ഘടനയും പ്രാധാന്യവും പഠനവിഷയമാക്കിയത്. ഹ്യൂഗോ ഫൊൺ മോൾ (Hugo von Mohi, 1805-72) ജീവികളിൽ ജീവദ്രവത്തിന്റെ പ്രാധാന്യം വ്യക്തമാക്കിയതോടെ കോശത്തെക്കുറിച്ച് അതുവരെ ഉണ്ടായിരുന്ന ധാരണകൾ പാടേ മാറുകയുണ്ടായി.

അനാറ്റമി എന്ന ശാസ്ത്രശാഖയ്ക്കു മഹത്തായ സംഭാവനകൾ നല്കിയ മറ്റൊരാളാണ് കാൾ ഫൊൺ നഗെലി (Carl von Nageali 1817-91). പ്രാഥമിക മെരിസ്റ്റമിക കലകൾ (primary meri-stems),[7] ദ്വിതീയ മെരിസ്റ്റമിക കലകൾ (secondary meristems),[8] സംവഹന വ്യൂഹങ്ങളുടെ വർഗീകരണം എന്നിവയെക്കുറിച്ച് ഇന്നുള്ള അറിവിനാധാരം അദ്ദേഹത്തിന്റെ ഗവേഷണങ്ങളാണ്. അടുത്തകാലത്തായി ഈ ശാസ്ത്രശാഖയിലെ പഠനങ്ങൾ വർധമാനമായിട്ടുണ്ട്. ഹാൻസ്റ്റീൻ (ഹിസ്റ്റോജൻ സിദ്ധാന്തം), സാക്സ് (ടിഷ്യൂകളുടെ തരംതിരിക്കൽ), ഹാബർലാന്റ് (ശരീരഘടനാശാസ്ത്രവും ശരീരക്രിയാവിജ്ഞാനവും തമ്മിലുള്ള പരസ്പരബന്ധം), വാൻടീഗ് ഹാം (സ്റ്റീൽ സിദ്ധാന്തം), ബെയ്ലി, ഫോസ്റ്റർ, ഈസോ, മജൂംദാർ, മെറ്റ്കാഫ്, ചോക് എന്നീ ശാസ്ത്രകാരൻമാരുടെ സംഭാവനകൾ വിലപ്പെട്ടവയാണ്.

സൂക്ഷ്മഘടന[തിരുത്തുക]

ശരീരത്തിന്റെ അടിസ്ഥാനഘടകങ്ങളായ കോശങ്ങൾ ഘടനയിൽ സദൃശമാണെങ്കിലും ആകൃതിയിലും ധർമത്തിലും വൈവിധ്യം പുലർത്തുന്നു. ആൽഗ, ഫംഗസ് തുടങ്ങിയ ലളിതസസ്യങ്ങളിൽ കോശങ്ങളെല്ലാം തന്നെ ഏതാണ്ടൊരുപോലെയിരിക്കും. എന്നാൽ സസ്യത്തിന്റെ സങ്കീർണത വർധിക്കുന്നതോടൊപ്പം കോശങ്ങളുടെ ആകൃതി പ്രകൃതികളിലും ധർമത്തിലും വൈവിധ്യം കൂടുതലാകുന്നു. കോശങ്ങളുടെ സാജാത്യവൈജാത്യങ്ങളെ ആധാരമാക്കി അവയെ പലതാക്കി തിരിച്ചിട്ടുണ്ട്.

പാരൻകൈമ[തിരുത്തുക]

(Parenchyma)

സസ്യത്തിൽ പൊതുവേയും ഇളംഭാഗങ്ങളിൽ പ്രത്യേകിച്ചും സുലഭമായി കാണുന്ന ടിഷ്യു. ഇവ സമവ്യാസീയവും കട്ടികുറഞ്ഞ കോശഭിത്തികളോടുകൂടിയവയുമാണ്. ഇവയിൽ ജീവദ്രവം നിറഞ്ഞിരിക്കും. ധർമം, സ്ഥാനം എന്നിവയെ ആധാരമാക്കി പാരൻകൈമ കോശങ്ങൾക്ക് ഘടനാവ്യത്യാസങ്ങളുണ്ടായിരിക്കും. പരിണാമപരമായും വികാസപരമായും ഇവ മറ്റു കോശങ്ങളെക്കാൾ സരളമാണ്.[9]

കോളൻകൈമ[തിരുത്തുക]

(Collenchyma)

കാണ്ഡം, ഇലഞെട്ട്, ഞരമ്പുകൾ തുടങ്ങിയവയുടെ ബഹിർഭാഗത്ത് പാളികളായോ ചെറു വ്യൂഹങ്ങളായോ കാണപ്പെടുന്നു. ആകൃതിയിൽ സമവ്യാസീയമോ ദീർഘാകാരമോ ഇവയുടെ മധ്യവർത്തിയോ ആകാം. ഈ തരത്തിലുള്ള കോശങ്ങൾ ഒന്നിച്ചു ചേരുന്ന ഭാഗങ്ങളിൽ കോശഭിത്തികൾ കട്ടികൂടിയിരിക്കും.[10]

സ്ക്ലീറൻകൈമ[തിരുത്തുക]

(Scierenchyma)

ഒരു ബലകൃതകല (strengthening tissue). ലിഗ്നിൻ, സൂബറിൻ എന്നീ രാസവസ്തുക്കൾ അടിഞ്ഞുകൂടുന്നതിനാൽ ഇതിന്റെ കോശഭിത്തികളുടെ കട്ടി കൂടിയിരിക്കും. വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ മാത്രമേ ഇതിൽ ജീവദ്രവം കാണൂ; ഫൈബറുകൾ, സ്ക്ലീറിഡുകൾ എന്നിങ്ങനെ രണ്ടുതരം കോശങ്ങൾ ഇതിൽപ്പെടുന്നു.[11]

സംവഹനകലകൾ[തിരുത്തുക]

സൈലം, ഫ്ളോയം എന്നിവ. വേരുകൾ ആഗിരണം ചെയ്യുന്ന ഭക്ഷണപദാർഥങ്ങൾ ഇലകളിലെത്തിച്ചുകൊടുക്കുകയാണ് സൈലത്തിന്റെ ജോലി. പാചകം ചെയ്യപ്പെടുന്ന ഭക്ഷണം ചെടിയുടെ വിവിധ ഭാഗങ്ങളിലേയ്ക്ക് ഫ്ലോയം എത്തിച്ചുകൊടുക്കുന്നു. സൈലവും ഫ്ലോയവും വിവിധതരം കോശങ്ങളാൽ സംവിധാനം ചെയ്യപ്പെട്ട സങ്കീർണകലകളാണ്.

സസ്യത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം തന്നെ മൂന്നുതരം കലാവ്യൂഹങ്ങളെ വ്യക്തമായി വേർതിരിക്കാം.

 1. ഏറ്റവും പുറമേയുള്ള അധിചർമം (epidemis) പരിതഃസ്ഥിതിയുമായുള്ള ബന്ധത്തെ ക്രമീകരിക്കുന്നു. മണ്ണിനടിയിലെ സസ്യഭാഗങ്ങളിൽ അവ പ്രധാനമായും ആഗിരണാവയവങ്ങളായാണ് വർത്തിക്കുക. മണ്ണിനു മുകളിലുള്ള ഭാഗങ്ങളിൽ ഇത് സംരക്ഷണം, ശ്വസനം, പ്രകാശസംശ്ലേഷണം, വാതകവിനിമയം എന്നിവയെ സഹായിക്കുന്നു.
 2. എല്ലാ സസ്യഭാഗങ്ങളിലും വ്യാപിച്ചു കിടക്കുന്ന സംവഹനകല.
 3. അധിചർമത്തിനും സംവഹനകലയ്ക്കുമിടയ്ക്കുള്ള അടിസ്ഥാനകല-കോർടെക്സ് (ആവൃതി)-യും സംവഹനകലയ്ക്കുള്ളിലുള്ള പിത്ത് അഥവാ മജ്ജയും. ഇലകളിലെ അടിസ്ഥാനകല-പാരൻകൈമ-മീസോഫിൽ എന്നറിയപ്പെടുന്നു. ഇതിലെ കോശങ്ങൾ പ്രകാശസംശ്ളേഷണ പ്രക്രിയയ്ക്ക് അനുയോജ്യമായ വിധത്തിലാണ് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്.

മെരിസ്റ്റമിക കല[തിരുത്തുക]

(Meristerms)

കോശവിഭജനം തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന സസ്യശരീരഭാഗങ്ങൾ.[12] സ്ഥാനമനുസരിച്ച് അവയെ അഗ്രമെരിസ്റ്റം (apical meristems),[13] പാർശ്വമെരിസ്റ്റം (lateral Meristem),[14] അന്തർവേശി മെരിസ്റ്റം (Intercalary meristem)[15] എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു. ഉദ്ഭവത്തെ ആധാരമാക്കി പ്രാഥമിക മെരിസ്റ്റം (primary meristem) എന്നും ദ്വിതീയ മെരിസ്റ്റം (secondary meristem) എന്നും രണ്ടു തരത്തിൽ ഇവയെ തിരിച്ചിട്ടുണ്ട്.

സസ്യശരീരത്തിലെ പ്രാഥമിക വിഭാഗങ്ങൾ[തിരുത്തുക]

അഗ്രമെരിസ്റ്റത്തിൽനിന്നുദ്ഭവിക്കുന്ന ഭാഗങ്ങൾ - വേര്, തടി, ഇല, പ്രത്യുത്പാദനാവയവങ്ങൾ തുടങ്ങിയവ - പ്രാഥമിക സസ്യഭാഗങ്ങൾ (primary plant body)[16] എന്നും അവയിലെ കലകൾ പ്രാഥമിക കലകൾ എന്നും അറിയപ്പെടുന്നു. എല്ലാ ദ്വിബീജപത്രികളിലും ചില ഏകബീജപത്രികളിലും പുതുതായുണ്ടാകുന്ന പാർശ്വമെരിസ്റ്റങ്ങളുടെ പ്രവർത്തനഫലമായി പാർശ്വവളർച്ച നടക്കുന്നതായി കാണാം. ഇവയെ ദ്വിതീയ സസ്യഭാഗങ്ങൾ എന്നും ഇവയിലെ കലകളെ ദ്വിതീയകലകൾ എന്നും വിളിക്കുന്നു.

അഗ്രമെരിസ്റ്റത്തിനു പിന്നിലായുള്ള ഭാഗത്താണ് കലാവിഭേദനം തുടങ്ങുന്നത്. കോശങ്ങൾ ദീർഘീകരിക്കുന്നതോടൊപ്പം അവയ്ക്കുള്ളിൽ രിക്തികകൾ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഇവയിൽ ബഹിർഭാഗത്തുള്ളവ കോർടെക്സും മധ്യഭാഗത്തുള്ളവ പിത്തും ആയിത്തീരുന്നു. ഇതിനു ഗ്രൌണ്ട് മെരിസ്റ്റം എന്നാണ് പേര്. കോർടെക്സിനും പിത്തിനുമിടയ്ക്കു കാണുന്ന പ്രോകേമ്പിയത്തിൽ (procambium)[17] നിന്നാണ് സംവഹനകലയുടെ ഉദ്ഭവം. സൈലത്തിനും ഫ്ലോയത്തിനുമിടയിൽ കാണുന്ന പ്രോകേമ്പിയത്തെ ഫാസിക്കുലർ കേമ്പിയം (Fascicular cambium)[18] എന്നു വിളിക്കുന്നു. സംവഹനകലയെ ചുറ്റി പ്രോട്ടോഡേം (protoderm)[19] എന്നറിയപ്പെടുന്ന ഒരു നിര കോശങ്ങൾ ഉള്ളതിൽ നിന്നാണ് എപ്പിഡെർമിസ് ഉദ്ഭവിക്കുന്നത്.

എപ്പിഡെർമിസ്'(അധിചർമം)[തിരുത്തുക]

സസ്യഭാഗങ്ങളെ പൊതിഞ്ഞുകാണുന്ന ഒരു നിര (ഒന്നിലധികവുമാകാം) കോശങ്ങൾ. വായവഭാഗങ്ങളിൽ ഇതു പ്രധാനമായും ആവരണകലയാണ്. വേരിന്റെ എപ്പിഡെർമിസ് തണ്ടിന്റേതിലും ഇലയുടേതിലുംനിന്ന് ഘടനയിൽ വ്യത്യസ്തമാണെങ്കിലും എല്ലായിടത്തും ധർമം ഒന്നുതന്നെ.

കോർടെക്സ് (ആവൃതി)[തിരുത്തുക]

മുഖ്യമായും പാരൻകൈമകോശങ്ങൾകൊണ്ടാണിതിന്റെ നിർമിതി. ഏകബീജപത്രികളിലും ദ്വിബീജപത്രികളിലും സസ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഇതിന്റെ കോശസംവിധാനം വ്യത്യസ്തമായിരിക്കും.

എൻഡോഡെർമിസ്[തിരുത്തുക]

സീലറിയുടെ ക്രോസ്‌സെക്ഷൻ സംവഹന വ്യൂഹം കാണിക്കുന്നു

കോർടെക്സിനുള്ളിലായി കാണുന്ന ഒരു നിര പ്രത്യേകതരം കോശങ്ങൾ.

മീസോഫിൽ[തിരുത്തുക]

പ്രകാശസംശ്ലേഷണത്തിലൂടെ ഭക്ഷണപദാർഥങ്ങൾ തയ്യാറാക്കുന്നതിന് ഉപകരിക്കുന്ന കല. ദീർഘവൃത്താകൃതിയിലുള്ള ഈ പാരൻകൈമ കോശങ്ങളിൽ ഹരിതകണങ്ങൾ സുലഭമായി കാണാം. ഇലകളിലാണ് ഇത് കൂടുതലായി കാണപ്പെടുക.

സംവഹന കല[തിരുത്തുക]

(Vascular tissue)

വേര് വലിച്ചെടുക്കുന്ന അസംസ്കൃത ഭക്ഷണപദാർഥങ്ങൾ ഇലകളിലെത്തിക്കുന്ന സൈലവും, അവിടെനിന്നും പാചകം ചെയ്യപ്പെട്ട ഭക്ഷണസാധനങ്ങൾ ചെടിയുടെ വിവിധ ഭാഗങ്ങളിൽ എത്തിച്ചുകൊടുക്കുന്ന ഫ്ലോയവും ചേർന്നതാണ് സംവഹനകലാവ്യൂഹം; ട്രാക്കിയോഫൈറ്റ എന്ന വിഭാഗത്തിൽപ്പെട്ട സസ്യങ്ങളുടെ പ്രത്യേകതയാണ് ഇതിന്റെ സാന്നിധ്യം.[20]

അവലംബം[തിരുത്തുക]

 1. Phloem
 2. Pith | Define Pith at Dictionary.com
 3. Xylem Solutions - Offshore Outsourcing Experts
 4. Parenchyma
 5. Differentiation of the Spiral Vessels
 6. "Protoplasm". മൂലതാളിൽ നിന്നും 2013-07-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-07-05.
 7. "Primary Meristems". മൂലതാളിൽ നിന്നും 2012-03-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-07-05.
 8. "Secondary Meristem". മൂലതാളിൽ നിന്നും 2010-07-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-07-05.
 9. "Ground Tissue or Parenchyma". മൂലതാളിൽ നിന്നും 2011-07-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-07-05.
 10. "Collenchyma". മൂലതാളിൽ നിന്നും 2012-01-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-07-05.
 11. "Sclerenchyma". മൂലതാളിൽ നിന്നും 2011-10-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-07-05.
 12. Plant Meristems and Growth
 13. "Apical meristem". മൂലതാളിൽ നിന്നും 2011-05-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-07-05.
 14. lateral meristem
 15. "Intercalary meristem". മൂലതാളിൽ നിന്നും 2011-05-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-07-05.
 16. "PRIMARY PLANT BODY" (PDF). മൂലതാളിൽ (PDF) നിന്നും 2010-06-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-07-05.
 17. procambium
 18. fascicular cambium
 19. "Protoderm, promeristem". മൂലതാളിൽ നിന്നും 2011-05-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-07-05.
 20. "Vascular Tissue". മൂലതാളിൽ നിന്നും 2011-08-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-07-05.

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനാറ്റമി,_സസ്യങ്ങളുടെ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=സസ്യങ്ങളുടെ_അനാറ്റമി&oldid=3832002" എന്ന താളിൽനിന്ന് ശേഖരിച്ചത്