Jump to content

പാദുവായിലെ മാർസിലിയസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പതിനാലാം നുറ്റാണ്ടിലെ ഒരു ഇറ്റാലിയൻ പണ്ഡിതനും രാഷ്ട്രമീമാംസകനും ആയിരുന്നു പാദുവായിലെ മാർസിലിയസ്(1275 – 1342). വൈദ്യവിദ്യയിൽ പരിശീലനം നേടിയശേഷം പല തൊഴിലുകളും ചെയ്തു ജീവിച്ച അദ്ദേഹം, ഒടുവിൽ യൂറോപ്യൻ രാജനീതിയേയും രാഷ്ട്രീയചിന്തയേയും നിർണ്ണായകമായി സ്വാധീനിച്ച വ്യക്തികളിൽ ഒരാളായിത്തീർന്നു.

പൗരോഹിത്യത്തിന്റെ അവകാശവാദങ്ങൾക്കെതിരെ രാഷ്ട്രാധികാരത്തെ പിന്തുണയ്ക്കുന്ന "സമാധാനപാലകൻ" (ഡിഫെൻസർ പാസിസ് - Defensor Pacis) എന്ന രചനയുടെ പേരിലാണ് മാർസിലിയസ് പ്രധാനമായും അറിയപ്പെടുന്നത്. 22-ആം യോഹന്നാൻ മാർപ്പാപ്പയും ബവേറിയായിലെ ലൂയിസ് രാജാവും തമ്മിലുള്ള അധികാരത്തർക്കത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഈ കൃതിയെ, മദ്ധ്യയുഗങ്ങളുടെ അവസാനഘട്ടത്തിൽ രാജനീതിയെ സംബന്ധിച്ച് എഴുതപ്പെട്ടവയിൽ ഏറ്റവും വിപ്ലവകരമായ രചനയായി ഗണിക്കുന്നവരുണ്ട്. രാഷ്ട്രാധികാരത്തെ സംബന്ധിച്ച ആധുനികസങ്കല്പങ്ങളുടെ വികാസത്തിൽ ഈ കൃതി നിർണ്ണായകമായി. പ്രൊട്ടസ്റ്റന്റ് നവീകരണത്തിന്റെ പൂർവഗാമി, മാക്കിയവെല്ലിയൻ രാഷ്ട്രസങ്കല്പത്തിന്റേയും ആധുനിക ജനാധിപത്യത്തിന്റെയും പിതൃസ്ഥാനി എന്നൊക്കെ മാർസിലിയസ് വിശേഷിക്കപ്പെടാറുണ്ട്.[1]

ജീവിതം

[തിരുത്തുക]

ഇറ്റലിയിൽ പാദുവയിലെ ഒരു നോട്ടറിയുടെ മകനായിരുന്നു മാർസിലിയസ്. യുവപ്രായത്തിൽ കുറേക്കാലം വിശുദ്ധറോമാസാമ്രാട്ടിന്റെ സൈന്യത്തിൽ സേവനമനുഷ്ഠിച്ച അദ്ദേഹം, തുടർന്ന് എഴുത്തുകാരനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന ആൽബർട്ടോ മുസാറ്റോയുടെ ഉപദേശമനുസരിച്ച് പാദുവാ സർവകലാശാലയിൽ വൈദ്യവിദ്യാർത്ഥിയായി. വൈദ്യപഠനം പൂർത്തിയാക്കാനായി പാരിസിലെത്തിയ മാർസിലിയസ്, 1312 മുതൽ കുറേക്കാലത്തേക്ക് പാരിസ് സർവകലാശാലയിൽ അദ്ധ്യാപകവൃത്തിയിൽ ഏർപ്പെട്ടു. എന്നാൽ താമസിയാതെ യോഹാന്നാൻ 22-ആമൻ മാർപ്പാപ്പാ പാദുവായിലെ സഭാധികാരികളിൽ ഒരാളായി നിയമിച്ചതിനെ തുടർന്ന് സ്വനഗരത്തിൽ മടങ്ങിയെത്തിയ മാർസിലിയസ്, ദൈവശാസ്ത്രം പഠിക്കാൻ തുടങ്ങി.[2]

ഇക്കാലത്ത് യോഹന്നാൻ 23-ആമൻ മാർപ്പാപ്പയുമായുള്ള തന്റെ അധികാരമത്സരത്തിൽ സഖ്യകക്ഷികളെ അന്വേഷിക്കുകയായിരുന്ന ബവേറിയായിലെ ലൂയീസ് ചക്രവർത്തിയെ സഹായിക്കാൻ അദ്ദേഹം തയ്യാറായി. തന്റെ സുഹൃത്ത് ജോണ്ടനിലെ ജോണിന്റെ ചെറിയ സഹായത്തോടെ മാർസിലിയസ് ഇക്കാലത്തു രചിച്ചതാണ്, മദ്ധ്യയുഗത്തിലെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രമീമാസാ നിബന്ധമായ "വിശ്വാസസംരക്ഷകൻ'(ഡിഫെൻസർ പാസിസ്). സഭ ഈ കൃതിയെ നിരോധിക്കും എന്നുറപ്പായിരുന്നതിനാൽ, മാർസിലിയസും സുഹൃത്ത് ജോണ്ടണിലെ ജോണും ഇറ്റലി വിട്ട്, ജർമ്മനിയിൽ, ബവേറിയയിലെ ന്യൂറെംബർഗ്ഗിലെത്തി ലൂയീസ് ചക്രവർത്തിയുടെ സംരക്ഷണം തേടി.

രാഷ്ട്രവും സഭയും തമ്മിൽ നിരന്തരം നടക്കുന്ന കലഹങ്ങൾ യൂറോപ്പിന്റെ സമാധാനത്തെ ഭംഗപ്പെടുത്തുന്നുവെന്നും, സഭയേയും അതിന്റെ വസ്തുവകകളേയും പൗരോഹിത്യത്തേയും, രാഷ്ട്രത്തിലെ മറ്റു ഘടകങ്ങളെപ്പോലെ രാഷ്ട്രീയാധികാരത്തിന്റെ നിയന്ത്രണത്തിൽ കൊണ്ടുവന്നാലേ സമാധാനം പുനഃസ്ഥാപിക്കാനാവൂ എന്നും വിശ്വസസംരക്ഷകനിൽ മാർസിലിയസ് വാദിച്ചു. സഭ സമ്പത്തു കൈവശം വയ്ക്കുന്നതു തെറ്റാണെന്നും വേദപുസ്തകം അതിനെ പിന്തുണക്കുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. സഭ വിശ്വാസികളുടെ കൂട്ടായ്മയാണെന്നും സഭാനേതൃത്വത്തിന്റെ അധികാരം വിശ്വാസികളിൽ നിന്നു ലഭിക്കുന്നതാകയാൽ, നേതൃത്വം വിശ്വാസികളോട് ഉത്തരവാദിത്തപ്പെട്ടിരിക്കുന്നുവെന്നും വാദിച്ച മാർസിലിയസ്, മാർപ്പാപ്പായുടെ അധികാരത്തെ ചോദ്യം ചെയ്തു. റോമിലെ മെത്രാനായ മാർപ്പാപ്പായുടെ പ്രത്യേകാധികാരം ക്രിസ്തുശിഷ്യൻ പത്രോസിൽ നിന്നു സിദ്ധിക്കുന്നതാണെന്ന വാദം ചരിത്രദൃഷ്ട്യാ അബദ്ധമാണെന്നു വാദിച്ച അദ്ദേഹം, ആദിമ നൂറ്റാണ്ടുകളിൽ അവർ അത്തരം അധികാരം അവകാശപ്പെട്ടിരുന്നില്ലെന്നതിനു തെളിവായി, ആദ്യകാല സൂനഹദോസുകളിൽ അദ്ധ്യക്ഷപദവി വഹിച്ചത് മാർപ്പാപ്പ അല്ല, ചക്രവർത്തി ആയിരുന്നെന്നു ചൂണ്ടിക്കാട്ടി.[3]

എല്ലാത്തരം ലൗകികകാര്യങ്ങളിലും, മാർപ്പാപ്പ ഉൾപ്പെടെയുള്ള പൗരോഹിത്യം, രാഷ്ട്രീയാധികാരത്തിനു കീഴ്പ്പെട്ടിരിക്കണം എന്ന നിഗമനത്തിലാണ്, മാർസിലിയസ് ഒടുവിൽ എത്തിചേർന്നത്.

പൗരോഹിത്യത്തിന് സമൂഹത്തിലുള്ള പങ്കിനെക്കുറിച്ച് മാർസിലിയസ് സ്വീകരിച്ച നിലപാട്, പതിനാലാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ തീർത്തും വിപ്ലവകരമായ ഒന്നായിരുന്നു. ഇത് അദ്ദേഹത്തിന് സഭാനേതൃത്വത്തിന്റെ തീവ്രശത്രുത നേടിക്കൊടുത്തു. എങ്കിലും ചക്രവർത്തിയുടെ പിന്തുണ മാർസിലിയസിന് താങ്ങായിരുന്നു. എന്നാൽ താമസിയാതെ ലൂയീസ് മാർപ്പാപ്പയുമായി രഞ്ജിപ്പിലായതോടെ മാർസിലിയസിന്റെ നില പരുങ്ങലിലായി. 1336-ൽ അദ്ദേഹത്തെ വേദവിരുദ്ധനായി മുദ്രകുത്തി പുറംതള്ളാൻ ലൂയീസ് നിർബ്ബന്ധിതനായി. ഇരുപക്ഷത്തും പിന്തുണ ഇല്ലാതായ അദ്ദേഹം 1342-ൽ അന്തരിച്ചു.[3]

അവലംബം

[തിരുത്തുക]
  1. പാദുവായിലെ മാർസിലിയസ്, ബ്രിട്ടാണിക്കാ വിജ്ഞാനകോശത്തിലെ ലേഖനം
  2. പാദുവായിലെ മാർസിലിയസ്, കത്തോലിക്കാ വിജ്ഞാനകോശത്തിലെ ലേഖനം
  3. 3.0 3.1 വിൽ ഡുറാന്റ്, ദ റിഫർമേഷൻ, സംസ്കാരത്തിന്റെ കഥ, ആറാം ഭാഗം (പുറങ്ങൾ 252-54)
"https://ml.wikipedia.org/w/index.php?title=പാദുവായിലെ_മാർസിലിയസ്&oldid=2284118" എന്ന താളിൽനിന്ന് ശേഖരിച്ചത്