Jump to content

ചേറൂർ വിപ്ലവം, 1843

Coordinates: 11°04′16″N 75°59′11″E / 11.071247°N 75.986497°E / 11.071247; 75.986497
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചേറൂർ കലാപം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചേരൂർ പട
മാപ്പിള ലഹളകൾ ഭാഗം
19-ആം നൂറ്റാണ്ടിൽ ബ്രിട്ടീഷ് രാജ് മദ്രാസ് പ്രസിഡൻസി

.
തിയതി1843 ഒക്ടോബർ 24
സ്ഥലംമലബാർ ജില്ല
ഫലംവിപ്ലവം അടിച്ചമർത്തി
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
ബ്രിട്ടീഷ് രാജ് , മദ്രാസ് അഞ്ചാം റെജിമെൻറ്മാപ്പിള വിപ്ലവകാരികൾ
പടനായകരും മറ്റു നേതാക്കളും
ക്യാപ്റ്റൻ : വില്യം ലീഡർമമ്പുറം സയ്യിദ് അലവി, പൂവാടൻ മൊയ്തീൻ, പട്ടർകടവ് ഹുസൈൻ
നാശനഷ്ടങ്ങൾ
കൊല്ലപ്പെട്ടവർ 4- 20 പരിക്കേറ്റവർ13- 50കൊല്ലപ്പെട്ടവർ -7

ഒക്ടോബറിൽ മലപ്പുറം - വേങ്ങരക്കടുത്ത ചേറൂരിൽ ജന്മി- ബ്രിട്ടീഷ് സഖ്യത്തിനെതിരെ നടന്ന ഒരു വിപ്ലവമാണ് ചേറൂർ കലാപം, ചേരൂർ യുദ്ധം, നാട്ടു കൂട്ടം കലാപം,ചേരൂർ പട എന്നീ പേരുകളിൽ അറിയപ്പെടുന്ന ചേറൂർ വിപ്ലവം, [1843]

ആഖ്യാനം

[തിരുത്തുക]

മലബാറിലെ മാപ്പിളപ്രക്ഷോഭങ്ങളെ സംബന്ധിച്ച് ധാരാളം പഠനങ്ങൾ നിലവിലുണ്ട്. ഒരു വൈകാരിക സമൂഹത്തിന്റെ വിവേകശൂന്യമായ പ്രതികരണമായും മതഭ്രാന്തെടുത്തവരുടെ വർഗീയമാനങ്ങളുള്ള കലാപങ്ങളായും ഫ്യൂഡലിസത്തിന്റെ വിധ്വംസകമായ അധികാരപ്രയോഗങ്ങൾക്ക് ഇരകളായ കർഷക ജനതയുടെ കാർഷിക കലാപങ്ങളുമൊക്കെയായി മലബാറിലെ മാപ്പിളപ്രക്ഷോഭങ്ങൾ വിലയിരുത്തപ്പെട്ടിട്ടുണ്ട്. ചേറൂർ പട ഇക്കൂട്ടത്തിൽ സവിശേഷമാണ്.

ചേറൂർ സംഭവങ്ങളുടെ തുടക്കം

[തിരുത്തുക]

തിരൂരങ്ങാടിക്കടുത്ത് വെന്നിയൂരിലെ പുരാതന ജന്മികുടുംബമായിരുന്നു കപ്രാട്ട് പണിക്കരുടേത്. 11ആ‍ാം നൂറ്റാണ്ടിൽ ആറങ്ങോട് സ്വരൂപത്തിനു കീഴിൽ വെള്ളാട്ടര രാജാക്കന്മാരുടെ പടനായകന്മാരായിരുന്ന കപ്രാട്ട് പണിക്കന്മാർ പിൽകാലത്ത് സാമൂതിരിയുടെ പടനായകന്മാരായതായി കരുതപ്പെടുന്നു.[1] മുസ്‌ലിം പണ്ഡിതനും, സിദ്ധനുമായ മമ്പുറം സയ്യിദ് അലവിയുമായി ആരോഗ്യകരമായ സൗഹൃദബന്ധം പുലർത്തിയിരുന്ന അധികാരി കൃഷ്ണപ്പണിക്കരായിരുന്നു 1843 കാലത്ത് കപ്രാട്ട് തറവാട്ടിലെ കാരണവർ. സാമൂഹികമായ ഉച്ചനീചത്വങ്ങളും പരമ്പരാഗത മാമൂലുകളും കണിശതയോടെ പാലിച്ചുവന്നിരുന്ന പണിക്കർക്ക് വളരേയേറേ അടിയാളരും ചെറമക്കളുമുണ്ടായിരുന്നു.

അക്കാലത്ത് കപ്രാട്ട് തറവാട്ടിൽ അടിച്ചുതളിക്കാരിയായി ജോലിചെയ്തിരുന്ന ‘ചക്കി’ (ചിരുത എന്നും പറയപ്പെടുന്നു)എന്ന എന്ന അടിയാള യുവതിയാണ് ചേരൂർ വിപ്ലവത്തിന് നിദാനമായി മാറിയത്. ചെറുപ്പത്തിലേ അച്ചനമ്മമാർ മരണപ്പെട്ടു നിരാലംബയായിരുന്ന ഈ സ്ത്രീക്ക് ഒരു തരം ചൊറി പിടിപെടുകയും വൈദ്യന്മാരുടെ നിർദ്ദേശ പ്രകാരം നിരവധി നാട്ടു ചികിത്സകൾ ചെയ്തിട്ടും രോഗശമനം ഉണ്ടാകാതായപ്പോൾ അക്കാലത്ത് ദിവ്യപരിവേശത്തോടെ ജനങ്ങൾ ആദരിച്ചിരുന്ന മമ്പുറം സയ്യിദ് അലവിയെ ചികിത്സാർത്ഥം സമീപിക്കാൻ അവർ തീരുമാനിച്ചു. അലവിയുടെ അരികിൽ രോഗ വിവരം പറയാൻ പോയ ചക്കിയ്ക്കു യാതൊരു വിവേചനവും അനുഭവിക്കാതെ തന്നെ സയ്യിദ് അലവിയെ സമീപിച്ചു പ്രശ്നം അവതരിപ്പിക്കാൻ അവസരം ലഭിച്ചു. അലവി ചക്കിക്ക് വേണ്ടി പ്രാർത്ഥിക്കുകയും പൊന്നാൻ എന്ന പേരിലറിയപ്പെടുന്ന ഒരു തരം തകരയുടെ കുരു ചേർത്ത് വെളിച്ചെണ്ണ കാച്ചിയെടുത്ത് തേക്കുന്നതിനും നിർദ്ദേശിക്കുകയുമുണ്ടായി. രണ്ടാഴ്ചക്കകം തന്നെ ചക്കിയുടെ മാറാദീനം മാറി.[2]

അയിത്തവും, തീണ്ടലുമായി ഉച്ചനീചത്വങ്ങൾ അനുഭവിക്കേണ്ടി വന്നിരുന്ന കീഴ്ജാതിക്കാരിയായ ചക്കിക്ക് സഹജീവിയെന്ന തുല്യ പരിഗണന നലികിയുള്ള ‘സയ്യിദ് അലവിയുടെ’ പെരുമാറ്റം ആദ്യമേ തന്നെ ഹൃദ്യമായി തോന്നിയിരുന്നു. തന്നെ ഏറെക്കാലമായി അലട്ടിയിരുന്ന രോഗത്തിന് കൂടി ശമനം വന്നതോടെ ‘ചക്കി’ ഈ വിവരങ്ങൾ തൻറെ കൂട്ടത്തിലുള്ളവരുമായി പങ്കു വെക്കുകയും കൂട്ടത്തിലുള്ള രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരുമുൾപ്പെടെ ആറ് അടിയാളന്മാർ അലവിയുടെ ആശിർ വാദത്തോടെ ഇസ്ലാമിലേക്ക് മാർഗ്ഗം കൂടുകയും ചെയ്തു.[3] ചക്കി ആയിഷ എന്ന പേര് സ്വീകരിച്ചപ്പോൾ മറ്റുള്ളവർ യഥാക്രമം ഖദീജ, ഹലീമ, അഹ്മദ്, ഹുസ്സൈൻ, സാലിം എന്നീ പേരുകൾ ചാർത്തി. അന്ന് കീഴാള ജാതികൾക്കു ചക്കി,മാക്രി, ചാത്തൻ പോലുള്ള പേരുകളെ സ്വീകരിക്കാൻ അനുവാദമുണ്ടായിരുന്നുള്ളു[4] എന്നാൽ മതം മാറിയപ്പോൾ ഇസ്ലാമിലെ ആദരിക്കപ്പെടുന്ന നബിയുടെയും ഭാര്യമാരുടെയും പേരമക്കളുടേയുമൊക്കെ പേരുകളാണ് തങ്ങൾക്ക് നൽകിയത് എന്ന് മനസ്സിലാക്കിയ ആ അടിയാളന്മാർക്കു പുതിയ മാർഗ്ഗത്തോട് അഭിനിവേശം കൂടി.ഇസ്ലാം സ്വീകരിച്ചതോടെ അവർ ശരീര ഭാഗങ്ങൾ മറച്ചു വസ്ത്രം ധരിക്കാനും, ഇസ്ലാമിന്റെ പ്രാഥമികമായ ആചാരമുറകളും, ഖുർആൻ പാരായണവും പരിശീലിക്കുവാനും തുടങ്ങി.

ആയിശയായതിനു ശേഷവും ചക്കി കപ്രാട്ട് തറവാട്ടിലെത്തി തന്റെ അടിച്ചുതളി ജോലി തുടർന്നു.മാർഗ്ഗം കൂടലിലൂടെ അക്കാലത്തെ ജാതീയമായ ആചാരങ്ങളിൽ നിന്നും മുക്തമാകാൻ സാധിച്ചിരുന്നു. അയിത്തം, തീണ്ടൽ പോലുള്ള നിയമങ്ങൾ ഇസ്ലാം മത പ്രവേശത്തോടെ തിരോഭവിക്കുമായിരുന്നു.[5] ആയതിനാൽ അധഃകൃതാവസ്ഥ മാറിയ ചക്കി മാറ് മറച്ചായിരുന്നു ജോലിക്ക് എത്തിയിരുന്നത്. എന്നാൽ, കപ്രാട്ട് തറവാട്ടിൽ അവർ ജോലി ചെയ്യവേ ‘പഴയ ചക്കി’ക്കു പ്രവേശിക്കാൻ അനുമതിയുള്ള പരിധിയും വിട്ടുള്ള ആയിശയുടെ സാന്നിധ്യം പണിക്കരുടെ ശ്രദ്ധയിൽപ്പെട്ടു.[6] തീണ്ടാപ്പാട് പാലിക്കാനും, മേൽക്കുപ്പായം ഊരാനുമുള്ള പണിക്കരുടെ ശാസന ആയിഷ ചെവി കൊണ്ടില്ല,[7] കീഴാളയായ അടിയാത്തി കാട്ടിയ കൂസലില്ലായ്മ കൃഷ്ണപ്പണിക്കരുടെ സവർണ ആഡ്യബോധത്തെ പ്രകോപിച്ചു. അയിത്തപ്പെടുത്തിയതിന് ശിക്ഷയേൽക്കാൻ ആയിശയെ അയാൾ നിർബന്ധിച്ചു. എന്നാൽ ആചാരമനുസരിച്ചു വാ പൊത്തി ഓച്ഛാനിച്ചു ‘എംബ്രാ’ എന്ന് വിളിച്ചു മാറി നിന്ന് ശിക്ഷ സ്വീകരിക്കുന്നതിന് പകരം തന്റെ പുതുവിശ്വാസത്തേയും വേഷവിധാനങ്ങളേയുമെല്ലാം സാക്ഷിനിർത്തി ‘നിങ്ങൾ’ കരുതും പോലെ താൻ പഴയ ചക്കിയല്ലെന്നാണ് അവർ പ്രത്ത്യത്തരം ചെയ്തത്. കീഴാള ജാതിക്കാരിയുടെ ഈ സ്വാതന്ത്ര്യബോധത്തെ സഹിക്കാനും യാഥാർഥ്യം ഉൾകൊള്ളാനും കൃഷണപ്പണിക്കരുടെ ജന്മിത്തം സന്നദ്ധമായില്ല.അയാൾ കൂടുതൽ പ്രകോപിതനാവുകയും,‘നീ ചക്കിയാണെടീ’ എന്നാക്രോശിച്ച്കൊണ്ട് ആയിശയുടെ മേൽ കുപ്പായവും ,മുണ്ടും വലിച്ചു ചീന്തിയെറിഞ്ഞു.തറയിൽ ചവിട്ടി വീഴ്ത്തി മുലയിൽ കത്തി കൊണ്ട് മുറിവേൽപ്പിച്ചു. [8] (അക്കാലത്ത് അധഃസ്ഥിതവിഭാഗങ്ങൾക്ക് മാറുമറക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. മേൽക്കുപ്പായമിട്ടാൽ മുല അരിഞ്ഞെടുക്കുന്ന രീതിയിൽ ശിക്ഷാ വിധികൾ നടാപ്പാക്കുമായിരുന്നു) [9]

താൻ ഇസ്ളാമായി ആയിഷയായെന്ന ചക്കിയുടെ രോദനം ചെവി കൊള്ളാൻ കാപ്രാട്ട് തമ്പ്രാൻ തയ്യാറായില്ല.

പരിണതികൾ

[തിരുത്തുക]

കൃഷ്ണപ്പണിക്കരുടെ അസഹിഷ്ണുതക്കിരയായ ആയിശ ചോരയൊലിക്കുന്ന മാറും, നഗ്നമാക്കപ്പെട്ട ശരീരവുമായി സഹായം തേടി മമ്പുറത്തേക്കോടി. കരഞ്ഞു കൊണ്ട് അവർ സയ്യിദ് അലവിയെ സമീപിച്ച് സംഭവങ്ങൾ വിശദീകരിച്ചു. കപ്രാട്ട് പണിക്കരുമായി സൗഹൃദത്തിൽ കഴിഞ്ഞിരുന്ന സയ്യിദ് അലവിക്ക് ഈ ചെയ്തി അവിശ്വസിനീയമായിരുന്നു. എന്നാൽ വൈകാതെ അദ്ദേഹത്തിന് യാഥാർഥ്യം ബോധ്യപ്പെട്ടു.(നിജസ്ഥിതി അന്വേഷിച്ച ‘സയ്യിദ് അലവിയോട്’ തന്റെ പ്രവൃത്തിയെ ന്യായീകരിക്കുകയാണ് അധികാരി ചെയ്തത്) ഇതോടെ അദ്ദേഹം കടുത്ത ധർമസങ്കടത്തിലായി. എന്നാൽ ചക്കിയെന്ന ആയിഷയുടെ കണ്ണ് നീരും, അഭിമാനവും കാപ്രാട്ട് തംബ്രാനുമായുള്ള സൗഹൃദത്തെ അതി ജയിക്കാൻ പോന്നവ തന്നെയായിരുന്നു. [10]

പ്രകോപനത്താൽ കൃഷ്ണ പണിക്കർ ചെയ്ത പ്രവൃത്തി ദൂര വ്യാപകമായ പ്രത്യാഘാതങ്ങൾ ക്ഷണിച്ചു വരുത്തുന്നവ തന്നെയായിരുന്നു. അക്കാലത്ത് ഒരു കീഴ്ജാതിയെ സവർണ്ണൻ പീഡിപ്പിക്കുന്നതിൽ അസ്വാഭാവികത ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അത് നാട്ടു നടപ്പായി മാത്രമേ കണക്കാക്കപ്പെടുകയുള്ളു.[11] [12] [13] എന്നാൽ ഇവിടെ തമ്പ്രാൻ കൈ വെച്ചത് പഴയ അടിയാളത്തി ചക്കിയുടെ മേൽക്കുപ്പായത്തിലല്ല ആയിഷയുടെ വസ്ത്രങ്ങളിലാണ്. ഒരു മുസ്ലിം സ്ത്രീയുടെ മാനത്തിനു തമ്പ്രാൻ വില പറഞ്ഞുവെന്ന നിലയിലാണ് മാപ്പിളമാർ ഈ സംഭവത്തെ വിലയിരുത്തിയത്. പ്രശ്ന സാധ്യത ഉൾ തിരിഞ്ഞു വന്നതോടെ തമ്പ്രാൻ ബ്രിട്ടീഷ് അധികാരികളുടെ സഹായം തേടുകയും കാവലിനായി കോവിലകത്തിനു ആയുധധാരികളായ നായന്മാരെ വിന്യസിക്കുകയുമുണ്ടായി. [14]

അപ്പോഴേക്കും പണിക്കരുടെ അന്യായമായ ഈ നടപടി നാടാകെ പ്രചരിച്ചിരുന്നു. ജന്മി-നാടുവാഴിത്ത ശക്തികളുടെ അന്യായമായ അധികാര പ്രയോഗങ്ങൾക്കെതിരെ സാമൂഹികമായ അസംത്രപ്തി പടർന്നിരുന്ന അക്കാലത്ത് കപ്രാട്ട് തംബ്രാൻറെ ഈ ചെയ്തി ജന്മിത്തത്തിനെതിരായ ഒരു ജനകീയ മുന്നേറ്റത്തിനു മതിയായ കാരണമായിരുന്നു. സംഭവത്തിലടങ്ങിയ മതകീയമാനങ്ങൾ ഈ മുന്നേറ്റത്തിന് ഊർജ്ജം പകർന്നു.[15] വാർത്ത അറിഞ്ഞു സയ്യിദ് അലവിയെ സന്ദർശിക്കാൻ വന്ന മാപ്പിള പോരാളികളിൽ പെട്ട പൊന്മള സ്വദേശികളായ പൂവാടൻ മൊയ്തീൻ, പട്ടർകടവ് ഹുസൈൻ എന്നിവരോട് ആക്രമണത്തിന് സജ്ജരാകാൻ സയ്യിദ് അലവി കൽപ്പിച്ചു. തുടർന്ന് ചേറൂർ നിവാസികളായ കുട്ടിമൂസകുട്ടി, ചോലക്കൽ ബുഖാരി, കുന്നത്തൊടി അലിഹസ്സൻ, പൂന്തിരുത്തി ഇസമായിൽ, പൂനതക്കപ്പുറം മൊയ്തീൻ എന്നിവരും ഈ സംഘത്തിൽ അംഗമായി. സംഘാംഗങ്ങൾ എല്ലാം മുരീദുമാർ (ആത്മീയ ശിഷ്യന്മാർ) എന്ന് നിലയിൽ അലവിയുമായി മാനസിക അടുപ്പമുള്ളവർ ആയിരുന്നു. നീക്കങ്ങൾ രഹസ്യമാകാൻ ഇത് സഹായകരമായി വർത്തിച്ചു.

ഒക്ടോബർ 10 വിപ്ലവകാരികൾ മമ്പുറത്ത് കൂട്ടം കൂടി. മുസ്ലിം നോമ്പ് മാസമായ റംസാനിലെ ബദർ ദിനം എന്ന് വിശേഷിപ്പിക്കുന്ന ദിവസമായിരുന്നു അന്ന്. മമ്പുറം സയ്യിദ് അലവിയുടെ നേതൃത്തത്തിൽ രക്ത സാക്ഷികളുടെ കീർത്തന കാവ്യമായ ബദർ മൗലൂദ് ആലപിച്ച ശേഷം സംഘം ആക്രമണത്തിന് കോപ്പു കൂട്ടി. രക്ത സാക്ഷികളാവാൻ അനുഗ്രഹിക്കണമെന്ന ഏഴംഗ പടയുടെ ആവിശ്യം സ്വീകരിച്ചു സയ്യിദ് അലവി പ്രാർത്ഥിക്കുകയും മന്ത്രം ചെയ്ത രക്ഷ ധരിപ്പിച്ചു രക്ത സാക്ഷികളാവാൻ അനുഗ്രഹിക്കുകയും ചെയ്തു. അടുത്ത ദിവസം തറമ്മൽ മഖാം (ഹസ്സൻ ജിഫ്രിയുടെ സ്മൃതി കുടീരം) സന്ദർശിച്ചു പ്രാർത്ഥിച്ച ശേഷം മാപ്പിള പോരാളികൾ കാപ്രാട്ട് തമ്പ്രാനെയും സഹായികളെയും ലക്ഷ്യമാക്കി പുറപ്പെട്ടു.

വലിയ തോതിലുള്ള അക്രമണപ്രവർത്തനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ ബ്രിട്ടീഷ് ഭരണകൂടം സംഘർഷ സാധ്യത ലഘൂകരിക്കാൻ പണിക്കരെ അധികാരി സ്ഥാനത്ത് നിന്നും മാറ്റി. എന്നാൽ ഇത്തരമാശ്വാസ നടപടികളൊന്നും തന്നെ മാപ്പിളമാരുടെ ക്രോധം ശമിക്കാൻ പോന്നവയായിരുന്നില്ല. മാപ്പിളമാർ കരം നൽകാൻ വിസമ്മതിച്ചു. തുടർന്ന് ഒക്ടോബർ 15 ന് രണ്ട് താലൂക് ശിപായിമാർ ആക്രമിക്കപ്പെട്ടു. ഒക്ടോബർ 18ന് പണിക്കരുടെ സഹായി കാര്യസ്ഥൻ നായരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അലവിയുടെ അനുയായികളാണ് ഈ സംഭവ ങ്ങൾക്ക് പിറകില്ലെന്നു ബ്രിട്ടീഷ് രേഖകൾ വ്യക്തമാക്കുന്നു. [16] 1843 ഒക്ടോബർ 19ന്(റംസാൻ 26) അവസരം കാത്തു നിൽക്കുകയായിരുന്ന മാപ്പിള പോരാളികളിലെ ആറംഗ സംഘം കപ്രാട്ട് പണിക്കരുടെ കോവിലകത്തേക്കു അതിക്രമിച്ചു കയറി കാവൽ ഭടന്മാരെ തുരത്തിയോടിച്ചു തമ്പ്രാൻറെ തല കൊയ്തു. [17] കൊലപാതകത്തിന് ശേഷം കോവിലകത്തിനു പുറത്തിറങ്ങി സംഘം നായർ പടയെ വെല്ലു വിളിക്കുകയും തങ്ങളുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു.

ചേരൂർ പട

[തിരുത്തുക]
18 -20 നൂറ്റാണ്ടുകളിൽ മാപ്പിളമാർ ഉപയോഗിച്ചിരുന്ന കത്തി

രക്ത സാക്ഷിത്വം കാപ്രാട്ട് തംബ്രാനെ രക്ഷിക്കാൻ വരുന്ന വെള്ള പട്ടാളത്തിലൂടെയേ സാധ്യമാകൂവെന്ന് സയ്യിദ് അലവി മാപ്പിള പോരാളികൾക്ക് സൂചന നൽകിയിരുന്നു. മടയിൽ കയറി ആക്രമിക്കണമെന്ന അലവിയുടെ നിർദ്ദേശമനുസരിച്ചു പട്ടാളം തമ്പടിച്ചിരുന്ന ചേരൂരിലേക്കു അവർ യാത്രയായി.[18] വഴി മധ്യേ സൂഫി സിദ്ധനായ അകത്തെ കോയ തങ്ങൾ രക്ത സാക്ഷികളാവാൻ അനുഗ്രഹിക്കുകയും ആയുധങ്ങൾ മന്ത്രിച്ചു നൽകുകയും ചെയ്തു. [19] ചേറൂരിലെത്തിയ മാപ്പിളമാർ ബ്രിട്ടീഷ് സൈന്യത്തിന് സഹായങ്ങൾ ചെയ്തു കൊടുക്കുന്ന ജന്മി രാവുക്ക പണിക്കരുടെ വീട് ആക്രമിച്ച ശേഷം ആളൊഴിഞ്ഞ നായർ വീട്ടിൽ അവർ പട്ടാളത്തേയും കാത്തിരിപ്പായി.[20]

ഒക്ടോബർ 24 ന് കാലത്ത് ക്യാപ്റ്റൻ ലീഡന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് സൈന്യം പോരാളികളെയും തേടി കോവിലകത്തെത്തി. പൊടുന്നെയുള്ള മാപ്പിളമാരുടെ എടുത്തു ചാടിയുള്ള ആക്രമണത്തിൽ വിളറി പൂണ്ട് പരാജിതരായി പിന്തിരിഞ്ഞോടേണ്ടി വന്നെങ്കിലും[21] പിന്നീട് സുശക്തവും നൂതനവുമായ ആയുധ സന്നാഹങ്ങളോടെ ബ്രിട്ടീഷ് നാറ്റീവ് മദ്രാസ് അഞ്ചാം റെജിമെന്റിലെ പ്രതേക പരിശീലനം നേടിയ 60 മുതൽ 70 പേരടങ്ങുന്ന സൈനികർ നായർ തറവാട് വളഞ്ഞു. ജീവനോടെ കലാപകാരികളെ പിടിക്കണം എന്ന നിർദ്ദേശം ഉണ്ടായിരുന്നതിനാൽ മാപ്പിള പോരാളികളോട് പട്ടാളം കീഴടങ്ങാൻ ആവശ്യപ്പെട്ടു. നിസ്കരിക്കാൻ പോകുകയാണെന്നും ഞങ്ങൾക്ക് വേണ്ടി തയ്യാറെടുക്കൂ എന്നായിരുന്നു മാപ്പിളമാർ നൽകിയ മറുപടി. പുണ്യ പുരുഷനായ സയ്യിദ് അലവി യുടെ ആളുകളാണ് ഞങ്ങളെന്നും, അലവിയുടെ അനുഗ്രത്തോടെ ഇസ്ളാമിന് ഏറ്റ കറ കഴുകി കളഞ്ഞെന്നും അവർ വിളിച്ചു പറഞ്ഞു .[22] അൽപ്പ സമയം കഴിഞ്ഞതും മരിക്കാൻ വന്ന ഞങ്ങളോട് കീഴടങ്ങാൻ പറയരുതെന്ന് ആക്രോശിച്ചു അവർ വാളും, വാരി കുന്തങ്ങളുമായി സൈന്യത്തിന് നേരെ പാഞ്ഞെടുത്തു. തുടർന്ന് സൈന്യം വെടി ഉതിർത്ത് കനത്ത ഏറ്റുമുട്ടലിലൂടെ ഏഴ് മാപ്പിളമാരെയും വധിച്ചു. [23]

നാശനഷ്ടങ്ങൾ

[തിരുത്തുക]

മാപ്പിള സേനയിലെ ഏഴുപേരും കൊല്ലപ്പെട്ടെന്നു വിവരിക്കുന്ന ചരിത്ര കീർത്തന കാവ്യമായ 'ചേറൂർ പട പാട്ടിൽ' ബ്രിട്ടീഷ് പക്ഷത്ത് നിന്ന് 20 ഓളം പേർ വധിക്കപ്പെടുകയും ക്യാപ്റ്റൻ ലീഡനടക്കം 24 ഓളം പേർക്ക് പരിക്ക് പറ്റിയെന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പ്രാദേശിക ചരിത്ര വിവരണങ്ങളിൽ സൈനികരുടെ മൃതദേഹങ്ങൾ തോണിയിലേക്ക് മാറ്റുമ്പോൾ 20 ബ്രിട്ടീഷ് സൈനികരുടെ മൃത ശരീരം കണ്ടെന്നും 50 ഓളം പരിക്കുണ്ടെന്നുമാണ് വിവരിക്കുന്നത്. എന്നാൽ ബ്രിട്ടീഷ് രേഖകൾ ഈ കണ്ടെത്തലുകളെ സാധൂകരിക്കുന്നില്ല. ക്യാപറ്റൻ ലീഡനു പരിക്ക് പറ്റിയെന്നും തോണിയിൽ പട്ടാളക്കാരുടെ ശവ ശരീരങ്ങൾ കോഴിക്കോട്ടേക്ക് കൊണ്ട് പോയി തുടങ്ങിയ ദൃസാക്ഷി വിവരങ്ങൾ അംഗീകരിക്കുന്നുണ്ടെങ്കിലും കുറഞ്ഞ ആൾനാശമേ സംഭവിച്ചിട്ടുള്ളൂ എന്നാണ് ബ്രിട്ടീഷ് അധികാരികളുടെ വാദം. [24] സൈന്യത്തിന് വലിയ തോതിൽ ആൾ നഷ്ടമുണ്ടായി എന്ന് സമ്മതിക്കുന്ന അന്വേഷണ റിപ്പോർട് കേട്ടു കേൾവി പോലെ വലിയ നാശം സംഭവിച്ചിട്ടില്ല എന്ന് പറയുന്നുണ്ട്. മാപ്പിളമാരിലെ ഏഴുപേരെയും വധിക്കാനായ ഏറ്റുമുട്ടലിൽ ബ്രിട്ടീഷ് പക്ഷത്തു നിന്നും സുബേദാറും, മൂന്ന് ഭടന്മാരും അടക്കം നാല് സൈനികർക്ക് ജീവനാശം സംഭവിച്ചെന്നും ക്യാപ്റ്റനും, അഞ്ചു ഭടന്മാർക്കും, ഏഴ് താലൂക് ശിപായിമാർക്കും പരിക്ക് പറ്റിയെന്നുമാണ് ഔദ്യോഗിക ഭാഷ്യം. [25] നാശനഷ്ടങ്ങൾ സംബന്ധിച്ച വാദഗതികൾ എന്ത് തന്നെയായാലും ആധുനിക പരിശീലനം സിദ്ധിച്ച അറുപത് ഭടന്മാർ ശ്രമിച്ചിട്ടും പോലും ഒരു ലഹളക്കാരനെ പോലും ജീവനോടെ പിടിക്കാനായില്ല എന്നത് ബ്രിട്ടീഷ് അധികാരികളെ അത്ഭുതപ്പെടുത്തിയാതായി കാണാം. ഒന്നോ രണ്ടോ വാളുകളോടെ വന്ന ഏഴുപേർ അത്യാധുനിക ആയുധങ്ങൾ കൈവശമുണ്ടായിരുന്ന വെള്ള പട്ടാളത്തിന് സമ്മാനിച്ച നഷ്ടവും ചെറുതല്ല എന്നവർ സമ്മതിക്കുന്നു. [26]

മുട്ടിച്ചിറ ലഹള അടക്കമുള്ള യുദ്ധങ്ങളിൽ കൊല്ലപ്പെട്ടവരെയൊക്കെ സയ്യിദ് അലവി വിശുദ്ധരാക്കി വാഴ്ത്തുകയും നേർച്ച നടത്തുകയും ചെയ്ത മുൻ അനുഭവം ഉള്ളതിനാൽ, വാഴ്ത്തപ്പെടുന്നത് ഒഴിവാക്കാൻ കൊല്ലപ്പെട്ട മാപ്പിള യോദ്ധാക്കളുടെ ശരീരങ്ങൾ ദഹിപ്പിക്കാനായിരുന്നു സൈന്യത്തിന് ലഭിച്ച നിർദ്ദേശം. ഇതിനായി നീക്കം നടത്തിയ ബ്രിട്ടീഷ് പട പിന്നീട് ശ്രമം ഉപേക്ഷിച്ചു മൃത ശരീരങ്ങൾ മാപ്പിളമാർക്ക് കൈമാറി മതാചാര പ്രകാരം സംസ്കരിക്കുകയായിരുന്നു. അഗ്നി മൃത ശരീരങ്ങളെ സ്പർശിക്കാത്തതിൽ ചകിതരായ സൈന്യം കുഴിച്ചു മൂടാൻ നിർബന്ധിതരാവുകയായിരുന്നു എന്നാണു വിശ്വാസം. എന്നാൽ പുണ്യആത്മാക്കളായി വാഴ്ത്തപ്പെടുന്നത് ഒഴിവാക്കാനാണ് സംസ്കാരം രഹസ്യമാക്കാൻ ശ്രമിച്ചതെന്നും, മതാചാര പ്രകാരം എല്ലാ ബഹുമതികളും പ്രാർത്ഥനകളും അർപ്പിച്ചാണ് സംസ്കാരം നടത്തിയതെന്നുമാണ് സർക്കാർ വാദം.[27] അപ്രകാരം അവിചാരിതമായി പച്ച തൊപ്പിയും തലപ്പാവുമായി മുഖം മറച്ചു കുതിരപ്പുറത്തു മുസ്ലിം പക്ഷത്തു ചേർന്ന് പൊരുതി പരിക്ക് പറ്റിയ ശേഷം അപ്രത്യക്ഷനായ അജ്ഞാത യോദ്ധാവ് മമ്പുറം സയ്യിദ് അലവി ആയിരുന്നുവെന്നും, അലവിയുടെ മരണകാരണമായ വെട്ടേറ്റ മുറിവുകളും , കാലിലേറ്റ വെടിയും ചേരൂർ പടയിൽ സംഭവിച്ചതാണെന്നും കരുതപ്പെടുന്നു.[28][29] [30]

ചേറൂർ ശുഹദാ

[തിരുത്തുക]

പൊന്മള സ്വദേശികളായ പൂവാടൻ മുഹ്‌യിദ്ദീൻ, പട്ടർകടവ് ഹുസൈൻ, ചേറൂർ നിവാസികളായ കുട്ടിമൂസകുട്ടി, ചോലക്കൽ ബുഖാരി,കുന്നാംഞ്ചേരി അലിഹസ്സൻ, പൂന്തിരുത്തി ഇസമായിൽ, പൂനതക്കപ്പുറം മൊയ്തീൻ എന്നിവരാണ് ചേരൂർ വിപ്ലവത്തിൽ രക്തസാക്ഷ്യം വരിച്ച മുസ്‌ലിങ്ങൾ. ഇവർ ‘ചേറൂർ ശുഹദാക്കൾ’ എന്നറിയപ്പെടുന്നു. [31]

ചേരൂർ പടപ്പാട്ടുകൾ

[തിരുത്തുക]

ചേറൂർ സ്വദേശികളായ മമ്മദുകുട്ടി, മുഹിയുദ്ദീൻ എന്നീ സമകാലിക മാപ്പിള കവികൾ ചേരൂർ വിപ്ലവത്തെ കുറിച്ച് രചിച്ച ചരിത്ര-കീർത്തന കാവ്യ കൃതിയാണ് ചേറൂർ പടപ്പാട്ട്. ഈ കൃതിയാണ് ചേറൂർ വിപ്ലവത്തിന് കൂടുതൽ പ്രസിദ്ധിനേടിക്കൊടുത്തത്. ചേരൂർ നേർച്ചയിൽ ആലപിച്ചിരുന്ന ഈ കൃതി പുണ്യം പ്രതീക്ഷിച്ചു ഭക്തി കാവ്യമായി വീടുകളിൽ പാരായണം ചെയ്യപ്പെടാറുണ്ടായിരുന്നു. മലബാർ മുസ്ലിങ്ങൾക്കിടയിൽ ഇപ്പോഴും പുസ്തകരൂപത്തിൽ പ്രചാരത്തിലുള്ള കൃതിയാണിത്. വില്യം ലോഗനടക്കമുള്ള ബ്രിട്ടീഷ് ചരിത്രകാരന്മാർ പട സംബന്ധമായ രചനകൾക്ക് ഈ കൃതിയാണ് അവലംബിച്ചിട്ടുള്ളത്.[32]

ഇവ കാണുക

[തിരുത്തുക]

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • മലബാർ മാന്വൽ, വില്യം ലോഗൻ
  • മാപ്പിള ഗാനങ്ങൾ, എം. ഗംഗാധരൻ
  • മലബാറിലെ കാർഷികബന്ധങ്ങൾ: ഒരു പഠനം, ഡോ.കെ.കെ.എൻ.കുറുപ്പ്
  • കേരള മുസ്ലിം സ്ഥിതിവിവരക്കണക്ക് ഡയറക്ടറി, ഡോ.സി.കെ.കരീം
  • മാപ്പിള മുസ്ലിംസ് ഓഫ് കേരള, റോളണ്ട് ഇ മില്ലൻ
  • ചേറൂർ പടപ്പാട്ട് (അറബിമലയാളം) മുഹമ്മദ് കുട്ടി & മുഹിയുദ്ധീന്
  • മലബാർ കലാപം: അടിവേരുകൾ, കോൺ റാഡ് വുഡ്
  • അബ്ബാസ് കാള തോട് സംവിധാനം ചെയ്ത ചേറൂർ ചിന്ത് എന്ന പേരിലുള്ള ഫിലിം. ലിങ്ക് :
  • പ്രതിരോധത്തിന്റെ വേരുകൾ,സൈനുദ്ദീൻ മന്ദലാംകുന്ന്

അവലംബങ്ങൾ

[തിരുത്തുക]
  1. malayalethile janmimar (Jenmis in Malayalam) written by K.C.M. Raja and Krishna Warrier published in 1907 or 1908
  2. Mamrnad Kutty and Muhiyudheen, cherur padapattu
  3. Letter from H.V. Conolly to J.F. Thomas, Secretary to Govt., Judicial Dept. dated 30th Oct 1843, Calicut, No.27/43, C M 0, vol.11, p.97.
  4. ജാതി വ്യവസ്ഥിതിയും കേരള ചരിത്രവും പി കെ ബാലകൃഷ്ണൻ
  5. CM0 Vol. I., p.276
  6. CMO. 01.11. pp.97-98
  7. CM0 Vol.11, p.97
  8. Cherur Padapattu
  9. C. Achuthamenon, Cochin .State Manual, Cochin, 1910, p.193
  10. മമ്പുറം തങ്ങള്: ജീവിതം, ആത്മീയത, പോരാട്ടം - മഹ്മൂദ് പനങ്ങാങ്ങര
  11. ജാതി വ്യവസ്ഥിതിയും കേരള ചരിത്രവും പി കെ ബാലകൃഷ്ണൻ
  12. മലബാര് മാന്വല് - വില്യം ലോഗന്
  13. CMO. ~01.11.~ pp.97-98
  14. S.F. Dale- Islamic Society on the South Asian Frontier: The Mappilas of Malabar 1498-1922-
  15. K.N. Panikkar- Against Lord and State; Religion and Peasant Uprisings in Malabar 1836-1921.
  16. CM0 Vol.11, p.97.-100
  17. W.Logan, Malabar Manual Vol.1 p.626.
  18. Mahatthaya maappila paarambaryam pg 338
  19. Km bahauddin/kerala muslingal porattatthinte charithram
  20. Husain Raṇṭattāṇi (2007). Mappila Muslims: A Study on Society and Anti Colonial Struggles. Other Books. ISBN 978-81-903887-8-8. Retrieved 25 July 2012. {{cite book}}: Cite has empty unknown parameter: |1= (help)
  21. w.logan malabar manual pg:616
  22. william logan malabar manual Cherur Padapattu, quoted in W. Logan .malabar manual, p.129.
  23. എ.കെ. കോടൂര്. ആംഗ്ലോ മാപ്പിള യുദ്ധം
  24. CM0 Vol.II., p.34
  25. R.G. Burtton's article in the 'Journal of 'The United Services Institute of In idia Quoted in C.N. Ahmed Moulavi, K.K. Muhamed AbdulKareem, , pp.128-29
  26. CM0 Vol.II., p.37.
  27. C.N. Ahmed Moulavi and K.K. Mohamed Abdul Kareem, Mahataya Mappila Sahitya Paramparayam., p.179. CM0 Vol-II., p.102.
  28. മമ്പുറം തങ്ങള്: ജീവിതം, ആത്മീയത, പോരാട്ടം - മഹ്മൂദ് പനങ്ങാങ്ങര.
  29. K.K. Muhamed Abdul Kareem, Sayyid ~lawi Tangal., pp.59-61.
  30. W. Logan, op.cit., p.129
  31. C.K. Kareem, p.242
  32. Cherur Padapattu, quoted in W. Logan op. ., p.129

11°04′16″N 75°59′11″E / 11.071247°N 75.986497°E / 11.071247; 75.986497

"https://ml.wikipedia.org/w/index.php?title=ചേറൂർ_വിപ്ലവം,_1843&oldid=4141140" എന്ന താളിൽനിന്ന് ശേഖരിച്ചത്