Jump to content

അധികാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുൻകാലങ്ങളിൽ മലബാറിലെ റവന്യൂ ഭരണത്തിന്റെ ഘടകമായ അംശത്തിന്റെ മേലധികാരിയെ അധികാരി എന്നു വിളിച്ചിരുന്നു. ദേശവാഴികളിൽ ഏറ്റവും കൂടുതൽ സ്വാധീനശക്തിയുണ്ടായിരുന്നവരാണ് അധികാരികൾ. ഹോബളി (ജില്ലയുടെ ഭാഗം - കന്നഡ) സമ്പ്രദായം നിർത്തലാക്കിയതോടെ അംശം നിലവിൽ വന്നു. എ.ഡി. 1822-23 കാലത്ത് സ്പെഷ്യൽ കമ്മീഷണറായിരുന്ന എച്ച്.എസ്. ഗ്രീമേയാണ് ഹോബളി സമ്പ്രദായം നിർത്തലാക്കി അംശം സമ്പ്രദായം രൂപവത്കരിച്ചത്. പലദേശങ്ങൾ ഒന്നിച്ചു ചേർത്ത് അംശങ്ങൾ രൂപവത്കരിക്കുകയും ഓരോ അംശത്തിന്റെയും ഭരണച്ചുമതലകൾ നിർവഹിക്കാൻ അധികാരികളെ നിയമിക്കുകയും ചെയ്തു. 2212 ദേശങ്ങൾ സംയോജിപ്പിച്ച് 429 അംശങ്ങളാക്കി. മുൻപുണ്ടായിരുന്ന ദേശവാഴികളെ അധികാരികളാക്കി നിയമിച്ചിരുന്നു. ജാമ്യപത്രങ്ങൾ തയ്യാറാക്കുന്നത് അധികാരികളായിരുന്നുവെന്നത് മലബാറിലെ ഒരു പ്രത്യേകതയാണ്. 1889-ലെ ഗ്രാമക്കോടതി നിയമം അനുസരിച്ച് വ്യവഹാരഹേതു 20 രൂപയിൽ കുറവുള്ള പെറ്റികേസുകൾ വിചാരണ ചെയ്യുന്നതിന് അവർക്ക് അധികാരമുണ്ടായിരുന്നു.

അംശം, പകുതി, പ്രവൃത്തി എന്നീ റവന്യൂ ഘടകങ്ങളുടെ പര്യായമായും അധികാരം എന്ന പദം ഉപയോഗിച്ചിരുന്നു. അധികാരി അധികാരത്തിലെ കരംപിരിവിനും മറ്റും ചുമതലപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു. ഇവരെ പ്രാദേശികമായി പാർവത്യാർ, മണിയക്കാരൻ എന്നെല്ലാം പറഞ്ഞുവന്നു. 1956-ൽ കേരള സംസ്ഥാനം നിലവിൽ വന്നതോടുകൂടി അധികാരി എന്ന ഉദ്യോഗം നിയമനിർമ്മാണംമൂലം ഇല്ലാതാവുകയും തത്സ്ഥാനത്ത് വില്ലേജ് ഓഫീസർ (Village Officer) എന്ന തസ്തിക നിലവിൽ വരികയും ചെയ്തു.

ഒരു റവന്യൂ ഘടകം എന്ന അർഥത്തിൽ തിരുവിതാംകൂർ പ്രദേശത്തും അധികാരം എന്ന പദം പ്രയോഗത്തിലുണ്ടായിരുന്നു. ടി.കെ. വേലുപ്പിള്ളയുടെ (തിരുവിതാംകൂർ സ്റ്റേറ്റ് മാനുവൽ) ആറ്റിങ്ങൽ ഇടക്കോട്ട് അധികാരം രണ്ടിലും നിലവും പുരയിടം വകയിൽ എന്നും (1940) മറ്റൊരു സർക്കാർ വിളംബരത്തിൽ അതത് പ്രവൃത്തി അധികാരം കേൾവികളിലും മണ്ടപത്തും വാതുക്കൽകളിലും ഇരിക്കുന്ന പാർവത്യകാരന്മാർ എന്നും കാണുന്നു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അധികാരി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അധികാരി&oldid=2279953" എന്ന താളിൽനിന്ന് ശേഖരിച്ചത്