ആൻ ബ്ലിത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൻ ബ്ലിത്ത്
1954 ഓഗസ്റ്റിലെ മോഡേൺ സ്‌ക്രീൻ മാഗസിൻ കവർ പേജിലെ ബ്ലൈത്ത്
ജനനം
ആൻ മേരി ബ്ലിത്ത്

(1928-08-16) ഓഗസ്റ്റ് 16, 1928  (95 വയസ്സ്)
തൊഴിൽനടി, ഗായിക.
സജീവ കാലം1933–1985
അറിയപ്പെടുന്നത്മിൽഡ്രഡ് പിയേഴ്സ്
ജീവിതപങ്കാളി(കൾ)
ജെയിംസ് മക്നൾട്ടി
(m. 1953; died 2007)
കുട്ടികൾ5
കുടുംബംഡെന്നിസ് ഡേ (brother-in-law)

ആൻ മേരി ബ്ലിത്ത് (ജനനം: ഓഗസ്റ്റ് 16, 1928) ഒരു അമേരിക്കൻ ചലച്ചിത്ര നടിയും ഗായികയുമാണ്. 1945-ൽ മൈക്കൽ കർട്ടിസിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ മിൽഡ്രഡ് പിയേഴ്‌സ് എന്ന സിനിമയിലെ വേദയെ അവതരിപ്പിച്ചതിൻറെ പേരിൽ അവർ മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഹോളിവുഡ് സിനിമയുടെ സുവർണ്ണ കാലഘട്ടത്തിലെ അവശേഷിക്കുന്ന താരങ്ങളിൽ ഒരാളായ അവർ, 2022-ൽ ഏഞ്ചല ലാൻസ്ബറിയുടെ മരണശേഷം ആദ്യകാല അക്കാദമി അവാർഡ് നാമനിർദ്ദേശം ലഭിച്ചവരിലെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള നടിയായി മാറി.

ജീവിതരേഖ[തിരുത്തുക]

ആദ്യകാലം[തിരുത്തുക]

ആൻ മേരി ബ്ലിത്ത് (പിന്നീട് "Blythe" എന്ന അവരുടെ ആദ്യപേരിൽ നിന്നും കുടുംബപ്പേരിൽ നിന്നും "e" ഉപേക്ഷിച്ചു) ന്യൂയോർക്ക് സംസ്ഥാനത്തെ മൗണ്ട് കിസ്കോയിൽ 1928 ഓഗസ്റ്റ് 16-ന് ജനിച്ചു.[1] പിതാവ് കുടുംബത്തെ ഉപേക്ഷിച്ചുപോയതിന് ശേഷം, ബ്ലിത്തും മൂത്ത സഹോദരി ഡൊറോത്തിയും അമ്മയോടൊപ്പം ന്യൂയോർക്ക് നഗരത്തിലെ ഈസ്റ്റ് 31-ആം സ്ട്രീറ്റിലുള്ള ഒരു വാക്ക്-അപ്പ് അപ്പാർട്ട്മെന്റിലേക്ക് താമസം മാറുകയും, അവിടെ അവരുടെ അമ്മ കുടുംബം പുലർത്തുന്നതിനായി ഇസ്തിരിയിടുന്ന ജോലിയിലേർപ്പെടുകയും ചെയ്തു.[2]

വാച്ച് ഓൺ ദ റൈൻ[തിരുത്തുക]

ന്യൂയോർക്കിൽ ആറ് വർഷക്കാലം കുട്ടികളുടെ റേഡിയോ പരിപാടികൾ അവതരിപ്പിച്ചിരുന്ന ബ്ലിത്ത്, അഞ്ച് വയസ്സുള്ളപ്പോഴാണ് ആദ്യമായി ഇത്തരം പരിപാടികളുടെ ഭാഗമാകുന്നത്.[3][4] ഒൻപത് വയസ്സുള്ളപ്പോൾ അവർ ന്യൂയോർക്ക് ചിൽഡ്രൻസ് ഓപ്പറ കമ്പനിയിൽ ചേർന്നു.[5]

ലിലിയൻ ഹെൽമാന്റെ വാച്ച് ഓൺ ദി റൈൻ (1941 മുതൽ 1942 വരെ) എന്ന നാടകത്തിൽ അഭിനയിച്ചുകൊണ്ടായിരുന്നു ബ്ലിത്ത് ബ്രോഡ്‌വേ നാടകവേദിയിൽ അരങ്ങേറ്റം കുറിച്ചത്. നാടകത്തിൽ പോൾ ലൂക്കാസിന്റെ മകൾ ബാബെറ്റായി അവർ അഭിനയിച്ചു. ഈ നാടകം 378 പ്രകടനങ്ങൾ നടത്തുകയും[6] ന്യൂയോർക്ക് ഡ്രാമ ക്രിട്ടിക്‌സ് സർക്കിൾ അവാർഡ് നേടുകയും ചെയ്തു. ന്യൂയോർക്കിലെ അവതരണത്തിന് ശേഷം, നാടകം പുറംനാടുകളിൽ പര്യടനം നടത്തുകയും, ലോസ് ഏഞ്ചൽസിലെ ബിൽറ്റ്മോർ തിയേറ്ററിൽ നാടകം പ്രദർശിപ്പിക്കവേ ബ്ലിത്ത് യൂണിവേഴ്സൽ സ്റ്റുഡിയോയുമായി കരാറിലേർപ്പെടുകയും ചെയ്തു.[7]

യൂണിവേഴ്സൽ സ്റ്റുഡിയോ[തിരുത്തുക]

ബ്ലിത്ത് 1948 ൽ

"Anne Blyth" എന്ന പേരിലാണ് ബ്ലിത്ത് തന്റെ അഭിനയ ജീവിതം ആരംഭിച്ചത്, എന്നിരുന്നാലും സിനിമാ ജീവിതത്തിന്റെ തുടക്കത്തിൽ തന്റെ പേരിലെ 'e' ഉപേക്ഷിച്ചുകൊണ്ട് "Ann" എന്നാക്കി മാറ്റി. 1944-ൽ തന്റെ സിനിമാ അരങ്ങേറ്റം നടത്തിയ അവർ, ഡൊണാൾഡ് ഒ'കോണർ, പെഗ്ഗി റയാൻ എന്നിവരോടൊപ്പം ചിപ്പ് ഓഫ് ദി ഓൾഡ് ബ്ലോക്ക് (1944) എന്ന കൗമാര സംഗീതാത്മക ചിത്രത്തിൽ അഭിനയിച്ചു.[8] വീണ്ടും ഓ'കോണർ, റയാൻ എന്നിവരോടൊത്ത് ദി മെറി മൊനഹൻസ് (1944), റയാനോടൊപ്പം ബേബ്സ് ഓൺ സ്വിംഗ് സ്ട്രീറ്റ് (1944) എന്നീ രണ്ട് സമാന ചിത്രങ്ങളിലൂടെ അഭിനയം തുടർന്നു. ബിഗ് ബഡ്ജറ്റ് ചിത്രമായിരുന്ന ബവേറി ടു ബ്രോഡ്‌വേയിൽ (1944) അവർ ഒരു സഹകഥാപാത്രമായിരുന്നു.[9]

യൂണിവേഴ്‍സൽ സ്റ്റുഡിയോയുടെ കരാർ നടിയായിരിക്കുമ്പോൾത്തന്നെ വാർണർ ബ്രദേഴ്‌സിനോടൊപ്പം മിൽഡ്രഡ് പിയേഴ്‌സ് (1945) എന്ന ചിത്രത്തിൽ ജോവാൻ ക്രോഫോർഡിന്റെ കൗശലക്കാരിയും കൃതഘ്നയുമായ മകൾ വേദ പിയേഴ്‌സായി ബ്ലിത്ത് തന്റെ നിലവിലെ പ്രതിഛായയ്ക്ക് വിരുദ്ധമായ ഒരു വേഷത്തിൽ അഭിനയിച്ചു. ചിത്രത്തിലെ അവരുടെ നാടകീയ പ്രകടനം നിരൂപകരുടെ മുക്തകണ്ഠമായ പ്രശംസ നേടിയതോടൊപ്പം മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡിനുള്ള നാമനിർദ്ദേശവും നേടി.[10] മൈക്കൽ കർട്ടിസ് സിനിമയിൽ അഭിനയിക്കുമ്പോൾ ബ്ലിത്തിന് കേവലം 16 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ.[11] (ആ ചിത്രത്തിലെ വേഷം ക്രോഫോർഡിന് മികച്ച നടിക്കുള്ള അക്കാദമി പുരസ്കാരം നേടിക്കൊടുത്തു). മിൽഡ്രഡ് പിയേഴ്‌സിന് ശേഷം, കാലിഫോർണിയയിലെ സ്നോ വാലിയിൽ[12] സ്കേറ്റിംഗ് നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ നടുവിന് പരിക്കേറ്റ ബ്ലിത്തിന് സിനിമയുടെ വിജയം പൂർണ്ണമായി മുതലെടുക്കാൻ സാധിച്ചില്ല.

സുഖം പ്രാപിച്ചതിനുശേഷം യൂണിവേഴ്സൽ സ്റ്റുഡിയോയിലെ മാർക്ക് ഹെല്ലിംഗറിന്റെ യൂണിറ്റിനായി സോണി ടഫ്റ്റ്സിനൊപ്പം സ്വെൽ ഗൈ (1946), ബർട്ട് ലങ്കാസ്റ്ററിനൊപ്പം ജൂൾസ് ഡാസിന്റെ ബ്രൂട്ട് ഫോഴ്സ് (1947) എന്നീ രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചു.[13] ഇതിനിടയിൽ അവരുടെ പിതാവ് മരണമടഞ്ഞു.[14] മിക്കി റൂണിയുടെ ബോക്‌സിംഗ് ചിത്രമായ കില്ലർ മക്കോയ് (1947) എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കുന്നതിനായി യൂണിവേഴ്‌സൽ അവരെ MGM-ന് കടം കൊടുക്കുകയും ഈ ചിത്രം അക്കാലത്തെ ബോക്‌സ് ഓഫീസ് ഹിറ്റായി മാറുകയും ചെയ്തു.[15]

യൂണിവേഴ്സൽ സ്റ്റുഡിയോയിൽ തിരിച്ചെത്തിയ ബ്ലിത്ത് ചാൾസ് ബോയർ, ജെസീക്ക ടാണ്ടി എന്നിവരോടൊപ്പം എ വുമൻസ് വെഞ്ചൻസ് (1948) എന്ന സിനിമയുടെ ഭാഗമായി. ലിലിയൻ ഹെൽമാന്റെ 1946-ലെ ഒരു നാടകത്തെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട അനദർ പാർട്ട് ഓഫ് ദ ഫോറസ്റ്റ് എന്ന സിനിമയിൽ റെജീന ഹബ്ബാർഡ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി അവർ തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും അന്തിമമായി പട്രീഷ്യ നീൽ എന്ന നടിയാണ് റെജീനയെ അവതരിപ്പിച്ചത്. ലിലിയൻ ഹെൽമാന്റെ നാടകം ദി ലിറ്റിൽ ഫോക്‌സസിൻറെ ഒരു പിന്നാമ്പുറക്കഥയായിരുന്നു ഈ നാടകം. പിന്നീട് വില്യം പവലിനൊപ്പം മിസ്റ്റർ പീബഡി ആൻറ് ദ മെർമെയ്‌ഡ് (1948) എന്ന ചിത്രത്തിൽ വേഷമിട്ടു. ഹോവാർഡ് ഡഫിനൊപ്പം റെഡ് കാന്യോൺ (1949) വെസ്റ്റേൺ സിനിമയിൽ അവർ സൂപ്പർ താര പരിവേഷത്തോടെയാണ് പ്രത്യക്ഷപ്പെട്ടത്.

ടോപ്പ് ഓ ദി മോർണിംഗ് (1949) എന്ന ചിത്രത്തിൽ  ബിംഗ് ക്രോസ്ബിയുടെ കഥാപാത്രം പ്രണയിക്കുന്ന ബാരി ഫിറ്റ്‌സ്‌ജെറാൾഡ് കഥാപാത്രത്തിൻറെ മകളായി ഒരു നായികാ പ്രാധാന്യമുള്ള വേഷം ചെയ്യുന്നതിനായി യൂണിവേഴ്‌സൽ ബ്ലിത്തിനെ പാരാമൗണ്ട് പിക്ചേർസിന് വാടകയ്ക്ക് നൽകി. ഈ ചിത്രത്തിനുശേഷം യൂണിവേഴ്സലിൽ തിരിച്ചെത്തിയ, ബ്ലിത്ത് അവരുടെ ഡെസേർട്ട് ലെജിയൻ എന്ന സിനിമയിൽ അഭിനയിക്കാൻ സാധിക്കാതെ വന്ന സാഹചര്യം മുതലാക്കിക്കൊണ്ട് റോബർട്ട് മോണ്ട്ഗോമറിക്കൊപ്പം വൺസ് മോർ, മൈ ഡാർലിംഗ് (1949) എന്ന സിനിമയിൽ അഭിനയിച്ചു. ഇതിനിടെ റോബർട്ട് കമ്മിംഗ്സിനൊപ്പം ഫ്രീ ഫോർ ഓൾ (1949) എന്ന ചിത്രത്തിൽ അവർ ഒരു ഹാസ്യപ്രധാനമായ വേഷവും ചെയ്തു. 1949 ഏപ്രിലിൽ, അബാൻഡൻറ് (1949) എന്ന ചിത്രത്തിലെ പ്രധാന വേഷം നിരസിച്ചതിൻറെ പേരിൽ യൂണിവേഴ്സൽ പിക്ചേർസ് അവരുമായുള്ള കരാർ റദ്ദ് ചെയ്തു. പിന്നീട് ഗെയ്ൽ സ്റ്റോം എന്ന നടിയാണ് ഈ വേഷം ചെയ്തത്.

ഔർ വെരി ഓൺ (1950) എന്ന ചിത്രത്തിൽ ഫാർലി ഗ്രെഞ്ചറിനൊപ്പം അഭിനിയിക്കുന്നതിനായി യൂണിവേഴ്സൽ അവരെ സാം ഗോൾഡ്‌വിൻ പ്രൊഡക്ഷൻസിന് കൈമാറി. പിന്നീട് കാറ്റി ഡിഡ് ഇറ്റ് (1951) എന്ന റൊമാന്റിക് കോമഡിയിൽ യൂണിവേഴ്സൽ അവർക്ക് മികച്ച ഒരു കഥാപാത്രത്തെ നൽകി. മരിയോ ലാൻസയ്‌ക്കൊപ്പം ദ ഗ്രേറ്റ് കറുസോ (1951) എന്ന ചിത്രത്തിനായി എം‌ജി‌എം ബ്ലൈത്തിൻറെ സേവനം കടമെടുക്കുകയും ഇത് വമ്പൻ ബോക്‌സോഫീസ് ഹിറ്റായി മാറുകയും ചെയ്തു. യൂണിവേഴ്സലിൽ തിരിച്ചെത്തിയ അവർ ക്ലോഡെറ്റ് കോൾബെർട്ടിനൊപ്പം തണ്ടർ ഓൺ ദി ഹിൽ (1951) എന്ന ചിത്രത്തിലും ഡേവിഡ് ഫരാറിനൊപ്പം ദി ഗോൾഡൻ ഹോർഡ് (1951) എന്ന ചിത്രത്തിലും നായികയായി. കോൺസ്റ്റൻസ് സ്മിത്ത് അവസാന നിമിഷം പിന്മാറിയതോടെ പകരക്കാരിയായി ഐ വിൽ നെവർ ഫോർഗെറ്റ് യു (1952) എന്ന സിനിമയിൽ ടൈറോൺ പവറിനൊപ്പം അഭിനയിക്കാൻ 20-ത് സെഞ്ച്വറി ഫോക്സ് അവളുടെ സേവനം കടമെടുത്തു. ടിവിയിൽ എതൽ ബാരിമോറിനൊപ്പം ഫാമിലി തിയേറ്റർ എന്ന പ്രോഗ്രാമിൻറെ "ദി വേൾഡ്സ് ഗ്രേറ്റസ്റ്റ് മദർ" എന്ന എപ്പിസോഡിലും അവർ പ്രത്യക്ഷപ്പെട്ടു.

യൂണിവേഴ്സൽ സ്റ്റുഡിയോയും ബ്ലിത്തും വീണ്ടും ഒരുമിച്ച ദി വേൾഡ് ഇൻ ഹിസ് ആംസ് (1952) എന്ന ചിത്രത്തിൽ  ഗ്രിഗറി പെക്കിനൊപ്പം അവർ അഭിനയിച്ചു. സാലി ആൻഡ് സെന്റ് ആനി (1952) എന്ന ഹാസ്യ രസപ്രധാനമായ ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ബ്ലിത്തുമായി വൺ മിനിറ്റ് ടു സീറോ (1952) എന്ന കൊറിയൻ യുദ്ധ നാടകീയ ചിത്രത്തിലേയ്ക്ക് റോബർട്ട് മിച്ചമിൻറെ നായികയായി RKO ഒരു താൽക്കാലിക കരാറിലേർപ്പെട്ടു. ന്യുമോണിയ ബാധിച്ച ക്ലോഡെറ്റ് കോൾബെർട്ടിന് പകരക്കാരിയെന്ന നിലയിലായിരുന്നു ഈ വേഷം അവരെ തേടിയെത്തിയത്.

മെട്രോ-ഗോൾഡ്വിൻ-മേയർ[തിരുത്തുക]

ബ്ലിത്ത് 1952 ൽ

ദി ഗ്രേറ്റ് കറുസോ എന്ന ചിത്രത്തിലെ നടിയായി ജോലി ചെയ്തതു മുതൽ മെട്രോ-ഗോൾഡ്വിൻ-മേയർ കമ്പനി ബ്ലൈത്തിൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. 1952 ഡിസംബറോടെ അവർ യൂണിവേഴ്സൽ സ്റ്റുഡിയോ വിട്ടുപോകുകയും MGM-മായി ഒരു ദീർഘകാലാടിസ്ഥാനത്തിൽ കരാറിലേർപ്പെടുകയും ചെയ്തു. സ്റ്റുവാർട്ട് ഗ്രെഞ്ചർ, റോബർട്ട് ടെയ്‌ലർ എന്നിവർക്കൊപ്പം അഭിനയിച്ച് ഓൾ ദ ബ്രദേഴ്‌സ് വെയർ വാലിയന്റ് (1953) എന്ന ചിത്രത്തിലെ നായികയായിരുന്ന അവർ, ഗർഭധാരണം കാരണം ചിത്രം  ഉപേക്ഷിക്കേണ്ടി വന്ന എലിസബത്ത് ടെയ്‌ലറിന് വേണ്ടിയാണ് ഈ വേഷം ചെയ്തത്.

ടെലിവിഷനിൽ, ജോൺ ഡെറക്, മെർലിൻ എർസ്‌കൈൻ എന്നിവരോടൊപ്പം എ പ്ലേസ് ഇൻ ദ സണ്ണിന്റെ ലക്സ് വീഡിയോ തിയറ്റർ പതിപ്പിൽ ബ്ലിത്ത് പ്രത്യക്ഷപ്പെട്ടു. എം‌ജി‌എമ്മിൽ തിരിച്ചെത്തിയശേഷം, ഹോവാർഡ് കീലിനൊപ്പം നായകയായി പ്രത്യക്ഷപ്പെട്ട റോസ് മേരി (1954) എന്ന റീമേക്ക് ചിത്രം 5 ദശലക്ഷത്തിലധികം ഡോളർ സമ്പാദിച്ചുവെങ്കിലും ഉയർന്ന നിർമ്മാണച്ചിലവ് ചിത്രം നഷ്ടത്തിലാകാൻ കാരണമായി. മറ്റ് മക്‌ഡൊണാൾഡ്-എഡ്ഡി സിനിമകൾ (ദ ഗേൾ ഓഫ് ദി ഗോൾഡൻ വെസ്റ്റ് പോലുള്ളവ) പുനർനിർമ്മിക്കാനുള്ള പദ്ധതികൾ ചർച്ച ചെയ്യപ്പെട്ടുവെങ്കിലും ഇത്തരം ശ്രമങ്ങൾ വൃഥാവിലായി.

ദി സ്റ്റുഡന്റ് പ്രിൻസ് (1954) എന്ന ചിത്രത്തിൽ മരിയോ ലാൻസയ്‌ക്കൊപ്പം ബ്ലിത്തിനെ വീണ്ടും ഉൾപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നുവെങ്കിലും അദ്ദേഹത്തെ സ്റ്റുഡിയോയിൽ നിന്ന് പുറത്താക്കിയതോടെ ചിത്രത്തിൽ എഡ്മണ്ട് പർഡോം പകരക്കാരനായി എത്തുകയും ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. ബ്ലിത്തും പർഡോമും ഡേവിഡ് നിവെനുമായി ദി കിംഗ്സ് തീഫ് (1955) എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിച്ചു. കീലിനൊപ്പം വീണ്ടും ഒന്നിച്ച കിസ്മത്ത് (1955) എന്ന സംഗീതാത്മക ഹാസ്യചിത്രം ശക്തമായ നിരൂപണങ്ങൾ ഉണ്ടായിരുന്നിട്ടും, സാമ്പത്തികമായി പരാജയപ്പെട്ടു. ദി അഡ്വഞ്ചേഴ്‌സ് ഓഫ് ക്വെന്റിൻ ഡർവാർഡ് (1955) എന്ന ചിത്രത്തിലെ നായികയായി അവർ തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും അന്തിമമായി കേ കെൻഡൽ ചിത്രത്തിലേയ്ക്ക് കാസ്റ്റ് ചെയ്യപ്പെട്ടു. എം.ജി.എം സ്റ്റുഡിയോയിലെ അവരുടെ അവസാന ചിത്രമായ സ്ലാൻഡറിൽ (1957), വാൻ ജോൺസണൊപ്പം അഭിനയിച്ചു.

പിൽക്കാല പ്രവർത്തനങ്ങൾ[തിരുത്തുക]

ബ്ലിത്തിൻറെ 1952 ലെ മറ്റൊരു ചിത്രം.

പാരാമൗണ്ട് പിക്ചേർസിൻറെ ദി ബസ്റ്റർ കീറ്റൺ സ്റ്റോറി (1957) എന്ന ജീവചരിത്ര സിനിമയിൽ ഓ'കോണറിനൊപ്പം നിർമ്മാതാവ് സിഡ്നി ഷെൽഡൻ ബ്ലിത്തിനെ കാസ്റ്റ് ചെയ്തു. പോൾ ന്യൂമാനൊപ്പം മൈക്കൽ കർട്ടിസ് സംവിധാനം ചെയ്ത ദി ഹെലൻ മോർഗൻ സ്റ്റോറി (1957) എന്ന ജീവചരിത്ര സംബന്ധിയായ സിനിമയുടെ ടൈറ്റിൽ റോളിൽ വാർണർ ബ്രദേഴ്സ് അവളെ അവതരിപ്പിച്ചു. ഈ വേഷം ലഭിക്കുന്നതിനായി ബ്ലിത്ത് മറ്റ് 40 അഭിനേതാക്കളെ തോൽപ്പിച്ചതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. അവരുടെ ശബ്ദം യഥാർത്ഥ ഹെലൻ മോർഗനുമായി താദാത്മ്യം പ്രാപിക്കുന്നതായിരുന്നെങ്കിലും അവർക്കുവേണ്ടി ഗോഗി ഗ്രാന്റാണ് ഡബ്ബ് ചെയ്തത്. ആ സൗണ്ട് ട്രാക്ക് ഏറ്റവും വലിയ വിജയമായിരുന്നു. ഇതിനുശേഷം ബ്ലിത്ത് സിനിമകളൊന്നുംതന്നെ ചെയ്തില്ല. 1957-ൽ, കോൺക്വസ്റ്റ് എന്ന സിനിമ നിർമ്മിക്കാത്തതിൻറെ പേരിൽ അവർ നിർമ്മാതാവ് ബെനഡിക്റ്റ് ബൊഗിയസിനെതിരെ $75,000-ന് കേസ് ഫയൽ ചെയ്തിരുന്നു.

തത്സമയ പ്രകടനം[തിരുത്തുക]

അവരുടെ സംഗീത സംവിധായകനുമായി സേവനമനുഷ്ഠിച്ചിരുന്ന ഹാർപ്പർ മക്കേയ്ക്കൊപ്പം വർഷങ്ങളോളം ബ്ലിത്ത് തത്സമയ കച്ചേരി ടൂറുകൾ അവതരിപ്പിച്ചിരുന്നു.

സ്വകാര്യജീവിതം[തിരുത്തുക]

മോഷൻ പിക്ചർ ആൻഡ് ടെലിവിഷൻ മാസികയുടെ 1952 ഡിസംബർ മാസത്തെ പതിപ്പിൽ, 1952 ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ്, ഡ്വൈറ്റ് ഡി. ഐസൻ‌ഹോവറിനെ പ്രസിഡൻറ് എന്ന നിലയിൽ അംഗീകരിച്ച ഒരു റിപ്പബ്ലിക്കൻ പാർട്ടി അനുഭാവിയായിരുന്നു താനെന്ന് ബ്ലിത്ത് ഒരു അഭിമുഖത്തിൽ പറഞ്ഞു.

1953-ൽ, ദമ്പതികളെ തമ്മിൽ പരിചയപ്പെടുത്തിയ ഗായകൻ ഡെന്നിസ് ഡേയുടെ സഹോദരനും ഒരു പ്രസവചികിത്സകനുമായിരുന്ന ജെയിംസ് മക്നൾട്ടിയെ ബ്ലിത്ത് വിവാഹം കഴിച്ചു. നടിമാരായ ജോവാൻ ലെസ്ലി, ജെയ്ൻ വിതേഴ്സ്, ബെറ്റി ലിൻ എന്നിവരായിരുന്നു വധുവിൻറെ തോഴിമാർ. ദമ്പതികൾക്ക് പോപ്പിൽനിന്ന് പ്രത്യേക അഭിനന്ദനം ലഭിച്ചു. വിവാഹശേഷം, അഞ്ച് മക്കളെ വളർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ബ്ലിത്ത് തന്റെ കരിയറിൽ നിന്ന് ഒരു ഇടവേള എടുത്തു. 1955-ൽ, അവരുടെ ആരാധകനെന്ന നിലയിൽ കത്തുകൾ എഴുതിയിരുന്ന ആയുധധാരിയായ ഒരാൾ അവരുടെ ഭവനത്തിന് സമീപത്തുനിന്ന് അറസ്റ്റിലായിരുന്നു.

ബഹുമതികൾ[തിരുത്തുക]

1973-ൽ, കർദ്ദിനാൾ കുക്കിന്റെ അധ്യക്ഷതയിൽ നടന്ന ഒരു ചടങ്ങിൽവച്ച് കത്തോലിക്കാസഭയിലെ വിശ്വാസികളായിരുന്ന ഭർത്താവ് മക്നൾട്ടിക്കും ബ്ലിത്തിനും ലേഡി ആൻഡ് നൈറ്റ് ഓഫ് ദി ഹോളി സെപൽച്ചർ എന്ന ബഹുമതി നൽകി.

2003-ൽ, 2003-ൽ വിമൻസ് ഇന്റർനാഷണൽ സെൻറർ എന്ന സംഘടനയിൽനിന്ന് ലിവിംഗ് ലെഗസി പുരസ്കാരം അവർക്ക് ലഭിച്ചു.

അവലംബം[തിരുത്തുക]

  1. Charles, John. "Ann Blyth". TCM. Turner Classic Movie. Archived from the original on August 14, 2021. Retrieved January 3, 2022.
  2. "Anne Blyth on Personal Faith" Archived October 4, 2016, at the Wayback Machine., Guideposts, December 1952.
  3. King, Susan (August 12, 2013). "Ann Blyth gets a TCM salute for her birthday". Los Angeles Times.
  4. "Ann Blyth an Actress Since She Was 5". Chicago Daily Tribune. January 29, 1950. p. G3.
  5. WILLIAM BROWNELL (October 12, 1952). "THE BLYTH SPIRIT: Show Business Still Stimulating to Ann Blyth, Youthful But Veteran Trouper". New York Times. p. X5.
  6. "Watch on the Rhine". Internet Broadway Database. Retrieved August 9, 2015.
  7. WILLIAM BROWNELL (October 12, 1952). "THE BLYTH SPIRIT: Show Business Still Stimulating to Ann Blyth, Youthful But Veteran Trouper". New York Times. p. X5.
  8. King, Susan (August 12, 2013). "Ann Blyth gets a TCM salute for her birthday". Los Angeles Times.
  9. Schallert, Edwin (April 22, 1944). "Metro to Split Garson, Pidgeon Combination: 'The Bullfighter,' Latin-American Yarn, Chosen as Subject for Laurel and Hardy". Los Angeles Times. p. 5.
  10. Charles, John. "Ann Blyth". TCM. Turner Classic Movie. Archived from the original on August 14, 2021. Retrieved January 3, 2022.
  11. King, Susan (August 12, 2013). "Ann Blyth gets a TCM salute for her birthday". Los Angeles Times.
  12. Blyth, Ann, "My Career Took a Toboggan Ride", in Peale, Norman Vincent (ed.) Faith Made Them Champions. Carmel, New York: Guideposts Associates, Inc., 1954, pp. 114–117.
  13. "The Life Story of ANN BLYTH". Picture Show. Vol. 53, no. 1389. London. November 12, 1949. p. 12.
  14. WILLIAM BROWNELL (October 12, 1952). "THE BLYTH SPIRIT: Show Business Still Stimulating to Ann Blyth, Youthful But Veteran Trouper". New York Times. p. X5.
  15. The Eddie Mannix Ledger, Los Angeles: Margaret Herrick Library, Center for Motion Picture Study.
"https://ml.wikipedia.org/w/index.php?title=ആൻ_ബ്ലിത്ത്&oldid=3975400" എന്ന താളിൽനിന്ന് ശേഖരിച്ചത്