Jump to content

ഏഞ്ചല ലാൻസ്ബറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Dame

ഏഞ്ചല ലാൻസ്ബറി

ലാൻസ്ബറി 1950-ൽ
ജനനം
ഏഞ്ചല ബ്രിജിഡ് ലാൻസ്ബറി

(1925-10-16)ഒക്ടോബർ 16, 1925
മരണംഒക്ടോബർ 11, 2022(2022-10-11) (പ്രായം 96)
പൗരത്വം
  • യുണൈറ്റഡ് കിംഗ്ഡം
  • യുണൈറ്റഡ് സ്റ്റേറ്റ്സ് (1951 മുതൽ)
  • അയർലൻഡ് (ഫലകം:ഏകദേശം മുതൽ)
തൊഴിൽ
  • Actress
  • singer
സജീവ കാലം1942–2022
ജീവിതപങ്കാളി(കൾ)
(m. 1945; div. 1946)
(m. 1949; died 2003)
കുട്ടികൾ2
മാതാപിതാക്ക(ൾ)
കുടുംബം
പുരസ്കാരങ്ങൾFull list

ഡേം എഞ്ചല ബ്രിജിഡ് ലാൻസ്ബറി (ജനനം 1925 ഒക്ടോബർ 16) നാടകം, ടെലിവിഷൻ, സിനിമാ രംഗങ്ങളിൽ അഭിനയിച്ചിരുന്ന ഒരു ബ്രിട്ടീഷ്-അമേരിക്കൻ-ഐറിഷ് നടിയും, നിർമ്മാതാവും, ഡബ്ബിംഗ് കലാകാരിയും സർവ്വോപരി ഒരു ഗായികയുമായിരുന്നു. ഏഴ് ദശാബ്ദങ്ങൾ നീണ്ടുനിന്ന അവരുടെ ഔദ്യോഗികജീവിതത്തിൽ ഏറിയകൂറും അമേരിക്കൻ ഐക്യനാടുകളിൽ ചിലവഴിക്കുകയും അവരുടെ കലാരംഗത്തെ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.

മദ്ധ്യ ലണ്ടനിലെ റീജന്റ് പാർക്കിനു സമീപത്തുള്ള ഒരു മധ്യവർഗ്ഗ കുടുംബത്തിൽ ജനിച്ച ലാൻസ്ബറി, ഒരു ഐറിഷ് അഭിനേത്രിയായിരുന്ന മോയ്നാ മക്ഗില്ലിൻറേയും ഇംഗ്ലീഷ് രാഷ്ട്രീയ നേതാവായ എഡ്ഗർ ലൻസ്ബറിയുടെയും പുത്രിയായിരുന്നു. ദ ബ്ലിറ്റ്സ്് എന്നറിയപ്പെടുന്ന ജർമ്മൻ ബോംബിംഗിൽനിന്നു രക്ഷപ്പെടാൻ 1940 ൽ തൻറെ മാതാവിനോടും രണ്ട് ഇളയ സഹോദരന്മാരുമായി കുടുബം അമേരിക്കൻ ഐക്യനാടുകളിലേയ്ക്കു ചേക്കേറുകയും ന്യൂയോർക്ക് നഗരത്തിൽ അഭിനയ പരിശീലനം നടത്തുകയും ചെയ്തു.

1942 ൽ ഹോളിവുഡിലേക്ക് പ്രവേശിക്കുകയും മെട്രോ ഗോൾഡ്വിൻ മേയർ (എം.ജി.എം.) സ്റ്റുഡിയോയുമായി ഗ്യാസ്ലൈറ്റ് (1944) എന്ന ആദ്യചിത്രത്തിനുവേണ്ടി കരാറൊപ്പിടുകയും, ദ പിക്ചർ ഓഫ് ദോറിയൻ ഗ്രേ (1945) എന്നതുൾപ്പെടെയുള്ള ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയും ചെയ്തു. ഈ ചിത്രങ്ങളിലെ അഭിനയത്തിന് രണ്ട് ഓസ്കാർ അവാർഡ് നാമനിർദ്ദേശങ്ങളും ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടുകയും ചെയ്തു. തുടർന്ന് എം. ജി. എമ്മിനു വേണ്ടി സഹനടിയായി പതിനൊന്ന് ചിത്രങ്ങളിൽ അഭിനയിക്കുകയും 1952 ൽ അവരുമായുള്ള കരാർ അവസാനിച്ചതിനെത്തുടർന്ന്, തൻറെ അഭിനയപ്രവർത്തനങ്ങൾക്ക് അനുബന്ധമായി നാടകരംഗത്തേയ്ക്കുകൂടി പ്രവർത്തനം വ്യാപിപ്പിക്കുകയും ചെയ്തു. ഈ കാലഘട്ടത്തിൽ ബി-ലിസ്റ്റിലെ ഒരു നടിയായി വിലയിരുത്തപ്പെട്ടുവെങ്കിലും, "ദ മഞ്ചുറിയൻ കാൻഡിഡേറ്റ്" (1962) എന്ന ചിത്രത്തിലെ അഭിനയത്തിനു വ്യാപകമായ അഭിനന്ദനം ലഭിക്കുകയും അത് അവരുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി വിലയിരുത്തപ്പെടുകയും ചെയ്തു. മ്യൂസിക്കൽ തീയേറ്റർ (ഗാനങ്ങൾ, സംഭാഷണം, അഭിനയം, നൃത്തം എന്നിവയെല്ലാം സമന്വയിപ്പിച്ച ഒരു തിയേറ്ററിലെ പ്രകടനം) രംഗത്തേയ്ക്കു നീങ്ങിയ ലാൻസ്ബറി, ബ്രാഡ്വേ തീയേറ്ററിൻറെ "മാമേ" (1966) എന്ന മ്യൂസിക്കലിൽ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുകയും അവസാനം പ്രശസ്തിയുടെ ഉത്തുഗത്തിലെത്തുകയും ഇത് അവർക്ക് വിവിധ പുരസ്കാരങ്ങൾ നേടിക്കൊടുക്കുകയും ഒരു ഗേ ഐക്കൺ എന്ന സ്ഥാനം ചാർത്തിക്കൊടുക്കുകയും ചെയ്തു.

സ്വകാര്യ ജീവിതത്തിലെ ബുദ്ധിമുട്ടുകൾക്കിടയിലും 1970 ൽ അവർ കാലിഫോർണിയയിൽനിന്ന് അയർലണ്ടിലെ കൗണ്ടി കോർക്കിലേയ്ക്കു സഞ്ചരിക്കുകയും ആ ദശകത്തിലുടനീളം നിരവധി തിയേറ്റർ പ്രകടനങ്ങളും സിനിമാസംബന്ധിയായ പ്രകടനങ്ങളും തുടരുകയും ചെയ്തു. ഇക്കാലത്തെ അവരുടെ കലാപ്രവർത്തനങ്ങളിൽ ജിപ്സി, സ്വീനി ടോഡ്, ദ കിംഗ് ആൻഡ് ഐ എന്നിങ്ങനെയുള്ള സ്റ്റേജ് മ്യൂസിക്കലുകളിലേയും അതുപോലെ തന്നെ ഡിസ്നിയുടെ ബെഡ്ക്നോബ്സ് ആൻഡ് ബ്രൂം സ്റ്റിക്സ് (1971) എന്ന ഹിറ്റ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളും ഉൾപ്പെട്ടിരുന്നു. ടെലിവിഷൻ പരമ്പരയിലേയ്ക്കുള്ള പ്രവേശനത്തിൽ, 1984 മുതൽ 1996 വരെയുള്ള നീണ്ട കാലയളവിൽ പന്ത്രണ്ട് സീസണുകളിലായി സംപ്രക്ഷേപണം ചെയ്യപ്പെട്ട അമേരിക്കൻ “ഹൂഡൺഇറ്റ്” പരമ്പരയായ “മർഡർ, ഷീ റോട്ട്”ലെ കൽപ്പിതകഥാകൃത്തും അപസർപ്പകയുമായ ജെസ്സിക്ക് ഫ്ലെച്ചർ എന്ന കഥാപാത്രം അവർക്ക് ലോകവ്യാപകമായ പ്രശസ്തി നേടിക്കൊടുത്തു. ഈ പരമ്പര, ടെലിവിഷൻ ചരിത്രത്തിലെതന്നെ ഏറ്റവും ദൈർഘ്യമേറിയതും, ഏറ്റവും പ്രശസ്തവുമായ ഡിറ്റക്റ്റീവ് നാടക പരമ്പരയായിത്തീർന്നു. ഭർത്താവായ പീറ്റർ ഷാവുമായി സഹ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയായ കോറിമോർ പ്രൊഡക്ഷൻസ് വഴി ലാൻസ്ബറി ഈ പരമ്പരയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുകയും അവസാന നാലു സീസണുകളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയി പ്രവർത്തിക്കുകയും ചെയ്തിരുന്നു. ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റായുള്ള പ്രവർത്തനത്തിൽ ഡിസ്നിയുടെ ആനിമേറ്റഡ് സിനിമയായ "ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ്" (1991) പോലെയുള്ള ആനിമേഷൻ സിനിമകളിൽ പ്രവർത്തിച്ചിരുന്നു. അതിനുശേഷം അവർ വിവിധങ്ങളായ അന്തർദേശീയ തിയറ്ററുകളുമായി സഹകരിച്ചു പ്രവർത്തിക്കുകയും ഇടയ്ക്കിടെ സിനിമാരംഗത്ത് പ്രത്യക്ഷപ്പെടുകയും ചെയ്തു. ഏഞ്ചല ലാൻസ്ബറിക്ക് ഒരു ഓണററി ഓസ്കാർ ലഭിച്ചതുകൂടാതെ അഞ്ച് ടോണി അവാർഡുകൾ ആറ് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ, ഒരു ഒലിവിയർ അവാർഡ്, ഒരു ഗ്രാമി പുരസ്കാരം എന്നിവ ലഭിച്ചിരുന്നു. മൂന്ന് വ്യത്യസ്ത സന്ദർഭങ്ങളിൽ മികച്ച സഹനടിക്കുള്ള അക്കാഡമി അവാർഡ് ഉൾപ്പെടെയുള്ള നിരവധി വ്യവസായ അവാർഡുകളിലേക്കും പല സന്ദർഭങ്ങളിലായി അവർ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.

2022 ഒക്‌ടോബർ 11-ന് 96-ആം വയസ്സിൽ ലോസ് ഏഞ്ചൽസിലെ തന്റെ വീട്ടിൽവച്ച് ഉറക്കത്തിൽ അവർ അന്തരിച്ചു.[1][2][3]

ജീവിതരേഖ

[തിരുത്തുക]

1925 ഒക്ടോബർ 16 ന് ഒരു മധ്യവർഗ കുടുംബത്തിൽ ഏഞ്ചല ലാൻസ്ബറി ജനിച്ചത്.[4] അവരുടെ ജന്മസ്ഥലമായി പലപ്പോഴും സൂചിപ്പിക്കപ്പെടുന്നത് ഈസ്റ്റ് ലണ്ടനിലെ പോപ്ലാർ ആണെങ്കിലും ഇത് ഏഞ്ചല ലാൻസ്ബറി നിഷേധിക്കുന്നു. പോപ്ലാറുമായി തനിക്കു പൂർവ്വിക ബന്ധങ്ങളുണ്ടെങ്കിലും മദ്ധ്യ ലണ്ടനിലെ റീജൻറ്സ് പാർക്കാണ് തൻറെ ജന്മസ്ഥലമെന്ന് അവർ സ്വയം പ്രമാണീകരിക്കുന്നു.[5][6] ഏഞ്ചലയുടെ മാതാവ് ബെൽഫാസ്റ്റിൽ ജനിച്ച അഭിനേത്രി മോയ്നാ മക്ഗില്ലായിരുന്നു (ജനനനാമം, ഷാർലറ്റ് ലില്ല്യൻ മക്കിൾഡോവി) ആയിരുന്നു. അവർ പതിവായി വെസ്റ്റ് എൻഡിലെ അരങ്ങിൽ പ്രത്യക്ഷപ്പെടുകയും അതോടൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു.[7] അവരുടെ പിതാവ് സമ്പന്നനായ ഇംഗ്ലീഷ് മര വ്യവസായിയും രാഷ്ട്രീയപ്രവർത്തകനുമായിരുന്ന എഡ്ഗർ ലൻസ്ബറി ആയിരുന്നു. അദ്ദേഹം ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടിയിലെ ഒരു അംഗവും മെട്രോപോളിറ്റൻ ബറോ ഓഫ് പോപ്ലാറിലെ മുൻ മേയറുമായിരുന്നു.[8]

അവലംബം

[തിരുത്തുക]
  1. Lewis, Daniel (October 11, 2022). "Angela Lansbury, Star of Film, Stage and Murder, She Wrote, Dies at 96". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0362-4331. Archived from the original on October 14, 2022. Retrieved October 15, 2022.
  2. Li, David K. (October 11, 2022). "Angela Lansbury, Murder, She Wrote and Beauty and the Beast star, dies at 96" (in ഇംഗ്ലീഷ്). NBC News. Archived from the original on October 11, 2022. Retrieved October 15, 2022.
  3. Barnes, Mike (October 11, 2022). "Angela Lansbury, Entrancing Star of Stage and Screen, Dies at 96". The Hollywood Reporter (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on October 14, 2022. Retrieved October 15, 2022.
  4. Bonanno 1987, p. 3; Edelman & Kupferberg 1996, p. 3.
  5. "Interview with Mark Lawson". BBC Radio 4. February 3, 2014. Archived from the original on September 8, 2016. "I want to make one thing clear: I was not born in Poplar, that's not true, I was born in Regent's Park, so I wasn't born in the East End, I wish I could say I had been. Certainly my antecedents were: my grandfather, my father." (mins 3–4)
  6. Selby 2014, പുറം. 4.
  7. Bonanno 1987, pp. 3–4; Edelman & Kupferberg 1996, pp. 5–10; Gottfried 1999, p. 8.
  8. Bonanno 1987, p. 4; Edelman & Kupferberg 1996, p. 3.
"https://ml.wikipedia.org/w/index.php?title=ഏഞ്ചല_ലാൻസ്ബറി&oldid=4024035" എന്ന താളിൽനിന്ന് ശേഖരിച്ചത്