ആനന്ദരാമായണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആനന്ദരാമായണം
Rama returns to Ayodhya.jpg
രാമൻ അയോധ്യയിലോക്ക് തിരിച്ചുവരുന്നത് ചിത്രകാരന്റെ ഭാവനയിൽ
കർത്താവ്വാല്മീകി
രാജ്യംഭാരതം
ഭാഷസംസ്കൃതം
ISBNലഭ്യമല്ല

ഒരു സംസ്കൃത കൃതി. പേരുസൂചിപ്പിക്കുന്നതുപോലെ രാമകഥയാണ് ഇതിലെ പ്രതിപാദ്യം. ഇതു കേൾക്കുന്ന മാത്രയിൽ ശ്രോതാവിന്റെ ഹൃദയം ആനന്ദാതിരേകത്താൽ നിറയുമെന്നതിനാലാണത്രെ ഈ രാമകഥയ്ക്ക് ആനന്ദരാമായണം എന്നു പേരു വന്നത്. വാല്മീകിയാണ് രചയിതാവെന്ന് ഗ്രന്ഥത്തിൽ പലയിടത്തും സൂചിപ്പിക്കുന്നുണ്ടെങ്കിലും[1] അത് ശരിയല്ലെന്നാണ് പൊതുവിൽ വിശ്വസിക്കപ്പെടുന്നത്. ഇതുവരെയും ഗ്രന്ഥകർത്താവിനെപ്പറ്റിയുള്ള സംശയരഹിതമായ സൂചനലഭിച്ചിട്ടില്ല.

വാല്മീകിരാമായണവുമായി ആനന്ദരാമായണത്തിന് പ്രകടമായി കുറേ വ്യത്യാസങ്ങളുണ്ട്. വാല്മീകിരാമായണത്തിന് ആറുകാണ്ഡമാണെങ്കിൽ ആനന്ദരാമായണത്തിൽ ഓൻപതു കാണ്ഡങ്ങളുണ്ട്. സാരകാണ്ഡം, യാത്രാകാണ്ഡം, യാഗകാണ്ഡം, വിലാസകാണ്ഡം, ജന്മകാണ്ഡം, വിവാഹകാണ്ഡം, രാജ്യകാണ്ഡം, മനോഹരകാണ്ഡം, പൂർണകാണ്ഡം എന്നിവയാണവ. സാരകാണ്ഡത്തിൽ 13 സർഗങ്ങളും 2530 ശ്ലോകങ്ങളും യാത്രാകാണ്ഡത്തിൽ 9 സർഗങ്ങളും 735 ശ്ലോകങ്ങളും യാഗകാണ്ഡത്തിൽ 9 സർഗങ്ങളും 625 ശ്ലോകങ്ങളും വിലാസകാണ്ഡത്തിൽ 9 സർഗങ്ങളും 678 ശ്ലോകങ്ങളും ജന്മകാണ്ഡത്തിൽ 9 സർഗങ്ങളും 802 ശ്ലോകങ്ങളും വിവാഹകാണ്ഡത്തിൽ 9 സർഗങ്ങളും 583 ശ്ലോകങ്ങളും രാജ്യകാണ്ഡത്തിൽ 24 സർഗങ്ങളും 2622 ശ്ലോകങ്ങളും മനോഹരകാണ്ഡത്തിൽ 18 സർഗങ്ങളും 3100 ശ്ലോകങ്ങളും പൂർവകാണ്ഡത്തിൽ 9 സർഗങ്ങളും 577 ശ്ലോകങ്ങളും - ഇങ്ങനെ 109 സർഗങ്ങളിലായി ആകെ 12252 ശ്ലോകങ്ങളാണ് ഇതിലുള്ളത്.[2]

ഗ്രന്ഥ വിഭജനത്തിലും ശ്ലോകസംഖ്യയിലും മാത്രമല്ല, ഗ്രന്ഥത്തിന്റെ തുടക്കത്തിലും കഥാംശത്തിലും വ്യത്യാസങ്ങൾ പ്രകടമാണ്. ആന്ദരാമായണത്തിൽ കൗസല്യയുടെ വിവാഹാലോചനയോടെയാണ് കഥാരംഭം. ആദികാവ്യത്തിൽലാകട്ടെ ദശരഥന്റെ പുത്രകാമേഷ്ടിയോടെയും. ദശരഥന്റെ ദ്വിതീയ പത്നിയായ കൈകേയിയെ ആനന്ദരാമായണകാരൻ തൃതീയ പത്നിയായാണ് അവതരിപ്പിക്കുന്നത്. പുത്രകാമേഷ്ടി യാഗത്തിൽ ഉയർന്നു വന്ന പായസത്തിന്റെ രണ്ടുഭാഗം സുമിത്ര ഭക്ഷിച്ചെന്ന് വാല്മീകി പറയുമ്പോൾ, പായസത്തിന്റെ രണ്ടുഭാഗവും ഭക്ഷിച്ചത് കൈകേയിയാണ്. അതിനാൽ ഇരട്ടക്കുട്ടികൾ ഉണ്ടായതു കൈകേയിക്കാണെന്നും ഭരതൻ ലക്ഷ്മണന്റെ അനുജനാണെന്നും ആനന്ദരാമായണകാരൻ പറയുന്നു. രാവണനെ അസാധാരണ മഹത്ത്വമുള്ള വ്യക്തിയായിട്ടാണ് ഇതിൽ ചിത്രീകരിച്ചിട്ടുള്ളത്. സീതാ വിവാഹവേളയിൽ രാവണൻ പങ്കെടുത്തതായി ആനന്ദരാമായണം പ്രതിപാദിക്കുന്നു.

ഇത്തരം സുപ്രധാനമായ വ്യതിയാനങ്ങൾക്കുപുറമെ, രാമായണത്തിൽ ചുരുക്കി പ്രതിപാദിച്ചിട്ടുള്ള കാര്യങ്ങൾ പലതും ആനന്ദരാമായണത്തിൽ വളരെ വിസ്തരിച്ച് പ്രതിപാദിക്കുന്നുണ്ട്. ദശരഥൻ ഭാര്യയ്ക്കുകൊടുത്ത രണ്ടു വരങ്ങൾ, രാമേശ്വരം പ്രതിഷ്ഠ, ദശരഥനെ വൈശ്യമഹർഷി ശപിച്ചത് തുടങ്ങിയ ഭാഗങ്ങൾ ഉദാഹരണം.


അവലംബം[തിരുത്തുക]

  1. "ഇതി വാല്മീകിയേ ആനന്ദരാമായണേ" - ആനന്ദരാമായണം
  2. വിശ്വസാഹിത്യവിജ്ഞാനകോശം വാല്യം 1 (1 പതിപ്പ്.). തിരുവനന്തപുരം: കേരള സംസ്ഥാന സർവവിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ട്. ആഗസ്റ്റ് 1995. പുറം. 655. Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=ആനന്ദരാമായണം&oldid=2428460" എന്ന താളിൽനിന്ന് ശേഖരിച്ചത്