അഗസ്ത്യരസായനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അഗസ്ത്യമുനിയുടെ വിധിപ്രകാരമുള്ളതെന്നു വിശ്വസിക്കപ്പെടുന്ന ഒരു ആയുർവേദ ഔഷധം. കാസം, ശ്വാസം, ക്ഷയം, വിഷമജ്വരം, മേഹം, ഗുൽമം, ഗ്രഹണി, അർശസ്, ഹൃദ്രോഗം, അരുചി, പീനസം എന്നീ രോഗങ്ങളുടെ ചികിത്സയിൽ ഇതുപയോഗിക്കാറുണ്ട്.

ചേരുവ[തിരുത്തുക]

കൂവളവേര്, കുമിഴിൻവേര്, പാതിരി വേര്, പയ്യാഴാന്തവേര്, മുഞ്ഞവേര്, ഓരിലവേര്, മൂവിലവേര്, ചെറുവഴുതിനവേര്, വെൺവഴുതിനവേര്, ഞെരിഞ്ഞിൽ, നായ്ക്കുരണവേര്, ശംഖുപുഷ്പവേര്, കച്ചോലം, കുറുന്തോട്ടിവേര്, അത്തി, തിപ്പലി, ചെറുകടലാടിവേര്, കാട്ടുതിപ്പലിവേര്, കൊടുവേലിക്കിഴങ്ങ്, ചെറുതേക്കിൻ വേര്, പുഷ്കരമൂലം ഇവ ഓരോന്നും രണ്ടു പലം വീതം, യവം 4 ഇടങ്ങഴി, കടുക്ക 100 എണ്ണം.

പാകവിധി[തിരുത്തുക]

മേല്പറഞ്ഞ മരുന്നുകൾ എല്ലാംകൂടി 20 ഇടങ്ങഴി വെള്ളത്തിൽ കഷായം വയ്ക്കണം. യവം വെന്തു തുടങ്ങുമ്പോൾ കഷായം ഇറക്കിയശേഷം അതിൽനിന്ന് കടുക്ക മുഴുവൻ പ്രത്യേകം എടുത്തു മാറ്റിവയ്ക്കണം. കഷായം പിഴിഞ്ഞരിച്ച് ഒരു വാർപ്പിൽ പകർന്നു ഒഴിക്കണം. കഷായത്തിൽ ഒരു തുലാം ശർക്കര കലക്കി മാറ്റിവച്ചിരുന്ന കടുക്കയും നാഴി പശുവിൻ നെയ്യും നാഴി നല്ലെണ്ണയും ചേർത്തിളക്കി പാകപ്പെടുത്തി ലേഹ്യപാകമാകുമ്പോൾ ഇറക്കിവച്ച് നാഴി തിപ്പലിപ്പൊടി വിതറി ചട്ടുകംകൊണ്ട് നല്ലവണ്ണം ഇളക്കണം. ലേഹ്യം തണുത്തശേഷം നാഴി തേൻ ചേർത്തു വീണ്ടും ഇളക്കി ഭരണിയിൽ സൂക്ഷിക്കണം.

സേവിക്കൽ[തിരുത്തുക]

രണ്ടു കടുക്ക എടുത്തു കടിച്ചുതിന്നുകയും കടുക്കയോട് പറ്റിയിരിക്കുന്ന ലേഹ്യം നക്കിതിന്നുകയും വേണം. ലേഹ്യം മൂന്നുകഴഞ്ച് അളവിൽ ഒരു പ്രാവശ്യം ഉപയോഗിക്കാമെന്ന് സുശ്രുതാചാര്യൻ നിർദ്ദേശിക്കുന്നുണ്ട്. കടുക്കാ വെന്തതിനുശേഷം പ്രത്യേകം എടുത്തു കുരുകളഞ്ഞ് നെയ്യിൽ വറുത്തരച്ചും ലേഹ്യത്തിൽ ചേർക്കാറുണ്ട്. ഇപ്രകാരമാണ് കേരളത്തിൽ ചെയ്തുകാണുന്നത്. ഒരു യോഗത്തിനു 100 കടുക്ക എന്നു പ്രത്യേകം വിധിച്ചിട്ടുണ്ടെങ്കിലും ഒരു കടുക്ക അരപ്പലം എന്ന കണക്കിനു 50 പലം കടുക്ക പൊടിച്ചു കഷായത്തിൽ അരച്ചുചേർത്തും ചിലർ രസായനം തയ്യാറാക്കിവരുന്നുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഗസ്ത്യരസായനം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഗസ്ത്യരസായനം&oldid=2279738" എന്ന താളിൽനിന്ന് ശേഖരിച്ചത്