സൂര്യനെല്ലി സ്ത്രീപീഡനക്കേസ്
ഇടുക്കിയിലെ സൂര്യനെല്ലി സ്വദേശിനിയായ ഒൻപതാം ക്ലാസുകാരിയായ[1] പെൺകുട്ടിയെ സ്നേഹം നടിച്ച് തട്ടിക്കൊണ്ടുപോകുകയും, തുടർന്നുള്ള നാല്പതുദിവസം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന പരാതി സംബന്ധിച്ച അന്വേഷണത്തേയും വിചാരണയേയും ആണ് സൂര്യനെല്ലി സ്ത്രീപീഡനക്കേസ് എന്ന് പറയുന്നത്[2].
1996-ൽ ആണ് സംഭവ പരമ്പരകളുടെ തുടക്കം. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽവച്ചു നടന്ന പീഡനത്തിൽ 42-ഓളം പേർ ഉൾപ്പെട്ടിരുന്നു[3]. പ്രതികളിൽ ചിലർ അറിയപ്പെടുന്നവരും ഉന്നതപദവികൾ വഹിക്കുന്നവരും ആയിരുന്നു. പീരുമേട് സെഷൻസ് കോടതിയിൽ ആരംഭിച്ച കുറ്റവിചാരണ പിന്നീട് പ്രത്യേക കോടതിയിലേയ്ക്ക് മാറ്റപ്പെടുകയുണ്ടായി. പ്രതികളിൽ നാലുപേരൊഴിച്ചുള്ള എല്ലാവരേയും ശിക്ഷിച്ചുകൊണ്ടുള്ള പ്രത്യേക കോടതി വിധി, കേരള ഹൈക്കോടതി 2005-ൽ റദ്ദാക്കുകയും പ്രധാന പ്രതിയായ ധർമ്മരാജൻ ഒഴിച്ചുള്ളവരെ വെറുതെ വിടുകയും ചെയ്തു. ഇതിനെതിരെ സർക്കാരും ഇരയായ പെൺകുട്ടിയും സുപ്രീം കോടതിയിൽ അപ്പീലിൽ നൽകുകയും, 2013 ജനുവരിയിൽ, ഈ വിധി സുപ്രീം കോടതി റദ്ദാക്കുകയും കേസ് കേരള ഹൈക്കോടതിയിൽ പുനഃപരിശോധന നടത്തുന്നതിനായി തിരികെ അയയ്കുവാൻ ഉത്തരവിടുകയും ചെയ്തു. [4]
ഉള്ളടക്കം |
തട്ടിക്കൊണ്ടു പോകലും പീഡനവും [തിരുത്തുക]
1996-ൽ പതിനാറ് വയസുണ്ടായിരുന്ന പെൺകുട്ടി, മൂന്നാറിലെ ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്കൂളിൽ കോൺവെന്റിൽ[5] നിന്നായിരുന്നു പഠിച്ചിരുന്നത്. പിതാവ് തപാൽ വകുപ്പ് ജീവനക്കാരനായിരുന്നു. പെൺകുട്ടി സ്ഥിരമായി വീട്ടിലേയ്ക്കും തിരിച്ചും സഞ്ചരിച്ചിരുന്ന ബസിലെ ജോലിക്കാരനായ രാജു എന്ന വ്യക്തിയുമായി പ്രേമത്തിലാകുകയും രാജുവിന്റെ വാക്ക് വിശ്വസിച്ച് 1996 ജനുവരി 16-ന് കോൺവെന്റിൽ നിന്ന് അമ്മയ്ക്ക് അസുഖമാണെന്ന കള്ളം പറഞ്ഞ് പുറത്ത് കടക്കുകയും രാജുവിനൊപ്പം പോവുകയുമായിരുന്നു[3]. രാജു പെൺകുട്ടിയെ പൊൻകുന്നം തെക്കേത്തുകവല സ്വദേശിനിയായ ഉഷ എന്ന സ്ത്രീയ്ക്ക് കോതമംഗലം ബസ് സ്റ്റാൻഡിൽ വെച്ച് കൈമാറുകയും, ഉഷ തന്റെ പരിചയക്കാരനായ അഭിഭാഷകൻ ധർമ്മരാജനുമായി ചേർന്ന് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, മറ്റ് നിരവധിയാൾക്കാർക്ക് ലൈംഗികമായി പീഡിപ്പിക്കാൻ അവസരമുണ്ടാക്കിക്കൊടുക്കുകയുമായിരുന്നു. ധർമ്മരാജൻ പെൺകുട്ടിയെ കോട്ടയം, പാലക്കാട്, എറണാകുളം, തിരുവനന്തപുരം, കന്യാകുമാരി, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ ലോഡ്ജുകളിൽ നിരവധി പേർക്ക് പീഡിപ്പിക്കാൻ അവസരം നൽകി പണം വാങ്ങി. ഇതിനിടെ, തമിഴ്‌നാട്ടിലെ കമ്പത്ത് വിലാസിനിയെന്ന സ്ത്രീയുടെ വീട്ടിലും കുറവിലങ്ങാട്ടുള്ള മറ്റൊരു സ്ത്രീയുടെ വീട്ടിലും, നാദാപുരത്തെ ഒരു വീട്ടിലും പീഡനത്തിനായി താമസിപ്പിച്ചിരുന്നു. കുമളി റസ്റ്റ് ഹൗസിൽ വെച്ചായിരുന്നു ഏറ്റവുമധികം ലൈംഗിക പീഡനം നടന്നത്. ഒടുവിൽ ആറുദിവസം മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു.
തുടർച്ചയായ പീഡനത്തെത്തുടർന്ന് അവശനിലയിലായ പെൺകുട്ടിയെ പെരിയാറിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പെൺകുട്ടിയെ കിടത്തി ചികത്സിക്കണമെന്ന് ഡോക്ടർ പറയുകയുമുണ്ടായി. പെൺകുട്ടി മരിച്ചുപോകുമോ എന്ന ഭയം കാരണം ഇതിന് സമ്മതിക്കാതെ 1996 ഫെബ്രുവരി 26-നു വീട്ടിലേയ്ക്ക് പറഞ്ഞുവിടുകയായിരുന്നു[5]. പെൺകുട്ടിക്ക് ഒരു ചെറിയ തുക കൊടുക്കുകയും നടന്ന സംഭവങ്ങളെപ്പറ്റി ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു[6]. തിരിച്ചെത്തിയ പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ ഗുരുതരമായ പരിക്കേറ്റിരുന്നു എന്ന്, അന്ന് പെൺകുട്ടിയെ സഹായിച്ചിരുന്നവർ പറഞ്ഞിട്ടുണ്ട്[7], കോടതിയിൽ സമർപ്പിക്കപ്പെട്ട പെൺകുട്ടിയുടെ വൈദ്യപരിശോധനാ റിപ്പോർട്ടിൽ (൧) പീഡനത്താൽ പെൺകുട്ടിയുടെ യോനിയിൽ അണുബാധയുണ്ടായിരുന്നു എന്നും ഇടുപ്പിലും നടുവിനും വേദനയുണ്ടായിരുന്നു എന്നും പറയുന്നുണ്ട്. [8].
അന്വേഷണവും വിചാരണയും [തിരുത്തുക]
കുട്ടിയെ തട്ടിക്കൊണ്ടു പോയദിവസം തിങ്കളാഴ്ചയായിരുന്നതിനാൽ വീട്ടിൽ പോകേണ്ട ദിവസമായിരുന്നില്ല. അന്ന് കുട്ടിയെ മൂന്നാർ പട്ടണത്തിൽ കണ്ട കാര്യം കുട്ടിയുടെ പിതാവിന്റെ സുഹൃത്ത് അറിയിച്ചതിനെ തുടർന്ന് അന്നു തന്നെ അന്വേഷണമാരംഭിച്ചു[9]. അതിനാൽ അന്നുതന്നെ പോലീസ് ഉണർന്നു പ്രവർത്തിക്കുകയായിരുന്നെങ്കിൽ പീഡനം നടക്കില്ലായിരുന്നുവെന്ന് പറയപ്പെടുന്നു. തിരിച്ചെത്തിയ പെൺകുട്ടിയെ പരിശോധിച്ച ഡോക്ടർ ആണ്, നിയമപ്രകാരം നീങ്ങാൻ പെൺകുട്ടിയേയും കുടുംബത്തേയും ഉപദേശിക്കുന്നതും പോലീസിനെ അറിയിക്കുന്നതും. കേസ് ആദ്യം മൂന്നാർ സി.ഐ. അന്വേഷിച്ചു, ആദ്യം തന്നെ ഉഷയും ധർമ്മരാജനും അറസ്റ്റിലായി. എന്നാൽ പ്രതികൾ പെൺകുട്ടിയുടെ ജനനതീയതി സ്കൂൾ രേഖകളിൽ 1980 ഏപ്രിൽ 23 എന്നുണ്ടായിരുന്നത് തിരുത്തി[5] ഗൗരവം കുറയ്ക്കാൻ ശ്രമിച്ചെന്നും, കേസ് തേച്ചുമാച്ചുകളയാൻ ശ്രമിച്ചെന്നുമുള്ള ആരോപണം ഉയർന്നപ്പോൾ, അന്വേഷണ ചുമതല ദേവികുളം സി.ഐ. കെ.വി. മാത്യുവിനു സർക്കാർ കൈമാറി. ജാമ്യത്തിലിറങ്ങിയ ധർമ്മരാജൻ പിന്നീട് ഒളിവിൽ പോയി. മാദ്ധ്യമ-പൊതുജനസമ്മർദ്ദത്തെ തുടർന്ന് കേസ് കൂടുതൽ ഉയർന്ന ഉദ്യോഗസ്ഥർ അന്വേഷിക്കാൻ ഉത്തരവുണ്ടായി. ആദ്യം എസ്.പി. ഇട്ടൂപ്പിന്റെ നേതൃത്വത്തിലും പിന്നിട് അന്ന് ഐ.ജി. ആയിരുന്ന സിബി മാത്യൂസിന്റെ നേതൃത്തിലുമുള്ള സംഘങ്ങൾ അന്വേഷണം ഏറ്റെടുത്തു[10][11]. ആദ്യം പെൺകുട്ടിയുടെ സ്കൂൾ യൂണിഫോം ഉഷയുടെ വീട്ടിൽ നിന്നും, പാദസരം കോട്ടയം, പുളിമൂട് കവലയിലെ കടയിൽ നിന്ന് കണ്ടെത്തുകയും ചെയ്തത്[5] നിർണ്ണായക തെളിവായി. അന്ന് കേന്ദ്രമന്ത്രിയായിരുന്ന പി.ജെ. കുര്യനും, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവും[10] കോൺഗ്രസ് ജില്ലാ കമ്മറ്റി (ഡി.സി.സി.) പ്രസിഡന്റും ആയിരുന്ന ജേക്കബ് സ്റ്റീഫനും അടക്കം മൊത്തം നാല്പത്തിരണ്ടു പേർ തന്നെ പീഡിപ്പിച്ചുവെന്ന് പെൺകുട്ടി അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ മൊഴി കൊടുത്തിരുന്നു.
പീരുമേട് സെഷൻസ് കോടതിയിലാണ് വിചാരണ തുടങ്ങിയത്. 1999-ൽ പൊതുജനസമ്മർദ്ദത്തെത്തുടർന്ന് മന്ത്രിസഭാതീരുമാനമനുസരിച്ച് കോട്ടയത്ത് ഒരു പ്രത്യേക കോടതി[12] ഈ കേസിന്റെ വിചാരണയ്ക്കായി രൂപീകരിക്കുകയുണ്ടായി. ഇതായിരുന്നു കേരളത്തിലെ ആദ്യത്തെ സ്പെഷ്യൽ കോടതി [8]
പ്രത്യേക കോടതി വിധി [തിരുത്തുക]
2000 സെപ്റ്റംബർ 6-ന് പ്രത്യേക കോടതി 35 പ്രതികൾക്ക് മൂന്നു മുതൽ പതിമൂന്നു വർഷം വരെ തടവുശിക്ഷ വിധിച്ചു[3]. ഒന്നാം പ്രതിയായ കണ്ടക്ടർ രാജുവിനും രണ്ടാം പ്രതിയായ ഉഷയ്ക്കും പതിമൂന്ന് വർഷം വീതം തടവു ശിക്ഷ ലഭിച്ചു. മറ്റു കുറ്റങ്ങൾക്ക് ഇവർക്ക് നാലു വർഷം തടവുശിക്ഷയും നൽകപ്പെട്ടു. നാലു പ്രതികളെ വെറുതേ വിടുകയുമുണ്ടായി. വക്കീൽ ധർമ്മരാജനും, കുമളി റെസ്റ്റ് ഹൗസ് ജോലിക്കാരനായ 'എലൈറ്റ്' ദേവസ്യയും വിചാരണ നടക്കുന്ന സമയത്ത് ഒളിവിലായിരുന്നു[13]. നാലാം പ്രതി റെജി 2004 നവംബർ 2-ന് ആത്മഹത്യ ചെയ്തു[3]. മറ്റൊരു പ്രതിയായിരുന്ന സലിം ഈ കാലയളവിനുള്ളിൽ മരിച്ചിരുന്നു.
ക്രിമിനൽ ഗൂഢാലോചന (ഐ.പി.സി. സെൿഷൻ 120-ബി), കൂട്ടബലാൽസംഗം (ഐ.പി.സി. സെക്‌ഷൻ 376.2ജി), ബലാൽസംഗം (ഐ.പി.സി. സെൿഷൻ 376 (ഐ)) ക്രിമിനൽ ഉദ്ദേശത്തോടെയുള്ള തട്ടിക്കൊണ്ടുപോകൽ (ഐ.പി.സി. സെൿഷൻ 368), പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികോദ്ദേശത്തോടെ വിപണനം ചെയ്യൽ (ഐ.പി.സി. സെൿഷൻ 366) തടഞ്ഞുവെക്കൽ (ഐ.പി.സി. സെൿഷൻ 363), തട്ടിക്കൊണ്ടുപോകൽ (ഐ.പി.സി. സെൿഷൻ 365) തുടങ്ങിയ കുറ്റങ്ങളാണ് പ്രത്യേക കോടതി കണ്ടെത്തിയത്[13]. കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തിലെ പോലീസിന്റെ പ്രവർത്തനവും വിധിയിൽ വിമർശന വിധേയമായി.
വിചാരണയുടെ ആദ്യഘട്ടത്തിൽ ഒളിവിലായിരുന്ന ധർമ്മരാജൻ, കർണാടകയിലെ പാറമടയിൽ ജോലിക്കാരനായി ജീവിക്കവെ 2000 സെപ്റ്റംബർ 17-നു പോലീസ് പിടിയിലായി[14]. ധർമ്മരാജനായി പ്രത്യേക കോടതി, പ്രത്യേക വിചാരണ നടത്തുകയും വിചാരണയ്ക്കൊടുവിൽ 2002 ജൂലൈ 13-നു ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു[10][14].
ഹൈക്കോടതി വിധി [തിരുത്തുക]
2005 ജനുവരി 20-ന് കേരള ഹൈക്കോടതി മുന്നേ ശിക്ഷിക്കപ്പെട്ട 35 പേരെ വെറുതേ വിടുകയും[15] ധർമരാജൻ മാത്രമാണ് കുറ്റക്കാരൻ എന്നും ഇയാളുടെ കുറ്റം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വേശ്യാവൃത്തിക്കായി സ്വീകരിക്കുകയും വിൽക്കുകയും ചെയ്തത് മാത്രമാണെന്നും വിധിച്ചു. ഇയാളുടെ ശിക്ഷ അഞ്ചുവർഷം തടവ്, 50,000 രൂപ പിഴ എന്നിവ മാത്രമായി ഇളവു ചെയ്യുകയുമുണ്ടായി[16]. പെൺകുട്ടി സമ്മതിച്ചതുകൊണ്ടാണ് പ്രതികൾ പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും, പെൺകുട്ടിയ്ക്ക് 16 വയസ് ആയതിനാൽ ലൈംഗികസ്വാതന്ത്ര്യത്തിനുള്ള പ്രായമായതിനാൽ ബലാൽസംഗം ചെയ്തെന്ന വാദം നിലനിൽക്കില്ലെന്നും[17] ഒപ്പം പെൺകുട്ടി 40 ദിവസം പലരോടൊമൊപ്പം കഴിഞ്ഞിട്ടും രക്ഷപെടാൻ ഒരു ശ്രമവും നടത്തിയില്ലെന്നും കോടതി നിരീക്ഷിച്ചു[17]. പ്രതികളിൽ പലരും പെൺകുട്ടിയുമായി രണ്ടിലേറെ തവണ ബന്ധപ്പെട്ടിരുന്നുവെങ്കിലും പെൺകുട്ടി പെൺകുട്ടി ചെറുത്തുനിന്നിരുന്നു എന്നതിന്റെ ഒരു ലക്ഷണം പോലും ശരീരത്തിൽ കാണപ്പെട്ടിരുന്നില്ല എന്നും കോടതി നിരീക്ഷിച്ചത് വിവാദമുണ്ടാക്കി. രോഗബാധിതയായിരുന്നുവെന്നും വേദനയനുഭവിക്കുകയായിരുന്നു എന്നും വാദമുണ്ടായിരുന്നുവെങ്കിലും ഒരു തവണ പോലും പെൺകുട്ടി കരഞ്ഞതായി വാദമില്ല എന്നും ഹൈക്കോടതിവിധിയിൽ നിരീക്ഷണമുണ്ടായിരുന്നു[8]. പെൺകുട്ടി സ്വമേധയാ ആണ് രാജുവിനൊപ്പം പോയതെന്നതിന് പീഡനത്തിനു മുമ്പ് പെൺകുട്ടി രാജുവിനെഴുതിയ ഒരു കത്ത് കോടതി തെളിവായി സ്വീകരിച്ചിരുന്നു[18]. കൂടാതെ പെൺകുട്ടി അച്ഛനമ്മമാർ അറിയാതെ ആഭരണം പണയം വച്ചു, ഹോസ്റ്റൽ ഫീസടയ്ക്കാൻ അച്ഛൻ കൊടുത്ത 450 രൂപ മറ്റാവശ്യങ്ങൾക്കായി ചിലവഴിച്ചു എന്നീ പ്രതിഭാഗത്തിന്റെ വാദങ്ങളും പെൺകുട്ടിയുടെ മാനസിക പശ്ചാത്തലം വിശകലനം ചെയ്യാനായി കോടതി പരിഗണനയിലെടുത്തു[8].
വിധിയെ തുടർന്ന് വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടു. പതിനാറ് വയസ്സ് മാത്രമുണ്ടായിരുന്ന ഒരു പെൺകുട്ടിയെ ഭയപ്പെടുത്തിയിരുന്നെന്ന വാദം കോടതി കണ്ടില്ലെന്ന് അന്നേ ആരോപണമുയർന്നിരുന്നു. പ്രതികളിൽ ചിലർ, കുറ്റത്തിൽ ഉന്നത വ്യക്തികളുടെ പങ്ക് തെളിവുസഹിതം വെളിപ്പെടുത്തുമെന്ന ഭീഷണി നടത്തിയും മറ്റും കോടതിവിധി അട്ടിമറിക്കുകയായിരുന്നുവെന്നും, അതല്ല അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ ബന്ധുവായ ജേക്കബ് സ്റ്റീഫനു വേണ്ടി കോടതി വിധി സ്വാധീനിക്കപ്പെട്ടു എന്നുമൊക്കെ ആരോപണമുയർന്നിരുന്നു[അവലംബം ആവശ്യമാണ്]. പിതാവും ജ്യേഷ്ഠസഹോദരനും മജിസ്ട്രേട്ടുമാരായ, നീതിന്യായവ്യവസ്ഥയിൽ സ്വാധീനം ചെലുത്താൻ ശേഷിയുള്ള അഭിഭാഷകനായിരുന്ന ധർമ്മരാജനു വേണ്ടി വിധി സ്വാധീനിക്കപ്പെട്ടിരിക്കാമെന്നും അന്ന് സംശയമുയർന്നിരുന്നു[അവലംബം ആവശ്യമാണ്]. ഹൈക്കോടതി വിധി നീതിന്യായവ്യവസ്ഥയിൽ നിലനിൽക്കുന്ന ലിംഗപരമായ അസമത്വത്തെയാണ് കാണിക്കുന്നതെന്നും വാദമുണ്ടായിരുന്നു[8]. എതിർപ്പില്ലായ്മ സമ്മതത്തിന്റെ തെളിവല്ല എന്ന വസ്തുത കോടതി കണക്കിലെടുത്തില്ല എന്നും ആക്ഷേപമുണ്ട്. ജസ്റ്റിസ് കെ.എ. അബ്ദുൾ ഗഫൂർ, ജസ്റ്റിസ് ആർ. ബസന്ത് എന്നിവരുൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബഞ്ച് ആയിരുന്നു കേസ് കേൾക്കുകയും വിധി പുറപ്പെടുവിക്കുകയും ചെയ്തത്[17]. ഈ വിധി ഇത്തരത്തിലുള്ള മറ്റ് കേസുകളെയും ബാധിക്കുമെന്ന് വനിതാസംഘടനകളും മറ്റും ഭയന്നിരുന്നു[8].
പ്രോസിക്യൂഷൻ കേസിൽ പ്രതികളായിട്ടുള്ളവരിൽ ധർമ്മരാജൻ ഒഴിച്ച് ബാക്കിയുള്ളവരായ ഇടുക്കി കൊന്നത്തടി പുതുച്ചിറയിൽ രാജു (പെൺകുട്ടിയെ സ്നേഹം നടിച്ച് തട്ടിക്കൊണ്ട് പോയ ബസ് ജീവനക്കാരൻ), ചിറക്കടവ് തെക്കേത്തുകവല കൊട്ടാടിക്കുന്നേൽ ഉഷ, ചിറക്കടവ് പുതുപ്പറമ്പിൽ പി. കെ. ജമാൽ, വെള്ളൂത്തുരുത്ത് നെല്ലിക്കൽ റെജി, പാലാ കുറിച്ചിയിൽ ചെറിയാച്ചൻ, ചിറക്കടവ് വടക്കുംഭാഗം വടക്കേക്കര ഉണ്ണികൃഷ്ണൻനായർ (ഇരുട്ടുണ്ണി), കൊഴുവനാൽ നെടുംതകിടിയിൽ അഡ്വ. ജോസ്, ചിങ്ങവനം വലിയപറമ്പിൽ ശ്രീകുമാർ, കുളത്തുമേൽ കൊല്ലാടുമുറി മാമ്പറത്തല രാജേന്ദ്രൻനായർ, അമയന്നൂർ മാവേലിൽ ജേക്കബ് സ്റ്റീഫൻ (മുൻ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം), കിഴക്കേക്കര വേലക്കാട് അജി, പൊൻകുന്നം മാഞ്ഞാവിൽ കോളനി വട്ടങ്കാവുങ്കൽ സതീശൻ, മാറാടി രാമമംഗലംപേട്ട കുഴിക്കണ്ടത്തിൽ അലിയാർ, ആവോലി രാമമംഗലം കുഴിത്തൊട്ടിയിൽ മുഹമ്മദ് യൂസഫ്, രാമമംഗലം ഉണ്ണിപ്പിള്ളി പടിഞ്ഞാറെവട്ടത്ത് പുത്തൻപുരയിൽ ദാവൂദ്, എരുമേലി പുഞ്ചവയൽ കപ്ലിയിൽ തുളസീധരൻ, ചിറക്കടവ് കൊട്ടാടിക്കുന്നേൽ ജോൺ എന്ന മോഹനൻ, ചിറക്കടവ് വടക്കുംഭാഗം കണച്ചുമല രാജഗോപാലൻനായർ (കൊന്ന രാജൻ), പൊൻകുന്നം പന്തിരവേലിൽ മാത്യൂജോസഫ്, ചിറക്കടവ് തെക്കയിൽ ശ്രീകുമാർ, പുലിയന്നൂർ പടിഞ്ഞാറ്റിൻകര കരുപ്പാക്കുന്നേൽ സണ്ണിജോർജ്, കിഴതടിയൂർ കാനാട്ടുപാറ ഇല്ലിമൂട്ടിൽ ജിജി, എലിക്കുളം അഞ്ചാം മൈൽ ചീരാങ്കുഴി ജോസഫ്, ചിറക്കടവ് വടക്കുംഭാഗം ഇല്ലുത്തുംപറമ്പ് പിണമറുകിൽ സാബു, കുന്നത്തുനാട് രാമമംഗലം കീഴില്ലം മണലിക്കുടിയിൽ വർഗീസ്, വാഴൂർ പുളിക്കക്കവല തെന്നശ്ശേരി ജോർജ് ചെറിയാൻ, തിരുവല്ല തോട്ടപ്പുഴശ്ശേരി ഐക്കര വിജയകുമാർ, മാറാടി രാമമംഗലം ഉണ്ണിപ്പിള്ളിൽ പുത്തൻപുരയിൽ അഷറഫ്, ഇളങ്ങുളം കുഴിക്കാട്ടുതാഴെ ആന്റണി, രാമമംഗലം പടിഞ്ഞാറെവെട്ടത്ത് പുത്തൻവീടിൽ ഷാജി, മാറാടി ആനിക്കാട് പുത്തൻതോപ്പിൽ അനിൽ, കുടയത്തൂർ കൂവപ്പള്ളി പുളിയാങ്കുന്നേൽ സാബുമാത്യു, കൂവപ്പള്ളി മണ്ണാറക്കയം തോണ്ടിക്കടവിൽ കെ. തങ്കപ്പൻ, കുറവിലങ്ങാട് കുന്നത്തുവീട്ടിൽ മേരി, കട്ടപ്പന യാങ്കുഴിക്കര വിഴിക്കപ്പാറ വിലാസിനി എന്നിവരെ ഹൈക്കോടതി വെറുതെ വിട്ടു[15].
ഹൈക്കോടതി വിധി പ്രകാരം 5 വർഷം വെറും തടവിനു ശിക്ഷിക്കപ്പെട്ട ധർമ്മരാജൻ പിന്നീട് ജാമ്യത്തിലിറങ്ങുകയും ഒളിവിൽ പോകുകയുമുണ്ടായി. ധർമ്മരാജൻ 2013 ഫെബ്രുവരി 15-ന് പോലീസ് പിടിയിലായി[19] .
സുപ്രീം കോടതി വിധി [തിരുത്തുക]
2013 ജനുവരി 31-ൽ സുപ്രീം കോടതി ഹൈക്കോടതി വിധി അസ്ഥിരപ്പെടുത്തുകയും[20] വീണ്ടും വാദം കേൾക്കാനായി ഹൈക്കോടതിയിലേയ്ക്ക് കേസ് തിരികെ അയയ്ക്കുകയും ചെയ്തു. പ്രതികളെ വെറുതേ വിട്ടതിനെതിരായി കേരള സർക്കാരും പെൺകുട്ടിയും[21][22] കൊടുത്ത അപ്പീലിലായിരുന്നു വിധി വന്നത്. കേസിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനും കക്ഷിചേർന്നിരുന്നു[22][23].
ജസ്റ്റിസ് എ.കെ. പട്നായിക് ഉൾപ്പെട്ട അതിവേഗ ബെഞ്ചാണു കേസ് പരിഗണിച്ചത്[24]. എട്ട് വർഷത്തോളം സുപ്രീം കോടതിയിൽ കെട്ടിക്കിടന്ന അപ്പീൽ അപേക്ഷയിൽ, ഒന്നരമണിക്കൂർ വാദം കേട്ട സുപ്രീം കോടതി, ഹൈക്കോടതി വിധി തെറ്റാണെന്നും, പുനർവിചാരണ ചെയ്യേണ്ടതുണ്ടെന്നും കണ്ടെത്തുകയാണുണ്ടായത്.
പി.ജെ. കുര്യന്റെ പങ്കാളിത്തം [തിരുത്തുക]
കേസന്വേഷണത്തിന്റെ വേളയിൽ അന്നു കേന്ദ്രമന്ത്രിയായിരുന്ന പി.ജെ. കുര്യന്റെ പേരും പെൺകുട്ടി പറഞ്ഞുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസ് അദ്ദേഹത്തിനെതിരെ കേസെടുക്കാൻ തയ്യാറായില്ല. തുടർന്ന് പെൺകുട്ടി അദ്ദേഹത്തെ കേസിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പീരുമേട് ഒന്നാം ക്ളാസ് ജ്യുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്‌തു. ഈ കേസിൽ ഹാജരാകാൻ കുര്യനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരേ കുര്യൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും അത് തള്ളപ്പെട്ടു. തുടർന്ന് സുപ്രീംകോടതിയിൽ കുര്യൻ അപ്പീൽ നൽകി. പീരുമേട് കോടതിയുടെ നടപടികൾ നിർത്തിവയ്ക്കാനായിരുന്നു സുപ്രീം കോടതിവിധി[25]. 2013-ൽ രാജ്യസഭയുടെ ഡെപ്യൂട്ടി സ്പീക്കറായ പി.ജെ. കുര്യനെ പ്രതിയാക്കണം എന്നപേക്ഷിച്ച് പെൺകുട്ടി അയച്ച കത്ത് പുറത്തുവന്നിരുന്നു[26][27]. പിന്നീട് സർക്കാർ ജോലി ലഭിച്ച പെൺകുട്ടിയ്ക്കെതിരെ, സുപ്രീം കോടതിയിൽ അപ്പീൽ പരിഗണനയ്ക്കെടുക്കുന്നതിനു മുമ്പായി അഴിമതിക്കേസ് കെട്ടിച്ചമച്ചെന്നും കുര്യനെതിരെ ആരോപണമുണ്ട്[28]. 2013-ൽ വിവാദങ്ങളെത്തുടർന്ന് എൻ.ഡി.റ്റി.വി.യിൽ നടന്ന അഭിമുഖത്തിനിടെ കുര്യൻ ഇറങ്ങിപ്പോയതും വാർത്തയായിരുന്നു[29] .
കുര്യനനുകൂലമായ വാദങ്ങൾ [തിരുത്തുക]
ഉന്നത പോലീസ് ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ വ്യത്യസ്തമായ നാല് അന്വേഷണങ്ങളിൽ കുര്യന് ആ സമയത്ത് കുമളിയിൽ ചെല്ലാൻ കഴിയില്ലെന്ന സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നതാണ് പ്രധാന വാദം[30]. വൈകിട്ട് 4.45നു തിരുവല്ലയിൽ കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ നിന്ന് കുര്യൻ ഫോൺ ചെയ്തതിനു തെളിവുണ്ടെന്നും, 10.20-നു കുര്യൻ സ്വന്തം വീട്ടിലെ ഫോണിൽ നിന്ന് എസ്.പി.യ്ക്ക് ഫോൺ ചെയ്തെന്നതിനു തെളിവുണ്ടെന്നുമാണ് ഇവയിൽ പ്രധാനം[30]. ഇതിനിടയിലുള്ള സമയത്തിനിടയിൽ കുര്യന് കുമളിയിൽ ചെന്ന് തിരിച്ചുവരാൻ കഴിയില്ലെന്നാണ് വാദിക്കപ്പെടുന്നത്. കുര്യനെതിരായ ആരോപണങ്ങൾ രാഷ്ട്രീയമായി ഉപയോഗിക്കാവുന്ന അവസരങ്ങളിലാണ് ഉയർന്ന് വന്നതെന്നും ആരോപിക്കപ്പെടുന്നു[30]. എന്നാൽ 2013 തുടക്കം, പ്രത്യേകിച്ച് രാഷ്ട്രീയ സാഹചര്യങ്ങളൊന്നുമില്ലാത്ത അവസരത്തിലാണ് കുര്യനെതിരെ ആരോപണങ്ങളുയർന്നത്. കുര്യനനുകൂലമായി 12 അലിബി തെളിവുകൾ ഉണ്ടെന്നും അവയിൽ രണ്ടുപേർ മാത്രമേ തങ്ങളുടെ മൊഴി തിരുത്തിയിട്ടുള്ളുവെന്നും വാദിക്കപ്പെടുന്നു[30].
കുര്യനെതിരായ വാദങ്ങൾ [തിരുത്തുക]
രാജ്യസഭയുടെ ഡെപ്യൂട്ടി സ്പീക്കറായ കുര്യനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടി അയച്ച കത്തിനെ സംബന്ധിച്ച വാർത്ത പുറത്തുവന്നതിനുശേഷം, അന്ന് അന്വേഷണസംഘത്തിലുണ്ടായിരുന്ന കെ.കെ. ജോഷ്വാ എന്ന ഉദ്യോഗസ്ഥൻ പി.ജെ. കുര്യനെ കേസിൽ നിന്ന് ഒഴിവാക്കാൻ അന്വേഷണസംഘത്തലവൻ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തുകയുണ്ടായി. പെൺകുട്ടിയുടെ മൊഴി കണക്കിലെടുക്കാതെ സംഭവസമയത്ത് പി.ജെ.കുര്യൻ കുമളിയിൽ എത്തിയില്ല എന്ന് സാക്ഷിമൊഴിയെ മാത്രം അടിസ്ഥാനമാക്കിയുള്ള നിഗമനത്തിലെത്തുകയായിരുന്നു അന്വേഷണസംഘത്തലവനായ സിബി. കെ. മാത്യൂസ് ചെയ്തതെന്നും കെ.കെ.ജോഷ്വാ അവകാശപ്പെട്ടിരുന്നു. അന്ന് എൻ.എസ്.എസ്. അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന സുകുമാരൻ നായരുടെ മൊഴി മാത്രമാണ് പി.ജെ. കുര്യനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുവാൻ അടിസ്ഥാനമാക്കിയതത്രേ. [31]. അക്കാലത്ത് ബി.ജെ.പി. ആലപ്പുഴ ജില്ലാ പ്രസിഡന്റായിരുന്ന കെ.എസ്. രാജൻ നൽകിയ പി.ജെ. കുര്യന് അനുകൂലമായ മൊഴിയും കുര്യനെ കേസിൽ നിന്ന് ഒഴിവാക്കാൻ കാരണമായത്രേ.
ഇതുസംബന്ധിച്ച് പെൺകുട്ടിയുടെ മൊഴിയിൽ ഇതുവരെ വൈരുദ്ധ്യങ്ങളില്ല എന്നതും പ്രശസ്ത അഭിഭാഷകനായ ജനാർദ്ദനക്കുറുപ്പിന്റെ നിയമോപദേശം പ്രതിപ്പട്ടികയിൽ പി.ജെ. കുര്യന്റെ പേര് ഉൾപ്പെടുത്തുന്നതിനനുകൂലമായിരുന്നു എന്നതും മൂലം ഇദ്ദേഹത്തിന്റെ നിരപരാധിത്വത്തെപ്പറ്റി പൂർണ്ണമായ അന്വേഷണം നടത്തുന്നതിന് സാദ്ധ്യതയുണ്ട് എന്നാണ് ജോഷ്വയുടെ അഭിപ്രായം[31]. സിബി മാത്യൂസ് പെൺകുട്ടിയെയും മാതാപിതാക്കളെയും ഇക്കാര്യത്തിൽ ചോദ്യം ചെയ്യാൻ തയ്യാറായിരുന്നില്ലെന്നും മറ്റു പ്രതികളെയെല്ലാം തിരിച്ചറിയൽ പരേഡിലൂടെ പെൺകുട്ടി തിരിച്ചറിഞ്ഞുവെങ്കിലും കുര്യനെതിരേ തിരിച്ചറിയൽ പരേഡ് നടത്തിയില്ല എന്നും അഡ്വക്കേറ്റ് ജനാർദ്ദനക്കുറുപ്പ് തന്റെ ആത്മകഥയിൽ പ്രസ്താവിച്ചിട്ടുണ്ട്[32].
പീഡനം നടന്ന ദിവസം കുര്യൻ കുമിളി ഗസ്റ്റ് ഹൗസിൽ എത്തിയിരുന്നതായി കുഞ്ഞൂട്ടി എന്നൊരു തൊഴിലാളി വെളിപ്പെടുത്തുകയുണ്ടായി[33][34]. സിബി മാത്യൂസിന് അന്വേഷണ സമയത്ത് പി.ജെ. കുര്യന് അനുകൂലമായ മൊഴി നൽകിയ ബി.ജെ.പി. നേതാവ് കെ.എസ്. രാജൻ 2013-ൽ സുപ്രീം കോടതി വിധിയെത്തുടർന്ന്, പി.ജെ. കുര്യനെ കണ്ട സമയവും തീയതിയും ഉറപ്പില്ലെന്ന് മൊഴി തിരുത്തിയിട്ടുണ്ട്[35]. കെ.എസ്. രാജനെ സാക്ഷിയാക്കാൻ മുൻകൈയെടുത്ത കോൺഗ്രസ് നേതാവ് ചാർലി എബ്രഹാം, പി.ജെ. കുര്യനു വേണ്ടി സാക്ഷി പറയാൻ രാജന് പണം വാഗ്ദാനം ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തുന്ന ഫോൺ സംഭാഷണവും പുറത്ത് വന്നിരുന്നു[36][37]. കേസിലെ പ്രധാന പ്രതിയായ ധർമരാജൻ പി.ജെ. കുര്യൻ തന്റെ കാറിൽ കുമളി ഗസ്റ്റ് ഹൗസിൽ വന്നിരുന്നു എന്ന് വെളിപ്പെടുത്തുകയുണ്ടായി. സുഹൃത്തുക്കളായ ഉണ്ണി, ജമാൽ, ചെറിയാൻ എന്നിവരും തന്നോടൊപ്പമുണ്ടായിരുന്നു എന്നും അയാൾ അവകാശപ്പെട്ടു. പി.ജെ. കുര്യൻ ഇക്കാര്യങ്ങൾ നിഷേധിക്കുകയുണ്ടായി[38].
പീഡനാനന്തര കാലം [തിരുത്തുക]
പെൺകുട്ടിയുടെയും കുടുംബത്തിന്റെയും ജീവിതം [തിരുത്തുക]
പീഡനാനന്തരം പോലീസ് പെൺകുട്ടിയേയും കൊണ്ട് മദ്ധ്യകേരളത്തിലൂടെ നടത്തിയ തെളിവെടുപ്പ് ഏറെ വിവാദമായിരുന്നു. പെൺകുട്ടിയ്ക്കും കുടുംബത്തിനും അത് മറ്റൊരു മാനസികവും സാമൂഹികവുമായ പീഡനമായിരുന്നുവെന്ന് ആദ്യകാലം മുതൽക്കേ പെൺകുട്ടിയുടെയൊപ്പം നിന്നിരുന്ന സുഗതകുമാരി അടക്കമുള്ളവർ വ്യക്തമാക്കിയിട്ടുണ്ട്. പീഡനം പോലീസിലറിയിക്കുകയും പത്രമാദ്ധ്യമങ്ങളിൽ വാർത്ത തുടർച്ചയായി വരികയും ചെയ്തതോടെ ആ കുടുംബം സമൂഹത്തിൽ നിന്നും, മറ്റു ബന്ധുക്കളിൽ നിന്നും ഒറ്റപ്പെട്ടു[39]. പെൺകുട്ടിയുടെ പിതാവിന്റെ അമ്മയുടെ മരണം പോലും മറ്റു ബന്ധുക്കൾ അവരെ അറിയിച്ചിരുന്നില്ല. വാർത്ത പത്രത്തിൽ വന്നപ്പോഴാണ് അവരക്കാര്യമറിയുന്നത്. കുടുംബസ്വത്തിന്റെ വിഹിതവും നിഷേധിക്കപ്പെട്ടു[40]. പിതാവ് 2003-ൽ ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ ലഭിച്ച തുക ഉപയോഗിച്ച് സൂര്യനെല്ലിയിലെ സ്ഥലത്ത് വീടുവെച്ചെങ്കിലും ഒറ്റപ്പെടലിന്റെ പാരമ്യത്തിൽ സ്ഥലം വിറ്റ് സൂര്യനെല്ലി വിട്ടു[40]. സൂര്യനെല്ലിപ്പെൺകുട്ടിയേയും സാദ്ധ്യമെങ്കിൽ പെൺകുട്ടിയേയും കാണാൻ വരുന്ന വിനോദസഞ്ചാരികളും ഈ മാറ്റത്തിനു കാരണമായി[41] ജ്യേഷ്ഠ സഹോദരി നഴ്സിങ് പഠനം പൂർത്തിയാക്കി മുമ്പേ ജോലിയിൽ പ്രവേശിച്ചെങ്കിലും വിവാഹിതയായിട്ടില്ല.
പീഡനത്തിനിരയായ പെൺകുട്ടിക്ക് ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരിക്കെ വാണിജ്യനികുതി വകുപ്പിൽ ജോലി നൽകിയിരുന്നു. എന്നാൽ 2012 ഫെബ്രുവരി 6-ന് പോലീസ് പെൺകുട്ടിയെ സാമ്പത്തിക തിരിമറി ആരോപിച്ച് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്യുകയുണ്ടായി. 2010-ൽ ചങ്ങനാശ്ശേരിയിൽ സെയിൽസ് ടാക്സ് വിഭാഗത്തിൽ ജോലി ചെയ്യുമ്പോൾ സാമ്പത്തിക തിരിമറികളിലൂടെ 2,26,000 രൂപതട്ടിയെടുത്തു എന്നായിരുന്നു കേസ്. ഓഡിറ്റിങ്ങിനു ശേഷമാണ് ഈ ആരോപണമുണ്ടായത്. പെൺകുട്ടിയെ ഇതിനെത്തുടർന്ന് സസ്പെന്റ് ചെയ്യുകയുമുണ്ടായി. പിന്നീട്, ജനകീയ സമ്മർദങ്ങൾക്കൊടുവിൽ സസ്പെൻഷൻ പിൻവലിക്കുകയും ഇതിനുശേഷം ശിക്ഷ എന്ന നിലയിൽ പെൺകുട്ടിയെ കോട്ടയത്തേയ്ക്ക് സ്ഥലം മാറ്റുകയും ചെയ്തു. ഇവിടെയാണ് കുട്ടി ഇപ്പോൾ ജോലി ചെയ്യുന്നത്. സുപ്രീം കോടതിയിൽ പെൺകുട്ടിയുടെ കേസ് വാദത്തിനെടുക്കുന്നതിനു മുന്നോടിയായി[42] പി.ജെ. കുര്യനുൾപ്പെടെയുള്ള തൽപ്പരകക്ഷികൾ ഈ കേസ് കെട്ടിച്ചമയ്ക്കുകയായിരുന്നു എന്ന് ആരോപണമുണ്ട്[28][43]. ഒരിക്കൽ തന്റെ ഓഫീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറാൻ ശ്രമിച്ചതിനെതിരെയും പെൺകുട്ടി പരാതി നൽകിയിട്ടുണ്ട്[44].
2013-ൽ സുപ്രീം കോടതി വിധിയെത്തുടർന്ന്, ഹൈക്കോടതി വിധി പറഞ്ഞ ബഞ്ചിൽ ഉൾപ്പെട്ട ജസ്റ്റിസ് ആർ. ബസന്ത് പെൺകുട്ടി ബാലവേശ്യാവൃത്തിയിലായിരുന്നു ഏർപ്പെട്ടതെന്ന് ന്യായീകരിച്ചത് ഇൻഡ്യാവിഷൻ ചാനൽ ഒളികാമറ ഉപയോഗിച്ച് ചിത്രീകരിച്ച് പ്രക്ഷേപണം ചെയ്യുകയുണ്ടായി. ബാലവേശ്യാവൃത്തി ബലാത്സംഗമല്ല എന്നും സൂര്യനെല്ലിയിലെ പെൺകുട്ടി ഇത്തരത്തിൽ ഉപയോഗിക്കപ്പെട്ടതിന് സുദൃഢമായ തെളിവുകളുണ്ട് എന്നും അദ്ദേഹം പറയുകയുണ്ടായി. പെൺകുട്ടി വിദ്യാർഥിയായിരിക്കുമ്പോൾതന്നെ വഴിപിഴച്ചുപോയിരുന്നുവെന്നും പക്വതയില്ലാത്തവളാണെന്നും ബസന്ത് വിശദീകരിക്കുകയുണ്ടായി. ഇത് വൻവിവാദത്തിന് വഴിവച്ചു[45]. ബസന്ത് മാപ്പുപറയണമെന്ന ആവശ്യം പല കോണിൽ നിന്നും ഉയരുകയുണ്ടായി[46]. ബസന്തിനെ, കെ. സുധാകരൻ ന്യായീകരിച്ചതും[47] വ്യാപകപ്രതിഷേധത്തിനിടയാക്കിയിരുന്നു.
സുപ്രീം കോടതി വിധിയെത്തുടർന്നു തന്നെ വിവാദങ്ങൾ ഉണ്ടായപ്പോൾ പെൺകുട്ടിയെയും കുടുംബത്തെയും പള്ളിയിൽ ചെല്ലുന്നതിൽ നിന്നും വിലക്കിയതായി വാർത്ത വന്നിരുന്നു[48][49]. കുടുംബത്തെയും കുട്ടിയേയും എല്ലാവരും തിരിച്ചറിഞ്ഞതിനാൽ ഇടവകാംഗങ്ങൾക്ക് അപമാനമുണ്ടാകുന്നതിൽ പ്രശ്നങ്ങളവസാനിക്കുന്നതുവരെ പള്ളിയിൽ ചെല്ലേണ്ടതില്ലെന്ന് വികാരി ആവശ്യപ്പെട്ടെന്നായിരുന്നു വാർത്ത[49]. തുടർന്ന് കുടുംബത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് വിജയപുരം ബിഷപ്പ് അറിയിക്കുകയുണ്ടായി[48].
സമൂഹത്തിൽ [തിരുത്തുക]
കേരളത്തിൽ സ്ത്രീപീഡന സംഭവങ്ങളുണ്ടാവുമ്പോഴൊക്കെ സൂര്യനെല്ലി കേസും ഓർമ്മിക്കപ്പെടാറുണ്ട്. ലാൽജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചലച്ചിത്രം സൂര്യനെല്ലി സ്ത്രീപീഡനക്കേസിന്റെ പശ്ചാത്തലത്തിൽ എടുത്ത ചിത്രമാണ്. സൂര്യനെല്ലി സ്ത്രീപീഡനക്കേസിലെ ഹൈക്കോടതി വിധിക്കെതിരേയും ദൈവത്തിനെതിരേയുമുള്ള തന്റെ എതിർപ്പായിരുന്നു ആ ചലച്ചിത്രം എന്ന് സംവിധായകൻ ലാൽ ജോസ് പ്രസ്താവിച്ചിട്ടുണ്ട്[50]. ഈ ചിത്രത്തിൽ പെൺകുട്ടിയുടെ പിതാവിന്റെ വേഷം ചെയ്ത സലീം കുമാറിന് മികച്ച രണ്ടാമത്തെ നടനുള്ള കേരള സർക്കാരിന്റെ പുരസ്കാരം ലഭിക്കുകയുണ്ടായി[51]. കേസിൽ പെൺകുട്ടിയുടെ കുടുംബത്തിന്റെ പക്ഷത്ത് നിന്ന പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തിനും പ്രതികാര നടപടികൾ നേരിടേണ്ടി വന്നിരുന്നു എന്നു പറയപ്പെടുന്നു[9]. പ്രതികളായവരിൽ നിരവധി പേരുടെ കുടുംബവും തകർന്നു. ഹൈക്കോടതി 2005-ൽ നടത്തിയ വിധിയിൽ, കേന്ദ്ര നിയമ കമ്മീഷൻ അതിന്റെ 84-ആം റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നതുപോലെ, പെൺകുട്ടികൾക്ക് ലൈംഗിക സ്വാതന്ത്ര്യത്തിനായുള്ള പ്രായം 18 ആക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. പക്ഷേ അത് നടപ്പിലായിട്ടില്ല[17].
രാഷ്ട്രീയപ്രവർത്തകരുടെ പങ്ക് [തിരുത്തുക]
വിവിധ രാഷ്ട്രീയപ്പാർട്ടികൾക്ക് കേസ് വിവിധ തലങ്ങളിൽ വെല്ലുവിളിയായി. കോൺഗ്രസ് പാർട്ടിയുടെ ഉന്നത നേതാക്കൾ കേസിൽ ഉൾപ്പെടുകയോ സംശയത്തിന്റെ നിഴലിലാകുകയോ ചെയ്തപ്പോൾ, സി.പി.ഐ.(എം)[13], ജെ.എസ്.എസ്.[13], കേരളാ കോൺഗ്രസ്[അവലംബം ആവശ്യമാണ്] പാർട്ടികളുടെ പ്രാദേശിക നേതാക്കൾ കേസിൽ പ്രതികളായി. പ്രധാന പ്രതിയായിരുന്ന ധർമ്മരാജൻ എസ്.എഫ്.ഐ. സജീവപ്രവർത്തകനായിരുന്നു[52], പിന്നീട് സി.പി.എമ്മിന്റെ ചെറുകിട നേതാവായിത്തീർന്നയാളും, സി.പി.ഐ.എമ്മിന്റെ പ്രാദേശിക കേസുകൾ വാദിച്ചിരുന്ന വ്യക്തിയുമാണ്[അവലംബം ആവശ്യമാണ്]. എന്നാൽ സൂര്യനെല്ലി കേസിനു മുമ്പേ തന്നെ ധർമ്മരാജൻ സി.പി.ഐ.എമ്മിൽ നിന്ന് പുറത്താകുകയുണ്ടായി. അഭിഭാഷകനായിരിക്കുമ്പോൾ പൊൻകുന്നത്തിനടുത്ത് ചേനപ്പാടിയിൽ അടിപിടിക്കേസിൽ ഉൾപ്പെട്ടതാണ് ധർമരാജൻ സി.പി.എമ്മിന് അനഭിമതനാകാൻ കാരണം. തുടർന്ന് ജെ.എസ്.എസി.ൽ ചേരുകയും[52] പാർട്ടിയുടെ ഘടകം പൊൻകുന്നം പ്രദേശത്ത് രൂപീകരിക്കാൻ മുൻകൈയെടുത്തു പ്രവർത്തിച്ച്, പ്രാദേശിക നേതാവായി മാറുകയും ചെയ്തു[അവലംബം ആവശ്യമാണ്]. കേസിനിടെ എല്ലാ രാഷ്ട്രീയപാർട്ടിക്കാരും തന്നെ സഹായിച്ചിട്ടുണ്ടെന്നും, പി.ജെ. കുര്യനെതിരായി മൊഴി കൊടുക്കരുതെന്ന് ഇപ്പോഴത്തെ ഭരണകക്ഷിയിലെ (യു.ഡി.എഫ്.) പല അംഗങ്ങളും ജയിലിൽ വന്നുകണ്ട് അഭ്യർത്ഥിച്ചിരുന്നുവെന്നും ധർമരാജൻ അവകാശപ്പെട്ടിട്ടുണ്ട്. [38]
കേസിൽ സംശയത്തിലായിരുന്ന പി.ജെ. കുര്യന് അനുകൂലമായി, ബി.ജെ.പി.യുടെ അന്നത്തെ ആലപ്പുഴ ജില്ലാ പ്രസിഡന്റ് മൊഴി നൽകിയത് ബി.ജെ.പി.യ്ക്കുള്ളിലും വിവാദമുണ്ടാക്കിയിരുന്നു[35]. 2013 ജനുവരി അവസാനം എൻ.എസ്.എസും കോൺഗ്രസ്സുമായി തിരഞ്ഞെടുപ്പ് സമയത്ത് ധാരണയുണ്ടായിരുന്നെന്ന എൻ.എസ്.എസ്. സെക്രട്ടറി സുകുമാരൻ നായരുടെ വാദം, മറ്റെല്ലാ കോൺഗ്രസ് നേതാക്കളും തള്ളിക്കളഞ്ഞിട്ടും. പി.ജെ. കുര്യൻ മാത്രം പിന്തുണച്ചത്, സൂര്യനെല്ലി കേസിൽ നിന്നും രക്ഷപെടാനുള്ള വഴിയൊരുക്കിയതിനുള്ള നന്ദിപ്രകടനമായിട്ടാണെന്ന് വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. 2013 ജനുവരി 31-നു സുപ്രീം കോടതി വിധിയെത്തുടർന്ന് രാജ്യസഭാ ഉപാദ്ധ്യക്ഷനായ പി.ജെ. കുര്യൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് വൻവിവാദം ഉണ്ടായിയെങ്കിലും, കുര്യനെ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയതാണെന്ന വാദമാണ് ഉമ്മൻ ചാണ്ടി സർക്കാർ പൊതുവേ കൈക്കൊണ്ടത്.
അയ്യങ്കാളി പടയുടെ ഇടപെടൽ [തിരുത്തുക]
സൂര്യനെല്ലി പീഡനക്കേസിനെ തുടർന്ന് 2002-ൽ, അയ്യങ്കാളി പട എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന സംഘം കേസിൽ പ്രതിയായിരുന്ന കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ജേക്കബ് സ്റ്റീഫന്റെ കൈ വെട്ടിയതും അനുബന്ധമായി നടന്ന സംഭവമാണ്[53].
കുറിപ്പുകൾ [തിരുത്തുക]
കുറിപ്പ് (൧): കോടതിയിൽ നൽകിയ വൈദ്യപരിശോധനാ റിപ്പോർട്ട് പ്രകാരം "പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ പ്രത്യേകിച്ച് ഗുഹ്യപ്രദേശത്തെ പരിശോധന വേദനാജനകമായിരുന്നു. ഭഗം (വൾവ) നീരുവന്ന സ്ഥിതിയിലായിരുന്നു. യോനിയിൽ രോഗാണുബാധയുമുണ്ടായിരുന്നു. യോനിയിൽ നിന്ന് ദുർഗന്ധം വമിക്കുന്ന പഴുപ്പ് ഒഴുകുന്നുണ്ടായിരുന്നു. രോഗാണുബാധയുണ്ടായിരുന്ന സമയത്ത് ലൈംഗികബന്ധത്തിലേർപ്പെട്ടിരുന്നെങ്കിൽ ഇത് പെൺകുട്ടിക്ക് കഠിനമായ വേദനയുണ്ടാക്കുമായിരുന്നു."[8] .
അവലംബം [തിരുത്തുക]
- ↑ മെട്രോവാർത്ത.കോം സൂര്യനെല്ലി: ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി
- ↑ "പെണ്ണ് ഇരയാകുമ്പോൾ" (in മലയാളം). മലയാളം വാരിക. 2013 ജനുവരി 04. ശേഖരിച്ചത് 2013 ഫെബ്രുവരി 16.
- ↑ 3.0 3.1 3.2 3.3 കേരളകൗമുദി സൂര്യനെല്ലി കേസ്: ഹൈക്കോടതി വിധി റദ്ദാക്കി: ആർ. കിരൺ ബാബു
- ↑ "സുപ്രീംകോടതിയുടെ 2013 ലെ വിധി". കോർട്ട്എൻഐസി.എൻഐ.സി.ഇൻ. 2013 ജനുവരി 31. ശേഖരിച്ചത് 11 ഫെബ്രുവരി 2013.
- ↑ 5.0 5.1 5.2 5.3 "ഒരു വിദ്യാർഥിനി സൂര്യനെല്ലി പെൺകുട്ടിയായ കഥ". മാധ്യമം. 1 ഫെബ്രുവരി 2013. ശേഖരിച്ചത് 6 ഫെബ്രുവരി 2013.
- ↑ റിപ്പോർട്ടർഓൺലൈവ്.കോം സൂര്യനെല്ലി കേസിന്റെ നാൾ വഴികൾ
- ↑ [വാര്യർ] (16 ജനുവരി 2014). "'Society to blame for how Suryanelli rape victim suffered'". റീഡിഫ്.കോം (in ഇംഗ്ലീഷ്). ശേഖരിച്ചത് 7 ഫെബ്രുവരി 2013.
- ↑ 8.0 8.1 8.2 8.3 8.4 8.5 8.6 എം, സുചിത്ര (2005 ഏപ്രിൽ 14). "സൂര്യനെല്ലി വെർഡിക്റ്റ്: ജസ്റ്റിസ് ഓവർടേൺഡ്?". ഇൻഡ്യ ടുഗദർ.ഓർഗ്. ശേഖരിച്ചത് 8 February 2013.
- ↑ 9.0 9.1 "പോരാട്ടത്തിനു ഊർജം പകർന്ന് എന്നും കൂട്ടായി". മാതൃഭൂമി (in മലയാളം). കോട്ടയം എഡിഷൻ. 1 ഫെബ്രുവരി 2013. p. 13.
- ↑ 10.0 10.1 10.2 "കനൽവഴികളിലൂടെ ഈ പെൺകുട്ടിയുടെ ജീവിതം". മാതൃഭൂമി. 1 ഫെബ്രുവരി 2013. ശേഖരിച്ചത് 6 ഫെബ്രുവരി 2013.
- ↑ ഡൂൾ ന്യൂസ്.കോം സൂര്യനെല്ലി കേസ്: സുപ്രീം കോടതി വിധിയിൽ ചാരിതാർത്ഥ്യമുണ്ടെന്ന് സിബി മാത്യൂസ്
- ↑ മാദ്ധ്യമം.കോം കേസ് നാൾവഴി
- ↑ 13.0 13.1 13.2 13.3 "Suryanelli sex case: 35 found guilty, four acquitted". ദി ഹിന്ദു (in ഇംഗ്ലീഷ്). 3 സെപ്റ്റംബർ 2000. ശേഖരിച്ചത് 6 ഫെബ്രുവരി 2013.
- ↑ 14.0 14.1 "Life term for key accused in Suryanelli case". ദി ഹിന്ദു (in ഇംഗ്ലീഷ്). 13 ജൂലൈ 2002. ശേഖരിച്ചത് 7 ഫെബ്രുവരി 2013.
- ↑ 15.0 15.1 "സൂര്യനെല്ലി കേസിൽ ഹൈക്കോടതി വെറുതെ വിട്ടവർ". മാതൃഭൂമി. 1 ഫെബ്രുവരി 2013. ശേഖരിച്ചത് 6 ഫെബ്രുവരി 2013.
- ↑ മെട്രോവാർത്ത.കോം സൂര്യനെല്ലി കേസ് ഇനിയും നീട്ടണമെന്ന് സർക്കാറും പ്രതികളും; ആവശ്യം സുപ്രീംകോടതി തള്ളി
- ↑ 17.0 17.1 17.2 17.3 "സൂര്യനെല്ലി പെൺകുട്ടിയുടെ പ്രായം: സർക്കാറിന് ഹൈക്കോടതിയുടെ ശുപാർശ ഇന്നും കടലാസിൽ ഒതുങ്ങുന്നു". മാതൃഭൂമി. 1 ഫെബ്രുവരി 2013. ശേഖരിച്ചത് 6 ഫെബ്രുവരി 2013.
- ↑ "സൂര്യനെല്ലിക്കേസ്: ഹൈക്കോടതി പരിഗണിച്ചത്‌പെൺകുട്ടിയുടെ കത്ത്". മാതൃഭൂമി. 1 ഫെബ്രുവരി 2013. ശേഖരിച്ചത് 6 ഫെബ്രുവരി 2013.
- ↑ "ധർമരാജൻ അറസ്റ്റിൽ". മാതൃഭൂമി. 2013 ഫെബ്രുവരി 15. ശേഖരിച്ചത് 2013 ഫെബ്രുവരി 20.
- ↑ ഹിന്ദുസ്ഥാൻ ടൈംസ്.കോം
- ↑ വൺഇന്ത്യ.ഇൻസൂര്യനെല്ലി കേസ് ഹൈക്കോടതി വിധി റദ്ദാക്കി
- ↑ 22.0 22.1 റിപ്പോർട്ടർഓൺലൈവ്.കോം സൂര്യനെല്ലി കേസ്: വാദം ഇന്നു മുതൽ
- ↑ "സൂര്യനെല്ലി വിധി റദ്ദാക്കൽ: ഇടുക്കി ജനാധിപത്യ മഹിളാ അസോസിയേഷന് അഭിമാന മുഹൂർത്തം". മീനച്ചിൽ.കോം. 2013 ഫെബ്രുവരി 1. ശേഖരിച്ചത് 2013 ഫെബ്രുവരി 8.
- ↑ മെട്രോവാർത്ത.കോം സൂര്യനെല്ലി കേസ്: തിങ്കളാഴ്ച വാദം തുടങ്ങും
- ↑ കേരളകൗമുദി.കോം സൂര്യനെല്ലി: പി.ജെകുര്യനെതിരെ പെൺകുട്ടി കത്തയച്ചു
- ↑ വൺ ഇന്ത്യ.ഇൻ സൂര്യനെല്ലി കേസിൽ പിജെ കുര്യനെ പ്രതിചേർക്കണം
- ↑ പി.ജെ.കുര്യനും തന്നെ പീഡിപ്പിച്ചെന്ന് സൂര്യനെല്ലി പീഡനകേസിലെ ഇരയായ പെൺകുട്ടിമലയാളമനോരമ ഇംഗ്ലീഷ്
- ↑ 28.0 28.1 "വ്യാജക്കേസ് ചമച്ചതിന് പിന്നിൽ പി.ജെ. കുര്യൻ - ലീലാ മേനോൻ". മാതൃഭൂമി. 3 ഫെബ്രുവരി 2013. ശേഖരിച്ചത് 7 ഫെബ്രുവരി 2013.
- ↑ "സൂര്യനെല്ലി; ചാനൽ ചർച്ചയിൽ നിന്നും പിജെ കുര്യൻ ഇറങ്ങിപ്പോയി". ഇന്ത്യാവിഷൻ. 5 ഫെബ്രുവരി 2013. ശേഖരിച്ചത് 4 മെയ് 2013.
- ↑ 30.0 30.1 30.2 30.3 മാത്യു സാമുവൽ (11 ഫെബ്രുവരി 2013). "കുര്യൻ വേട്ടക്കാർ അറിയാൻ". മംഗളം. ശേഖരിച്ചത് 4 മെയ് 2013.
- ↑ 31.0 31.1 മാദ്ധ്യമം.കോം 'സൂര്യനെല്ലി കേസിൽ നിന്നും സിബി മാത്യൂസ് പി.ജെ കുര്യനെ രക്ഷപ്പെടുത്തി' -ജോഷ്വ
- ↑ മാദ്ധ്യമം.കോം സൂര്യനെല്ലി: ജീവിക്കുന്ന തെളിവായി അഡ്വ.ജനാർദനക്കുറുപ്പിന്റെ ആത്മകഥ
- ↑ ഇൻഡ്യാവിഷൻ ടി.വി.കോം സൂര്യനെല്ലി: പുനരന്വേഷണത്തിന് തയ്യാറല്ലെന്ന് കുര്യൻ ഇൻഡ്യാവിഷനോട്. പ്രസിദ്ധീകരിച്ചത്: 2013 ഫെബ്രുവരി 2. ശേഖരിച്ചത്: 2013 ഫെബ്രുവരി 3
- ↑ സൂര്യനെല്ലി കേസ് വിറ്റ്നസ് എഗൈൻസ്റ്റ് പി.ജെ. കുര്യൻ റിപ്പോർട്ടർ.
- ↑ 35.0 35.1 "സൂര്യനെല്ലി: രാജന്റെ മൊഴിമാറ്റം വിവാദത്തിലേക്ക്". മാതൃഭൂമി. 6 ഫെബ്രുവരി 2013. ശേഖരിച്ചത് 6 ഫെബ്രുവരി 2013.
- ↑ "തെളിവ് നൽകാൻ കുര്യൻ പണം വാഗ്ദാനം ചെയ്‌തെന്ന് വെളിപ്പെടുത്തൽ". ഇന്ത്യാവിഷൻ. ശേഖരിച്ചത് 18 ഏപ്രിൽ 2013.
- ↑ "സൂര്യനെല്ലി: ചാർലി നൽകിയത് തെറ്റായ മൊഴിെയന്നു സൂചിപ്പിക്കുന്ന ഫോൺ സംഭാഷണം പുറത്ത്". മംഗളം (in മലയാളം). 09 ഫെബ്രുവരി 2013. ശേഖരിച്ചത് 18 ഏപ്രിൽ 2013.
- ↑ 38.0 38.1 "കുര്യനെതിരെയുള്ള വെളിപ്പെടുത്തലിൽ ഉറച്ചുനിൽക്കുന്നു -ധർമരാജൻ". മാതൃഭൂമി. 12 ഫെബ്രുവരി 2013. ശേഖരിച്ചത് 12 ഫെബ്രുവരി 2013.
- ↑ "സൂര്യനെല്ലി പെൺകുട്ടി നീറിപ്പുകഞ്ഞ പതിനാറ് വർഷങ്ങൾ" (in മലയാളം). മലയാളം വാരിക. 2013 ജനുവരി 18. ശേഖരിച്ചത് 2013 ഫെബ്രുവരി 17.
- ↑ 40.0 40.1 "ഒറ്റയ്ക്കായവർ". മാതൃഭൂമി. 1 ഫെബ്രുവരി 2013. ശേഖരിച്ചത് 6 ഫെബ്രുവരി 2013.
- ↑ [Trust India] (13 ഏപ്രിൽ 2013). "17 years after gangrape, Suryanelli girl waits for justice". The Indian Express (in ഇംഗ്ലീഷ്). ശേഖരിച്ചത് 21 മെയ് 2013.
- ↑ മാദ്ധ്യമം.കോം പെൺകുട്ടിയെ വിടാതെ പിന്തുടർന്ന കുരുക്കുകൾ
- ↑ നാലാമിടം.കോം ഈ മൌനം അശ്ലീലം: സുജ സൂസൻ ജോർജ്
- ↑ Cynthia Chandran (17 ഫെബ്രുവരി 2013). "Suryanelli gang-rape case: Raped and condemned". ഡെക്കാൻ ക്രോണിക്കിൾ (in ഇംഗ്ലീഷ്). ശേഖരിച്ചത് 23 ഏപ്രിൽ 2013.
- ↑ "ഇര വേശ്യയെന്ന് ജസ്റ്റിസ് ബസന്ത്". ദേശാഭിമാനി. 9 ഫെബ്രുവരി 2013. ശേഖരിച്ചത് 9 ഫെബ്രുവരി 2013.
- ↑ ഇൻഡ്യാവിഷൻ ടി.വി. ജസ്റ്റിസ് ബസന്ത് പരസ്യമായി മാപ്പുപറയണം: വി.ആർ. കൃഷ്ണയ്യർ പ്രസിദ്ധീകരിച്ചത്: ഫെബ്രുവരി 10 2013. ശേഖരിച്ചത്: ഫെബ്രുവരി 10 2013
- ↑ [ഫിലിപ്പ്] (18 ഫെബ്രുവരി 2013). "Suryanelli gangrape: Cong MP says victim moved 'around as prostitute making money'". ഇന്ത്യൻ എക്സ്പ്രെസ്സ് (in ഇംഗ്ലീഷ്). ശേഖരിച്ചത് 23 ഏപ്രിൽ 2013.
- ↑ 48.0 48.1 "സൂര്യനെല്ലി പെൺകുട്ടിയ്ക്കും കുടുംബത്തിനും പള്ളിയിൽ വിലക്ക്". ഡൂൾന്യൂസ്. 8 മാർച്ച് 2013. ശേഖരിച്ചത് 9 ഏപ്രിൽ 2013.
- ↑ 49.0 49.1 "സൂര്യനെല്ലി പെൺകുട്ടിക്കു പള്ളിയിൽ വിലക്ക്". ഏഷ്യാനെറ്റ് ന്യൂസ്. 7 മാർച്ച് 2013. ശേഖരിച്ചത് 9 ഏപ്രിൽ 2013.
- ↑ എം2ഡിബി.കോം ലിസമ്മയുടെ വീട് - സിനിമാ റിവ്യൂ
- ↑ വിജയ് ജോർജ്ജ് (17 ഫെബ്രുവരി 2006). "In a different mould". ദി ഹിന്ദു. ശേഖരിച്ചത് 7 ഫെബ്രുവരി 2013.
- ↑ 52.0 52.1 "മോഹിച്ചത് മികച്ച അഭിഭാഷകനാവാൻ; വിധി കുരുക്കിയത് പീഡനക്കേസിൽ". മാതൃഭൂമി. 12 ഫെബ്രുവരി 2013. ശേഖരിച്ചത് 12 ഫെബ്രുവരി 2013.
- ↑ ജി. ആനന്ദ് (22 ഫെബ്രുവരി 2003). "Police fear more `direct action by Left extremists'". ദി ഹിന്ദു (in ഇംഗ്ലീഷ്). ശേഖരിച്ചത് 6 ഫെബ്രുവരി 2013.