പൗലോസ് അപ്പസ്തോലന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിശുദ്ധ പൗലോസ്
StPaul ElGreco.jpg

എല്‍ ‍ഗ്രെക്കോയുടെ വിശുദ്ധ പൗലോസ്
വിജാതീയരുടെ അപ്പസ്തോലന്‍, രക്തസാക്ഷി
ജനനം ജനനവര്‍‍ഷത്തെപ്പറ്റി പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ സമന്വയമില്ല,  തര്‍സൂസില്‍ (നടപടി 22:3

)

മരണം 64-67 ക്രി.വ.,  റോമില്‍ നീറോയുടെ ക്രിസ്തുമതപീഢനത്തിനിടെ (EH 3.1)
വണങ്ങുന്നത് ക്രൈസ്തവലോകം മുഴുവന്‍
പ്രധാന കപ്പേള വിശുദ്ധ പൗലോസിന്റെ ബസിലിക്കാക്ക് പുറത്ത്
ഓര്‍മ്മത്തിരുന്നാള്‍ ജനുവരി 25 (മാനസ്സാന്തരം)
ഫെബ്രുവരി 10 (മാള്‍ട്ടായിലെ കപ്പല്‍ച്ചേതത്തിന്റെ തിരുനാള്‍)
ജൂണ്‍ 29 (പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍)
നവംബര്‍ 18 (പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ബസിലിക്കായുടെ സമര്‍പ്പണദിനം)
Attributes അപ്പസ്തോലന്‍; പ്രേഷിതന്‍; രക്തസാക്ഷി; വാള്‍
Gloriole.svg Saints Portal

പത്രോസിനും നീതിമാനായ യാക്കോബിനും (James the Just)[1] ഒപ്പം, ആദ്യകാല ക്രൈസ്തവസഭയുടെ എറ്റവും ശ്രദ്ധേയരായ പ്രചാരകന്‍മാരില്‍ ഒരാളായിരുന്നു പൗലോസ് അപ്പസ്തോലന്‍.(എബ്രായ: שאול התרסי‎ Šaʾul HaTarsi, "തര്‍സൂസിലെ പൗലോസ്" - ca 5 - 67 CE). തര്‍സൂസില്‍ ജനിച്ച പൗലോസ്, പത്രോസ് ഉള്‍പ്പെടെയുള്ള പന്ത്രണ്ട് അപ്പസ്തോലന്മാരെപ്പോലെ, യേശുവിന്റെ ജീവിതകാലത്ത് അദ്ദേഹത്തിന്റെ അനുയായിയോ സഹചാരിയോ ആയിരുന്നില്ല. [2] അപ്പസ്തോലന്മാരുടെ നടപടികളുടെ പുസ്തകം അനുസരിച്ച്, ക്രിസ്തുമതത്തിലേക്ക് പൗലോസ് പരിവര്‍ത്തിതനായത്, ദമാസ്കസിലേക്കുള്ള യാത്രയില്‍ വഴിമദ്ധ്യേ, ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ദര്‍ശനം ലഭിച്ചതോടെയാണ്. തനിക്ക് സുവിശേഷം ലഭിച്ചത് മനുഷ്യരില്‍ നിന്നല്ല യേശുക്രിസ്തുവിന്റെ വെളിപ്പെടുത്തലില്‍ നിന്നാണ് എന്ന് പൗലോസ് അവകാശപ്പെട്ടിരുന്നു.[3]


പുതിയനിയമത്തിലെ പതിമൂന്നു ലേഖനങ്ങള്‍ പരമ്പരാഗതമായി പൗലോസിന്റേതെന്ന് കരുതിപ്പോരുന്നു. അവയില്‍ ചിലതിന്റെ കാര്യത്തില്‍ പൗലോസാണു രചയിതാവ് എന്ന അവകാശവാദം ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്. പൗലോസ് ഏറെയും പറഞ്ഞുകൊടുത്ത് എഴുതിക്കുകയാണ് ചെയ്തതെന്നും, നേരിട്ടെഴുതുക പതിവില്ലായിരുന്നു എന്നും കരുതപ്പെടുന്നു.[4] പറഞ്ഞുകൊടുത്തെഴുതിച്ച ലേഖനങ്ങളുടെ കര്‍ത്താവ് പൗലോസുതന്നെയാണെന്നതിന് തെളിവായി ചിലപ്പോഴൊക്കെ കേട്ടെഴുത്തുകാര്‍ അവയില്‍, [5] പൗലോസിന്റെ തന്നെ കൈപ്പടയില്‍ എന്ന് പ്രത്യേകം സൂചിപ്പിച്ച് ഒരു ഭാഗം ചേര്‍ക്കുക പതിവായിരുന്നു. കാലക്രമേണ ഈ ലേഖനങ്ങള്‍ ക്രൈസ്തവസമൂഹങ്ങളില്‍ പ്രചാരം നേടി. മാര്‍ഷന്‍‍ നിര്‍ദ്ദേശിച്ച ആദ്യത്തെ ക്രിസ്തീയലിഖിതസമുച്ചയത്തില്‍ പ്രമാണ്യത്തോടെ ചേര്‍ക്കപ്പെട്ട ഇവ ഒടുവില്‍ സ്വീകൃതമായ പുതിയനിയമ സംഹിതയുടെ വലിയൊരു ഭാഗമായി.

പുതിയനിയമത്തിലെ മറ്റ് ഏതൊരെഴുത്തുകാരനേക്കാളും‍ അധികമായി പൗലോസ് ക്രൈസ്തവചിന്തയുടെ മുഖ്യധാരയെ സ്വാധീനിച്ചിട്ടുണ്ട്.[6] ഹിപ്പോയിലെ അഗസ്തിന്റെ ചിന്തയിലും, ഒന്‍പതാം നൂറ്റാണ്ടില്‍ ഗോച്ചാക്കും റീംസിലെ ഹിങ്ക്‌മാറും തമ്മിലും പിന്നീട് തോമിസവും മോളിനിസവും തമ്മിലും നടന്നതുപൊലെയുള്ള ആശയസം‌വാദങ്ങളിലുമെല്ലാം പൗലോസിന്റെ പ്രഭാവം കാണാം. നവീകരണയുഗത്തില്‍ മാര്‍ട്ടിന്‍ ലൂഥറിനും ജോണ്‍ കാല്‍വിനും അര്‍മീനിയന്മാര്‍ക്കുമിടയിലും അതിനുശേഷം ജാന്‍സനിസ്റ്റുകളും ഈശോസഭയിലെ ദൈവശാസ്ത്രജ്ഞന്മാരും തമ്മിലും നടന്ന തര്‍ക്കങ്ങളിലും പൗലോസിന്റെ ആശയങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിലെ ജര്‍മ്മന്‍ സഭയെപ്പോലും പ്രഖ്യാതപണ്ഡിതനായ കാള്‍ ബാര്‍ത്തിന്റെ രചനകള്‍ വഴി പൗലോസ് സ്വാധീനിച്ചിട്ടുണ്ട്. പൗലോസിന്റെ റോമാക്കാര്‍ക്കെഴുതിയ ലേഖനത്തെപ്പറ്റിയുള്ള ബാര്‍ത്തിന്റെ നിരൂപണത്തിന് രാഷ്ട്രീയവും ദൈവശാസ്ത്രപരവുമായ മാനങ്ങളുണ്ട്.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

അപ്പസ്തോലന്‍ എന്നത് ഗ്രീക്കു പദമാണ്. അര്‍ത്ഥം അയക്കപ്പെട്ടവന്‍ എന്നാണ്‌. [7]

[തിരുത്തുക] പൗലോസിനെക്കുറിച്ചുള്ള രേഖകള്‍

പൗലോസിന്റെ ജീവിതചരിത്രം എഴുതാന്‍ പ്രധാന ആശ്രയമായുള്ളത് അദ്ദേഹത്തിന്റെ തന്നെ ലേഖനങ്ങളും പുതിയ നിയമത്തിലെ അപ്പസ്തോലന്മാരുടെ നടപടിപ്പുസ്തകവും ആണ്.[8] നടപടിപ്പുസ്തകത്തിന്റെ വിശ്വസനീയതയെക്കുറിച്ച് പലവിധം അഭിപ്രായങ്ങളുണ്ട്. ഹാന്‍സ് കോന്‍സെല്‍മാന്‍, ഇരുപതാം നൂറ്റാണ്ടിലെ ദൈവശാസ്ത്രജ്ഞന്‍ ജോണ്‍ നോക്സ് എന്നിവര്‍ അതിന്റെ ആധികാരികതയെ ചോദ്യം ചെയ്തിട്ടുണ്ട്. [9][10] ഗലാത്തിയര്‍ക്കെഴുതിയ ലേഖനത്തിലും മറ്റും പൗലോസ് പറയുന്ന കഥയില്‍ പലതും വിട്ടുപോയിട്ടുണ്ടെന്ന് സമ്മതിച്ചാല്‍ തന്നെയും പൗലോസിന്റേയും നടപടികളിലേയും ചരിത്രങ്ങള്‍ ഒത്തുപോകുന്നില്ല.[11] അപ്രാമാണികഗ്രന്ഥങ്ങളെങ്കിലും പൗലോസിന്റെ നടപടികള്‍, ക്ലെമെന്റിന്റെ രചനകള്‍ എന്നീ കൃതികളും പൗലോസിനെക്കുറിച്ച് വിവരം നല്‍കുന്നവയാണ്.

[തിരുത്തുക] ആദ്യകാലജീവിതം

പൗലോസിന്റെ പരിവര്‍ത്തനം, ജീന്‍ ഫുക്കേയുടെ ഭാവനയില്‍

അപ്പസ്തോലനമാരുടെ നടപടികള്‍ [12] അനുസരിച്ച് ആധുനിക കാലത്ത് തുര്‍ക്കി എന്ന് അറിയപ്പെടുന്ന പുരാതന ഏഷ്യാമൈനറിലെ സിലീസിയായില്‍, തര്‍സൂസ് എന്ന സ്ഥലത്ത്, ഇസ്രായേല്‍ വംശത്തിലെ ബന്യാമിന്‍ ഗോത്രത്തിലാണ് പൗലോസ് ജനിച്ചത്. എട്ടാം ദിവസം യഹൂദാചാരപ്രകാരം പരിഛേദനകര്‍മ്മത്തിന് വിധേയനാക്കപ്പെട്ടു. (ഫിലിപ്പിയര്‍ക്കുള്ള ലേഖനം 3:5) ശൗല്‍ എന്നായിരുന്നു ആദ്യനാമം. എന്നാല്‍ പൗലോസിന്റെ തന്നെ ലേഖനങ്ങളില്‍ ജന്മസ്ഥലമായ തര്‍സൂസോ, ശൗല്‍ എന്ന പൂര്‍വനാമമോ പരമാര്‍ശിക്കപ്പെടുന്നില്ല. അപ്പസ്തോലനടപടികള്‍ അനുസരിച്ച് പൗലോസ് ഒരു റോമന്‍ പൗരനായിരുന്നു. റോമന്‍ പൗരത്വം നല്‍കിയ അവകാശങ്ങള്‍ നിയമപരമായ സുരക്ഷക്കായി, യഹൂദക്കോടതികളുടെ വിധിക്കെതിരേ റോമില്‍ അപ്പീല്‍ കൊടുത്തുകൊണ്ട് അദ്ദേഹം പലവട്ടം ഉപയോഗിക്കുന്നുണ്ട്(നടപടി 22:25, 27-28). ഒരു ക്രൈസ്തവ പാരമ്പര്യമനുസരിച്ച് [13] പൗലോസിന്റെ മാതാപിതാക്കള്‍ ഗലീലായിലെ ജിഷ് എന്ന സ്ഥലത്താണ് ജീവിച്ചിരുന്നത്. അക്കാലത്തെ പേരെടുത്ത യഹൂദ റബൈ ആയിരുന്ന ഗമാലിയേലിന് ശിഷ്യപ്പെട്ട്, പൗലോസ് ജെറുസലേമില്‍ പഠിച്ചു എന്നും നടപടി പുസ്തകം(22:3) പറയുന്നുണ്ട്. എന്നാല്‍ പ്രായപൂര്‍ത്തിയെത്തിയശേഷം ജെറുസലേം സന്ദര്‍ശിക്കുന്നതുവരെ അവിടെയാര്‍ക്കും തന്നെ മുഖപരിചയം ഇല്ലായിരുന്നു എന്നുള്ള പൗലോസിന്റെ തന്നെ സാക്‌ഷ്യത്തിന്റെ വെളിച്ചത്തില്‍ ഈ കഥ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. സ്വന്തം സാക്‌ഷ്യം അനുസരിച്ച് പൗലോസ് ഒരു ഫരീസേയനായിരുന്നു(ഫിലിപ്പിയര്‍ക്കുള്ള ലേഖനം 3:5). യാത്രകളിലും സുവിശേഷപ്രസംഗങ്ങള്‍‍ക്കിടയിലും ഉപജീവനത്തിനുള്ളത് സ്വയം കണ്ടെത്തുകയാണ് താന്‍ ചെയ്തതെന്നും പൗലോസ് പറയുന്നുണ്ട്.(1 കൊറിന്തിയര്‍ 9: 13-15). കൂടാരം നിര്‍മ്മാതാവിന്റെ തൊഴിലാണ് അദ്ദേഹം ചെയ്തിരുന്നതെന്ന് നടപടികളില്‍(13:3) കാണുന്നു.

ദമാസ്കസിലേക്കുള്ള വഴിയിലെ പരിവര്‍ത്തനം, കരവാജ്യോയുടെ രചന.


ഹില്ലേലിന്റെ പാരമ്പര്യത്തില്‍ പ്രഖ്യാതയഹൂദപണ്ഡിതനായ ഗമാലിയേലിന് കീഴില്‍ ഫരീസേയനായി പരിശീലനം നേടിയവനെങ്കിലും, മഹാപുരോഹിതന്റെ പുത്രിയെ വിവാഹം കഴിക്കാനായി, യഹൂദന്യായാസനമായ സന്‍ഹെദ്രിനെ അക്കാലത്ത് നിയന്ത്രിച്ചിരുന്നവരും ഫരിസേയരുടെ എതിരാളികളും ആയിരുന്ന സദ്ദൂക്കിയരുടെ വിഭാഗത്തിലേക്ക് സാവൂള്‍ കൂറുമാറി എന്നൊരു കഥ, മുഖ്യധാരയില്‍ നിന്ന് മാറിനിന്നിരുന്ന ആദിമ ക്രൈസ്തവവിഭാഗമായ എബിയോണൈറ്റുകളുടെ പാരമ്പര്യത്തില്‍ ഉള്‍പ്പെട്ട് പ്രചരിച്ചിരുന്നതായി സഭാചരിത്രകാരനായ കേസറിയായിലെ യൂസീബിയസ് പറയുന്നുണ്ട്. പുതിയനിയമത്തില്‍ പൗലോസ് ആദ്യം പ്രത്യക്ഷപ്പെടുന്നത്, പ്രഥമ ക്രൈസ്തവരക്തസാക്ഷിയെന്ന് കരുതപ്പെടുന്ന സ്റ്റീഫന്റെ വധത്തിന്റെ പശ്ചാത്തലത്തിലാണ്(നടപടി 7:57-8:3). ദമാസ്കസ് വഴിയിലെ പരിവര്‍ത്തനാനുഭവം വരെ സഭയെ, നിരന്തരം പീഢിപ്പിച്ചുകൊണ്ടിരുന്നവനെന്ന് പൗലോസ് തന്നെത്തന്നെ വിശേഷിപ്പിച്ചിട്ടുണ്ട്.(1 കൊറിന്ത്യര്‍ 15:9, ഗലാത്തിയര്‍ 1:13). മേല്പ്പറഞ്ഞ എബിയോണൈറ്റ് പാര‍മ്പര്യം അനുസരിച്ച് യേശുവിന്റെ പേരില്‍ നിലവില്‍ വന്ന പ്രസ്ഥാനത്തില്‍ പൗലോസ് ചേര്‍ന്നത്, മഹാപുരോഹിതന്റെ മകളോടുണ്ടായിരുന്ന അദ്ദേഹത്തിന്റെ പ്രേമം തിരസ്കൃതമായതിനുശേഷമാണ്.


തന്റെ പരിവര്‍ത്തനാനുഭവത്തിന്റെ യഥാര്‍ഥസ്വഭാവം എന്തെന്ന് വ്യക്തമാക്കുവാന്‍ പൗലോസ് തല്പരനായിരുന്നതായി കാണുന്നില്ലെങ്കിലും(ഗലാത്തിയര്‍ 1:11-24) മറ്റു ശിഷ്യന്മാരില്‍ നിന്ന് തനിക്കുള്ള സ്വാതന്ത്ര്യത്തിന്റെ ആധാരമായി ആ അനുഭവം അദ്ദേഹം ഉയര്‍ത്തിക്കാട്ടിയിരുന്നു. നടപടിപ്പുസ്തകം പൗലോസിന്റെ പരിവര്‍ത്തനാനുഭവത്തെ മൂന്നിടത്ത് പരാമര്‍ശിക്കുന്നുണ്ട്.

  • നടപടി 9:1-20 ആ സംഭവത്തിന്റെ തന്നെ വിവരണമാണ്. അതനുസരിച്ച് ആകാശത്തുനിന്ന് വന്ന ഒരു പ്രകാശധാരയും "സാവൂള്‍! സാവൂള്‍! നീ എന്തിനെന്നെ പീഢിപ്പിക്കുന്നു" എന്ന ചോദ്യവും ചേര്‍ന്നുണ്ടായ അനുഭവത്തില്‍ പൗലോസ് കുതിരപ്പുറത്തു നിന്ന് വീഴുന്നു.
  • നടപടി 22:1-22-ല്‍ പൗലോസ് ജറൂസലേമിലെ ഒരു പുരുഷാരത്തിന് മുന്‍പില്‍ തന്റെ പരിവര്‍ത്തനാനുഭവം ഏറ്റുപറയുന്നു.
  • നടപടി 26:1-24-ല്‍ പൗലോസ് തന്റെ അനുഭവം അഗ്രിപ്പാ രാജാവിനു മുന്‍പിലെ സാക്‌ഷ്യത്തില്‍ പരാമര്ശിക്കുന്നു.

ഈ വിവരണങ്ങള്‍ എല്ലാം അനുസരിച്ച്, പ്രകാശധാര അന്ധനാക്കിയ പൗലോസിനെ, കൂടെയുണ്ടായിരുന്നവര്‍ ഡമാസ്കസിലേക്ക് കൊണ്ടുപോവുകയും അവിടെ അനനിയാസ് എന്നൊരു ക്രിസ്തുമാര്‍ഗ്ഗി മുഖാന്തിരം അന്ധത മാറിയതിനെത്തുടര്‍ന്ന്, അദ്ദേഹം ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്യുന്നു.

[തിരുത്തുക] ദൗത്യം

പൗലോസ് ദമാസ്കസില്‍ നിന്ന് രക്ഷപെടാന്‍, പുറത്തുകടന്ന സ്ഥലമെന്ന് പറയപ്പെടുന്ന ബാബ് കിസന്‍.

പരിവര്‍ത്തനത്തിനുശേഷമുള്ള ദമാസ്കസിലെ താമസവും ജ്ഞാനസ്നാനവും [14]കഴിഞ്ഞ് താന്‍ അറേബ്യയിലേക്ക് പോയെന്നും അവിടെ നിന്ന് തിരികെ ദമാസ്കസില്‍ മടങ്ങിയെത്തിയെന്നും പൗലോസ് പറയുന്നു (ഗലാത്തിയര്‍ 1:15). നടപടിപ്പുസ്തകം അനുസരിച്ച്(9:23) ദമാസ്ക്കസിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ പ്രശ്നങ്ങളിലേക്ക് നയിച്ചപ്പോള്‍ അവിടെ നിന്ന് രക്ഷപെടാന്‍ പൗലോസ് നിര്‍ബ്ബന്ധിതനായി. ഒരു കൊട്ടയിലിരുത്തി അദ്ദേഹത്തെ നഗരവാതിലുകള്‍ക്കുമുകളിലൂടെ താഴെയിറക്കുകയാണത്രെ ചെയ്തത്. പരിവര്‍ത്തനം നടന്ന് മൂന്നു വര്‍ഷം കഴിഞ്ഞു ജെറുസലേമിലേക്ക് പോയതും അവിടെ യാക്കോബിനെ കണ്ടതും പത്രോസിനൊപ്പം പതിനഞ്ചു ദിവസം താമസിച്ചതുമൊക്കെ പൗലോസ് ഗലാത്തിയാക്കാര്‍ക്കുള്ള ലേഖനത്തില്‍(1:13-24) വിവരിക്കുന്നുണ്ട്. നടപടി പുസ്തകം അനുസരിച്ച്, സഭയെ പീഡിപ്പിക്കുന്നവനായി അറിയപ്പെട്ടിരുന്ന പൗലോസിനെ തങ്ങളിലൊരുവനായി കൂട്ടാന്‍ മറ്റ് അപ്പസ്തോലന്മാര്‍ സമ്മതിച്ചത് ബര്‍ണ്ണബാസ് ഇടപെട്ടതിന് ശേഷമാണ്(നടപടി 9:26-27). പിന്നീട്, ഗ്രീക്ക് ഭാഷ സംസാരിച്ചിരുന്ന, യവനവാദികളെന്നറിയപ്പെട്ട യഹൂദരുമായുള്ള അദ്ദേഹത്തിന്റെ തര്‍ക്കം പ്രശ്നമുണ്ടാക്കിയപ്പോള്‍, പൗലോസിനെ അധികാരികള്‍ സ്വന്തം നാടായ തര്‍സൂസിലെക്ക് തിരിച്ചയച്ചു.

ഗലാത്തിയര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നതനുസരിച്ച്, പരിവര്‍ത്തനം കഴിഞ്ഞ് പതിനാലുവര്‍ഷം ആയപ്പോള്‍ പൗലോസ് വീണ്ടും ജെറുസലേമിലേക്കു പോയി.[15] നടപടിപ്പുസ്തകവും ഗലാത്തിയാക്കാര്‍ക്കെഴുതിയ ലേഖനവും ചില വിവരങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും, പതിനാലുവര്‍ഷത്തെ ഈ ഇടവേയുടെ പൂര്‍ണ്ണചിത്രം ലഭ്യമല്ല. [16] ഏതായാലും ഒടുവില്‍ ബര്‍ണ്ണബാസ് പൗലോസിനെ തേടിച്ചെന്ന് അന്ത്യോക്യയിലേക്ക് കൊണ്ടുവന്നു(നടപടി 11:26). സ്റ്റീഫന്റെ രക്തസാക്ഷിത്വത്തെ തുടര്‍ന്ന് യൂദയായിലെ ക്രിസ്ത്യാനികള്‍ പലവഴിക്ക് രക്ഷപെട്ട് പോയപ്പോള്‍ അന്ത്യോക്യ മറ്റൊരു ക്രൈസ്തവകേന്ദ്രമായി മാറിയിരുന്നു. യൂദയായില്‍ ക്രി.വ. 45-46-ല്‍ കൊടിയ ക്ഷാമം ഉണ്ടായപ്പോള്‍ [17] പൗലോസ്, ബര്‍ണ്ണബാസിനോടും തീത്തൂസ് എന്ന് പേരായ യഹൂദേതരനോടുമൊപ്പം ‍ജെറുസലേമില്‍ പോയി അന്ത്യോക്യായിലെ സഭാസമൂഹം സമാഹരിച്ചുകൊടുത്ത സഹായധനം ഏല്പ്പിച്ചു.[18]

[തിരുത്തുക] ആദ്യത്തെ പ്രേഷിതയാത്ര

നടപടിപ്പുസ്തകം പതിമൂന്നാം അദ്ധ്യായം അനുസരിച്ച്, പൗലോസിന്റെ ആദ്യത്തെ ക്രിസ്തുമതപ്രഘോഷണയാത്രയുടെ തുടക്കം ക്രി.വ.ഏതാണ്ട് 47-നടുത്ത് അന്ത്യോക്യായിലായിരുന്നു. ഈ യാത്രയില്‍ അദ്ദേഹത്തിന്റെ സഹചാരിയായിരുന്നത് ബര്‍ണബാസാണ്. യഹൂദേതരര്‍‍ക്കിടയിലെ സുവിശേഷപ്രചരണത്തിനായി അവരിരുവരേയും തെരഞ്ഞെടുത്തത് അന്ത്യോക്യായിലെ സഭയില്‍ അക്കാലത്തുണ്ടായിരുന്ന പ്രവാചകന്മാരിലും പ്രബോധകരിലും ചിലര്‍ ഉപവസിച്ചും പ്രാര്‍ഥിച്ചും കഴിയവേ അവര്‍ക്ക് പരിശുദ്ധാത്മാവില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശമനുസരിച്ചാണെന്ന് നടപടിപ്പുസ്തകം പറയുന്നു(13:1). പൗലോസും ബര്‍ണ്ണബാസും ആദ്യം പോയത് ബര്‍ണ്ണബാസിന്റെ നാടായ(നടപടി 4:36) സൈപ്രസ് ദ്വീപിലേക്കാണ്. ദ്വീപിലാകെ പ്രസംഗിച്ചു നടന്ന അവര്‍ പാഫോസ് എന്ന പട്ടണത്തില്‍ ബാര്‍യേശു എന്ന മാന്ത്രികനെ കണ്ടുമുട്ടി. ദ്വീപിലെ ഉപസ്ഥാനപതി സെര്‍ഗ്യോസ് പൗലോസിനൊപ്പമായിരുന്നു അയാള്‍. ചതിയും തട്ടിപ്പും നിറഞ്ഞവനെന്ന് വിശേഷിക്കപ്പെട്ട അവനെ പൗലോസ് ശാസിച്ചതോടെ അവന്‍ അന്ധനായിത്തീര്‍ന്നത്രെ.


സൈപ്രസില്‍ നിന്ന് പുറപ്പെട്ട ശേഷമാണ് സാവൂള്‍ തന്റെ ഹെബ്രായനാമം മാറ്റി യഹൂദേതര്‍ക്കിടയിലെ ദൗത്യത്തിന് സഹായകമാകും വിധം പൗലോസെന്ന ഗ്രെക്കോ-റോമന്‍ പേര് സ്വീകരിച്ചത്. ഈ ഘട്ടത്തില്‍ തന്നെയാണ് അവരുടെ സഹായിയായിരുന്ന യോഹന്നാന്‍ മര്‍ക്കോസ് അവരെ വിട്ടുപോയത്. ഈ വേര്‍പിരിയല്‍ പിന്നീട് പൗലോസിനും ബണ്ണബാസിനും ഇടയില്‍ വലിയ സംഘര്‍ഷത്തിന് കാരണമായി അവരുടെ വേര്‍പിരിയലില്‍ ചെന്നെത്തി(നടപടി 15:36-41). ഏഷ്യമൈനറിലെ പ്രവിശ്യകള്‍‍ കടന്നുപോയ അവര്‍ തന്ത്രപ്രാധാന്യമുള്ള പ്രധാനനഗരങ്ങളിള്‍ പ്രസംഗിച്ചു. ഒരോ സ്ഥലത്തും, നാട്ടുകാരോട് സുവിശേഷം പ്രസംഗിച്ചുകഴിയുമ്പോള്‍ അവിടത്തെ യഹൂദര്‍ അവര്‍ക്കെതിരായിത്തീര്‍ന്ന് അവര്‍‍ക്ക് സ്ഥലം വിടേണ്ടി വരുകയും, അവര്‍ മറ്റൊരിടത്തെക്ക് നീങ്ങുകയുമായിരുന്നു പതിവ്.


പിസീദയിലെ അന്ത്യോക്യയില്‍ സംഭവിച്ചത് ഇതിനുദാഹരണമാണ്. അവിടത്തെ സിനഗോഗില്‍ പൗലോസ് നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള വാര്‍ത്ത പരന്ന് അടുത്തയാഴ്ച അദ്ദേഹത്തെ ശ്രവിക്കാന്‍ നഗരവാസികള്‍ മുഴുവന്‍ എത്തി. യേശുക്രിസ്തുവിന്റെ മരണവും ഉയിര്‍ത്തെഴുന്നേല്പ്പും വഴിയുള്ള നീതീകരണം വഴി യഹൂദര്‍ക്കും യഹൂദേതര്‍‍‍ക്കും ലഭ്യമാകുന്ന രക്ഷയെക്കുറിച്ചുള്ള പൗലോസിന്റെ സന്ദേശത്തിന്റെ പ്രത്യാഘാതങ്ങളെ ഭയന്ന യഹൂദമുഖ്യര്‍ അവരെ പട്ടണത്തിന് പുറത്താക്കി. പിന്നെ അവര്‍ ചെന്ന ഐക്കോണിയം എന്ന പട്ടണത്തിലാകട്ടെ അവരുടെ സന്ദേശം ജനങ്ങളെ രണ്ടുചേരിയാക്കിത്തിരിച്ചു. ഒടുവില്‍, യഹൂദരുടെ അക്രമം ഭയന്ന് അവര്‍ക്ക് അവിടവും വിട്ടുപോകേണ്ടിവന്നു.


പിന്നീട് അവര്‍ പോയ ലുസ്ത്രയെക്കുറിച്ച് പറയുന്നിടത്ത് ദൈവഭയമുള്ള വിജാതീയരെക്കുറിച്ചുള്ള പരാമര്ശമൊന്നുമില്ലാത്തതുകൊണ്ട് അവിടെ പ്രസംഗവേദിയാകാന്‍ സിനഗോഗ് ഒന്നും ഇല്ലായിരുന്നു എന്ന് കരുതണം.[19] ഒരിടത്ത് ജന്മനാ മുടന്തനായ ഒരു മനുഷ്യനെ കണ്ട് അയാളുടെ വിശ്വാസത്തെപ്പറ്റിബോദ്ധ്യം വന്ന പൗലോസ് അയാളെ സുഖപ്പെടുത്തിയെന്നും അതുകണ്ട് അത്ഭുതപരതന്ത്രരായ നാട്ടുകാര്‍, പൗലോസിനേയും ബര്‍ണ്ണബാസിനേയും സൂയസ്-ഹെര്‍മെസ് ദേവന്മാരുടെ മനുഷ്യാവതാരങ്ങളായി പരിഗണിച്ച് അവര്‍ക്ക് കാളകളെ ബലിയര്‍പ്പിക്കാനൊരുങ്ങിയെന്നും നടപടിപ്പുസ്തകം പറയുന്നു.(നടപടി 14:8-13) അത് വിലക്കിയശേഷം, ഇസ്രായേലിന്റെ ദൈവസങ്കല്പത്തെക്കുറിച്ച് കേട്ടിട്ടേയില്ലാതിരുന്ന അവരോട് പൗലോസ് അത്തരം ആളുകള്‍ക്ക് ചേരുന്ന ശൈലിയില്‍ പ്രസംഗിച്ചു(നടപടി 14:15).


തുടര്‍ന്ന്, അന്ത്യോക്യയിലും ഐക്കോണിയത്തിലും ശത്രുക്കാളായുണ്ടായിരുന്ന യഹൂദര്‍ പൗലോസിനെ പിന്തുടര്‍ന്ന് വന്ന് കല്ലെറിഞ്ഞ് മൃതപ്രായനാക്കിയതായി പറയുന്നുണ്ട്. എങ്ങനെയോ രക്ഷപെട്ട അദ്ദേഹവും ബര്‍ണ്ണബാസും ദെര്‍ബേയിലേക്ക് പോയി അവിടെ പ്രസംഗിച്ചു. അതിനുശേഷം അവര്‍ മുന്‍പ് സന്ദര്‍ശിച്ചിരുന്ന പട്ടണങ്ങളില്‍ വീണ്ടും ചെന്ന് വിശ്വാസികളെ പ്രോത്സാഹിപ്പിക്കുകയും സഭകളുടെ ഔപചാരികമായ ചട്ടക്കൂടുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ട് അന്ത്യോഖ്യയിലേയ്ക്ക് മടങ്ങി. അവിടത്തെ സഭാസമ്മേളനത്തിന് മുന്‍പില്‍ പൗലോസും ബര്‍ണ്ണബാസും തങ്ങളുടെ ദൗത്യാനുഭവങ്ങള്‍ വിശദീകരിച്ചു. ദൈവത്തിന്റെ പുകഴ്ചയും മഹത്വവും ആയിരുന്നു ആ യാത്രയുടെ ലക്‌ഷ്യം എന്നാണ് പൗലോസ് അവിടെ പറഞ്ഞത്(നടപടി 15:4).

[തിരുത്തുക] ജെറുസലേമിലെ സഭാസമ്മേളനം

അക്കാലത്ത് ‍ജെറുസലേമില്‍ നടന്ന അപ്പസ്തോലന്മാരുടേയും മറ്റുസഭാനേതാക്കന്മാരുടേയും ഒരു സമ്മേളനത്തില്‍ പൗലോസ് പങ്കെടുത്തതായില്‍ നടപടി പുസ്തകം(ആദ്ധ്യായം 15) പറയുന്നു. ക്രിസ്തുമതത്തിലേക്ക് വരുന്ന യഹൂദേതരരെ പരിഛേദനകര്‍മ്മത്തിന് വിധേയനാക്കണമോ എന്നതും മോശയുടെ നിയമവുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളുമാണ് സമ്മേളനം ചര്‍ച്ച ചെയ്തത്. ക്രൈസ്തവപാരമ്പര്യത്തില്‍ ഈ ഒത്തുചേരല്‍ ജെറുസലേം സമ്മേളനം[20] എന്നാണ് അറിയപ്പെടുന്നതെങ്കിലും പുതിയനിയമത്തില്‍ ഒരിടത്തും ആ പേര് ഉപയോഗിച്ചു കാണുന്നില്ല. പൗലോസും മറ്റപ്പസ്തോലന്മാരും ജെറുസലേമില്‍ പലവട്ടം സമ്മേളിച്ചാകണം ചര്‍ച്ചകള്‍ നടത്തിയത്. എന്നാല്‍ ആ സമ്മേളനങ്ങളുടെ പിന്തുടര്‍ച്ചാക്രമവും അവയുമായി ബന്ധപ്പെട്ട സംഭവഗതികളുടെ യഥാര്‍ഥ സ്വഭാവവും ഉറപ്പില്ല. ജറുസലേമിലെക്കുള്ള ചില സന്ദര്‍ശനങ്ങള്‍ നടപടിപ്പുസ്തകത്തിലും ചിലത് പൗലോസിന്റെ ലേഖനങ്ങളിലും പരാമര്ശിക്കപ്പെട്ടിട്ടുണ്ട്. ചില സന്ദര്‍ശനങ്ങള്‍ രണ്ടിലും പരാമര്ശിക്കപ്പെട്ടിട്ടുള്ളതായി തോന്നും. [21] ഉദാഹരണത്തിന് ക്ഷാമദുരിതാശ്വാസവുമായി ജെറുസലേമിലേക്ക് നടത്തിയതായി നടപടിപ്പുസ്തകത്തില്‍‍(11:27-30) പറയുന്ന സന്ദര്ശനം തന്നെയാണ് ഗലാത്തിയര്‍ക്കുള്ള ലേഖനത്തില്‍‍(1:18-20) കേപ്പായേയും യാക്കോബിനേയും കാണാന്‍ അവസരം കിട്ടിയ ആദ്യസന്ദര്‍ശനാമായി പൗലോസ് പരാമര്ശിക്കുന്നത് എന്ന് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. [21] ഗലാത്തിയര്‍ക്കുള്ള ലേഖനത്തില്‍ തന്നെ(2:1) പൗലോസ് രണ്ടാമത്തെ ഒരു 'സ്വകാര്യ' സന്ദര്ശനത്തിന്റെ കാര്യം പറയുന്നുണട്. എന്നാല്‍ നടപടിപ്പുസ്തകം (ആദ്ധ്യായം 15) ഇതിന് സമാന്തരമെന്ന് തോന്നുമാറ് പറയുന്നത്, സമാപനത്തില്‍ യാക്കോബ് പ്രസംഗിച്ച ഒരു പൊതുസമ്മേളനത്തിന്റെ കാര്യമാണ്. മിക്കവരും [21]കരുതുന്നത് ഗലാത്തിയര്‍ക്കുള്ള ലേഖനം 2:1-ല്‍ പരാമര്‍ശിക്കപ്പെടുന്നത് നടപടിപ്പുസ്തകം പതിനഞ്ചാം അദ്ധ്യായത്തില്‍ പറയുന്ന ജെറുസലേം സമ്മേളനം തന്നെയാണെന്നാണ്. എന്നാല്‍ ഗലാത്തിയര്‍ക്കുള്ള ലേഖനത്തിലെ ഈ പരാമര്ശം നടപടിപ്പുസ്തകം പതിനൊന്നാം അദ്ധ്യയത്തില്‍ പറയുന്ന ക്ഷാമദുരിതാശ്വാസവുമായി ബന്ധപ്പെട്ട സന്ദര്ശനം ആണെന്ന് കരുതുന്നവരും ഉണ്ട്. മറ്റുചില ഊഹങ്ങളും മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുണട്. പതിനാലുവര്‍ഷത്തെ ഇടവേള രണ്ടു സന്ദര്‍ശനങ്ങള്‍ക്കിടയിലല്ല, പൗലോസിന്റെ പരിവര്‍ത്തനവും രണ്ടാം സന്ദര്‍ശനവും തമ്മിലാണ്എന്നതാണ് ഒരു നിര്‍ദ്ദേശം. ജെറുസലേമില്‍ നടന്നത് സ്വകാര്യ സന്ദര്ശനത്തിനുപകരം പരസ്യസമാഗമമാണെങ്കില്‍, ഗലാത്തിയര്‍ക്കുള്ള ലേഖനത്തിന്റെ രചനക്കുശേഷം അത് നടന്നതായി കരുതുന്നതാകും ഉചിതം.


നടപടിപ്പുസ്തകവും ഗലാത്തിയര്‍ക്കുള്ള ലേഖനവും അനുസരിച്ച്, യഹൂദേതരരുടെയിടയില്‍ നിന്ന് ക്രിസ്ത്യാനികളാകുന്നവരെ പരിഛേദനകര്‍മ്മത്തിന് വിധേയരാക്കേണ്ടതുണ്ടോ എന്ന വിഷയം അപ്പസ്തോലന്മാരും മറ്റ് സഭാനേതാക്കന്മാരുമായി ചര്‍ച്ച ചെയ്യാന്‍ അന്ത്യോഖ്യയിലെ സഭ, പൗലോസിനേയും ബര്‍ണ്ണബാസിനേയും തെരഞ്ഞെടുത്ത് ജെറുസലേമിലേക്ക് അയക്കുകയാണ് ചെയ്തത് (നടപടി 15:2; ഗലാത്തിയര്‍ 2:1). [22] താന്‍ പോയത് ദൈവപ്രേരണയനുസരിച്ചും യഹൂദേതരരുടെയിടയില്‍ പ്രസംഗിച്ച സുവിശേഷത്തെപ്പറ്റി ജറുസലേമിലുള്ളവരോട് പറയാന്‍ വേണ്ടിയുമാണെന്ന് പൗലോസ് പറയുന്നുണ്ട്(ഗലാത്തിയര്‍ 2:2). സമ്മേളനത്തില്‍ പത്രോസ്, യഹൂദേതരരെ വിശ്വാസത്താല്‍ വിശുദ്ധീകരിക്കുന്ന ദൈവം അവരേയും യഹൂദരേയും വേര്‍തിരിച്ചുകാണുന്നില്ലെന്ന്(നടപടി 15:9) സമ്മതിച്ചു. ദൈവത്തിലേക്ക് തിരിയുന്ന യഹൂദേതരര്‍ക്കുമുന്‍പില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് ശരിയല്ലെന്ന് യാക്കോബും പറഞ്ഞു(നടപടി 15:19-21). ഒടുവില്‍, ക്രിസ്തുമതം സ്വീകരിച്ച് യഹൂദേതരര്‍ക്കായി ഒരു കത്ത് പൗലോസിന്റെ കയ്യില്‍ ജെറുസലേമിലെ സഭാനേതാക്കന്മാര്‍ കൊടുത്തയച്ചു. വിഗ്രഹാരാധന, അസന്മാര്‍ഗ്ഗികത എന്നിവയില്‍ നിന്ന് അകന്നുനില്‍ക്കുവാനും രക്തത്തോടുകൂടിയതും ശ്വാസം മുട്ടിമരിച്ച മൃഗങ്ങളുടേതു പോലെയുള്ളതുമായ മാംസം ഭക്ഷിക്കുന്നത് ഒഴിവാക്കുവാനും ഒക്കെയായിരുന്നു പില്‍ക്കാലത്ത് അപ്പസ്തോലന്മാരുടെ തീരുമാനം(Apostolic Decree) എന്നറിയപ്പെട്ട ആ രേഖ യഹൂദേതര ക്രൈസ്തവരോട് ആവശ്യപ്പെട്ടത്(നടപടി 15:29).


ജെറുസലേം സമ്മേളനത്തിലെ തീരുമാനത്തിനുശേഷവും യഹൂദേതരക്രൈസ്തവരോട് സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് സഭയില്‍ തര്‍ക്കങ്ങള്‍ അവശേഷിച്ചിരുന്നുവെന്ന് കരുതണം. അന്ത്യോഖ്യയിലെ യഹൂദേതരക്രൈസ്തവരോടൊപ്പം[23] ഭക്ഷണത്തിനിരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ താന്‍ പത്രോസുമായി പരസ്യമായി ഏറ്റുമുട്ടിയതായി പൗലോസ് പറയുന്നുണ്ട്. പത്രോസ് തെറ്റുകാരനായിരുന്നതുകൊണ്ട്, അദ്ദേഹത്തെ താന്‍ മുഖത്തുനോക്കി വിമര്ശിച്ചുവെന്നും യഹൂദനായിരുന്നിട്ടും യഹൂദേതരനെപ്പോലെ ജീവിക്കുന്ന പത്രോസിന്, യഹൂദേതരരെ യഹൂദാചാരങ്ങള്‍ പിന്തുടരാന്‍ നിര്‍ബ്ബന്ധിക്കാന്‍ എങ്ങനെ കഴിയുമെന്ന് ചോദിച്ചുവെന്നുമാണ് അദ്ദേഹം പറയുന്നത്(ഗലാത്തിയര്‍ 2:11-14). ആ തര്‍ക്കത്തില്‍ ബര്‍ണ്ണബാസ് പോലും പത്രോസിന്റെ പക്ഷത്തായിരുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു.[24] ഈ തര്‍ക്കത്തെക്കുറിച്ച് കത്തോലിക്കാ വിജ്ഞാനകോശം പറയുന്നത് പൗലോസിന്റെ വിവരണത്തിന്‍ നിന്ന് അദ്ദേഹത്തിന്റെ ശകാരം ശരിയായിരുന്നുവെന്ന് പത്രോസ് മനസ്സിലാക്കിയെന്ന് കരുതാമെന്നാണ്. എന്നാല്‍, യേശു മുതല്‍ ക്രിസ്തുമതം വരെ എന്ന കൃതിയില്‍ എല്‍.മൈക്കല്‍ വൈറ്റ് എഴുതുന്നത് പത്രോസുമായുള്ള ആ ഏറ്റുമുട്ടലില്‍ പൗലോസിന്റെ രാഷ്ട്രീയവീരവാദം (Political bravado) പൂര്‍ണ്ണമായും പരാജയപ്പെട്ടെന്നും അന്ത്യോഖ്യയില്‍ എല്ലാവര്‍ക്കും അസ്വീകൃതനായി തീര്‍ന്ന് അവിടം വിടേണ്ടിവന്ന അദ്ദേഹം പിന്നീടൊരിക്കലും അവിടേക്ക് മടങ്ങിയില്ലെന്നുമാണ്. [25] "കുറേനാള്‍ കഴിഞ്ഞ്" പൗലോസ് "രണ്ടാം പ്രേഷിതയാത്രക്കായി" അന്ത്യോഖ്യ വിട്ടു എന്ന് മാത്രം പറയുന്ന ശ്ലീഹന്മാരുടെ നടപടികള്‍ അപ്പസ്തോലന്മാരുടെ ഈ ഏറ്റുമുട്ടല്‍ രേഖപ്പെടുത്തിയിട്ടില്ല(നടപടി 15:36-18:22). താനും ബര്‍ണ്ണബാസും സുവിശേഷം പ്രസംഗിച്ച പട്ടണങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു ഈ യാത്രയില്‍ പൗലോസിന്റെ ലക്‌ഷ്യമെങ്കിലും ബര്‍ണ്ണബാസ് ഇത്തവണ കൂടെയുണ്ടായിരുന്നില്ല. ഗലാത്തിയര്‍ക്കുള്ള ലേഖനത്തിന്റെ സാക്‌ഷ്യം ഇവിടെ അവസാനിക്കുന്നു.

[തിരുത്തുക] രണ്ടാമത്തെ പ്രേഷിതയാത്ര

വിശുദ്ധ പൗലോസ്, ബൈസാന്റൈന്‍ ദന്തശില്പം, കാലം 6-7 നൂറ്റണ്ടുകള്‍ (പാരീസിലെ മുസീ-ദ-ക്ലൂണിയില്‍ സൂക്ഷിച്ചിരിക്കുന്നത്)

യോഹന്നാന്‍ മര്‍ക്കോസെന്നയാളെ കൂടെ കൊണ്ടുപോകണമോ എന്ന കാര്യത്തിലെ തര്‍ക്കമാണ് രണ്ടാം പ്രേഷിതയാത്രയില്‍ പൗലോസും ബര്‍ണ്ണബാസും രണ്ടുവഴിക്ക് പോയതിന് കാരണമായി നടപടിപ്പുസ്തകം (15:36-41) പറയുന്നത്. പൗലോസിന്റെ സഹചാരിയായി സിലാസായിരുന്നു ഇത്തവണ. യോഹന്നാന്‍ മര്‍ക്കോസ് ബര്‍ണ്ണബാസിനൊപ്പം പോയി.


പൗലോസും സിലാസും ആദ്യം ദെര്‍ബേയിലേക്കും അവിടന്ന് ലുസ്ത്രയിലേക്കുമാണ് പോയത്(നടപടി 16:1-18:22). ഇടക്ക് തിമോത്തിയെന്ന് പേരുള്ളൊരു യുവാവും അവര്‍ക്കൊപ്പം ചേര്‍ന്നു. അയാളുടെ അമ്മ യഹൂദയും പിതാവ് ഗ്രീക്കുകാരനും ആയിരുന്നു. യാത്ര തുടരുന്നതിന് മുന്‍പ് തിമോത്തിയെ പൗലോസ് പരിഛേദനകര്‍മ്മത്തിന് വിധേയനാക്കി(നടപടി 16:3). [26]തുടര്‍ന്ന് ഫിര്‍ജിയ, വടക്കന്‍ ഗലാത്തിയ, ത്രാവോസ് എന്നിവിടങ്ങളില്‍ സഞ്ചരിച്ചു കഴിഞ്ഞപ്പോള്‍ മാസിഡോണിയയിലേക്ക് പോകാന്‍ ദൈവപ്രേരണയുണ്ടായതായി തോന്നിയ അവര്‍ അവിടേക്കു പോയി. മാസിഡോണിയയിലെ ഫിലിപ്പിയില്‍ അവര്‍ ത്യാത്തിരായിലെ ലിഡിയ എന്നൊരു ധനികസ്ത്രീയെ കണ്ടുമുട്ടി അവളേയും കുടുംബത്തേയും ജ്ഞാനസ്നാനപ്പെടുത്തി. ഫിലിപ്പിയില്‍ പൗലോസ് അറസ്റ്റിലാവുകയും കഠിനമായി മര്‍ദ്ദിക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം തെസ്സലോനിക്കയിലേക്കു പോയെന്ന് നടപടിപ്പുസ്തകം പറയുന്നു. [27] ഇത് തെസ്സലോനിക്കര്‍ക്കെഴുതിയ ഒന്നാം ലേഖനത്തില്‍(2:2) പൗലോസ് പറയുന്നതുമായി ഒത്തുപോകുന്നുണ്ട്. എന്നാല്‍ പൗലോസ് ഫിലിപ്പിയില്‍ ഏതാനും ദിവസങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നത് കണക്കിലെടുക്കുമ്പോള്‍, ഫിലിപ്പിയിലെ സഭ സ്ഥാപിച്ചത് മറ്റാരെങ്കിലുമായിരുന്നു എന്ന് കരുതേണ്ടിവരും. തെസ്സലോനിക്കയില്‍ നിന്ന് പൗലോസ് ആഥന്‍സിലെത്തി. അവിടത്തെ അരിയോപാഗസ് എന്ന പൊതുസ്ഥലത്ത് അദ്ദേഹം പ്രസിദ്ധമായൊരു പ്രസംഗം നടത്തി. 'അറിയപ്പെടാത്ത' ദൈവത്തിനായി ആഥന്‍സില്‍ ഒരു ക്ഷേത്രമുള്ളത് പരാമര്‍ശിച്ചിട്ട് അറിയപ്പെടാത്ത ആ ദൈവം യേശുവിനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ച ദൈവം തന്നെയാണെന്ന് പൗലോസ് പറഞ്ഞു(നടപടി 17:16-34).


തുടര്‍ന്ന് പൗലോസ് കൊറീന്തിലേക്കുപോയി അവിടെ മൂന്നുവര്‍ഷം താമസിച്ചു. ക്രി.വ.50-ലോ 51-ലോ എഴുതിയിരിക്കാവുന്ന തെസ്സലോനിക്കര്‍ക്കുള്ള ഒന്നാം ലേഖനം കൊറീന്തില്‍ വച്ച് എഴുതിയതാകാം(നടപടി 18:12-17). കൊറീന്തിലെ യഹൂദര്‍ ഒന്നായി പൗലോസിനെതിരെ തിരിഞ്ഞ്, നിയമാനുസൃതമല്ലാത്തെ രീതിയില്‍ ദൈവാരാധന നടത്താന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു എന്നു പരാതികൊടുത്തു. പരാതി പരിഗണിച്ച ഉപസ്ഥാനപതി ഗല്ലിയോ, അത് ഒരു മതത്തിനുള്ളിലെ തര്‍ക്കത്തിന്റെ കാര്യമാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. തുടര്‍ന്ന് സിനഗോഗിലെ അധികാരികളില്‍ ഒരാളായിരുന്ന സോസ്തനീസിനെ ചിലര്‍ ചേര്‍ന്ന് പിടികൂടി ന്യായാസനത്തിന് മുന്‍പിലിട്ട് മര്‍ദ്ദിച്ചു. ഗല്ലിയോ അതിന്മേലും നടപടിയൊന്നും എടുത്തില്ല.[28] ഗല്ലിയോ ഉപസ്ഥാനപതിസ്ഥാനം വഹിച്ചത് ക്രി.വ. 51-53 വര്‍ഷങ്ങള്‍ക്കിടയിലാണെന്ന് ഡെല്‍ഫിയില്‍ നിന്ന് കിട്ടിയ ഒരു ലിഖിതത്തില്‍ നിന്ന് അറിയാന്‍ കഴിഞ്ഞിട്ടുള്ളതിനാല്‍ ഈ സംഭവങ്ങള്‍ നടന്നത് ആ സമയത്തായിരിക്കണം. പൗലോസിന്റെ ജീവിതത്തിന്റെ സമയക്രമത്തില്‍ ഉറപ്പുപറയാവുന്നത് ഇതുമാത്രമാണ്. [29]


[തിരുത്തുക] മൂന്നാമത്തെ പ്രേഷിതയാത്ര

യഹൂദരുമായുള്ള തര്‍ക്കത്തിനുശേഷം പൗലോസ് തന്റെ പ്രഘോഷണയാത്ര പുനരാരംഭിച്ചു. തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ ദൗത്യം മൂന്നാം പ്രേഷിതയാത്ര എന്നാണ് അറിയപ്പെടുന്നത്(നടപടി 18:23-21:26). ഏഷ്യാമൈനറിലേക്കും, മാസിഡോണിയയിലേക്കും, അന്ത്യോക്യയിലേക്ക് തിരികെയും എല്ലാം അദ്ദേഹം സഞ്ചരിച്ചു. പൗലോസിന്റെ പ്രസംഗം മൂലം തങ്ങളുടെ വരുമാനം ഇല്ലാതാകുമെന്ന് ഭയന്ന എഫേസൂസിലെ വെള്ളിപ്പണിക്കാര്‍ അവിടത്തെ പൊതുവേദിയില്‍ വലിയ കോലാഹലമുണ്ടാക്കി. ദയാനദേവിയുടെ പ്രതിമകള്‍ നിര്‍മ്മിച്ച് ഭക്തര്‍ക്ക് വില്‍ക്കുന്നതായിരുന്നു അവരുടെ വരുമാനമാര്‍ഗ്ഗം. കോലാഹലത്തിനിടെ ജനം പൗലോസിനെയും കൂടെയുള്ളവരേയും കൊല്ലുമെന്ന സ്ഥിതിവരെയായി(നടപടി 19:21-41). പിന്നീട് ജെറുസലേമിലെക്കുള്ള യാത്രാമദ്ധ്യേ എഫേസൂസ് കടന്നുപോയ പൗലോസ് അവിടെ തങ്ങിയില്ല. പെന്തക്കൊസ്തായ്ക്ക് മുന്‍പ് ‍ജെറുസലേമിലെത്താന്‍ തിടുക്കമായിരുന്നതാണ് കാരണം.[30] എന്നാല്‍ എഫേസൂസിലെ സഭയോടുള്ള പ്രത്യേക മമതകാരണം അദ്ദേഹം അവിടത്തെ സഭാനേതാക്കന്മാരെ മിലെത്തസില്‍ വിളിച്ചുവരുത്തി കണ്ടു.(നടപടി 20:16-38)

[തിരുത്തുക] ബന്ധനം, മരണം

ജറുസലേമില്‍ മടങ്ങിയെത്തിയ പൗലോസ് യഹൂദേതരരുടെ ഇടയിലുള്ള തന്റെ ദൗത്യത്തിന്റെ വിശദമായ വിവരണം യാക്കോബിന് നല്‍കി(നടപടി 21:17-26). മറ്റു സഭാനേതാക്കന്മാരും അപ്പോള്‍ സന്നിഹിതരായിരുന്നു. യക്കോബും മറ്റുള്ളവരും, തങ്ങള്‍ കേട്ട കാര്യങ്ങളുടെ പേരില്‍ ദൈവത്തിന് നന്ദി പറഞ്ഞു. തുടര്‍ന്ന് പലോസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തങ്ങള്‍ കേള്‍ക്കാനിടയായ ചില കാര്യങ്ങള്‍ പൗലോസിനെ ധരിപ്പിച്ചു. പരിഛേദനം തുടങ്ങി മോശെയുടെ നിയമത്തില്‍ വിധിച്ചിട്ടുള്ള ആചാരങ്ങള്‍ ഉപേക്ഷിക്കാന്‍ യഹൂദരെ പൗലോസ് പഠിപ്പിക്കുന്നുവെന്നായിരുന്നു അവര്‍ കേട്ടിരുന്നത്. യഹൂദരുടെ ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാനായി മറ്റു നാലു സഭാനേതാക്കന്മാര്‍ക്കൊപ്പം ദേവാലയത്തിലെത്തി, മോശെയുടെ നിയമം അനുസരിച്ചുള്ള ശുദ്ധീകരണപ്രതിജ്ഞ എടുക്കാന്‍ അവര്‍ പൗലോസിനോടാവശ്യപ്പെട്ടു. അദ്ദേഹമതിന് സമ്മതിച്ചു.

ക്രി.മു. ഒന്നാം നൂറ്റാണ്ടില്‍ ഹേറോദോസ് പുതുക്കിപ്പണിത ദേവാലയത്തിലുണ്ടായിരുന്ന ഒരു ഗ്രീക്ക് ഭാഷാഫലകം. ദേവാലയത്തില്‍ യഹൂദേതരര്‍ പ്രവേശിക്കുന്നത് വിലക്കുകയും, വിലക്ക് ലംഘിക്കുന്നവര്‍ക്ക് മരണശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരിക്കുകയാണിതില്‍.

പൗലോസിനെ ഒരു യഹൂദേതരനൊപ്പം നേരത്തേ കണ്ടിരുന്ന ചിലര്‍, അദ്ദേഹം അയാളെ ദേവാലയത്തിലേക്ക് കൊണ്ടുവന്നതാണെന്ന് കരുതി. അങ്ങനെ ചെയ്യുന്നത് മരണശിക്ഷ അര്‍ഹിക്കുന്ന കുറ്റമായിരുന്നു.[31] യഹൂദര്‍ പൗലോസിനെ കൊല്ലുമെന്നായപ്പോള്‍ റോമന്‍ സൈനികര്‍ ഇടപെട്ടു. അവരുടെ തലവന്‍ പൗലോസിനെ പിടികൂടി ചോദ്യംചെയ്തിട്ട് ചാട്ടവാറടിക്ക് വിധേയനാക്കിയശേഷം ആദ്യം ജെറുസലേമിലും പിന്നെ കേസറിയായിലും തടവില്‍ പാര്‍പ്പിച്ചു.


റോമന്‍ പൗരനെന്ന നിലയില്‍ റോമില്‍ വിചാരണചെയ്യപ്പെടാനുള്ള തന്റെ അവകാശം ഉന്നയിച്ചെങ്കിലും അപ്പോള്‍ ഗവര്‍ണ്ണറായിരുന്ന അന്റോണിയസ് ഫെലിക്സിന്റെ അനാസ്തമൂലം പൗലോസ് രണ്ടുവര്‍ഷം കേസറിയായിലെ തടവില്‍ തുടര്‍ന്നു. പുതിയ ഗവര്‍ണ്ണര്‍ പോര്‍സിയസ് ഫെസ്റ്റസ് സ്ഥനമേറ്റപ്പോള്‍ പൗലോസിനെ കപ്പലില്‍ റോമിലേക്കയച്ചു. ഈ യാത്രക്കിടയില്‍ കപ്പല്‍ച്ചേതമുണ്ടായതിനെതുടര്‍ന്ന്, കപ്പലിലുണ്ടായിരുന്നവരെല്ലാം അടുത്തുള്ള ദ്വീപായ ‍മാള്‍‍ട്ടായില്‍ ചെന്നുപെട്ടു. പൗലോസ് അവിടെ പ്രസംഗിക്കുകയും ജനങ്ങളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും ചെയ്തതായി നടപടിപ്പുസ്തകം പറയുന്നുണ്ട്. അതു പരിഗണിച്ച്, റോമന്‍ കത്തോലിക്കാസഭ അദ്ദേഹത്തെ മാള്‍ട്ടായുടെ മദ്ധ്യസ്ഥനായ വിശുദ്ധനായി പ്രഖ്യാപിച്ചിട്ടുണ്ട്. മാള്‍ട്ടായില്‍ നിന്ന് പൗലോസ്, ഇറ്റലിലെ ദ്വീപായ സിസിലിയിലുള്ള സൈറാക്കൂസ് വഴി റോമിലേക്ക് പോയതായി കരുതപ്പെടുന്നു. നടപടിപ്പുസ്തകം (28:30-31)അനുസരിച്ച് പൗലോസ് റോമില്‍ രണ്ടുവര്‍ഷം വീട്ടുതടങ്കലില്‍ കഴിഞ്ഞു. അപ്പോഴും അദ്ദേഹം പഠിപ്പിക്കലും സുവിശേഷപ്രഘോഷണവും തുടര്‍ന്നു.


റോമില്‍ തടവില്‍ കഴിഞ്ഞ കാലത്തെക്കുറിച്ചറിയാന്‍ പൗലോസ് ഫിലിപ്പിയര്‍ക്കെഴുതിയ ലേഖനം സഹായകമാണ്. പ്രിട്ടോറിയന്‍ കാവല്‍ക്കാരെയും സീസറിന്റെ ഭവനത്തേയും മറ്റുമൊക്കെപ്പറ്റി പരാമര്‍ശിക്കുന്നതിനാല്‍ അതിന്റെ രചന ജയിലിലാണ് നടന്നിരിക്കുക എന്നു കരുതണം.


പൗലോസ് റോമില്‍ വച്ച് മരിക്കുകയാണോ അതോ റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍(15:22-27) സൂചിപ്പിച്ച ആഗ്രഹം സഫലമായി സ്പെയിനിലേക്ക് പോവുകയാണോ ഉണ്ടായത് എന്ന് വ്യക്തമല്ല. ക്ലെമെന്റിന്റെ ഒന്നാം ലേഖനത്തില്‍ പൗലോസിനെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു:-[32]

ക്ഷമാപൂര്‍വമായ സഹനത്തിനു വിധിച്ചിരിക്കുന്ന സമ്മാനത്തിന് പൗലോസ് മാതൃകയും വഴികാട്ടിയുമായി. എഴുവട്ടം ബന്ധനവും, നാടുകടത്തലും, കല്ലേറും സഹിച്ച് കിഴക്കും പടിഞ്ഞാറും സുവിശേഷം പ്രസംഗിച്ച അദ്ദേഹം വിശ്വാസത്തിന്റെ സമ്മാനമായ പെരുമ കൈവരിച്ചു. മുഴുവന്‍ ലോകത്തേയും നീതിയുടെ മാര്‍ഗ്ഗം പഠിപ്പിച്ച് പൗലോസ് പശ്ചിമദിക്കിന്റെ വിദൂരപരിധിയിയോളമെത്തി. ഭരണാധികാരികളുടെ സമക്ഷം സാക്‌ഷ്യം പറഞ്ഞ് സഹനത്തിന്റെ ശ്രദ്ധേയമായ മാതൃക നല്‍കിയ അദ്ദേഹം ഒടുവില്‍ ഈ ലോകത്തുനിന്ന് വിശുദ്ധസ്ഥലത്തേക്ക് യാത്രയായി.


ഈ ലേഖനഭാഗത്തിന്റെ നിരൂപണത്തില്‍ റെയ്മണ്ട് ബ്രൗണ്‍ പറയുന്നത് പൗലോസ് റോമില്‍ വച്ച് രക്തസാക്ഷിയായി എന്ന് അത് തെളിവായി പറയുന്നില്ലെങ്കിലും അതിന്റെ ഏറ്റവും യുക്തിപൂര്‍വമായ വ്യാഖ്യാനം അതുതന്നെയാണെന്നാണ്.


ക്രി.വ.നാലാം നൂറ്റാണ്ടില്‍ കേസറിയായിലെ യൂസീബിയസ് എഴുതിയത് നീറോചക്രവര്‍ത്തിയുടെ വാഴ്ചക്കാലത്ത് പൗലോസ് ശിരഛേദം ചെയ്യപ്പെട്ടു എന്നാണ്. ഈ സംഭവം നടന്നത് റോമില്‍ വലിയ അഗ്നിബാധയുണ്ടായ വര്‍ഷമായ ക്രി.വ. 64-ലോ അല്ലെങ്കില്‍ പിന്നീട് 67-ലോ ആയിരിക്കുമെന്ന് കരുതപ്പെടുന്നു. റോമന്‍ കത്തോലിക്കാ സഭ ജൂണ്‍ 29-ന് ആചരിക്കുന്ന പത്രോസ് പൗലോസ് അപ്പസ്തോലന്മാരുടെ തിരുനാള്‍ ഒരുപക്ഷേ പൗലോസിന്റെ രക്തസാക്ഷിത്ത്വത്തിന്റെ അനുസ്മരണ ആകാം. പത്രോസും പൗലോസും ഒരേ ദിവസം (ഒരുപക്ഷേ ഒരേ വര്‍ഷം തന്നെയും) ആണ് മരിച്ചത് എന്ന് ചില പാരമ്പര്യങ്ങള്‍ സൂചിപ്പിക്കുന്നതായും അവകാശവാദം ഉണ്ട്. [33]സ്പെയിനിലേക്കുള്ള യാത്രക്കുശേഷം പൗലോസ് ഗ്രീസും ഏഷ്യാമൈനറും വീണ്ടും സന്ദര്‍ശിച്ചിരിക്കാമെന്നും ത്രാവോസില്‍ വച്ച് ബന്ധനത്തിലാക്കപ്പെട്ട് റോമിലേക്ക് കൊണ്ടുപോയി വധിക്കപ്പെട്ടിരിക്കാമെന്നും പറയുന്നവരും ഉണ്ട്(2 തിമോത്തി 4:13). ഒരു റോമന്‍ കത്തോലിക്കാ പാരമ്പര്യം അവകാശപ്പെടുന്നത്, അപ്പിയന്‍ വഴിയിലെ കറ്റാക്കോംബുകളിലൊന്നില്‍ പത്രോസിനൊപ്പം പൗലോസ് സംസ്കരിക്കപ്പെട്ടുവെന്നും പിന്നീട് അദ്ദേഹത്തിന്റെ ശരീരം റോമിന്റെ മതിലുകള്‍ക്കുപുറത്തുള്ള പൗലോസിന്റെ ബസിലിക്കായിലേക്ക് മറ്റപ്പെട്ടുവെന്നുമാണ്. സം‌പൂജ്യനായ ബീഡ്(Venerable Bede) തന്റെ സഭാചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് പൗലോസ് കാരാഗൃഹത്തില്‍ ധരിച്ചിരുന്ന ചങ്ങല കൊണ്ടുണ്ടാക്കിയ ഒരു കുരിശടക്കമുള്ള അദ്ദേഹത്തിന്റെ തിരുശേഷിപ്പുകള്‍ ക്രി.വ. 665-ല്‍ വിത്താലിയന്‍ മാര്‍പ്പാപ്പ വടക്കന്‍ ബ്രിട്ടണിലെ നോര്‍ത്തുംബ്രിയായിലെ രാജാവായിരുന്ന ഓസ്‌വേക്ക് കൊടുത്തു എന്നാണ്. തിരുശേഷിപ്പുകള്‍ എന്ന വാക്ക് ബീഡ് ഉപയോഗിച്ചത് ശരീരാവശിഷ്ടം എന്നുള്ള അര്‍ഥത്തിലല്ല.

[തിരുത്തുക] രചനകള്‍

ലേഖനരചനയില്‍ ഏര്‍‍പ്പെട്ടിരിക്കുന്ന പൗലോസ്: ടെക്സസില്‍ ഹ്യൂസ്റ്റണിലെ ബ്ലാഫര്‍ ഫൗണ്ടേഷന്റെ ശേഖരത്തിലുള്ള പതിനാറാം നൂറ്റാണ്ടിലെ ചിത്രം


ലൂക്കായുടെ സുവിശേഷവും അദ്ദേഹത്തിന്റെ തന്നെ രചനയായി കരുതപ്പെടുന്ന നടപടിപ്പുസ്തകവും ചേര്‍ന്നാല്‍ പുതിയനിയമത്തിന്റെ മൂന്നിലൊന്നാകും. ലൂക്കാ കഴിഞ്ഞാല്‍ ഏറ്റവുമധികം പുതിയനിയമലിഖിതങ്ങളുടെ കര്‍തൃത്വം പൗലോസിന് അവകാശപ്പെട്ടതാണ്. പതിമൂന്നുലേഖനങളുടെ കര്‍ത്താവ് അദ്ദേഹമാണെന്ന് കരുതിവരുന്നു. അവയുടെയെല്ലാം ഭാഷ ഗ്രീക്കുഭാഷയുടെ കൊയ്നേ വകഭേദമാണ്(Koine Greek). പൗലോസ് കേട്ടെഴുത്തുകാരെ ഉപയോഗിക്കുകയും വല്ലപ്പോഴും മാത്രം സ്വന്തം കൈപ്പടയില്‍ എഴുതുകയും ആയിരുന്നിരിക്കണം. [34] പൗലോസിന്റേതെന്ന് ഉറപ്പായിപറയാവുന്ന ലേഖനങ്ങള്‍ ക്രൈസ്തവസിദ്ധന്തങ്ങളുടെ ആദ്യത്തെ ക്രമീകൃതമായ അവതരണമാണ്. ക്രിസ്തുമതത്തിന്റെ ശൈശവകാലത്തെക്കുറിച്ചുള്ള വിവരങ്ങളും അവ ഉള്‍ക്കൊള്ളുന്നു. പുതിയനിയമഗ്രന്ഥങ്ങളില്‍ ഏറ്റവും ആദ്യത്തേത് അവയാണെന്നതില്‍ സംശയമില്ല. ലൂക്കാ എഴുതിയതെന്ന് കരുതപ്പെടുന്ന നടപടിപ്പുസ്തകത്തിലും പൗലോസ് പ്രത്യക്ഷപ്പെടുന്നതുകൊണ്ട്, ആ കൃതിയിലേയും പൗലോസിന്റെ ലേഖനത്തിലേയും വസ്തുതകള്‍ തമ്മില്‍ താരതമ്യം ചെയ്തു പഠിക്കാനും അവസരമുണ്ട്.


ലേഖനങ്ങള്‍ മിക്കവയും പൗലോസ് സ്ഥപിച്ചവയോ സന്ദര്‍ശിച്ചവയോ ആയ സഭകള്‍ക്ക് എഴുതിയവയാണ്. പൗലോസ് ഒരു വലിയ ദേശാടകനായിരുന്നു. സൈപ്രസ്, ഇന്ന് ടര്‍ക്കി എന്നറിയപ്പെടുന്ന പുരാതനഏഷ്യാമൈനര്‍, മാസിഡോണിയ, ഗ്രീസിന്റെ മറ്റുഭാഗങ്ങള്‍, ക്രീറ്റ്, റോം എന്നിവിടങ്ങളിലെല്ലാം അദ്ദേഹം സുവിശേഷപ്രചണാര്‍ഥം സഞ്ചരിച്ചു. ലേഖനങ്ങള്‍ നിറയെ, ക്രിസ്ത്യാനികള്‍ എന്തൊക്കെ വിശ്വസിക്കണം എങ്ങനെ ജീവിക്കണം എന്നതിനെയൊക്കെപ്പറ്റിയുള്ള ആഹ്വാനങ്ങളാണ്. ഈ രചനകള്‍ അവയുടെ സ്വീകര്‍ത്താക്കളായിരുന്നവര്‍ക്കോ, ആധുനികകാലത്തെ വായനക്കാര്‍ക്കോ, യേശുവിന്റെ ജീവിതത്തെക്കുറിച്ച് കാര്യമായ അറിവൊന്നും നല്‍കുന്നില്ല. ഇക്കാര്യത്തില്‍ ഏറ്റവും വെളിവായ പരാമര്‍ശമുള്ളത് യേശുവിന്റെ അന്ത്യഅത്താഴത്തെയും(1 കൊറിന്ത്യര്‍ 11:17-34), കുരിശുമരണത്തേയും ഉയിര്‍ത്തെഴുന്നേല്പ്പിനേയും (1 കൊറിന്ത്യര്‍ 15)കുറിച്ചാണ്. അതുപോലെതന്നെ, യേശുവിന്റെ പഠനങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളും വിരളമാണ്(1 കൊരിന്ത്യര്‍ 7:10-11, 9:14). നാലുസുവിശേഷങ്ങള്‍, നടപടിപ്പുസ്തകം, യാക്കോബിന്റെ ലേഖനം എന്നിവയുമായി പൗലോസിന്റെ വിശ്വാസസാക്‌ഷ്യത്തിന് എത്രമാത്രം ചേര്‍ച്ചയുണ്ട് എന്നത് ഇപ്പോഴും ഒരു സജീവപ്രശ്നമായി നിലനില്‍ക്കുന്നു. അഡോള്‍ഫ് ഹാര്‍നാക്കും മറ്റുപലരും പൗലോസിന്റെ ക്രിസ്തു, ചരിത്രത്തിലെ ക്രിസ്തുവില്‍ നിന്ന് വളരെ ഭിന്നനാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഏതായാലും ക്രിസ്ത്യാനിയായിരിക്കുകയെന്നതും ക്രൈസ്തവമായ ആത്മീയതയും എന്താണെന്നതിനെക്കുറിച്ച് ആദ്യമായി എഴുതിയത് പൗലോസാണ്.

[തിരുത്തുക] കര്‍തൃത്വം

പരമ്പരാഗതമായി പൗലോസിന്റേതായി കരുതപ്പെട്ട് പുതിയനിയമസംഹിതയില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുള്ള 13 ലേഖനങ്ങളില്‍ ഏഴെണ്ണത്തിന്റെയെങ്കിലും രചയിതാവ് പൗലോസാണെന്ന കാര്യത്തില്‍ കാര്യമായ തര്‍ക്കമില്ല. റോമാക്കാര്‍ക്കെഴുതിയ ലേഖനം, കൊറിന്ത്യര്‍ക്കുള്ള ഒന്നും രണ്ടും ലേഖനങ്ങള്‍, ഗലാത്തിയാക്കാര്‍ക്കെഴുതിയ ലേഖനം, ഫിലിപ്പിയര്‍ക്കുള്ള ലേഖനം, തെസ്സലോനിക്കര്‍ക്കുള്ള ഒന്നാംലേഖനം, ഫിലെമോനുള്ള ലേഖനം എന്നിവയാണ് ആ ലേഖനങ്ങള്‍. പിന്നെയുള്ള ആറുലേഖനങ്ങളുടെ കാര്യത്തില്‍ പൗലോസിന്റെ കര്‍തൃത്വം വിവിധ അളവുകളില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണട്.


കൊളോസിയര്‍ക്കെഴുതിയ ലേഖനത്തിന്റെ ആധികാരികത സംശയിക്കപ്പെടാന്‍ കാരണം പൗലോസിന്റെ മറ്റുരചനകളില്‍ കാണാത്തതരത്തില്‍, യേശുവിനെ അദൃശ്യനായ ദൈവത്തിന്റെ പ്രതിഛായയായി വിവരിക്കുന്നതായി അതിലുള്ള ഭാഗമാണ്. അത്തരം ക്രിസ്തുശാസ്ത്രം വേറെ കാണുന്നത് യോഹന്നാന്റെ സുവിശേഷത്തില്‍ മാത്രമാണ്. അതേസമയം, ആ ലേഖനത്തിലെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, പൗലോസിന്റേതെന്ന് സമ്മതിക്കപ്പെട്ടിരിക്കുന്ന ഫിലെമോനുള്ള ലേഖനവുമായി അത് പ്രകടിപ്പിക്കുന്ന സമാനത അവഗണിക്കുകയും വയ്യ. എഫേസിയര്‍ക്കുള്ള ലേഖനത്തിന്റെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാണ്. കൊളോസിയര്‍ക്കുള്ള ലേഖനവുമായി സാമ്യമുള്ളതെങ്കിലും അതിന് ഒരു പ്രകടനപത്രികയുടെ മട്ടാണ്. വ്യക്തിപരമായ അനുസ്മരണങ്ങള്‍ തീരെയില്ല. അതിന്റെ ശൈലി പ്രത്യേകമാണ്. പൗലോസിന്റെ മറ്റു ലേഖനങ്ങളേപ്പോലെ അത് കുരിശിന്റെ മഹത്വം പ്രകീര്‍ത്തിക്കുന്നില്ല. യേശുവിന്റെ രണ്ടാം‌വരവിനെക്കുറിച്ച് അത് നിശ്ശബ്ദവുമാണ്. കൊറീന്ത്യര്‍ക്കുള്ള ഒന്നാം ലേഖനത്തില്‍(7:8-9) വിവാഹബന്ധത്തെ വളരെ മടിച്ചുമടിച്ചെന്ന മട്ടില്‍ പരാമര്‍ശിക്കുമ്പോള്‍ എഫേസിയര്‍ക്കുള്ള ലേഖനം ക്രിസ്തീയവിവാഹത്തിന്റെ ഔന്നത്യം പ്രത്യേകം പുകഴ്ത്തിയിരിക്കുന്നു. അപ്പസ്തോലന്മാരുടേയും പ്രവാചകന്മാരുടേയും അടിത്തറയില്‍ പണിയപ്പെട്ടിരിക്കുന്നതെന്ന് സഭയെക്കുറിച്ച് എഴുതിയിരിക്കുന്നത് രണ്ടാം തലമുറയിലെ ക്രൈസ്തവന്റെ രചനയാണതെന്ന തോന്നലുണ്ടാക്കുന്നു.[35] അത് പൗലോസിന്റെ തന്നെ രചനയാണെന്ന് വാദിക്കുന്നവര്‍ അവകാശപ്പെടുന്നത് ഒരേസമയം പല സഭകളില്‍ വായിക്കപ്പെടാനുദ്ദേശിച്ച് രചിച്ച അത് തര്‍സൂസിലെ പൗലോസിന്റെ ചിന്തയുടെ വികസിതരൂപമാണെന്നാണ്.


അജപാലകര്‍ക്കുള്ള ലേഖനങ്ങള്‍ എന്നറിയപ്പെടുന്ന തിമോത്തിക്കുള്ള രണ്ടു ലേഖനങ്ങളുടേയും തീത്തൂസിനുള്ള ലേഖനത്തിന്റേയും കാര്യത്തില്‍ പൗലോസിന്റെ കര്‍തൃത്വം ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളത് മൂന്നു വാദങ്ങളെ ആധാരമാക്കിയാണ്: പൗലോസിന്റേതെന്ന് സമ്മതിക്കപ്പെട്ടിട്ടുള്ള ലേഖനങ്ങളില്‍ നിന്ന് പദാവലിയിലും, ശൈലിയിലും, ദൈവശാസ്ത്രത്തിലും അവ വ്യത്യസ്തമായിരിക്കുന്നുവെന്നാണ് ഒരു വാദം. കൊളോസിയര്‍ക്കും എഫേസിയര്‍ക്കും എഴുതിയ ലേഖനങ്ങളെപ്പോലെ തടവില്‍ ആയിരിക്കുമ്പോള്‍ എഴുതിയമട്ടിലുള്ളവയെങ്കിലും, പിന്നീട് ജയില്‍മുക്തിയും അതേതുടര്‍ന്നുള്ള യാത്രകളുംകൂടി ഈ ലേഖനങ്ങള്‍ സങ്കല്പിക്കുന്നുണ്ടെന്നതിനാല്‍, പൊതുവേ അറിയപ്പെടുന്ന പൗലോസിന്റെ ജീവചരിത്രവുമായി അവ ഒത്തുപോകുന്നില്ല എന്നാണ് അടുത്ത വാദം. ഒരു സഭ എങ്ങനെ പ്രവര്‍ത്തിക്കണം എന്ന പ്രായോഗികപ്രശ്നമാണ് ഈ ലേഖനങ്ങള്‍ ഉന്നയിക്കുന്നത്. നിത്യവൃത്തിയെക്കുറിച്ച് വേവലാതിപ്പെടുന്ന അവ സുവിശേഷപ്രഘോഷണത്തെക്കുറിച്ച് മൗനമാണ്.


തെസ്സലോനിക്കര്‍ക്കുള്ള രണ്ടാം ലേഖനത്തിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടാറ് ശൈലീപരമായ കാരണങ്ങളാലാണ്. അത് തെസ്സലോനിക്കര്‍ക്കുള്ള ആദ്യലേഖനത്തെ ആശ്രയിച്ചെഴുതിയത് എന്നു തോന്നുമെങ്കിലും ശൈലി പൗലോസിന്റേതില്‍ നിന്ന് ഭിന്നമായിരിക്കുന്നു.


പൗരാണികകാലത്ത് പൗലോസിന്റേതായി കരുതപ്പെട്ടിരുന്ന ഹെബ്രായര്‍ക്കുള്ള ലേഖനം പൗലോസിന്റേതല്ലെന്ന് അക്കാലത്തും വാദമുണ്ടായിരുന്നു. ആധുനികകാലത്ത് മിക്കവാറും വിദഗ്ധന്മാരെല്ലാം തന്നെ അത് പൗലോസിന്റേതല്ല എന്ന അഭിപ്രായക്കാരാണ്.

[തിരുത്തുക] പൗലോസിന്റെ ലേഖനങ്ങളിലെ ക്രിസ്തുശാസ്ത്രം

റഷ്യയിലെ കിഷിയിലെ രൂപാന്തരീകരണാശ്രമദേവാലയത്തിലുള്ള പൗലോസിന്റെ റഷ്യന്‍ ഓര്‍ത്തോക്സ് രൂപം; കാലം പതിനെട്ടാം നൂറ്റാണ്ട്

ചരിത്രത്തിലെ യേശുവിനെക്കുറിച്ച് പൗലോസിന്റെ ലേഖനങ്ങളില്‍ കാര്യമായ വിവരമൊന്നും ഇല്ല. പൗലോസ് പ്രത്യേകമായി പരാമര്‍ശിക്കുന്നത് യേശുവിന്റെ ആന്ത്യ-അത്താഴവും(1 കൊറിന്ത്യര്‍ 11:23) കുരിശുമരണവും (1 കൊറിന്ത്യര്‍ 2:2, ഫിലിപ്പിയര്‍ 2:8) പുനരുത്ഥാനവുമാണ്(ഫിലിപ്പിയര്‍ 2:9). അതിന് പുറമേ, യേശു ദാവീദിന്റെ വംശത്തില്‍ പിറന്ന യഹൂദനായിരുന്നെന്നും (റോമാക്കാര്‍ക്കെഴുതിയ ലേഖനം 1:3) ഒറ്റിക്കൊടുക്കപ്പെട്ടെന്നും (1 കൊറിന്ത്യര്‍ 11:12)പൗലോസ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ലേഖനങ്ങളുടെ പ്രധാന ഊന്നല്‍ ക്രിസ്തുവുമായി ക്രിസ്ത്യാനികള്‍ക്കുണ്ടായിരിക്കേണ്ട ബന്ധത്തിലും ക്രിസ്തുവിന്റെ രക്ഷാകരവൃത്തിയിലുമാണ്. താന്‍ അനേകര്‍ക്ക് വീണ്ടെടുപ്പുവിലയായി തന്റെ ജീവന്‍ നല്‍കാനിരിക്കുന്നതായി യേശു മര്‍ക്കോസിന്റെ സുവിശേഷത്തില്‍ പറയുന്നുണ്ട്.[36] ഈ ആശയത്തിന്റെ വികസിതരൂപം പല ലേഖനങ്ങളിലും, പ്രത്യേകിച്ച് റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍, പൗലോസ് അവതരിപ്പിക്കുന്നുണട്.


തന്നില്‍ വിശ്വസിക്കുന്നവര്‍ക്കായി യേശു നേടിയതെന്തെന്നതിനെ പൗലോസ് വിശദീകരിക്കുന്നത് "നിയമത്തിന് കീഴില്‍കഴിഞ്ഞിരുന്ന പാപികളായിരുന്ന അവരെ ദാനമായിക്കിട്ടിയ അവന്റെ കൃപ നീതീകരിച്ചു"; "അവന്റെ മരണം അവരെ ദൈവവുമായി രമ്യപ്പെടുത്തി"; "യേശുവിന്റെ മരണം പരിഹാരബലിയോ സാന്ത്വനബലിയോ, വീണ്ടെടുപ്പുവിലയോ ആയിരുന്നു" എന്നൊക്കെയാണ്. യേശുനേടിയ കൃപ ദാനമായിക്കിട്ടുന്നത് വിശ്വാസം വഴിയാണെന്ന് പൗലോസ് വിശദീകരിക്കുന്നുണ്ട്(റോമാക്കാര്‍ക്കെഴുതിയ ലേഖനം 3:24, 5:9). ഇവിടെ നീതീകരണം, രമ്യപ്പെടല്‍, വീണ്ടെടുക്കല്‍ എന്നീ ആശയങ്ങളിലാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്.

[തിരുത്തുക] നീതീകരണം, രമ്യപ്പെടല്‍, ‍വീണ്ടെടുക്കല്‍

നീതീകരണം എന്നത് നിയമക്കോടതികള്‍ വഴി വന്ന ഒരു സങ്കല്പമാണ്.[37] നീതീകരിക്കപ്പെട്ടവര്‍ കുറ്റവിമുക്തരാവുന്നു. പാപികള്‍ തെറ്റുകാരായതുകൊണ്ട്, മറ്റാര്‍ക്കെങ്കിലുമേ അവരെ കുറ്റവിമുക്തരാക്കാന്‍ കഴിയൂ. യേശു അതുചെയ്യുന്നുവെന്ന സങ്കല്പത്തില്‍ നിന്നാണ് 'ശിക്ഷ-ഏറ്റെടുക്കല്‍' (Penal substitution) എന്ന ആശയം ഉരുത്തിരിഞ്ഞത്. പാപികള്‍, പൗലോസിന്റെ ഭാഷയില്‍, "വിശ്വാസത്താല്‍ നീതീകരിക്കപ്പെടുന്നു"(റോമാക്കാര്‍ക്കെഴുതിയ ലേഖനം 5:1). ക്രിസ്തുവിനോട് ചേര്‍ന്നുനിന്നുകൊണ്ട്, പാപി, മരണത്തിലും ഉയിര്‍പ്പിലും ക്രിസ്തുവിനോടുകൂടി ഒന്നാകുന്നു. കുറ്റവിമുക്തി നടക്കുന്നത് പാപി ക്രിസ്തുവിന്റെ നിഷ്കളങ്കത പങ്കുവക്കുന്നതുവഴിയല്ല. നിഷ്കളങ്കനായ യേശു, തന്റെ ത്യാഗംവഴി പാപിയുടെ ഓഹരിയായ ശിക്ഷ ഏറ്റെടുക്കുന്നതുവഴിയാണ്. പാപികള്‍ അര്‍ഹിക്കുന്ന ശിക്ഷ ഏറ്റെടുത്തുകൊണ്ട് യേശു അവരെ ദൈവകോപത്തില്‍ നിന്ന് രക്ഷപെടുത്തിയെന്ന്(റോമാക്കാര്‍ക്കെഴുതിയ ലേഖനം 5:9) പൗലോസ് വാദിച്ചു. വിശ്വാസത്താലുള്ള നീതീകരണത്തിന്റെ വിശദീകരണത്തിന് പൗലോസ്, താന്‍ അനേകം ജനതകളുടെ പിതാവാകുമെന്ന ദൈവത്തിന്റെ വാഗ്ദാനം വിശ്വസിച്ച പഴയനിയമത്തിലെ അബ്രാഹമിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. മോശെക്ക് സിനായ് മലയില്‍ വച്ച് ദൈവത്തില്‍ നിന്ന് നിയമം ലഭിക്കുന്നതിന് മുന്‍പാണ് അബ്രാഹം ജീവിച്ചിരുന്നത്. യേശുവിന്റെ കാലത്തിനുമുന്പ് ജീവിച്ചിരുന്നവനെങ്കിലും, സുവിശേഷം മുന്‍കൂറായി അബ്രാഹമിന് വെളിപ്പെടുത്തപ്പെട്ടു എന്ന് പൗലോസ് അവകാശപ്പെട്ടു(ഗലാത്തിയര്‍ 3:8).[38] യേശു നേരത്തേ ഉണ്ടായിരുന്നവനാണ് എന്ന പൗലോസിന്റെ വിശ്വാസവുമായി ചേര്‍ന്നുപോകുന്ന നിലപാടാണിത്(ഫിലിപ്പിയര്‍ 2:5-11). കഴിഞ്ഞ ദശാബ്ദങ്ങളില്‍ പല ദൈവശാസ്ത്രജ്ഞന്മാരും, വിശ്വാസം വഴിയുള്ള നീതീകരണം എന്ന പൗലോസിന്റെ സങ്കല്പത്തെ പുതിയ കാഴ്ചപ്പാടിലൂടെ നോക്കിക്കാണാന്‍ ശ്രമിച്ചിട്ടുണ്ട്. നീതീകരണമെന്നതിന് അവര്‍ നല്‍കുന്ന അര്‍ഥം വിശ്വസിക്കുന്നവരായ യഹൂദരേയും യഹൂദേതരരേയും ദൈവം സ്വീകരിക്കുന്നു എന്നാണ്. റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ പൗലോസ് ഇങ്ങനെ പറയുന്നു: "നിയമത്തോടുള്ള അനുസരണവഴിയല്ലാതെ, വിശ്വാസം വഴി ഒരാള്‍ നീതീകരിക്കപ്പെടുന്നു എന്നാണ് നമ്മുടെ വിശ്വാസം. ദൈവം യഹൂദരുടെ മാത്രം ദൈവമാണോ? അവിടുന്ന്, യഹൂദേതരരുടേയും ദൈവമല്ലേ. പരിഛേദിതരേയും അല്ലാത്തവരേയും ഒരേ വിശ്വാസം വഴി നീതീകരിക്കുന്നവനയ അവന്‍ യഹൂദേതരരുടേയും ദൈവമാണ്."(റോമാക്കാര്‍ക്കെഴുതിയ ലേഖനം 3:28-30). നീതീകരണത്തെ സംബന്ധിച്ച പൗലോസിന്റെ സിദ്ധാന്തം കേന്ദ്രീകൃതമായിരിക്കുന്നത് വിശ്വാസത്തിലാണ്. ദൈവം ഒരു ജനതയുടെ മാത്രമല്ലാതെ യഹൂദരുടേയും യഹൂദേതരരുടേയും ദൈവമായതുകൊണ്ട്, യഹൂദേതരര്‍ക്ക് ക്രിസ്തുമതത്തില്‍ ചേരുന്നതിന് യഹൂദരായി മാറണമെന്നില്ല എന്നാണ് അതില്‍ നിന്ന് സിദ്ധിക്കുന്നത്.[39]


നീതീകരണത്തിന്റെ വേരുകള്‍ നിയമക്കോടതികളിലാണെങ്കില്‍, വീണ്ടെടുപ്പ് എന്ന ആശയത്തിന്റെ ഉത്ഭവം അടിമകളുടെ വിമോചനത്തില്‍ നിന്നാണ്. വ്യത്യസ്ഥമായ അര്‍ഥത്തിലാണെങ്കിലും മോചനദ്രവ്യം കൊടുക്കല്‍ എന്ന ആശയവുമായി അതിന് ബന്ധമുണ്ട്. മോചനദ്രവ്യം ഒരാള്‍ക്ക് അയാളുടെ ഉടമസ്ഥതയിലുള്ള ഒരടിമയുടെ സ്വാതന്ത്ര്യത്തിന് കൊടുത്തിരുന്ന വിലയായിരുന്നു. ഇവിടെയാകട്ടെ, യേശുവിന്റെ മരണമാണ് വിമോചനം സാദ്ധ്യമാക്കിയത്. പാപം മനുഷ്യന്റെമേല്‍ സാത്താന് അധികാരം നല്‍കിയതുമൂലം മോചനത്തന് നല്‍കിയ ഈ വില ലഭിച്ചത് സാത്താനാണെന്ന് ഒരിജനേയും അഗസ്റ്റിനേയും പോലുള്ള ചിന്തകന്മാര്‍ വാദിച്ചിട്ടുണ്ട്.[40] പൗലോസാകട്ടെ, വില ആര്‍ക്കാണ് നല്‍കിയതെന്ന് പറയുന്നില്ല.


വീണ്ടെടുപ്പ് എന്ന ആശയത്തിന്റെ മറ്റൊരവതരണമായ രമ്യപ്പെടല്‍ എന്നതിന് ഒത്തുതീര്‍പ്പാകുക, കലഹം അവസാനിപ്പിക്കുക എന്നൊക്കെയാണര്‍ഥം(റോമാക്കാര്‍ക്കെഴുതിയ ലേഖനം 5:9). യഹൂദര്‍ക്കും യഹൂദേതരര്‍ക്കുമിടയില്‍ നിയമം പടുത്തുയര്‍ത്തിയ ഭിത്തി തകര്‍ക്കുകയാണ് യേശു ചെയ്തതെന്നും പൗലോസ് പറയുന്നുണ്ട്(എഫേസൂസുകാര്‍ക്കെഴുതിയ ലേഖനം 2:14).


യേശുവിന്റെ മരണം സാധ്യമാക്കിയ രക്ഷ പ്രാപിക്കാനുള്ള വഴി ജ്ഞാനസ്നാനം വഴി യേശുവുമായുള്ള ആത്മീയ ഐക്യമാണെന്ന് പൗലോസ് കരുതി. "യേശുവില്‍‍ ജ്ഞാനസ്നാനം ചെയ്യപ്പെട്ട നാം യേശുവിന്റെ മരണത്തിലേക്ക് ജ്ഞാനസ്നാനം ചെയ്യപ്പെട്ടിരിക്കുന്നു" എന്നും((റോമാക്കാര്‍ക്കെഴുതിയ ലേഖനം 6:4) വിശ്വാസികള്‍ ക്രിസ്തുവിലും ക്രിസ്തു മഹത്വത്തിന്റെ പ്രതീക്ഷയായി വിശ്വാസികളിലും ആയിരിക്കുനുവെന്നും അദ്ദേഹം എഴുതി. ഒരാളുടെ തെറ്റിന് മറ്റൊരാളെ ശിക്ഷിക്കുന്നത് അനീതിയാണെന്ന വാദത്തെ ജ്ഞാനസ്നാനത്തില്‍ ക്രിസ്ത്യാനിയും ക്രിസ്തുവും ഒന്നായിരിക്കുകയാണെന്ന മറുവാദം കൊണ്ടു നേരിടുകയാണിവിടെ.

[തിരുത്തുക] പൗലോസ് ക്രിസ്തുശാസ്ത്രസം‌വാദങ്ങളില്‍

മാള്‍ട്ടായിലെ വലേറ്റയിലുള്ള വിശുദ്ധ പൗലോസിന്റെ സ്തൂപം

നീതീകരണം, രമ്യപ്പെടല്‍, ‍വീണ്ടെടുക്കല്‍ തുടങ്ങിയ പൗലോസിന്റെ ആശയങ്ങള്‍, ക്രിസ്ത്യാനികളെ ക്രിസ്തുവിന്റെ മരണം എങ്ങനെ ബാധിക്കുന്നുവെന്ന് പ്രതീകാത്മകമായി വിശദീകരിക്കാനുള്ള ശ്രമമാണെന്ന് മധ്യകാല യൂറോപ്യന്‍ പണ്ഡിതനായ പീറ്റര്‍ അബെലാര്‍ഡിനേയും ആധുനികകാലത്തെ ഹേസ്റ്റിങ്ങ്‌സ് റാഷ്ദാലിനേയും പോലെയുള്ളവര്‍ കരുതി.[41] രക്ഷാകര്‍മ്മത്തിന്റെ വ്യക്തിനിഷ്ടവിശദീകരണമെന്ന് ഇത് അറിയപ്പെടുന്നു. ഈ വാദമനുസരിച്ച്, ലക്ഷണമൊത്ത ഒരു ദൈവശാസ്ത്രം എഴുതുകയായിരുന്നില്ല പൗലോസ്; വിശദീകരിക്കാനാവാത്തത് വിശദീകരിക്കാനുള്ള ശ്രമമായിരുന്നു അദ്ദേഹത്തിന്റേത്. അതേസമയം ഇയാന്‍ മാര്‍ഖാമും, മറ്റും റോമാക്കാര്‍ക്കെഴുതിയ ലേഖനം കുഴഞ്ഞചിന്തയാണ് പ്രകടിപ്പിക്കുന്നത് എന്ന് അഭിപ്രായപ്പെട്ടു.[42]


പൗലോസിന്റെ രചനകളെ വീണ്ടെടുക്കലിന്റെ വസ്തുനിഷ്ടമായ ഒരു സിദ്ധാന്തമായി വിശദീകരിക്കാന്‍ പൗരാണികരും ആധുനികരുമായ പലരും ശ്രമിച്ചിട്ടുണ്ടെങ്കിലും അത്തരമൊരു സിദ്ധാന്തത്തെക്കുറിച്ച് അവര്‍ക്കിടയില്‍ ആശയസമന്വയമില്ല. വിശ്വാസം വഴി മാത്രമായ നീതീകരണം എന്ന സിദ്ധാന്തം, പാശ്ചാത്യക്രൈസ്തവസഭയില്‍ പതിനാറാം നൂറ്റാണ്ടിലുണ്ടായതും പ്രൊട്ടസ്റ്റന്റ് നവീകരണം എന്നപേരില്‍ അറിയപ്പെടുന്നതുമായ പിളര്‍പ്പിന് ഒരു വലിയ കാരണമായി. ആ സിദ്ധാന്തത്തിന് എതിരായി നിന്നത്,ദൈവനിയമങ്ങള്‍ പാലിച്ചും സഭ അനുവദിക്കുന്ന ദണ്ഡവിമോചനങ്ങള്‍ നേടിയും കാരുണ്യപ്രവര്‍ത്തികള്‍ മുഖേനയും രക്ഷ കൈവരിക്കാമെന്ന കാഴ്ചപ്പാടാണ്. ഈ തര്‍ക്കം, പണം കൊടുത്തു പ്രാര്‍ഥനകള്‍ ചൊ‍ല്ലിക്കുന്ന സം‌വിധാനം, ശുദ്ധീകരണസ്ഥലമെന്ന ആശയം തുടങ്ങിയവയെ ദുര്‍‍ബ്ബലമാക്കുകയും പടിഞ്ഞാറന്‍ യൂറോപ്പില്‍ റോമന്‍കത്തോലിക്കാസഭക്ക് ബദലായ പ്രൊട്ടസ്റ്റന്റ് സഭകളുടെ സൃഷ്ടിക്ക് കാരണമാവുകയും ചെയ്തു. ഇക്കാര്യത്തില്‍ മാര്‍ട്ടിന്‍ ലൂഥറും അനുയായികളും കൈക്കൊണ്ട നിലപാട് അറിയപ്പെടുന്നത്, 'വിശ്വാസമാത്രവാദം' എന്ന് അര്‍ഥം വരുന്ന സോളിഫിഡിയനിസം (Solifidianism : Sola - മാത്രം; Fida - വിശ്വാസം) എന്ന പേരിലാണ്.


ദൈവശാസ്ത്രജ്ഞന്മാരായ അന്‍സെല്‍ം,[43] ജോണ്‍ കാല്‍വിന്‍,[44] ആധുനികകാലത്തെ ഗുസ്താഫ് ഔലെന്‍[45] എന്നിവരും വീണ്ടെടുപ്പിനെക്കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവയോന്നും സഭകളുടെ വിശ്വാസപ്രമാണങ്ങളുടെ ഭാഗമായില്ല. പാപികള്‍ അര്‍ഹിച്ച ശിക്ഷ യേശു എറ്റെടുക്കുകയാണ് ചെയ്തതെന്നുള്ള 'ഏറ്റെടുക്കല്‍ സിദ്ധാന്തം' വലിയ വിവാദമായി. ചിലര്‍ അതിനെ അവശ്യസിദ്ധാന്തമായി കരുതിയപ്പോള്‍ മറ്റുള്ളവര്‍ക്ക് അത് നിന്ദനീയമെന്ന് തോന്നി. ഒരാളുടെ കുറ്റത്തിന് മറ്റൊരാളെ ശിക്ഷിക്കുന്നത് അനീതയും നിയമദൃഷ്ടിയില്‍ അസ്വീകാര്യവും ആണെന്നായിരുന്നു അതിനെ എതിര്‍ത്തവരുടെ നിലപാട്.


രക്ഷ അര്‍ഹതയുടെ പേരില്‍ ലഭിക്കുക സാധ്യമല്ലെന്നതിനാല്‍ അത് സൗജന്യദാനമാണെന്നും കൃപ വഴി ലഭിക്കുന്നതാണെന്നും പുലോസ് വാദിച്ചു. സാധാരണയായി കൃപ എന്ന ആശയം പരിശുദ്ധാത്മാവുമായി ബന്ധപ്പെട്ടതാണെങ്കിലും പൗലോസിന്റെ രചനകളില്‍ അത് യേശുക്രിസ്തുവില്‍ നിന്ന് ലഭിക്കുന്നതായും (റോമാക്കാര്‍ക്കെഴുതിയ ലേഖനം 1:5) ദൈവത്തില്‍ നിന്ന് യേശുക്രിസ്തുവിലുള്ള രക്ഷമൂലം ലഭിക്കുന്നതായും(റോമാക്കാര്‍ക്കെഴുതിയ ലേഖനം 3:24; കൊറിന്ത്യര്‍ക്കെഴുതിയ രണ്ടാം ലേഖനം 13:14) ഒക്കെയാണ് പറയുന്നത്. ആതമാവിനെയാകട്ടെ അദ്ദേഹം യേശുവിന്റെ ആത്മാവ് എന്നാണ് വിശേഷിപ്പിക്കുന്നത്. അര്‍ഹിക്കാതെ സൗജന്യദാനമായി കിട്ടുന്ന രക്ഷ എന്ന ആശയം മുന്‍കൂറായുള്ള വിധിയിലുള്ള (Pre-destination) വിശ്വാസത്തിന്റെ അടിസ്ഥാനമായിരിക്കുന്നു. മുന്‍കൂര്‍ വിധിഎന്ന സങ്കല്പം ഏറെ വിവാദമുണര്‍ത്തിയിട്ടുണ്ട്. ഇരട്ടമുന്‍കൂര്‍ വിധി(Double Pre-destination) എന്ന ആശയം അതിലേറെ വിവാദപരമാണ്. ദൈവം തന്റെ കൃപക്ക് പാത്രമാകാനിരിക്കുന്നവരെ തെരഞ്ഞെടുത്തിരിക്കുന്നുവെന്നും അല്ലാത്തവരെ കഠിനഹൃദയന്മാരാക്കിയെന്നുമാണ് ഇരട്ടമുന്‍കൂര്‍ വിധി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്(റൊമാക്കാര്‍ക്കെഴുതിയ ലേഖനം 9:18).


യേശു എന്തുചെയ്തു എന്ന് പറയാന്‍ ശ്രമിച്ചതുപോലെ തന്നെ യേശു എന്തായിരുന്നു, എന്താണ് എന്നൊക്കെ വിശദീകരിക്കാനും പൗലോസ് ശ്രമിച്ചു. റോമാക്കാര്‍ക്കെഴുതിയ ലേഖനത്തിന്റെ തുടക്കത്തില്‍ (1:4) യേശുവിനെ വിവരിച്ചിരിക്കുന്നത് "മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകവഴി തന്നിലുള്ള വിശുദ്ധിയുടെ ആത്മവിന് അനുസൃതമായി ദൈവപുത്രനെന്ന് പ്രഖ്യാപിക്കപ്പെട്ടവന്‍ എന്നാണ്". കൊളോസിയര്‍ക്കുള്ള ലേഖനത്തില്‍ (1:15) കൂടുതല്‍ വ്യക്തതയോടെ യേശുവിനെ അദൃശ്യദൈവത്തിന്റെ പ്രതിഛായ എന്ന് വിശേഷിപ്പിച്ചിരുക്കുന്നു. കൊളോസിയര്‍ക്കുള്ള ലേഖനം പൗലോസിന്റേതല്ലെന്ന് പലരും കരുതാന്‍ ഒരു കാരണം ആ വിശേഷണത്തിന്റെ ഔന്നത്യവും അതുല്യതയും ആണ്.[46] പൗലോസിന്റേതെന്ന് പരക്കെ സമ്മതിക്കപ്പെട്ടിട്ടുള്ള ഫിലിപ്പിയര്‍ക്കുള്ള ലേഖനത്തില്‍ യേശുവിനെ "ദൈവസാദൃശ്യത്തിലായിരുന്നിട്ടും ദൈവവുമായി തുല്യത കാംക്ഷിക്കാതെ ദാസന്റെ വേഷം ധരിച്ച് സ്വയം ശൂന്യനാക്കിയവന്‍, മനുഷ്യരൂപത്തില്‍ സ്വയം താഴ്ത്തി കുരിശുമരണത്തോളം കീഴ്വഴങ്ങിയവന്‍" എന്നൊക്കെയാണ്(ഫിലിപ്പിയര്‍ക്കുള്ള ലേഖനം 2:5-7) വിശേഷിപ്പിച്ചിരിക്കുന്നത്.

[തിരുത്തുക] പരിശുദ്ധാത്മാവ്

ആത്മാവിന്റെ വരങ്ങളെക്കുറിച്ചുള്ള പൗലോസിന്റെ അഭിപ്രായങ്ങള്‍ വൈവിദ്ധ്യവും പ്രത്യേകതകളും നിറഞ്ഞതാണ്. ഉദാഹരണമായി, ഭാഷാവരത്തെ (Glosolalia) പരാമര്‍ശിക്കുന്നിടത്ത് (കൊറിന്ത്യര്‍ക്കുള്ള ഒന്നാം ലേഖനം, അദ്ധ്യായം 14) ആര്‍ക്കും മനസ്സിലാകാത്ത ഉന്മത്ത ജല്പനങ്ങളേക്കാള്‍ കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാകുന്ന പ്രവചനമാണ് അഭികാമ്യമായത് എന്നാണ് അദ്ദേഹം പറയുന്നത്. അനുവദനീയമായതെല്ലാം അഭികാമ്യമല്ല എന്ന് പൗലോസ് വാദിച്ചു. അന്യദൈവങ്ങള്‍ക്ക് സമര്‍പ്പിച്ച മാംസം ഭക്ഷിക്കുന്നതും, അവരുടെ ദേവാലയങ്ങള്‍ സന്ദര്‍ശിക്കുന്നതും, ഉന്മത്തമായ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും അദ്ദേഹം വര്‍ജ്ജ്യമായി കരുതി. അതേസമയം, പലതരം ദൈവികദാനങ്ങളില്‍ കൂടി പ്രകടമാകുന്നതെങ്കിലും ഒരേ ലക്‌ഷ്യത്തിന്റെ പ്രാപ്തിക്കുതകുന്ന ഏകീകരണശക്തിയായാണ് ദൈവാത്മാവിനെ അദ്ദേഹം കണ്ടത്(കൊറിന്ത്യര്‍ക്കുള്ള ഒന്നാം ലേഖനം, അദ്ധ്യായം 12). ക്രൈസ്തവസമൂഹത്തെ അദ്ദേഹം മനുഷ്യശരീരവുമായി താരതമ്യപ്പെടുത്തി. ക്രിസ്തുവിന്റെ ആത്മാവിനാല്‍ ഒന്നിക്കപ്പെട്ട പലതരം അംഗങ്ങള്‍ ചേര്‍ന്നതായാണ് അദ്ദേഹം സഭയെ കണ്ടത്. അത്മാവിന്റെ വരങ്ങളില്‍ ഭരണനൈപുണ്യം, അധ്യാപനശേഷി, രോഗശാന്തിവരുത്താനുള്ള കഴിവ്, പ്രവചനത്തിനും അത്ഭുതപ്രവര്‍ത്തനത്തിനും മറ്റുമുള്ള കഴിവുകള്‍ എന്നിവയെ അദ്ദേഹം ഉള്‍പ്പെടുത്തി. ആത്മാവിന്റെ ഫലങ്ങളിലാകട്ടെ സ്നേഹം, ആഹ്ലാദം, സമാധാനം, ക്ഷമ, ദയ, വിശ്വസ്ഥത, ശാന്തശീലം, ആത്മ‌സം‌യമനക്ഷമത എന്നിവ ഉള്‍പ്പെട്ടു(ഗലാത്തിയര്‍ക്കുള്ള ലേഖനം 5:22).


പുതിയ ജീവിതത്തെ ജഡത്തിലല്ലാതെ ആത്മാവിലുള്ള ജീവിതമായി അദ്ദേഹം ചിത്രീകരിച്ചു. ഇതനുസരിച്ച്, ആത്മാവ് ക്രിസ്തുവിന്റെ ആത്മാവാകയാല്‍ വിശ്വസിക്കുന്നവര്‍ ദൈവമക്കളാകുന്നു. ദൈവം അവരുടെ പിതാവും അവര്‍ ക്രിസ്തുവിന്റെ അനന്തരാവകാശികളും ആയിത്തീരുന്നു(റോമാക്കാര്‍ക്കെഴുതിയ ലേഖനം 8:14).


[തിരുത്തുക] പൗലോസും യഹൂദമതവും

പരിഛേദിതനായ യഹൂദനായിരുന്ന പൗലോസ് റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍(3:1-2) പരിഛേദനകര്മ്മത്തെ പുകഴ്ത്തുന്നതായി തോന്നുമെങ്കിലും കൊറിന്ത്യര്‍ക്കെഴുതിയ ഒന്നാം ലേഖനത്തില്‍ (7:19) പരിഛേദനത്തില്‍ കാര്യമില്ലെന്ന് പറയുന്നു. ഗലാത്തിയര്‍ക്കെഴുതിയ ലേഖനത്തിലാകട്ടെ(6:11-13) പരിഛേദനവാദികളെ മാംസമാത്രമായ കാര്യങ്ങള്‍ ഘോഷിച്ചുനടക്കുന്നവരെന്നും ശാരീരികമായ കീര്‍ത്തി തേടുന്നവരെന്നും വിശേഷിപ്പിക്കുന്നു. ചിലയിടങ്ങളില്‍ യഹൂദനിയമത്തിന്റെ ആധികാരികതയെ അദ്ദേഹം ചോദ്യം ചെയ്യുന്നു. പില്‍ക്കാലത്തെഴുതിയ ഫിലിപ്പിയര്‍ക്കുള്ള ലേഖനത്തില്‍(3:2) ക്രിസ്ത്യാനികളോട് 'അംഗവിഛേദം' നടത്തുന്നവര്ക്കെതിരെ ജാഗ്രതപുലര്‍ത്താനും[47] ആ 'നായ്ക്കളെ' സൂക്ഷിച്ചുകൊള്ളുവാനും പറയുമ്പോള്‍, യഹൂദരോടും യഹൂദനിയമത്തോടും അദ്ദേഹം കുറേക്കൂടി കടുത്തനിലപാടെടുക്കുന്നതായി തോന്നും. യഹൂദനോ യവനനോ ഇല്ലെന്നും എല്ലാവരിലും ആയിരിക്കുന്നവനായ ക്രിസ്തു മാത്രം എല്ലാം ആണെന്നും അദ്ദേഹം പറയുന്നു. അതേസമയം, പൗലോസ് യഹൂദരുടെ നാസീര്‍വൃതം സ്വീകരിച്ചതായും[48] യഹൂദരെ തൃപ്തിപ്പെടുത്താനായി തിമോത്തിയെ പരിഛേദനകര്‍മ്മത്തിന് വിധേയനാക്കിയതായും [49]നടപടിപ്പുസ്തകം പറയുന്നു. യഹൂദരെ നേടാനായി യഹൂദര്‍ക്കിടയില്‍ താന്‍ യഹൂദനായതായി(1 കൊറിന്ത്യര്‍ 9:20) അദ്ദേഹം തന്നെ പറയുന്നുണ്ട്. റോമാക്കാര്‍ക്കെഴുതിയ ലേഖനത്തിലാണെങ്കില്‍(7:12), നിയമം പരിശുദ്ധമാണ്, കല്പ്പനകള്‍ വിശുദ്ധവും, നീതിയുക്തവും നല്ലതുമാണ് എന്നും പറയുന്നു.


യഹൂദനിയമാനുസൃതമുള്ള ജീവിതത്തില്‍ പൗലോസ് എത്രമാത്രം ഊന്നല്‍കൊടുത്തുവെന്നത് ആരംഭം മുതലേ തര്‍ക്കവിഷയമാണ്.[50] വിശ്വാസം വഴിയുള്ള നീതീകരണത്തെക്കുറിച്ച് എഴുതുന്ന അതേ ലേഖനത്തില്‍ തന്നെ അദ്ദേഹം യഹൂദേതരരെക്കുറിച്ച് പറയുന്നത് നിയമം ശ്രവിക്കുന്നവരെയല്ല അത് പ്രവര്‍ത്തിക്കുന്നവരെയാണ് ദൈവം നീതീകരിക്കുക എന്നാണ്. പൗലോസിന്റെ നിലപാട് വൈരുദ്ധ്യരഹിതമായിരുന്നു എന്നു കരുതുന്നവര്‍ അദ്ദേഹം വിശ്വാസമാത്രവാദിയായിരുന്നില്ല എന്ന് വാദിക്കുന്നു. യഹൂദരും യഹൂദേതരരും ഒരേ വിധത്തില്‍ പാപത്തിന് ദാസ്യപ്പെട്ടിരിക്കുകയാണ് എന്നേ അദ്ദേഹം പറയുന്നുള്ളു എന്ന് മറ്റുചിലര്‍ വാദിക്കുന്നു.


പൗലോസ് ഒരിക്കല്‍ യഹൂദനിയമം അനുശാസിക്കുന്ന ശുദ്ധീകരണകര്‍മ്മത്തിന് വഴങ്ങുന്നതും(നടപടി 21:18-26), തിമോത്തിയെ പരിഛേദനത്തിന് വിധേയനാക്കുന്നതും(നടപടി 16:3), ഗലാത്തിയര്‍ക്കും ഫിലിപ്പിയര്‍ക്കുമെഴുതിയ ലേഖനങ്ങളില്‍ യഹൂദനിയമത്തെക്കുറിച്ച് അദ്ദേഹം പ്രകടിപ്പിച്ച അഭിപ്രായങ്ങളുമായി ചേര്‍ന്നുപോകുന്നതല്ല എന്ന് ചില പണ്ഡിതന്മാര്‍ കരുതുന്നു. ഉദാഹരണമായി, നടപടിപ്പുസ്തകം വിശകലനം ചെയ്ത ജെ.ഡബ്ല്യൂ. മക്‌ഗാര്‍വി അതില്‍ ഇരുപത്തിയൊന്നാം അദ്ധ്യായത്തിലെ 18 മുതല്‍ 26 വരെ വാക്യങ്ങള്‍ അഗ്രാഹ്യവും, മോശെയുടെ നിയമത്തെക്കുറിച്ച് പൗലോസ് മറ്റിടങ്ങളില്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ക്ക് ഇണങ്ങാത്തവയും ആണെന്ന് പറയുന്നു.[51] പൗലോസിന്റെ കഥയിലെ ഏറ്റവും ശ്രദ്ധേയമായ സംഭവങ്ങളിലൊന്നായി തിമോത്തിയുടെ പരിഛേദനത്തെ കണ്ട മക്‌ഗാര്‍വി, യഹൂദനിയമത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടിന്റെ സ്ഥിരതയെ ആ സംഭവം തുരങ്കം വക്കുന്നതായി കരുതി.[52]


പൗലോസിന്റെ നിലപാടിലെ ഈ വൈരുദ്ധ്യത്തിന് വിശദീകരണമായി പറയാറ് യഹൂദനിയമത്തോടുള്ള അദ്ദേഹത്തിന്റെ സമീപനം അയവുള്ളതായിരുന്നു എന്നാണ്. ഉദാഹരണമായി 1910-ലെ കത്തോലിക്കാ വിജ്ഞാനകോശം[53] പറയുന്നത്, "യഹൂദേതരരുടെ സ്വാതന്ത്ര്യത്തിന് വിഘ്നം വരാത്ത കാലത്തോളം മോശെയുടെ നിയമം പിന്തുടരുന്നതിന് പൗലോസ് എതിരായിരുന്നില്ലെന്നു മാത്രമല്ല, സാഹചര്യങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം തന്നെ ആ നിയമത്തിന്റെ അനുശാസനങ്ങളെ പിന്തുടര്‍ന്നു" എന്നാണ്(1 കൊറീന്ത്യര്‍ 9:20).


മോശെയുടെ നിയമത്തോടും സാബത്തിനോടുമുള്ള പുതിയനിയമത്തിന്റെ സമീപനത്തിലുണ്ടെന്ന് തോന്നുന്ന വൈരുദ്ധ്യങ്ങള്‍ക്ക് നല്‍കാറുള്ള മറ്റൊരുവിശദീകരണം, യേശുവും പൗലോസും, യഹൂദര്‍ മോശെയുടെ നിയമവും യഹൂദേതരര്‍ നോഹയുടെ ഏഴു ധാര്‍മ്മിക നിയമങ്ങള്‍ മാത്രവും അനുസരിക്കണമെന്ന് അനുശാസിച്ചു എന്നാണ്.[54]

[തിരുത്തുക] പൗലോസും പുനരുത്ഥാനവും

പൗലോസ് തന്റെ ആശയങ്ങള്‍ വികസിപ്പിക്കുന്നത് എഴുതുന്ന ലേഖനം ഏതു സഭാസമൂഹത്തെ ഉദ്ദേശിച്ചാണ് എന്നതിന്റെ കൂടി അടിസ്ഥാനത്തിലാണ്(1 കൊറിന്ത്യര്‍ 9:19-23). കൊറിന്ത്യര്‍ക്കുള്ള ഒന്നാം ലേഖനത്തില്‍(15:29), ക്രിസ്തുവിലായിരിക്കുന്നവര്‍ക്ക് നല്‍കപ്പെടുന്ന രക്ഷ, മറ്റുള്ളവര്‍ അവരുടെ പേരില്‍ സ്വീകരിക്കുന്ന ജ്ഞാനസ്നാനം വഴി, മുന്‍കാലങ്ങളില്‍ മരിച്ചവര്‍ക്കും ലഭിക്കും എന്ന് അദ്ദേഹം എഴുതുന്നുണ്ട്. ഈ ഉദ്ദേശത്തിലുള്ള ജ്ഞാനസ്നാനത്തെ പൗലോസ് പിന്തുണച്ചിരുന്നോ എന്ന് വ്യക്തമല്ല.


[തിരുത്തുക] പൗലോസും യുഗാന്ത്യവും

ലോകാവസാനത്തെക്കുറിച്ചുള്ള പൗലോസിന്റെ ആശയങ്ങള്‍ പ്രധാനമായും അവതരിപ്പിച്ചിരിക്കുന്നത് തെസ്സലോനിക്കയിലെ സഭക്കെഴുതിയ ലേഖനങ്ങളിലാണ്. ഏറെ പീഢനങ്ങള്‍ക്ക് ഇരയായിരുന്ന ആ സഭയിലെ ക്രിസ്ത്യാനികള്‍ ആദ്യം, നേരത്തേ മരണമടഞ്ഞവരുടെ വിധിയെക്കുറിച്ചും പിന്നീട് ലോകാവസാനം എപ്പോഴാണുണ്ടാവുകയെന്നും അന്വേഷിച്ച് അദ്ദേഹത്തിന് എഴുതിയെന്ന് കരുതണം. യേശുവിന്റെ പുനരാഗമനത്തില്‍ മരിച്ചവര്‍ ആദ്യം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും തുടര്‍ന്ന് ജീവിച്ചിരിക്കുന്നവര്‍ അവരോടൊപ്പം ചേരുമെന്നും പൗലോസ് അവര്‍ക്ക് വിശദീക്കരിച്ചുകൊടുത്തു(1 തെസ്സലോനിയര്‍ 4:16). ഇത് ഏറെ വൈകാതെ നടക്കുമെന്ന് ഒരു പക്ഷേ അദ്ദേഹം കരുതിയിരുന്നിരിക്കാമെങ്കിലും സമയകാലങ്ങളെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും നല്‍കാതിരിക്കുകയും കാലതാമസത്തിന് ഒരുങ്ങിയിരിക്കാന്‍ മുന്നറിയിപ്പുനല്‍കുകയുമാണ് അദ്ദേഹം ചെയ്തത്.[55] അന്ത്യനാളുകളില്‍, യേശുവും വിനാശത്തിന്റെ മനുഷ്യനും തമ്മില്‍ യുദ്ധം ഉണ്ടകുമെന്നും അത് യേശുവിന്റെ വിജയത്തില്‍ കലാശിക്കുമെന്നും അദ്ദേഹം വിശ്വസിച്ചു.


പൗലോസിന്റേയും മറ്റും യുഗാന്ത്യപ്രതീക്ഷയുടെ സാഫല്യം വൈകിയതിന് പല വിശദീകരണങ്ങളും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. യുഗാന്ത്യത്തിന്റെ കാര്യത്തില്‍ പൗലോസിനും മറ്റും തെറ്റുപറ്റി എന്നാണ് ഒരു വിശദീകരണം. യുഗാന്ത്യം ഒരൊറ്റ സംഭവമല്ല, നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നതാണെന്നും വ്യക്തികളെന്ന നിലയില്‍ നാമെല്ലാം ഓരോ നിമിഷവും വിധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നുമാണെന്ന ഓസ്റ്റിന്‍ ഫാറരുടെ നിലപാട് മറ്റൊരു വിശദീകരണമാണ്. യുഗാന്ത്യം വൈകുന്നത് ദൈവം ക്ഷമാപൂര്‍ണ്ണനാണ് എന്നതിന് തെളിവായും ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്(2 തെസ്സലോനിയര്‍ 2:6).


പൗലോസ് പ്രതീക്ഷിച്ച യുഗാന്ത്യത്തിന്റെ രൂപമെന്തായിരുന്നു എന്നതിനെപ്പറ്റി കത്തോലിക്കാ വിജ്ഞാനകോശം വ്യതിരിക്തമായ രണ്ട് ആശയങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ആദ്യത്തേത് സങ്കല്പ്പിക്കുന്നത് ദുഷ്ടന്മാര്‍ക്കും നീതിമാന്മാര്‍ക്കുമെന്നല്ല (റോമാക്കാര്‍ക്കെഴുതിയ ലേഖനം 14:10-12) മാലാഖാമാര്‍ക്കുപോലും(1 കൊറിന്ത്യര്‍ 6:3) ബാധകമായ ഒരു പൊതുവിധിയാണ്. രണ്ടാമത്തേത് കൂടുതല്‍ വിവാദപരമാണ്: അതനുസരിച്ച് ദുഷ്ടരും (2 കൊറിന്ത്യര്‍ 11:15) നീതിമാന്മാരും (2 തിമോത്തി 4:14) അടക്കം മനുഷ്യരെല്ലാം (റോമാക്കാര്‍ക്കെഴുതിയ ലേഖനം 2:6-9) വിശ്വാസത്തിന്റേയും കര്‍മ്മങ്ങളുടേയും അടിസ്ഥാനത്തില്‍ വിധിക്കപ്പെടുന്നു.

[തിരുത്തുക] പൗലോസ്, നടപടികളിലും ലേഖനങ്ങളിലും

അപ്പസ്തോലനടപടികളിലും ലേഖനങ്ങളിലും പ്രത്യക്ഷപ്പെടുന്ന പൗലോസ് വ്യത്യസ്ഥ വ്യക്തിത്വങ്ങളാണെന്ന് താല്‍മുദ് പണ്ഡിതനായ ഹ്യാം മക്കോബി വാദിക്കുന്നു. രണ്ടിലും കാണുന്ന ജീവിതരേഖകളെ സമന്വയിപ്പിക്കുവാനുള്ള ബുദ്ധിമുട്ടുകള്‍ക്ക് പുറമേയാണിത്. നടപടികളില്‍ പൗലോസിന്റേതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള പ്രഭാഷണങ്ങളില്‍ തെളിയുന്നത് തികച്ചും വ്യത്യസ്ഥമായൊരു മനസ്സാണ്. നടപടികളിലെ പൗലോസിന് ദൈവശാസ്ത്രത്തേക്കാള്‍ താത്പര്യം ഭൗതികചരിത്രമാണ്. വിശ്വാസം വഴിയുള്ള നീതീകരണത്തെക്കുറിച്ചും ദൈവാത്മാവിനെക്കുറിച്ചും ഒക്കെ നടപടികളിലെ പൗലോസിന് ഒന്നും പറയാനില്ല. അതേസമയം സ്നാപകയോഹന്നാനെ പൗലോസ് ലേഖനങ്ങളില്‍ പരാമര്‍ശിക്കുന്നതേയില്ല; നടപടികളിലെ പൗലോസാകട്ടെ അദ്ദേഹത്തെക്കുറിച്ച് പലവട്ടം സംസാരിക്കുന്നു എന്നും മക്കോബി ചൂണ്‍ടിക്കാട്ടുന്നു.


ജര്‍മ്മനിയിലെ റ്റൂബിങ്ങന്‍ സര്‍വകലാശാലയിലെ അദ്ധ്യാപകനും ക്രൈസ്തവദൈവശാസ്ത്രത്തിലെ റ്റൂബിങ്ങന്‍ ശാഖയുടെ പിതാവുമായ എഫ്.സി. ബൗര്‍(1792-1860) അഭിപ്രായപ്പെട്ടിട്ടുള്ളത്, 'പുറജാതികളുടെ' അപ്പസ്തോലനായിരുന്ന പൗലോസ് മറ്റ് അപ്പസ്തോലന്മാരുമായി കടുത്ത എതിര്‍പ്പില്‍ ആയിരുന്നു എന്നാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, പൗലോസ് മറ്റ് അപ്പസ്തോലന്മരുമായി സഹകരിച്ച് പ്രവര്‍ത്തിച്ചതായി ചിത്രീകരിക്കുന്ന ശ്ലീഹന്മാരുടെ നടപടികള്‍, വിശ്വാസയോഗ്യമല്ലാത്ത പില്‍ക്കാലരചനയാണ്. ബൗര്‍ തുടങ്ങിവച്ച ചര്‍ച്ച തുടര്‍ന്നുകൊണ്ടേയിരുന്നു. അതില്‍ പങ്കെടുത്തവരില്‍ അഡോള്‍ഫ് ഡീസ്മാനെയും(1866-1937) റിച്ചാര്‍ഡ് റീറ്റ്സന്‍സ്റ്റീനിനേയും(1861-1931) പോലെയുള്ളവര്‍ പൗലോസിന്റെ യവനപശ്ചാത്തലത്തിനും ആല്‍ബര്‍ട്ട് ഷ്വൈറ്റ്സറും മറ്റും യഹൂദമതത്തിലെ അദ്ദേഹത്തിന്റെ വേരുകള്‍ക്കും പ്രാധാന്യം കല്പിച്ചു.


മക്കോബിയുടെ സിദ്ധാന്തമനുസരിച്ച് യഹൂദമതം ജ്ഞാനവാദം, മിസ്റ്റിസിസം എന്നിവയെ സമന്വയിപ്പിച്ച് ഒരു സമഗ്രരക്ഷാമതമായി ക്രിസ്തുമതത്തെ രൂപപ്പെടുത്തുകയാണ് പൗലോസ് ചെയ്തത്. പൗലോസിന്റെ ഫരീസേയപശ്ചാത്തലം അദ്ദേഹത്തിന്റെ ഭാവനാസൃഷ്ടിയായിരുന്നെന്നും ഒരുപക്ഷേ സദ്ദൂക്കിയരുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നിരിക്കാമെന്നും മക്കോബി കരുതി. ക്രിസ്തുമതത്തില്‍ കടന്നുകൂടിയ യഹൂദവിരോധത്തിന്റെ തുടക്കം പൗലോസിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


[തിരുത്തുക] പൗലോസ് സ്ത്രീപക്ഷവായനയില്‍

സ്ത്രീപുരുഷസമത്വസങ്കല്പങ്ങളെ വെല്ലുവിളിക്കുന്ന നിരിവധി പരാമര്ശങ്ങള്‍ പൗലോസിന്റെ പേരില്‍ അറിയപ്പെടുന്ന പല ലേഖനങ്ങളിലും കാണാം. അവയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത് തിമോത്തിക്കുള്ള ആദ്യലേഖനം തീത്തൂസിനുള്ള ലേഖനം എന്നിവയില്‍ ഉള്ളവയാണ്. ജ്ഞാനവാദപണ്ഡിതയായ എലൈന്‍ പേഗല്‍സിന്റെ അഭിപ്രായം പൗലോസ് ജ്ഞാനവാദിയായിരുന്നെന്നും ജ്ഞാനവാദത്തെ വിമര്‍ശിക്കുന്നവയും അജപാലനലേഖനങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നവയും ആയ തിമോത്തിക്കും തീത്തൂസിനും ഉള്ള ലേഖനങ്ങള്‍ ഈ വസ്തുത മറച്ചുവക്കാന്‍ വേണ്ടി പില്‍ക്കാലത്ത് ചമച്ച കപടരചനകളാണ് എന്നുമാണ്.[56] രണ്ടാം നൂറ്റാണ്ടിലെ ഭൂരിഭാഗം ക്രൈസ്തവസഭകളും മധ്യവര്‍ഗ്ഗത്തിലെ ഭൂരിഭാഗത്തിനൊപ്പം സ്ത്രീസമത്വത്തിനെതിരായ നിലപാടെടുത്തു എന്ന് അവര്‍ പറയുന്നു. ക്രി.വ. 200-നടുത്തായപ്പോള്‍, തിമോത്തിക്കുള്ള ഒന്നാം 'കപട-പൗലോസ്' (Pseudo Pauline) ലേഖനത്തിന് ഭൂരിഭാഗം സഭകളും ആധികാരകത കല്പിച്ചത്രെ. ആ ലേഖനം പൗലോസിന്റെ നിലപാടിലെ സ്ത്രീവിരോധത്തില്‍ ഊന്നല്‍ കോടുത്തും പെരുപ്പിച്ചുകാട്ടിയും "ഓരോ സ്ത്രീയും മൗനത്തിലും കീഴ്വഴക്കത്തിലും പഠിക്കട്ടെ; സ്ത്രീ പഠിപ്പിക്കുന്നതോ പുരുഷന്മാരുടെമേല്‍ അധികാരം പ്രയോഗിക്കുന്നതോ ഞാന്‍ അനുവദിക്കുന്നില്ല; അവള്‍ മൗനം പാലിക്കട്ടെ" എന്നെഴുതി. സ്ത്രീകളോട് എല്ലാക്കാര്യത്തിലും ഭര്‍ത്താക്കന്മാര്‍ക്ക് വഴങ്ങിയിരിക്കാന്‍ ആവശ്യപ്പെടുന്ന കൊളോസിയര്‍ക്കും എഫേസിയര്‍ക്കും ഉള്ള ലേഖനങ്ങളും സ്ത്രീകളുടെനേരെ പൗലോസിനുണ്ടായിരുന്ന അനുകൂലമനോഭാവത്തെ പ്രതിഫലിപ്പിക്കാത്ത കൃത്രിമരചനകളാണെന്നും പേഗല്‍സിന് അഭിപ്രായമുണ്ട്.


സഭയിലും വിവാഹജീവിതത്തിലും സ്ത്രീകളെ പാര്‍ശ്വവല്‍ക്കരിക്കുക എന്ന ലക്‌ഷ്യത്തോടെ എഴുതപ്പെട്ടവയാണ് 'കപട-പൗലോസ്' ലേഖങ്ങളെന്നതിനോട്, ദൈവശാസ്ത്രജ്ഞനായ റോബര്‍ട്ട് ക്രാമറും യോജിക്കുന്നു. ക്രി.വ. 115-നടുത്ത് എഴുതപ്പെട്ടവയാണെന്ന് ഇന്ന് മിക്കവാറും സമ്മതിക്കപ്പെട്ടിരിക്കുന്ന അജപാലനലേഖനങ്ങള്‍ രചിക്കപ്പെട്ടത് പൗലോസിന്റെ രക്തസാക്ഷിത്വം നടന്ന് അരനൂറ്റാണ്ട് കഴിഞ്ഞാണെന്നും കൊറിന്ത്യര്‍ക്കെഴുതിയ ആദ്യലേഖനത്തിലെ ചിലഭാഗങ്ങള്‍ക്ക് തിമോത്തിക്കുള്ള ഒന്നാം ലേഖനവുമായുള്ള സാമ്യം കണക്കെലെടുക്കുമ്പോള്‍, ആ ഭാഗങ്ങളും തിമോത്തിക്കുള്ള ഒന്നാം ലേഖനവും ഒരേ ആളോ ആളുകളോ പിന്നീട് എഴുതിയവയാണെന്ന് അനുമാനിക്കാമെന്നും അദ്ദേഹം പറയുന്നു. ഈ വീക്ഷണം അനുസരിച്ച്, സ്ത്രീകളെ പാര്‍ശ്വവല്‍ക്കരിക്കുന്ന പില്‍ക്കാലരീതിക്ക് ആധികാരികത നല്‍കുകയായിരുന്നു ഈ കൃത്രിമരചനകള്‍ ഉദ്ദേശിച്ചത്.[57]


ഫാദര്‍ ജെറോം മര്‍ഫി ഓക്കോണറും പൗലോസിന്റെ ലേഖനങ്ങളില്‍ സ്ത്രീവിരുദ്ധമെന്നു തോന്നിക്കുന്ന വാക്യങ്ങള്‍ അദ്ദേഹത്തിന്റെ കാലശേഷം കൂട്ടിച്ചേര്‍ക്കപ്പെട്ടവയണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ "സഭയില്‍ സംസാരിക്കുന്നത് സ്ത്രീകള്‍ക്ക് ലജ്ജാകരമാണ് എന്നും മറ്റുമുള്ള കൊറിന്ത്യര്‍ക്കെഴുതിയ ഒന്നാം ലേഖനത്തിലെ വാക്യങ്ങള്‍ (14:34-35)പലരും പറയുന്നതുപോലെ ആ ലേഖനത്തിന്റെ പ്രധാനഭാഗമല്ല, പൗലോസിന് ശേഷം കൂട്ടിച്ചേര്‍ക്കപ്പെട്ടവയാണ്. യഹൂദനിയമത്തെ അടിസ്ഥാനമാക്കിയുള്ള അതിലെ വാദം പൗലോസിന്റെ പൊതുരീതിക്ക് എതിരും ആ ലേഖനത്തിലെ തന്നെ പതിനൊന്നാം അദ്ധ്യായത്തിലെ (പ്രവചിക്കുമ്പോള്‍ സ്ത്രീകള്‍ ശിരസ് മൂടിയിരിക്കണമെന്ന് പറയുന്ന)അഞ്ചാം വാക്യത്തിന് വിരുദ്ധവുമാണ്. അത് തിമോത്തിക്കുള്ള ഒന്നാം ലേഖനം 2:11-14-ലെ സ്ത്രീവിരുദ്ധതയെ പ്രതിഫലിപ്പിക്കുന്നു. അവ രണ്ടിന്റേയും ഉറവിടം ഒന്നുതന്നെയാകാം." [58]


[തിരുത്തുക] നുറുങ്ങുകള്‍

  • പൗലോസിന്റെ ശാരീരിക രൂപം വര്‍ണ്ണിക്കുന്നുവെന്നവകാശപ്പെടുന്ന പ്രസിദ്ധമായൊരു ഭാഗം 'പൗലോസിന്റെ-നടപടികള്‍' എന്ന അപ്രമാണിത കൃതിയുടെ പൗലോസും തെക്ലായും എന്ന ഖണ്ഡത്തിലുണ്ട്. ഇതനുസരിച്ച് ഉയരം കുറഞ്ഞ്, തലയില്‍ കഷണ്ടിയും, വളഞ്ഞ കാലുകളും, കൂട്ടിമുട്ടുന്ന പുരികങ്ങളും, കൊളുത്തുപോലുള്ള മൂക്കും(hooked nose) ചേര്‍ന്നതായിരുന്നു പൗലോസിന്റെ രൂപം.[59]


  • പൗലോസ് ഹേറോദോസ് രാജവിന്റെ കുടുംബത്തില്‍ പെട്ടവനായിരുന്നു എന്ന് കാലിഫോര്‍ണിയ സ്റ്റേറ്റ് സര്‍വകലാശാലയിലെ അദ്ധ്യാപകനായ റോബര്‍ട്ട് ഐസ്മാന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.[60] യഹൂദചരിത്രകാരനായ ജോസഫസ് (ഫ്ലാവിയസ് ജോസഫ്)പരാമര്‍ശിക്കുന്ന "(ഹേറോദോസ്)അഗ്രിപ്പായുടെ ബന്ധുവായ സൗലസ്"[61] പൗലോസാണ് എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഈ വാദത്തിന് തെളിവായി റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ നിന്ന്(16:11) "എന്റെ ബന്ധുവായ ഹേറോദിന് എന്റെ ആശംസകള്‍ കൊടുക്കുക" എന്ന വരികള്‍ ചൂണ്ടിക്കാണിക്കാറുണ്ട്. എന്നാല്‍ പണ്ഡിതലോകത്ത് ഈ വാദത്തിന് പിന്തുണ കാര്യമായില്ല.


  • പൗലോസിന്റെ പില്‍ക്കാല വിമര്‍ശകരില്‍ അമേരിക്കന്‍ സ്വാതന്ത്ര്യസമരസേനാനിയും ചിന്തകനും രാഷ്ട്രപതിയും ആയിരുന്ന തോമസ് ജെഫേഴ്സണ്‍ പ്രമുഖനാണ്. യേശുവിന്റെ സിദ്ധാന്തങ്ങളില്‍ ആദ്യമായി മായം ചേര്‍ത്തത് പൗലോസ് ആണെന്ന് ജെഫേഴ്സണ്‍ എഴുതി.[62] ഹോവാര്‍ഡ് ബ്രെന്റന്റെ 'പൗലോസ്' എന്ന നാടകം പൗലോസിന്റെ പരിവര്‍ത്തനത്തിന്റെ സംശയദൃഷ്ടിയോടെയുള്ള വിലയിരുത്തലാണ്.


  • ദൈവരാജ്യത്തെക്കുറിച്ചുള്ള യേശുവിന്റെ മൂലസന്ദേശത്തെ വികസിപ്പിച്ചെടുക്കാന്‍ പൗലോസ് ഒന്നും ചെയ്തില്ലെന്ന് എച്ച്.ജി.വെല്‍സും അഭിപ്രായപ്പെട്ടിട്ടുണ്ട്. പകരം തന്റെ മരണത്തില്‍ യേശു, ആദിമസംസ്കാരങ്ങള്‍ അര്‍പ്പിച്ചിരുന്ന ബലികളിലെ ഇരകളെപ്പോലെ, മനുഷ്യരാശിയുടെ മോചനത്തിനായി സ്വയം അര്‍പ്പിക്കുകയാണ് ചെയ്തതെന്ന് പൗലോസ് പഠിപ്പിച്ചതായി വെല്‍സ് എഴുതി.[63]


  • ജവര്‍ലാല്‍ നെഹ്രു വിശ്വചരിത്രാവലോകനം എന്ന കൃതിയില്‍ പൗലോസിനെക്കുറിച്ച് ഇങ്ങനെ പറയുന്നു: അടുത്ത അനുയായികള്‍ ഭയന്ന് യേശുവിന്റെ നിഷേധിക്കുന്ന അവസ്ഥയിലായി. എന്നാല്‍ യേശുവിന്റെ മരണം കഴിഞ്ഞ് ഏറെത്താമസിയാതെ, യേശുവിനെ കണ്ടിട്ടില്ലാത്ത പൗലോസെന്നൊരാള്‍ യേശുവിനെ പഠനങ്ങളായി അയാള്‍ക്ക് തോന്നിയത് പ്രചരിപ്പിക്കാന്‍ തുടങ്ങി. പൗലോസ് പ്രചരിപ്പിച്ച ക്രിസ്തുമതം യേശു പഠിപ്പിച്ചതില്‍ നിന്ന് ഏറെ ഭിന്നമായിരുന്നെന്ന് പലരും കരുതുന്നു. പൗലോസ് കഴിവും അറിവും ഉള്ള മനുഷ്യനായിരുന്നു. പക്ഷേ അദ്ദേഹം യേശുവിനെപ്പോലെ ഒരു സാമുഹ്യവിമതന്‍ (Social Rebel) അല്ലായിരുന്നു.[64]


  • പൗലോസ് ഒഫ്താല്‍മിയ രോഗിയായിരുന്നു എന്ന് കരുതുന്നവരുണ്ട്. ഇതിന് പിന്തുണയായി "വെളിപാടുകളുടെ സമൃദ്ധിയില്‍ അഹങ്കരിക്കാതിരിക്കാനായി എന്റെ ശരീരത്തില്‍ മുള്ളുവച്ചിരിക്കുന്നു" എന്ന അദ്ദേഹത്തിന്റെ പ്രസ്താവന(2 കൊറീന്ത്യര്‍ 12:7) ഉദ്ധരിക്കപ്പെടാറുണ്ട്. മറ്റു ലേഖനങ്ങള്‍‍ പലതില്‍ നിന്നും ഇതിനെ പിന്തുണക്കുന്നതെന്നവകാശപ്പെടുന്ന ഉദ്ധരണികള്‍ അവതരിപ്പിക്കപ്പെടാറുണ്ട്. ഗലാത്തിയര്‍ 4:15; 2 കൊറീന്ത്യര്‍ 10:10 തുടങ്ങിയവ ഉദാഹരണങ്ങളാണ്. നീഷേ പൗലോസിനെ വിശുദ്ധ അപസ്മാരരോഗി (Holy Epileptic)എന്നു വിശേഷിപ്പിച്ചിട്ടുണ്ട്.[ക]


[തിരുത്തുക] കുറിപ്പുകള്‍

ക.^ Christianity is degenerative, full of decaying and excremental elements; its driving force is the revolt of the bungled and botched. This revolt was begun by the Jews, and brought into Christianity by "holy epileptics" like Saint Paul, who had no honesty.[65]


[തിരുത്തുക] അധാരസൂചിക

  1. "The Canon Debate," McDonald & Sanders editors, 2002, chapter 32, page 577, by James D. G. Dunn
  2. The Complete Gospels, Robert J. Miller ed.
  3. Galatians 1:11–12
  4. Galatians 6:11 , Romans 16:22 , 1 Corinthians 16:21 , Colossians 4:18 , 2 Thessalonians 3:17 , Philippians 1:19
  5. 2 Thessalonians 2:2 ഇവിടെ, തന്റേതെന്നവകാശപ്പെട്ട് അന്യര്‍ ലേഖനങ്ങള്‍ എഴുതാറുണ്ടായിരുന്നുവെന്ന് പൗലോസിന് അറിയാമായിരുന്നുവെന്ന സൂചനയുണ്ട്
  6. Oxford Dictionary of the Christian Church ed. F.L. Lucas (Oxford) entry on St. Paul
  7. പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങള്‍. തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. 
  8. Laymon, Charles M. The Interpreter's Eighteen-Volume Commentary on the Bible (Abingdon Press, Nashville 1871)
  9. Walton, Steve (2000). Leadership and Lifestyle: The Portrait of Paul in the Miletus Speech and 1 Thessalonians. Cambridge University Press. pp. 3. ISBN 0521780063. http://books.google.com/books?id=P9NznB__-E0C&pg=PA3&vq=%22these+scholars+see+the+paul%22&dq=conzelmann+paul+acts&as_brr=3&sig=QanFBxTbjopfPhsPqcWm1PG3lLw. 
  10. Hare, Douglas R. A. (1987), "Introduction", in Knocks, John, Chapters in a Life of Paul (Revised ed.), Mercer University Press, pp. x, ISBN 0865542813, http://books.google.com/books?id=g_42mQjLOVsC&pg=PR10&vq=%22proper+historical+method+requires+us%22&dq=paul+primary+sources+acts+epistles&as_brr=3&sig=RvCwlMrXfqLVQ91D-2OTOOwRWm8 
  11. Maccoby, Hyam (1998). 7s+letters,+particularly+Galatians,&dq=paul+account+particularly+galatians&as_brr=3&sig=jPTrXnLJDJ651XZXpe70N02GSUs The mythmaker (Barnes and Noble ed. ed.). Barnes and Noble. pp. 4. ISBN 0760707871. http://books.google.com/books?id=co_CxizRbTAC&pg=PA4&vq=%22From+certain+of+Paul% 7s+letters,+particularly+Galatians,&dq=paul+account+particularly+galatians&as_brr=3&sig=jPTrXnLJDJ651XZXpe70N02GSUs. 
  12. Chapters 9:30, 11:25 and 22:3
  13. "Galilee villages launch campaign to attract Christian pilgrims", Haaretz - Israel News]
  14. Hengel, Martin; Anna Maria Schwemer (1997). Paul Between Damascus and Antioch: The Unknown Years. trans. John Bowden. Westminster John Knox Press. pp. 43. ISBN 0664257364. http://books.google.com/books?id=PRIKVslqctkC&pg=PA43&vq=%22the+baptism+of+Saul/Paul+in+Damascus%22&dq=paul+baptized+damascus&as_brr=3&sig=DLbwPWBw-HL4JYp6MmR3ZsIxoqg. 
  15. Galatians 2:1–10
  16. Barnett, Paul The Birth Of Christianity: The First Twenty Years (Eerdmans Publishing Co. 2005) ISBN 0-8028-2781-0 p. 200
  17. Ogg, George, Chronology of the New Testament in Peake's Commentary on the Bible (Nelson) 1963)
  18. Barnett p. 83
  19. [Kistemaker, S.J, Acts (New Testament Commentary; Grand Rapids: Baker, 1990)]
  20. for example see the title in Acts 15 in the NIV
  21. 21.0 21.1 21.2 White, L. Michael (2004). From Jesus to Christianity. HarperCollins. pp. 148–149. ISBN 0060526556. http://books.google.com/books?id=w4ehxXoIxCUC&pg=PA149&vq=%22Two+more+of+Paul%27s+visits+to+Jerusalem%22&dq=paul+%22visits+to+jerusalem%22+acts+letters&as_brr=3&sig=Lir18QcyIN5vGQhjG0W8m8KwIqI. 
  22. Bruce Metzger's Textual Commentary on the Greek New Testament has the Western version of 15:2: "for Paul spoke maintaining firmly that they should stay as they were when converted; but those who had come from Jerusalem ordered them, Paul and Barnabas and certain others, to go up to Jerusalem to the apostles and elders that they might be judged before them about this question."
  23. Catholic Encyclopedia: Judaizers see section titled: "The Incident At Antioch"
  24. Catholic Encyclopedia: Judaizers: "On their arrival Peter, who up to this had eaten with the Gentiles, "withdrew and separated himself, fearing them who were of the circumcision," and by his example drew with him not only the other Jews, but even Barnabas, Paul's fellow-labourer."
  25. White, L. Michael (2004). From Jesus to Christianity. HarperSanFrancisco. pp. 170. ISBN 0–06–052655–6. http://books.google.com/books?id=w4ehxXoIxCUC&pg=PA170&vq=%22total+failure+of+political+bravado%22&dq=paul+%22visits+to+jerusalem%22+acts+letters&as_brr=3&sig=EZ2xNofTh3Rw11WHiHXs-iVqhR8. 
  26. McGarvey: "Yet we see him in the case before us, circumcising Timothy with his own hand, and this 'on account of certain Jews who were in those quarters.'"
  27. Map of Paul's Second Missionary Journey
  28. Acts 18:17 NRSV
  29. Pauline Chronology: His Life and Missionary Work, from Catholic Resources by Felix Just, S.J.
  30. Map of Paul's Third Missionary Journey
  31. Expositor's Bible Commentary (Zondervan, 1978–1992), Commentary on Acts 21:27–29
  32. The First Epistle of Clement to the Corinthians, 5:5–6, translated by J.B. Lightfoot
  33. Lactanius, John Chrysostom, Sulpicius Severus all agree with Eusebius' claim that Peter and Paul died under Nero. Lactantius, Of the Manner in Which the Persecutors Died II; John Chrysostom, Concerning Lowliness of Mind 4; Sulpicius Severus, Chronica II.28–29
  34. see Galatians 6:11 , Romans 16:22 , 1 Corinthians 16:21 , Colossians 4:18 , Thessalonians&verse=3:17&src=NIV 2  Thessalonians 3:17 , Philemon 1:19
  35. Brown, R.E., The Churches the Apostles left behind p.48.
  36. Mark 10:45
  37. Oxford Dictionary of the Christian church (Oxford 1958) article on Justification
  38. Hanson A.T., Studies in Paul's Technique and Theology (SPCK 1974) p. 64
  39. Gathercole Simon, "What Did Paul Really Mean?" (Christianity Today, 2007)
  40. Christus Victor, Gustaf Aulen (SPCK 1931)
  41. Rashdall, Hastings, The Idea of Atonement in Christian Theology (1919).
  42. Markham I.S., in Theological Liberalism: Creative and Critical ed. J'annine Jobling & Ian Markham
  43. Cur Deus Homo'; Dillistone (ibid.) p. 190 ff
  44. (ibid.) p. 195ff
  45. (ibid.) p. 102
  46. R.E. Brown The Churches the Apostles left behind (Chapman 1984 p. 47f
  47. http://www.blueletterbible.org/cgi-bin/strongs.pl?strongs=2699 Strong's G2699
  48. McGarvey on Acts 21
  49. McGarvey: "Yet we see him in the case before us, circumcising Timothy with his own hand, and this "on account of certain Jews who were in those quarters."
  50. James D. G. Dunn, Jesus, Paul and the Law: Studies in Mark and Galatians, Westminster/John Knox Press, 1990, chapter 8: "Works of the Law and the Curse of the Law"
  51. [http://www.ccel.org/ccel/mcgarvey/acts.ch21.html Commentary on Acts of the Apostles |Christian Classics Ethereal Library
  52. [http://www.ccel.org/ccel/mcgarvey/acts.ch16.html Commentary on Acts of the Apostles |Christian Classics Ethereal Library
  53. "Judaizers", 1910 Catholic Encyclopedia
  54. R. Emden, in appendix to "Seder 'Olam"(pp. 32b-34b, Hamburg, 1752
  55. Rowlands, Christopher Christian Origins (SPCK 1985) p.113
  56. Pagels, Elaine. The Gnostic Gospels. Vintage Publishers, 1989, p.62
  57. Cramer, Robert N. "Women's roles in early church — real history, revisionism, and making things right." Online: http://www.bibletexts.com/qa/qa078.htm#1 Accessed October 5, 2007
  58. New Jerome Biblical Commentary, edited by Raymond E. Brown, S.S., Joseph A. Fitzmyer, S.J, and Roland E. Murphy, O.Carm., Englewood Cliffs, NJ: Prentice Hall, 1990, pages 811-812)
  59. ഓക്സ്ഫോര്‍ഡ് കമ്പാനിയന്‍ ടു ദി ബൈബിളിലെ അപ്പോക്രിഫയെക്കുറിച്ചുള്ള ലേഖനം.
  60. See Paul as Herodian, JHC 3/1 (Spring, 1996), 110-122. http://depts.drew.edu/jhc/eisenman.html
  61. Antiquities, Book XX, Chapter 9:4. http://www.ccel.org/j/josephus/works/ant-20.htm
  62. The Writings of Thomas Jefferson: Being his Autobiography, Correspondence, Reports, Messages, Addresses, and Other Writings, Official and Private. Published by the Order of the Joint Committee of Congress on the Library, from the Original Manuscripts, Deposited in the Department of State, With Explanatory Nites, Tables of Contents, and Index to Each Volume, as well as a General Index to the Whole, by the Editor H. A. Washington. Vol. VII. Published by Taylor Maury, Washington, D.C., 1854.
  63. ലോകത്തിന്റെ ഒരു ലഘുചരിത്രം എന്ന കൃതിയിലെ The Development of Doctrinal Christianity എന്ന ലേഖനം
  64. Glimpses of World History - Jesus and Christianity(പുറം 86)
  65. ബെര്ട്രാന്‍ഡ് റസ്സലിന്റെ A History of Western Philosphy-യില്‍ നീഷേയെക്കുറിച്ചുള്ള ലേഖനത്തില്‍ ഉദ്ധരിച്ചിരിക്കുന്നത് - പുറം 765

[തിരുത്തുക] ഗ്രന്ഥസൂചി

  • Aulén, Gustaf, Christus Victor (SPCK 1931)
  • Brown Raymond E. The Church the Apostles left behind(Chapman 1984)
  • Brown, Raymond E. An Introduction to the New Testament. Anchor Bible Series, 1997. ISBN 0–385–24767–2.
  • Bruce, F.F., Paul: Apostle of the Heart Set Free (ISBN 0–8028–4778–1)
  • Bruce, F.F. 'Is the Paul of Acts the Real Paul?' Bulletin John Rylands Library 58 (1976) 283–305
  • Conzelmann, Hans, the Acts of the Apostles — a Commentary on the Acts of the Apostles (Augsburg Fortress 1987)
  • Davies, W. D. (1962), "The Apostolic Age and the Life of Paul", in Black, Matthew, Peake's Commentary on the Bible, London: T. Nelson, ISBN 0840750196 
  • Davies, W. D. (1970). Paul and Rabbinic Judaism: Some Rabbinic Elements in Pauline Theology (third edition ed.). S.P.C.K.. ISBN 0281024499. 
  • Dunn, James D.G., 1990, Jesus, Paul and the Law Louisville,KY: Westminster John Knox Press. ISBN 0-664-25095-5
  • Hanson, Anthony Tyrrell (1974). Studies in Paul's Technique and Theology. Grand Rapids, MI: Eerdmans. ISBN 0802834523. 
  • Irenaeus, Against Heresies, i.26.2
  • Maccoby, Hyam. The Mythmaker: Paul and the Invention of Christianity. New York: Harper & Row, 1986. ISBN 0–06–015582–5.
  • MacDonald, Dennis Ronald, 1983. The Legend and the Apostle: The Battle for Paul in Story and Canon Philadelphia: Westminster Press.
  • Ogg, George (1962), "Chronology of the New Testament", in Black, Matthew, Peake's Commentary on the Bible, London: T. Nelson, ISBN 0840750196 
  • Murphy-O'Connor, Jerome, Paul the Letter-Writer: His World, His Options, His Skills (Collegeville, Minn.: Liturgical Press, 1995) ISBN 0-8146-5845-8
  • Murphy-O'Connor, Jerome, Paul: A Critical Life (Oxford: Clarendon Press, 1996) ISBN 0-19-826749-5
  • Murphy-O'Connor, Jerome, Jesus and Paul: Parallel lives (Collegeville, Minn.: Liturgical Press, 2007) ISBN 0-8146-5173-9
  • Rashdall, Hastings, The Idea of Atonement in Christian Theology (1919)
  • John Ruef, Paul's First letter to Corinth (Penguin 1971)
  • Sanders, E.P., Paul and Palestinian Judaism (1977)
  • Segal, Alan F., "Paul, the Convert and Apostle" in Rebecca's Children: Judaism and Christianity in the Roman World (Harvard University Press 1986).
  • Segal, Alan F., Paul, the Convert, (New Haven/London, Yale University Press, 1990) ISBN 0-300-04527-1.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

Wikiquote-logo-en.svg
വിക്കി ചൊല്ലുകളിലെ‍ താഴെക്കാണിച്ചിരിക്കുന്ന താളില്‍ ഈ ലേഖനവുമായി ബന്ധപ്പെട്ടെ ചൊല്ലുകള്‍ ലഭ്യമാണ്‌:

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം