തോമസ് അക്വീനാസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പാശ്ചാത്യ തത്വചിന്തകന്‍ മധ്യകാലഘട്ട തത്വചിന്ത |
|
വി. തോമസ് അക്വീനാസിനെ ചിത്രീകരിച്ചിരിക്കുന്നു - The Demidoff Altarpiece-ല്‍ നിന്ന് Carlo Crivelli വരച്ചത് |
|
| പൂര്‍ണ്ണനാമം | തോമസ് അക്വീനാസ് |
|---|---|
| School/tradition | Scholasticism, Founder of Thomism |
| Main interests | ഭൗതീകാന്തരശാസ്ത്രം (incl. ദൈവശാസ്ത്രം), യുക്തി, Mind, Epistemology, സാന്മാര്‍ഗ്ഗികത, രാഷ്ട്രമീമാംസ |
| Notable ideas | ദൈവത്തിന്റെ അസ്തിത്വത്തിനുള്ള അഞ്ചു തെളിവുകള്‍, Principle of double effect |
|
സ്വാധീനങ്ങള്‍
|
|
|
സ്വാധീനിച്ചത്
|
|
പ്രസിദ്ധ ക്രൈസ്തവ ദൈവശാസ്ത്രജ്ഞനും തത്ത്വചിന്തകനും. സ്കോളാസ്റ്റിക് തത്ത്വചിന്തയിലെ ഏറ്റവും അറിയപ്പെടുന്ന നാമം. പതിമൂന്നാം നൂറ്റാണ്ടില്‍(1225-1274) ജീവിച്ചിരുന്നു. ക്രൈസ്തവ സിദ്ധാന്തങ്ങളുടെ ദാര്‍ശനിക വിശദീകരണത്തിന് ഒരു പുതിയ മാനം നല്‍കിയത് അക്വീനാസാണ്. വിശുദ്ധ ആല്‍ബര്‍ട്ടിന്റെ (Albertus Magnus) ശിഷ്യന്മാരില്‍ പ്രമുഖന്‍. അരിസ്റ്റോട്ടലിന്റെ തത്ത്വചിന്തയെ ക്രൈസ്തവ സിദ്ധാന്തങ്ങളുമായി സമന്വയിപ്പിച്ചതാണ് അക്വിനാസിന്റെ മൗലിക സംഭാവനയായി കരുതപ്പെടുന്നത്. അതുവരെ വിശുദ്ധ അഗസ്റ്റിന്റെ വഴി പിന്തുടര്‍ന്ന ക്രൈസ്തവ ചിന്ത, പ്ലേറ്റോയുടെ തത്ത്വചിന്തയോടാണ് ചാഞ്ഞു നിന്നിരുന്നത്. ക്രൈസ്തവ ദൈവശാസ്ത്രത്തിലെ 'അഗസ്റ്റീനിയന്‍' സരണിക്കു സമാന്തരമായി അരിസ്റ്റോട്ടലിന്റെ മേധാശക്തിയെ ആശ്രയിക്കുന്ന 'തോമിസ്റ്റ്' സരണിക്കു രൂപം കൊടുത്തത് തോമസ് അക്വീനാസ് ആണ്. പാശ്ചാത്യക്രൈസ്തവലോകത്ത് അരിസ്റ്റോട്ടലിന് പ്രശസ്തിയും സ്വീകാര്യതയും ഉണ്ടായത് അക്വിനാസിനു ശേഷമാണ്. പിന്നീട് അത് ചോദ്യം ചെയ്യപ്പെടാനാവാത്ത പ്രാമാണികത ആയി മാറി.
കത്തോലിക്കാ ദൈവശാസ്ത്രത്തിന്റെ സാരസംഗ്രഹമായ സമ്മാ തിയോളജിക്കാ [1]എന്ന കൂറ്റന്‍ ഗ്രന്ഥമാണ് പ്രധാന കൃതി. ആ കൃതി പൂര്‍ത്തിയാക്കപ്പെടാത്തതാണ്.
പില്‍ക്കാലത്തുണ്ടായ പ്രൊട്ടസ്റ്റന്റ് കലാപത്തെ കത്തോലിക്കാ സഭക്ക് അതിജീവിക്കാനായത് അക്വീനാസിന്റെ സംഭാവനകളുടെ ബലത്തിലാണ് എന്നു പറയപ്പെടുന്നു. പ്രൊട്ടസ്റ്റന്റ് കലാപത്തോടുള്ള ഔദ്യോഗിക സഭയുടെ ചെറുത്തുനില്പ്പിന്റെ ഭാഗമായി സംഘടിക്കപ്പെട്ട ത്രെന്തോസിലെ [2] സൂനഹദോസിനെ തുടര്‍ന്ന് അക്വീനാസ് കത്തോലിക്കാ ചിന്തയുടെ അവസാന വാക്കായി മാറി. സൂനഹദോസിലെ അള്‍ത്താരയില്‍ ബൈബിളിനും സൂനഹദോസിന്റെ തന്നെ പ്രമാണരേഖകള്‍ക്കും ഒപ്പം സമ്മായും വെച്ചിരുന്നു.[3] എന്നാല്‍ പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രം അക്വീനാസിനോട് മുഖം തിരിച്ചു നിന്നു. 1879-ല്‍ Aeterni Patris എന്ന ചാക്രിക ലേഖനം വഴി ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പ അക്വീനാസിന്റെ ദര്‍ശന സംഹിതക്കുള്ള കത്തോലിക്കാ സഭയുടെ ഔദ്യോഗികാംഗീകാരത്തിന് ഒരിക്കല്‍ കൂടി അടിവരയിട്ടു. [4]
ഉള്ളടക്കം |
[തിരുത്തുക] ജീവിതം
ഇറ്റലിയില്‍ മൊന്തെ കസീനോയ്ക്കടുത്തുളള റോക്കിസേക്ക എന്ന സ്ഥലത്ത് 1225 അക്വീനാസ് ജനിച്ചു. അക്വീനോയിലെ ലാന്‍ഡല്‍ഫ് പ്രഭുവും തിയോഡോറയും ആയിരുന്നു മാതാപിതാക്കള്‍ . 1239 വരെ മൊന്തെ കസീനയിലെ ബനഡിക്ടന്‍ ആശ്രമത്തില്‍ പ്രാഥമിക വിദ്യാഭാസം ചെയ്തു. പിന്നീട് 1244 വരെ നേപ്പിള്‍സ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിയായിരുന്നു. അവിടെ വച്ച് ഡൊമനിക്കന്‍ സന്യാസി സമൂഹത്തിന്റെ ആദര്‍ശങ്ങളിലേക്ക് ആകൃഷ്ടനായി വീട്ടുകാരുടെ ആഗ്രഹത്തിനെതിരായി സന്യാസി സമൂഹത്തില്‍ ചേര്‍ന്നു. 1245 മുതല്‍ 48 വരെ പാരീസ് സര്‍വ്വകലാശാലയില്‍ ഉന്നതവിദ്യാഭാസം ചെയ്തു. അതിനുശേഷം 1252 ല്‍ ഡൊമനിക്കന്‍ കോളേജില്‍ സഹാധ്യാപകനായി സേവനമനുഷ്ഠിച്ചു .അവിടെ വച്ച് അദ്ദേഹത്തിനു വൈദീകപട്ടം ലഭിച്ചു. 1252 ല്‍ ദൈവശാസ് ത്രം പഠിക്കുന്നതിന് വീണ്ടും പാരീസിലേക്ക് യാത്ര തിരച്ചു. 1256 ല്‍ ആ വിഷയിത്തില്‍ മാസ്റ്റര്‍ ബിരൂദവും 1257 ല്‍ ഡോക്ടര്‍ബിരുദവും നേടി. 1259 ഇറ്റലിയിലേക്ക് തിരികെ വന്നു . പിന്നീട് 1268 വരെ റോമായിലെ പേപ്പല്‍ ക്യൂരിയയാല്‍ ദൈവശാസ് ത്രം പഠിപ്പിച്ചു.
[തിരുത്തുക] മരണം, വിശുദ്ധപദവി
മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശപ്രകാരം ലിയോണിലെ എക്യുമെനിക്കല്‍ കൗണ്‍സിലില്‍ സംബന്ധിക്കുന്നതിന് പോകുന്ന വഴി ഫോസ് നോവയിലെ ബനഡിക്ടന്‍ ആശ്രമത്തില്‍ വച്ച് 1274 മാര്‍ച്ച് 7-ന് അക്വീനാസ് അന്തരിച്ചു. നേപ്പിള്‍സിലെ ഒരു ദേവാലയത്തില്‍ വിശുദ്ധ കുര്‍ബ്ബാനയര്‍പ്പിക്കുന്നതിനിടെ ഉണ്ടായ ഒരു ദര്‍ശനത്തെ തുടര്‍ന്ന് ദൈവിക യാഥാര്‍ദ്ധ്യങ്ങളെ വിവരിക്കുന്നതിന് മനുഷ്യഭാവനക്കുള്ള പരിമിതി അദ്ദേഹത്തിന് ബോദ്ധ്യമായെന്നും അതിനാല്‍ പിന്നീട് ഒന്നും എഴുതേണ്ട എന്നു തീരുമാനിച്ചു എന്നും പറയപ്പെടുന്നു. "എനിക്കിനി എഴുതുക വയ്യ. കാരണം എനിക്കു വെളിവാക്കപ്പെട്ട കാര്യങ്ങള്‍ക്കു മുന്‍പില്‍, ഞാനെഴുതിയതൊക്ക വൈക്കോല്‍ സമമായി തോന്നുന്നു" എന്ന് അദ്ദേഹം സന്തത സഹചാരിയായിരുന്ന റെജിനോള്‍ഡിനോട് പറഞ്ഞു. സമ്മാ പൂര്‍ത്തിയാക്കപ്പെടാതെ പോയത് അങ്ങനെയാണത്രെ. നിത്യതയുടെ ആ ജാലകദര്‍ശനത്തെ തുടര്‍ന്ന് അദ്ദേഹത്തിന് ദൈവസന്നിധിയിലെത്താന്‍ തിടുക്കമായെന്നും അതാണ് മധ്യവസ്സിലുള്ള മരണത്തിലേക്കു നയിച്ചതെന്നും കൂടി പറയുന്ന ജീവചരിത്രകാരന്മാരുണ്ട്. 1323 ല്‍ അക്വീനാസ് വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെട്ടു.
[തിരുത്തുക] തത്ത്വചിന്തക്കപ്പുറം
തത്ത്വചിന്തയുടെ ലോകത്തിനു പുറത്ത്, കലയിലേയും സാഹിത്യത്തിലേയും സൃഷ്ടികള്‍ക്കും അക്വീനാസ് പ്രചോദനമായിട്ടുണ്ട്. നവോദ്ധാനകാലത്തെ പ്രമുഖ കലാകാരനായിരുന്ന ഫിലിപ്പിനോ ലിപ്പിയുടെ ഒരു ചിത്രത്തിന്റെ വിഷയം അക്വീനാസ് മതദ്രോഹികളെ (heretics) വാദിച്ചു തോല്പ്പിക്കുന്നതാണ്. ദാന്തേയുടെ ഡിവൈന്‍ കോമഡി യില്‍ അക്വീനാസ് പ്രത്യക്ഷപ്പെടുന്നുണ്ട്. 'കോമഡി' യുടെ ദൈവശാസ്ത്രവും ലോകവീക്ഷണവും അക്വീനാസില്‍നിന്നു കടമെടുത്തത്താണ് എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. സമ്മാ തിയോളജിക്ക പദ്യത്തിലാക്കിയതാണ് ഡിവൈന്‍ കോമഡി എന്നു പോലും പറയാറുണ്ട്. അക്വീനാസിന്റെ മരണത്തെക്കുറിച്ച് മദ്ധ്യയുഗത്തില്‍ പ്രചാരത്തിലിരുന്ന ഒരു കഥ ദാന്തെ ഡിവൈന്‍ കോമഡിയിലെ ശുദ്ധീകരണസ്ഥലമെന്ന രണ്ടാം ഭാഗത്ത് ആവര്‍ത്തിക്കുന്നുണ്ട്. അതനുസരിച്ച് സിസിലിയിലെ ഭരണാധികാരിയായിരുന്ന അന്‍ജോവിലെ ചാല്‍സിന്റെ നിര്‍ദ്ദേശപ്രകാരം അക്വീനാസ് ഫോസ്നോവയില്‍ വച്ച് വിഷം കൊടുത്തു കൊല്ലപ്പെടുകയായിരുന്നു. എന്നാല്‍ ഇന്ന് ഈ കഥ ആരും വിശ്വസിക്കുന്നില്ല.
[തിരുത്തുക] വിമര്‍ശനം
തത്ത്വചിന്തയില്‍ അക്വീനാസ് പിന്തുടര്‍ന്നത് നിഷ്പക്ഷമായ സത്യാന്വേഷണത്തിന്റെ വഴിയല്ല എന്ന് വിമര്‍ശിക്കുന്നവരുണ്ട്. നിഗമനങ്ങള്‍ നേരത്തേ നിശ്ചയിച്ചതിനു ശേഷം അവ സ്ഥാപിച്ചുറപ്പിക്കാനായി വാദഗതികള്‍ അന്വേഷിച്ചു പോവുകയാണ് അക്വീനാസ് ചെയ്തതെന്നും ആ വഴി തത്ത്വചിന്തയുടേതല്ല, വക്കാലത്തിന്റേതാണ് (of special pleading) എന്നും ബര്‍ട്രാന്‍ട് റസ്സല്‍, പാശ്ചാത്യ തത്ത്വ ചിന്തയുടെ ചരിത്രം (History of Western Philosophy)എന്ന ഗ്രന്ഥത്തില്‍ അക്വീനാസിനെക്കുറിച്ചെഴുതിയ ലേഖനത്തില്‍ പറയുന്നുണ്ട്.
[തിരുത്തുക] നുറുങ്ങുകള്‍
അക്വീനാസ് വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെട്ടതിന്റെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട ഒരു കഥ ഇതാണ്. [5] നാമകരണ നടപടികള്‍, സഭാനിയമങ്ങള്‍ ആവശ്യപ്പെടുന്ന അത്ഭുതങ്ങളുടെ തെളിവില്ലാഞ്ഞ് വഴിമുട്ടിനിന്നത്രെ. ജീച്ചിരിക്കെത്തന്നെ അക്വീനാസിന്റെ ശക്തികൊണ്ട് നടന്നുവെന്ന് പറയപ്പെടുന്ന ഒരു അത്ഭുതം പരിഗണിക്കപ്പെട്ടു. അക്വീനാസ് ഇറ്റലിയില്‍ ആസന്നമരണനായിരിക്കെ ഫ്രാന്‍സില്‍ വച്ച് താന്‍ കഴിച്ച് ശീലിച്ചിരുന്ന ഹെറിങ്ങ് മത്സ്യം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെന്നും അപ്പോള്‍, അത് ഹെറിങ്ങുകള്‍ കിട്ടുന്ന സ്ഥലമോ കാലമോ അല്ലാതിരുന്നിട്ടു കൂടി, മീന്‍പിടിത്തക്കാര്‍ക്ക് അത്ഭുതകരമായി അവ കിട്ടിയതു മൂലം മത്സ്യച്ചന്തകളില്‍ ഹെറിങ്ങുകള്‍ ലഭ്യമായെന്നുമായിരുന്നു കഥ. എന്നാല്‍ ഈ 'അത്ഭുത'ത്തിന് സാക്ഷികളെന്നവകാശപ്പെട്ട് വന്നവര്‍ ഹെറിങ്ങുകളെ കണ്ടിട്ട് പോലും ഇല്ലാത്തവരാണെന്നു വന്നപ്പോള്‍, അതിനേയും ആശ്രയിക്കുക വയ്യെന്നായി. ഒടുവില്‍ അന്നത്തെ മാര്‍പ്പാപ്പാ ആയിരുന്ന ജോണ്‍ ഇരുപത്തി രണ്ടാമന്റെ ഇടപെടല്‍ പ്രശ്നം പരിഹരിച്ചു. അക്വീനാസിന്റെ സമ്മാ തിയോളജിക്കാ യിലെ ഓരോ വകുപ്പും(article) ഒരു അത്ഭുതമാണെന്നും അതുകൊണ്ട് അക്വീനാസിനു തുണയായി, സമ്മായില്‍ എത്ര വകുപ്പുകളുണ്ടോ അത്രയും അത്ഭുതങ്ങളുണ്ട് എന്നും വിധിച്ച് മാര്‍പ്പാപ്പാ അക്വീനാസിന്റെ നാമകരണത്തിന് അനുമതി നല്‍കിയത്രെ.
അക്വീനാസിന്റെ ജീവിതശുദ്ധിയും ബ്രഹ്മചര്യനിഷ്ഠയും ഏറെ ഘോഷിക്കപ്പെട്ടിട്ടുണ്ട്. മാലാഖ പോലുള്ള മല്പാന്‍ (Angelic Doctor)എന്ന് അദ്ദേഹം അറിയപ്പെട്ടു. മരണത്തിനു മുന്‍പ് അദ്ദേഹം നടത്തിയ മുഴുവന്‍ കുമ്പസാരം കേട്ട വൈദികന് അഞ്ചു വയസ്സുള്ള കുഞ്ഞിന്റെ ആദ്യ കുമ്പസാരം പോലെയാണത്രെ തോന്നിയത്.[6]
[തിരുത്തുക] അവലംബം
- ↑ http://www.newadvent.org/summa/
- ↑ http://forerunner.com/chalcedon/X0020_15._Council_of_Trent.html
- ↑ http://www.romancatholicism.org/trent-baptism.htm
- ↑ http://www.vatican.va/holy_father/leo_xiii/encyclicals/documents/hf_l-xiii_enc_04081879_aeterni-patris_en.html
- ↑ Charles Freemaan: Closing of the Western Mind: The Rise of Faith and the Fall of Reason, Publisher: Alfred A. Knopf(2003)
- ↑ ജി.കെ. ചെസ്റ്റര്‍ട്ടണ്‍ അക്വിനാസിനെക്കുറിച്ചെഴുതിയ പുസ്തകത്തില്‍ നിന്ന്: http://gutenberg.net.au/ebooks01/0100331.txt.
[തിരുത്തുക] കുറിപ്പുകള്‍