അന്റോണിയോ ഗ്രാംഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Antonio Gramsci എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അന്റോണിയോ ഗ്രാംഷി
ജനനംജനുവരി 22, 1891
Ales, Sardinia
മരണംഏപ്രിൽ 27, 1937
റോം, ഇറ്റലി
കാലഘട്ടം20th-century philosophy
പ്രദേശംWestern Philosophy
ചിന്താധാരMarxism
പ്രധാന താത്പര്യങ്ങൾPolitics, Ideology, Culture
ശ്രദ്ധേയമായ ആശയങ്ങൾHegemony, Organic Intellectual, War of Position

കമ്മ്യൂണിസ്റ്റ് ഇന്റർ നാഷണലിന്റെ ഭാരവാഹി എന്ന നിലയിലും ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാക്കളിലൊരാൾ എന്ന നിലയിലും മാർക്സിസത്തിന് പുതിയ സൈദ്ധാന്തിക വ്യാഖ്യാനം സൃഷ്ടിച്ച ബുദ്ധിജീവി എന്ന നിലയിലും പ്രശസ്തനായിത്തീർന്ന ചിന്തകനാണ് അന്റോണിയോ ഗ്രാംഷി (ഇറ്റാലിയൻ ഉച്ചാരണം: [ˈɡramʃi]) (January 22, 1891 – April 27, 1937). 1891 ജനുവരി 22 ന് ഇറ്റലിയിൽ സർദീനിയായിലെ അലൈസിൽ ജനിച്ചു. 1937 ഏപ്രിൽ 27 ന് അന്തരിച്ചു.

ജീവിതരേഖ[തിരുത്തുക]

തെക്കൻ ഇറ്റലിയിലെ വളരെ ദരിദ്രമായ ഒരു പ്രവിശ്യയിലായിരുന്നു ഗ്രാംഷി ജനിച്ചത്. ഗ്രാംഷി ഒരു സ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്ത് ഒരു ചെറിയ സർക്കാർ ഉദ്ദ്യോഗസ്ഥനായ പിതാവ് ഔദ്ദ്യോഗിക വീഴ്ചയുടെ പേരിൽ കുറ്റംചാർത്തപ്പെട്ട് ജയിലിലായി. അതോടെ ഗ്രാംഷിയുടെ വിദ്യാഭ്യാസം താൽക്കാലികമായി അവസാനിച്ചു. ചെറിയ പ്രായത്തിൽതന്നെ കൂനനായ അദ്ദേഹത്തിന് ആ പ്രശ്നം ജീവിതാന്ത്യം വരെ അലട്ടുന്ന ഒന്നായി മാറിയത് ചെറുപ്പത്തിൽതന്നെ കഠിനമായ തൊഴിൽ ചെയ്ത് കൂടുംബം പുലർത്തേണ്ടി വന്നതിനാലായിരുന്നു. നാലുവർഷം കഴിഞ്ഞ് പിതാവ് ജയിവിമുക്തനായതിനു ശേഷമാണ് അദ്ദേഹം വിദ്യാഭ്യാസം തുടർന്നത്. ജ്യേഷ്ഠൻ ഗൊണ്ണാറോയിൽ നിന്ന് സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു. സർക്കാർ സ്കോളർഷിപ്പോടെ വടക്കൻ ഇറ്റലിയിലെ സമ്പന്ന നഗരമായ തൂറിനിലെ സർവകലാശാലയിൽ സാഹിത്യ പഠനത്തിനായി ചേർന്നു. ബെനഡിറ്റൊ ക്രോചെ, മത്തിയോ ബർത്തോളി മുതലായ പ്രമുഖരായ അദ്ധ്യാപകരുടെ സ്വാധീനം ഭാഷാ-സാഹിത്യ വിദ്ദ്യാർത്ഥിയായിരുന്ന അദ്ദേഹത്തിനുമേലുണ്ടായി . എന്നാൽ ആശയവാദപരമായ അത്തരം സ്വാധീനതകളിൽ നിന്ന് സ്വയം വിമുക്തനായി അദ്ദേഹം മാർക്സിസ്റ്റ്- ലെനിനിസ്റ്റ് ആശയങ്ങളിലേക്ക് ചുവടുമാറി.ആശയപരമായി സോഷ്യലിസ്റ്റായി മാറിയ ഗ്രാംഷി മോസ്കോയിലേക്ക് കമ്മ്യൂണിസ്റ്റ് ഇന്റർ നാഷണലിന്റെ പ്രവർത്തകനായി പോകുകയും പിന്നീട് ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിക്കുകയും 1924-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇറ്റാലിയൻ പാർലമെന്റിൽ പ്രതിപക്ഷ നേതാവായി പ്രവർത്തിച്ച കാലം സംഭവബഹുലമായിരുന്നു.ഫാഷിസത്തിനെതിരായ പോരാട്ടത്തിന്റെ ചരിത്രം ആരംഭിക്കുന്നത് അവിടെ നിന്നാണ്. 1922-ൽ മുസ്സോളിനി ഇറ്റലിയുടെ അധികാരം പിടിച്ചെടുത്തതു മുതൽ ഫാഷിസത്തിന്റെ കണ്ണിലെ കരടായിരുന്നു ഗ്രാംഷി. അതുകൊണ്ട് 1928-ൽ ഫാഷിസ്റ്റ് സർക്കാർ അദ്ദേഹത്തെ 20 വർഷത്തേക്ക് ജയിലിലടച്ചുകൊണ്ട് ഉത്തരവായി. കൂനനായിരുന്ന ഗ്രാംഷിക്ക് വിവിധ രോഗങ്ങളും കൂടെപ്പിറപ്പായി ഉണ്ടായിരുന്നു. ജയിൽ വാസം അദ്ദേഹത്തിന്റെ ആരോഗ്യത്തെ തീർത്തും തകർത്തുകളഞ്ഞു. ഫ്രഞ്ച് സാഹിത്യകാരൻ റൊമെയ്ൻ റൊളാങ്ങ്, കാന്റർബറി ആർച്ച് ബിഷപ്പ് എന്നിവർ അദ്ദേഹത്തെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവരുടെ അഭ്യർത്ഥനയെ ഫാഷിസ്റ്റുകൾ നിരാകരിച്ചു. അദ്ദേഹത്തെ ജയിൽ വിമുക്തനാക്കാൻ മുസോളിനി ഭയപ്പെട്ടു എന്നതാണ് സത്യം. എങ്കിലും രോഗം നിയന്ത്രണാതീതമായപ്പോൾ ഫാഷിസ്റ്റ് സർക്കാർ അദ്ദേഹത്തെ ക്ലിനിക്കിലേക്ക് മാറ്റുകയും പിന്നീട് 1937 ഏപ്രിൽ 21ന് അദ്ദേഹത്തെ ശിക്ഷാകാലാവധി പത്തുവർഷമായി വെട്ടിക്കുറച്ച് സ്വതന്ത്രനാക്കുകയും ചെയ്തു . എങ്കിലും ഒരാഴ്ചക്കുള്ളിൽ തന്നെ അദ്ദേഹം മരണത്തിനുകീഴടങ്ങി. ജയിലിൽ കിടന്നുകൊൺട് ഗ്രാംഷി എഴുതിയ ജയിക്കുറിപ്പുകളാണ് മരണാനന്തരം ലോക ശ്രദ്ധയിലേക്ക് ഗ്രാംഷിയെ തിരിച്ചു കൊണ്ടുവന്നത്. ജയിലിൽ ഗ്രാംഷിയുടെ സന്ദർശകയായിരുന്ന ഭാര്യാസഹോദരി താത്യാനയാണ് ജയിൽക്കുറിപ്പുകൾ പൂറംലോകത്ത് എത്തിച്ചത്. ലോക മാർക്സിസ്റ്റ് നിലപാടുകളെ അടിസ്ഥാനപരമായി സ്വാധീനിക്കുവാൻ ഗ്രാംഷിയുടെ ചിന്തകൾക്ക് കഴിഞ്ഞത് ഈ നോട്ടുകളുടെ പ്രസിദ്ധീകരണത്തിലൂടെയായിരുന്നു. മോസ്കോയിൽ താമസിച്ചിരുന്ന ഇറ്റാലിയൻ കമ്മ്യൂണീസ്റ്റ് നേതാവും കമ്മ്യൂണീസ്റ്റ് ഇന്റർ നാഷണലിന്റെ നേതാവുമായിരുന്ന തോഗ്ലിയാത്തിയാണ് താത്യാന അയച്ചു കൊടുത്ത ജയിൽക്കുറിപ്പുകൾ 1947 മുതൽ പ്രസിദ്ധീകരിച്ചു തുടങ്ങിയത്.അതോടെ അത് ഫാഷിസ്റ്റ് വിരുദ്ധചിന്തകളുടെ കലവറയായി മാറി.[1]

ഗ്രാംഷിയുടെ കൃതികൾ[തിരുത്തുക]

ജയിലിൽ നിന്നുള്ള കത്തുകൾ 1947-ൽ ഇറ്റലിയിൽ പ്രസിദ്ധീകരിച്ചു. 1957 ഓടെ ജയിൽക്കുറിപ്പുകളും മറ്റ് ലേഖനങ്ങളും ആറു വാല്യങ്ങളിലായി ഇറ്റാലിയൻ ഭാഷയിൽ പുറത്തുവന്നു. 'ദ മോഡേൺ പ്രിൻസ് ആൻഡ് അദർ റൈറ്റിങ്സ്' എന്ന പേരിൽ ആദ്യത്തെ ഇംഗ്ലീഷ് വിവർത്തനം പുറത്തു വന്നു.പിന്നീട് ഗ്രാംഷിയുടെ ലേഖനങ്ങളെ വിഷയാധിഷ്ഠിതമായി തരംതിരിച്ചുള്ള പല ഇംഗ്ലീഷ് എഡിഷനുകളും പുറത്തു വന്നിട്ടുണ്ട്. 'സെലക്ഷൻസ് ഫ്രം പ്രിസൻ നോട്ട് ബുക്സ്', 'സെലക്ഷൻസ് ഫ്രം പൊളിറ്റീക്കൽ റൈറ്റിങ്സ് 1910-1920', 'സെലക്ഷൻസ് ഫ്രം ദ കൾച്ചറൽ റൈറ്റിങ്സ്'' എന്നിവ അവയിൽ ചിലതാണ്.

ഗ്രാംഷിയുടെ താത്ത്വികസംഭാവനകൾ[തിരുത്തുക]

രാഷ്ട്രീയസമൂഹം/പൗരസമൂഹം, പ്രത്യയ ശാസ്ത്രം,കീഴാളത,അധീശത്വം ,ജൈവബുദ്ധിജീവി/പാരമ്പര്യബുദ്ധിജീവി,ഫാഷിസം എന്നിവയെപ്പറ്റിയുള്ള നൂതനമായ പരികല്പനകളാണ് ഗ്രാംഷി താത്ത്വികരംഗത്ത് നൽകിയിട്ടുള്ള സംഭാവനകളിൽ ചിലത്. പ്രായോഗിക പ്രവർത്തനങ്ങൾക്കുള്ള മാർഗ്ഗദർശകങ്ങളെന്ന നിലക്കാണ് ഗ്രാംഷി ഈ പരികല്പനകളെ കണക്കാക്കിയിരുന്നത്. വിപ്ലവപ്രവർത്തനങ്ങൾക്ക് മാർഗ്ഗദർശകമായി അദ്ദേഹം ആവിഷ്കരിച്ച ഒരാശയമായിരുന്നു കയറിയടിക്കൽ/കാത്തിരിക്കൽ-തയ്യാറെടുപ്പ് തന്ത്രം . വിപ്ലവം, പ്രതിവിപ്ലവം ,വീണ്ടും വിപ്ലവം എന്നിങ്ങണെയാണ് വിപ്ലവപ്രവർത്തനങ്ങളുടെ ഗതിക്രമമെന്ന് ഗ്രാംഷി വിശ്വസിച്ചു.ഈ ധാരണ 1990 കൾക്കു ശേഷമുള്ള വിപ്ലവപാർട്ടികളുടെ നിലനില്പ്പിനേയും തന്ത്രത്തേയും നിർണ്ണായകമായി സ്വാധീനിച്ചു. ദേശീയതയെ സംബന്ധിച്ച് ഗ്രാംഷി മുന്നോട്ടുവെച്ച പ്രാദേശികത/ദേശീയത/സാർവദേശീയത എന്നിവയുടെ സമന്വയത്തിലൂടെ രൂപപ്പെടുന്ന തൊഴിലാളി ദേശീയത എന്ന ആശയം ഇറ്റലിയെ ഭരിച്ചിരുന്ന മാക്യവെല്ലിയൻ ദേശീയതാസങ്കല്പത്തിന്റെ നിരാകരണമായിരുന്നു. ദേശീയതയ്ക്കടിയിൽ പ്രവർത്തിക്കുന്ന പ്രാദേശികതയുടെ പ്രശ്നങ്ങൾ ഇറ്റലിയുടെ തെക്ക്-വടക്കൻ പ്രദേശങ്ങൾ തമ്മിലുള്ള ചരിത്രപരമായ ഭിന്നതകളിൽ നിന്ന് ഗ്രാംഷി തിരിച്ചറിഞ്ഞതാണ്. ഇറ്റലിയുടെ തെക്കൻ പ്രവിശ്യകളുടെ ചരിത്രപരമായ പിന്നോക്കാവസ്ഥ വിശകലനം ചെയ്ത ഗ്രാംഷി അരികുവൽക്കരണത്തിന്റെ യാഥാർത്ഥ്യങ്ങളെയാണ് തത്ത്വികമായി അഭിമുഖീകരിച്ചത്. ധൈഷണികരുടെ നിർമ്മിതിക്കായുള്ള വിദ്യാഭ്യാസം എന്ന ഗ്രാംഷിയൻ വിദ്യാഭ്യാസ സങ്കല്പം പിന്നീട് ശ്രദ്ധേയമായിത്തീർന്നു. അദ്ധ്യാപക-വിദ്യാർത്ഥി ബന്ധം മറ്റിയെഴുതേണ്ടതിനെപ്പറ്റി ഗ്രാംഷി പറഞ്ഞ കാര്യങ്ങൾ പിന്നീട് വിദ്യാഭ്യാസ ദർശനത്തിന്റെ മൗലികമായ ഒരാദർശമായി മാറി.

അവലംബം[തിരുത്തുക]

  1. ഇ.എം.എസ് / പി. ഗോവിന്ദപ്പിള്ള, ഗ്രാംഷിയൻ വിചാരവിപ്ലവം(2008),ചിന്ത പബ്ലിക്കേഷൻസ് തിരുവനന്തപുരം. ആദ്യപതിപ്പ് 1996.
"https://ml.wikipedia.org/w/index.php?title=അന്റോണിയോ_ഗ്രാംഷി&oldid=3923655" എന്ന താളിൽനിന്ന് ശേഖരിച്ചത്