കുരിശുയുദ്ധങ്ങൾ
ക്രിസ്തീയതയുടെ പേരിൽ നടന്ന സൈനിക മുന്നേറ്റങ്ങളുടെ ഒരു പരമ്പരയാണ് കുരിശുയുദ്ധങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. മതപരമായ സ്വഭാവം പുലർത്തിയിരുന്നവയും, പലപ്പോഴും മാർപ്പാപ്പായുടെ അംഗീകാരത്തോടു കൂടി നടത്തപ്പെട്ടവയുമായ ഇവ, പാഗൻ ജനതകൾക്കും, മതനിഷേധകർക്കും, ഇസ്ലാം മത വിശ്വാസികൾക്കും, സഭയിൽ നിന്നു പുറത്താക്കപ്പെട്ടവർക്കും എതിരെയുള്ള ഒരു സമരമായാണ് ചിത്രീകരിയ്ക്കപ്പെട്ടിരുന്നത്.
സെൽജുക്കുകളുടെ അനറ്റോളിയയിലേയ്ക്കുള്ള “ഘസ്‌വത്ത്” കടന്നുകയറ്റത്തിനെതിരേ ബൈസന്റയിൻ സാമ്രാജ്യത്തെ സഹായിച്ചു കൊണ്ട്, ജറൂസലേമും വിശുദ്ധ നാടും ഇസ്ലാം ആധിപത്യത്തിൽ നിന്ന് തിരിച്ചു പിടിയ്ക്കുക എന്നതായിരുന്നു തുടങ്ങിയ കാലത്ത് ഇതിന്റെ ലക്ഷ്യം. എന്നാൽ നാലാം കുരിശുയുദ്ധമാവട്ടെ, വഴിമാറി കോൺസ്റ്റാന്റിനോപ്പിളിന്റെ പിടിച്ചടക്കലിൽ കലാശിച്ചു. പിൽക്കാലത്തുണ്ടായ കുരിശുയുദ്ധങ്ങൾ പലതും, മതപരവും സാമ്പത്തികവും രാഷ്ട്രീയവുമായ താല്പര്യങ്ങളുടെ അടിസ്ഥാനത്തിൽ മേൽപ്പറഞ്ഞ നാടുകൾക്കു പുറത്താണ് അരങ്ങേറിയത്. ഉദാ: ആൽബിജെൻഷ്യൻ കുരിശുയുദ്ധം, അരഗോണീസ് കുരിശുയുദ്ധം, വടക്കൻ കുരിശുയുദ്ധങ്ങൾ.
