ജെ. ശശികുമാർ
| ജെ. ശശികുമാർ | |
|---|---|
| ജനനം | ജോൺ വർക്കി 1927 ഒക്ടോബർ 14 പൂന്തോപ്പ്, ആലപ്പുഴ |
| ഭവനം | ആലപ്പുഴ |
| ദേശീയത | ഭാരതീയൻ |
| വിദ്യാഭ്യാസം | ധനതത്വശാസ്ത്രം |
| തൊഴിൽ | ചലച്ചിത്രസംവിധാനം |
| അറിയപ്പെടുന്നത് | ചലച്ചിത്രസംവിധായകൻ തിരക്കഥാകൃത്ത് |
| ജീവിത പങ്കാളി | ത്രേസ്യാമ്മ |
| മക്കൾ | ഉഷാ തോമസ് ജോർജ് ജോൺ ഷീല റോബിൻ |
| മാതാപിതാക്കൾ | എ.എൽ. വർക്കി മറിയാമ്മ |
ഒരു ആദ്യകാല മലയാളചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ് ജെ. ശശികുമാർ (1927 ഒക്ടോബർ 14). ഒരു തമിഴ്ചിത്രം ഉൾപ്പടെ 131 ചിത്രങ്ങളാണ് ഇദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്[1][2].
ഉള്ളടക്കം |
ജീവിതരേഖ[തിരുത്തുക]
1927 ഒക്ടോബർ 14-ന് ആലപ്പുഴ ജില്ലയിലെ പൂന്തോപ്പിൽ എൻ.എൽ. വർക്കിയുടെയും മറിയാമ്മയുടെയും എട്ടുമക്കളിൽ മൂന്നാമനായി ജനിച്ചു. ജോൺ എന്നായിരുന്നു മാതാപിതാക്കൾ നൽകിയ നാമം. പിന്നീട് കുടുംബം പൂന്തോപ്പിൽ നിന്നും ആലപ്പുഴയിലേക്കു താമസം മാറി. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. അഞ്ചാം ക്ലാസ് വിദ്യാഭ്യാസകാലയളവിൽ ഫാ. മെക്കിൾ പ്രാ എന്ന മെക്സിക്കൻ രക്തസാക്ഷിയെക്കുറിച്ച് വായിച്ച പുസ്തകത്തിൽ നിന്നും ഉൾക്കൊണ്ട പ്രേരണയാൽ ജീവാർപ്പണം എന്ന നാടകം എഴുതി അവതരിപ്പിച്ചു. എറണാകുളം തേവര കോളേജിലും ആലപ്പുഴ എസ്.ഡി. കോളേജിലുമായി കോളേജ് വിദ്യാഭ്യാസം നടത്തി. എസ്.ഡി. കോളേജിൽ ധനതത്വശാസ്ത്രം പഠിച്ച കാലയളവിൽ നാടകത്തിലും സ്പോർടസിലും സജീവമായിരുന്നു.
സർവകലാശാലാ തലത്തിൽ വിജയം വരിച്ചതിനാൽ പൊലീസിൽ ചേരാൻ സാഹചര്യം ഒത്തു വന്നെങ്കിലും വീട്ടുകാരുടെ എതിർപ്പുമൂലം അതിൽ നിന്നും പിൻവാങ്ങി നാടകരംഗത്തു സജീവമായി. 1954 കാലഘട്ടത്തിൽ അടൂർ പാർഥസാരഥി തിയറ്റേഴ്സിൽ ജഗതി എൻ.കെ. ആചാരിയുടെ നാടകത്തിൽ അഭിനയിച്ചു. പിന്നീട് ചില ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ചലച്ചിത്രജീവിതം[തിരുത്തുക]
ഉദയായുടെ നിർമ്മാണത്തിൽ പ്രേംനസീറിനെ നായകനാക്കി 1952-ൽ പുറത്തിറങ്ങിയ വിശപ്പിന്റെ വിളി എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചു. ഉദയാ സ്റ്റുഡിയോ ഉടമ കുഞ്ചാക്കോയുമായുള്ള സൗഹൃദത്തിൽ നിന്നുമാണ് ഈ അവസരം ലഭിച്ചത്[3]. ജോൺ എന്ന പേരിനു സുഖമില്ല എന്ന കാരണത്താൽ കുഞ്ചാക്കോയും കെ.വി. കോശിയും തിക്കുറിശ്ശിയെ സമീപിക്കുകയും അദ്ദേഹം നിരവധി പേരുകൾ കുറിയിടുകയും ചെയ്തു. ഇതിൽ നിന്നും കുഞ്ചാക്കോ കുറിയെടുത്താണ് ജോൺ എന്ന നാമം ശശികുമാർ എന്നാക്കിയത്[3]. പ്രേംനസീറിന്റെയും ബഹദൂറിന്റെയും ഉമ്മറിന്റെയും പേരുകൾ ഇതോടൊപ്പമാണ് കുറിയെടുത്തത്. എന്നാൽ ഉമ്മറിനായി തിരഞ്ഞെടുക്കപ്പെട്ട സ്നേഹജാൻ എന്ന നാമം അദ്ദേഹം ഉമ്മ എന്ന ഒരു ചിത്രത്തിൽ മാത്രമാണ് ഉപയോഗിച്ചത്. തിരമാല, ആശാദീപം, വേലക്കാരൻ തുടങ്ങിയ ചില ചിത്രങ്ങളിൽ ശശികുമാർ അഭിനയിച്ചു. വേലക്കാരൻ എന്ന ചിത്രത്തിൽ യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫിന്റെ പിതാവായിട്ടാണ് അഭിനയിച്ചത്.
ഒരു ദിവസം മൂന്നു ചിത്രം വരെ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ 1980-ൽ മാത്രം 13 ചിത്രം സംവിധാനം ചെയ്തു. സേതുബന്ധനം, പ്രവാഹം, സിന്ധു തുടങ്ങിയ ചിത്രങ്ങൾ ആ വർഷത്തെ വൻവിജയങ്ങളായിരുന്നു. ഡോളർ എന്ന ചിത്രമാണ് നിലവിൽ അവസാനമായി സംവിധാനം ചെയ്തത്. ഈ ചിത്രത്തിലാണ് പദ്മിനി എന്ന നടി അവസാനമായി അഭിനയിച്ചത്. 130 മലയാളചലച്ചിത്രങ്ങളും ഒരു തമിഴ് ചിത്രവും സംവിധാനം ചെയ്ത ഇദ്ദേഹം പ്രേംനസീറിനെ നായകനാക്കി മാത്രം 84 ചിത്രങ്ങളും അതോടൊപ്പം ഷീലയെ നായികയാക്കി 47 ചിത്രങ്ങളും സംവിധാനം ചെയ്തു.
വിമൽ കുമാറിന്റെ ഉമ്മ എന്ന 1960-ലെ ചിത്രത്തിൽ സഹസംവിധായകനായി പ്രവർത്തിച്ചു. ഹിന്ദി ചലച്ചിത്രമായ രാമരാജ്യത്തിന്റെ മലയാളത്തിലെ തിരക്കഥ രചിച്ചത് ഇദ്ദേഹമാണ്. സീത എന്ന ഈ ചിത്രത്തിലൂടെയാണ് ആദ്യമായി തിരക്കഥ തയ്യാറാക്കിയത്. തുടർന്ന് പ്രേംനസീറിന്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരം മെറിലാൻഡ് സ്റ്റുഡിയോയിൽ പ്രവേശിച്ചു. അവിടെ ആദ്യമായി ക്രിസ്മസ് രാത്രി എന്ന ടി.കെ. ബാലചന്ദ്രൻ നായകനായ ചിത്രത്തിലാണ് പ്രവർത്തിച്ചത്. ചെന്നൈയിലെ തോമസ് പിക്ചേഴ്സിന്റെ ഒരാൾകൂടി കള്ളനായി എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സ്വതന്ത്ര സംവിധായകനായത്. എന്നാൽ രണ്ടാമത് സംവിധാനം ചെയ്ത കുടുബിനി എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിലെ ആദ്യ ശബ്ദചലച്ചിത്രമായ ബാലനിലെ നായകനായി അഭിനയിച്ച കെ.കെ. അരൂരിന്റെ അവസാന ചിത്രമായിരുന്നു ഇത്. ജയഭാരതി, കവിയൂർ പൊന്നമ്മ എന്നിവർ ശശികുമാറിന്റെ ചിത്രത്തിലൂടെയാണ് അഭിനയം ആരംഭിച്ചത്.
പുരസ്കാരം[തിരുത്തുക]
- നാടകാഭിനയത്തിന് ബെസ്റ്റ് ആക്ടർ അവാർഡ്
- ജെ.സി. ദാനിയേൽ പുരസ്കാരം (2013)
സംവിധാനം ചെയ്ത ചിത്രങ്ങൾ[തിരുത്തുക]
- തൊമ്മന്റെ മക്കൾ
- ജീവിതങ്ങൾ
- പെൺമക്കൾ
- നൈറ്റ്ഡ്യൂട്ടി
- സിന്ധു
- സമ്മാനം
- പ്രവാഹം
- പിക്‌നിക്
- മുറ്റത്തെ മുല്ല
- മിനിമോൾ
- ലക്ഷ്മി
- യുദ്ധം
- പൗരുഷം
- മഹാബലി
- ആട്ടക്കലാശം
- കൂട്ടുകാർ
- കാവാലം ചുണ്ടൻ
- ബാല്യകാലസഖി
- വിദ്യാർഥി
- വെളുത്ത കത്രീന
- ലൗ ഇൻ കേരള
- റസ്റ്റ്ഹൗസ്
- രഹസ്യം
- രക്തപുഷ്പം
- ലങ്കാദഹനം
- ബോബനും മോളിയും
- പഞ്ചവടി
- പത്‌മവ്യൂഹം
- ഇന്റർവ്യൂ
- സേതുബന്ധനം
- പൂന്തേനരുവി
- പഞ്ചതന്ത്രം
- അലിബാബയും 41 കള്ളന്മാരും
- ആരണ്യകാണ്ഡം
- പിക്പോക്കറ്റ്
- ശോഭരാജ്
- കുഞ്ഞാറ്റക്കിളികൾ
- അജയൻ വിജയൻ
- ജംബുലിംഗം
- സഖാക്കളേ മുന്നോട്ട്
- മുക്കുവനെ സ്നേഹിച്ച ഭൂതം
- പത്താമുദയം
- ചൂള
- മകൻ എന്റെ മകൻ
- പോസ്റ്റ്മാസ്റ്റർ
- മദ്രാസിലെ മോൻ
- ഇവിടെ തുടങ്ങുന്നു
- സ്വന്തമെവിടെ ബന്ധമെവിടെ