അബൂ താലിബ്
മുഹമ്മദുനബിയുടെ പിതൃവ്യനായിരുന്നു അബൂ താലിബ് (549 – 619). ശരിയായ പേര് അബ്ദു മനാഫ് ഇബ്നു അബ്ദുൽമുത്തലിബ് (അറബിൿ: أبو طالب بن عبد المطلب) എന്നാണ്. നബിയുടെ ജാമാതാവായിരുന്ന അലി ബിൻ അബീത്വാലിബ്, ഇദ്ദേഹത്തിന്റെ പുത്രനാണ്. പിതാമഹനായ അബ്ദുൽ മുത്തലിബ് നിര്യാതനായപ്പോൾ 10 വയസ്സു മാത്രമുള്ള നബിയുടെ രക്ഷാകർത്തൃത്വം ഏറ്റെടുത്തത് അബൂ താലിബ് ആയിരുന്നു. സഹോദര പുത്രനോട് നിസ്സീമമായ വാത്സല്യമാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. ഇദ്ദേഹത്തോടൊപ്പം നബി വ്യാപാരാർഥം സിറിയയിൽ സഞ്ചരിച്ചിട്ടുണ്ട്. മുഹമ്മദ് തന്റെ പ്രവാചകത്വം പ്രഖ്യാപിക്കുകയും അറബികളുടെ വിഗ്രഹാരാധനയെയും പ്രാകൃതസമ്പ്രദായങ്ങളെയും എതിർക്കുകയും ചെയ്തപ്പോൾ മക്കാ നിവാസികളായ ഖുറൈഷികൾ കുപിതരായി അദ്ദേഹത്തെയും അനുയായികളെയും പല പ്രകാരത്തിൽ ദ്രോഹിച്ചു. ഈ സമയത്ത് അബൂ താലിബ് നബിക്കു നല്കിയ സഹായവും സംരക്ഷണവും ഖുറൈഷികൾക്ക് ഇഷ്ടപ്പെട്ടില്ല. തന്റെ വംശജരായ ഖുറൈഷികൾ അബൂ താലിബിനെ ഇതിൽനിന്നും പിന്തിരിപ്പിക്കുവാൻ പ്രയോഗിച്ച ഉപായങ്ങളെല്ലാം നിഷ്ഫലമാകുകയാണുണ്ടായത്. ഖുറൈഷികൾ കോപാന്ധരായി. അവർ ഇദ്ദേഹത്തിനും കുടുംബമായ നൂഹാഷിമിനും എതിരെ സാമൂഹികബഹിഷ്കരണം പ്രഖ്യാപിച്ചു. മക്കയിലെ ഒരു താഴ്വരയിൽ രണ്ടര വർഷം ബഹിഷ്കൃതനായി ജീവിക്കേണ്ടി വന്നുവെങ്കിലും അബൂ താലിബിന്റെ നിശ്ചയദാർഢ്യം ഇളക്കമറ്റതായിരുന്നു. മുഹമ്മദിന്റെ മതത്തോടുള്ള കൂറുകൊണ്ടല്ല മുഹമ്മദിനോടുള്ള വാത്സല്യംകൊണ്ടാണ് ഈ ത്യാഗമെല്ലാം ഇദ്ദേഹം ചെയ്തത്. അബൂ താലിബിന്റെ നിര്യാണം പ്രവാചകന് നികത്താനാവാത്ത ഒരു നഷ്ടമായിരുന്നുവെങ്കിൽ ഖുറൈഷികൾക്ക് അതൊരു ആശ്വാസമായിരുന്നു.
| കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അബൂ താലിബ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |