Jump to content

വാൻസീ കോൺഫറൻസ്

Coordinates: 52°25′59″N 13°09′56″E / 52.43306°N 13.16556°E / 52.43306; 13.16556
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Wannsee Conference എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

52°25′59″N 13°09′56″E / 52.43306°N 13.16556°E / 52.43306; 13.16556

വാൻസീ കോൺഫറൻസ് നടന്ന കെട്ടിടം, ഇന്ന് ഇതൊരു സ്മാരകവും മ്യൂസിയവും ആണ്.

1942 ജനുവരി 20 -ന് നാസി ജർമനിയിലെ മുതിർന്ന നാസി നേതാക്കൾ ബെർളിനിലെ നഗരപ്രാന്തമായ വാൻസീയിൽ നടത്തിയ ഒരു യോഗത്തിനെയാണ് വാൻസീ കോൺഫറൻസ് (The Wannsee Conference) (ജർമ്മൻ: Wannseekonferenz) എന്നു വിളിക്കുന്നത്.

നാസി ജർമനിയിലെ മുഖ്യ സുരക്ഷാ കാര്യാലയത്തിറ്റെ (RSHA) നേതാവായ റീൻഹാർഡ് ഹെയ്‌ൻഡ്രിക് വിളിച്ചുചേർത്ത ഈ യോഗത്തിന്റെ മുഖ്യലക്ഷ്യം ജൂതപ്രശ്നത്തിന്റെ അന്തിമപരിഹാരത്തിന്റെ നടത്തിപ്പിനായി എല്ലാ സർക്കാർ വകുപ്പുകളുടെയും ഭരണപരമായ സഹകരണവും ഏകോപനവും ഉറപ്പിക്കലായിരുന്നു. ജർമനിയുടെ നിയന്ത്രണത്തിലുള്ള യൂറോപ്പിലെ ജൂതന്മാരെ മുഴുവൻ പോളണ്ടിലേക്ക് നാടുകടത്തിയശേഷം കൂട്ടക്കുരുതി നടത്തലായിരുന്നു ഇതിന്റെ ലക്ഷ്യം. പല സർക്കാർ സ്ഥാപനങ്ങളുടെ മേധാവികൾ, വിദേശകാര്യമന്ത്രാലയത്തിൽ നിന്നും സെക്രട്ടറിമാർ, നിയമ, ആഭ്യന്തര, നീതിന്യായവകുപ്പുകൾ എന്നിവിടങ്ങളിൽ നിന്നെല്ലാം ഉയർന്ന ഉദ്യോഗസ്ഥർ ഷുട്സ്റ്റാഫൽ പ്രതിനിധികൾ എന്നിവരെല്ലാം ഈ യോഗത്തിൽ പങ്കെടുത്തു. ഈ യോഗത്തിലാണ് യൂറോപ്പിലെ ജൂതന്മാരെ എങ്ങനെയാണ് പടിഞ്ഞാറ് നിന്നും കിഴക്കോട്ട് തെളിച്ചുകൊണ്ടുവന്ന് പോളണ്ടിൽ കടന്നുകയറിയ കയറിയ ജനറൽ ഗവണ്മെന്റ് എന്നു പറയുന്ന സ്ഥലത്തേക്ക് കൊണ്ടുപോയി നിർമ്മാർജ്ജന ക്യാമ്പുകളിൽ വച്ച് കൂട്ടക്കൊല നടത്തേണ്ടതെന്ന് ഹെയ്‌ൻഡ്രിക് വിശദമാക്കിയത്.

നാസികൾ ഭരണം പിടിച്ചെടുത്ത 1933 ജനുവരി 30 മുതൽ തന്നെ ജൂതന്മാരോടുള്ള വിവേചനം നിയമപരമാക്കിത്തുടങ്ങിയിരുന്നു. അക്രമവും സാമ്പത്തികസമ്മർദ്ദങ്ങളും ഉപയോഗിച്ച് സ്വമനസാലേ രാജ്യം വിട്ടുപോകാൻ പലതരത്തിലും ഇത് ജൂതരെ നിർബന്ധിതരാക്കി. 1939 -ലെ പോളണ്ട് അധിനിവേശത്തിനുശേഷം, യൂറോപ്പിലെ ജൂതന്മാരെ കൊന്നുതീർക്കാൻ തുടങ്ങുകയും 1941 ജൂണിൽ സോവിയറ്റ് യൂണിയനിൽ കടന്നുകയറിയതോടെ അതിന്റെ രൂക്ഷത വർദ്ധിപ്പിക്കുകയും ചെയ്തു. 1941 ജൂലൈ 31 -ന് ഗോറിങ്ങ് ഹെയ്‌ഡ്രിക്കിനോട് ജർമൻ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിലെ ജൂതപ്രശ്നത്തിന്റെ അന്തിമപരിഹാരത്തിന്റെ നടത്തിപ്പിനായി ഒരു പദ്ധതി തയ്യാറാക്കാനും അതിന് എല്ലാ സർക്കാർ വകുപ്പുകളുടെ ഏകോപനവും സഹകരണവും ഉറപ്പിക്കാൻ വേണ്ടത് ചെയ്യാനും രേഖാമൂലം തന്നെ ആവശ്യപ്പെട്ടു. ഒരിക്കൽ ജൂതരെയെല്ലാം ഒരുമിച്ച് എത്തിക്കുന്ന പരിപാടികൾ പൂർത്തിയായിക്കഴിഞ്ഞാൽ, അവരെ തീർക്കുന്ന പണികൾ ഷുട്സ്റ്റാഫലിന്റെ നിയന്ത്രണത്തിലുള്ള ഒരു ആഭ്യന്തരകാര്യം മാത്രമാണെന്ന് ഹെയ്‌ഡ്രിക് ഊന്നിപ്പറയുകയുണ്ടായി. യോഗത്തിന്റെ രണ്ടാമത്തെ ലക്ഷ്യം ആരെയെല്ലാമാണ് ജൂതന്മാരായി പരിഗണിക്കേണ്ടതെന്നും അങ്ങനെ കൂട്ടക്കുരുതിയുടെ വ്യാപ്തി എത്രത്തോളം ആയിരിക്കണമെന്നതുമായിരുന്നു.

വാൻസീ കോൺഫറൻസിൽന്റെ മിനുറ്റ്‌സിന്റെ ഒരു കോപ്പി യുദ്ധത്തെ അതിജീവിച്ചത് ന്യൂറംബർഗ് വിചാരണയിലെ അമേരിക്കൻ വാദിഭാഗം അഭിഭാഷകനായ റോബർട്ട് കെമ്പ്‌നർ ജർമനിയുടെ വിദേശകാര്യ ഓഫീസിൽ നിന്നും പിടിച്ചെടുക്കുകയുണ്ടായി. യോഗം നടന്ന സ്ഥലം ഇന്ന് ഹോളോകോസ്റ്റ് സ്മാരകവും മ്യൂസിയവും ആണ്.

പശ്ചാത്തലം

[തിരുത്തുക]
ഗോറിങ്ങ്, ഹെയ്‌ഡ്രിക്കിന് അയച്ച കത്ത്

ജൂതവിരോധം, വംശവിശുദ്ധി, യൂജെനിക്സ് എന്നിവയോടൊപ്പം ജർമൻവൽക്കരണവും ജർമൻ ജനതയ്ക്ക് ജീവിക്കാനുള്ള ഇടത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കാനുള്ള ലക്ഷ്യത്തോടെ മറ്റു രാജ്യങ്ങളെ ആക്രമിച്ചു കീഴ്‌പ്പെടുത്താനുള്ള ആശയങ്ങളെല്ലാം കൂടിച്ചേർന്നുണ്ടായ നാസിസം, ഇവയെ എല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവന്നു.[1] ഇങ്ങനെ വ്യാപ്തി വർദ്ധിപ്പിക്കാനായി പോളണ്ടിനെയും സോവിയറ്റ് യൂണിയനെയും ആക്രമിക്കുകയും അവിടെയെല്ലാമുള്ള "താഴ്‌ന്ന" വംശജരായ ജൂതരെ നാടുകടത്തുകയോ കൊന്നുതീർക്കുകയോ ചെയ്യാനായിരുന്നു പദ്ധതി.[2] ജൂതരോടുള്ള വിവേചനം വളരെക്കാലമായി നിലനിന്നിരുന്നത് ആണെങ്കിലും യൂറോപ്പിലെല്ലാം അതു നിയമവിരുദ്ധമായിരുന്നു. അതിനെയെല്ലാം നിയമത്തിന്റെ വലയത്തിൽ കൊണ്ടുവരാനുള്ള പ്രവൃത്തികൾ 1933 ജനുവരി 30 -ന് ജർമനിയിൽ നാസികൾ അധികാരം പിടിച്ചത് മുതൽ തുടങ്ങിയിരുന്നു. ഏപ്രിൽ 7 -ന് കൊണ്ടുവന്ന നിയമപ്രകാരം ഭരണത്തിലും നിയമവൃത്തിയിലും നിന്ന് ജൂതന്മാരെ പുറത്താക്കിയിരുന്നു. ഉടൻതന്നെ പിന്നീടുവന്ന നിയമങ്ങൾ ജൂതന്മാരെ മറ്റു പലതരം ജോലികളിൽ നിന്നും വിലക്കി.[3] അക്രമവും സാമ്പത്തികസമ്മർദ്ദങ്ങളും ഉണ്ടാക്കി നാടുവിടാൻ നാസികൾ ജൂതരെ നിർബന്ധിതരാക്കി.[4] ജൂതരുടെ കച്ചവടങ്ങൾക്ക് മാർക്കറ്റിൽ സ്ഥാനം നൽകാതിരിക്കൽ, അവയെപ്പറ്റി പത്രങ്ങളിൽ പരസ്യം നൽകുന്നതു തടയൽ, സർക്കാർ കൊണ്ട്രാക്‌ടുകൾ നൽകാതിരിക്കൽ എന്നിങ്ങനെയെല്ലാം ജൂതരെ പരമാവധി ദ്രോഹിക്കുന്ന നടപടികൾ കൊണ്ടുവന്നു. അവരുടെ കച്ചവടങ്ങൾ ബഹിഷ്കരിക്കലും പൗരന്മാരെ ഉപദ്രവിക്കലും ആക്രമണങ്ങൾ അഴിച്ചുവിടലും കൂടി ആയപ്പോൾ നാസിജർമ്മനിയിലെ ജൂതന്മാരുടെ ജീവിതം ദുസ്സഹമായിത്തീർന്നു.[5]

"1939 ജനുവരി 24 -ന് ജൂതപ്രശ്നത്തിന് അന്തിമപരിഹാരം കാണുന്നതിനായി ഇപ്പോഴത്തെ സാഹചര്യങ്ങൾക്ക് അനുസൃതമായി ജൂതരെ നാടുകടത്തുകയോ ഒഴിപ്പിക്കുകയോ ചെയ്യുന്നതിനെപ്പറ്റി താങ്കൾ സ്വീകരിച്ച കത്തിൽ പറയുന്നതിന് ഉപരിയായി ഈ പരിപാടിക്ക് ആവശ്യമായ സംഘടനാപരവും ആശയപരവും രാഷ്ട്രീയപരവുമായ തയ്യാറെടുപ്പുകൾ നടത്താനും ജർമൻ സ്വാധീനമുള്ള യൂറോപ്പിലെ ഇടങ്ങളിൽ നിന്നും ജൂതപ്രശ്നത്തിന് ഒരു സമ്പൂർണ്ണ പരിഹാരമുണ്ടാക്കാനും വേണ്ടത് ചെയ്യാൻ ഞാൻ താങ്കളെ ചുമതലപ്പെടുത്തിയിരിക്കുന്നു. മറ്റു സംഘടനകളുടെ ഉത്തരവാദിത്തങ്ങൾ ഇതിനു വേണമെങ്കിൽ അവരെയും കൂടെക്കൂട്ടുക. ഇക്കാര്യത്തിന് അന്തിമപരിഹാരം ഉണ്ടാക്കാൻ വേണ്ടതെന്തെല്ലാമാണെന്ന് കൃത്യമായി താങ്കൾ എനിക്ക് റിപ്പോർട്ട് നൽകുക". - ഗോറിങ്ങ്, ഹെയ്‌ഡ്രിക്കിന് അയച്ച കത്തിന്റെ പരിഭാഷ.

1935 സെപ്തംബറിൽ ന്യൂറംബർഗ് നിയമങ്ങൾ ഉണ്ടാക്കപ്പെട്ടതോടെ ജൂതന്മാരും മറ്റുജർമൻവംശജരുമായുള്ള വിവാഹവും ജൂതരുമായുള്ള ലൈംഗികബന്ധവും ജൂതഭവനങ്ങളിൽ 45 വയസ്സിനുതാഴെയുള്ള ജൂതരല്ലാത്ത സ്ത്രീകളെ ജോലിക്കുനിർത്തുന്നതുമെല്ലാം[6] നിയമവിരുദ്ധമാക്കി. ഈ നിയമപ്രകാരം ജൂതരുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും പൗരത്വം എടുത്തുകളഞ്ഞു.[7] കൂടെ ഉണ്ടായ ഒരു നിയമപ്രകാരം മൂന്നു മുത്തച്ഛനും മുത്തശ്ശിയും ജൂതന്മാരായവരെ ജൂതന്മാരായി കണക്കാക്കി.[8] 1939 -ൽ രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുമ്പോഴേക്കും ജർമ്മനിയിൽ ഉണ്ടായിരുന്ന 437000 ജൂതന്മാരിൽ 250000 ആൾക്കാർ അമേരിക്കയിലേക്കും പാലസ്തീനിലേക്കും ബ്രിട്ടനിലേക്കും മറ്റു രാജ്യങ്ങളിലേക്കും കുടിയേറിക്കഴിഞ്ഞിരുന്നു.[9][10]

1939 സെപ്തംബറിൽ പോളണ്ടിലേക്കുള്ള കടന്നുകയറ്റത്തിനു ശേഷം അവരുടെ നേതാക്കളെയും ബുദ്ധിജീവികളെയും ഇല്ലായ്മ ചെയ്യാൻ ഹിറ്റ്‌ലർ ഉത്തരവിട്ടു.[11] പോളണ്ടിൽ കൊല്ലേണ്ട ആൾക്കാരുടെ പട്ടിക 1939 മെയ് മാസത്തിൽത്തന്നെ എസ് എസ്സ് ഉണ്ടാക്കിയിരുന്നു.[11] പോളണ്ടിൽ താമസിക്കുന്ന ജർമൻകാരുടെ സഹായത്തോടെ എസ് എസ്സിന്റെ കൂട്ടക്കൊലസംഘങ്ങൾ ആണ് കൂട്ടക്കൊലകൾ നടത്തിയിരുന്നത്.[12] പോളണ്ടിലേക്കുള്ള കടന്നുകയറ്റത്തിൽ എസ് എസ്സും ജർമനിയിലെ സായുധപോലീസും പോളണ്ടിലെ സാധാരണക്കാരെ കൂട്ടക്കൊല ചെയ്തിരുന്നു.[13] 1939 അവസാനമായപ്പോഴേക്കും ഏകദേശം 65000 ആൾക്കാരെ കൊന്നുകഴിഞ്ഞിരുന്നു. പോളണ്ടിലെ നേതാക്കളെക്കൂടാതെ ജൂതന്മാരെയും വേശ്യകളെയും ജിപ്സികളെയും മാനസികരോഗമുള്ളവരെയുമെല്ലാം ഇവർ കൊലപ്പെടുത്തിയിരുന്നു.[14][15]

1941 ജൂലൈ 31 -ന് എസ് എസ്സിന്റെ നേതാവായ റീൻഹാർഡ് ഹെയ്‌ഡ്രിക്കിനോട് ജർമനിയുടെ നിയന്ത്രണമേഖലയിലുള്ള ജൂതപ്രശ്നത്തിന്റെ അന്തിമപരിഹാരത്തിനായി നാസിജർമനിയിലെ ഭരണകേന്ദ്രങ്ങളെയും സർക്കാർ യന്ത്രങ്ങളെയുമെല്ലാം ഏകോപിപ്പിക്കുവാനും സഹകരിപ്പിക്കുവാനും വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനുള്ള ഒരു പദ്ധതി തയ്യാറാക്കാൻ ഹെർമൻ ഗോറിങ്ങ് ആവശ്യപ്പെട്ടു.[16] ഇതുപ്രകാരം മധ്യ-കിഴക്കൻ യൂറോപ്പിനെ കോളനിയാക്കാനുള്ള പദ്ധതിപ്രകാരം കിഴക്കൻ യൂറോപ്പിലെയും സോവിയറ്റ് യൂണിയനിലെയും ആൾക്കാരെ സൈബീരിയയിൽ അടിമപ്പണി ചെയ്യിക്കുകയോ അല്ലെങ്കിൽ കൊന്നുകളയുകയോ ആയിരുന്നു പദ്ധതി.[17] വാൻസീ കോൺഫറൻസിലെ മിനുട്സിൽ കാണിച്ച കണക്കുകൾ പ്രകാരം സോവിയറ്റ് യൂണിയനിൽ 50 ലക്ഷം ജൂതന്മാരും അതുകൂടാതെ ഉക്രെയിനിൽ 30 ലക്ഷം ജൂതന്മാരുമായിരുന്നു ഉണ്ടായിരുന്നത്.[18]

ജൂതന്മാരെ ഇല്ലായ്മ ചെയ്യുന്നതിനുപരിയായി തങ്ങൾ കീഴടക്കിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് വിശപ്പു പദ്ധതിയിലൂടെ ഭക്ഷണം നിഷേധിച്ച് മൂന്നു കോടിയോളം എണ്ണം കുറയ്ക്കുവാനും നാസികൾ പദ്ധതിയിട്ടിരുന്നു.[19] ഭക്ഷ്യവസ്തുക്കൾ ജർമൻകാർക്കും ജർമൻ പടയ്ക്കുമായി വഴിതിരിച്ചുവിടാനുമായിരുന്നു പരിപാടി. നഗരങ്ങൾ ഇടിച്ചുനിരത്താനും അവിടെ സ്വാഭാവികമായി വനമായി മാറാനോ അല്ലെങ്കിൽ ജർമൻകാരെ അധിവസിപ്പിക്കാനോ ആയിരുന്നു തീരുമാനം.[20] നിർബന്ധിതമായി ഭക്ഷ്യവസ്തുക്കൾ ജർമൻകാർക്കും ജർമൻ സേനയ്ക്കും തിരിച്ചുവിട്ട് ജർമൻ അധിനിവേശപ്രദേശത്തെ ജനങ്ങളെ കൂട്ടത്തോടെ പട്ടിണിക്കിട്ട് കൊല്ലാനായിരുന്നു തീരുമാനം. ഈ പരിപാടിയിൽ 42 ലക്ഷത്തോളം സോവിയറ്റ് ജനത (കൂടുതലും റഷ്യക്കാരും, ബെലോറൂസുകാരും യുക്രെയിൻകാരും) 1941 -44 കാലത്ത് ഭക്ഷണമില്ലാതെ നരകിച്ചു എന്ന് ചരിത്രകാരനായ തിമോതി സ്നൈഡർ പറയുന്നു.[21][22]

1940 -41 കാലത്ത് വിളവെടുപ്പ് കുറവായിരുന്നതിനാൽ ജർമനിയിൽ ഭക്ഷ്യക്ഷാമം അനുഭവപ്പെട്ടിരുന്നു. ഇതിന്റെ പ്രധാനകാരണം വളരെയധികം ആൾക്കാരെ ജർമനിയിലെ ആയുധനിർമ്മാണ ആവശ്യങ്ങൾക്ക് നിർബന്ധിതമായി ജോലി ചെയ്യിക്കാൻ കൊണ്ടുവന്നതായിരുന്നു.[23] ഈ ജോലിക്കാർക്കും മറ്റു ജർമൻ ജനതയ്ക്കും വേണ്ടത്ര ഭക്ഷണം ലഭിക്കണമെങ്കിൽ ധാരാളം ഉപയോഗശൂന്യമായ ആൾക്കാരെ ഇല്ലായ്മ ചെയ്യേണ്ടതുണ്ടായിരുന്നു. നാസി ഭരണത്തിനു കീഴിൽ ഇങ്ങനെ ഇല്ലായ്മ ചെയ്യേണ്ടവരിൽ ഏറ്റവും മുന്നിൽ ജൂതന്മാരായിരുന്നു.[24]

വാൻസീ കോൺഫറൻസ് നടക്കുന്ന അവസരത്തിൽത്തന്നെ ഏതാനും മാസങ്ങളായി സോവിയറ്റു യൂണിയനിൽ ജൂതന്മാരെ കൊന്നുകൊണ്ടിരിക്കുകയായിരുന്നു. സോവിയറ്റു യൂണിയനിലേക്കുള്ള കടന്നുകയറ്റത്തിന്റെ തുടക്കം മുതൽ തന്നെ നാസി കൂട്ടക്കൊല സംഘങ്ങൾ സൈന്യത്തിന്റെ പിന്നാലെ കയ്യേറിയ ഇടങ്ങളിലേക്ക് കടന്നു ചെന്ന് ജൂതരെ തെരഞ്ഞുപിടിച്ച് കൊല്ലാൻ തുടങ്ങിയിരുന്നു. 1941 ജൂലൈ 2 -ന് ഹെയ്‌ഡ്രിക് എസ് എസ്സിനും പോലീസ് മേധാവികൾക്കും എഴുതിയ കത്തിൽ കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും നേതക്കളെയും അംഗങ്ങളെയും ജൂതന്മാരെയും കൊല്ലണമെന്ന് നാസി കൂട്ടക്കൊല സംഘങ്ങൾക്ക് നിർദ്ദേശം നൽകി.[25] ഭീഷണി എന്നു തോന്നുന്ന ആരെയും ബാക്കി വയ്കേണ്ടതില്ലെന്ന പൂർണ്ണ സ്വാതന്ത്ര്യമാണ് ഇവർക്ക് നൽകിയത്.[25] കൂടാതെ അധിനിവേശപ്രദേശങ്ങളിലെ എല്ലാ ജൂതന്മാരും എതിരാളികളാണെന്നും 15 -നും 45 -നും മധ്യേ പ്രായമുള്ള ജൂതന്മാരിലെ പുരുഷന്മാരെയെല്ലാം വെടിവച്ചുകൊല്ലാനും നിർദ്ദേശം നൽകി.[26] ആഗസ്തോടെ പ്രായമായവരെയും, സ്ത്രീകളെയും, കുട്ടികളെയും ഈ ഗണത്തിൽപ്പെടുത്തി-എല്ലാ ജൂതരെയും കൊന്നുകളയാൻ ആയിരുന്നു ഉത്തരവ്.[27] വാൻസീ കോൺഫറൻസിനുള്ള തയ്യാറെടുപ്പുകൾ നടക്കുമ്പോൾത്തന്നെ പോളണ്ടിലെയും സെർബിയയിലെയും റഷ്യയിലെയും ആയിരക്കണക്കിനു ജൂതന്മാർ കൊല്ലപ്പെട്ടുകഴിഞ്ഞിരുന്നു.[28] ആദ്യപദ്ധതി സോവിയറ്റുയൂണിയൻ കീഴടക്കിയതിനുശേഷം കോളനിവൽക്കരണപരിപാടി നടപ്പാക്കാൻ ആയിരുന്നു.[17][29] യൂറോപ്പിലുള്ള ജൂതന്മാരെ റഷ്യയുടെ കയ്യേറിയ ഭാഗങ്ങളിലേക്ക് കൊണ്ടുപോയി കൊല്ലപ്പെടുന്നതുവരെ റോഡുനിർമ്മാണപണികൾ ചെയ്യിക്കുകയായിരുന്നു ഇതുപ്രകാരം പദ്ധതിയിട്ടത്.[28]

കോൺഫറൻസിനുള്ള തയ്യാറെടുപ്പുകൾ

[തിരുത്തുക]
ഹെയ്‌ഡ്രിക് വിദേശകാര്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയായ മാർട്ടിൻ ലൂതറിനെ, വാൻസീ കോൺഫറൻസിന് ക്ഷണിച്ചുകൊണ്ട് അയച്ച കത്ത്

1941 നവംബർ 29 -ന് ഹെയ്‌ഡ്രിക് ഒരു മന്ത്രിതല യോഗം ഡിസംബർ 9 -ന് വാൻസിയിലെ ഇന്റർപോൾ കാര്യാലയത്തിൽ വച്ച് നടത്തുന്നുണ്ടെന്നുള്ള സന്ദേശം[30] ആഭ്യന്തര, നീതികാര്യ, ചതുർവർഷ പദ്ധതി, പ്രൊപഗണ്ട, അധിനിവേശകാര്യം എന്നീ മന്ത്രാലയങ്ങൾക്ക് അയച്ചു.[31] ഡിസംബർ 4 -ന് ഈ യോഗത്തിന്റെ സ്ഥലം അയാൾ മാറ്റുകയുണ്ടായി.[30] ജൂതപ്രശ്നത്തിന് അന്തിമപരിഹാരം കാണുവാനുള്ള ഒരു പദ്ധതി തയ്യാറാക്കിക്കൊണ്ട് ഗോറിങ്ങ് തനിക്കയച്ച ജൂലൈ 31 -തിയതിവച്ച ഒരു കത്തിന്റെ പകർപ്പും ഇതോടൊപ്പം ഹെയ്‌ഡ്രിക് എല്ലാവർക്കും അയച്ചുകൊടുത്തു.

ആദ്യം യോഗം നടത്താൻ വിചാരിച്ച ഡിസംബർ 9 -നും യോഗത്തിലേക്കുള്ള ക്ഷണങ്ങൾ പോയ നവംബർ 29 -നും ഇടയിൽ ചരിത്രത്തിൽ ധാരാളം കാര്യങ്ങൾ മാറിമറിഞ്ഞിരുന്നു. ഡിസംബർ 5 -ന് സോവിയറ്റ് സേന മോസ്കോയിൽ തിരിച്ചടി തുടങ്ങുകയും പെട്ടെന്നു തന്നെ സോവിയറ്റ് യൂണിയനെ കീഴടക്കാം എന്ന നാസികളുടെ പ്രതീക്ഷ മങ്ങുകയും ചെയ്തു. ഡിസംബർ 7 -ന് ജപ്പാൻ സേന അമേരിക്കയെ പേൾ ഹാർബറിൽ ആക്രമിക്കുകയും പിറ്റേന്നു തന്നെ അമേരിക്ക ജപ്പാനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു. ഡിസംബർ 11 -ന് നാസി ജർമനി അമേരിക്കയ്ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തി. യോഗത്തിനു ക്ഷണിക്കപ്പെട്ട പലരും ഈ കാര്യങ്ങളുടെ തയ്യാറെടുപ്പുകളുടെ തിരക്കിലായതിനാൽ ഹെയ്‌ഡ്രിക് യോഗം മാറ്റിവച്ചു.[32] യുദ്ധത്തിന്റെ സമീപഭാവിയിൽ എങ്ങും അവസാനം ഉണ്ടാവാൻ സാധ്യതയില്ലെന്നു മനസ്സിലാക്കിയ ഹിറ്റ്‌ലർ, യുദ്ധശേഷം ജൂതരെ കൂട്ടക്കൊല ചെയ്യാം എന്നുള്ള മുൻതീരുമാനത്തിൽ നിന്നും മാറി യൂറോപ്പിലെ ജൂതന്മാരെ ഉടൻതന്നെ കൊന്നുതീർക്കാൻ ഉത്തരവിട്ടു.[33] 1941 ഡിസംബർ 12 -ന് നടന്ന ഉന്നതതല യോഗത്തിൽ തന്റെ ഉദ്ദ്യേശങ്ങൾ ഹിറ്റ്‌ലർ വ്യക്തമാക്കിയിരുന്നു. യുദ്ധം നടന്നുകൊണ്ടിരിക്കുന്നതിനാൽ കൂട്ടത്തോടെ ആൾക്കാരെ യുദ്ധമേഖലയിൽക്കൂടി മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നത് അസാധ്യമായതിനാൽ ആ സമയത്ത് ജനറൽ ഗവൺമെന്റ് മേഖലയിൽ ഉള്ളവരെ, യൂറോപ്പിന്റെ മറ്റുഭാഗത്തുള്ള ജൂതന്മാരെപ്പോലെതന്നെ, അധിനിവേശ പോളണ്ടിൽത്തന്നെയുള്ള കൂട്ടക്കൊല കേന്ദ്രങ്ങളിൽ കൊണ്ടുപോയി കൊന്നുകളയാൻ ഹെയ്‌ഡ്രിക് തീരുമാനിച്ചു.[34]

1942 ജനുവരി 20 -നു പുതിക്കിയ യോഗം നടക്കുമെന്നുള്ള അറിയിപ്പുകൾ ഹെയ്‌ഡ്രിക് ജനുവരി 8 -ന് എല്ലാവർക്കും അയച്ചുകൊടുത്തു.[35] സുരക്ഷാസേന യോഗങ്ങൾ നടത്താനായി 1940 -ൽ ഫെഡറിക് മിനോക്‌സിൽ നിന്നും വാങ്ങിയതായിരുന്നു ഈ വില്ല.[36]

ന്യൂറംബർഗ് നിയമപ്രകാരം ആരാണ് ജൂതൻ, ആരെല്ലാമാണ് ജൂതരല്ലാത്തവർ എന്നു കാണിക്കുന്ന ചാർട്ട്
യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ ഉള്ള ജൂതരുടെ എണ്ണം കാണിക്കാനായി എയ്‌ക്‌മാൻ തയ്യാറാക്കിയ പട്ടിക

പങ്കെടുത്തവർ

[തിരുത്തുക]

പല സർക്കാർ വകുപ്പ് തലവന്മാരെയും, വിദേശകാര്യ, നീതിന്യായ, ആഭ്യന്തര വകുപ്പ് മന്ത്രിതലത്തിലുള്ളവരെയും എസ് എസ്സിന്റെ പ്രതിനിധികളെയും യോഗത്തിലെക്ക് ഹെയ്‌ഡ്രിക് ക്ഷണിച്ചിരുന്നു. യോഗം നടക്കുന്ന കാലമാവുമ്പൊഴേക്കും ജൂതന്മാരുടെ വിധിയെപ്പറ്റിയുള്ള വിവരങ്ങൾ ഇവർക്കെല്ലാം കിട്ടിത്തുടങ്ങിയിരുന്നു.[37] പങ്കെടുത്ത 15 പേരിൽ 8 പേർ ഡോക്ടറേറ്റ് ബിരുദം ഉള്ളവർ ആയിരുന്നു.[38]

പങ്കെടുത്തവരുടെ പട്ടിക[39]
പേര് ചിത്രം പദവി സംഘടന മേലധികാരി
ലെഫ്റ്റനന്റ് ജനറൽ റീൻഹാർഡ് ഹെയ്‌ഡ്രിക് Chief of the RSHA
ബൊഹീമിയ ആന്റ് മൊറേവിയയുടെ ഉപമേലധികാരി
- ഈ കോൺഫറൻസിന്റെ അധ്യക്ഷൻ
ഷുട്സ്റ്റാഫൽ (SS) Reichsführer-SS ഹെൻറിക് ഹിംലർ
മേജർ ജനറൽ ഓട്ടോ ഹോഫ്‌മാൻ Head of the SS Race and Settlement Main Office (RuSHA) Schutzstaffel (SS) Reichsführer-SS Heinrich Himmler
മേജർ ജനറൽ ഹെൻറിക് മുള്ളർ Chief of Amt IV (Gestapo) Reich Main Security Office (RSHA), Schutzstaffel Chief of the RSHA SS-Obergruppenführer Reinhard Heydrich
സീനിയർ കേണൽ Dr. Karl Eberhard Schöngarth Commander of the SiPo and the SD in the General Government SiPo and SD, RSHA, Schutzstaffel Chief of the RSHA SS-Obergruppenführer Reinhard Heydrich
സീനിയർ കേണൽ Dr. ഗെർഹാഡ് ക്ലോപ്‌ഫർ Permanent Secretary Nazi Party Chancellery Chief of the Party Chancellery മാർട്ടിൻ ബോർമൻ
ലെഫ്റ്റനന്റ് കേണൽ അഡോൾഫ് എയ്‌ക്‌മാൻ Head of Referat IV B4 of the Gestapo
Recording secretary
ഗെസ്റ്റപ്പോ, RSHA, ഷുറ്റ്‌സ്റ്റാഫൽ Chief of Amt IV SS-Gruppenführer Heinrich Müller
മേജർ Dr. റുഡോൾഫ് ലാഞ്ച് Commander of the Sicherheitspolizei (Security Police; SiPo) and the SD for the General-District Latvia
Deputy of the Commander of the SiPo and the SD for the Reichskommissariat Ostland
Head of Einsatzkommando 2
SiPo and SD, RSHA, Schutzstaffel SS-Brigadeführer (Brigadier General) and Generalmajor der Polizei (Major-General of Police) Dr. Franz Walter Stahlecker
Dr. ജോർജ് ലിബ്രാന്റ് Reichsamtleiter (Reich Head Office) Reich Ministry for the Occupied Eastern Territories Reich Minister for the Occupied Eastern Territories Dr. Alfred Rosenberg
Dr. ആൽഫ്രഡ് മെയർ Gauleiter (Regional Party Leader)
State Secretary and Deputy Reich Minister
Reich Ministry for the Occupied Eastern Territories Reich Minister for the Occupied Eastern Territories Dr. Alfred Rosenberg
Dr. ജോസഫ് ബുഹ്ലർ State Secretary ജനറൽ ഗവണ്മെന്റ്
(Polish Occupation Authority)
Governor-General Dr. Hans Frank
Dr. റോളണ്ട് ഫ്രെയ്സ്‌ലർ State Secretary Reich Ministry of Justice Reich Minister of Justice Dr. Franz Schlegelberger
ബ്രിഗേഡിയർ ജനറൽ Dr. വിൽഹെം സ്റ്റുക്കാർട്ട് State Secretary Reich Interior Ministry Reich Minister of the Interior Dr. വിൽഹെം ഫ്രിക്
സീനിയർ കേണൽ എറിക് ന്യൂമാൻ State Secretary Office of the Plenipotentiary for the Four Year Plan Plenipotentiary of the Four Year Plan ഹെർമൻ ഗോറിങ്ങ്
Friedrich Wilhelm Kritzinger Permanent Secretary Reich Chancellery Reich Minister and head of the Reich Chancellery SS-Obergruppenführer Dr. Hans Lammers
Martin Luther Under Secretary Reich Foreign Ministry Ernst von Weizsäcker, State Secretary to Reich Foreign Minister യോഹിം ഫോൻ റിബൻത്രോപ്

യോഗത്തിന്റെ നടപടിക്രമങ്ങൾ

[തിരുത്തുക]

യോഗത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി യൂറോപ്പിലുള്ള ജൂതന്മാരുടെ രാജ്യം തിരിച്ചുള്ള പട്ടിക എയ്‌ക്‌മാൻ തയ്യാറാക്കിയിരുന്നു. ഗ്രൂപ് "എ" എന്നും ഗ്രൂപ് "ബി" എന്നും രണ്ടു ഭാഗങ്ങളായിട്ടായിരുന്നു പട്ടിക. ഗ്രൂപ്പ് എ-യിൽ അപ്പോൾ ജർമനിയുടെ കീഴിലോ അല്ലെങ്കിൽ നിയന്ത്രണത്തിലോ ഉള്ള പ്രദേശങ്ങളായിരുന്നു. ഗ്രൂപ് ബി-യിൽ ജർമനിയുമായി ഐക്യത്തിലുള്ള രാജ്യങ്ങളോ, ഒരു കക്ഷിയിലും ചേരാത്ത രാജ്യങ്ങളോ, ജർമനിയുമായി യുദ്ധത്തിലുള്ള രാജ്യങ്ങളോ ആയിരുന്നു.[40] എസ്തോണിയയ്ക്ക് നേരേ ജൂതരില്ലാത്ത ഇടം എന്നു രേഖപ്പെടുത്തിയിട്ടുണ്ട്, അതായത്, ജർമനി എസ്തോണിയയെ കീഴടക്കുമ്പോൾ അവിടെയുണ്ടായിരുന്ന 4500 ജൂതരെ 1941 അവസാനമായപ്പൊഴേക്കും കൊന്നുതീർത്തിരുന്നു.[41] മൂന്നായി വിഭജിക്കപ്പെട്ട പോളണ്ട് പട്ടികയിൽ ഉണ്ടായിരുന്നില്ല.

1933 -ൽ നാസികൾ ജർമനിയിൽ അധികാരത്തിൽ വന്നതിനുശേഷമുള്ള ജൂതവിരുദ്ധ നടപടികളെപ്പറ്റി പറഞ്ഞുകൊണ്ടാണ് ഹെയ്‌ഡ്രിക് സമ്മേളനം തുടങ്ങിയത്. 1933 മുതൽ 1941 ഒക്ടോബർ വരെ 537000 ജർമൻ, ആസ്ട്രിയൻ, ചെക് ജൂതന്മാർ കുടിയേറിയതായി ഹെയ്‌ഡ്രിക് പറഞ്ഞു.[42] തലേ ആഴ്ച എയ്‌ക്‌മാൻ തയ്യാറാക്കിയ റിപ്പോർട്ടിൽ നിന്നുമാണ് ഹെയ്‌ഡ്രിക് ഈ വിവരം പങ്കുവച്ചത്.[43] ഏതാണ്ട് ഒരു കോടി പത്തുലക്ഷം ജൂതന്മാർ യൂറോപ്പിൽ ഉള്ളതിൽ പകുതിയോളം ആൾക്കാർ ജർമനിയുടെ നിയന്ത്രണത്തിൽ അല്ലാത്ത സ്ഥലത്താണുള്ളതെന്നും[40] കൂടുതൽ കുടിയേറ്റം ഹിംലർ തടഞ്ഞിട്ടുള്ളതിനാൽ കുടിയേറ്റത്തിനു പകരം ജൂതരെ കിഴക്കോട്ട് ഒഴിപ്പിക്കണമെന്നും അയാൾ വിശദീകരിച്ചു. ജൂതപ്രശ്നത്തിന്റെ അന്തിമ പരിഹാരത്തിന് ഇടയിലുള്ള ഒരു താൽക്കാലിക പരിപാടി മാത്രമാണ് ഇതെന്നും അയാൾ കൂട്ടിച്ചേർത്തു.[44]

ജൂതപ്രശ്നത്തിന്റെ അന്തിമപരിഹാരം കാണുന്നതിന് കിഴക്ക് കൃത്യമായ മേൽനോട്ടത്തോടെ ജൂതന്മാർക്ക് അനുയോജ്യമായ ജോലികൾ നൽകുക. നല്ല കായികശേഷിയുള്ളവരെ വേർതിരിച്ച് വലിയ റോഡുപണിക്ക് നിയമിക്കുക, അതിന്റെ കാഠിന്യത്താൽ തന്നെ മിക്കവരും ഒടുങ്ങിക്കോളും, എന്നിട്ടും ബാക്കിവരുന്നവർ അതിശക്തന്മാരും ബാക്കിവച്ചാൽ പിന്നെയും ജൂതന്മാർ ഉയർന്നുവരുന്നതിനും കാരണമാകുന്നതിനാൽ വേണ്ടരീതിയിൽ കൈകാര്യം ചെയ്യുക.[45]

ഈ പ്രമേയത്തിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകളെപ്പറ്റി ജർമൻ ചരിത്രകാരനായ പീറ്റർ ലോംഗറിക് പറയുന്നതുപ്രകാരം നാസികൾക്ക് ഇതിൽ ഒളിപ്പിച്ചിരിക്കുന്നവയുടെ അർത്ഥം കൃത്യമായി മനസ്സിലാകുമായിരുന്നു എന്നാണ്, പ്രത്യേകിച്ചും ഈ പ്രവൃത്തികൾ ചെയ്യാൻ ഏൽപ്പിച്ചവർക്ക്. കഠിനമായിരിക്കണം, ദൃഢമായിരിക്കണം എന്നതെപ്പറ്റിയെല്ലാം പഠിപ്പിച്ചിരുന്നു. എല്ലാജൂതന്മാരും ശത്രുക്കളാണെന്നും യാത്രൊരു ദാക്ഷിണ്യവും അരുതെന്ന് കൃത്യമായി മനസ്സിലാക്കിക്കൊടുത്തിരുന്നു.[46] കിഴക്കോട്ട് ഒഴിപ്പിക്കുക (evacuation east) എന്ന് ഈ സമ്മേളനത്തിൽ വിതരണം ചെയ്ത മിനിട്‌സിൽ പറഞ്ഞിരിക്കുന്നത് മരണത്തെപ്പറ്റിത്തന്നെയാണ്.[47]

പ്രായോഗികമായി ജൂതപ്രശ്നത്തിനു പരിഹാരം കാണുന്നവേളയിൽ യൂറോപ്പിൽ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെയും പ്രത്യേകമായി ജർമനിയിലും ആസ്ട്രിയയിലും ജർമൻ ഭരണാത്തിൽ ഉള്ളയിടങ്ങളിലും ജൂതരെ തെരഞ്ഞുപിടിക്കണാമെന്നും ഹെയ്‌ഡ്രിക് പറയുകയുണ്ടായി. സഖ്യകക്ഷികളുടെ ആക്രമണങ്ങളിൽ വീടുനഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനും കൂടുതൽ കീഴടക്കിയ നാടുകളിൽ നിന്നുമുള്ള അന്യദേശക്കാരായ തൊഴിലാളികളെ പാർപ്പിക്കുന്നതിനും സ്ഥലം കണ്ടെത്തുന്നതിന് ജൂതരെ ഇല്ലായ്മ ചെയ്യണമെന്നുള്ള സമ്മർദ്ദം ഓരോ നാട്ടിലുമുള്ള നാസിനേതാക്കളിൽ നിന്നുമുണ്ടായി. ഇങ്ങനെ ഒഴിപ്പിക്കപെടുന്ന ജൂതന്മാരെ ആദ്യം ജനറൽ ഗവണ്മെന്റിലെ ഇടത്താവളങ്ങളായ ഘെറ്റോകളിലും പിന്നീട് അവരെ കിഴക്കോട്ടും[45]കൊണ്ടുപോകാനായിരുന്നു പരിപാടി. ഒഴിപ്പിക്കുന്ന സമയത്ത് നിയമപരവും രാഷ്ട്രീയവുമായ കാരണങ്ങളാൽ[45] ആരൊക്കെയാണ് ജൂതർ എന്നതിനെ വ്യക്തമായി നിർവ്വചിക്കേണ്ടതുണ്ടെന്ന് ഹെയ്‌ഡ്രിക് പറഞ്ഞു. കൊല്ലേണ്ടതില്ലാത്തവരിൽ 65 കഴിഞ്ഞ വൃദ്ധരെയും ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത് കഠിനമായി മുറിവുപറ്റിയവരെയും അയൺ ക്രോസ് ബഹുമതി ലഭിച്ചവരെയും കൊല്ലുന്നതിനു പകരം പീഡനകേന്ദ്രങ്ങളിലേക്ക് അയയ്ക്കാമെന്നായിരുന്നു ഹെയ്‌ഡ്രിക്കിന്റെ നിർദ്ദേശം.[45]

വാൻസീ കോൺഫറൻസ് നടന്ന മുറി, 2006 -ൽ

പകുതിജൂതനും കാൽഭാഗം ജൂതനും ജൂതനെ വിവാഹം കഴിച്ചവനും എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ കാരണം1935 -ലെ ന്യൂറംബർഗ് നിയമങ്ങളിൽ അറിഞ്ഞുകൊണ്ടുതന്നെ അവ്യക്തമായി പ്രസ്താവിച്ച കാര്യങ്ങൾ കാരണം ആരെയെല്ലാം കൊല്ലണമെന്നും ആരെയെല്ലാം വന്ധ്യംകരിക്കണമെന്നും അതിനു വിസമ്മതിക്കുന്നവരെ പീഡനക്യാമ്പുകളിലേക്ക് അയയ്ക്കണമെന്നും എല്ലാം ഹെയ്‌ഡ്രിക്ക് നിയമങ്ങൾ ഉണ്ടാക്കി. ഇതിനെ മറികടക്കാൻ നാസികളുടെ ഏറ്റവും ഉന്നതമായ അധികാരികൾക്കേ അവകാശമുണ്ടായിരുന്നുള്ളൂ.[48] പുറംകാഴ്ചയിൽ ജൂതനെപ്പോലെയിരിക്കുന്നവരും ജൂതന്മാരുടെ പോലെ പെരുമാറുന്നവരും എല്ലാം ജൂതരായി എണ്ണപ്പെട്ടു.[49] ഇവർ ജൂതരല്ലാത്തവരെ വിവാഹം കഴിച്ചാൽപ്പോലും കൊന്നുകളയണം. ഇങ്ങനെ നാരിഴ കീറിയുള്ള നിയമവ്യാഖ്യാനങ്ങളിലൂടെ ഹെയ്‌ഡ്രിക്ക് ജൂതരുടെ ജീവിതം നരകതുല്യമാക്കി.[50]

കയ്യേറിയ ഫ്രാൻസിലെ ജൂതന്മാരെ ഒഴിപ്പിക്കാനുള്ള നടപടികൾ വലിയ ബുദ്ധിമുട്ടില്ലാതെ നടക്കുമെന്ന് ഹെയ്‌ഡ്രിക് പറയുകയുണ്ടായി.[51] എന്നാൽ ഫ്രാൻസിൽ തന്നെ ജനിച്ച ജൂതരിൽ ബഹുഭൂരിപക്ഷവും കൂട്ടക്കൊലയെ അതിജീവിച്ചു.[52] തങ്ങളുടെ സഖ്യകക്ഷികളായ റൊമേനിയയിൽ നിന്നും ഹംഗറിയിൽ നിന്നും ജൂതരെ ഒഴിപ്പിക്കാൻ ആവും കൂടുതൽ ബുദ്ധിമുട്ടെന്ന് ഹെയ്‌ഡ്രിക് മനസ്സിലാക്കിയിരുന്നു. ജൂതകാര്യങ്ങൾ നോക്കാൻ റൊമേനിയ സർക്കാർ ഒരാളെ നിയമിച്ചിട്ടും ജൂതവിരോധം അവിടെ വളരെക്കൂടുതൽ ഉണ്ടെങ്കിലും ഒഴിപ്പിക്കൽ വിചാരിച്ച വേഗത്തിൽ നടന്നില്ല.[53] ഹംഗറിയിലെ ജൂതപ്രശ്നം അവസാനിപ്പിക്കാൻ ഒരു ഉന്നത ഉദ്യോഗസ്ഥനെ ഹംഗറിയിലെ ഉപദേഷ്ടാവായി നിയമിക്കാനും ഹെയ്‌ഡ്രിക് പദ്ധതിയിട്ടു.[51] എന്നാൽ 1944 -ൽ ജർമനി ഹംഗറിയിൽ കടന്നുകയറുന്നതുവരെ അവിടത്തെ ജൂതപ്രശ്നത്തിൽ ജർമൻകാർ ഇടപെടുന്നതിനെ മിക്ലോസ് ഹോർതി എതിർത്തു. എന്നാൽ കടന്നുകയറ്റത്തിനുശേഷം ഉടൻതന്നെ ഹംഗറിയിലേയും സമീപത്തുള്ള ചെക്കോസ്ലോവാക്യയിലെയും റൊമേനിയയിലെയും 600000 -ത്തോളം ജൂതന്മാരെ ഹംഗറിയുടെ ഭരണാധികാരികളുടെ സഹായത്തോടെ എയ്‌ക്‌മാൻ കൂട്ടക്കൊലചെയ്യാൻ അയച്ചു.[54]

ഒരു മണിക്കൂറോളം ഹെയ്‌ഡ്രിക് പ്രസംഗിച്ചു. പിന്നീട് അരമണിക്കൂറോളം ചോദ്യോത്തരങ്ങളും ചർച്ചകളും അനൗദ്യോഗിക സംഭാഷണങ്ങളും ആയിരുന്നു.[55] ഓട്ടോ ഹോഫ്‌മാനും വില്ല്യം സ്റ്റക്കാർട്ടും ജൂതരും ജൂതരല്ലാത്താരും തമ്മിലുണ്ടായ വിവാഹങ്ങളെ വേർപെടുത്തുകയോ അല്ലെങ്കിൽ അവരെ വന്ധ്യംകരിക്കുകയോ ചെയ്യേണ്ടതിന്റെ നിയമ-ഭരണ ബുദ്ധിമുട്ടുകളെപ്പറ്റി സൂചിപ്പിച്ചു.[56] വ്യവസായങ്ങളിൽ ജോലിചെയ്യുന്നവരെയും മറ്റാൾക്കാരെക്കൊണ്ട് ജോലിചെയ്യിക്കാൻ പാറ്റാത്ത ഇടങ്ങളിലും ജോലിചെയ്യുന്ന ജൂതരെ കൊല്ലുന്നതിൽ നിന്നും ഒഴിവാക്കണമെന്ന് എറിക് ന്യൂമാൻ ആവശ്യപ്പെട്ടു. അത്തരക്കാരെ കൊല്ലേണ്ടതില്ലെന്ന നിയമം അപ്പോൾത്തന്നെ നിലനിൽക്കുന്നുണ്ടെന്നു ഹെയ്‌ഡ്രിക് പറയുകയുണ്ടായി.[57] ഈ പരിപാടിയെ പിന്തുണച്ച ജനറൽ ഗവണ്മെന്റിലെ സ്റ്റേറ്റ് സെക്രട്ടറി ജോസഫ് ബുഹ്‌ളർ തന്റെ പിന്തുണ പ്രഖ്യാപിക്കുകയും കൂട്ടക്കൊല ഉടൻതന്നെ ആരംഭിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.[58] യോഗത്തിന്റെ അവസാനത്തോടെ മദ്യം വിളമ്പുകയും യോഗം ഗൗരവം കുറഞ്ഞതാവുകയും ചെയ്തു.[56] പിന്നീട് മിനുട്‌സ് ഉണ്ടാക്കുമ്പോൾ താൻ ഉപയോഗിച്ച ഔദ്യോഗികഭാഷയിൽ നിന്നും വ്യത്യസ്തമായി ഈ സമയം യോഗത്തിൽ കൂട്ടക്കൊലയെപ്പറ്റിയുള്ള കാര്യങ്ങൾ തുറന്ന് ചർച്ച ചെയ്യുകയുണ്ടായി എന്ന് തന്റെ വിചാരണ വേളയിൽ എയ്‌ക്‌മാൻ വെളിപ്പെടുത്തുകയുണ്ടായി. ഈ സമയം കൂട്ടക്കൊല നടപ്പാക്കണ്ട രീതികളെപ്പറ്റിയും ജൂതരെ ഇല്ലായ്മ ചെയ്യേണ്ടതിനെപ്പറ്റിയുമെല്ലാം യാതൊരു മറയും കൂടാതെ എല്ലാവരും ചർച്ച ചെയ്യുകയുണ്ടായെന്നും എയ്‌ക്‌മാൻ പിന്നീടു പറഞ്ഞു.[55] യോഗത്തിന്റെ വിജയത്തെപ്പറ്റി ഹെയ്‌ഡ്രിക് വളരെ സന്തോഷവാനായിരുന്നെന്നും പല എതിർപ്പുകളും അയാൾ പ്രതീക്ഷിച്ചിരുന്നെന്നും എന്നാൽ താൻ വിചാരിച്ചതിലേറെ പിന്തുണ ഹെയ്‌ഡ്രിക്കിനു കിട്ടിയിരുന്നെന്നും എയ്‌ക്‌മാൻ പറയുകയുണ്ടായി.[50]

വാൻസീ പ്രോട്ടോകോൾ

[തിരുത്തുക]
റീൻഹാർഡ് ഹെയ്‌ഡ്രിക്

കോൺഫറൻസിനുശേഷം മിനുട്സിൽ എന്തു വരണം എന്തു വരരുത് എന്ന് കൃത്യമായ നിർദ്ദേശങ്ങൾ ഹെയ്‌ഡ്രിക് എയ്‌ക്‌മാന് നൽകി. കാര്യങ്ങൾ ഗോപ്യമായ രീതിയിലേ വരാവൂ എന്നുള്ള നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് ഒന്നും അവശ്യത്തിലധികം ചേർക്കാതെയാണ് എയ്‌ക്‌മാൻ മിനുട്‌സ് തയ്യാറാക്കിയത്. "ഞാനത് എങ്ങനെയാണ് പറയേണ്ടത്, സാധാരണപോലെ തമ്മിൽത്തമ്മിലുള്ള സംഭാഷണങ്ങളിൽ നിന്നും ആംഗ്യങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളെ ഔദ്യോഗികമായ വാക്കുകളിൽ ആക്കുകയായിരുന്നു ഞാൻ ചെയ്യേണ്ടിയിരുന്നത്" എന്ന് തന്റെ വിചാരണയിൽ എയ്‌ക്‌മാൻ പറയുകയുണ്ടായി.[58] യോഗത്തിലെ വിവരങ്ങൾ ചുരുക്കി അതിന്റെ ഉദ്ദ്യേശങ്ങളും ലക്ഷ്യങ്ങളും ഇക്കാര്യത്തിൽ നാസിഭരണകൂടത്തിന്റെ ഭാവിപദ്ധതികളും എയ്‌ക്‌മാൻ രേഖപ്പെടുത്തി. തന്റെ മിനുറ്റ്‌സ് വേണ്ടുംവണ്ണം തിരുത്തി, തന്റെ സന്ദേശം യോഗത്തിൽ പങ്കെടുത്തവർക്ക് കൊണ്ടുപോകാനായിട്ടാണ് ഹെയ്‌ഡ്രിക്ക് അങ്ങനെ ചെയ്തതെന്ന് തന്റെ വിചാരണയിൽ എയ്‌ക്‌മാൻ പറഞ്ഞു.[59] യോഗത്തിനുശേഷം വാൻസീ പ്രോട്ടോകോൾ എന്ന് അറിയപ്പെടുന്ന ഈ മിനുറ്റ്‌സിന്റെ പകർപ്പുകൾ എയ്‌ക്‌മാൻ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും അയച്ചുകൊടുത്തു. തങ്ങളുടെ പ്രവൃത്തികൾ മറയ്ക്കാനായി ഈ പകർപ്പുകൾ എല്ലാം തന്നെ യുദ്ധാവസാനത്തോടെ അവരെല്ലാം നശിപ്പിക്കുകയുണ്ടായി. ആകെ ഉണ്ടാക്കിയ 30 കോപ്പികളിൽ പതിനാറാമത്തേതായ ലൂതറിന്റെ കൈവശമുണ്ടായിരുന്ന പകർപ്പ് ജർമനിയുടെ വിദേശകാര്യമന്ത്രാലയത്തിൽ നിന്നും അമേരിക്കക്കാരനായ ന്യായാധിപൻ റോബർട് കെമ്പ്‌നർ 1947 -ൽ കണ്ടുപിടിക്കുന്നതുവരെ വാൻസീ കോൺഫറൻസിനെപ്പറ്റിയോ അതിലെ കാര്യങ്ങളെപ്പറ്റിയോ സഖ്യശക്തികൾക്ക് അറിവുണ്ടായിരുന്നില്ല.[60]

വ്യാഖ്യാനം

[തിരുത്തുക]

കോൺഫറൻസ് ആകെ 90 മിനുട്ടേ നീണ്ടുനിന്നുള്ളൂ. അന്ന് അവിടെ ചേർന്ന ആർക്കും തന്നെ യുദ്ധാനന്തരം ഈ കോൺഫറൻസിനു പിൽക്കാല ചരിത്രകാരന്മാർ നൽകിയ പ്രാധാന്യം ഉൾക്കൊള്ളാൻ ആയിട്ടില്ലായിരുന്നു. ജൂതപ്രശ്നത്തിനു എന്തെങ്കിലും പ്രാഥമികമായ മാറ്റങ്ങൾ ഉണ്ടാക്കാനായിരുന്നില്ല ഹെയ്‌ഡ്രിക് ഈ യോഗം വിളിച്ചുചേർത്തത്. കീഴടക്കിയ സോവിയറ്റ് യൂണിയനിലും പോളണ്ടിലും ജൂതന്മാരെ കൂട്ടക്കൊല ചെയ്യുന്നത് ഈ കോൺഫറൻസിന്റെ കാലത്തുതന്നെ നടക്കുന്നുണ്ടായിരുന്നു. കൂടാതെ പുതിയ കൂട്ടക്കൊലകേന്ദ്രങ്ങൾ ഇക്കാലത്തും ഉണ്ടാക്കിക്കൊണ്ടും ഇരിക്കുന്നുണ്ടായിരുന്നു.[28][61] ജൂതന്മാരെ കൊന്നുതീർക്കാനുള്ള തീരുമാനം മുന്നേ തന്നെ എടുത്തിരുന്നു. ഹിംലറിന്റെ പ്രതിനിധിയായ ഹെയ്‌ഡ്രിക് മറ്റുപല സർക്കാർ വകുപ്പുകളുടെയും പൂർണ്ണമായ പിന്തുണ ജൂതന്മാരെ കൂട്ടക്കൊലയ്ക്കുള്ള കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിൽ ഉറപ്പുവരുത്താനാണ് ഈ യോഗം വിളിച്ചത്.[62] ഒരിക്കൽ അവിടെ എത്തിച്ചുകഴിഞ്ഞാൽ ജൂതരെ ഇല്ലായ്മ ചെയ്യുന്ന പ്രവൃത്തി മറ്റൊരു വകുപ്പുകളുടെയും സഹായ ആവശ്യമില്ലാതെ എസ് എസ്സിന്റെ ആഭ്യന്തരകാര്യം മാത്രമാക്കാനായിരുന്നു പദ്ധതി.[63] യോഗത്തിന്റെ രണ്ടാമത്തെ ലക്ഷ്യം ആരെല്ലാമാണ് ജൂതന്മാരെന്നും, എത്രത്തോളം ജൂതരക്തമുള്ളവരെ കൊല്ലാം എന്നെല്ലാം തീരുമാനം എടുക്കൽ ആയിരുന്നു.[63] ജൂതന്മാരെ കൊണ്ടുപോകുന്നതിൽ തങ്ങൾക്ക് യാതൊരു എതിർപ്പുമില്ലെന്ന് വിവിധവകുപ്പുകൾ പറയുകയുണ്ടായി. യോഗത്തിന്റെ ഏറ്റവും വലിയ ഫലം ഇതായിരുന്നു, അതിനായിട്ടാണ് യോഗത്തിന്റെ വിശദമായ മിനുട്‌സ് ഹെയ്ഡ്രിക് എല്ലാവർക്കും അയച്ചുകൊടുത്തതും. ഇതെല്ലാമായിരുന്നു വാൻസീ കോൺഫറൻസിന്റെ പ്രാധാന്യം.[64] നടന്നുകൊണ്ടിരിക്കുന്നതും നടക്കാൻ പോകുന്നതുമായ കൂട്ടക്കൊലകളുടെ ഉത്തരവാദിത്തങ്ങളും അവയെപ്പറ്റിയുള്ള അറിവുകളും എല്ലാവർക്കും ഉണ്ടായിരിക്കണമെന്നും അവയുടെ ഉത്തരവാദിത്തം എല്ലാർക്കും വീതിച്ചു നൽകലുമായിരുന്നു യോഗത്തിന്റെ ലക്ഷ്യം.[65]

എയ്ക്‌മാന്റെ ജീവചരിത്രമെഴുതിയ സെസരനിയുടെ അഭിപ്രായപ്രകാരം ജൂതവിഷയങ്ങളിലും തീരുമാനങ്ങളിലും തന്റെ മേൽക്കോയ് മറ്റധികാരികളെക്കൊണ്ട് അംഗീകരിപ്പിക്കാനും മുൻപ് നടന്ന കൂട്ടക്കൊലകളിലും മറ്റുമുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ ഇല്ലായ്മ ചെയ്യാനുമാണ് ഹെയ്‌ഡ്രിക് ഈ യോഗം വിളിച്ചതെന്നാണ്. കൂട്ടക്കൊല നടപ്പാക്കുന്നതിൽ ഒരു തടസ്സവുമുണ്ടാവാതിരിക്കാൻ ഏറ്റവും എളുപ്പമുള്ള വഴി തന്റെ അധീശത്തം മറ്റുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കലാണെന്നുള്ള ഹെയ്‌ഡ്രിക്കിന്റെ നീക്കമാണ് ഈ യോഗത്തിനുള്ള കാരണം.[66]

വാൻസീ ഹൗസ് ഹോളോകോസ്റ്റ് മെമോറിയൽ

[തിരുത്തുക]

1965 -ൽ ചരിത്രകാരനായ ജോസഫ് വൂൾഫ് കോൺഫറൻസ് നടന്ന കെട്ടിടം ഒരു ഹോളോകോസ്റ്റ് സ്മരണയ്ക്കുള്ള മ്യൂസിയം ആക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. എന്നാൽ അന്നത്തെ പശ്ചിമജർമനിയുടെ സർക്കാരിന് അതിൽ താത്‌പര്യമില്ലായിരുന്നു. ആവശ്യത്തിനു പണമില്ലാത്തതും അന്നതൊരു വിദ്യാലയമായി പ്രവർത്തിക്കുന്നതുമായിരുന്നു കാരണം. നാസി ഭീകരരെ പിടികൂടുന്നതിലും ശിക്ഷിക്കുന്നതിലും പശ്ചിമജർമനിയുടെ സർക്കാരിനു താത്‌പര്യമില്ലെന്ന് ആരോപിച്ച് വൂൾഫ് 1974 -ൽ ആത്മഹത്യ ചെയ്തു.[67]

വാൻസീ കോൺഫാൻസ് നടന്ന കെട്ടിടം

[തിരുത്തുക]

1992 ജനുവരി 20 -ന് കോൺഫറൻസിന്റെ 50 -ആം വാർഷികത്തിൽ ഈ കെട്ടിടം ഒരുഹോളോകോസ്റ്റ് മ്യൂസിയമായി മാറ്റി.[68] ഹോളോകോസ്റ്റിനെക്കുറിച്ചും അതിന്റെ തയ്യാറെടുപ്പുകളെപ്പറ്റിയുമെല്ലാമുള്ള വാർത്തകളും ചിത്രങ്ങളും ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.[69] ജോസഫ് വൂൾഫിന്റെ പേരിൽ നാമകരണം ചെയ്ത രണ്ടാം നിലയിൽ നാസികാലത്തെപ്പറ്റിയുള്ള പുസ്തകങ്ങളും മറ്റും ഉൾക്കൊള്ളിച്ചിരിക്കുന്നു.[69]

ഇവയും കാണുക

[തിരുത്തുക]
  • Conspiracy (2001 ചലച്ചിത്രം)
  • Fatherland (വാൻസീ കോൺഫറൻസ് ധാരാളം ഇടങ്ങളിൽ വരുന്ന ഒരു നോവൽ)\

പുസ്തകങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Evans 2008, പുറം. 7.
  2. Longerich 2010, പുറം. 132.
  3. Longerich 2010, പുറങ്ങൾ. 38–39.
  4. Longerich 2010, പുറങ്ങൾ. 67–69.
  5. Longerich 2010, പുറം. 41.
  6. Kershaw 2008, പുറം. 346.
  7. Evans 2005, പുറം. 544.
  8. Kershaw 2008, പുറം. 347.
  9. Longerich 2010, പുറം. 127.
  10. Evans 2005, പുറം. 555.
  11. 11.0 11.1 Longerich 2010, പുറം. 144.
  12. Longerich 2010, പുറങ്ങൾ. 144–145.
  13. Longerich 2012, പുറം. 429.
  14. Evans 2008, പുറം. 15.
  15. Longerich 2012, പുറങ്ങൾ. 430–432.
  16. Browning 2007, പുറം. 315.
  17. 17.0 17.1 Snyder 2010, പുറം. 416.
  18. Roseman 2002, പുറം. 112.
  19. Snyder 2010, പുറങ്ങൾ. 162–163, 416.
  20. Tooze 2006, പുറം. 669.
  21. Snyder 2010, പുറം. 411.
  22. Gerhard 2009.
  23. Tooze 2006, പുറം. 539.
  24. Tooze 2006, പുറങ്ങൾ. 538–549.
  25. 25.0 25.1 Longerich 2012, പുറം. 523.
  26. Longerich 2010, പുറം. 198.
  27. Longerich 2010, പുറം. 207.
  28. 28.0 28.1 28.2 Longerich 2010, പുറം. 309.
  29. Kershaw 2008, പുറം. 683.
  30. 30.0 30.1 Roseman 2002, പുറം. 57.
  31. Browning 2007, പുറം. 406.
  32. Browning 2007, പുറം. 407.
  33. Longerich 2000, പുറം. 2.
  34. Longerich 2010, പുറങ്ങൾ. 309–310.
  35. Browning 2007, പുറം. 410.
  36. Roseman 2002, പുറം. 65.
  37. Browning 2007, പുറങ്ങൾ. 410–411.
  38. "The 'Final Solution': The Wannsee Conference", Encyclopaedia Judaica, The Gale Group, 2008.
  39. Roseman 2002, പുറം. 66.
  40. 40.0 40.1 Roseman 2002, പുറങ്ങൾ. 111–112.
  41. Longerich 2010, പുറങ്ങൾ. 237, 239.
  42. Roseman 2002, പുറം. 110.
  43. Cesarani 2005, പുറം. 112.
  44. Roseman 2002, പുറങ്ങൾ. 110–111.
  45. 45.0 45.1 45.2 45.3 Roseman 2002, പുറം. 113.
  46. Longerich 2010, പുറങ്ങൾ. 189–190.
  47. Roseman 2002, പുറം. 77.
  48. Roseman 2002, പുറം. 115.
  49. Roseman 2002, പുറങ്ങൾ. 115–116.
  50. 50.0 50.1 Browning 2007, പുറം. 414.
  51. 51.0 51.1 Roseman 2002, പുറം. 114.
  52. Marrus & Paxton 1981, പുറങ്ങൾ. 343–344.
  53. Cesarani 2005, പുറങ്ങൾ. 151–155.
  54. Cesarani 2005, പുറങ്ങൾ. 159–195.
  55. 55.0 55.1 Browning 2007, പുറം. 413.
  56. 56.0 56.1 Cesarani 2005, പുറം. 113.
  57. Roseman 2002, പുറം. 71.
  58. 58.0 58.1 Cesarani 2005, പുറം. 114.
  59. Roseman 2002, പുറം. 68.
  60. Roseman 2002, പുറം. 1.
  61. Breitman 1991, പുറങ്ങൾ. 229–233.
  62. Longerich 2010, പുറം. 310.
  63. 63.0 63.1 Longerich 2000, പുറം. 14.
  64. Longerich 2010, പുറങ്ങൾ. 306, 310.
  65. Longerich 2000, പുറം. 7.
  66. Cesarani 2005, പുറങ്ങൾ. 110–111.
  67. Lehrer 2000, പുറം. 134–135.
  68. Wannsee House.
  69. 69.0 69.1 Lehrer 2000, പുറം. 135.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ Wannsee Protocol എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=വാൻസീ_കോൺഫറൻസ്&oldid=3999190" എന്ന താളിൽനിന്ന് ശേഖരിച്ചത്