ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താൻ
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താൻ | |||||||||
---|---|---|---|---|---|---|---|---|---|
1978 - 1992 | |||||||||
തലസ്ഥാനം | കാബൂൾ | ||||||||
പൊതുവായ ഭാഷകൾ | പഷ്തു | ||||||||
മതം | നിരീശ്വരമതം | ||||||||
ഗവൺമെൻ്റ് | സോഷ്യലിസ്റ്റ് റിപ്പബ്ലിക്, ഏകകക്ഷി കമ്മ്യൂണിസ്റ്റ് ഭരണകൂടം | ||||||||
ചരിത്ര യുഗം | ശീതയുദ്ധം | ||||||||
• സ്ഥാപിതം | 1978 ഏപ്രിൽ 27 | ||||||||
• ഇല്ലാതായത് | 1992 ഏപ്രിൽ 28 | ||||||||
|
1978 മുതൽ 1992 വരെ അഫ്ഗാനിസ്താനിൽ നിലവിലിരുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടമാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താൻ. അഫ്ഗാൻ കമ്മ്യൂണിസ്റ്റ് കക്ഷിയായിരുന്ന പി.ഡി.പി.എയുടെ നേതൃത്വത്തിൽ, സോർ വിപ്ലവത്തിലൂടെ രാജ്യത്തെ ആദ്യ പ്രസിഡണ്ടായിരുന്ന മുഹമ്മദ് ദാവൂദ് ഖാനെ അട്ടിമറിച്ചാണ് ഈ സർക്കാർ സ്ഥാപിക്കപ്പെട്ടത്. പി.ഡീ.പി.എയുടെ ആദ്യ ജനറൽ സെക്രട്ടറിയും കക്ഷിയിലെ തീവ്രവിഭാഗമായിരുന്ന ഖൽഖ് പക്ഷത്തിന്റെ നേതാവുമായ നൂർ മുഹമ്മദ് താരക്കിയായിരുന്നു ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താന്റെ ആദ്യത്തെ പ്രസിഡണ്ട്.
സോവിയറ്റ് യൂനിയന്റെ ശക്തമായ പിന്തുണയോടെ നിലനിന്ന ഈ സർക്കരിൽ, തുടക്കത്തിൽ ഖൽഖ് വിഭാഗത്തിനായിരുന്നു മേൽക്കൈയെങ്കിലും 1980-ലെ റഷ്യൻ സൈനികാധിനിവേശത്തെത്തുടർന്ന് ബാബ്രക് കാർമാലിന്റെ നേതൃത്വത്തിലുള്ള പി.ഡി.പി.എയിലെ പാർചം വിഭാഗക്കാർ ഭരണത്തിൽ മേൽക്കൈ നേടി. താരക്കിക്കും കാർമാലിനും പുറമേ, ഹഫീസുള്ള അമീൻ (ഖൽഖ് പക്ഷം), മുഹമ്മദ് നജീബുള്ള (പാർചം പക്ഷം) എന്നിവരായിരുന്നു ഈ ഭരണകൂടത്തിൽ പ്രസിഡണ്ടുമാരായിരുന്നത്.
ഡെമോക്രാറ്റിക് റിപബ്ലികിന്റെ ഭരണകാലം മുഴുവൻ, ഇസ്ലാമിക മുജാഹിദീൻ കക്ഷികളിൽ നിന്നുമുള്ള എതിർപ്പ് സർക്കാരിന് നേരിടേണ്ടി വന്നു. 1991-ൽ സോവിയറ്റ് റഷ്യയുടെ ശിഥിലീകരണത്തോടെ കമ്മ്യൂണിസ്റ്റ് സർക്കാരിന് പിടിച്ചുനിൽക്കാനാകാതെ വരുകയും 1992-ൽ ഇസ്ലാമികപ്രതിരോധകക്ഷികൾ കാബൂളിൽ അധികാരത്തിലെത്തുകയും ചെയ്തു.