മുഹമ്മദ് നജീബുള്ള
മുഹമ്മദ് നജീബുള്ള نجيب الله | |
| |
അഫ്ഗാനിസ്താന്റെ ഏഴാമത് പ്രസിഡണ്ട്.
| |
പദവിയിൽ 1987 സെപ്റ്റംബർ 30 – 1992 ഏപ്രിൽ 16 | |
പ്രധാനമന്ത്രി | സുൽത്താൻ അലി കേഷ്ത്മന്ദ് മുഹമ്മദ് ഹസൻ ഷാർഖ് സുൽത്താൻ അലി കേഷ്ത്മന്ദ് ഫസൽ ഹഖ് ഖലിഖ്യാർ |
---|---|
മുൻഗാമി | ഹാജി മുഹമ്മദ് ചംകാനി |
പിൻഗാമി | അബ്ദുൾ റഹീം ഹതേഫ് (കാവൽ) |
ജനനം | 1947 ഓഗസ്റ്റ് കാബൂൾ, അഫ്ഗാനിസ്താൻ |
മരണം | സെപ്റ്റംബർ 28, 1996 കാബൂൾ, അഫ്ഗാനിസ്താൻ | (പ്രായം 49)
രാഷ്ട്രീയകക്ഷി | പി.ഡി.പി.എ. (പാർചം പക്ഷം) |
അഫ്ഗാനിസ്താന്റെ ഏഴാമത്തെ പ്രസിഡണ്ടാണ് മുഹമ്മദ് നജീബുള്ള (പഷ്തു: نجيب الله) (ജീവിതകാലം:1947 ഓഗസ്റ്റ് 6 – 1996 സെപ്റ്റംബർ 28). ഡോക്ടർ നജീബുള്ള എന്ന് പൊതുവേ അറിയപ്പെടുന്നു. കമ്മ്യൂണിസ്റ്റ് ഭരണത്തിലായിരുന്ന ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താന്റെ നാലാമത്തേതും അവസാനത്തേതുമായ പ്രസിഡണ്ടാണ് നജീബുള്ള. അഫ്ഗാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയായ പി.ഡി.പി.എയുടെ മിതവാദിപക്ഷമായിരുന്ന പാർചം വിഭാഗത്തിലെ നേതാവായിരുന്ന ഇദ്ദേഹം, 1980 മുതൽ 1986 വരെ അഫ്ഗാനിസ്താന്റെ രഹസ്യപ്പോലീസ് സംവിധാനമായിരുന്ന ഖാദിന്റെ മേധാവിയായും പ്രവർത്തിച്ചിരുന്നു. തുടർന്ന് 1986 മുതൽ 1992 വരെ രാജ്യത്തിന്റെ പ്രസിഡണ്ടായിരുന്നു.
നജീബുള്ളയുടെ ഭരണകാലത്ത് സർക്കാരിന്റെ എതിരാളികളായിരുന്ന മുജാഹിദീൻ കക്ഷികൾക്കു മേൽ ചില നിർണായകവിജയങ്ങൾ നേടാൻ സർക്കാർ സൈന്യത്തിനു കഴിഞ്ഞെങ്കിലും സർക്കാരിന്റെ ഉന്നതതലങ്ങളിലുള്ള പ്രമുഖർ എതിർപക്ഷത്തേക്ക് കൂറു മാറിയതിനെത്തുടർന്ന് രാജ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ തന്നെ തകരുകയും, തൽസ്ഥാനത്ത് മുജാഹിദീനുകളുടെ സർക്കാർ അഫ്ഗാനിസ്താനിൽ അധികാരത്തിലെത്തുകയും ചെയ്തു.
തന്റെ സർക്കാരിന്റെ പതനത്തിനു ശേഷം 1992 മുതൽ കാബൂളിലെ ഐക്യരാഷ്ട്രസഭാസമുച്ചയത്തിൽ അഭയം തേടിയിരുന്ന നജീബുള്ളയെ 1996-ൽ താലിബാൻ രാജ്യത്ത് അധികാരത്തിലെത്തിയതിനെത്തുടർന്ന് വധിക്കുകയായിരുന്നു.
ജീവിതരേഖ
[തിരുത്തുക]ഒരു ഘൽജി പഷ്തൂണായിരുന്ന നജീബുള്ള 1947-ൽ കാബൂളിലെ താരതമ്യേന മെച്ചപ്പെട്ട സാമ്പത്തികസ്ഥിതിയുള്ള ഒരു കുടുംബത്തിലാണ് ജനിച്ചത്. ഒരു ദുറാനി മുഹമ്മദ്സായ് സ്ത്രീയെയാണ് ഇദ്ദേഹം വിവാഹം ചെയ്തിരുന്നത്.
അഫ്ഗാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പാർചം വിഭാഗത്തിന്റെ ഉന്നതനേതാവായിരുന്ന ബാബ്രക് കാർമാലിന്റെ മുൻ അംഗരക്ഷകനായിരുന്ന നജീബുള്ള, 1965-ൽ പാർട്ടി രൂപീകരണവേളയിൽത്തന്നെ പി.ഡി.പി.എയിൽ ചേരുകയും അതിന്റെ പാർചം വിഭാഗത്തിൽ സജീവമാകുകയും ചെയ്തു. 1975-ൽ കാബൂൾ സർവകലാശാലയുടെ വൈദ്യശാസ്ത്രവിഭാഗത്തിൽ നിന്ന് ഇദ്ദേഹം ബിരുദം കരസ്ഥമാക്കി.
സോർ വിപ്ലവത്തിലൂടെ പി.ഡി.പി.എ.യുടെ ഖൽഖ് വിഭാഗം നേതാവ്, നൂർ മുഹമ്മദ് താരക്കി അധികാരത്തിലെത്തിയതിനു ശേഷം മറ്റു പാർചം വിഭാഗക്കാരെപ്പോലെത്തന്നെ നജീബുള്ളയേയും കാബൂളിൽ നിന്നും മാറ്റി നിയമിച്ചു. തെഹ്രാനിലെ സ്ഥാനപതിയായാണ് നജീബുള്ള അന്ന് നിയമിക്കപ്പെട്ടത്. പിന്നീട് തിരിച്ചുവിളിച്ചെങ്കിലും ബാബ്രാക് കാർമാലിനെപ്പോലെത്തന്നെ ഇദ്ദേഹവും താരക്കിയുടെ കാലത്ത് രാജ്യത്തെത്താൻ ബുദ്ധിപൂർവ്വം വിസമ്മതിച്ചു. പിന്നീട് സോവിയറ്റ് സൈന്യത്തോടും, ബാബ്രാക് കാർമാലിനോടുമൊപ്പം 1979 അവസാനം രാജ്യത്ത് തിരിച്ചെത്തിയ നജീബുള്ള, രഹസ്യപ്പോലിസ് വിഭാഗമായ ഖാദിന്റെ തലവനായി.[1]
പ്രസിഡണ്ട് സ്ഥാനത്തേക്ക്
[തിരുത്തുക]1980-നും 88-നുമിടയിൽ അഫ്ഗാനിസ്താനിലെ സോവിയറ്റ് പടയും, മാർക്സിസ്റ്റ് ഭരണകൂടവും അഫ്ഗാൻ മുജാഹിദീനുകളുമായി കടുത്ത യുദ്ധം നടത്തി. എങ്കിലും ആർക്കും ഇതിൽ സമ്പൂർണ്ണവിജയം നേടാനായില്ല. ഇസ്ലാമികകക്ഷികളുമായി അനുരഞ്ജനശ്രമങ്ങൾ നടത്തിയെങ്കിലും 1985-ൽ പ്രസിഡണ്ട് ബാബ്രാക് കാർമാലിനോടൊപ്പം ഒരു സർക്കാറിൽ പങ്കാളിയാകില്ലെന്ന് മുജാഹിദീൻ പ്രഖ്യാപിച്ചു.[1] ഇതോടെ മുജാഹിദീനുകളെ അനുനയിപ്പിക്കുന്നതിന് 1986 മേയ് 4-ന് ബാബ്രക് കാർമാൽ പി.ഡി.പി.എയുടെ നേതൃസ്ഥാനം രാജിവക്കുകയും, മുഹമ്മദ് നജീബുള്ള തൽസ്ഥാനത്തെത്തുകയും ചെയ്തു.[2] തുടർന്ന് മോസ്കോയിൽ നിന്നുള്ള ശക്തമായ സമ്മർദ്ദത്തെത്തുടർന്ന് 1986 നവംബറിൽ കാർമാൽ പ്രസിഡണ്ട് പദവി ഒഴിയുകയും, നജീബുള്ള പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.[3]
മുജാഹിദീനുകളുമായുള്ള അനുരഞ്ജനനടപടികൾ
[തിരുത്തുക]മുഹമ്മദ് നജീബുള്ള പ്രസിഡണ്ടായെങ്കിലും മുജാഹിദീനുകൾ വഴങ്ങിയില്ല. അമേരിക്കയിൽ നിന്നും ലഭിച്ച സ്റ്റിങ്ങർ, ബ്ലോപൈപ്പ് വിമാനവേധമിസൈലുകൾ ഉപയോഗിച്ച് ഇവർ സോവിയറ്റ് കാബൂൾ സൈന്യത്തിനെതിരെ പൂർവാധികം ശക്തിയോടെ ആക്രമണം തുടർന്നു. ഇതിനെത്തുടർന്ന് സോവിയറ്റ് യൂനിയന്റെ പിന്തുണയോടെ നജീബുള്ള, ദേശീയ അനുരഞ്ജനനയം പ്രഖ്യാപിച്ചു. 1987 ജനുവരി 15-ന് ആറുമാസത്തേക്ക് ഒരു ഏകപക്ഷീയ വെടിനിറുത്തൽ പ്രഖ്യാപിച്ചു. ഇതിനു പുറമേ അനുരഞ്ജനത്തിനായുള്ള നിരവധി നിർദ്ദേശങ്ങൾ അദ്ദേഃഅം പ്രതിരോധകക്ഷികൾക്ക് മുമ്പാകെ അവതരിപ്പിച്ചു. എങ്കിലും മുജാഹിദീൻ നേതാക്കൾ ഈ നിർദ്ദേശങ്ങളെ തള്ളിക്കളഞ്ഞു. അങ്ങനെ വെടിനിർത്തലും അതിനായി രൂപീകരിച്ച വെടിനിർത്തൽ കമ്മീഷനും വിഫലമായി. മാത്രമല്ല സർക്കാരിൽ ചേരാൻ മൂന്ന് പ്രതിരോധകക്ഷികളെ നജീബുള്ള ക്ഷണീച്ചെങ്കിലും ഇതിനും ഫലമുണ്ടായില്ല.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, നജീബുള്ള, തന്റെ അനുരഞ്ജനനയങ്ങൾ തുടർന്നുകൊണ്ടിരുന്നു. 1987 നവംബറീൽ കാബൂളിൽ ഒരു ലോയ ജിർഗ വിളിച്ചു ചേർത്തു. 1800-ലധികം പ്രതിനിധികൾ പങ്കെടുത്ത ഈ യോഗത്തിൽ വച്ച് നജീബുള്ള, രാജ്യത്തിന് പുതിയ ഭരണഘടന പ്രഖ്യാപിച്ചു. ഈ ഭരണഘടനയിൽ രാജ്യത്തിന്റെ പേരിൽ നിന്ന് ഡെമോക്രാറ്റിക് എന്ന വാക്ക് നീക്കം ചെയ്തു. രണ്ട് സഭകളടങ്ങിയ പാർലമെന്റും പ്രഖ്യാപിക്കപ്പെട്ടു. വോലേസി ജിർഗ എന്ന സഭയിലെ അംഗങ്ങൾ നേരിട്ട് തിരഞ്ഞെടുക്കപ്പെട്ടവാരാണെങ്കിൽ സെനറ്റിലെ അംഗങ്ങൾ, നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്നവർക്കും പുറമേ പ്രസിഡണ്ട് നാമനിർദ്ദേശം ചെയ്യുന്നവർ കൂടിയായിരുന്നു. ജനാഭിപ്രായം പ്രകടമാക്കുന്നതിന് ലോയ ജിർഗയെ ചുമതലപ്പെടുത്തി. ഇസ്ലാമിനെ രാജ്യത്തിന്റെ ഔദ്യോഗികമതമായും പ്രഖ്യാപിച്ചു. ബഹുകക്ഷിരാഷ്ട്രീയത്തിന്മും ഇതോടൊപ്പം അംഗീകാരം നൽകി.
1988 ജനുവരിയിൽ നേരത്തേ പ്രതികളുടെ അഭാവത്തിൽ ശിക്ഷിക്കപ്പെട്ട എല്ലാവർക്കും മാപ്പ് നൽകി. അഹ്മദ് ഷാ മസൂദും ഇക്കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നെന്ന് കരുതുന്നു.[1]
സോവിയറ്റ് സേനയുടെ പിന്മാറ്റവും തിരഞ്ഞെടുപ്പും
[തിരുത്തുക]1988 ഏപ്രിൽ 4-ന് ഒപ്പുവക്കപ്പെട്ട കരാറനുസരിച്ച് സോവിയറ്റ് സേന അഫ്ഗാനിസ്താനിൽ നിന്നും പിന്മാറാൻ ധാരണയാകുകയും 1988 ഏപ്രിലിൽ ആദ്യഘട്ട സോവിയറ്റ് സേനാപിന്മാറ്റം നടക്കുകയും ചെയ്തു. സേനാപിന്മാറ്റത്തിനു ശേഷം സർക്കാർ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്താന്റെ ഭാഗങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നു. പുതിയ പാർലമെന്റിൽ നജീബുള്ളയുടെ കക്ഷിയായ പി.ഡി.പി.എക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു. അങ്ങനെ 1988 മേയ് 26-ന് സുൽത്താൻ അലി കേഷ്ത്മന്ദിനു പകരം മുഹമ്മദ് ഹസൻ ഷാർഖിനെ പുതിയ പ്രധാനമന്ത്രിയായി നജീബുള്ള നിയമിച്ചു. മുൻപ് പ്രസിഡണ്ട് മുഹമ്മദ് ദാവൂദ് ഖാനു കീഴിൽ ഉപപ്രധാനമന്ത്രിയായിരുന്ന മുഹമ്മദ് ഹസൻ ഷാർഖ്. ഇദ്ദേഹം പി.ഡി.പി.എ. അംഗമായിരുന്നില്ല. നജീബുള്ളയുടെ അധികാരകേന്ദ്രം വ്യാപകമാക്കുന്നതിനായിരുന്നു ഈ നടപടി. ഇതേ വർഷം നവംബറിൽ തന്റെ ആഭ്യന്തരമന്തരമന്ത്രിയും ഖൽഖി വിഭാഗത്തിന്റെ മുതിർന്ന നേതാവുമായിരുന്ന മുഹമ്മദ് ബഷീർ ഗുലാബ്സോയെ മോസ്കോയിലെ സ്ഥാനപതിയാക്കി പറഞ്ഞയക്കുകയും ചെയ്തു.
1988 ഡിസംബറിൽ അഫ്ഗാൻ പ്രതിരോധകക്ഷികളുടെ പ്രതിനിധികൾ പ്രൊഫസർ ബുർഹാനുദ്ദീൻ റബ്ബാനിയുടെ നേതൃത്വത്തിൽ അഫ്ഗാനിസ്താനിലെ സോവിയറ്റ് സ്ഥാനപതിയായിരുന്നു യൂറി വൊറോണ്ട്സോവുമായി സൗദി അറേബ്യൻ നഗരമായ തൈഫിൽ വച്ച് ഒരു കൂടീക്കഴ്ച നടത്തി. സോവിയറ്റ് സേനാപിന്മാറ്റത്തിനു ശേഷം കാബൂളിലെ പുതിയ സർക്കാരിൽ നജീബുള്ളക്കും അയാളുടെ കക്ഷിക്കും ഒരു സ്ഥാനവും നൽകേണ്ടെന്ന് മുജാഹിദീനുകളും, നൽകണമെന്ന് സോവിയറ്റ് യൂനിയനും ശഠിച്ചതോടെ ഈ ചർച്ച നിഷ്ഫലമായി.[1]
1989 ഫെബ്രുവരിയോടെ സോവിയറ്റ് സേന പൂർണ്ണമായും അഫ്ഗാനിസ്താനിൽ നിന്നും പിന്മാറി. സോവിയറ്റ് സേനയുടെ പിന്മാറ്റത്തോടെ, ഭരണകൂടത്തിന്റെ എല്ലാ മാർക്സിസ്റ്റ് ചിഹ്നങ്ങളും ഒഴിവാക്കിയും വിഭജിച്ച് ഭരിക്കുക എന്ന തന്ത്രമുപയോഗിച്ചും നിലനിൽപ്പിനായുള്ള ശ്രമങ്ങൾ നജീബുള്ള തുടർന്നു.[4]
ജലാലാബാദിലെ വിജയം
[തിരുത്തുക]സോവിയറ്റ് സേനയുടെ സമ്പൂർണപിന്മാറ്റത്തിന് ഏതാനും ആഴ്ചകൾക്ക് ശേഷം, 1989 മാർച്ച് ആദ്യം, മുജാഹിദീനുകൾ, നജീബുള്ളായുടെ സൈന്യത്തിനു നേരെ ജലാലാബാദിൽ വൻ ആക്രമണം നടത്തി. ജലാലാബാദ് എളുപ്പത്തിൽ പിടിച്ചടക്കാമെന്നും മാർക്സിസ്റ്റ് സർക്കാരിന്റെ പതനം ഉടൻ തന്നെയുണ്ടാകുമെന്ന ധാരണയിലായിരുന്നു ഈ ആക്രമണം.
എന്നാൽ സർക്കാരിന്റെ വ്യോമസേനയുടെ പിന്തുണയോടെയുള്ള ശക്തമായ ചെറുത്തുനിൽപ്പിൽ മുജാഹിദീനുകൾ പരാജയപ്പെടുകയും പെഷവാറിലേക്ക് പിൻവാങ്ങുകയും ചെയ്തു. മുജാഹിദീൻ കക്ഷികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കക്ഷിയായ ഹിസ്ബ് ഇസ്ലാമിയുടെ നേതാവ്, ഗുൾബുദ്ദീൻ ഹെക്മത്യാർ പിന്തുണ പിൻവലിച്ചതോടെ പെഷവാറിലെ മുജാഹിദീനുകളുടെ ഇടക്കാലസർക്കാർ ശിഥിലമാകുകയും കാബൂളിൽ നജീബുള്ള പൂർവ്വാധികം ശക്തമായി ഭരണത്തിൽ തുടരുകയും ചെയ്തു.[4]
അനുയായികളുടെ കൂറുമാറ്റം
[തിരുത്തുക]1990-ഓടെ നജീബുള്ളയുടെ കൂട്ടാളികൾ പലരും മുജാഹിദീനുകളുടെ പക്ഷത്ത് ചേരാനാരംഭിച്ചു. 1986 മുതൽ സൈന്യത്തലവനും, 1988-90 കാലത്ത് പ്രതിരോധമന്ത്രിയുമായിരുന്ന ഷാനവാസ് തനായ് എന്ന ഖൽഖി പക്ഷക്കാരനായിരുന്നു ഇതിൽ പ്രമുഖൻ. 1990 മാർച്ചിൽ ഇദ്ദേഹം ഹെക്മത്യാറിനോടൊപ്പം ചേർന്ന് ഒരു അട്ടിമറിക്ക് ശ്രമിച്ചെങ്കിലും ഇതിൽ പരാജയപ്പെട്ടു. ഇതിനു പിന്നാലെ നിരവധി ഖൽഖികൾ പ്രതിരോധകക്ഷികളുടെ കൂട്ടത്തിൽച്ചേർന്നു. ഖൽഖി വിമതർ, ഹെക്മത്യാറിന്റെ ഹിസ്ബ്-ഇ ഇസ്ലാമിയിലേക്കാണ് നീങ്ങിയതെങ്കിൽ പാർചം വിഭാഗത്തിൽ നിന്നുള്ള വിമതർ, റബ്ബാനിയുടെ ജാമിയത്ത്-ഇ ഇസ്ലാമിയിലേക്കാണ് നീങ്ങിയത്.
ഈ സമയത്തും സോവിയറ്റ് ആയുധങ്ങളുടേയും പണത്തിന്റേയും പിൻബലത്തൊടെ നജീബുള്ള അധികാരത്തിൽ നിലനിൽക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. 1990 ജൂണിൽ, പി.ഡി.പി.എയുടെ പേര്, ഹോംലാൻഡ് പാർട്ടി (ഹിസ്ബ്-ഇ വതൻ) എന്നാക്കി മാറ്റുകയും പാർട്ടിയുടെ എല്ലാ മാർക്സിസ്റ്റ് ആശയങ്ങളും ഉപേക്ഷിക്കുകയും ചെയ്തു.
1991-ന്റെ തുടക്കത്തിൽ, പ്രതിരോധകക്ഷികൾ വിണ്ടും ഒന്നുചേർന്നു. 1991 മാർച്ചിൽ, ഇവർ പാകിസ്താൻ അതിർത്തിയിലുള്ള ഖോസ്ത് പട്ടണവും ജില്ലയും അധീനതയിലാക്കി.1991 ഓഗസ്റ്റിൽ സോവിയറ്റ് യൂനിയൻ ശിഥിലമായതിനെത്തുടർന്ന് നജീബുള്ളയുടെ ഭരണകൂടത്തിന് ലഭിച്ചുകൊണ്ടിരുന്ന സോവിയറ്റ് സഹായം നിലച്ചു. പ്രതിരോധകക്ഷികളുടെ ശക്തിക്ഷയം ഒന്നുകൊണ്ട് മാത്രം, മാർക്സിസ്റ്റ് സർക്കാർ 1992-ന്റെ തുടക്കം വരെ നിലനിന്നു. 1992 മാർച്ചിൽ രാജ്യത്തിന്റെ വടക്കുഭാഗത്തുള്ള സർക്കാർ സൈനികനേതാക്കൾ നജീബുള്ളക്കെതിരെ തിരിഞ്ഞു. ജനറൽ അബ്ദുൾ റഷീദ് ദോസ്തം, സയ്യിദ് മൻസൂർ നദീറിൻ എന്നിവർ ഇവരിൽ ഉൾപ്പെടുന്നു.
1988-ൽ കമ്മ്യൂണിസ്റ്റ് സർക്കാർ രൂപം കൊടുത്ത ജവ്സ്ജാൻ മിലിഷ്യയുടെ നേതാവായിരുന്നു ജനറൽ ദോസ്തം. രാജ്യത്തിന്റെ വടക്കും വടക്കുപടിഞ്ഞാറുമുള്ള ഉസ്ബെക് വിഭാഗങ്ങളായിരുന്നു ഈ സേനയിൽ ഉൾപ്പെട്ടിരുന്നത്. മാർക്സിസ്റ്റ് സർക്കാരിനെ പിന്തുണച്ച്, ദോസ്തമിന്റെ സേന, രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ പോരാട്ടം നടത്തിയിരുന്നു. ദോസ്തം, വിമതനായി മാറിയത്, നജീബുള്ളക്ക് നേരിട്ട വൻ തിരിച്ചടിയായിരുന്നു. അഫ്ഗാനിസ്താനിലെ ഇസ്മാഈലി കുടുംബത്തിന്റെ നേതാവായിരുന്ന സയ്യിദ് നാദിർഷാ ഹുസൈൻ അഥവാ സയ്യിദി കയാൻ-ന്റെ മകനായിരുന്നു, മറ്റൊരു വിമതനായിരുന്ന സയ്യിദ് മൻസൂർ നദീറി.[4]
അധികാരം നഷ്ടപ്പെടുന്നു
[തിരുത്തുക]വിമതരായ അബ്ദുൾ റഷീദ് ദോസ്തവും, സയ്യിദ് മൻസൂർ നദീറിയും ചേർന്ന് വടക്കൻ അഫ്ഗാനിസ്താന്റെ മുഴുവൻ ഭാഗങ്ങളുടെ നിയന്ത്രണവും കാബൂൾ സർക്കാരിൽ നിന്നും പിടിച്ചടക്കി. രണ്ടു വടക്കൻ നേതാക്കളും തുടർന്ന് പഞ്ച്ശീറിലെ അഹ്മദ് ഷാ മസൂദുമായി സഖ്യത്തിലാകുകയും 1992 ഏപ്രിലിൽ ഇവർ കാബൂൾ പിടിച്ചടക്കുകയും ചെയ്തു.
1992 ഏപ്രിൽ 25-നാണ് കാബൂളിന്റെ പതനം പൂർണമായത്. ഇതോടെ നജീബ് അള്ള ഐക്യരാഷ്ട്രസഭയുടെ കോമ്പ്ലക്സിൽ അഭയം തേടി. മാർക്സിസ്റ്റ് ഭരണകൂടം പൂർണമായും തകർന്നു. 200-ലധികം യുദ്ധവിമാനങ്ങളും, നൂറുകണക്കിന് യുദ്ധടാങ്കുകളും, ആയുധങ്ങളും അടങ്ങിയ സർക്കാരിന്റെ ആയുധശേഖരം, വിവിധ പ്രതിരോധകക്ഷികളുടെ കൈയിലായി. 1992 ഏപ്രിൽ 28-ന് പ്രതിരോധകക്ഷികളുടെ ഇടക്കാലസർക്കാരിന്റെ പ്രസിഡണ്ട്, സിബ്ഗത്തുള്ള മുജദ്ദിദി, പെഷവാറിൽ നിന്നും കാബൂളിലെത്തി അധികാരം ഏറ്റെടുത്തു.[4]
അന്ത്യം
[തിരുത്തുക]രാജ്യം വിട്ടുപോകാൻ മുജാഹിദീൻ സർക്കാരിന്റെ പ്രസിഡണ്ട് ബുർഹാനുദ്ദീൻ റബ്ബാനി അനുവദിക്കാത്തതിനാൽ നജീബുള്ള ഐക്യരാഷ്ട്രസഭയുടെ അഭയത്തിൽ യു.എൻ. സമുച്ചയത്തിൽത്തന്നെ കഴിഞ്ഞുകൂടേണ്ടി വന്നു. 1996-ൽ ബുർഹാനുദ്ദീൻ റബ്ബാനിയുടെ നേതൃത്വത്തിലുള്ള പ്രതിരോധകക്ഷികളുടെ സർക്കാരിനെ തോൽപ്പിച്ച് താലിബാൻ കാബൂളിൽ അധികാരത്തിലെത്തി. അധികാരത്തിലെത്തിയതിനു പിന്നാലെത്തന്നെ നജീബുള്ളയേയും സഹോദരൻ ഷാപൂർ അഹ്മദ്സായേയും താലിബാൻ കൊലപ്പെടുത്തി.
താലിബാനിലെ മുൻ ഖൽഖിപക്ഷക്കാരാണ് ആണ് ഈ കൊലപാതങ്ങൾക്കു പിന്നിലെന്നാണ് ഒരു വാദം. എന്നാൽ മുല്ല മുഹമ്മദ് ഒമറിന്റെ ഒരു ഉയർന്ന സഹായി ആയിരുന്ന മുല്ല മുഹമ്മദ് റബ്ബാനിയുടെ ഉത്തരവ് പ്രകാരമായിരുന്നു ഈ കൊലപാതകങ്ങൾ എന്നും അഭിപ്രായമുണ്ട്. ഇദ്ദേഹത്തിന്റെ സഹോദരനെ നജീബുള്ള വധിച്ചതിന്റെ പ്രതികാരമായിരുന്നു ഇതെന്നും പറയുന്നു.[4]
നജീബുള്ളക്ക് രാജ്യം വിടാനായില്ലെങ്കിലും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അഫ്ഗാനിസ്താൻ വിട്ട് ഇന്ത്യയിൽ അഭയം തേടിയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഫാത്തിമയും, മൂന്നു പെണ്മക്കളും 1992 മുതൽ ദില്ലിയിൽ വസിച്ചു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 Vogelsang, Willem (2002). "19-The Years of Communism". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 310–320. ISBN 978-1-4051-8243-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ http://www.ariaye.com/english/history.html
- ↑ http://books.google.co.in/books?id=bv4hzxpo424C&lpg=PA303&ots=bC1XzBhv2K&dq=babrak%20karmal%20resigned%20on&pg=PA48#v=onepage&q=babrak%20karmal&f=false
- ↑ 4.0 4.1 4.2 4.3 4.4 Vogelsang, Willem (2002). "20 - After the soviets". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 322–329. ISBN 978-1-4051-8243-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)