Jump to content

പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി ഓഫ് അഫ്ഗാനിസ്താൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പി.ഡി.പി.എ. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി ഓഫ് അഫ്ഗാനിസ്താൻ
നേതാവ്മുഹമ്മദ് നജീബുള്ള (അവസാനനേതാവ്)
രൂപീകരിക്കപ്പെട്ടത്1965 ജനുവരി 1
പിരിച്ചുവിട്ടത്1992 മാർച്ച്[1]
മുഖ്യകാര്യാലയംകാബൂൾ, അഫ്ഗാനിസ്താൻ
പത്രംഖൽഖ് (1966)
പാർച്ചം (1969)
യുവജന സംഘടനഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷൻ ഓഫ് അഫ്ഗാനിസ്താൻ
അംഗത്വം50,000 (1978 ഡിസംബർ - 1979 ജനുവരി)[2]
70-100,000 (April-June, 1982)[2]
160,000 (Late 1980s)[3]
പ്രത്യയശാസ്‌ത്രംകമ്മ്യൂണിസം, മാർക്സിസം, ലെനിനിസം
നിറം(ങ്ങൾ)ചുവപ്പ്

1965-ൽ അഫ്ഗാനിസ്താനിൽ രൂപം കൊണ്ട ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രീയകക്ഷിയാണ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി ഓഫ് അഫ്ഗാനിസ്ഥാൻ (പേർഷ്യൻ: حزب دموکراتيک خلق افغانستان, പഷ്തു: د افغانستان د خلق دموکراټیک ګوند) എന്ന പി.ഡി.പി.എ. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ അഫ്ഗാനിസ്താൻ രാഷ്ട്രീയത്തിൽ നിർണ്ണായക പങ്കുവഹിക്കാൻ പി.ഡി.പി.എക്കായി.

തന്റെ ബന്ധുവായ സഹീർ ഷാ രാജാവിനെ അട്ടിമറിച്ച് അഫ്ഗാനിസ്താന്റെ പ്രഥമപ്രസിഡണ്ട് സ്ഥാനത്തെത്താൻ മുഹമ്മദ് ദാവൂദ് ഖാന് പി.ഡി.പി.എയുടെ (പാർചം വിഭാഗത്തിന്റെ) സഹായം ലഭിച്ചിരുന്നു. പിന്നീട് ദാവൂദ് ഖാൻ പി.ഡി.പി.എക്കെതിരാകുകയും, 1978-ൽ അഫ്ഗാൻ സൈന്യത്തിന്റെ സഹായത്തോടെ സോർ വിപ്ലവത്തിൽ ദാവൂദ് ഖാനെ അട്ടിമറിച്ച് പി.ഡി.പി.എ. രാജ്യത്തിന്റെ അധികാരം പിടിച്ചെടുക്കുകയും ചെയ്തു.

1978 മുതൽ 1990 വരെ പി.ഡി.പി.എയുടെ ഖൽഖ്, പാർചം വിഭാഗത്തിലുള്ള നേതാക്കൾ സോവിയറ്റ് യൂണിയന്റെ പിന്തുണയോടെ അഫ്ഗാനിസ്താനിൽ അധികാരത്തിലിരുന്നു. സോവിയറ്റ് സൈന്യം അഫ്ഗാനിസ്താനിൽ നിന്നും പിൻ‌വാങ്ങിയതിനു ശേഷം, 1990-ൽ രാജ്യത്തെ അവസാനത്തെ കമ്മ്യൂണിസ്റ്റ് പ്രസിഡണ്ടായ മുഹമ്മദ് നജീബുള്ളയുടെ പി.ഡി.പി.എയുടെ പേര് ഹോം‌ലാന്റ് പാർട്ടി എന്നാക്കി മാറ്റുകയും കക്ഷിയുടെ എല്ലാ മാർക്സിസ്റ്റ് ആശയങ്ങളും ഉപേക്ഷിക്കുകയും ചെയ്തു.

രൂപീകരണം

[തിരുത്തുക]

1953 മുതൽ 1963 വരെ അഫ്ഗാനിസ്താനിൽ ഭരണത്തിലിരുന്ന പരിഷ്കരണവാദിയായിരുന്ന പ്രധാനമന്ത്രി, മുഹമ്മദ് ദാവൂദ് ഖാന്റെ രാജിക്ക് ശേഷം, 1964-ൽ രാജ്യത്ത് പുതിയ ഭരണഘടന നിലവിൽ വരുകയും തിരഞ്ഞെടുപ്പിൽ അധിഷ്ടിതമായ ജനസഭയുടെ രൂപീകരണത്തിനും, സഹീർ ഷാ രാജാവ് ഉത്തരവിട്ടു.

ഈ പശ്ചാത്തലത്തിലാണ് 1965 ജനുവരി 1-നാണ് അഫ്ഗാനിസ്താനിലെ മാർക്സിസ്റ്റ് ചിന്താഗതിക്കാർ, പി.ഡി.പി.എ. രൂപീകരിച്ചത്. ഒരു ഘൽജി പഷ്തൂൺ നേതാവായിരുന്ന നൂർ മുഹമ്മദ് താരക്കി ആയിരുന്നു ഈ കക്ഷിയുടെ ജനറൽ സെക്രട്ടറി. പിൽക്കാലത്ത് 1978-ൽ ഇദ്ദേഹം രാജ്യത്തിന്റെ ആദ്യത്തെ മാർക്സിസ്റ്റ് പ്രസിഡണ്ടായി. പി.ഡി.പി.എയുടെ സ്ഥാപകനേതാക്കളിൽ മറ്റൊരു പ്രമുഖനായിരുന്നു ബാബ്രക് കാർമാൽ പിൽക്കാലത്ത് (1979-86) ഇദ്ദേഹവും രാജ്യത്തിന്റെ പ്രസിഡണ്ടായിരുന്നു.[4]

ജനസഭയിലേക്ക്

[തിരുത്തുക]
പ്രമാണം:B Karmal.gif
ബാബ്രക് കാർമാൽ - പാർചം വിഭാത്തിന്റെ നേതാവ്

അഫ്ഗാനിസ്താനിൽ 1964-ലെ ഭരണഘടനപ്രകാരമുള്ള ആദ്യതിരഞ്ഞെടുപ്പ്, 1965-ൽ നടന്നു. ഈ തിരഞ്ഞെടുപ്പിൽ, ഒരു ദേശീയജനധിപത്യസർക്കാരിനായി പ്രവർത്തിക്കാൻ പി.ഡി.പി.എ. ആഹ്വാനം ചെയ്തു. ബാബ്രാക് കാർമാൽ അടക്കം പി.ഡി.പി.എ.യുടെ മൂന്നു പ്രതിനിധികൾ ജനസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്രനായി വിജയിച്ച ഡോക്ടർ അനഹിത റതെബ്സാബ് എന്ന ഒരംഗവും പിന്നീട് പി.ഡി.പി.എ.യിൽ ചേർന്നു.

തുടക്കം മുതൽ തന്നെ പി.ഡി.പി.എ. അംഗങ്ങൾ, ജനസഭയുടെ (വോലെസി ജിർഗ) പരമ്പരാഗതരീതിയിലുള്ള നടത്തിപ്പിനെ ചോദ്യം ചെയ്യുകയും 1965 ഒക്ടോബറിൽ നിരവധി പ്രതിഷേധസമരങ്ങൾ നടത്തുകയും ചെയ്തു. കുറഞ്ഞത് മൂന്നു പേരെങ്കിലും ഈ പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടു. ഇത് പ്രധാനമന്ത്രി മുഹമ്മദ് യൂസഫിന്റെ രാജിയിലേക്കും നയിച്ചു.[4]

പിളർപ്പ്

[തിരുത്തുക]

1966-ൽ പി.ഡി.പി.എ. പിളർന്ന്, നൂർ മുഹമ്മദ് താരക്കിയുടെ നേതൃത്വത്തിലുള്ള ഖൽഖ് എന്നും ബാബ്രക് കർമാലിന്റെ നേതൃത്വത്തിലുള്ള പാർച്ചം എന്നും പേരിൽ രണ്ടുവിഭാഗങ്ങളായി.

ഖൽഖ് വിഭാഗം

[തിരുത്തുക]

1966 ഏപ്രിൽ 11-ന് നൂർ മുഹമ്മദ് താരക്കി പുറത്തിറക്കിയ ഖൽഖ് എന്ന പത്രത്തിന്റെ പേരിലാണ് ഖൽഖ് വിഭാഗം അറിയപ്പെട്ടത് (ഖൽഖ് എന്ന പദത്തിനർത്ഥം ജനക്കൂട്ടം എന്നാണ്). ഈ പത്രം ആറാഴ്ചക്ക് ശേഷം നിരോധിക്കപ്പെട്ടിരുന്നു. മാർക്സിസത്തിലും പഷ്തൂൺ ദേശീയതയിലും അടിയുറച്ച് വിശ്വസിച്ചിരുന്ന ഈ വിഭാഗത്തിൽ വിദ്യാസമ്പന്നരും നഗരവാസികളായ ഘൽജി ചെറുപ്പക്കാരായിരുന്നു പ്രധാനമായും ഉൾക്കൊണ്ടിരുന്നത്. ഇവർ തീവ്രനടപടികളും സീകരിച്ചിരുന്നു.[4] നൂർ മുഹമ്മദ് താരക്കിക്കു പുറമേ, ഖൽഖ് വിഭാഗത്തിലെ പ്രധാനപ്പെട്ട നേതാവായിരുന്നു ഹഫീസുള്ള അമീൻ. താരക്കിക്കു ശേഷം ഇദ്ദേഹവും അഫ്ഗാനിസ്താന്റെ പ്രസിഡണ്ടായിരുന്നു.

പാർചം വിഭാഗം

[തിരുത്തുക]

1968 മാർച്ചിനും 1969 ജൂലൈക്കും ഇടയിൽ സുലൈമാൻ ലായ്ഖ്, മിർ അക്ബർ ഖൈബർ എന്നിവരുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന പാർചം എന്ന പത്രത്തിന്റെ പേരിലായിരുന്നു രണ്ടാമത്തെ വിഭാഗം അറിയപ്പെട്ടത്. ദാരിയിലും പഷ്തുവിലുമായി ബാബ്രക് കാർമാൽ രചിച്ച ലേഖനങ്ങൾ ഈ പത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. പാർലമെന്റംഗം എന്ന നിലയിൽ ബാബ്രക് കാർമാലിന് സർക്കാർ സഹായം ലഭിച്ചിരുന്നതിനാൽ ഈ വിഭാഗം റോയൽ കമ്മ്യൂണിസ്റ്റ് പാർട്ടി എന്നും വിളിക്കപ്പെട്ടിരുന്നു.[4] പാർചം വിഭാഗത്തിലെ മിർ അക്ബർ ഖൈബറിന്റെ കൊലപാതകത്തെത്തുടർന്ന് രൂപപ്പെട്ട പ്രക്ഷോഭങ്ങളാണ് സോർ വിപ്ലവത്തിലേക്കും അതുവഴി രാജ്യത്തിന്റെ അധികാരം കൈക്കലാക്കുന്നതിലേക്കും പി.ഡി.പി.എയെ നയിച്ചത്. പാർചം വിഭാഗത്തിലെ മറ്റൊരു പ്രധാനനേതാവാണ് സുൽത്താൻ അലി കേഷ്ത്മന്ദ്. 1980-കളിൽ ഇദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു.

ദാവൂദ് ഖാനെ പിന്തുണക്കുന്നു

[തിരുത്തുക]

1973-ൽ സഹീർ ഷാ രാജാവിനെ അട്ടിമറിച്ച്, പ്രസിഡണ്ടാകുന്നതിൽ, മുൻ പ്രധാനമന്ത്രി മുഹമ്മദ് ദാവൂദ് ഖാനെ, പി.ഡി.പി.എയുടെ പാർചം വിഭാഗം പിന്തുണച്ചു. ഇതിനെത്തുടർന്ന് നാല് പി.ഡി.പി.എ. അംഗങ്ങൾ ദാവൂദ് ഖാന്റെ സർക്കാരിൽ അംഗങ്ങളായി. കൂടാതെ നിരവധി പി.ഡി.പി.എ. അംഗങ്ങൾ, പ്രത്യേകിച്ച് പാർചം വിഭാഗക്കാർ ദാവൂദിന്റെ സർക്കാരിലും സൈന്യത്തിലും ഉന്നതസ്ഥാനങ്ങളിൽ ഇടം പിടിച്ചു.[4]

ദാവൂദിനെതിരെ ഒറ്റക്കെട്ടായി

[തിരുത്തുക]

ദാവൂദ് ഖാന്റെ ഭരണത്തിന്റെ ആദ്യകാലങ്ങളിൽ അദ്ദേഹം കമ്യൂണിസ്റ്റുകളുടെ പക്ഷം പിടിക്കുകയും ഇസ്ലാമികവാദികളെ ശത്രുക്കളായിക്കരുതി അവരെ അടിച്ചമർത്തുകയും ചെയ്തു. എന്നാൽ ഇസ്ലാമികവാദികളുടെ ഭീഷണി ഏതാണ്ട് അവസാനിച്ചതോടെ ദാവൂദ് ഖാൻ കമ്മ്യൂണിസ്റ്റുകൾക്കെതിരെ തിരിയാൻ തുടങ്ങി. 1977-ൽ ദാവൂദ് ഖാൻ പ്രഖ്യാപിച്ച ഭരണഘടനയുടെ നിർമ്മാണപ്രക്രിയയിൽ പി.ഡി.പി.എ.ക്ക് ഒരു പ്രാധിനിത്യവും നൽകിയില്ല എന്നു മാത്രമല്ല ഭരണഘടനയുടെ പ്രഖ്യാപനത്തിനായി വിളിച്ചു കൂട്ടിയ ലോയ ജിർഗയിൽ പങ്കെടുക്കുന്നതിനു പോലും പി.ഡി.പി.എ. അംഗങ്ങളെ വിലക്കി. ദാവൂദിന്റെ ഈ കമ്മ്യൂണിസ്റ്റ് വിരുദ്ധ നടപടി മൂലം സോവിയറ്റ് യൂനിയൻ ദാവൂദിനെതിരെ തിരിഞ്ഞു. അങ്ങനെ, പി.ഡി.പി.എ.യുടെ രണ്ട് വിഭാഗങ്ങൾ തമ്മിൽ സഹകരിച്ച് പ്രവർത്തിക്കാൻ സോവിയറ്റ് യൂനിയൻ സമ്മർദ്ദം ചെലുത്തി. ഇതിന്റെ ഫലമായി 1977 ജൂലൈ മാസത്തിൽ ഇരുവിഭാഗങ്ങളും കൈകോർത്തു.[4] ഇതിനിടയിൽ ഹഫീസുള്ള അമീൻ, മിർ മുഹമ്മദ് അക്ബർ ഖൈബർ തുടങ്ങിയ നേതാക്കൾ സൈനികർക്കിടയിൽ പ്രവർത്തിക്കുകയും നിരവധി സൈനികോദ്യോഗസ്ഥരെ പി.ഡി.പി.എ. അനുകൂലികളാക്കുകയും ചെയ്തു.

സോർ വിപ്ലവം - അധികാരത്തിലേക്ക്

[തിരുത്തുക]
കാബൂളിലെ പ്രസിഡണ്ടിന്റെ കൊട്ടാരം - സോർ വിപ്ലവത്തിനടുത്ത ദിവസം (1978 ഏപ്രിൽ 28)

1978 ഏപ്രിൽ 17-ന് പാർചം നേതാവായ മിർ അക്ബർ ഖൈബർ കൊല്ലപ്പെട്ടു. കൊലയാളി, പ്രസിഡണ്ട് ദാവൂദ് ഖാന്റെ അനുയായികളാണോ അതോ ഖൈബറിന്റെ മാർക്സിസ്റ്റ് എതിരാളികാളാണോ എന്നോ, കൊലചെയ്യപ്പെട്ട സാഹചര്യം തുടങ്ങിയവ ശരിയായി വിലയിരുത്തപ്പെട്ടിട്ടില്ല. എന്നിരുന്നാലും ഈ കൊലപാതകം ദാവൂദ് ഖാൻ നടപ്പിലാക്കിയതാണെന്ന് പി.ഡി.പി.എ. ആരോപിച്ചു.

ഖൈബറിന്റെ ശവസംസ്കാരച്ചടങ്ങ്, ദാവൂദിനെതിരെയുള്ള ഒരു വൻപ്രതിഷേധജാഥയായി പരിണമിച്ചു. അതേ സമയം, ദാവൂദ് തന്റെ എതിരാളികളെയെല്ലാം തടവിലാക്കാൻ ഉത്തരവിട്ടു. എന്നാൽ ഇതിൽ നിന്നും രക്ഷപ്പെട്ട പി.ഡി.പി.എ. നേതാവ്, നൂർ മുഹമ്മദ് താരക്കി, ഒരു സൈനിക അട്ടിമറിക്ക് ആഹ്വാനം ചെയ്തു. അങ്ങനെ ഏപ്രിൽ 27-ന് സൈനികകലാപം പൊട്ടിപ്പുറപ്പെട്ടു. ഈ കലാപത്തിൽ ദാവൂദ് ഖാനും അദ്ദേഹത്തിന്റെ കുടുംബത്തിലെ നിരവധി അംഗങ്ങളും മരണമടഞ്ഞു.

ജനറൽ അബ്ദുൾ ഖാദിർ, മുഹമ്മദ് അസ്ലം വതഞ്ജാർ[ക] എന്നീ സൈനികോദ്യോഗസ്ഥരായിരുന്നു ഈ അട്ടിമറിക്ക് നേതൃത്വം നൽകിയത്. ഇവരുടെ നേതൃത്വത്തിലുള്ള ഒരു വിപ്ലവസമിതി രൂപീകരിച്ചു. തുടർന്ന് ഈ സമിതി 1978 ഏപ്രിൽ 30-ന് അധികാരക്കൈമാറ്റം നടത്തി. എല്ലാ അധികാരങ്ങളും നൂർ മുഹമ്മദ് താരക്കിക്ക് നൽകി, അദ്ദേഹത്തെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താന്റെ പ്രസിഡണ്ടും പ്രധാനമന്ത്രിയുമായി ചുമതലപ്പെടുത്തി. പാർചം വിഭാഗത്തിലെ ബാബ്രക് കാർമാലിനേയും ഖൽഖ് വിഭാഗത്തിലെ ഹഫീസുള്ള അമീനേയും ഉപപ്രധാനമന്ത്രിമാരാക്കി.

ഖൽഖികളുടെ ഭരണം

[തിരുത്തുക]

നൂർ മുഹമ്മദ് താരക്കിയുടെ കമ്മ്യൂണിസ്റ്റ് സർക്കാർ നിരവധി സാമൂഹ്യ പരിഷ്കാരങ്ങൾ നടപ്പാക്കി. ഈ നടപടികൾ എല്ലാവരും സ്വാഗതം ചെയ്തില്ല. മാത്രമല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള വടംവലിയും പ്രശ്നങ്ങളെ സങ്കീർണമാക്കി. താരതമ്യേന മിതവാദികളൂം കൂടുതൽ വിദ്യാസമ്പന്നരുമായ പാർചം വിഭാഗക്കാർ കാലക്രമേണ സർക്കാരിൽ നിന്നും ഒഴിവാക്കപ്പെടുകയും തടവിലാകുകയും ചെയ്തു. 1978 ജൂലൈ 5-ന് ബാബ്രക് കാർമാലിനെ ചെക്കൊസ്ലാവാക്യയിലെ സ്ഥാനപതിയാക്കി പറഞ്ഞയച്ചു. ഇതിനിടെ ഇസ്ലാമികവാദികളും സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. വിമതവിഭാഗങ്ങൾ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങൾ തങ്ങളുടെ അധീനതയിലാക്കാനും തുടങ്ങി.

രാജ്യത്തെ വഷളാകുന്ന ക്രമസമാധാനനില മൂലം താരക്കി, പ്രധാനമന്ത്രിപദവി കൈയൊഴിയുകയും 1979 മാർച്ച് 27-ന് ഹഫീസുള്ള അമീൻ പ്രധാനമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തു. തുടർന്നുള്ള കാലയളവിൽ, അമീൻ, തന്റെ അധികാരം വ്യാപിപ്പിച്ചുകൊണ്ടിരുന്നു. 1979 സെപ്റ്റംബർ 16-ന് ഹഫീസുള്ള അമീൻ പ്രസിഡണ്ടായും സ്ഥാനമേറ്റു. അധികാരമേറ്റെടുത്തതിനു ഹഫീസുള്ള അമീൻ, ഇസ്ലാമികവാദികളുമായി അനുരഞ്ജനശ്രമം നടത്തി. മാത്രമല്ല ഭരണമേറ്റ് അധിക നാളുകൾക്കു മുൻപേ, ഹഫീസുള്ള അമീൻ, സോവിയറ്റ് യൂനിയനുമായുള്ള ബന്ധം കുറക്കാനും അമേരിക്കയുമായി കൂടുതൽ ബന്ധം പുലർത്താനും ആരംഭിച്ചു.

ഇതോടെ അഫ്ഗാനിസ്താന്റെ നിയന്ത്രണം പ്രാധാന്യമുള്ളതാണെന്ന് കരുതിയ സോവിയറ്റ് യൂനിയൻ, 1979 ഡിസംബറിൽ അഫ്ഗാനിസ്താനിൽ സൈനികാധിനിവേശം നടത്തുകയും പ്രധാനകേന്ദ്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. ഡിസംബർ 27-ന് കാബൂളിലെ സൈനികകേന്ദ്രങ്ങളെയെല്ലാം നിയന്ത്രണത്തിലാക്കിയ സോവിയറ്റ് സേന, ഹഫീസുള്ള അമീനെ കൊലപ്പെടുത്തി.[5]

പാർചാമികളുടെ ഭരണം

[തിരുത്തുക]

ഹഫീസുള്ള അമീനു ശേഷം പി.ഡി.പി.എയുടെ പാർചം വിഭാഗത്തിന്റെ നേതാവായ ബാബ്രക് കാർമാൽ, സോവിയറ്റ് പിന്തുണയോടെ, രാജ്യത്തിന്റെ പ്രസിഡണ്ട്, പ്രധാനമന്ത്രി സ്ഥാനങ്ങൾ ഏറ്റെടുത്തു. പി.ഡി.പി.എയിൽ ഐക്യം നിലനിർത്തണമെന്ന സോവിയറ്റ് യൂണിയന്റെ താല്പര്യപ്രകാരം ആദ്യമൊക്കെ സർക്കാരിൽ ഖൽഖ് വിഭാഗക്കാഉടെ പ്രാധിനിത്യവുമുണ്ടായിരുന്നു. 1980 മദ്ധ്യത്തോടെ, ഹഫീസുള്ള അമീന്റെ നിരവധി കൂട്ടാളികളെ വധശിക്ഷക്ക് വിധേയരാക്കിയതൊടെ ഖൽഖ് വിഭാഗത്തിന്റെ സ്വാധീനം നാമമാത്രമായി.

ബാബ്രാക് കാർമാലിന്റെ കാലത്തും, ഇസ്ലാമികവാദികളോട് നിരവധി അനുരഞ്ജനശ്രമങ്ങൾ നടത്തി. എങ്കിലും ഇവയൊന്നും ഫലം കണ്ടില്ല. 1980-കളുടെ തുടക്കം മുതൽക്കേ, അഫ്ഗാൻ സർക്കാരിന്റേയും സോവിയറ്റ് യൂനിയന്റേയും സൈന്യത്തിനെതിരെ ഇസ്ലാമികകക്ഷികൾ സായുധപോരാട്ടം ശക്തമായി. പാകിസ്താനിലെ പെഷവാർ, ക്വെത്ത എന്നിവിടങ്ങളിലും ഇറാനിലും കേന്ദ്രീകരിച്ചിരുന്ന ഇസ്ലാമികപ്രതിരോധകക്ഷികൾക്ക് അമേരിക്കയും അറബ് രാജ്യങ്ങളും സാമ്പത്തികസായുധസഹായങ്ങൾ നൽകുകയും ചെയ്തു.

മുഹാഹിദീനുകളെ അനുനയിപ്പിക്കുന്നതിന് 1986-ൽ ബാബ്രാക് കാർമാൽ പി.ഡി.പി.എ.യുടെ നേതൃസ്ഥാനത്തുനിന്നും പ്രസിഡണ്ട് പദവിയിൽ നിന്നും ഒഴിയുകയും മുഹമ്മദ് നജീബുള്ള ഈ സ്ഥാനങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. 1987-ൽ ഏകപക്ഷീയമായ വെടിനിർത്തലും, ഇസ്ലാമിനെ രാജ്യത്തിന്റെ ഔദ്യോഗികമതമാക്കുകയും ചെയ്ത് നജീബുള്ള തന്റെ അനുരഞ്ജനശ്രമങ്ങൾ കൂടുതൽ ശക്തമാക്കിയെങ്കിലും മുജാഹിദീനുകൾ യുദ്ധം തുടർന്നുകൊണ്ടേയിരുന്നു. 1988-ൽ അഫ്ഗാനിസ്താനിൽ പൊതുതിരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു. എന്നാൽ തിരഞ്ഞെടുപ്പിൽ പി.ഡി.പി.എ.ക്ക് പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടു. അങ്ങനെ ഒരു പി.ഡീ.പി.എ. അംഗമല്ലാതിരുന്ന മുഹമ്മദ് ഹസൻ ഷാർഖിനെ പുതിയ പ്രധാനമന്ത്രിയായി നിയമിക്കുകയും ചെയ്തു.[5]

പി.ഡി.പി.എ.യുടെ അവസാനം

[തിരുത്തുക]

അന്താരാഷ്ട്രസമ്മർദ്ധഫലമായി 1989 ഫെബ്രുവരിയോടെ സോവിയറ്റ് സേന പൂർണ്ണമായും അഫ്ഗാനിസ്താനിൽ നിന്നും പിന്മാറി. സോവിയറ്റ് സേനയുടെ പിന്മാറ്റത്തോടെ, ഭരണകൂടത്തിന്റെ എല്ലാ മാർക്സിസ്റ്റ് ചിഹ്നങ്ങളും ഒഴിവാക്കിയും വിഭജിച്ച് ഭരിക്കുക എന്ന തന്ത്രമുപയോഗിച്ചും നിലനിൽപ്പിനായുള്ള ശ്രമങ്ങൾ നജീബുള്ള തുടർന്നു.

1989 മാർച്ചിൽ മുജാഹിദീനുകളുടെ ജലാലാബാദ് ആക്രമണം തകർത്ത് മുഹമ്മദ് നജീബുള്ള, രാജ്യത്തെ തന്റെ സ്ഥാനം ഭദ്രമാക്കാൻ ശ്രമിച്ചെങ്കിലും തുടർന്ന് നിരവധി പി.ഡീ.പി.എ. പ്രവർത്തകർ പ്രതിരോധകക്ഷികളുടെ പാളയത്തിലേക്ക് കൂറുമാറിയത് പി.ഡി.പി.എ.യെ ക്ഷീണിപ്പിച്ചു. 1986 മുതൽ സൈന്യത്തലവനും, 1988-90 കാലത്ത് പ്രതിരോധമന്ത്രിയുമായിരുന്ന ഷാനവാസ് തനായ് എന്ന ഖൽഖി പക്ഷക്കാരൻ ഇതിൽ പ്രമുഖനാണ്. ഇദ്ദേഹം 1990 മാർച്ചിൽ ഇദ്ദേഹം, പ്രതിരോധകക്ഷി നേതാക്കളിൽ പ്രമുഖനായ ഗുൾബുദ്ദീൻ ഹെക്മത്യാറിനോടൊപ്പം ചേർന്ന് വിഫലമായ ഒരു അട്ടിമറിക്ക് ശ്രമിക്കുകയും ചെയ്തു. ഇതിനു പിന്നാലെ നിരവധി ഖൽഖികളൂം പാർചാമികളും വിമതപക്ഷത്തേക്ക് നീങ്ങി.

ഈ സമയത്തും സോവിയറ്റ് ആയുധങ്ങളുടേയും പണത്തിന്റേയും പിൻബലത്തൊടെ നജീബുള്ള അധികാരത്തിൽ പിടിച്ചുതൂങ്ങി. 1990 ജൂണിൽ, പി.ഡി.പി.എ.യുടെ പേര്, ഹോം‌ലാൻഡ് പാർട്ടി (ഹിസ്ബ്-ഇ വതൻ) എന്നാക്കി മാറ്റുകയും പാർട്ടിയുടെ എല്ലാ മാർക്സിസ്റ്റ് ആശയങ്ങളും ഉപേക്ഷിക്കുകയും ചെയ്തു.[6]

കുറിപ്പുകൾ

[തിരുത്തുക]
  • ക. ^ ഇരുവരും മുൻപ്, പ്രസിഡണ്ട് മുഹമ്മദ് ദാവൂദ് ഖാന്റെ വിശ്വസ്തരും മുൻപ് സഹീർ ഷാ രാജാവിനെ പുറത്താക്കുന്നതിന് ദാവൂദ് ഖാനോടൊപ്പം പ്രവർത്തിച്ചവരുമായിരുന്നു.

അവലംബം

[തിരുത്തുക]
  1. Willem Vogelsang. The Afghans. Google Books. Retrieved 2009-03-22. {{cite book}}: Italic or bold markup not allowed in: |publisher= (help)
  2. 2.0 2.1 Anthony Arnold. Afghanistan's two-party communism. Google Books. Retrieved 2009-03-22. {{cite book}}: Italic or bold markup not allowed in: |publisher= (help)
  3. "Internal Refugees: Flight to the Cities". Library of Congress Country Studies. Retrieved 2009-03-20. {{cite web}}: Italic or bold markup not allowed in: |publisher= (help)
  4. 4.0 4.1 4.2 4.3 4.4 4.5 Vogelsang, Willem (2002). "18-Changing Afghanistan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 296–302. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  5. 5.0 5.1 Vogelsang, Willem (2002). "19-The Years of Communism". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 303–304. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  6. Vogelsang, Willem (2002). "20 - After the soviets". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 321–323. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)