Jump to content

നൂർ മുഹമ്മദ് താരക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നൂർ മുഹമ്മദ് താരക്കി
نور محمد ترکۍ

അഫ്ഗാനിസ്താന്റെ മൂന്നാമത്തെ പ്രസിഡണ്ട്
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താന്റെ ആദ്യത്തെ പ്രസിഡണ്ട്.
പദവിയിൽ
1978 ഏപ്രിൽ 30 – 1979 സെപ്റ്റംബർ 16
പ്രധാനമന്ത്രി സ്വയം, ഹഫീസുള്ള അമീൻ
മുൻഗാമി അബ്ദുൾ ഖാദിർ ദഗർവാൾ
പിൻഗാമി ഹഫീസുള്ള അമീൻ

അഫ്ഗാനിസ്തന്റെ 12-ആമത് പ്രധാനമന്ത്രി
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താന്റെ ആദ്യത്തെ പ്രധാനമന്ത്രി.
പദവിയിൽ
1978 ഏപ്രിൽ 30 – 1979 മാർച്ച് 27
മുൻഗാമി മുഹമ്മദ് മൂസ ഷാഫിഖ്
പിൻഗാമി ഹഫീസുള്ള അമീൻ

ജനനം (1917-07-15)15 ജൂലൈ 1917[1]
ഗസ്നി, അഫ്ഗാനിസ്താൻ
മരണം 9 ഒക്ടോബർ 1979(1979-10-09) (പ്രായം 62)
കാബൂൾ, അഫ്ഗാനിസ്താൻ
രാഷ്ട്രീയകക്ഷി പി.ഡി.പി.എ. (ഖൽഖ് വിഭാഗം)

അഫ്ഗാനിസ്താന്റെ മൂന്നാമത്തെ പ്രസിഡണ്ടാണ്‌ നൂർ മുഹമ്മദ് താരക്കി (പഷ്തു: نور محمد ترکۍ) (ജീവിതകാലം:1917 ജൂലൈ 15 - 1979 ഒക്ടോബർ 9). അഫ്ഗാനിസ്താനിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്ന പി.ഡി.പി.എ.യുടെ സ്ഥാപകനേതാവും, പാർട്ടിയുടെ ആദ്യ ജനറൽ സെക്രട്ടറിയുമായിരുന്നു ഇദ്ദേഹം. പൊതുവേ തീവ്രനിലപാടുകൾ സ്വീകരിച്ചിരുന്ന താരക്കി, പി.ഡി.പി.എയുടെ ഖൽഖ് വിഭാഗത്തിന്റെ നേതാവായിരുന്നു.

1978-ലെ സോർ സൈനികവിപ്ലവത്തിലൂടെ, പ്രസിഡണ്ട് മുഹമ്മദ് ദാവൂദ് ഖാനെ അട്ടിമറിച്ചാണ്, താരക്കി, പ്രസിഡണ്ട്, പ്രധാനമന്ത്രി എന്നീ പദവികൾ ഏറ്റെടുത്ത്, രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭരണത്തിന് തുടക്കം കുറിക്കുന്നത്. വിദ്യാഭ്യാസം, ഭൂപരിഷ്കരണം, സ്ത്രീപുരുഷസമത്വം, വിവാഹബന്ധങ്ങൾ തുടങ്ങിയ സാമൂഹികമേഖലകളിൽ വിപ്ലവകരമായ പരിഷ്കരണനടപടികൾ താരക്കിയുടെ ഭരണകാലത്ത് നടപ്പിലാക്കി. സോവിയറ്റ് യൂനിയനുമായി ഒരു സൗഹൃദക്കരാർ ഒപ്പിട്ടതും താരക്കിയുടെ കാലത്താണ്.

എന്നാൽ താരക്കിയുടെ പരിഷ്കരണനടപടികൾക്ക് പഷ്തൂൺ-ഇതര വിഭാഗങ്ങളുടേയും, അടിസ്ഥാന ഇസ്ലാമികവാദികളുടേയും വൻ എതിർപ്പ് നേരിട്ടു. ഇതിനു പുറമേ സ്വന്തം കക്ഷിയിലെ പാർചം വിഭാഗത്തിന്റേയും എതിർപ്പുകൾ താരക്കിക്ക് നേരിടേണ്ടി വന്നു. ഇതുമൂലം താരക്കിക്ക്, ആദ്യം 1979 മാർച്ചിൽ തന്റെ പ്രധാനമന്ത്രി സ്ഥാനവും, പിന്നീട് 1979 സെപ്റ്റംബറിൽ പ്രസിഡണ്ട് സ്ഥാനവും ഹഫീസുള്ള അമീന് കൈമാറേണ്ടിവന്നു. 1979 ഒക്ടോബറിൽ നൂർ മുഹമ്മദ് താരക്കി ദുരൂഹമായി മരണമടയുകയായിരുന്നു.

ആദ്യകാലം

[തിരുത്തുക]

ഒരു ഘൽജി പഷ്തൂൺ നേതാവായിരുന്ന നൂർ മുഹമ്മദ് താരക്കി 1917-ൽ ഗസ്നി പ്രവിശ്യയിലെ താരക്കി വംശത്തിലെ ഒരു നാടോടികുടുംബത്തിലാണ് ജനിച്ചതെന്ന് കരുതുന്നു. യു.എസ്. ഇൻഫർമേഷൻ സർവീസിൽ ഒരു പരിഭാഷകനായി ജോലി ചെയ്തിരുന്ന ഇദ്ദേഹം, 1963-ൽ ഈ ജോലി ഉപേക്ഷിച്ച് സ്വതന്ത്ര എഴുത്തുകാരനായി.[2]

പി.ഡി.പി.എ. പ്രവർത്തനം

[തിരുത്തുക]

1965-ൽ പി.ഡി.പി.എയുടെ രൂപീകരണത്തിന് മുൻ‌കൈയെടുത്ത താരക്കി, പാർട്ടിയുടെ ആദ്യത്തെ ജനറൽ സെക്രട്ടറിയായി. 1966 ഏപ്രിലിൽ ഖൽഖ് എന്ന പത്രം പ്രസിദ്ധീകരിച്ചു. ഈ പത്രം ആറാഴ്ചക്കകം നിരോധിക്കപ്പെട്ടു. ഈ പത്രത്തിന്റെ പേരാണ്, പാർട്ടി പിളർപ്പിനു ശേഷം സ്വന്തം വിഭാഗത്തിന് നൽകിയത്. 1966-ലെ പിളർപ്പിനു ശേഷം താരക്കി, ഖൽഖ് വിഭാഗത്തിന്റെ സമുന്നതനേതാവായി.[2]

പ്രസിഡണ്ട് പദവിയിലേക്ക്

[തിരുത്തുക]
കാബൂൾ - സോർ വിപ്ലവത്തിന്റെ പിറ്റേ ദിവസം

1978 ഏപ്രിൽ 17-ന്, പി.ഡി.പി.എയിലെ പാർചം വിഭാഗം പ്രവർത്തകനായ മിർ അക്ബർ ഖൈബറിന്റെ കൊലപാതകത്തെത്തുടർന്ന്, പ്രസിഡണ്ട് ദാവൂദ് ഖാനെതിരെ കമ്യൂണിസ്റ്റുകളുടെ വൻ പ്രക്ഷോഭങ്ങൾ ഉയർന്നു. ഇതോടെ കമ്മ്യൂണിസ്റ്റുകളെയെല്ലാം തടവിലാക്കാൻ പ്രസിഡണ്ട് ഉത്തരവിട്ടു.

എന്നാൽ ദാവൂദിന്റെ പിടിയിലാകാതെ രക്ഷപ്പെട്ട നൂർ മുഹമ്മദ് താരക്കി, പ്രസിഡണ്ടിനെതിരെ ഒരു സൈനികവിപ്ലവത്തിന് ആഹ്വാനം ചെയ്തു. നേരത്തേ തന്നെ ഹഫീസുള്ള അമീൻ പോലുള്ള നേതാക്കളുടെ പ്രവർത്തനഫലമായി കമ്മ്യൂണീസ്റ്റുകൾക്ക് സൈനികർക്കിടയിൽ കാര്യമായ സ്വാധീനമുണ്ടായിരുന്നു. അങ്ങനെ 1978 ഏപ്രിൽ 27-ന് സോർ വിപ്ലവം എന്നറിയപ്പെടുന്ന സൈനികകലാപം നടന്നു. ഈ കലാപത്തിൽ പ്രസിഡണ്ട് ദാവൂദ് ഖാനും അദ്ദേഹത്തിന്റെ കുടുംബത്തിലെ നിരവധി അംഗങ്ങളും മരണമടഞ്ഞു.

ജനറൽ അബ്ദുൾ ഖാദിർ, മുഹമ്മദ് അസ്ലം വതഞ്ജാർ[ക] എന്നീ സൈനികോദ്യോഗസ്ഥരായിരുന്നു ഈ അട്ടിമറിക്ക് നേതൃത്വം നൽകിയത്. ഇവരുടെ നേതൃത്വത്തിലുള്ള ഒരു വിപ്ലവസമിതി രൂപീകരിച്ചു. തുടർന്ന് ഈ സമിതി 1978 ഏപ്രിൽ 30-ന് നൂർ മുഹമ്മദ് താരക്കിയെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താന്റെ പ്രസിഡണ്ടും പ്രധാനമന്ത്രിയുമായി ചുമതലപ്പെടുത്തി. പാർചം വിഭാഗത്തിലെ ബാബ്രക് കാർമാലിനേയും ഖൽഖ് വിഭാഗത്തിലെ ഹഫീസുള്ള അമീനേയും ഉപപ്രധാനമന്ത്രിമാരാക്കി.[3]

പരിഷ്കാരങ്ങൾ

[തിരുത്തുക]

പഴയ രാജകുടുംബത്തിലെ എല്ലാ അംഗങ്ങളുടേയും അഫ്ഗാൻ പൗരത്വം റദ്ദാക്കുക എന്നതായിരുന്നു താരക്കിയുടെ ഭരണത്തിലെ ആദ്യനടപടികലൊന്ന്. തദ്ദേശവംശീയരുടേയും വിവിധ വിഭാഗക്കാരുടേയും മാതൃഭാഷയിലുള്ള സാഹിത്യത്തിനും വിദ്യാഭ്യാസാത്തിനും ഈ കാലയളവിൽ പ്രോത്സാഹനം നൽകി. 1978 മേയിൽ നിരക്ഷരക്കെതിരെയുള്ള ജിഹാദ് എന്ന ആശയം പ്രഖാപിച്ചു. ഈ വർഷം ജൂലൈയിൽ പ്രഖ്യാപിച്ച മറ്റൊരു ഉത്തരവിലൂടെ 1973-നു മുൻപുള്ള കടങ്ങളെല്ലാം എഴുതിത്തള്ളുകയും ശേഷമുള്ളവക്ക് ഇളവ് പ്രഖ്യാപിക്കുകയും ചെയ്തു.

താരക്കിയുടെ കാലത്ത് പുറത്തിറക്കിയ പതാക

വിവാഹത്തേയും കുടുംബത്തേയും സംബന്ധിച്ചുള്ളതായിരുന്നു മറ്റൊരു ഉത്തരവ്. ഇതനുസരിച്ച് സ്ത്രീകൾക്കും പുരുഷന്മാരുക്കും തുല്യാവകാശം നൽകുകയും സ്ത്രീധനം പുരുഷധനം എന്നിവ ചടങ്ങിന് മാത്രമുള്ള ഒരു ചെറിയ തുകയായി നിജപ്പെടുത്തുകയും ചെയ്തു. നിർബന്ധിതവിവാഹം നിരോധിക്കുകയും പുരുഷന്മാർക്കും സ്ത്രീകൾക്കും വിവാഹത്തിനുള്ള കുറഞ്ഞ പ്രായം യഥാക്രമം 18-ഉം 16-ഉം ആയി നിജപ്പെടുത്തി. 1978 നവംബറിൽ പുറത്തിറക്കിയ ഒരു ഉത്തരവിൽ ഭൂമിയുടെ ഉടമസ്ഥാവകാശത്തിന് പരമാവധി പരിധി നിശ്ചയിക്കപ്പെട്ടു.

1978 ഒക്ടോബർ 19-ന് രാജ്യത്തിന്റെ കറുപ്പും ചുവപ്പും പച്ചയുമടങ്ങിയ പരമ്പരാഗതപതാക മാറ്റി, പകരം ചുവന്ന പതാക പുറത്തിറക്കി.[3]

എതിർപ്പുകൾ

[തിരുത്തുക]

കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ പരിഷ്കരണനടപടികൾ എല്ലാവരും സ്വാഗതം ചെയ്തില്ല. പി.ഡി.പി.എയുടെ നേതൃസ്ഥാനത്തുള്ളത് എല്ലാവരും പഷ്തൂണുകളാണെന്നുള്ളതും പഷ്തു, രാജ്യത്തെ പ്രധാനഭാഷയായി മാറുന്നതും രാജ്യത്തെ പഷ്തൂൺ-ഇതരവിഭാഗങ്ങളിൽ അസഹിഷ്ണുത വളർത്തി.

കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള വടംവലിയും പ്രശ്നങ്ങളെ സങ്കീർണമാക്കി. താരതമ്യേന മിതവാദികളൂം കൂടുതൽ വിദ്യാസമ്പന്നരുമായ പാർചം വിഭാഗക്കാർ കാലക്രമേണ സർക്കാരിൽ നിന്നും ഒഴിവാക്കപ്പെട്ടു. പാർചം വിഭാഗത്തിലെ പ്രമുഖരെ മറ്റു രാജ്യങ്ങളിലെ നയതന്ത്രചുമതലകളേൽപ്പിച്ചുകൊണ്ടാണ് താരക്കി, തന്റെ പാർചം വിരുദ്ധപരിപാടികൾ നടപ്പാക്കിയത്. 1978 ജൂലൈ 5-ന് ബാബ്രക് കാർമാലിനെ ചെക്കൊസ്ലാവാക്യയിലെ സ്ഥാനപതിയാക്കി പറഞ്ഞയച്ചു. ഓഗസ്റ്റ് 17-ന്, താരക്കി, പ്രതിരോധവകുപ്പിന്റെ ചുമതലകൂടി ഏറ്റെടുത്തു. തൊട്ടടുത്ത ദിവസം തന്നെ, തനിക്കെതിരെ അട്ടിമറിക്ക് ശ്രമിച്ചുവെന്നാരൊപിച്ച്, നേരത്തെ പ്രതിരോധമന്ത്രിയായിരുന്ന പാർചം നേതാവായ അബ്ദുൾ ഖാദിറിനെ തടവിലാക്കി.[ഖ] ഒരഴ്ചക്കകം, ഹസാര നേതാവായിരുന്ന സുൽത്താൻ അലി കെഷ്ത്മന്ദ്[ഗ] അടക്കം സർക്കാരിൽ പ്രധാനസ്ഥാനങ്ങൾ വഹിച്ചിരുന്ന മറ്റു പാർചം വിഭാഗം നേതാക്കളേയും തടവിലാക്കി.[3]

സോവിയറ്റ് സൗഹൃദക്കരാർ

[തിരുത്തുക]

ഭരണകൂടത്തിനകത്തും പുറത്തും നിന്ന് എതിർപ്പുകൾ ശക്തമാകുന്നതിനിടയിൽ 1978 ഡിസംബർ 5-ന് സോവിയറ്റ് യൂനിയനുമായി 20 വർഷത്തെ ഒരു സൗഹൃദസഹകരണക്കരാറിൽ അഫ്ഗാനിസ്താൻ ഏർപ്പെട്ടു. രാജ്യത്തിന്റെ ഭാവിയെ നിർണായകമായി സ്വാധീനിച്ച ഒരു കരാറായിരുന്നു ഇത്. കരാറിന്റെ നാലാമത്തെ അനുച്ഛേദമനുസരിച്ച്, ഇരുകക്ഷികൾക്കും സുരക്ഷയുടേയും സ്വാതന്ത്ര്യത്തിന്റേയും അതിർത്തിയുടേയും കാര്യത്തിൽ പരസ്പരം സഹകരിച്ചു പ്രവർത്തിക്കുന്നതിനും ഇടപെടുന്നതിനും വ്യവസ്ഥ ചെയ്തു.[3] ഈ കരാറിന്റെ ബലത്തിലാണ്‌ പിൽക്കാലത്ത് സോവിയറ്റ് യൂനിയൻ അഫ്ഗാനിസ്താനിൽ സൈനികവിന്യാസം നടത്തിയത്.

പ്രതിഷേധനടപടികൾ

[തിരുത്തുക]

പ്രധാനമായും സർക്കാരിനെതിരെയുള്ള പ്രതിഷേധം, കാബൂളിലെ ശോർബസാറിലെ ഹസ്രത്തിന്റെ മുജദ്ദിദി കുടുംബത്തിന്റെ നേതൃത്വത്തിലായിരുന്നു. 1979 ജനുവരിയിൽ ഹസ്രത്തിനേയും അദ്ദേഹത്തിന്റെ കുടുംബത്തിലെ ഏതാണ്ടെല്ലാ പുരുഷന്മാരേയും തടവിലാക്കി. 80-ഓളം വരുന്ന ഇവരെ തുടർന്ന് രഹസ്യമായി കൊലപ്പെടുത്തി.

ഇക്കാലത്തുതന്നെ സർക്കാരിന്റെ എതിർകക്ഷികൾ വിവിധ പ്രദേശങ്ങൾ തങ്ങളുടെ അധീനതയിലാക്കാൻ തുടങ്ങിയിരുന്നു. നൂറിസ്താൻ ഫ്രണ്ട്, നൂറിസ്താന്റെ ഏതാണ്ടെല്ലാ മേഖലയും അധീനതയിലാക്കിയപ്പോൾ, ഹസാരകളുടെ സം‌യുക്തസംഘടനയായ റെവല്യൂഷണറീ കൗൺസിൽ ഓഫ് ദ് ഇസ്ലാമിക് യൂനിയൻ ഓഫ് അഫ്ഗാനിസ്താൻ (ശവ്ര എന്ന് ഇവർ പൊതുവേ അറിയപ്പെടുന്നു) എന്ന സംഘടന, ഹസാരാജാത് പ്രദേശവും കൈയടക്കി.

1979 ഫെബ്രുവരിയിൽ, സർക്കാർ വിരുദ്ധർ, കാബൂളിലെ യു.എസ്. സ്ഥാനപതിയായിരുന്ന അഡോൾഫ് ഡബ്സ്-നെ ബന്ധിയാക്കുകയും രക്ഷപെടുത്താനുള്ള ശ്രമത്തിനിടയിൽ കാബൂൾ ഹോട്ടലിൽ വച്ച് ഇദ്ദേഹം കൊല്ലപെടുകയും ചെയ്തു. ഇതോടെ അമേരിക്കയുമായുള്ള രാജ്യത്തിന്റെ ബന്ധം വഷളാകുകയും അതുവരെ തുടർന്നിരുന്ന അമേരിക്കൻ സഹായങ്ങൾ നിർത്തലാക്കുകയും ചെയ്തു.

1979-ന്റെ തുടക്കത്തിലാണ്, ഇറാനിൽ ഇസ്ലാമികവിപ്ലവം നടക്കുകയും ഷായെ സ്ഥാനഭ്രഷ്ടനാക്കി ആയത്തുള്ള ഖുമൈനി അധികാരത്തിലെത്തുകയും ചെയ്തത്. ഇത് അഫ്ഗാനിസ്താനിലെ മാർക്സിസ്റ്റ് വിരുദ്ധർക്കും ശക്തിപകർന്നു. 1979 മാർച്ചിൽ ഹെറാത്തിൽ കാലാപങ്ങളുടെ ഒരു പരമ്പരതന്നെ അരങ്ങേറി. ഇറാനിലെ ഇസ്ലാമികവിപ്ലവത്തിൽ പങ്കെടുത്ത മടങ്ങിയ ഇസ്ലാമികവാദിനേതാക്കളായിരുന്നു ഈ കലാപങ്ങൾക്കു പിന്നിൽ. ഹെറാത്തിലെ അഫ്ഗാൻ സൈന്യത്തെ തോൽപ്പിച്ച് കുറച്ചുനാളേക്ക് ഇവർ പട്ടണത്തിന്റെ നിയന്ത്രണം പിടിച്ചെടൂക്കുകയും ചെയ്തു. കന്ദഹാറിൽ നിന്നൂള്ള സൈന്യം വോമസേനയുടെ പിന്തുണയോടുകൂടിയാണ്, ഹെറാത്ത് പിന്നീട് നിയന്ത്രണത്തിലാക്കിയത്.[3]

ഹഫീസുള്ള അമീന്റെ ഉയർച്ച

[തിരുത്തുക]
പ്രധാന ലേഖനം: ഹഫീസുള്ള അമീൻ

രാജ്യത്തെ വഷളാകുന്ന ക്രമസമാധാനനില, താരക്കിയുടെ സ്ഥാനത്തേയും ചോദ്യം ചെയ്യാൻ തുടങ്ങി. ഇതിന്റെ ഫലമെന്നോണം, പ്രധാനമന്ത്രിപദവി കൈയൊഴിയാൻ നിർബന്ധിതനായി. 1979 മാർച്ച് 27-ന് ഹഫീസുള്ള അമീൻ പ്രധാനമന്ത്രിയായി അധികാരമേറ്റു. തുടർന്നുള്ള കാലയളവിൽ, അമീൻ, തന്റെ അധികാരം വ്യാപിപ്പിച്ചുകൊണ്ടിരുന്നു. ഹഫീസുള്ളയുടെ മകൻ പി.ഡി.പി.എയുടെ യുവജനവിഭാഗത്തിന്റെ തലവനാകുകയും, മരുമകൻ സെക്യൂരിറ്റി സെർവീസസിന്റെ മേധാവിയാകുകയും ചെയ്തു.[3]

സോവിയറ്റ് സ്വാധീനവും കലാപങ്ങളും

[തിരുത്തുക]

1979 മദ്ധ്യത്തോടെ കാബൂളിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ നില, വളരെ വഷളാകുകയും രാജ്യത്തെ സോവിയറ്റ് സ്വാധീനം വളരെ വർദ്ധിക്കുകയും ചെയ്തു. 1979 ജൂണിൽ കാബൂളിന് വടക്കുള്ള ബെഗ്രാമിലെ വ്യോമസേനാകേന്ദ്രത്തിന്റെ നിയന്ത്രണം സോവിയറ്റ് സേന ഏറ്റെടുത്തു. 1979 ഓഗസ്റ്റ് 3-ന് കാബൂളിലുണ്ടായ ഒരു കലാപം വൻ രക്തച്ചൊരിച്ചിലിലാണ് അവസാനിച്ചത്. ഇതേ മാസം തന്നെ ബാല ഹിസാറിലെ സൈനികത്താവളത്തിലെ കലാപം, വൻ ബോംബാക്രമണത്തിലൂടെയാണ് അടിച്ചമർത്താനായത്. അങ്ങനെ താരക്കിയുടെ സ്ഥാനം കൂടുതൽ ക്ഷീണിച്ചു.[3]

അന്ത്യം

[തിരുത്തുക]

1979 സെപ്റ്റംബർ 16-ന് താരക്കി, അസുഖം മൂലം പ്രസിഡണ്ട് സ്ഥാനത്തുനിന്ന് മാറുകയും പകരം ഹഫീസുള്ള അമീൻ തത്സ്ഥാനമേറ്റെടുത്തതായും പ്രഖ്യാപിക്കപ്പെട്ടു. ഒക്ടോബർ 9-ന് താരക്കി മരണമടഞ്ഞു. താരക്കിയുടേയും അമീന്റേയും പക്ഷക്കാർ തമ്മിൽ നടന്ന ഒരു പരസ്പരവെടിവെപ്പിലാണ് താരക്കിയുടെ മരണം സംഭവിച്ചതെന്ന് ആരോപണമുണ്ട്. അമീന്റെ പക്ഷക്കാർ തലേദിവസം രാത്രി, താരക്കിയെ ശ്വാസം മുട്ടിച്ച് കൊന്നതാണെന്നും പറയപ്പെടുന്നു.[3]

കുറിപ്പുകൾ

[തിരുത്തുക]
  • ക. ^ ഇരുവരും മുൻപ്, പ്രസിഡണ്ട് മുഹമ്മദ് ദാവൂദ് ഖാന്റെ വിശ്വസ്തരും, മുൻപ് സഹീർ ഷാ രാജാവിനെ പുറത്താക്കുന്നതിന് ദാവൂദ് ഖാനോടൊപ്പം പ്രവർത്തിച്ചവരുമായിരുന്നു.
  • ഖ. ^ 1980-ൽ ഇദ്ദേഹം മോചിപ്പിക്കപ്പെട്ടു. 1982-85 കാലത്ത് ഇദ്ദേഹം വീണ്ടും പ്രതിരോധമന്ത്രിയായിരുന്നു
  • ഗ. ^ അലി കെഷ്ത്മന്ദിനെ വധശിക്ഷക്ക് വിധിച്ചെങ്കിലും, ശിക്ഷ പിന്നീട് 15 വർഷത്തെ തടവാക്കി കുറച്ചു. 1980-ൽ ഇദ്ദേഹം മോചിതനായിരുന്നു. 1981-88 കാലത്ത് ഇദ്ദേഃഅം പ്രധാനമന്ത്രിയായിരുന്നു. ഇദ്ദേഃഅം ഇപ്പോൾ ഇംഗ്ലണ്ടിൽ ജീവിക്കുന്നു എന്ന് കരുതുന്നു.

അവലംബം

[തിരുത്തുക]
  1. "Nur Mohammad Taraki" (in ഇംഗ്ലീഷ്). എൻസൈക്ലോപീഡിയ ബ്രിട്ടാണിക്ക. Retrieved 2010 മേയ് 19. {{cite web}}: Check date values in: |accessdate= (help)
  2. 2.0 2.1 Vogelsang, Willem (2002). "18-Changing Afghanistan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 296–297. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. 3.0 3.1 3.2 3.3 3.4 3.5 3.6 3.7 Vogelsang, Willem (2002). "19-The Years of Communism". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 303–307. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=നൂർ_മുഹമ്മദ്_താരക്കി&oldid=3975899" എന്ന താളിൽനിന്ന് ശേഖരിച്ചത്