Jump to content

ബാബ്രക് കാർമാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാബ്രക് കാർമാൽ

അഫ്ഗാനിസ്താന്റെ അഞ്ചാമത്തെ പ്രസിഡണ്ട്
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താന്റെ മൂന്നാമത്തെ പ്രസിഡണ്ട്
പദവിയിൽ
1979 ഡിസംബർ 27 – 1986 നവംബർ 24
പ്രധാനമന്ത്രി സുൽത്താൻ അലി കേഷ്ത്മന്ദ്
മുൻഗാമി ഹഫീസുള്ള അമീൻ
പിൻഗാമി ഹാജി മുഹമ്മദ് ചംകാനി

അഫ്ഗാനിസ്താന്റെ പതിനാലാമത് പ്രധാനമന്ത്രി
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താന്റെ മൂന്നാമത്തെ പ്രധാനമന്ത്രി
പദവിയിൽ
1979 ഡിസംബർ 27 – 1981 ജൂൺ 11
മുൻഗാമി ഹഫീസുള്ള അമീൻ
പിൻഗാമി സുൽത്താൻ അലി കേഷ്ത്മന്ദ്

ജനനം (1929-01-06)6 ജനുവരി 1929
കമാരി, അഫ്ഗാനിസ്താൻ
മരണം 3 ഡിസംബർ 1996(1996-12-03) (പ്രായം 67)
മോസ്കോ, റഷ്യ
രാഷ്ട്രീയകക്ഷി പി.ഡി.പി.എ. (പാർചം വിഭാഗം)

അഫ്ഗാനിസ്താന്റെ അഞ്ചാമത്തെ പ്രസിഡണ്ടായിരുന്നു ബാബ്രക് കാർമാൽ (ജീവിതകാലം:1929 ജനുവരി 6 – 1996 ഡിസംബർ 1/3). അഫ്ഗാനിസ്താനിലെ മാർക്സിസ്റ്റ് നേതാക്കളിൽ ഏറെ അറിയപ്പെട്ടിരുന്ന ഇദ്ദേഹം അഫ്ഗാൻ മാർക്സിസ്റ്റ് പാർട്ടിയായിരുന്ന പി.ഡി.പി.എ.യുടെ പാർചം വിഭാഗത്തിന്റെ സമുന്നതനേതാവായിരുന്നു. 1979 മുതൽ 1986 വരെ ഇദ്ദേഹം രാജ്യത്തിന്റെ പ്രസിഡണ്ടായിരുന്ന ഇദ്ദേഹം അഫ്ഗാനിസ്താനിൽ ഏറ്റവുമധികകാലം ഭരണത്തിലിരുന്ന കമ്മ്യൂണിസ്റ്റ് പ്രസിഡണ്ടാണ്. പ്രസിഡണ്ട് സ്ഥാനത്തിനു പുറമേ അഫ്ഗാനിസ്താന്റെ പ്രധാനമന്ത്രി, ഉപപ്രധാനമന്ത്രി, ചെക്കോസ്ലൊവാക്യയിലെ അഫ്ഗാനിസ്താൻ സ്ഥാനപതി തുടങ്ങിയ പദവികളും ബാബ്രക് കാർമാൽ വഹിച്ചിട്ടുണ്ട്.

1979-ൽ അഫ്ഗാനിസ്താനിലെ സോവിയറ്റ് സൈനികാധിനിവേശത്തോടൊപ്പമാണ്, സോവിയറ്റ് യൂനിയന്റെ ശക്തമായ പിൻബലത്തിൽ ബാബ്രക് കാർമാൽ രാജ്യത്തിന്റെ പ്രസിഡണ്ടും പ്രധാനമന്ത്രിയുമാകുന്നത്. 1986-ൽ പ്രസിഡണ്ട് പദവി, മുഹമ്മദ് നജീബുള്ളക്ക് കൈമാറുകയും, അഫ്ഗാനിസ്താൻ വിട്ട് കാർമാൽ, മോസ്കോയിലേക്ക് കടക്കുകയും ചെയ്തു. 1996-ൽ മോസ്കോയിൽ വച്ചാണ് ഇദ്ദേഹം മരണമടഞ്ഞത്.

ആദ്യകാലം

[തിരുത്തുക]

1929-ൽ കാബൂളിൽ ജനിച്ച ബാബ്രക് കാർമാൽ, തലസ്ഥാനത്തെ താരതമ്യേന മെച്ചെപ്പെട്ട ധനസ്ഥിതിയുള്ള കുടുംബാംഗമായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് അഫ്ഗാൻ സൈന്യത്തിലെ ഒരു ജനറലും പാക്ത്യ പ്രവിശ്യയിൽ ഗവർണർ ആയി സേവനമനുഷ്ഠിച്ചിരുന്ന വ്യക്തിയുമായിരുന്നു.[1]

രാഷ്ട്രീയപ്രവർത്തനം

[തിരുത്തുക]

1950-കളുടെ തുടക്കത്തിൽ ബാബ്രക് കാർമാൽ കമ്മ്യൂണിസ്റ്റ് ആകുകയും, കാർമാൽ (തൊഴിലിന്റെ സുഹൃത്ത്) എന്ന നാമം സ്വീകരിക്കുകയും ചെയ്തു.1965-ൽ പി.ഡി.പി.എയുടെ രൂപീകരണത്തിൽ മുഖ്യപങ്കുവഹിച്ച ഇദ്ദേഹം പാർട്ടിയുടെ ഡെപ്യൂട്ടി സെക്രട്ടറിയായി.

1965-ലെ തിരഞ്ഞെടുപ്പിൽ ബാബ്രാക് കാർമാൽ അടക്കം പി.ഡി.പി.എ.യുടെ മൂന്നു പ്രതിനിധികൾ ജനസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടക്കം മുതൽ തന്നെ ഇവർ ജനസഭയുടെ (വോലെസി ജിർഗ) പരമ്പരാഗതരീതിയിലുള്ള നടത്തിപ്പിനെ ചോദ്യം ചെയ്യുകയും 1965 ഒക്ടോബറിൽ നിരവധി പ്രതിഷേധസമരങ്ങൾ നടത്തുകയും ചെയ്തു. ഇത് പ്രധാനമന്ത്രി മുഹമ്മദ് യൂസഫിന്റെ രാജിയിലേക്കും നയിച്ചു.

1966-ലെ പാർട്ടി പിളർപ്പിനു ശേഷം ബാബ്രക് കാർമാലിന്റെ നേതൃത്വത്തിലുള്ള മിതവാദികൾ പാർചം[ക] എന്ന വിഭാഗമായി അറിയപ്പെട്ടു.[1]

ഉപപ്രധാനമന്ത്രി പദത്തിലേക്ക്

[തിരുത്തുക]

1978-ലെ സോർ വിപ്ലവത്തിലൂടെ അഫ്ഗാനിസ്താനിൽ കമ്മ്യൂണിസ്റ്റുകൾ അധികാരത്തിലെത്തി. പി.ഡി.പി.എയിലെ ഖൽഖ് വിഭാഗം നേതാവായ നൂർ മുഹമ്മദ് താരക്കി പ്രസിഡണ്ടും പ്രധാനമന്ത്രിയുമായപ്പോൾ, അദ്ദേഹത്തിനു കീഴിൽ ബാബ്രക് കാർമാൽ ഉപപ്രധാനമന്ത്രിയായി നിയമിക്കപ്പെട്ടു.

പ്രസിഡണ്ട് പദവിയിലെത്തിയ താരക്കി, തുടർന്ന് സ്വന്തം കക്ഷിയിലെ വിമതവിഭാഗക്കാരായ പാർചം പ്രവർത്തകരെ ഒതുക്കുന്ന നടപടികളാണ് തുടർന്ന് കൈക്കൊണ്ടത്. ഇതിനായി, പാർചം വിഭാഗത്തിലെ ഉന്നത നേതാക്കളെ വിദേശരാജ്യങ്ങളിൽ സ്ഥാനപതിമാരായി നിയമിക്കുകയായിരുന്നു. അബ്ദുൾ ഖാദിർ, സുൽത്താൻ അലി കേഷ്ത്മന്ദ് തുടങ്ങിയ പല പാർചം നേതാക്കളേയും തടവിലാക്കുകയും ചെയ്തു. ഈ നടപടിയുടെ ഭാഗമായി, 1978 ജൂലൈ 5-ന് ബാബ്രക് കാർമാൽ ചെക്കൊസ്ലൊവാക്യയിലെ സ്ഥാനപതിയായി നിയമിക്കപ്പെട്ടു. പിന്നീട് താരക്കി തന്നെ ചെക്കൊസ്ലൊവാക്യയിൽ നിന്നും ഇദ്ദേഹത്തെ തിരിച്ചുവിളിച്ചെങ്കിലും ജീവഭയം മൂലം ബുദ്ധിപൂർവ്വം ഇദ്ദേഹം കാബൂളിലേക്ക് മടങ്ങാതെ മോസ്കോയിൽ അഭയം പ്രാപിച്ചു.[2]

പ്രസിഡണ്ട് പദത്തിൽ

[തിരുത്തുക]

നൂർ മുഹമ്മദ് താരക്കിക്ക് ശേഷം അഫ്ഗാനിസ്താനിൽ 1979 അവസാനം, അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് പ്രസിഡണ്ടായ ഹഫീസുള്ള അമീൻ, ക്രമേണ സോവിയറ്റ് യൂനിയനുമായുള്ള ബന്ധം പരിമിതപ്പെടുത്താനും, അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യസഖ്യത്തിലേക്ക് അടുക്കുവാനും തുടങ്ങി. ഇറാനിലെ ഇസ്ലാമികവിപ്ലവം കഴിഞ്ഞുള്ള കാലമായതിനാൽ, അഫ്ഗാനിസ്താനിലെ നിയന്ത്രണം തന്ത്രപരമായി പ്രധാനപ്പെട്ടതാണെന്ന് സോവിയറ്റ് യൂനിയൻ മനസ്സിലാക്കിയിരുന്നു. ഇതിനെത്തുടർന്ന് മാർഷൽ സെർജി സോക്കോലോവിന്റെ നേതൃത്വത്തിൽ സോവിയറ്റ് സൈന്യം 1979 ഡിസംബറിൽ അഫ്ഗാനിസ്താനിൽ പ്രവേശിക്കുകയും പ്രധാനകേന്ദ്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. ഡിസംബർ 27-ന് കാബൂളിലെ സൈനികകേന്ദ്രങ്ങളെയെല്ലാം നിയന്ത്രണത്തിലാക്കിയ സോവിയറ്റ് സേന, പ്രസിഡണ്ട് ഹഫീസുള്ള അമീനെ വധിക്കുകയും ചെയ്തു.

മുൻപ്, മോസ്കോയിൽ അഭയം തേടിയിരുന്ന ബാബ്രക് കാർമാൽ, സോവിയറ്റ് സൈന്യത്തോടൊപ്പം അഫ്ഗാനിസ്താനിലെത്തിയിരുന്നു. കാബൂളിലെത്തിയ കാർമാൽ പ്രസിഡണ്ടായും പ്രധാനമന്ത്രിയായും വിപ്ലവസമിതിയുടെ അദ്ധ്യക്ഷനായും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയുടെ സെക്രട്ടറി ജനറൽ ആയും നിയമിക്കപ്പെട്ടു. പാർചം പക്ഷത്തെ സുൽത്താൻ അലി കേഷ്ത്മന്ദ്, ഉപപ്രധാനമന്ത്രി, ആസൂത്രണമന്ത്രി, പോളിറ്റ് ബ്യൂറോ അംഗം എന്നീ സ്ഥാനങ്ങളിലും അവരോധിക്കപ്പെട്ടു.

ബാബ്രാക് കാർമാൽ അധികാരത്തിലേറിയതിനു തൊട്ടുപുറകേ ഖാദ് എന്ന രഹസ്യപ്പോലീസ് സംവിധാനത്തിന് ആരംഭം കുറിച്ചു. സോവിയറ്റ് സൈന്യവും, കാബൂൾ ഭരണകൂടവും ജനങ്ങളെ നിയന്ത്രിക്കാൻ ഉപയോഗിച്ചിരുന്ന പ്രധാനസംവിധാനമായിരുന്നു ഖാദ്.[2]

ഖൽഖികളെ നിയന്ത്രിക്കുന്നു

[തിരുത്തുക]

പി.ഡി.പി.എയിൽ ഐക്യം നിലനിർത്തണമെന്ന സോവിയറ്റ് യൂണിയന്റെ താല്പര്യപ്രകാരം ആദ്യമൊക്കെ സർക്കാരിൽ ഖൽഖ് വിഭാഗക്കാഉടെ പ്രാധിനിത്യവുമുണ്ടായിരുന്നു. ഉപപ്രധാനമന്ത്രിയായിരുന്ന ആസാദുള്ളാ സർവാരി, മുഹമ്മദ് ഗുലാബ്സോയ് (ആഭ്യന്തരമന്ത്രി), ഷേർജാൻ മസ്ദൂര്യാർ (ഗതാഗതമന്ത്രി) എന്നിവർ ഖൽഖ് വിഭാഗത്തിലെ പ്രമുഖരായിരുന്നു. 1980 മദ്ധ്യത്തോടെ, ഹഫീസുള്ള അമീന്റെ നിരവധി കൂട്ടാളികളെ വധശിക്ഷക്ക് വിധേയരാക്കിയതൊടെ ഖൽഖ് വിഭാഗത്തിന്റെ സ്വാധീനം നാമമാത്രമായി.[2]

അനുരഞ്ജനശ്രമങ്ങൾ

[തിരുത്തുക]

മാർക്സിസ്റ്റ് വിരുദ്ധരോടുള്ള അനുരഞ്ജനശ്രമത്തിന്റെ ഭാഗമായി എല്ലാ രാഷ്ട്രിയതടവുകാരേയ്യും മോചിപ്പിക്കാൻ ബാബ്രക് കാർമാൽ ഉത്തരവിട്ടു. ഇസ്ലാം, കുടുംബമൂല്യങ്ങൾ, സ്വകാര്യസ്വത്തവകാശം, പരമ്പരാഗതജീവിതരീതികൾ എന്നിവയോട് തനിക്കുള്ള ബഹുമാനവും കാർമാൽ പ്രകടമാക്കി. ഖൽഖികൾ കൊണ്ടുവന്ന ചുവന്ന പതാകക്കുപകരം, പരമ്പരാഗത പച്ച നിറത്തിലുള്ള പതാക ഉപയോഗിക്കാനാരംഭിക്കുകയും ചെയ്തു.1980 ഏപ്രിൽ 21-ന് പുറത്തിറക്കിയ ഇടക്കാല ഭരണഘടന, മതസ്വാതന്ത്ര്യം ഉറപ്പുനൽകി. പരമ്പരാഗതരീതികളെ അംഗീകരിക്കുന്നതിന്റെ ഭാഗമായി ലോയ ജിർഗയെ സർക്കാർ സംവിധാനത്തിൽ ഉന്നതസ്ഥാനമുള്ള ഒരു ഭാഗമാക്കി അംഗീകരിച്ചു. വിപ്ലവസമിതിക്ക്, ലോയ ജിർഗയുടെ താഴെയാണ് സ്ഥാനം നൽകിയതെങ്കിലും യഥാർത്ഥ അധികാരം ഈ സമിതിക്കായിരുന്നു.[2]

എതിർപ്പുകൾ

[തിരുത്തുക]

സോവിയറ്റ് സൈന്യത്തിന്റെ ആഗമനവും പുതിയ സർക്കാരിന്റെ ഭരണനടപടികളും ഒന്നും മാർക്സിസ്റ്റ് സർക്കാർ വിരുദ്ധരുടെ വീര്യത്തിന് കുറവ് വരുത്തിയില്ല. ഇതിനു പുറമേ ഒരു ഹസാരയായിരുന്ന കേഷ്ത്മന്ദിന്റെ പ്രധാനനന്ത്രിപദം, മാർക്സിസ്റ്റ് സർക്കാരിനെതിരെ പഷ്തൂണുകളുടെ രോഷം വർദ്ധിപ്പിക്കാൻ ഇടയാക്കി. രാജ്യത്തെല്ലായിടത്തും സായുധകലാപങ്ങൾ നടന്നു. 1980 ഫെബ്രുവർ അവസാനം കാബൂളിൽ വൻ പ്രകടനങ്ങൾ അരങ്ങേറി. സ്ഥാപനങ്ങൾ എല്ലാം അടഞ്ഞു കിടന്നു. പ്രതിഷേധങ്ങളുടെ നേതാവായ മാവോയിസ്റ്റ് സാമാ റെസിസ്റ്റൻസ് കക്ഷിയുടെ സ്ഥാപകൻ, അബ്ദ് അൽ മജീദ് കലകാനിയുടെ അറസ്റ്റോടെയാണ് പ്രതിഷേധം തണുത്തത്. ഇദ്ദേഹം ജൂൺ 8-ന് വധിക്കപ്പെട്ടു.

ഇക്കാലത്തുതന്നെ അഫ്ഗാനിസ്താനിലെ സോവിയറ്റ് സൈനികസാന്നിധ്യത്തിനെതിരെ അന്താരാഷ്ട്രതലത്തിൽ പ്രതിഷേധങ്ങളുയർന്നു. 1980 ജനുവരിയിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയും പൊതുസഭയും, സോവിയറ്റ് സൈന്യത്തെ പിൻവലിക്കണമെന്ന് പ്രമേയം പാസാക്കി. ഇസ്ലാമികരാജ്യങ്ങളുടെ വിദേശമന്ത്രിമാരുടേ സമിതിയും അഫ്ഗാനിസ്താനിലെ ജനങ്ങൾക്കെതിരെയുള്ള സോവിയറ്റ് അതിക്രമത്തെ പേരെടുത്ത് പറഞ്ഞ് അപലപിച്ചു. അമേരിക്കൻ പ്രസിഡണ്ട്, ജിമ്മി കാർട്ടർ, സോവിയറ്റ് യൂനിയനെതിരെ ഭക്ഷ്യ ഉപരോധം ഏർപ്പെടുത്തി. ഇതിനിടയിൽ ഈജിപ്തും അമേരിക്കയും അഫ്ഗാനിസ്താനിലെ ഇസ്ലാമികവാദികൾക്ക് ആയുധങ്ങൾ നൽകുവാനും തുടങ്ങി. 1980-ൽ 60-ഓളം രാജ്യങ്ങൾ മോസ്കോ ഒളിമ്പിക്സ് ബഹിഷ്കരിക്കുകയും ചെയ്തു.[2]

മുജാഹിദീനുകളുമായുള്ള യുദ്ധം, രാജി

[തിരുത്തുക]

1980-കളുടെ തുടക്കം മുതൽക്കേ, അഫ്ഗാൻ സർക്കാരിന്റേയും സോവിയറ്റ് യൂനിയന്റേയും സൈന്യത്തിനെതിരെ ഇസ്ലാമികകക്ഷികൾ സായുധപോരാട്ടം ശക്തമാക്കി. പാകിസ്താനിലെ പെഷവാർ, ക്വെത്ത എന്നിവിടങ്ങളിലും ഇറാനിലും കേന്ദ്രീകരിച്ചിരുന്ന ഇസ്ലാമികപ്രതിരോധകക്ഷികൾക്ക് അമേരിക്കയും അറബ് രാജ്യങ്ങളും സാമ്പത്തികസായുധസഹായങ്ങൾ നൽകുകയും ചെയ്തു.

1982 മുതൽക്കേ രാജ്യാന്തരതലത്തിൽ അനുരഞ്ജനശ്രമങ്ങൾ നടത്താനാരംഭിച്ചു. വർഷങ്ങളോളം ചർച്ചകൾ നീണ്ടിട്ടും മുജാഹിദീനുകൾ വിട്ടുവീഴ്ചക്ക് തയ്യാറായില്ല. മാത്രമല്ല, ബാബ്രാക് കാർമാലിനോടൊപ്പം ഒരു സർക്കാറിൽ പങ്കാളിയാകില്ലെന്നും മുജാഹിദീൻ പ്രഖ്യാപിച്ചു.[2] അതോടെ, മുഹാഹിദീനുകളെ അനുനയിപ്പിക്കുന്നതിന് ബാബ്രാക് കാർമാൽ പി.ഡി.പി.എ.യുടെ നേതൃസ്ഥാനത്തുനിന്നും ഒഴിഞ്ഞു. അനാരോഗ്യമാണ് ഇതിന് കാരണമായി പറഞ്ഞത്. 1986 മേയ് 4-ന് അഫ്ഗാൻ രഹസ്യപ്പോലീസിന്റെ തലവനായിരുന്ന മുഹമ്മദ് നജീബുള്ള തത്സ്ഥാനമേറ്റെടുക്കുകയും ചെയ്തു.[3] അധികാരം നജീബുള്ളയുടെ കൈകളിലായെങ്കിലും കുറച്ചുമാസങ്ങൾ കൂടി കാർമാൽ പ്രസിഡണ്ട് പദവിയിൽ തുടർന്നു.[4] തുടർന്ന് മോസ്കോയിൽ നിന്നുള്ള ശക്തമായ സമ്മർദ്ദത്തെത്തുടർന്ന് 1986 നവംബറിൽ കാർമാൽ പ്രസിഡണ്ട് പദവി ഒഴിഞ്ഞു.

അന്ത്യം

[തിരുത്തുക]

പ്രസിഡണ്ട് സ്ഥാനം രാജിവച്ച കാർമാൽ മോസ്കോയിൽ താമസമാക്കി. ഇടക്ക് 1991-ൽ അഫ്ഗാനിസ്താനിൽ തിരിച്ചെത്തിയെങ്കിലും 1996 ഡിസംബർ 1-ന് മോസ്കോയിൽ വച്ച് അദ്ദേഹം മരണമടഞ്ഞു[5].

കുറിപ്പുകൾ

[തിരുത്തുക]
  • ക.^ 1968 മാർച്ചിനും 1969 ജൂലൈക്കും ഇടയിൽ സുലൈമാൻ ലായ്ഖ്, മിർ അക്ബർ ഖൈബർ എന്നിവരുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന പാർചം എന്ന പത്രത്തിന്റെ പേരിലായിരുന്നു രണ്ടാമത്തെ വിഭാഗം അറിയപ്പെട്ടത്. ദാരിയിലും പഷ്തുവിലുമായി ബാബ്രാക് കാർമാൽ രചിച്ച് ലേഖനങ്ങൾ ഈ പത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 Vogelsang, Willem (2002). "18-Changing Afghanistan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 296–297. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. 2.0 2.1 2.2 2.3 2.4 2.5 Vogelsang, Willem (2002). "19-The Years of Communism". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 304–318. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. http://www.ariaye.com/english/history.html
  4. http://books.google.co.in/books?id=bv4hzxpo424C&lpg=PA303&ots=bC1XzBhv2K&dq=babrak%20karmal%20resigned%20on&pg=PA48#v=onepage&q=babrak%20karmal&f=false
  5. http://www.nytimes.com/1996/12/06/world/babrak-karmal-afghanistan-s-ex-president-dies-at-67.html
"https://ml.wikipedia.org/w/index.php?title=ബാബ്രക്_കാർമാൽ&oldid=3089852" എന്ന താളിൽനിന്ന് ശേഖരിച്ചത്