ഖാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അഫ്ഗാനിസ്താന്റെ പ്രധാന സുരക്ഷാ-രഹസ്യാന്വേഷണ വിഭാഗമാണ് ഖാദ് (KHAD) എന്ന ചുരുക്കപ്പേരിൽ പൊതുവേ അറിയപ്പെടുന്ന ഖാദമത്-ഇ എതിലാത്-ഇ ദാവ്‌ലതി (Persian 'خدمات اطلاعات دولتی') (രാജ്യ വിവരസമിതി). സോവിയറ്റ് അധീനകാലത്ത്, രാജ്യത്തെ രഹസ്യപ്പോലീസ് വിഭാഗമായും ഖാദ് പ്രവർത്തിച്ചു.

1979 അന്ത്യത്തിൽ സോവിയറ്റ് സൈന്യം അഫ്ഗാനിസ്താനിൽ നിയന്ത്രണം ഏറ്റെടുക്കുകയും, ബാബ്രക് കാർമാൽ പ്രസിഡണ്ടായി അധികാരത്തിലെത്തുകയും ചെയ്തതിനു തൊട്ടുപിന്നാലെയാണ് ഖാദ് രൂപീകരിക്കപ്പെട്ടത്. സോവിയറ്റ് സൈന്യവും, കാബൂൾ ഭരണകൂടവും ജനങ്ങളെ നിയന്ത്രിക്കാൻ ഉപയോഗിച്ചിരുന്ന പ്രധാനസംവിധാനമായിരുന്നു ഇത്.

രാജ്യത്തെ മുൻ‌കാല രഹസ്യാന്വേഷണവിഭാഗങ്ങളായ അഗ്‌സ (AGSA), നൂർ മുഹമ്മദ് താരക്കിയുടെ ഭരണകാലത്തെ കാം (KAM) എന്നിവയുടെ പിൻ‌ഗാമിയാണ് ഖാദ്. സംഘടനയുടെ ആരംഭം മുതൽ 1986 വരെ ഡോക്ടർ നജീബുള്ളയാണ് ഇതിന്റെ നേതൃത്വത്തിലിരുന്നത്.

1986-ൽ ഖാദ് ഒരു മന്ത്രാലയമായി പുനഃസംഘടിപ്പിക്കപ്പെട്ടു. ഇതിന്റെ പേര് വാദ് (WAD) അഥവാ വിസാരത്-ഇ ഇത്തിലാത്-ഇ ദാവ്ലത്-ഇ (രാജ്യസുരക്ഷാമന്ത്രാലയം) എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും ചെയ്തു.

കമ്മ്യൂണിസ്റ്റ് ഭരണകാലത്ത്, ഖാദിന് വിവരദാദാക്കളുടെ ഒരു വലിയ ശൃംഖലയുണ്ടായിരുന്നു. മാത്രമല്ല അഫ്ഗാൻ സേനകളിൽ വച്ച് ഏറ്റവും മികച്ച വിഭാഗമായ നാഷണൽ ഗാർഡ്സിന്റെ നിയന്ത്രണവും ഇവർക്കായിരുന്നു. ഇക്കാലത്ത്, ഖാദിന്റെ നിയന്ത്രണം, പി.ഡി.പി.എയുടെ പാർചം വിഭാഗത്തിന്റെ കൈകളിലായിരുന്നു.[1]

അവലംബം[തിരുത്തുക]

  1. Vogelsang, Willem (2002). "19-The Years of Communism". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 310. ISBN 978-1-4051-8243-0.
"https://ml.wikipedia.org/w/index.php?title=ഖാദ്&oldid=3090367" എന്ന താളിൽനിന്ന് ശേഖരിച്ചത്